OPINION

വിനീഷ്യസും രാമകൃഷ്ണനും: വംശീയതയോട് ഇടവേളകളില്ലാതെ കലഹിക്കുന്ന മനുഷ്യർ

ആഗോളതലത്തില്‍ നിലനിൽക്കുന്ന ഒന്നാണ് വർണവിവേചനം. സാധാരണ ജീവിതത്തിനിടയിലാണ് അമേരിക്കയിൽ ജോർജ് ഫ്ലോയ്ഡ് ക്രൂരതയ്ക്കു വിധേയനായതെങ്കിൽ വിനീഷ്യസ് മൈതാനത്തിലും രാമകൃഷ്ണൻ കലാരംഗത്തുമാണ് ഇരകളാക്കപ്പെട്ടത്

റിബിന്‍ കരീം

റയൽ മാഡ്രിഡ് ഫുട്ബോൾ ക്ലബ്ബിന്റെ ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയർ എന്ന ടാലന്റഡ് ഫുട്ബോളർ ചൊവ്വാഴ്ച്ച  സ്‌പെയിനിൽ നടത്തിയ പത്രസമ്മേളനം ലോകജനശ്രദ്ധ ക്ഷണിക്കുന്ന ഒന്നാണ്. കളിക്കളങ്ങളിലെ തുടർച്ചയായുള്ള വംശീയാധിക്ഷേപങ്ങൾക്കു പിന്നാലെ ഏറെ വൈകാരികമായാണ് വിനീഷ്യസ് മാധ്യമങ്ങളോട് സംസാരിച്ചത്. "എനിക്ക് ഫുട്ബോൾ കളിക്കാൻ മാത്രമാണ് ആഗ്രഹം. പക്ഷേ, മുന്നോട്ടുപോകുന്നത് കഠിനമായിരിക്കുന്നു. കളിക്കാനുള്ള താല്പപര്യം കുറയുകയാണ്. സ്പെയിൻ വിടുകയെന്ന ചിന്ത ഒരിക്കലും എന്റെ മനസിലൂടെ കടന്നുപോയിട്ടില്ല. ഞാൻ അങ്ങനെ ചെയ്താൽ അവരുടെ ആഗ്രഹം നടപ്പാകും," എന്നായിരുന്നു വിനീഷ്യസിന്റെ വാക്കുകൾ. 

ലോകത്തിന്റെ ഏതു കോണിലും ആയിക്കൊള്ളട്ടെ മനുഷ്യർ  വിവേചനം നേരിടുകയാണെന്നറിയുമ്പോൾ എങ്ങനെയാണ് നമുക്ക് ശിരസ്സുകൾ ഉയർത്തിപ്പിടിക്കാനാവുക?

സമകാലിക ലോകഫുട്ബാളിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളാണ് ഈ വിധം വർണവെറിയുടെ ഇരയായിരിക്കുന്നത് എന്നോർക്കണം! സ്പെയിനുമായുള്ള ബ്രസീലിന്റെ സൗഹൃദമത്സരത്തിന് മുന്നോടിയായി നടന്ന വാർത്താസമ്മേളനത്തിൽ ആവർത്തിച്ചുള്ള വംശീയ അധിക്ഷേപങ്ങളെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ഏറെ നിരാശനായിക്കൊണ്ടുള്ള വിനീഷ്യസിന്റെ മറുപടി. 2018 മുതൽ സ്പാനിഷ് അതികായകരായ റയലിന്റെ പ്രധാന താരമാണ് വിനീഷ്യസ്. ടീമിലെത്തിയശേഷം കുറഞ്ഞത് 10 തവണയെങ്കിലും വംശീയ അധിക്ഷേപങ്ങൾക്ക് വിനീഷ്യസ് ഇരയായിട്ടുണ്ടെന്നാണ് സ്പാനിഷ് ലാ ലീഗ്‌ അധികൃതർ വെളിപ്പെടുത്തുന്നത്.

ഫുട്ബാൾ പോലെ  ലോകചരിത്രത്തിൽ ഇത്രത്തോളം സ്വാധീനം ചെലുത്തിയ മറ്റൊരു കളിയുമുണ്ടാകില്ല. സമത്വവും സാഹോദര്യവും ഉയർത്തിപ്പിടിക്കുന്ന സാമൂഹിക ചുറ്റുപാടുകളിലെ കാലോചിതമായ മാറ്റങ്ങൾ ആധുനിക സമൂഹത്തിൽ അതാത് കാലങ്ങളിലെ മൈതാനത്തിലെയും ഗാലറിയിലെയും സംസ്കാരങ്ങൾ രൂപപ്പെടുത്തിയെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. സാമ്രാജ്യത്വത്തിന്റെ പതനത്തിനുശേഷം കാൽപ്പന്ത് കളിക്ക് കൈവന്ന വിശാലമായ മാനവും ജനാധിപത്യവൽക്കരണവും വംശീയത പോലെയുള്ള കുറ്റകൃത്യങ്ങൾക്ക് കൂച്ചുവിലങ്ങിടാൻ വിവിധ ഫുട്ബാൾ ഫെഡറേഷനുകളുടെ മേൽ സമ്മർദം ചെലുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെ മൈതാനത്തിലെ വംശീയതയ്ക്കു ഫുട്ബോളിനോളം പഴക്കമുണ്ടെങ്കിലും ശക്തമായ നടപടികൾ ഉണ്ടാകുന്നുണ്ട്. ലോകകപ്പുകളിൽ വരെ മത്സരങ്ങൾക്കു മുൻപ് വംശീയതയ്ക്കെതിരെ പ്രതിജ്ഞയെടുക്കുന്ന താരങ്ങളും ശുഭസൂചനയുള്ള കാഴ്ചയാണ്.

ആഫ്രിക്കൻ-ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾക്ക് ഫുട്‌ബോൾ വെറുമൊരു കായികവിനോദമല്ല, തങ്ങളുടെ സ്വതന്ത്ര ബോധത്തിന്റെയും രാഷ്ട്രീയ നിലപാടിന്റെയും ആയുധമായിരുന്നു, ഐവറി കോസ്റ്റ് എന്ന ആഫ്രിക്കയിലെ കൊച്ചുരാജ്യം 2005 ൽ ആദ്യമായി ലോകകപ്പിന് യോഗ്യത നേടിയ സമയത്ത് ആ രാജ്യത്ത് ആഭ്യന്തരയുദ്ധം ഉച്ചസ്ഥായിലായിരുന്നു. ഐവറി കോസ്റ്റിന്റെ ക്യാപ്റ്റനും ഇംഗ്ലിഷ് ഗ്ലാമർ ക്ലബ് ചെൽസിയുടെ വിഖ്യാത കളിക്കാരനുമായിരുന്ന ദിദിയർ ദ്രോഗ്ബയെന്ന കളിക്കാരൻ ഐവറികോസ്റ്റിലെ ജനങ്ങളോട് പറഞ്ഞു ''ക്ഷമിക്കൂ, ക്ഷമിക്കൂ, ക്ഷമിക്കൂ, ആയുധം താഴെവെക്കൂ'' ദ്രോഗ്ബയുടെ വാക്കുകൾ ശിരസ്സാവഹിച്ച ആ ജനത പതിയെ സമാധാനത്തിലേക്കു നീങ്ങി. പലസ്തീനിൽ ദുരിതം അനുഭവിക്കുന്ന ജനതയ്ക്ക് സമീപകാലത്ത് യൂറോപ്യൻ/ആഫ്രിക്കൻ ക്ലബ് ഫുട്ബാൾ വമ്പന്മാരുടെ ഐക്യദാർഢ്യം ഉയര്‍ന്നുവന്നതും കാൽപ്പന്ത് കളിയും ലോകരാഷ്ട്രീയവും തമ്മിലെ പാരസ്പര്യം വിളിച്ചോതുന്നതാണ്. ഫുട്ബോളിന്റെ ഈ സ്വാധീനവും വരുംകാലങ്ങളിൽ വർണവെറിയെ പടിക്കുപുറത്ത് നിർത്താൻ കെൽപ്പുള്ള ഒന്നാണ്. 

സമീപദിവസങ്ങളിൽ കേരളത്തിലും വര്‍ണവെറിയും വിവേചനവും വീണ്ടും ഒരു പ്രധാന ചർച്ച വിഷയമായിരിക്കുകയാണ്. വംശീയത നിറഞ്ഞ പരാമർശങ്ങൾ നടത്തിയ നർത്തകി സത്യഭാമയ്ക്കെതിരേ മനുഷ്യാവകാശ കമ്മീഷൻ കഴിഞ്ഞദിവസം സ്വമേധയാ കേസെടുത്തു. കലാഭവൻ മണിയുടെ സഹോദരനും നർത്തകനുമായ ഡോ. ആർ എൽ വി രാമകൃഷ്ണനെ ഉദ്ദേശിച്ച്, കറുപ്പുനിറമുള്ളവർ, പ്രത്യേകിച്ച് പുരുഷന്മാർ മോഹിനിയാട്ടം കളിക്കുന്നത് അരോചകമാണെന്നും കാക്കയെപ്പോലെ കറുത്തവരുടെ നൃത്തം സ്വന്തം അമ്മപോലും സഹിക്കില്ലെന്നും തുടങ്ങി സത്യഭാമ കടുത്ത വർണാധിക്ഷേപം നടത്തിയിരുന്നു. അതുകൊണ്ടരിശം തീരാതെ അവർ ‘കറുത്ത കുട്ടികൾ നൃത്തം പഠിക്കാൻ വന്നാൽ പരിശീലനം കൊടുക്കും എന്നാൽ മത്സരത്തിനു പോകേണ്ടെന്നു പറയുമെന്നും  പറഞ്ഞു കളഞ്ഞു. 

സത്യഭാമയുടെ പരാമർശങ്ങൾക്കെതിരേ നാലുപാടുനിന്നും അമർഷവും രൂക്ഷമായവിമർശനവുമുയർന്നിരുന്നു. ഭരണപ്രതിക്ഷഭേദമന്യേ രാഷ്ട്രീയ പാർട്ടികളും മറ്റു സംഘടനകളും രാമകൃഷ്ണനോപ്പം അടിയുറച്ചുനിന്നു. അവരുടെ വംശീയവർണവെറി കൊണ്ട് കലാമണ്ഡലത്തിന് അവരെ തള്ളിപ്പറഞ്ഞുകൊണ്ടുള്ള പ്രസ്താവനയിറക്കേണ്ടി വന്നതും ആധുനികമോഹിനിയാട്ടത്തിൻ്റെ ഏറ്റവും വലിയ ഗുരുനാഥയായ കലാമണ്ഡലം സത്യഭാമടീച്ചറുടെ പേരിലുള്ള ട്രസ്റ്റിന് ഇവരുമായി ബന്ധമില്ലെന്ന പ്രസ്താവനയിറക്കേണ്ടി വന്നതും ഈ കൂട്ടത്തിൽ ഉയർന്നുവന്ന ശബ്ദങ്ങളിൽ പ്രത്യാശയുളവാക്കുന്നതാണ്. എന്നാൽ ഈ നൂറ്റാണ്ടിലും പൊതുമണ്ഡലത്തിലേക്ക് ഇത്തരം പരാമർശങ്ങൾ നടത്താനുള്ള മനോനില തീർച്ചയായും പരിശോധിക്കപ്പെടേണ്ട ഒന്നാണ്. വെറുപ്പും അപരവിദ്വേഷവും എത്ര വേണമെങ്കിലും ആത്മവിശ്വാസത്തോടെ പ്രകടിപ്പിക്കാനുള്ള ഒരു ഇന്ത്യൻ സാഹചര്യം പലയിടങ്ങളിലായി രൂപപ്പെട്ടിട്ടുണ്ടെന്നുള്ളതും സത്യഭാമയുടെ പരാമർശത്തോട് ചേർത്തുവായിക്കണം.

രാമകൃഷ്ണൻ്റെ നിറമല്ല ജാതിയാണ് സത്യഭാമയുടെ പ്രശ്നമെന്ന് വ്യക്തമാണ്. പി കെ റോസിയും കലാഭവൻ മണിയും ഉൾപ്പെടെ നേരത്തെ കലാരംഗത്ത് അനുഭവിച്ച അധിക്ഷേപം വർത്തമാനകാലത്ത് രാമകൃഷ്ണൻ അനുഭവിക്കുന്നുവെന്നതാണ് യാഥാർഥ്യം. പൈതൃക കലയായി യുനെസ്‌കോ അംഗീകരിച്ച ആദ്യ ഭാരതീയ കലാരൂപമാണ് കൂടിയാട്ടം. ഒരു കാലത്ത് ചാക്യാർ, നമ്പ്യാർ വിഭാഗത്തിൽപ്പെട്ട കലാകാരൻമാർ മാത്രം  അഭ്യസിച്ചിരുന്ന ഈ കല കാലക്രമേണ മറ്റു ജാതിയിലുള്ള കലാകാരൻമാരും പഠിച്ച് അഭ്യസിച്ച് തുടങ്ങിയപ്പോഴും ചില കോണുകളിൽനിന്ന് ഉയർന്ന മുറുമുറുപ്പ് കേരളസമൂഹം കണ്ടതാണ്. മോഹിനിയാട്ടമാകട്ടെ, കഥകളിയാകട്ടെ വരേണ്യവർഗത്തിന്റെ കുത്തകയായിരുന്ന ഇത്തരം കലാരൂപങ്ങൾ ജാതി/മത/നിറ ഭേദമന്യേ പഠിക്കാനും പരിശീലിക്കാനും അവതരിപ്പിക്കാനും നവോത്ഥാന കേരളത്തിൽ ആർക്കും സ്വാതന്ത്രമുണ്ട്, ആർ എൽ വി രാമകൃഷ്ണന് തീർച്ചയായുമുണ്ട്. അധികാരത്തിന്റെയും ജാതിയുടെയും പ്രിവിലേജുകാരോട് പടവെട്ടി തന്നെ ആയിരിക്കണം സത്യഭാമമാർക്ക് പഞ്ഞമില്ലാത്ത ഒരു സിസ്റ്റത്തിന് അകത്ത് രാമകൃഷ്ണൻ ഇതുവരെ നടന്നെത്തിയത്.

ആഗോളമായി നിലനിൽക്കുന്ന വിവേചനമാണ് വർണവിവേചനം. അമേരിക്കയിൽ ജോർജ് ഫ്ലോയ്ഡ് തന്റെ സാധാരണ ജീവിതത്തിനിടയിലാണ് ആ വിവേചനത്തിന്റെ ക്രൂരതയ്ക്ക് വിധേയനായതെങ്കിൽ വിനീഷ്യസ് ജൂനിയർ കാൽപ്പന്ത് മൈതാനത്തിലും ആർ എൽ വി രാമകൃഷ്ണൻ തന്റെ കലാരംഗത്തുമാണ് ഇരകളായി മാറിയിരിക്കുന്നത്. എം ജി യൂണിവേഴ്‌സിറ്റിയിൽനിന്ന് എം എ മോഹിനിയാട്ടത്തിൽ ഒന്നാം റാങ്കോടെ പാസ്സായി അതെ മോഹിനിയാട്ടത്തിൽ പി എച്ച് ഡി നേടിയ രാമകൃഷ്ണനോട് സത്യഭാമയ്ക്കുള്ളത് ഒരേസമയം സവർണബോധത്തിന്റെ പുളിച്ചുതികട്ടലും അയാളിലെ പ്രതിഭയോടുള്ള അസൂയയുമാണ്. മറുവശത്ത് ദാരിദ്ര്യത്തിന്റെ പടുകുഴിയിലുള്ള ഒരു ലാറ്റിൻ അമേരിക്കൻ രാജ്യത്തുനിന്നും വർത്തമാകാല ഫുട്ബാൾ ലോകത്ത് ഒരു ഇരുപത്തിനാലുകാരൻ ഗോളുകൾ വാരിക്കൂട്ടി ഗാലറികൾ ആഘോഷത്തിലാറാടിക്കുമ്പോളുണ്ടാകുന്ന വെറുപ്പുകലർന്ന വിവേചനമാണ് വിനീഷ്യൻ ജൂനിയർ നേരിടുന്നത്. അയാളെ കളിക്കളത്തിൽ തോല്പിക്കാൻ കഴിയാതെ വരുമ്പോഴുണ്ടാകുന്ന ഫ്രസ്‌ട്രേഷനിൽനിന്ന് ഉയർന്നുവരുന്ന ഒരു തരം പ്രൊഫഷണൽ ജെലസി കൂടി ഈ റേസിസ്റ്റ് മനോഭാവത്തിന് പിന്നിലുണ്ട്.

ജൈവികമായ മനുഷ്യന്റെ നൈതികബോധം നിർമിച്ചെടുത്ത സാമൂഹ്യനിർമിതികളാണ് വംശീയതയു, വിവേചനപരതയും.  എന്നാൽ ജനാധിപത്യ ധാർമികത ഒരു മനുഷ്യൻ ജനിക്കുമ്പോൾ ഒപ്പം ജനിക്കുന്നതല്ല

ജോർജ് ഫ്‌ളോയ്ഡിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ബുക്കർ പുരസ്‌കാര ജേതാവായ വിഖ്യാത നൈജീരിയൻ സാഹിത്യകാരൻ ബെൻ ഓക്രി 'ദി ഗാർഡിയനി'ൽ എഴുതിയ ഒരു ലേഖനത്തിൽ ഇങ്ങനെ പറയുന്നുണ്ട്: ''ജോർജ് ഫ്ളോയിഡിന്റെ കഴുത്തിൽ കാൽമുട്ട് അമർത്തിയ ആ പോലീസ് ഉദ്യോഗസ്ഥൻ ഒരു ജീവനാണ് അണച്ചുകളഞ്ഞത്. പക്ഷേ അത് കത്തിച്ച തീ ലോകം മുഴുവൻ ആളിക്കത്തുകയാണ്. ലോകം പ്രതികരിച്ചത് പ്രമുഖനായ ഒരു സ്ത്രീയോ പുരുഷനോ മരിച്ചതിനോടല്ല. മറിച്ച്, ഭൂമിയിലെ നിസ്സഹായരും ദരിദ്രരുമായ മനുഷ്യസമൂഹത്തിലെ ഒരാൾ മരിച്ചതിനെതിരെയാണ് എന്നത് ഹൃദയത്തിന്റെ ആഴങ്ങളിൽ സ്പർശിക്കുകയാണ്.''  

ലോകത്തിന്റെ ഏതു കോണിലും ആയിക്കൊള്ളട്ടെ മനുഷ്യർ  വിവേചനം നേരിടുകയാണെന്നറിയുമ്പോൾ എങ്ങിനെയാണ് നമുക്ക് ശിരസ്സുകൾ ഉയർത്തിപ്പിടിക്കാനാവുക?
മനുഷ്യന്റെ നൈതികബോധവും ആധുനിക മനുഷ്യനുണ്ടാക്കിയ ജനാധിപത്യ ധാർമികതയും രണ്ടാണ്.  ജൈവികമായ മനുഷ്യന്റെ നൈതികബോധം നിർമിച്ചെടുത്ത സാമൂഹ്യനിർമിതികളാണ് വംശീയതയും വിവേചനപരതയും  എന്നാൽ ജനാധിപത്യ ധാർമികത ഒരു മനുഷ്യൻ ജനിക്കുമ്പോൾ ഒപ്പം ജനിക്കുന്നതല്ല. അവനെ ആധുനിക മനുഷ്യനാകാൻ,  ജനാധിപത്യ ധാർമികത പരിശീലിപ്പിക്കാൻ ഈ ലോകം പ്രാപ്തമാണ്, അത് കൊണ്ടാണ് ജോർജ് ഫ്ലോയ്ഡിനുവേണ്ടി ശബ്ദമുയർത്തിയ അതേ മനുഷ്യരുടെ മാനസികനിലയുള്ളവർ  ഇതര വൻകരകളിൽ ഇരുന്നുകൊണ്ട് ഫുട്ബോൾ മൈതാനത്തിൽ നിറത്തിനും രൂപത്തിനുമല്ല കായികശേഷിയും മിടുക്കുമാണ് മുഖ്യമെന്ന് ഓർമിപ്പിച്ചുകൊണ്ട് വിനീഷ്യസിനൊപ്പം അണിനിരക്കുന്നത്, സത്യഭാമമാരുടെ ജല്പനങ്ങളിലല്ല രാമകൃഷ്ണന്മാരുടെ അരങ്ങിലെ പ്രകടനത്തിന് വേണ്ടി കൊച്ചുകേരളത്തിൽ ശബ്ദമുയരുന്നത്.

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം