OPINION

വടക്കുംനാഥന്റെ തട്ടകം സുരേഷ് ഗോപിയെ ഏറ്റെടുക്കുമോ? ഇല്ലെന്ന് പറയാനുള്ള രാഷ്ട്രീയകാരണങ്ങള്‍

സിനിമയിൽ രാഷ്ട്രീയം അടിപൊളിയാണ്, കയ്യടിച്ച് വശംകെടും. പക്ഷെ രാഷ്ട്രീയത്തിലെ സിനിമ, പ്രത്യേകിച്ച് കേരളത്തിൽ, പലപ്പോഴും കോമഡിയാണ്, ചിരിച്ച് പണ്ടാരടങ്ങും

സുബീഷ് തെക്കൂട്ട്

സത്യജിത് റായ് നാഷണൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷ പദവിയിലാണല്ലോ സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട പുതിയ ആശയക്കുഴപ്പം. ഒന്ന്, സുരേഷ് ഗോപിയുമായി അക്കാര്യം ആലോചിച്ചില്ല എന്നത്. രണ്ട്, സജീവ രാഷ്ട്രീയത്തിനും തൃശൂരിൽ മത്സരിക്കുന്നതിനും അത് തടസമാകുമോ എന്നത്. തടസമാകില്ലെന്ന വിവരമാണ് പുറത്ത് വരുന്നത്. തൃശൂരിൽ താരം മത്സരിക്കുമെന്നും ഉറപ്പ്. സുരേഷ് ഗോപിയെ വടക്കുംനാഥന്റെ തട്ടകം ഏറ്റെടുത്തുകഴിഞ്ഞുവെന്നും ആര് വിചാരിച്ചാലും തടയാനാകില്ലെന്നുമാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞിരിക്കുന്നത്. അങ്ങനെയെങ്കിൽ പുതിയ പദവി ജയസാധ്യത കൂട്ടുമോ, അതോ കുറയ്ക്കുമോ? ഒരു ചുക്കും സംഭവിക്കില്ല എന്നാണുത്തരം. അതായത് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷൻ ആയാലും ഇല്ലേലും തൃശൂരിൽ സുരേഷ് ഗോപി തോൽക്കും. അതെങ്ങനെ എന്നല്ലേ, പറയാം.

തമാശയ്ക്ക് പറയും, പിണ്ടം മണത്ത് ആനയേതെന്ന് പറയുന്നവരാണ് തൃശൂർക്കാരെന്ന്. എവിടെ നോക്കിയാലും ആനയെ, ആനപ്രേമിയെ കാണുന്ന നാട്ടിൽ ആ ' ഊഹക്കച്ചവടം' പക്ഷേ രാഷ്ട്രീയത്തിൽ നടക്കില്ല, തിരഞ്ഞെടുപ്പുകളിൽ പതിവുകളും പ്രവചനങ്ങളും കടപുഴക്കിയാണ് ശീലം. തിരുവമ്പാടിയുടെ മഠത്തിൽ വരവ് പകൽ പതിനൊന്ന് പിന്നിട്ടാൽ പുറപ്പെടുമെന്ന് കൃത്യം പറയാം. ഇലഞ്ഞിത്തറയിലെ കാലപ്പെരുക്കം ഊഹിച്ചുറപ്പിക്കാം. എന്നാൽ, തിരഞ്ഞെടുപ്പിൽ ഒരു കൃത്യതയ്ക്കും സ്ഥാനമില്ല. തൃശൂർക്കാർ തിരിച്ചും മറിച്ചും കുത്തും. സാക്ഷാൽ കെ കരുണാകരൻ മുതൽ മകൻ കെ മുരളീധരൻ വരെ ആ കുത്തും വെട്ടും കൊണ്ട് അടിതെറ്റി വീണവരാണ്. അതിനാൽ ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴും ആര് ജയിക്കും എന്ന് ചോദിച്ചാൽ തൃശൂർക്കാർ ഒന്ന് ചിരിക്കും, ആ ചിരിയിലുണ്ട് എല്ലാം.

തമാശയ്ക്ക് പറയും, പിണ്ടം മണത്ത് ആനയേതെന്ന് പറയുന്നവരാണ് തൃശൂർക്കാരെന്ന്. എവിടെ നോക്കിയാലും ആനയെ, ആനപ്രേമിയെ കാണുന്ന നാട്ടിൽ ആ ' ഊഹക്കച്ചവടം' പക്ഷേ രാഷ്ട്രീയത്തിൽ നടക്കില്ല, തിരഞ്ഞെടുപ്പുകളിൽ പതിവുകളും പ്രവചനങ്ങളും കടപുഴക്കിയാണ് ശീലം

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി ജയസാധ്യതയുടെ അടിസ്ഥാനത്തിൽ എ ക്ലാസ് മണ്ഡലമായി പരിഗണിക്കുന്ന മണ്ഡലങ്ങളിൽ ഒന്ന് തൃശൂരാണ്. 2019ൽ സുരേഷ് ഗോപിക്ക് കിട്ടിയ 2,93,822 വോട്ടിന്റെ ഉറച്ച പിൻബലത്തിലാണ് ഈ കണക്കുകൂട്ടൽ. 2014ൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച കെ പി ശ്രീശന് ലഭിച്ചത് വെറും 1, 02,681 വോട്ടാണ്. ഇതാണ് 2019 ൽ സുരേഷ് ഗോപി 2,93, 822 ആയി ഉയർത്തിയത്. 1,91,141 വോട്ടിന്റെ വർധന. ഇതൊരു ചെറിയ കാര്യമല്ല. 2024ൽ തൃശൂരിൽ സുരേഷ് ഗോപി തന്നെ മത്സരിക്കട്ടെയെന്ന് കേന്ദ്ര നേതൃത്വം ചിന്തിക്കാൻ കാരണവും ഇതുതന്നെ. മറിച്ചൊരു താൽപ്പര്യം സുരേഷ് ഗോപി പ്രകടിപ്പിച്ചാലും തീരുമാനം മാറാനിടയില്ല.

ഒരു കാര്യം ആദ്യമേ സൂചിപ്പിക്കാം. 2024ൽ തൃശൂരിൽ സുരേഷ് ഗോപിക്ക് കിട്ടുന്ന വോട്ടിന്റെ എണ്ണം സിപിഐ തീരുമാനിക്കും. സിപിഐ സ്ഥാനാർത്ഥി ആര് എന്നത് മാത്രമാകും ഇതിന്റെ മാനദണ്ഡം

2019ൽ വിജയിച്ച ടി എൻ പ്രതാപന് കിട്ടിയത് 4,15,089 വോട്ട്. അതായത് ആകെ പോൾ ചെയ്തതിൽ 39.84 ശതമാനം. രണ്ടാംസ്ഥാനത്ത് സിപിഐയുടെ രാജാജി മാത്യു തോമസ്, ലഭിച്ച വോട്ട് 3, 21,456 (30.85 ശതമാനം). തൊട്ടുപിന്നിൽ സുരേഷ് ഗോപി നേടിയത് 2,93,822 വോട്ട് (28.2 ശതമാനം). രാജാജി മാത്യു തോമസിനും സുരേഷ് ഗോപിയ്ക്കും ഇടയിലെ വോട്ട് വ്യത്യാസം വെറും 27,634 മാത്രം. ഇതാണ് ബിജെപിയുടെ ആത്മവിശ്വാസത്തിന്റെ ഗ്രാഫ് കുത്തനെ ഉയർത്തിയ ഘടകം. ഒന്നാഞ്ഞ് പിടിച്ചാൽ ഈ 27,634 മറികടന്ന് രണ്ടാമതെത്താം. എന്നാൽ അപ്പോഴും പ്രതാപൻ മുന്നിലുണ്ട്. സുരേഷ് ഗോപിയേക്കാൾ പ്രതാപന് കൂടുതൽ കിട്ടിയത് 1,21,267 വോട്ട്. ഇത് മറികടക്കാനെന്ത് വഴി എന്നാണ് 2019 മുതൽ ബിജെപിയുടെയും സുരേഷ് ഗോപിയുടെയും ആലോചന. എന്നാൽ, 2019 അല്ല 2024. സുരേഷ് ഗോപിക്ക് കാര്യമായ മാറ്റമൊന്നും ഇല്ലെങ്കിലും ദേശീയ സാഹചര്യങ്ങളും തൃശൂരും ഏറെ മാറി. ആയതിനാൽ 2024ൽ സുരേഷ് ഗോപിക്ക് മറികടക്കാനുള്ള വോട്ടുകളുടെ എണ്ണം കേവലം 27,634ഉം 1,21,267ഉം മാത്രമാകുമോ? നമുക്ക് നോക്കാം.

ഒരു കാര്യം ആദ്യമേ സൂചിപ്പിക്കാം. 2024ൽ തൃശൂരിൽ സുരേഷ് ഗോപിക്ക് കിട്ടുന്ന വോട്ടിന്റെ എണ്ണം സിപിഐ തീരുമാനിക്കും. സിപിഐ സ്ഥാനാർത്ഥി ആര് എന്നത് മാത്രമാകും ഇതിന്റെ മാനദണ്ഡം. 2009ൽ സിപിഐ സ്ഥാനാർത്ഥി സി എൻ ജയദേവന് കിട്ടിയത് 3,60,146 വോട്ട്. അന്ന് പക്ഷേ ജയിച്ചത് പി സി ചാക്കോ ആണ്. ചാക്കോയ്ക്ക് 3,85,297 വോട്ട് ലഭിച്ചു, ഭൂരിപക്ഷം 25,151. 2014ൽ സി എൻ ജയദേവൻ വോട്ടുകളുടെ എണ്ണം 3,89,209 ആക്കി ഉയർത്തുകയും 38,227 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കുകയും ചെയ്തു. തോറ്റത് കോൺഗ്രസിലെ കെ പി ധനപാലൻ, കിട്ടിയ വോട്ട് 3,50,982. എന്നാൽ 2019ൽ രാജാജി മാത്യു തോമസ് മത്സരിച്ചപ്പോൾ സിപിഐ വോട്ടുകളുടെ എണ്ണം 3,21,456 ആയി കുറഞ്ഞു. പാർട്ടിയിലെ ബുദ്ധിജീവിയാണ് രാജാജി, എന്നാൽ ജനകീയനല്ല. ഇതും സുരേഷ് ഗോപിയുടെ താരപ്രഭാവവും തിരിച്ചടിയായി. ഇക്കുറി രാജാജിക്ക് പകരം ഏറെ ജനകീയനായ മറ്റൊരാൾ വന്നാൽ, കോൺഗ്രസിൽനിന്ന് സിറ്റിങ് എംപി ടി എൻ പ്രതാപൻ തന്നെയോ, അതോ വി ടി ബൽറാമോ രംഗത്തുവന്നാൽ സുരേഷ് ഗോപി വിയർക്കും.

മോദിക്കും അമിത് ഷായ്ക്കും പൊന്നിൻകട്ടയെങ്കിലും കേരളത്തിലെ ആശാന്മാർക്ക് താരത്തെ കണ്ണെടുത്താൽ കണ്ടുകൂടാ. ഒരൊറ്റ ജില്ലാ കമ്മിറ്റിയുടെ പിന്തുണ പോലും സുരേഷ് ഗോപിക്കില്ല. തൃശൂരിലെ പാർട്ടി നേതൃത്വം പോലും സഹികെട്ട് ചുമക്കുകയാണ് താരഭാരത്തെ. കാരണം ജയസാധ്യത നൽകുന്ന മറ്റൊരാളില്ല. തിരിച്ച് സുരേഷ് ഗോപിക്ക് അങ്ങോട്ടും അങ്ങനെത്തന്നെ

പ്രതാപനെ പൂട്ടാൻ, സുരേഷ് ഗോപിയെ പിടിച്ചുകെട്ടാൻ വിഎസ് സുനിൽ കുമാറിനെ രംഗത്തിറക്കണം എന്നാഗ്രഹിക്കുന്നവരാണ് തൃശൂരിലെ സിപിഐയിൽ ഏറെയും. 'സുനിലേട്ടനെ' പിന്തുണക്കുന്നവർ മുന്നോട്ടുവയ്ക്കുന്ന വാദങ്ങളിൽ പ്രധാനപ്പെട്ടത് അടിമുടി തൃശൂർക്കാരൻ, ജനകീയൻ, സമുദായങ്ങൾക്കും സാംസ്കാരികമേഖലയ്ക്കും സ്വീകാര്യൻ എന്നതൊക്കെയാണ്. സംഗതി ഏറക്കുറെ ശരിയുമാണ്. അന്തിക്കാട്ടെ കോൾപ്പാടത്തും തെക്കേ ഗോപുരനടയിലെ ആൾക്കൂട്ടത്തിന് നടുവിലും സ്വരാജ് റൗണ്ടിലും എന്നുമെപ്പോഴും സുനിലിനെ കാണാം. എന്നാൽ കാനത്തിന്റെ ഇഷ്ടക്കാരുടെ പട്ടികയിൽ ഇടം കിട്ടാത്ത പേര് കൂടിയാണ് വി എസ് സുനിൽ കുമാർ എന്നത്. അതിനാൽ കാര്യങ്ങൾ കണ്ടറിയണം. തന്റേതായ വഴിക്ക് കെ പി രാജേന്ദ്രനും ശ്രമിക്കുന്നുണ്ട്, മാറ്റിനിർത്താനാകില്ല കെപിആറിനെയും. പറഞ്ഞുകേൾക്കുന്ന പേരുകാരിൽ ആനി രാജ പോലുമുണ്ട് എന്നതാണ് കൗതുകം. ഇവരെയൊന്നും പക്ഷെ 'സുനിലേട്ടൻ ഫാൻസ്' അംഗീകരിക്കുകയുമില്ല. ഒരു കാര്യം ഉറപ്പ്, ഇവരിൽ ആരായാലും മത്സരം കടുക്കും, സുരേഷ് ഗോപി കഷ്ടപ്പെടും.

ഇനി ബിജെപിയിലേക്ക് വരാം. മോദിക്കും അമിത് ഷായ്ക്കും പൊന്നിൻകട്ടയെങ്കിലും കേരളത്തിലെ ആശാന്മാർക്ക് താരത്തെ കണ്ണെടുത്താൽ കണ്ടുകൂടാ. ഒരൊറ്റ ജില്ലാ കമ്മിറ്റിയുടെ പിന്തുണ പോലും സുരേഷ് ഗോപിക്കില്ല. തൃശൂരിലെ പാർട്ടി നേതൃത്വം പോലും സഹികെട്ട് ചുമക്കുകയാണ് താരഭാരത്തെ. കാരണം ജയസാധ്യത നൽകുന്ന മറ്റൊരാളില്ല. തിരിച്ച് സുരേഷ് ഗോപിക്ക് അങ്ങോട്ടും അങ്ങനെത്തന്നെ. കേരളത്തിലെ ബിജെപിയെ ലവലേശം വിലവയ്ക്കാറില്ല. തൃശൂരിലെ അമിത് ഷാ പങ്കെടുക്കുന്ന വേദിയിൽ കെ സുരേന്ദ്രനെ മുന്നിലിരുത്തിയാണ്, തന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കുക രണ്ട് പേർ മാത്രമാകുമെന്ന് താരം പ്രഖ്യാപിച്ചത്. അതായത് രമണാ, എന്റെ കാര്യം നോക്കാൻ എനിക്കറിയാം, അത് മോദിജിയും അമിത് ഷാജിയും തീരുമാനിക്കുമെന്ന്, നിങ്ങളാരും അതാലോചിച്ച് തല പുണ്ണാക്കണ്ടാന്ന്. പക്ഷേ ജയിക്കാൻ സ്ഥാനാർത്ഥി മാത്രം പോരല്ലോ, സംഘടനാ സംവിധാനവും വേണ്ടേ? ആ സംവിധാനം പൂർണമായും സ്ഥാനാർത്ഥിക്കൊപ്പം നിൽക്കുമെന്ന് കരുതുക വയ്യ. ചുരുക്കത്തിൽ അവനവന്റെ പാർട്ടിയിൽ, മുന്നണിയിൽ പ്രതാപനോ ബൽറാമിനോ സുനിൽ കുമാറിനോ കെപി രാജേന്ദ്രനോ ഒക്കെയുള്ള സ്വീകാര്യത ബിജെപിയിൽ സുരേഷ് ഗോപിക്കില്ലെന്ന് ചുരുക്കം. അപ്പോൾ വ്യക്തിപ്രഭാവം കൊണ്ടുമാത്രം എത്ര വോട്ട് എന്നതിലേക്ക് കാര്യങ്ങൾ ചുരുങ്ങും. അങ്ങനെ വന്നാൽ, തൃശൂരിൽ മേൽപ്പറഞ്ഞ പ്രഭാവത്തിന് ഒട്ടും കുറവില്ലാത്ത, പ്രതാപനും സുനിൽ കുമാറുമാണ് അപ്പുറത്തെങ്കിൽ ഇക്കുറിയും തൃശൂരിങ്ങെടുക്കാൻ താരത്തിനായെന്ന് വരില്ല. തിരുവമ്പാടിക്കും പാറമേക്കാവിനും സഭകൾക്കും സമുദായങ്ങൾക്കും തീരമേഖലയ്ക്കും തീരുമാനിക്കാവുന്ന ഒരാൾ ആര് എന്ന ചോദ്യത്തിന്റെ ഉത്തരമായി മത്സരിക്കുന്നത് പ്രതാപനും സുനിലുമെങ്കിൽ അവർ കഴിഞ്ഞേ സുരേഷ് ഗോപിയിലേക്ക് തൃശൂർ എത്തൂവെന്നുറപ്പ്. അങ്ങനെയെങ്കിൽ 2019 തൃശൂരിന്റെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഒറ്റപ്പെട്ട സംഭവമായി മാറാനാണ് സാധ്യത. വരുംകാലം ഒന്നല്ല നൂറുവട്ടം നിന്നാലും സുരേഷ് ഗോപി തൃശൂരിൽ തോൽക്കും. ആ നിൽപ്പ് സംസ്ഥാന ചലച്ചിത്ര അവാർഡ് സമർപ്പണ സദസ്സിലെ ഭീമൻ രഘുവിന്റെ നിൽപ്പ് പോലാകും.

സിനിമയിൽ രാഷ്ട്രീയം അടിപൊളിയാണ്, കയ്യടിച്ച് വശംകെടും. പക്ഷെ രാഷ്ട്രീയത്തിലെ സിനിമ, പ്രത്യേകിച്ച് കേരളത്തിൽ, പലപ്പോഴും കോമഡിയാണ്, ചിരിച്ച് പണ്ടാരടങ്ങും.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ