PEOPLE

സമര തെരുവുകളുടെ വിപ്ലവകാരി; സഫ്ദർ ഹാഷ്മിയുടെ ഓർമകള്‍ക്ക് മൂന്നരപ്പതിറ്റാണ്ട്

വെബ് ഡെസ്ക്

നിന്റെ പേരും, നിന്റെ പ്രവര്‍ത്തികളും,

ജനങ്ങളോട് നീ കാണിച്ച പ്രതിബദ്ധതയും ഒരിക്കലും വിസ്മൃതിയിൽ മറയില്ല

അന്ന് നീ കാണിച്ച നിര്‍ഭയത്വവും ഇന്ന് ഒരുപാട് കരങ്ങള്‍ക്ക് ബലമേകുന്നു

നിന്റെ സ്നേഹത്താല്‍ ആവരണം ചെയ്യപ്പെടുന്നതിനാൽ

ഒരിക്കലും പ്രതീക്ഷ ഞങ്ങള്‍ക്ക് കൈവിടാനാവില്ല.

നിന്റെ ഭൗതിക സാന്നിധ്യം ഞങ്ങളില്‍ നിന്നകന്നെങ്കിലും

നിന്റെ തമാശകളും ചിരിയും പാട്ടും ഞങ്ങളുടെ കണ്ഠനാളങ്ങളില്‍ നിന്നുയരും.

വിപ്ലവത്തിലേക്കുള്ള പുതിയ പാതകളെ നേരിടുമ്പോള്‍

അവ ഞങ്ങള്‍ക്ക് താങ്ങും തണലുമേല്‍കും

പ്രിയ സഖാവേ നിനക്ക് വിട

1989 ജനുവരി ഒന്ന്. ലോകം മുഴുവൻ പുതുവര്ഷാഘോഷങ്ങളിൽ മുഴുകിയിരിക്കുമ്പോൾ ഒരു യുവാവും സംഘവും ഉത്തർപ്രദേശിലെ ജാന്ദ്പുർ ഗ്രാമത്തിലേക്കുള്ള യാത്രയിലായിരുന്നു. ജന നാട്യ മഞ്ചിന്റെ പ്രവർത്തകരായിരുന്നു അവർ. തൊഴിലാളികൾക്ക് വേണ്ടി, അവരുടെ ആവശ്യങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ 'ഹല്ലാ ബോൽ' തെരുവുനാടകം അവതരിപ്പിക്കുകയായിരുന്നു 'ജനനാട്യ മഞ്ച്' കലാകാരന്മാരുടെ ലക്ഷ്യം. അന്ന് ആ നാടകം കളിച്ചുകൊണ്ടിരിക്കെ അവിടേക്ക് ഇരച്ചുകയറിയ അക്രമിക്കൂട്ടം നടത്തിയ അതിക്രമത്തിൽ പരുക്കേറ്റാണ് വിശ്രുത കലാകാരനും ആക്റ്റിവിസ്റ്റുമായ സഫ്ദർ ഹാഷ്മി കൊല്ലപ്പെടുന്നത്.

അന്ന് കൊല്ലപ്പെട്ടത് ഒരു കലാകാരൻ മാത്രമായിരുന്നില്ല തെരുവുനാടകമെന്ന കലയെ ജനപ്രിയമാക്കി, അതിലൂടെ അവകാശപോരാട്ടങ്ങളുടെ പുതുവഴി വെട്ടിയ സഫ്ദർ ഹാഷ്മിയെന്ന വിപ്ലവകാരിയായിരുന്നു. ഇന്ന്, രാജ്യത്തെ അരികുവത്കരിക്കപ്പെട്ട നിസ്വരായ ജനങ്ങൾക്കും അവകാശങ്ങൾ നിഷേധിക്കപ്പെട്ട തൊഴിലാളി വർഗത്തിനും വേണ്ടി നിലകൊണ്ട സഫ്ദര്‍ ഹാഷ്മിയുടെ 35 -ാം ഓർമദിനം.

സഫ്ദറിന്റെ രക്തസാക്ഷിത്വത്തിന്റെ മൂന്നാം നാൾ അദ്ദേഹത്തിന്റെ ജീവിതപങ്കാളിയായിരുന്ന മാലേശ്രീയും കൂട്ടരും യു പിയിലെ അതേ തെരുവിൽ ഹല്ലാ ബോൽ എന്ന നാടകം കളിച്ചു. പിന്നീട് ഓരോ തെരുവുകളിലും, ഇന്ന് മുഴങ്ങുന്ന ആസാദിയും ഇൻക്വിലാബും പോലെ ഹല്ലാ ബോൽ സമരാവേശത്തിന്റെ ഇടിമുഴക്കമായി. ഹല്ലാ ബോലെന്നാൽ 'ശബ്ദമുയർത്തൂ'. വായ്‌മൂടപ്പെട്ട ഓരോ ജനതയും തങ്ങളുടെ ശബ്ദമാക്കി ഹല്ലാ ബോലിനെ മാറ്റുന്നത് ഇന്ത്യൻ തെരുവുകൾ സാക്ഷ്യം വഹിച്ചു.

1954 ഏപ്രില്‍ 12 ന് അലീഗഡിലാണ് സഫ്ദര്‍ ഹാഷ്മിയുടെ ജനനം. അലിഗഡിലും ഡല്‍ഹിയിലുമായായിരുന്നു ജീവിതം. ഇംഗ്ലീഷ് സാഹിത്യ വിഭാഗത്തില്‍ ബിരുദ പഠനത്തിന് ഡല്‍ഹി യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്നതുമുതലാണ് സഫ്ദര്‍ എസ്എഫ്‌ഐയിലും ഇന്ത്യന്‍ പീപ്പിള്‍സ് തിയേറ്റര്‍ അസോസിയേഷനിലും സജീവമാകുന്നത്.1973 ല്‍ തന്റെ പത്തൊന്‍പതാം വയസ്സില്‍ സുഹൃത്തുക്കള്‍ക്കള്‍ക്കൊപ്പം ചേര്‍ന്ന് ജനനാട്യമഞ്ചിന് സഫ്ദര്‍ ഹാഷ്മി രൂപം നല്‍കി.

ജന നാട്യമഞ്ചിന്റെ ഇടപെടലുകള്‍ ഇന്ത്യന്‍ തീയേറ്റര്‍ മേഖലയില്‍ വലിയ ചലനങ്ങളാണ് സൃഷ്ടിച്ചത്. ജനം എന്ന ചുരുക്കപേരില്‍ ജനനാട്യമഞ്ച് വളര്‍ന്നു. തെരുവോരങ്ങളില്‍ സഫ്ദറിന്റെ ജനസംഘം ഉറക്കെ, ഉറച്ച സഭാദത്തിൽ സമൂഹിക പ്രശ്‌നങ്ങളെക്കുറിച്ച് പറഞ്ഞു. അടിസ്ഥാന വര്‍ഗത്തിനൊപ്പംനിന്ന ജനം വരേണ്യ വര്‍ഗത്തെ നിശിതമായി വിമർശിച്ചു. ഇന്ത്യയിലെ ഓരോ തെരുവുകളിലേക്കും ജനവും സഫ്ദറുമെത്തി. ഗാവോ സെ ഷഹര്‍ തക്, ഹത്യാരെ & അഫറന്‍ ഭായിചാരേ കേ, ടീന്‍ ക്രോര്‍ , ഔറത്ത് , ഡിടിസി കി ധാന്ധ്‌ലി തുടങ്ങി ജന നാട്യമഞ്ചിന്റെ മിക്ക നാടകങ്ങളും വലിയ ജനപിന്തുണ നേടി.

ജനനാട്യമഞ്ച്

അതേസമയം, സഫ്ദറിന്റെ അടിയുറച്ച നിലപാടുകളും നാടകങ്ങളും രാഷ്ട്രീയ എതിരാളികളെ അസ്വസ്ഥമാക്കുന്നുണ്ടായിരുന്നു. ഇന്ദിരാ ഗാന്ധിയുടെ കാലയളവില്‍ നടന്ന തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നുവെന്ന് ആരോപണമുയര്‍ന്നപ്പോള്‍ 'കുര്‍സി കുർസി കുര്‍സി' എന്ന പേരില്‍ നാടകം അവതരിപ്പിച്ച് സഫ്ദര്‍ അധികാര വര്‍ഗത്തിന്റെ നോട്ടപ്പുള്ളിയായി. ഏറ്റവുമൊടുവിൽ 1989 ജനുവരി ഒന്നിന് പുതുവത്സര ദിനത്തില്‍ ജനനാട്യമഞ്ച് അതിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട നാടകത്തിന് ഉത്തര്‍പ്രദേശിലെ ജന്ധാപൂരിലെ ലേബര്‍ കോളനിയില്‍ അരങ്ങൊരുക്കി.

മാലേശ്രീ

ഹല്ലാ ബോല്‍... അതായിരുന്നു സഫ്ദര്‍ ആ നാടകത്തിന് നല്‍കിയ പേര്. ഗാസിയാബാദ് മുന്‍സിപ്പല്‍ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ നടക്കുന്ന സമയം. മുനിസിപ്പല്‍ വാര്‍ഡില്‍ സിപിഐഎം സ്ഥാനാര്‍ത്ഥിയായിരുന്ന രാമാനന്ദ് ഝായുടെ പ്രചരണാര്‍ത്ഥമായിരുന്നു സഫ്ദര്‍ ഹാഷ്മിയും ജനനാട്യമഞ്ചും 'ഹല്ലാ ബോല്‍' കളിച്ചത്. കോണ്‍ഗ്രസ് പാർട്ടിയുടെ മുകേഷ് ശര്‍മയായിരുന്നു രാമാനന്ദ് ഝായുടെ എതിരാളി.

സഫ്ദറും കൂട്ടരും ഹല്ലാ ബോല്‍ തുടങ്ങി, നിമിഷങ്ങള്‍ക്കകം കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി മുകേഷ് ശര്‍മ്മയുടെ പ്രകടനം നാടകം അരങ്ങേറുന്ന തെരുവിലേയ്ക്ക് പ്രവേശിച്ചു. ജാഥ കടന്നു പോകണമെന്ന ആവശ്യവുമായി വന്ന കോണ്‍ഗ്രസുകാരോട് കാത്തിരിക്കാനോ മറ്റൊരു വഴി സ്വീകരിക്കാനോ സഫ്ദര്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഇരുമ്പുവടികളും തോക്കുകളും ഉപയോഗിച്ചാണ് അക്കൂട്ടർ സഫ്ദറിനെയും സംഘത്തെയും ചുറ്റും കൂടിയിരുന്ന സദസ്സിനെയും നേരിട്ടത്. ആക്രമണത്തിൽ നേപ്പാളിൽനിന്നുള്ള കുടിയേറ്റ തൊഴിലാളി രാം ബഹാദൂര്‍ സംഭവസ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടു. സഫ്ദറിന് ഗുരുതരമായി പരുക്കേറ്റു. പരുക്കേറ്റുവീണ ആ ധീരവിപ്ലവകാരി 1989 രണ്ടാം തീയതി മരണത്തിന് കീഴടങ്ങി.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും