OPINION

കൃഷിക്ക് അധികം പദ്ധതികളില്ലാതെ കേന്ദ്ര ബജറ്റ്; അഭിമാന പദ്ധതികളിൽ വെട്ടിക്കുറവ്

വിവര സാങ്കേതിക വിദ്യയിലൂന്നിയ അഗ്രിടെക് പദ്ധതികൾക്കും സ്റ്റാർട്ട്അപ് വികസനത്തിനും പ്രകൃതി കൃഷി പ്രോത്സാഹനത്തിനുമാണ് ബജറ്റില്‍ ഊന്നൽ

ഡോ ജോസ് ജോസഫ്

രണ്ടാം നരേന്ദ്ര മോദി സർക്കാരിന്റെ അവസാനത്തെ സമ്പൂർണ്ണ ബജറ്റിൽ കൃഷിക്കു വേണ്ടി അധികം പദ്ധതികളില്ല. നിലവിലുളള പല സുപ്രധാന പദ്ധതികളുടെയും തുക വെട്ടിക്കുറച്ചു. അമൃതകാലത്തെ ആദ്യ ബജറ്റ് എന്ന വിശേഷണത്തോടെ ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച 2023-24 ലെ കേന്ദ്ര ബജറ്റിൽ വിവര സാങ്കേതിക വിദ്യയിലൂന്നിയ അഗ്രിടെക് പദ്ധതികൾക്കും സ്റ്റാർട്ട്അപ് വികസനത്തിനും പ്രകൃതി കൃഷി പ്രോത്സാഹനത്തിനുമാണ് ഊന്നൽ. സപ്തർഷികൾ എന്ന തലക്കെട്ടിൽ ബജറ്റിൽ പ്രഖ്യാപിച്ച ഏഴു മുൻഗണനാ മേഖലകളിൽ എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനം, ഹരിത വളർച്ച എന്നീ മേഖലകളിൽ ഉൾപ്പെടുത്തിയാണ് ധനമന്ത്രി പുതിയ കാർഷിക പദ്ധതികൾ പ്രഖ്യാപിച്ചിരിക്കുന്നത്.

കഴിഞ്ഞ ആറു വർഷത്തെ ശരാശരി വളർച്ചാ നിരക്ക് 4.6 ശതമാനമായിരുന്നുവെന്ന് ഇക്കണോമിക് സർവ്വെ പറയുന്നു

കോവിഡ് പ്രതിസന്ധിക്കും റഷ്യ-യുക്രെയ്ൻ യുദ്ധത്തിനുമിടയിൽ കഴിഞ്ഞ വർഷങ്ങളിൽ കാർഷിക മേഖല മികച്ച വളർച്ചയാണ് രേഖപ്പെടുത്തിയത്. 2020-21 ലെ 3.3 ശതമാനത്തിൽ നിന്നും 2021-22 ൽ കാർഷിക വളർച്ചാ നിരക്ക് 3 ശതമാനമായി താഴ്ന്നെങ്കിലും കഴിഞ്ഞ ആറു വർഷത്തെ ശരാശരി വളർച്ചാ നിരക്ക് 4.6 ശതമാനമായിരുന്നുവെന്ന് ഇക്കണോമിക് സർവ്വെ പറയുന്നു.2021-22 ൽ കാർഷിക കയറ്റുമതി 50.2 ബില്യൺ ഡോളർ എന്ന സർവ്വകാല റെക്കോഡിലേക്ക് ഉയർന്നു.അഗ്രിടെക് സഹായത്തോടെ കാർഷിക സേവനങ്ങളുടെ നിലവാരമുയർത്തി കാർഷിക ഉല്പാദനക്ഷമത ഉയർത്താനും കാലാവസ്ഥാ വ്യതിയാനത്തിൻ്റെ പശ്ചാത്തലത്തിൽ സുസ്ഥിര കാർഷിക വികസനം ഉറപ്പാക്കാനുമാണ് 2023-24 ലെ കേന്ദ്ര ബജറ്റിൽ ധനമന്ത്രിയുടെ ശ്രമം.

വിളകളുടെ ആസൂത്രണം, സസ്യ സംരക്ഷണം, വായ്പ, ഇൻഷുറൻസ്, വിപണനം തുടങ്ങിയ മേഖലകളിലെല്ലാം വിവര സാങ്കേതിക വിദ്യയിലൂടെ കർഷകർക്ക് സഹായമെത്തിക്കും

പൊതുമേഖലയിൽ കൃഷിക്കു വേണ്ടി ഡിജിറ്റൽ അടിസ്ഥാന സൗകര്യം ഏർപ്പെടുത്തുമെന്നതാണ് ബജറ്റിലെ പ്രധാന പ്രഖ്യാപനം. ഡിജിറ്റൽ കൃഷിക്കും പൊതു-സ്വകാര്യ മേഖലാ പങ്കാളിത്തത്തോടെ വിവര സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ ഹൈടെക് കൃഷിക്കും പ്രാധാന്യം നൽകുമെന്ന് കഴിഞ്ഞ ബജറ്റിലും പ്രഖ്യാപനമുണ്ടായിരുന്നു. അഗ്രി സ്റ്റാർട്ട് അപ്, അഗ്രി ടെക് കമ്പനികളുടെ വളർച്ചയെ സഹായിക്കുകയാണ് ലക്ഷ്യം. വിളകളുടെ ആസൂത്രണം, സസ്യ സംരക്ഷണം, വായ്പ, ഇൻഷുറൻസ്, വിപണനം തുടങ്ങിയ മേഖലകളിലെല്ലാം വിവര സാങ്കേതിക വിദ്യയിലൂടെ കർഷകർക്ക് സഹായമെത്തിക്കും. ഉത്പാദന ക്ഷമതയും കർഷകരുടെ ലാഭവും വർധിപ്പിക്കാൻ ആധുനിക സാങ്കേതിക വിദ്യ കർഷകരിലെത്തിക്കും.

കാർഷിക മേഖലയിൽ ഡിജിറ്റൽ സാങ്കേതിക വിദ്യയിലൂന്നിയ അഗ്രിടെക് പദ്ധതികൾക്ക് വലിയ പ്രോത്സാഹനമാണ് അടുത്ത കാലത്ത് കേന്ദ്ര ഗവണ്മെന്റ് നൽകി വരുന്നത്.ഇതിന്റെ ഭാഗമായി 2021 ൽ ഡിജിറ്റൽ അഗ്രികൾച്ചർ മിഷൻ കേന്ദ്ര ഗവണ്മെന്റ് തുടങ്ങിയിരുന്നു. നിർമ്മിത ബുദ്ധി (എ ഐ) ബ്ലോക്ക് ചെയിൻ ടെക്നോളജി, ഇന്റർനെറ്റ് ഓഫ് തിങ്ങ്സ്, ജിഐഎസ്, ഡ്രോൺ ടെക്നോളജി, റോബോട്സ്, മെഷീൻ ലേണിങ് തുടങ്ങിയ നവീന വിവര സാങ്കേതിക വിദ്യകൾ കാർഷിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സാങ്കേതിക വിദ്യാ കൈമാറ്റത്തിനും പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. ഡിജിറ്റൽ അടിസ്ഥാന സൗകര്യം വികസിപ്പിക്കുമെന്ന 2023-24 ബജറ്റിലെ പ്രഖ്യാപനം ശരിയായി നടപ്പാക്കിയാൽ കൃഷിയുടെ മുഖഛായ തന്നെ മാറും.

കർഷകർക്ക് താങ്ങാവുന്ന നവീന സാങ്കേതിക വിദ്യകൾ പ്രചരിപ്പിക്കുകയാണ് ലക്ഷ്യം

അഗ്രിടെക് മേഖലയിൽ ഇപ്പോൾ തന്നെ 1000 -ൽ അധികം സ്റ്റാർട്ട് അപ്പുകൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് കേന്ദ്ര ഗവണ്മെന്റിന്റെ കണക്ക്. അഗ്രി സ്റ്റാർട്ട് അപ്പുകളുടെ പ്രവർത്തനം കൂടുതൽ വ്യാപിപ്പിക്കും. ഇതിനു വേണ്ടി ഗ്രാമീണ മേഖലയിൽ യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കാൻ അഗ്രികൾച്ചർ ആക്സിലേറ്റർ ഫണ്ട് രൂപീകരിക്കും. കർഷകർക്ക് താങ്ങാവുന്ന നവീന സാങ്കേതിക വിദ്യകൾ പ്രചരിപ്പിക്കുകയാണ് ലക്ഷ്യം. പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ എക്സ്ട്രാ ലോങ്ങ് സ്റ്റേപ്പിൾ പരുത്തി കൃഷിയുടെ ഉത്പാദന ക്ഷമത വർധിപ്പിക്കാനുള്ള പദ്ധതിയും തുടങ്ങും.

രാജ്യത്തെ മൊത്തം കൃഷി സ്ഥലത്തിൻ്റെ 13 ശതമാനം സ്ഥലത്ത് മാത്രമെ കൃഷിയുള്ളുവെങ്കിലും കാർഷിക ജിഡിപി യുടെ മൂന്നിലൊന്നും ഹോർട്ടികൾച്ചർ മേഖലയുടെ സംഭാവനയാണ്. ഈ മേഖലയിലെ ഉത്പാദന ക്ഷമതയിലെ കുതിച്ചു കയറ്റം കർഷകരുടെ വരുമാനം വർധിപ്പിക്കും. ഉന്നത മൂല്യമുള്ള ഹോർട്ടികൾച്ചർ വിളകളുടെ രോഗ വിമുക്തവും ഗുണനിലവാരമുള്ളതുമായ നടീൽ വസ്തുക്കളുടെ ലഭ്യത ഉറപ്പാക്കാൻ 2200 കോടി രൂപയുടെ 'ആത്മനിർഭർ ഹോർട്ടികൾച്ചർ ക്ലീൻ പ്ലാന്റ്' പദ്ധതി നടപ്പാക്കും.

കൃഷി അനുബന്ധ മേഖലകളായ ഫിഷറീസും മൃഗസംരക്ഷണവും കാർഷിക വിളകളെക്കാൾ മികച്ച വളർച്ചാ നിരക്കാണ് അടുത്ത കാലത്ത് കൈവരിക്കുന്നത്. ഫിഷറീസ് മേഖലയിൽ ചെറുകിട സംരംഭങ്ങൾ ,വിപണനം, മീൻപിടുത്തക്കാരുടെ ക്ഷേമം തുടങ്ങിയവ ലക്ഷ്യമിട്ട് പി എം മത്സ്യ സമ്പദ് യോജനയുടെ ഉപപദ്ധതി തുടങ്ങും. 6000 കോടി രൂപയാണ് ഇതിനു വേണ്ടി നീക്കിവെച്ചിരിക്കുന്നത്.

ഐക്യരാഷ്ട്ര സഭയുടെ ആഭിമുഖ്യത്തിൽ 2023 ചെറു ധാന്യങ്ങളുടെ അന്താരാഷ്ട്ര വർഷമായി ആചരിക്കുകയാണ്.കാലാവസ്ഥാ വ്യതിയാനം, ജനങ്ങളുടെ പോഷക സുരക്ഷിതത്വം എന്നിവയുടെ പശ്ചാത്തലത്തിൽ ചെറുധാന്യങ്ങളുടെ പ്രാധാന്യം വർധിച്ചു വരികയാണ്. ചെറുധാന്യങ്ങളുടെ ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്തും കയറ്റുമതിയിൽ രണ്ടാം സ്ഥാനത്തുമുള്ള രാജ്യമാണ് ഇന്ത്യ. ഇന്ത്യയെ ചെറുധാന്യങ്ങളുടെ ആഗോള ഹബ്ബാക്കി മാറ്റുമെന്നാണ് ബജറ്റിലെ പ്രഖ്യാപനം. അന്താരാഷ്ട്ര തലത്തിൽ ഈ മേഖലയിലെ സാങ്കേതിക വിദ്യ കൈമാറുന്നതിന് ഹൈദരാബാദിലെ ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് മില്ലറ്റ് റിസർച്ചിനെ മികവിൻ്റെ കേന്ദ്രമാക്കി മാറ്റും.

"സഹകരണത്തിലൂടെ സമൃദ്ധി " എന്നതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നം. കേന്ദ്രത്തിൽ സഹകരണ വകുപ്പ് രൂപീകരിച്ചതിനു ശേഷം വൻ തോതിലുള്ള ഇടപെടലുകളാണ് കേന്ദ്ര ഗവണ്മെൻ്റ് ഈ മേഖലയിൽ നടത്തുന്നത്. ചെറുകിട- നാമമാത്ര കർഷകർക്കു വേണ്ടി സഹകരണ അടിസ്ഥാനത്തിലുള്ള സാമ്പത്തിക വികസന മാതൃക നടപ്പാക്കും.രാജ്യത്തെ 63,000 പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളുടെ കമ്പ്യൂട്ടർവത്ക്കരണത്തിന് 2516 കോടി രൂപയാണ് 2023-24 ലെ ബജറ്റിൽ നീക്കി വെച്ചിരിക്കുന്നത്. മൾട്ടി പർപ്പസ് കാർഷിക സഹകരണ സംഘങ്ങളുടെ രൂപീകരണത്തിന് മാതൃകാ നിയമം തയ്യാറാക്കി നൽകിയിട്ടുണ്ട്.

ഫിഷറീസ്, ക്ഷീര വികസന മേഖലകളിൽ പുതിയ മൾട്ടി പർപ്പസ് സഹകരണ സംഘങ്ങൾ രൂപീകരിക്കാനായിരിക്കും മുൻഗണന. സഹകരണ സ്ഥാപനങ്ങളില്ലാത്ത ഗ്രാമങ്ങളിലും പഞ്ചായത്തുകളിലും അടുത്ത അഞ്ചു വർഷത്തിനുള്ളിൽ രണ്ടു ലക്ഷം പുതിയ മൾട്ടി പർപ്പസ് സഹകരണ സംഘങ്ങൾ രൂപീകരിക്കാനാണ് കേന്ദ്ര ഗവണ്മെന്റ് ലക്ഷ്യമിടുന്നത്. സഹകരണ മേഖലയിൽ വികേന്ദ്രീകൃത വിള സംഭരണ സൗകര്യം ഏർപ്പെടുത്തും. ഇത് ഉത്പന്നങ്ങൾ പാഴാകാതെ സംഭരിച്ച് നല്ല വിലയ്ക്ക് വിൽക്കാൻ കർഷകരെ സഹായിക്കും.

ഹരിത വികസനത്തിൻ്റെ ഭാഗമായി ഒരു കോടി കർഷകരെ പ്രകൃതി കൃഷിയിലേക്കു കൊണ്ടുവരും. ഇതിനു വേണ്ടി രാജ്യവ്യാപകമായി പതിനായിരം ബയോ ഇൻപുട് റിസോഴ്സ് സെൻ്ററുകളുടെ ഒരു നെറ്റ് വർക്ക് സ്ഥാപിക്കും.ഇവിടെ നിന്നും ജൈവ കർഷകർക്ക് ആവശ്യമായ സൂക്ഷ്മാണു വളങ്ങളും ജൈവ കീടനാശിനികളും നൽകും. പ്രകൃതി കൃഷി എന്ന പേരിൽ എന്തു തരം ജൈവകൃഷിയാണ് പ്രോത്സാഹിപ്പിക്കുകയെന്ന് വ്യക്തമല്ല.ബദൽ വളങ്ങളും സന്തുലിതമായ രാസവള പ്രയോഗവും പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാനങ്ങൾക്ക് സാമ്പത്തിക സഹായം നൽകും. ഇതിനു വേണ്ടി പി എം പ്രണാം എന്ന പേരിൽ പുതിയ പദ്ധതി തുടങ്ങും. കഴിഞ്ഞ മൂന്നു വർഷങ്ങളിലെ രാസവള ഉപഭോഗത്തിലെ കുറവു നോക്കി ലാഭിക്കുന്ന രാസവളം സബ്സിഡിയുടെ 50 ശതമാനം തുക സംസ്ഥാനങ്ങൾക്കു നൽകാനാണ് ആലോചന.ഈജിപ്തിൽ കഴിഞ്ഞ വർഷം നവംബറിൽ സമാപിച്ച സി ഒ പി 27 കാലാവസ്ഥാ സമ്മേളനത്തിൽ 2070-ഓടെ കാർബൺ ബഹിർഗമനം നെറ്റ് സീറോയിൽ എത്തിക്കാനുള്ള പ്രവർത്തനങ്ങളുടെ വിശദമായ രൂപരേഖ ഇന്ത്യ സമർപ്പിച്ചിരുന്നു.ഇതിൻ്റെ ഭാഗമായാണ് പ്രകൃതി കൃഷി ഉൾപ്പെടെയുള്ള സുസ്ഥിര കാർഷിക വികസന പദ്ധതികൾ കേന്ദ്ര ധനമന്ത്രി 2023-24 ലെ ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്.

2023-24 ൽ കാർഷിക വായ്പ നൽകാനുള്ള ലക്ഷ്യം 20 ലക്ഷം കോടിയായി ഉയർത്തി.കഴിഞ്ഞ ബജറ്റിൽ ഇത് 18 ലക്ഷം കോടിയായിരുന്നു. അതെ സമയം ഭക്ഷ്യ സബ്സിഡി, രാസവളം സബ്സിഡി എന്നിവ വൻതോതിൽ വെട്ടിക്കുറച്ചു. ഭക്ഷ്യ സബ്സിഡി കഴിഞ്ഞ ബജറ്റിലെ 206831.09 കോടി രൂപയിൽ നിന്നും ഈ ബജറ്റിൽ 197350 കോടി രൂപയായി കുറച്ചു.രാസവള സബ്സിഡി 225261.62 കോടി രൂപയിൽ നിന്നും 175148. 48 കോടി രൂപയായി കുറഞ്ഞു.കേന്ദ്ര കൃഷി വകുപ്പിനു വേണ്ടി 2022-23 ലെ ബജറ്റിൽ നീക്കി വെച്ചിരുന്ന 124000 കോടി രൂപയിൽ നിന്നും കുറവാണ് 2023-24 ബജറ്റിലെ 115539.79 കോടി രൂപ.

2022 ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നായിരുന്നു 2017ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ വാഗ്ദാനം

2022 ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്നായിരുന്നു 2017ൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയ വാഗ്ദാനം.ലക്ഷ്യം നേടാതെ പോയ ഈ വാഗ്ദാനത്തെക്കുറിച്ച് ധനമന്ത്രി ഈ ബജറ്റിൽ മൗനം പാലിച്ചിരിക്കുകയാണ്. അതെ സമയം കർഷകർക്ക് കുറഞ്ഞ താങ്ങുവില ഉറപ്പാക്കാൻ മുമ്പ് പ്രഖ്യാപിച്ചിരുന്ന രണ്ട് വിപണി ഇടപെടൽ പദ്ധതികൾ ഈ ബജറ്റോടെ പൂർണ്ണമായും നിർത്തലാക്കി. കർഷകർക്ക് പ്രതിവർഷം 6000 രൂപ നേരിട്ടു കൈമാറുന്ന പി എം കിസാൻ സമ്മാൻ നിധി, വിള ഇൻഷുറൻസ് പദ്ധതിയായ പി എം ഫസൽ ബിമാ യോജന എന്നീ അഭിമാന പദ്ധതികളുടെ ബജറ്റു വിഹിതവും കുറച്ചിട്ടുണ്ട്.കൃഷിയിൽ കേന്ദ്ര നിക്ഷേപം കുറയുന്നതും സ്വകാര്യ മേഖലയുടെ നിക്ഷേപം കൂടുന്നതുമാണ് അടുത്ത കാലത്ത് കണ്ടു വരുന്ന പ്രവണത.കോമ്പൗണ്ട് റബ്ബറിൻ്റെ ഇറക്കുമതി തീരുവ 10 ശതമാനത്തിൽ നിന്നും 25 ശതമാനം അല്ലെങ്കിൽ 30 രൂപ ഏതാണ് കുറവ് എന്ന് ഉയർത്താനുള്ള ബജറ്റ് പ്രഖ്യാപനം റബ്ബർ കർഷകർക്ക് ആശ്വാസകരമാണ്.

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം