OPINION

ചെ ഗുവേരയും സിപിഎമ്മും- സ്വാംശീകരണത്തിൻ്റെ ഇടതുവഴികൾ

ചരിത്രപുരുഷന്മാരെ, അവര്‍ എതിര്‍ത്തിരുന്ന, അല്ലെങ്കില്‍ പ്രതിരോധിക്കാന്‍ ശ്രമിച്ച ശക്തികള്‍ സ്വാംശീകരിക്കാന്‍ ശ്രമിക്കുന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ ഈ കാലത്ത് ചുറ്റും നോക്കിയാല്‍ കാണാം

എന്‍ കെ ഭൂപേഷ്

ലോകത്തിലെ എല്ലാ വിമോചന പോരാട്ടങ്ങളെയും ഇപ്പോഴും ആവേശം കൊള്ളിക്കുന്ന, എര്‍ണസ്‌റ്റോ ചെ ഗുവേരയുടെ ജന്മവാര്‍ഷിക ദിനമാണ് ഇന്ന്. എല്ലാ പ്രതിരോധങ്ങളെയും പല വിധത്തില്‍ വ്യവസ്ഥകള്‍ സ്വാംശീകരിക്കുകയോ നീര്‍വീര്യമാക്കുന്നതില്‍ വലിയൊരളവില്‍ വിജയിക്കുമ്പോഴോ ചെയ്യുമ്പോഴാണ് കഴിഞ്ഞ കുറച്ചുകാലമായി ചെ ഗുവേരയുടെ ജന്മദിനങ്ങളും ഓര്‍മദിനങ്ങളും കടന്നുപോകുന്നത്.

ചെ യുടെ ഗറില്ലാ വഴികളിലുടെയുള്ള വിമോചന സ്വപ്‌നസാക്ഷാത്കാര ശ്രമങ്ങളെക്കുറിച്ചുള്ള കഥകളാണ് ഈ ദിവസങ്ങളില്‍ നിറയുക. സോഷ്യല്‍ മീഡിയകളില്‍ ഈ കഥകള്‍ കൊണ്ട് സജീവമാണ്

ചരിത്രപുരുഷന്മാരെ, വിപ്ലവകാരികളെ, അവര്‍ എതിര്‍ത്തിരുന്ന അല്ലെങ്കില്‍ പ്രതിരോധിക്കാന്‍ ശ്രമിച്ച ശക്തികള്‍ സ്വാംശീകരിക്കാന്‍ ശ്രമിക്കുന്നതിന്റെ നിരവധി ഉദാഹരണങ്ങള്‍ ഈ കാലത്ത് ചുറ്റും നോക്കിയാൽ നമുക്ക് കാണാം. അത് വിവേകാനന്ദനെ, സംഘ്പരിവാര്‍ ഏറ്റെടുക്കുന്നതൊന്നുമല്ല, മറിച്ച് അംബേദ്ക്കറെ സംഘ്പരിവാര്‍ വേദികളിലെ ചിത്രങ്ങളിലൊന്നാക്കുന്നതാണ്. ചരിത്രത്തിലെ ഏറ്റവും ഹീനമായ എപ്രോപ്രിയേഷന്‍ ആണത്.

'Hinduism is a veritable chamber of horror' എന്ന് പറഞ്ഞ അംബേദക്കറെ, അപരവിദ്വേഷത്തിന്റെ പ്രത്യശാസ്ത്രത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘ്പരിവാരം ഏറ്റെടുക്കാന്‍ ശ്രമിക്കുന്നതില്‍ അപ്പുറം മറ്റെന്തുണ്ട്? സംഘ്പരിവാറിന്റെ കാര്യത്തിലാകുമ്പോള്‍ ഇത്തരം ചോദ്യങ്ങള്‍ തന്നെ അപ്രസക്തമാണ്. ഇക്കാര്യം ഇവിടെ പറഞ്ഞത് അംബേദ്ക്കറും ചെ ഗുവേരയും തമ്മിലെന്തെങ്കിലുമുള്ളത് കൊണ്ടല്ല, മറിച്ച് 'സ്വംശീകരണത്തിന്റ ' നീതികേട് ചൂണ്ടിക്കാണിക്കാനാണ്.

ഒളിഞ്ഞുനിന്നുളളതും (ഗറില്ല) അല്ലാത്തതുമായ യുദ്ധങ്ങള്‍ക്ക് കൊണ്ട് മാത്രം ഒരു ജനതയുടെ വിമോചനം സാധ്യമാകാത്ത രീതിയില്‍ ലോകത്തെ കൊണ്ടെത്തിക്കുന്നതില്‍ അധീശവര്‍ഗത്തിന് സാധിച്ചിട്ടുണ്ടെന്ന് വേണം കരുതാന്‍. അങ്ങനെയാകുമ്പോഴും ചെ ഗുവേര എന്ന മഹാ വിപ്ലവകാരിയുടെ ജീവിതം ' ആപത്തിന്റെ നിമിഷത്തില്‍ മിന്നിമറയുന്ന ഓര്‍മകളെ എത്തിപ്പിടിക്കുന്ന' തുപോലെ പ്രതീക്ഷകള്‍ നിറയ്ക്കുന്നതാണ്. പ്രതീക്ഷയറ്റ കാലത്തെ ദീപ്തമാക്കി നിര്‍ത്താന്‍ ആ ഓര്‍മകള്‍ക്ക് കഴിയുന്നു

ചെ ഗുവേര ആരാലാണ് ചരിത്രവിരുദ്ധമായി സ്വാംശീകരിക്കപ്പെടുന്നത്?

ചെഗുവേര അനുസ്മരണത്തില്‍ ഇപ്പോള്‍ ഇന്ത്യയില്‍ മുന്നില്‍ നില്‍ക്കുന്നത് സിപിഎമ്മാണ്.

യഥാര്‍ത്ഥത്തില്‍ ഗറില്ലാ പോരാട്ടത്തിനും ചെ അന്ന് നടത്തിയതുപോലുളള അസാമാന്യവും മനുഷ്യമോചനം ലക്ഷ്യമിട്ടുള്ളതുമായ രാഷ്ട്രീയ പ്രവര്‍ത്തനശൈലിയ്ക്ക് ഇന്നത്തെ ലോകത്തെ ഏതെങ്കിലും തരത്തില്‍ കൂടുതല്‍ നീതി പൂര്‍വമായ അവസ്ഥയിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ കഴിയുമോയെഎന്ന ചോദ്യം പോലും നിലനില്‍ക്കുന്നതല്ലെന്ന് തോന്നുന്നു. അത്രയേറെ ലോകം മാറുകയും ഭരണകൂടം കൂടുതല്‍ ശക്തവും സര്‍വവ്യാപിയുമായി മാറിക്കഴിഞ്ഞു. ഒളിഞ്ഞു നിന്നുളളതും (ഗറില്ല) അല്ലാത്തതുമായ യുദ്ധങ്ങള്‍ കൊണ്ട് മാത്രം ഒരു ജനതയുടെ വിമോചനം സാധ്യമാകാത്ത രീതിയില്‍ ലോകത്തെ കൊണ്ടെത്തിക്കുന്നതില്‍ അധീശ വര്‍ഗത്തിന് സാധിച്ചിട്ടുണ്ടെന്ന് വേണം കരുതാന്‍. അങ്ങനെയാകുമ്പോഴും ചെ ഗുവേര എന്ന മഹാ വിപ്ലവകാരിയുടെ ജീവിതം ' ആപത്തിന്റെ നിമിഷത്തില്‍ മിന്നിമറയുന്ന ഓര്‍മ്മകളെ എത്തിപ്പിടിക്കുന്ന' തുപോലെ പ്രതീക്ഷകള്‍ നിറയ്ക്കുന്നതാണ്. പ്രതീക്ഷയറ്റ കാലത്തെ ദീപ്തമാക്കി നിര്‍ത്താന്‍ ആ ഓര്‍മ്മകള്‍ക്ക് കഴിയുന്നു.

പക്ഷേ ചെ ഗുവേരയെക്കുറിച്ചുള്ള സിപിഎം ഓര്‍മകളില്‍ ഒരു ചരിത്രനിഷേധമുണ്ട്. ചരിത്രവിരുദ്ധമായ സ്വാംശീകരണമുണ്ട് അതില്‍. എന്നുമുതലാണ് സിപിഎം പോലുള്ള ഔദ്യോഗിക സ്വഭാവമുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് (അതൊരു ഓക്‌സിമോറണ്‍ ആണ്) ചെ ഗുവരേ സ്വീകാര്യനായത്. എന്തായാലും ചെ ജീവിച്ചിരിക്കുന്ന കാലത്തായിരുന്നില്ല. അദ്ദേഹവും ഫിദല്‍ കാസ്ട്രോയും സംഘവും ക്യൂബയില്‍ ബാറ്റിസ്റ്റാ സര്‍ക്കാരിനെ അട്ടിമറിച്ച് അധികാരത്തിലെത്തിയപ്പോഴുമായിരുന്നില്ല.

അക്കാലത്തൊക്കെ, ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അതിവിപ്ലവത്തിന്റെ പാതയില്‍ സഞ്ചരിച്ച ഒരു മനുഷ്യന്‍ മാത്രമായിരുന്നു ചെ ഗുവേര. എം സുകുമാരന്റെ കഥകളെ പോലെ, ചെ ഗുവേരയിലും അഭിരമിച്ചുപോയവര്‍ 'തീവ്ര കമ്മ്യൂണിസ്റ്റ്' ആശയത്തില്‍ വീണുപോകുമോയെന്ന ആശങ്ക, 70 കളിലും 80 കളിലും സിപിഎമ്മിനുണ്ടായിരുന്നു. ചെ യുടെ പുസ്തകങ്ങള്‍ കൊണ്ടുനടന്ന ചെറുപ്പക്കാരെ വഴിപിഴച്ചവരെന്ന അനുതാപത്തോടെയായിരുന്നു സിപിഎം നോക്കിയത്.

ഇന്ത്യയിലെത്തിയ ചെ യെ അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു സ്വീകരിക്കുന്നു
വ്യവസ്ഥസംരക്ഷകരായി പരിവർത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പാര്‍ട്ടിയിലെ അണികളില്‍ വിപ്ലവ കാല്‍പ്പനികത നിലനിര്‍ത്തുകയാവും ഇപ്പോഴത്തെ ചെ വാഴ്ത്തുകള്‍ക്ക് പിന്നില്‍

ചെ ഒരു തവണയാണ് ഇന്ത്യയില്‍ എത്തിയത്. വിപ്ലവത്തിലേക്കുള്ള വഴിയേതെന്ന തര്‍ക്കം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ആരംഭിച്ചിട്ടുണ്ടാവുന്നതിന് മുമ്പ്. അതായത് പാര്‍ട്ടിയിലെ പിളര്‍പ്പിന് മുമ്പ്. ചെ ഗുവേര അന്ന് ഇന്ത്യയിലെത്തിയത് ഫിദല്‍ കാസ്‌ട്രോയുടെ പ്രതിനിധിയായി. കാസ്‌ട്രോയുടെ ക്യൂബയെ ആദ്യം അംഗീകരിച്ച രാജ്യങ്ങളിലൊന്നായിരുന്നു ഇന്ത്യ. എന്നാല്‍ ഇന്ത്യയിലെത്തിയ ചെ ഗുവേരയെ, ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അവഗണിക്കുകയായിരുന്നു. അദ്ദേഹം പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവുമായും അന്ന് പ്രതിരോധ മന്ത്രിയായിരുന്ന വി കെ കൃഷ്ണമേനോനുമായും ചര്‍ച്ച നടത്തി പോയെന്നാണ് ചരിത്രം. ക്യൂബന്‍ വിപ്ലവത്തെക്കുറിച്ച് സംശയമുള്ള കമ്മ്യൂണിസ്റ്റുകള്‍ അന്ന് ലോകത്തെമ്പാടുമുള്ള ഔദ്യോഗിക പാര്‍ട്ടികളില്‍ ഏറെയുണ്ടായിരുന്നു. അതുകൊണ്ട് അവരെ നോക്കിനടന്നിരുന്ന ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചെ ഗുവേരെയെ കാണാതെ പോയതില്‍ അത്ഭുതമില്ല. അതുകൊണ്ടെന്തെങ്കിലും പ്രശ്‌നവുമുണ്ടായില്ല.

പക്ഷേ പ്രശ്‌നം ഇരട്ട വര്‍ത്തമാനത്തിന്റെതാണ്. പറച്ചലിന്റെയും ചെയ്തിയുടെതുമാണ്. വയനാടന്‍ കാടുകളില്‍ വിമോചന സ്വപ്‌നവുമായി അടിസ്ഥാനജനങ്ങളെ ഒപ്പം നിര്‍ത്തി, രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയ എ വര്‍ഗീസിനെ അതിവിപ്ലവകാരിയായി കാണുകയും ഇപ്പോഴും ചെഗുവേരയുടെ രാഷ്ട്രീയതന്ത്രങ്ങളില്‍ വിശ്വസിച്ച് പ്രവര്‍ത്തിക്കുന്നവരെ അപഥ സഞ്ചാരികളായി കണക്കാക്കുകയും ചെയ്യുന്ന സിപിഎമ്മിന് ചെ ഗുവേരയെ കൊണ്ടുള്ള പ്രയോജനം എന്താണ്? ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴാണ് എട്ട് ഗറില്ലാ പോരാളികളെ വെടിവച്ച് കൊലപ്പെടുത്തിയത്. അങ്ങനെ ചെയ്തതിനെ ന്യായീകരിച്ചുകൊണ്ട് തന്നെയാണ് ചെ ഗുവേരയുടെ രാഷ്ട്രീയത്തെക്കുറിച്ച് കാല്‍പ്പനികമായി പൊളിറ്റ് ബ്യുറോ അംഗമടക്കമുള്ളവര്‍ പറഞ്ഞു കൊണ്ടിരിക്കുന്നത്. ഈ സ്വാംശീകരണമാണ് ചരിത്ര നിഷേധമാകുന്നത്.

വ്യവസ്ഥസംരക്ഷകരായി പരിവർത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്ന പാര്‍ട്ടി, അണികളില്‍ വിപ്ലവ കാല്‍പ്പനികത നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാവും ഇപ്പോഴത്തെ ചെ വാഴ്ത്തുകള്‍ നടത്തുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസംഘത്തിന്റെ ക്യൂബ സന്ദര്‍ശനവും ഈ വിപ്ലവ കാല്‍പ്പ നികതയില്‍ അനുയായി വൃന്ദത്തെ അഭിരമിപ്പിച്ച് നിര്‍ത്താന്‍ വേണ്ടിയായിരിക്കും. അല്ലാതെ സാമ്പത്തിക പരാധീനതയില്‍ പെട്ടുഴലുന്ന ആ കൊച്ചു രാജ്യത്തുനിന്ന് ഇപ്പോള്‍ എന്താണ് നേരിട്ട് പഠിച്ചെടുക്കാന്‍?

അതെന്തായാലും ഈ സ്വാംശീകരണം അംബേദ്ക്കറെ, ആര്‍എസ് എസ്സുകാര്‍ ഏറ്റെടുക്കാന്‍ ശ്രമിക്കുന്നതുപോലെ അപഹാസ്യമാണ്. അംബേദ്ക്കറെക്കുറിച്ച് പറയുകയും ദളിതരെ ആക്രമിച്ചും മാറ്റിനിര്‍ത്തിയും ഇല്ലാതാക്കുകയും ചെയ്യുകയെന്നത് ആ ഹിന്ദുത്വ രൂപത്തിൻ്റെ മറ്റൊരു മുഖം.

വിപ്ലവ 'കാല്‍പ്പനികരെ' പൂർണമായും കൈവിടാവുന്ന വിധം, വ്യവസ്ഥാ സംരക്ഷകരായും പ്രയോജനവാദികളായും തങ്ങള്‍ പരിവര്‍ത്തിക്കപ്പെട്ടുവെന്ന് സിപിഎം നേതൃത്വത്തിന് ബോധ്യപ്പെടുന്നതുവരെ ഈ സ്വാംശീകരണ ശ്രമം തുടരും. അതിനെയൊക്കെ അതിജീവിച്ച് ചെ ഗുവേരയുടെ വിപ്ലവ ജീവിതം ദീപ്തമായി നിലനില്‍ക്കുകയും ചെയ്യും.

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍

'സര്‍ക്കാര്‍ വേണ്ടത്ര പിന്തുണയ്ക്കുന്നില്ല'; മുകേഷ് അടക്കം നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കുന്നെന്ന് നടി

പെര്‍ത്തില്‍ പരിതാപകരം; ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ തകര്‍ന്നു, അമ്പതു കടക്കും മുന്‍പ് നാലു വിക്കറ്റുകള്‍ നഷ്ടം

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി