PEOPLE

വൈക്കം മുഹമ്മദ് ബഷീറും ബഷീറിനുവേണ്ടി ക്ഷോഭിച്ച എം എൻ വിജയനും

'വ്യക്തിരേഖകള്‍, സാമൂഹ്യരേഖകള്‍' എന്ന പംക്തിയിൽ ഇത്തവണ ബഷീറിനെ കുറിച്ചാണ്. ബഷീർ എം എൻ വിജയൻ ബന്ധവും വിജയന്റെ ബഷീർ ഗ്രന്ഥങ്ങളും പ്രഭാഷണങ്ങളും ഉണ്ടായതിൻ്റെ കഥയും പറയുന്നു കെ ബാലകൃഷ്ണൻ

കെ ബാലകൃഷ്ണൻ

മലയാളസാഹിത്യത്തിലെ സുല്‍ത്താന്‍, ബേപ്പൂര്‍ സുല്‍ത്താന്‍,സാക്ഷാല്‍ വൈക്കം മുഹമ്മദ് ബഷീര്‍ എന്നെ കാണാന്‍വന്നുവെന്ന് അവകാശപ്പെടുന്നത് നെറികേടാണെന്ന് തോന്നാം. വെറും ഭോഷ്‌ക്കായ അവകാശവാദം, അമ്പട ഞാനേ എന്നൊക്കെ സ്വയവും അല്ലാതെയും വിമര്‍ശിക്കാം, കുറ്റപ്പെടുത്താം.പക്ഷേ ഏതാണ്ടതുപോലെ സംഭവിച്ചു! 1989-ലെ ഒരു ദിവസം. അന്ന് ഡിവൈഎഫ്ഐ എല്ലാ ജില്ലാ ആസ്ഥാനത്തും മതസൗഹാര്‍ദ മുദ്രാവാക്യമുയര്‍ത്തി മനുഷ്യമതിലോ റാലിയോ സംഘടിപ്പിക്കുന്നുണ്ട്. ആ പരിപാടിയില്‍ ബഷീറിനെയും പങ്കെടുപ്പിക്കുന്നു.അതുതന്നെ വലിയ വാര്‍ത്തയായിരുന്നു. ആ പരിപാടിയില്‍ പങ്കെടുക്കാന്‍ നഗരത്തില്‍ എത്തിയ ബഷീര്‍ കോഴിക്കോട് കോണ്‍വെന്റ് റോഡിലെ ദേശാഭിമാനി ഓഫീസിന് മുന്നില്‍ വന്നിറങ്ങി. തൂവെള്ള ജുബ്ബയും മുണ്ടുമായി ബഷീര്‍... ''വാരികയിലെ ഒരാളെ വിളിക്ക്,'' ബഷീര്‍ ആജ്ഞാപിക്കുന്നു. അപ്പോഴേക്കും ഞങ്ങളൊക്കെ താഴേക്ക് കുതിച്ചെത്തിക്കഴിഞ്ഞിരുന്നു. എന്നെ കണ്ടതും ബഷീറിന്റെ ചോദ്യം: ''നീയല്ലേ വിജയന്റെ ലേഖനം വന്ന ആഴ്ചപ്പതിപ്പ് കൊണ്ടത്തരാമെന്ന് പറഞ്ഞത്. ഒരു കോപ്പിയെടുത്തുകൊണ്ടു വാ..." മാസങ്ങള്‍ക്ക് മുമ്പേ വന്ന ആഴ്ചപ്പതിപ്പാണ്. ഞാനെവിടെ തപ്പും. വാരികാ മാനേജരായ വിജയന്‍ കോമത്ത് എങ്ങനെയോ ഒരു കോപ്പി സംഘടിപ്പിച്ചു തന്നു. ചിരിച്ചു തലയാട്ടി ങാ,,എന്നുംപറഞ്ഞ് ബഷീര്‍ കാറില്‍ കയറി.

ആ ലേഖനം വാരികയുടെ ഒരു പേജിന്റെ പകുതി മാത്രമുള്ള കുറിപ്പാണ്. കാഴ്ചപ്പാട് എന്ന പംക്തിയില്‍ എം എന്‍ വിജയന്‍ എഴുതിയത്. അന്ന് അദ്ദേഹം വാരികയുടെ പത്രാധിപരല്ല. എന്താണാ ലേഖനത്തിന് ഇത്ര പ്രത്യേകത. സാഹിത്യചരിത്രത്തില്‍ ചിലപ്പോള്‍ മാത്രം സംഭവിക്കുന്ന ഒരു വിസ്മയമാണ് വൈക്കം മുഹമ്മദ് ബഷീര്‍ എന്ന തലക്കെട്ടോടുകൂടിയ ആ കുറിപ്പ്. ഒരു വ്യാഴാഴ്ച രാവിലെ ധര്‍മടത്തെ കരുണയില്‍ പോയി പ്രാതല്‍ കഴിച്ചശേഷം വിജയന്‍ മാഷില്‍നിന്ന് പിടിച്ചുപറിച്ചുകൊണ്ടുപോയതാണ് ആ കുറിപ്പ്. വെള്ളിയാഴ്ചയാണ് വാരിക അച്ചടിക്കുന്നത്. വ്യാഴാഴ്ചയാണ് ലേ ഔട്ട് പൂര്‍ത്തിയാക്കേണ്ടത്. മൂന്നാം പേജും അവസാനപേജുകളുമടക്കമുള്ള ഒന്നാം ഫോറമാണ് ഒടുവില്‍ ചെയ്യുക. ഒന്നാം ഫോറത്തില്‍ അഞ്ചാം പേജിലാണ് കാഴ്ചപ്പാട് പംക്തി. തിങ്കളാഴ്ച രാവിലെ പോയപ്പോള്‍ എഴുതിയിട്ടില്ലെന്ന് കൈമടക്കിയതിനാലാണ് വ്യാഴാഴ്ച വീണ്ടുംപോയത്. അപ്പോഴും പൂര്‍ത്തിയാക്കിയിട്ടില്ല, ഈയാഴ്ച ഒഴിവാക്കാമെന്ന് മാഷ്. വരാന്തയിലെ കൊച്ചുമേശമേലുള്ള ചെറിയ അക്വേറിയത്തിനുമേല്‍ മടക്കിവച്ച കടലാസ് നേരത്തെതന്നെ കണ്ണില്‍പ്പെട്ടതാണ്. സൂത്രത്തില്‍ അതെടുത്ത് നോക്കുമ്പോള്‍ സാധാരണയെഴുതുന്നതിന്റെ പകുതിയോളം മാത്രമെഴുതിയ കുറിപ്പ് കണ്ടു. തലക്കെട്ടുമുണ്ട്. ഏറ്റവും താഴത്തെ വാചകത്തില്‍ കണ്ണോടിച്ചപ്പോള്‍ പൂര്‍ത്തിയായ പ്രതീതിയുമുണ്ട്. അപ്പോഴേക്കും മാഷുടെ നിര്‍ത്താതെയുള്ള പൊട്ടിച്ചിരി...ശരിയായിട്ടില്ല, അതാ ഈയാഴ്ച വേണ്ടെന്ന് പറഞ്ഞത്. ശരിയായിട്ടുണ്ട് എന്നും പറഞ്ഞ് ആ കുറിപ്പുമെടുത്ത് വേഗം ഇറങ്ങിനടന്നു. വണ്ടിയില്‍വച്ച് ആ കടലാസിലൂടെ സഞ്ചരിച്ചപ്പോള്‍ ശരിക്കും കോള്‍മയിര്‍കൊണ്ടു.

അക്ഷരം മുഴുവനറിയാത്ത ഒരു ചെറുപ്പക്കാരന്‍ അരനൂറ്റാണ്ടുമുമ്പ് നമ്മുടെ സാഹിത്യത്തിലെ വര്‍ണവ്യവസ്ഥ തിരുത്തിത്തുടങ്ങി. ബഷീര്‍ എഴുതുമ്പോള്‍ വാക്കുകള്‍ വിറച്ചിരുന്നു. തന്റെ അനുഭവം കുറിക്കാനുള്ള അടയാളങ്ങള്‍ തേടിയാണ് അദ്ദേഹം വാക്കുകളില്‍ തടഞ്ഞുവീണിരുന്നത്.

(ആ കുറിപ്പിലെ ഏതുവാചകങ്ങളാണിവിടെ ഒഴിവാക്കുക... അയ്യോ...) അതിനാല്‍ അത് മുഴുവനിവിടെ പകര്‍ത്താതിരിക്കാനെനിക്കാവില്ല..

"ഭാരതം ഒരു ഇതിഹാസമാണെന്നും ഇതിഹാസം പഴയതാണെന്നും അറിയാനുള്ള പാണ്ഡിത്യം ബഷീറിനുണ്ടായിരുന്നില്ല. പക്വത എന്ന വാര്‍ധക്യവും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തിളച്ചുമറിയുന്ന തന്റെ ഭാരതത്തിലൂടെ അദ്ദേഹം ഉഴറിനടക്കുകയും ഇവിടെ പാകംചെയ്യുന്നതാണ് ചരിത്രമെന്ന്, താനാണ് തന്റെ നാടിന്റെ ചരിത്രമെന്ന് അറിയുകയും ചെയ്തു. താന്‍ ഉച്ചരിക്കുന്നതാണ് വാക്കെന്നും താനെഴുതുന്നതാണ് സാഹിത്യമെന്നും ബഷീര്‍ തെളിയിച്ചു.

അനുഭവത്തിന്റെ ഒരു പുതിയ വന്‍കരയാണ് ബഷീര്‍ മലയാളത്തിലേക്കെത്തിച്ചത് എന്ന് നാം അറിഞ്ഞുവരുന്നതേയുള്ളൂ. നമ്മുടെ ലാവണ്യശാസ്ത്രത്തെത്തന്നെ ഒരജ്ഞാനി എത്രമേല്‍ അട്ടിമറിച്ചു എന്ന് നാം അറിഞ്ഞിട്ടേയില്ല. വികാരങ്ങളുടെ പഴയ അടയാളങ്ങളെ ബഷീര്‍ സ്ലേറ്റില്‍ മാച്ചെഴുതിയിരിക്കുന്നു. സ്വന്തം മൂക്കിന്റെ വിശ്വവൈരൂപ്യത്തെയും കഷണ്ടിയുടെ ആജന്മശൂന്യതയെയും അദ്ദേഹം തിരിച്ചിട്ടു എന്നതല്ല ഇതുകൊണ്ടുദ്ദേശിക്കുന്നത്. നുള്ളിപ്പറിക്കുന്ന വേദനകളോട് കിന്നാരംപറയുന്ന, ചെയ്യാക്കുറ്റത്തിന് ശിക്ഷയേല്‍ക്കാന്‍ തന്നെത്തന്നെ നിവര്‍ത്തിവിരിച്ചിടുന്ന, ഐറണിയുടെ അപൂര്‍വമായ ഭാഷ ബഷീര്‍ നമ്മെ പഠിപ്പിച്ചു. ഞാനാണ് നമ്മുടെ ഭാഷ എന്ന് അദ്ദേഹം നമ്മെ ഓര്‍മിപ്പിച്ചു.

കര്‍ക്കശക്കാരനും വാത്സല്യനിധിയുമായ പിതാവിനോടുള്ള രാഗദ്വേഷമാണ് ബഷീറിന്റെ ജീവിതവീക്ഷണത്തെ നിയന്ത്രിക്കുന്നതെന്ന് കേസരി സൂചിപ്പിച്ചിട്ടുണ്ട്. ഇതദ്ദേഹം അംഗീകരിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. വാസ്തവങ്ങള്‍ നാം അറിയാതെ നമ്മെ കവിഞ്ഞുനില്‍ക്കുന്നു. പഴയനിയമത്തിലെ ഇയ്യോബിനെപ്പോലെ തെറ്റുചെയ്യാത്ത തന്റെ പീഡനത്തെക്കുറിച്ച് ചിന്തിച്ചും പറഞ്ഞും ദൈവനീതിയുടെ ബിന്ദുവിലേക്ക് അദ്ദേഹം ഇപ്പോള്‍ തിരിച്ചെത്തിയിരിക്കുന്നു. ഒരു സെമൈറ്റ് വൃത്തം പൂര്‍ത്തിയാക്കി എന്നും പറയാം. ഇണങ്ങിയുംപിണങ്ങിയും ഒടുവില്‍ ഇണങ്ങിച്ചേരുന്ന ഒരു വൃത്തം. തെറിച്ച ശങ്കരനെപ്പോലെ തന്റെ ഭൂമിയിലേക്ക് ബഷീര്‍ തിരിച്ചുവന്നിരിക്കുന്നു. ഏതാണദ്ദേഹത്തിന്റെ ജീവിതവൃത്തം എന്നതിനെക്കുറിച്ച് ഞങ്ങള്‍ക്ക് സംശയമേയില്ല. വിരാമത്തെ വാക്യമായി, വിശ്രമത്തെ ജീവിതമായി തെറ്റിദ്ധരിച്ചുകൂടാ.

അസാമാന്യമായ തന്റെ യാത്രയില്‍ ബഷീറിനെപ്പോലെ ലാവണ്യത്തിന്റെ ഒരു മറുലോകം മലയാളത്തിലെ മറ്റൊരു എഴുത്തുകാരനും ഈ നൂറ്റാണ്ടില്‍ സൃഷ്ടിച്ചിട്ടില്ല. അവരെല്ലാം നമ്മുടെ ജീവിതശില്പത്തില്‍ ചെറിയ കോറലുകളും തിരുത്തലുകളും മാത്രമേ വരുത്തിയിട്ടുള്ളൂ. എല്ലാ ദര്‍ശനങ്ങളെയും അനുഭവങ്ങള്‍കൊണ്ട് അടിയറവ് പറയിക്കുന്ന ഒരു ദര്‍ശനവും ബഷീറിനുമാത്രമേയുള്ളൂ. ഇതു നാം അറിയാതിരിക്കുന്നത് കോഴിക്കോട്ടുനിന്ന് ബേപ്പൂരിലേക്കുള്ള ദൂരം കുറവായതുകൊണ്ടാണ്. ജന്മവര്‍ഷങ്ങളുടെ അകലം ചെറുതായതുകൊണ്ടാണ്.

ബഷീറിനെ പരാജയപ്പെടുത്താന്‍ ഇന്ന് ബഷീറിന് മാത്രമേ കഴിയൂ. നമ്മുടെ വിധികര്‍ത്താക്കള്‍ക്ക് അതുകഴിയുമെന്ന് ഞാന്‍ കരുതുന്നില്ല. അവര്‍ എവിടെ ഒളിച്ചിരിക്കുന്നു? ''

ഇതാണ് ആ കുറിപ്പ്. ഇതാണ് പൂര്‍ത്തിയായിട്ടില്ല, തൃപ്തിയായിട്ടില്ല എന്ന് പറഞ്ഞ് അതെഴുതിയ വിജയന്‍മാഷ് പ്രസിദ്ധീകരിക്കാന്‍ വൈമുഖ്യംകാട്ടിയ ലേഖനം.

തലശ്ശേരിയില്‍നിന്ന് കോഴിക്കോട് വരെയുള്ള തീവണ്ടിയാത്രയില്‍ പലപ്രാവശ്യം വായിച്ച് ആവേശംകൊണ്ട് മനസ്സാകെ നിറഞ്ഞാണ് ഞാന്‍ ഓഫീസിലെത്തിയത്. ഇതച്ചടിച്ചുവന്ന വാരികയുടെ രണ്ട് കോപ്പി സാധാരണ അയയ്ക്കുന്ന കോപ്പിക്ക് പുറമെ ബഷീറിന് അയച്ചതാണ്. രണ്ടാഴ്ച കഴിഞ്ഞ് ഒരുദിവസം അദ്ദേഹം സിദ്ധാര്‍ഥന്‍ പരുത്തിക്കാടിനെ വിളിച്ചു (സിദ്ധാര്‍ഥന്‍ പരുത്തിക്കാടാണ് അന്ന് ദേശാഭിമാനി വാരികയുടെ എഡിറ്റര്‍ ഇന്‍ ചാര്‍ജ്). വിജയന്റെ ലേഖനം വന്ന രണ്ട് കോപ്പി കൊടുത്തയക്കണമെന്നാണാവശ്യം.

ഓഫീസില്‍ സൂക്ഷിച്ച കോപ്പികളില്‍ രണ്ടെണ്ണമെടുത്ത് ഞാന്‍ ബേപ്പൂരിലെ വൈലാലില്‍ വീട്ടില്‍പോയി. ഉമ്മറത്തെ ഇരുത്തിമേല്‍ ചമ്രം പടിഞ്ഞെന്നപോലെ ഇരിക്കുകയാണ് സുല്‍ത്താന്‍. കുപ്പായമിട്ടിട്ടില്ല. ഇരുകയ്യും മുന്നോട്ടൂന്നി, ശ്വാസത്തിന് പാടുപെട്ട് ഇടക്കിടെ ചുമച്ചുതുപ്പിക്കൊണ്ട്, എന്നാലതിനിടയിലും ബീഡി വലിച്ചൂതി... വാരിക കണ്ടതോടെ ആ മുഖത്ത് പ്രത്യേകമായ തെളിച്ചം. എടിയേയ് ഇതങ്ങ് വാങ്ങിവയ്ക്ക്... അനീസാണ് വാരിക വാങ്ങിയത്. നിങ്ങള്‍ ആദ്യം അയച്ചുതന്നത് ആരോ എടുത്തുകൊണ്ടുപോയതാ എന്ന് ചിരിച്ചുകൊണ്ട് ബഷീര്‍ പറഞ്ഞു. സുലൈമാനി കുടിപ്പിച്ചേ വിട്ടുള്ളൂ.

ബഷീറിനെതിരെ വലിയ വിമര്‍ശങ്ങളുയര്‍ന്ന കാലമായിരുന്നു അത്. നാലഞ്ച് വര്‍ഷം മുമ്പ് അനുരാഗത്തിന്റെ ദിനങ്ങള്‍ പുറത്തിറങ്ങിയതോടെയാണ് ബഷീറിനെതിരെ മുറുമുറുപ്പുയരാന്‍ തുടങ്ങിയത്. കടുത്ത അശ്ലീലമാണതെന്ന ആക്ഷേപം. പിന്നെ ബഷീര്‍ സ്വയം അനുകരിക്കുന്നു, അഭിമുഖങ്ങളില്‍ അഭിരമിക്കുന്നുവെന്നെല്ലാമുള്ള ആക്ഷേപങ്ങള്‍. ബേപ്പൂര്‍ വൈലാലില്‍ വീട്ടിലെ മാങ്കോസ്റ്റിന്‍ മാഞ്ചവട്ടില്‍ ചാരുകസേരയിലിരിക്കുന്ന ബഷീറിനെ കാണാന്‍ പലേടത്തുനിന്നും ആളുകളെത്തുന്നു, അവര്‍ അദ്ദേഹത്തോട് നടത്തുന്ന സംഭാഷണം എഴുതിവച്ച് പലേടത്തും പ്രസിദ്ധപ്പെടുത്തുന്നു. കോളേജ് മാഗസിന്‍കാരും അന്ന് വ്യാപിക്കാന്‍ തുടങ്ങിയ ലിറ്റില്‍ മാഗസിനുകളുമാണ് പ്രതികള്‍...വാസ്തവത്തില്‍ ബഷീര്‍ അതിനൊന്നും ഉത്തരവാദിയായിരുന്നില്ല. ഇങ്ങനെയുള്ള സവിശേഷ സന്ദര്‍ഭത്തിലാണ് വിജയന്‍മാഷുടെ ലേഖനം.

മൂന്നോ നാലോ ആഴ്ച കഴിഞ്ഞിട്ടുണ്ടാവും സിദ്ധാര്‍ഥന് വീണ്ടും വിളി. വിജയന്റെ ലേഖനം വന്ന വാരിക കൊടുത്തയയ്ക്കണം! അന്ന് കേവലം ഒരു കോപ്പിയുമായാണ് ഞാന്‍ വൈലാലില്‍ വീട്ടിലേക്കുപോയത്. അന്ന് ബഷീറിന് തീരേ വയ്യായിരുന്നു... മൂക്കില്‍നിന്നും കണ്ണില്‍നിന്നും വെള്ളം വരുന്നുണ്ട്... സംസാരം ഇടയ്ക്കുമുറിഞ്ഞുപോകുന്നുണ്ട്.. എടിയേയ് ഇവന് ബുക്കെടുത്ത് കൊടുക്ക്... ഫാബിത്താത്തയും അനീസുംകൂടി പുസ്തകങ്ങളെടുത്തു. ഡി.സി. ബുക്‌സ് പ്രസിദ്ധപ്പെടുത്തിയ ബഷീര്‍ പുസ്തകങ്ങള്‍..അതില്‍ ഒന്നില്‍പ്പോലും ഒപ്പിട്ടുതരാന്‍പറ്റുന്ന നിലയിലായിരുന്നില്ല സ്ഥിതി.. പക്ഷേ ബഷീര്‍കൃതികളുടെ ഓതേഴ്‌സ് കോപ്പികള്‍ സ്വന്തമായി. ഇതുകൊണ്ടും കാര്യം തീര്‍ന്നില്ല. ഡല്‍ഹിയിലുള്ള എം എ ബേബിയെ വിളിച്ച് ബഷീര്‍ പറഞ്ഞു, ''വിജയന്റെ ലേഖനമുള്ള ദേശാഭിമാനി വാരിക അടിയന്തരമായി എത്തിക്കണം!'' ബേബി വിജയന്‍മാഷുടെ വീട്ടില്‍നിന്നുതന്നെ കോപ്പി സംഘടിപ്പിച്ച് ബേപ്പൂരില്‍ എത്തിച്ചുകൊടുത്തെന്നാണറിഞ്ഞത്. ഇതിനെല്ലാം ശേഷമാണ് സുല്‍ത്താന്‍ കോണ്‍വെന്റ് റോഡിലെ ദേശാഭിമാനി ഓഫീസിനുമുന്നില്‍ വണ്ടിയിറങ്ങി ഞങ്ങളെ വിളിപ്പിച്ചതും കോപ്പി വീണ്ടും വാങ്ങിയതും.

കേരളത്തിലെ ഏറ്റവും വലിയ എഴുത്തുകാരനായിട്ടും ജ്ഞാനപീഠക്കാരോ കേന്ദ്രസാഹിത്യ അക്കാദമിക്കാരോ എല്ലാം ബഷീറിനെ അവഗണിക്കാന്‍ നടത്തിയ ശ്രമവുമാണ് ലേഖനത്തിൽ പരാമർശ വിഷയമായി. (കൂട്ടത്തില്‍പറയട്ടേ, 1984 ഒക്ടോബര്‍ 30-ന്‌ സന്ധ്യയ്ക്കാണ് അനുരാഗത്തിന്റെ ദിനങ്ങള്‍ പ്രകാശിപ്പിച്ചത്. കോഴിക്കോട്ട് എം ടി വാസുദേവന്‍ നായര്‍, സുകുമാര്‍ അഴീക്കോട് എന്നിവരെല്ലാംചേര്‍ന്ന് ക്ലാസിക് ബുക് ട്രസ്റ്റ് എന്ന പേരില്‍ തുടങ്ങിയ അല്പായുസ്സായ പ്രസാധനസംരഭത്തിന്റെ ആദ്യ കൃതിയായിരുന്നു അനുരാഗത്തിന്റെ ദിനങ്ങള്‍. അഴീക്കോടിന്റെ തത്വമസിയും അന്നാണ് പ്രസിദ്ധപ്പെടുത്തിയത്. കോഴിക്കോട്ടു നടന്ന ആ ചടങ്ങില്‍ യാദൃഛികമായി ഞങ്ങളും- അതായത് ഞാന്‍, മാങ്ങാട് രത്‌നാകരന്‍, ടി കെ ഉമ്മര്‍, പി വി വത്സരാജ് എന്ന ബച്ചു എന്നിവര്‍ സാക്ഷികളായിരുന്നു. തത്വമസിയെക്കുറിച്ച് എം പി വീരേന്ദ്രകുമാര്‍ നടത്തിയ പ്രസംഗമാണ് ഞങ്ങളെ അവിടെ പിടിച്ചുനിര്‍ത്തിയത്. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലേക്കുള്ള വഴിമധ്യേയായിരുന്നു ഞങ്ങള്‍ അവിടെ എത്തിപ്പെട്ടത്. ഇതിത്രയും ഓര്‍മയില്‍ നിന്നത് പിറ്റേന്നാണ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിനാലാണ്. ബന്ദും അക്രമവും കുഴപ്പങ്ങളും കാരണം പത്ത് മണിക്കൂറോളമെടുത്ത്, മടങ്ങിയെത്തിയതിന്റെ, ദാഹജലംപോലും കിട്ടാതെ കഷ്ടപ്പെട്ടതിന്റെ ഓര്‍മയുടെ ഭാഗമാായാണത് മനസ്സില്‍).

വൈക്കം മുഹമ്മദ് ബഷീർ, എം എൻ വിജയനോടൊപ്പം

ബഷീറിനെ ആദ്യമായി അടുത്തുകാണുന്നത് 1985-ൽ ആണെന്നാണോര്‍മ. വിജയന്‍മാഷുടെ മകള്‍ ഡോ.സുജാതയുടെ വിവാഹം. ധര്‍മടത്തെ കരുണ വളരെ ചെറിയവീടും അതിന്റെ മുറ്റം രണ്ട് പായ വലുപ്പം മാത്രമുള്ളതായതിനാലും തലേദിവസം അധികമാളുകളെ ക്ഷണിച്ചിട്ടില്ല. എങ്കിലും കുറെയധികംപേര്‍ എത്തിയിട്ടുണ്ട്. രാത്രി എട്ടുമണിയോടെ അതാ ഇടവഴിയിലൂടെ സുല്‍ത്താന്‍ പരിവാരസമേതനായി നടന്നുവരുന്നു. വധുവിനെ ആശീര്‍വദിച്ച് ആശംസകള്‍ നേര്‍ന്ന് ഭക്ഷണവും കഴിച്ച് അദ്ദേഹം മടങ്ങി.

എണ്‍പതുകളുടെ അവസാനമാണെന്ന് തോന്നുന്നു, ബഷീറിനെതിരെ എ ബി രഘുനാഥൻ നായരുടെ പുസ്തകം പുറത്തുവന്നു. ഊതിവീര്‍പ്പിക്കപ്പെട്ട ബലൂണാണ് ബഷീര്‍ എന്നും അദ്ദേഹത്തിന്റെ കൃതികളെല്ലാം ബോറാണെന്നും ഉള്ളുപൊള്ളയാണെന്നുമെല്ലാം തികച്ചും അധിക്ഷേപത്തിന്റെ ഭാഷയില്‍ രഘുനാഥൻ നായര്‍ 'ഉപ്പൂപ്പാൻ്റെ കുയ്യാനകൾ' എന്ന പുസ്തകത്തിൽ എഴുതി. ബഷീറിനെ അപകീര്‍ത്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പുറത്തിറക്കിയ ആ പുസ്തകത്തിന്റെ അവതാരിക പ്രൊഫ.എസ് ഗുപ്തന്‍നായരുടെ വകയായിരുന്നു. ബഷീറിന്റെ ശബ്ദങ്ങള്‍ തനി അശ്ലീലമാണെന്ന ആക്ഷേപമുയര്‍ത്തി വലിയ പ്രചാരണം തന്നെ മുമ്പ് അദ്ദേഹം നടത്തിയിരുന്നു. ബഷീറിനെ അപഹസിക്കുന്ന പുതിയ പുസ്തകം വാസ്തവത്തില്‍ ഗൂഢാലോചനയുടെ ഭാഗമാണെന്ന അഭിപ്രായമായിരുന്നു വിജയന്‍ മാഷിന്. അക്കാലത്ത് മാഷെ വളരെ അസ്വസ്ഥനായി കാണപ്പെട്ടു. ബഷീറിനെതിരായ വാക്കുകള്‍ വേദനിപ്പിച്ചത് മാഷെയാണ്! ആ ദിവസങ്ങളിലൊന്നില്‍ ഞാന്‍ കരുണയിലെത്തി. മാഷ് അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തിക്കൊണ്ടും ചുമലിലിട്ട തോര്‍ത്ത് ഇടക്കിടെ എടുത്ത് പിന്നെയും അവിടെത്തന്നെ ഇടുകയുമൊക്കെയാണ്. ''മാഷെ ഇപ്പോള്‍ മനസ്സില്‍വരുന്നത് -ബഷീറിനെപ്പറ്റി- കടലാസിലാക്കിയാലോ...'' ഞാന്‍ ചോദിച്ചു. രഘുനന്ദനന്‍ നായരുടെ പുസ്തകത്തിന് പ്രചാരംകൊടുക്കുന്നതൊന്നും വേണ്ട. എങ്കിലും പ്രതികരിക്കാതിരിക്കുന്നത് ശരിയോ എന്ന ചോദ്യമാണുന്നയിച്ചത്. കടലാസെടുത്ത് ഞാന്‍ എഴുതാനൊരുങ്ങിനിന്നു... ഉച്ചവണ്ടിക്ക് കോഴിക്കോട്ടേക്ക് പോകാനുള്ള തീരുമാനം ഉപേക്ഷിച്ചു... മാഷ് പറഞ്ഞുതുടങ്ങി..

എം എൻ വിജയൻ്റെ വിഖ്യാതമായ 'മരുഭൂമികൾ പുക്കുമ്പോൾ' എന്ന പുസ്തകത്തിന് ആധാരമായ പ്രഭാഷണത്തിൻ്റെ പോസ്റ്റർ

'' ആടിനെ പട്ടിയാക്കുന്ന കലാവിദ്യ നമ്മുടെ സാഹിത്യത്തില്‍ മുമ്പും പരീക്ഷിച്ചിട്ടുള്ളതാണ്. ചുടുചോർ ആര് വാരുന്നുവെന്നതല്ല, ആര് വാരിക്കുന്നതാണ് പ്രധാനകാര്യം...'' ഇങ്ങനെപോയി ആ സംഭാഷണം. ഗുപ്തന്‍നായരുടെ പേരെടുത്തു പറഞ്ഞുകൊണ്ടുതന്നെ വിജയന്‍മാഷ് രൂക്ഷമായ വിമര്‍ശമുന്നയിച്ചു. ബഷീര്‍ മലയാളത്തിലെ അതുല്യനായ എഴുത്തുകാരനാണെന്ന് പറഞ്ഞവസാനിപ്പിക്കുമ്പോള്‍ സന്ധ്യയോടടുത്തിരുന്നു. രണ്ടര-മൂന്ന് മണിക്കൂര്‍ നീണ്ട വര്‍ത്തമാനം, അഥവാ ഡിക്‌റേറഷന്‍.. 'പാത്തുമ്മയുടെ ആട്' എന്നുതന്നെയുള്ള തലക്കെട്ടില്‍ ദേശാഭിമാനി വാരികയില്‍ രണ്ടു ലക്കങ്ങളിലായാണത് പ്രസിദ്ധപ്പെടുത്തിയത്. ബഷീര്‍ വിരുദ്ധപ്രചരണത്തിന് ശക്തമായ തിരിച്ചടിയായിത്തീര്‍ന്ന ആ ലേഖനം വ്യാപകമായി ചര്‍ച്ചചെയ്യപ്പെട്ടു.

ബഷീറിനെപ്പറ്റി മലയാളത്തില്‍ സമഗ്രവും സൂക്ഷ്മവുമായ ഒരു പഠന-നിരൂപണഗ്രന്ഥമില്ലാത്ത കുറവുനികത്താന്‍ ജി.ബി. വത്സന്‍ മാഷുടെയും മാങ്ങാട് രത്‌നാകരന്റെയും നേതൃത്വത്തില്‍ കാസര്‍ഗോഡ് കലാക്ഷേത്രം ഒരു പുസ്തകം പ്രസിദ്ധപ്പെടുത്താന്‍ തീരുമാനിച്ചു. വിജയന്‍ മാഷുടെ ദ്വിദിന പ്രഭാഷണം. മൂന്നുദിവസത്തെ പ്രഭാഷണമാണ് ആലോചിച്ചതെങ്കിലും മാഷ് രണ്ടുദിവസംകൊണ്ട് തീര്‍ക്കാം, കൂടുതല്‍സമയമെടുക്കാമെന്ന് സമ്മതിക്കുകയായിരുന്നു. കടുത്ത രോഗപീഡകള്‍, പുറമെ മൈഗ്രെയിനുമെല്ലാമുണ്ടായിട്ടും നിര്‍ബന്ധിക്കുകതന്നെയായിരുന്നു ഞങ്ങള്‍.1992 ഫെബ്രുവരി 28, 29 തീയതികളില്‍ കാസര്‍ക്കോട് ജില്ലാ ബാങ്ക് ഹാളില്‍ പ്രഭാഷണം. മാഷെ തലശ്ശേരിയില്‍നിന്ന് കൂട്ടി കാസര്‍ക്കോട്ടെത്തിക്കേണ്ട ചുമതലയെനിക്കായിരുന്നു. തലശ്ശേരിയില്‍നിന്ന് മാഷും കണ്ണൂരില്‍നിന്ന് ഞാനും വണ്ടിയില്‍ കയറി. മദ്രാസ് മെയിലിലെ ഓഡിനറി കമ്പാര്‍ട്ട്‌മെന്റില്‍ കഷ്ടിച്ച് ഇരുന്നുള്ള യാത്ര. അതിനിടയില്‍ മാഷ് ഇടയ്ക്ക് ചില ബഷീര്‍ തമാശകള്‍ ഓര്‍ത്ത് പറഞ്ഞ് ചിരിച്ചു.

കാസര്‍ഗോഡ് ബാങ്ക് ഹാളിലെ നിറഞ്ഞ സദസ്സിനെ അഭിമുഖീകരിച്ച് മാഷ് തികച്ചും സാധാരണമായ ഒരു വാചകംപറഞ്ഞുകൊണ്ടാണ് തുടങ്ങിയത്. ''1945-ലാണ് ഞങ്ങള്‍ ബഷീറിനെ ആദ്യമായി കണ്ടത്. എറണാകുളം ബോട്ട് ജെട്ടിയിലെ ഒരു കൊച്ചുപുസ്തകക്കടയുടെ ഉടമയായി കച്ചവടക്കാരനായി ബഷീര്‍...'' രണ്ടാം ദിവസത്തെ പ്രഭാഷണം അവസാനിക്കുമ്പോള്‍ ശ്രോതാക്കള്‍ പുതിയൊരു ലോകത്തെത്തിയ പ്രതീതിയിലായിരുന്നു, ആരും ഒന്നുമിണ്ടാതെ... ആ സ്‌നേഹപാരാവാരത്തിലേക്ക് നോക്കിനിന്നു.. പ്രസംഗം അവസാനിപ്പിച്ചതിങ്ങനെ: '' കല്യാണസൗഗന്ധികങ്ങളെ അല്ലെങ്കില്‍ മരുഭൂമിയിലെ അനുഭവങ്ങളെ തേടിപ്പോവുകയും ജീവിതത്തിൽ മരുഭൂമികള്‍ ഉണ്ടെന്നും അവിടെ പൂക്കള്‍ വിരിയുന്നുണ്ടെന്നും ആ പൂക്കള്‍ക്ക് സമതലങ്ങളില്‍ വിരിയുന്ന മുല്ലപ്പൂക്കളേക്കാള്‍ സൗന്ദര്യമുണ്ട് എന്നും പറയുന്ന ഒരപൂര്‍വ സാഹസികത്വം ബഷീറിന്റെ സഞ്ചാരപഥങ്ങളിലുണ്ട്. അതുകൊണ്ട് തീര്‍ച്ചയായും നമ്മുടെ ഭാഷയേയും നമ്മുടെ സംസ്‌കാരത്തെയും നമ്മുടെ ബോധമണ്ഡലത്തെയും ശരി, തെറ്റ് എന്നുള്ള, സുഗന്ധം, ദുര്‍ഗന്ധം, ശ്ലീലം, അശ്ലീലം എന്നുള്ള സര്‍വസമാനസങ്കല്പങ്ങളേയും തിരുത്തിയെഴുതുന്ന, ഒരുപക്ഷേ സ്‌ഫോടനംചെയ്യുന്ന അസാമാന്യമായ ഒരു നീണ്ട കരുത്താണ് ബഷീറിന്റെ ജീവിതം എന്ന് തിരിച്ചറിയുകയാണ് തീര്‍ച്ചായായും ബഷീറിനോട് നാം ചെയ്യേണ്ട വിപ്ലവകരമായ കടമ എന്നും ഞങ്ങള്‍ മനസ്സിലാക്കുന്നു.''

ജി ബി വത്സന്‍മാഷും എൻ. പ്രഭാകരനും വി രഘുധരനും എന്നിവർ മുന്‍കയ്യെടുത്ത് കലാക്ഷേത്രംതന്നെ ഏതാനും മാസത്തിനകം ഈ പ്രസംഗം പുസ്തകരൂപത്തില്‍ പുറത്തിറക്കി. 'മരുഭൂമികള്‍ പൂക്കുമ്പോള്‍' എന്ന തലക്കെട്ട് വിജയന്‍മാഷ് തന്നെ നിര്‍ദേശിക്കുകയായിരുന്നു. ''ബഷീര്‍ അദ്ദേഹം നടന്നുതീര്‍ന്ന വഴിയാണ്, ചാരിയിരിക്കുന്ന കസേരയല്ല, ബഷീര്‍ അദ്ദേഹത്തിന്റെ തലയ്ക്കുമുകളിലുള്ള നിഴലല്ല, കത്തിയെരിയുന്ന സൂര്യനാണ്. അദ്ദേഹം കൊണ്ട വെയിലാണ്, അദ്ദേഹം ഇരുന്ന തണലുകളല്ല'' എന്ന പ്രസംഗത്തിലെ വാചകമാണ് പുസ്‌കത്തിന്റെ പുറംചട്ടയില്‍ ബ്ലര്‍ബായി നല്‍കിയത്. ഇതിനടുത്തകാലത്തുതന്നെയാണ് ബഷീറിന്റെ സമ്പൂര്‍ണകൃതികള്‍ പ്രസിദ്ധപ്പെടുത്താന്‍ ഡി സി ബുക്‌സ് ശ്രമമാരംഭിച്ചത്. എം എന്‍ വിജയന്റെ അവതാരിക വേണമെന്ന് ബഷീറിന് ഒരേശാഠ്യം. അതത്രയെളുപ്പമല്ലെന്ന് ബഷീറിനറിയില്ലായിരുന്നു, പക്ഷേ ഡി സിക്ക് അറിയാമായിരുന്നു. പുസ്തകം കമ്പോസ്‌ചെയ്ത് ശരിയാക്കിവച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും അവതാരികയെഴുതാന്‍ തുടങ്ങിയതുപോലുമില്ല.. പലപല കാരണങ്ങള്‍... ആഴ്ചയിലൊരുതവണയെങ്കിലും മാഷെ നിര്‍ബന്ധിക്കുകയല്ല, സമ്മര്‍ദംചെലുത്തിത്തന്നെ പോന്നു. ഒടുവില്‍ അത് യാഥാര്‍ഥ്യമായി, പുസ്തകത്തിന്റെ പ്രകാശനം കോഴിക്കോട്ട് നടന്നു. പ്രകാശനച്ചടങ്ങില്‍ പങ്കെടുക്കാന്‍ വിജയന്‍ മാഷോടൊപ്പം ഞാനടക്കമുള്ളവരാണ് പോയത്. ഒ വി വിജയനാണ് പ്രകാശനം നിര്‍വഹിച്ചത്. ടി പത്മനാഭനാണ് പുസ്തകം ഏറ്റുവാങ്ങിയതെന്നാണ് ഓര്‍മ. ഏതാനും കൊച്ചുകൊച്ചുവാചകങ്ങള്‍ പതിഞ്ഞ സ്വരത്തില്‍ പറയാന്‍ മാത്രമേ വിജയന്റെ ആരോഗ്യം സമ്മതിച്ചുള്ളൂ. ഞങ്ങളൊക്കെ മാംസം കൊണ്ടെഴുതിയപ്പോള്‍, എല്ലുകൊണ്ടാണ് ബഷീര്‍ക്ക എഴുതിയതെന്ന അര്‍ഥത്തിലാണ് ഒ വി വിജയന്‍ സംസാരിച്ചത്. ബഷീര്‍കൂടി പങ്കെടുത്ത ഉജ്ജ്വലമായ ചടങ്ങായിരുന്നു അത്.

ബഷീറിനെ മറ്റൊരിക്കല്‍കൂടി ഞാന്‍ കണ്ടു. കാണുക മാത്രമല്ല, അദ്ദേഹത്തോട് ചോദിച്ചുചോദിച്ച് ഒരു ലേഖനമെഴുതി. കേസരി ബാലകൃഷ്ണപിള്ളയെക്കുറിച്ച് വൈക്കം മുഹമ്മദ് ബഷീറിന്റെ ലേഖനം. ശ്വസിക്കാന്‍ പാടുപെട്ടുകൊണ്ട് നിര്‍ത്തിനിര്‍ത്തി കേസരിയെക്കുറിച്ച് ബഷീര്‍ പറഞ്ഞ വാക്കുകള്‍ ഇന്നും മനസ്സില്‍ മുഴങ്ങുന്നുണ്ട്. ശബ്ദങ്ങള്‍ അശ്ലീലമാണെന്നാരോപിച്ചാലേ നിരൂപകരാകൂയെന്ന് പലരും കരുതിയിരുന്ന കാലത്ത് കേസരി തനിക്ക് നല്‍കിയ പിന്തുണ...

1989- ഏപ്രിലില്‍ ദേശാഭിമാനി വാരികയില്‍ പ്രസിദ്ധപ്പെടുത്തിയ ആ ലേഖനം ബഷീറിന്റെ ഏതെങ്കിലും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയതായി കണ്ടിട്ടില്ല. 2010-ല്‍ കേസരിയുടെ 50-ാം ചരമവാര്‍ഷികവേളയില്‍ സംസ്ഥാനസര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വിപുലമായ കേസരി അനുസ്മരണത്തിന്റെ ഭാഗമായി പ്രസിദ്ധപ്പെടുത്തിയ കര്‍മവീര്യത്തിന്റെ സൂര്യശോഭ എന്ന പുസ്തകത്തില്‍ ആ ലേഖനം ചേര്‍ത്തിട്ടുണ്ട്.

ബഷീർ മരിച്ചത് 1994 ജൂലായ് അഞ്ചിന് അർധരാത്രിയിലാണ്. ഗുരുവായൂർ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ രാത്രി വൈകിയാണ് കഴിഞ്ഞത്.പി ടി കുഞ്ഞി മുഹമ്മദ് വിജയിച്ചത് പുതിയ ചരിത്രമായി മാറി. ആ വാർത്ത വന്ന് അല്പം കഴിഞ്ഞപ്പോഴേക്കും ബഷീറിന്റെ മരണവാർത്ത വന്നു. അന്ന് പിന്നെ ഉറങ്ങിയില്ല... അന്ന് ഓഫീസിൽത്തന്നെ..... രാവിലെ ആറ് മണിക്കുള്ള ലോക്കലിൽ കോഴിക്കോട്ടേക്ക്... വിജയൻ മാഷ് തലശ്ശേരിയിൽനിന്ന് കയറി.വിജയൻ മാഷടക്കം ഞങ്ങളെല്ലാം (കെ.ടി. ശശി, കെ.മോഹനൻ തുടങ്ങിയവർ) ദേശാഭിമാനി കാന്റീനിൽനിന്ന് ചായ കുടിച്ച് ബേപ്പൂരിലേക്ക്. അവിടെ എം ടിയും ഒ എൻവിയും വി കെ എന്നുമടക്കം മലയാള സാഹിത്യലോകമാകെ ... ബഷീർ കഥാവശേഷനായ വാർത്തകൾ തയ്യാറാക്കുന്നതിലും പങ്ക് വഹിച്ചാണ് കണ്ണൂരിലേക്ക് മടങ്ങിയത്.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി