പ്രമുഖ ദേശീയ പാർട്ടിയായ കോൺഗ്രസിന്റെ അധ്യക്ഷ സ്ഥാനവും തിരഞ്ഞെടുപ്പും മുഖ്യധാരയിൽ ചർച്ചകൾക്ക് വഴി വെക്കാൻ ആരംഭിച്ചിട്ട് ഏറെ ദിവസങ്ങളായി. സ്ഥാനാർഥികൾ മാറി വരികയും രംഗത്ത് പുതിയതും പഴയതുമായ പേരുകൾ ഉയർന്നു കേൾക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഓരോ പുതിയ സ്ഥാനാർഥിക്കൊപ്പവും അവരുടെ യോഗ്യതകളും ചർച്ചകളിൽ വന്നു കൊണ്ടേയിരുന്നു. കോൺഗ്രസിന്റെ മുതിർന്ന നേതാവ് ആയ മല്ലികാർജുന ഖാർഗെ അധ്യക്ഷ തിരഞ്ഞെടുപ്പിന്റെ ചിത്രത്തിലേക്ക് വന്നതോടെ ഈ ചർച്ചകളുടെയെല്ലാം ഗതി മാറുകയുണ്ടായി. മുൻപ് മുഖ്യവേദിയിൽ വന്നുപോയ നാല് പേരെയും കുറിച്ചുള്ള വിശകലനങ്ങളിൽ ഇല്ലാത്ത മാനദണ്ഡങ്ങൾ ഖാർഗെയുടെ പേരിനോടൊപ്പം വന്നു. അദ്ദേഹത്തിന്റെ പ്രായവും പ്രാദേശികതയും ചിലർക്കെങ്കിലും പ്രശ്നമായി. തരൂരിനോ മറ്റുള്ളവർക്കോ പ്രായവും പ്രദേശികതയും ഒരു പ്രശ്നമായി വന്നതുമില്ല.
മല്ലികാർജുന ഖാർഗെ തെക്കേ ഇന്ത്യനാണ് , അദ്ദേഹം കന്നഡ മാത്രം സംസാരിക്കുന്ന ആൾ ആണ് , അദ്ദേഹത്തിന് 80 വയസ്സുണ്ട് തുടങ്ങിയ എതിർവാദങ്ങൾ കടന്നു വന്നത് വളരെ പെട്ടെന്നാണ്. അശോക് ഗെഹലോട്ടും ദിഗ് വിജയ് സിങ്ങും 75 ന് മുകളിൽ പ്രായം ഉള്ളവർ ആണെന്നിരിക്കെ മല്ലികാർജുന ഖാർഗെയുടെ 80 വയസ്സ് മാത്രം പലയിടങ്ങളിലും അസ്വസ്ഥത സൃഷ്ടിച്ചു. അദ്ദേഹം കന്നഡ മാത്രം സംസാരിക്കുന്നു എന്നത് കോൺഗ്രസിന്റെ ഏറ്റവും മുതിർന്ന നേതാക്കളിൽ ഒരാൾ, അധ്യക്ഷ സ്ഥാനത്തിന് ഏറ്റവും അർഹതയുള്ളവരിൽ ഒരാൾ തുടങ്ങിയ അദ്ദേഹത്തിന്റെ യോഗ്യതകളെക്കാൾ മുകളിൽ വരികയാണ്. പൊടുന്നനെ, ഖാർഗെ കോൺഗ്രസിന്റെ ദളിത് മുഖവും മറ്റുള്ളവർ വിശ്വപൗരന്മാരും ആയിരുന്നു മാറുന്നു. ശശി തരൂരടക്കമുള്ളവർ ഈ വിശ്വപൗര പട്ടികയിൽ ഉൾപ്പെടുന്നു.
ഇത്തരത്തിൽ ഖാർഗെക്ക് ദളിത് മുഖവും മറ്റുള്ളവർ വിശ്വപൗരന്മാരും ആയിത്തീരുന്ന രാഷ്ട്രീയത്തെ കാണാനോ ഫലപ്രദമായി നേരിടാനോ അഭിസംബോധന ചെയ്യാനോ കെൽപ്പുള്ള രാഷ്ട്രീയ സംവിധാനമല്ല കോൺഗ്രസിന്റേത്. ഇന്നത്തെ ഇന്ത്യയുടെ രാഷ്ട്രീയ സാഹചര്യങ്ങളിൽ ഒരു ദളിതനെ കോൺഗ്രസ് പോലൊരു ദേശീയ പാർട്ടിയുടെ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരിക എന്നതിന്റെ പ്രാധാന്യം വളരെ വലുതാണ്. എന്നാൽ ആ അവസരത്തെ രാഷ്ട്രീയപരമായി മനസ്സിലാക്കാനോ ഉപയോഗിക്കാനോ ആവിഷ്കരിക്കാനോ കഴിയാത്ത തരത്തിൽ കോൺഗ്രസ് പരാജയപ്പെടുകയാണ്.
ഈ ചർച്ചയുടെ തുടർച്ചയായി തന്നെയാണ് കഴിഞ്ഞ ദിവസം ഡി രാജയുടെ പ്രശ്നം വരുന്നത്. സി പി ഐയിലെ വളരെ മുതിർന്ന നേതാക്കളിൽ ഒരാളായ ഡി രാജ, വളരെ വർഷങ്ങളായി ഡൽഹിയിൽ പ്രവർത്തിച്ചു അനുഭവസമ്പത്തേറെയുള്ള ആളാണ്. അങ്ങനെയുള്ള ഒരു വ്യക്തിയെ സംസ്ഥാന സമ്മേളനം നടക്കുമ്പോൾ മാറ്റിനിർത്തി സംസ്ഥാന സെക്രട്ടറി പൊതു സമ്മേളനം ഉദ്‌ഘാടനം ചെയ്യുമ്പോൾ അതിനെ ന്യായീകരിക്കാൻ എന്തൊക്കെ സാങ്കേതികതകൾ പറഞ്ഞാലും അതിനെയും മുൻപേ പറഞ്ഞ രോഗത്തിന്റെ മറ്റൊരു ലക്ഷണമായി മാത്രമേ കാണുവാൻ കഴിയുകയുള്ളൂ . കോൺഗ്രസ് നിലവിൽ അനുഭവിക്കുന്ന അതേ പ്രതിസന്ധിയിലൂടെ തന്നെയാണ് സി പി ഐയും കടന്നുപോകുന്നത്. ദളിതനായ ഡി രാജ നയിക്കുന്ന പാർട്ടി എന്ന ആശയത്തെ ഉപയോഗപ്പെടുത്താൻ സി പി ഐക്ക് കഴിയുന്നില്ല.
ഇതിൽ അടിസ്ഥാനപരമായി വരുന്ന ആശയം എന്തെന്നാൽ രണ്ട് ദേശീയ പാർട്ടികൾ, രണ്ടിലും മുഖ്യധാരയിൽ നിൽക്കുന്ന രണ്ട് മുഖങ്ങൾ, ഈ രണ്ട് ദളിത് മുഖങ്ങളെ കൃത്യമായും വ്യക്തമായും ബന്ധപ്പെടുത്തുന്നിടത്ത് രണ്ടു പേരും ഒരുപോലെ പരാജയപ്പെടുന്നു എന്നുള്ളതാണ്. ഇന്ത്യയിൽ ഇന്ന് വളർന്നു വരുന്ന അപകടകരമായ രാഷ്ട്രീയ സാഹചര്യത്തിൽ ഈ രണ്ടു വ്യക്തികളെ പരിപൂർണമായി ഉപയോഗപ്പെടുത്തിന്നിടത്ത് രണ്ടു പാർട്ടികൾക്കും അടിപതറുന്നു എന്നുള്ളതാണ്. ഇന്ന് ഊട്ടി ഉറപ്പിക്കപ്പെടുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിൽ ഈ ദളിത് മുഖങ്ങളുടെ പ്രസക്തി അത്രയേറെയാണ്.
ഇതോടൊപ്പം പാർട്ടിക്കകത്ത് തന്നെ ദളിതരെ മാറ്റി നിർത്തുന്നു എന്ന് ജനത്തിന് തോന്നുമാറ് ഇരുപ്പാർട്ടികളും പെരുമാറുകയും ചെയ്യുന്നു. ഡി രാജയെയും ഖാർഗെയെയും മാറ്റി നിർത്തുന്നിടത്ത്, ഈ ഹിന്ദുത്വ കാലഘട്ടത്തിൽ അവർക്ക് സംഭവിക്കുന്ന രാഷ്ട്രീയപരമായ വീഴ്ചകളെ അവർപോലും തിരിച്ചറിയുന്നില്ല എന്നതാണ് വാസ്തവം.
(ദളിത് ശാക്തീകരണത്തിനായി പ്രവർത്തിക്കുന്ന റൈറ്റ്സിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറാണ് ലേഖകൻ)