PEOPLE

'മലയാളം ബിഎ വിദ്യാര്‍ഥിയും അധ്യാപകനും പരസ്പരം തിരിച്ചറിഞ്ഞത് ആ രാത്രിയായിരുന്നു', സലിം കുമാറിന്റെ ഓമനക്കുട്ടന്‍ മാഷ്

നാല് വര്‍ഷം ഡിഗ്രിക്ക് പഠിച്ചിട്ടും തന്റെ അധ്യാപകനായ സി ആര്‍ ഓമനക്കുട്ടനെ പരിചയപ്പെട്ടതുമായി ബന്ധപ്പെട്ട രസകരമായ അനുഭവമായിരുന്നു സലിം കുമാര്‍ പങ്കുവെച്ചത്

ദ ഫോർത്ത് - കൊച്ചി
''നിങ്ങള്‍ അറിയപ്പെടുന്ന സലീം കുമാറാകാന്‍ മഹാരാജാസ് വഹിച്ച പങ്ക് വളരെ വലുതാണ്. അവിടെ വളരെ പ്രിയപ്പെട്ട ഒന്നിനെ തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ ഞാന്‍ തിരഞ്ഞെടുക്കുന്നത് എന്റെ പ്രിയപ്പെട്ട ഓമനക്കുട്ടന്‍ മാഷിനെയായിരിക്കും.''
സലിം കുമാര്‍

അധ്യാപകനും എഴുത്തുകാരനുമായ പ്രൊഫസർ സി ആര്‍ ഓമനക്കുട്ടന്‍ വിട പറഞ്ഞിരിക്കുകയാണ്. 23 വര്‍ഷം എറണാകുളം മഹാരാജാസ് കോളേജിലെ അധ്യാപകനായിരുന്ന ഓമനക്കുട്ടന്‍ മാഷിന്റെ ശിഷ്യന്‍മാരില്‍ കേരളത്തിലെ പ്രമുഖരുടെ നീണ്ടനിര തന്നെയുണ്ട്. ഈ പട്ടികയിലെ ഒരാളാണ് നടന്‍ സലീംകുമാര്‍. അടുത്തിടെ കൊച്ചിയില്‍ നടന്ന പ്രൊഫസർ സി ആർ ഓമനക്കുട്ടന്റെ പുസ്തകങ്ങളുടെ പുതിയ പതിപ്പിന്റെ പ്രകാശന ചടങ്ങ് ഇത്തരത്തില്‍ അധ്യാപക വിദ്യാര്‍ത്ഥി സംഗമങ്ങളില്‍ വേദിയായിരുന്നു. ഓമനക്കുട്ടന്‍ മാഷുമായുള്ള തങ്ങളുടെ രസകരമായ ഓര്‍മകള്‍ പങ്കിട്ട വേദി കൂടിയായിരുന്നു അത്.

നാല് വര്‍ഷം ഡിഗ്രിക്ക് പഠിച്ചിട്ടും തന്റെ അധ്യാപകനായ സി ആര്‍ ഓമനക്കുട്ടനെ പരിചയപ്പെട്ടതുമായി ബന്ധപ്പെട്ട രസകരമായ അനുഭവമായിരുന്നു നടന്‍ സലീം കുമാര്‍ പങ്കുവെച്ചത്. ഒരു ദിവസം സംസാരത്തിനിടെയാണ് തന്റെ ക്ലാസ് അധ്യാപകനാണ് ഓമനക്കുട്ടന്‍ മാഷെന്നും തന്റെ വിദ്യാര്‍ത്ഥിയാണ് സലിം കുമാറുമെന്നുമുള്ള ഞെട്ടിക്കുന്ന സത്യം പരസ്പരം അറിഞ്ഞതെന്ന് നര്‍മത്തില്‍ ചാലിച്ച് സലിം കുമാര്‍ പറഞ്ഞു തീര്‍ത്തപ്പോള്‍ വേദിയും സദസ്സും പൊട്ടിച്ചിരിച്ചു. മഹാരാജാസില്‍ പ്രിയപ്പെട്ടതിനെ തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ ഓമനക്കുട്ടന്‍ മാഷിനെ തിരഞ്ഞെടുക്കും എന്ന പരാമര്‍ശം ഇരുവരും തമ്മിലുള്ള ആഴത്തെ കൂടിയായിരുന്നു അടയാളപ്പെടുത്തിയത്.

''നിങ്ങള്‍ അറിയപ്പെടുന്ന സലിം കുമാറാകാന്‍ മഹാരാജാസ് വഹിച്ച പങ്ക് വളരെ വലുതാണ്. അവിടെ വളരെ പ്രിയപ്പെട്ട ഒന്നിനെ തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ ഞാന്‍ തിരഞ്ഞെടുക്കുന്നത് എന്റെ പ്രിയപ്പെട്ട ഓമനക്കുട്ടന്‍ മാഷിനെയായിരിക്കും. കോളേജില്‍ തുടങ്ങി ഇന്ന് വരെ ആ ബന്ധം ദൃഢമായി പോകുന്നു. ഈ കമ്പനി കൂടി കൂടി ഞാന്‍ നാല് വര്‍ഷം ഡിഗ്രി പഠിച്ചു. എനിക്ക് മതിയായിരുന്നില്ല മഹാരാജാസ് കോളജ്.

നാലാം വര്‍ഷമായപ്പോള്‍ തിരുവല്ലയിലെ പരിപാടിയില്‍ ഞങ്ങള്‍ക്ക് കപ്പ് കിട്ടി. തിരികെ മഹാരാജാസില്‍ വന്ന് സെന്‍ട്രല്‍ സര്‍ക്കിളില്‍ അര്‍ദ്ധരാത്രി ഞാനും ഓമനക്കുട്ടന്‍ മാഷും ഒരുപാട് കഥകള്‍ പറഞ്ഞു. ആ കഥകളൊന്നും ഇന്നും മറക്കാന്‍ സാധിക്കില്ല. കുറച്ച് നേരം കഴിഞ്ഞപ്പോള്‍ നമുക്ക് ഉറങ്ങണ്ടേയെന്ന് മാഷ് ചോദിച്ചു. ഇവിടെ കിടന്നുറങ്ങാമെന്ന് ഞാന്‍ പറഞ്ഞു. എന്നാല്‍ ഹോസ്റ്റലിന്റെ ചുമതല എനിക്കാണെന്നും ഹോസ്റ്റല്‍ വാര്‍ഡനെന്ന നിലയില്‍ എനിക്കൊരു മുറിയുണ്ട്, നമുക്ക് അവിടെ കിടന്നുറങ്ങാമെന്നും മാഷ് പറഞ്ഞു.

ഒരു ആഷ്ട്രേ വാങ്ങാനായി തീരുമാനമെടുപ്പിച്ചത് ഓമനക്കുട്ടന്‍ മാഷായിരുന്നു

അവിടെ കിടന്നു, ആ രാത്രി മുഴുവന്‍ ഞങ്ങള്‍ സംസാരിച്ച് ഇരുന്നു. സംസാരിച്ചിരുന്നപ്പോള്‍ നീ മഹാരാജാസില്‍ ഏത് ക്ലാസിലാണ് പഠിക്കുന്നതെന്ന് മാഷ് ചോദിച്ചു. മലയാളം ബിഎക്കാണ് പഠിക്കുന്നതെന്ന് ഞാന്‍ പറഞ്ഞു. ഞാന്‍ മലയാളം ബിഎക്ക് പഠിപ്പിക്കുന്ന ആളാണെന്ന് മാഷ് പറഞ്ഞു. അവിടെ വെച്ചാണ് ഗുരുവും ശിഷ്യനും തമ്മില്‍ ഞെട്ടിക്കുന്ന ആ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞത്.

അന്ന് നേരം വെളുത്തപ്പോള്‍ ഞാന്‍ കണ്ണു തുറന്ന് നോക്കിയപ്പോള്‍ ഞാന്‍ വലിച്ച് കളഞ്ഞ ബീഡിക്കുറ്റികള്‍ ഓമനക്കുട്ടന്‍ മാഷ് പെറുക്കിയെടുക്കുന്നതാണ് കണ്ടത്. കാരണം അത് അവിടെ കളഞ്ഞാല്‍ മാഷിന്റെ പേരിലാണ് കുറ്റം. അത് എന്റെ മനസില്‍ വല്ലാത്ത കുറ്റഭാരം ഉണ്ടാക്കി. അന്ന് ഞാന്‍ ശപഥം ചെയ്തു, ഇനി ബീഡി വലിച്ച് കുറ്റി വലിച്ചെറിയില്ല, ഒരു ആഷ്ട്രേ വാങ്ങാനായി തീരുമാനമെടുപ്പിച്ചത് ഓമനക്കുട്ടന്‍ മാഷായിരുന്നു''- സലിം കുമാര്‍ ഓര്‍ത്തെടുത്തു.

ഓമനക്കുട്ടന്‍ മാഷ് കുട്ടികളുടെ സുഹൃത്തായിരുന്നു. എന്നായിരുന്നു ഇതേ ചടങ്ങില്‍ സംസാരിച്ച നടന്‍ മമ്മുട്ടി സി ആര്‍ ഓമനക്കുട്ടനെ കുറിച്ച് പ്രതികരിച്ചത്. ഓമനക്കുട്ടന്‍ മാഷിന്റെ പേര് ഒരു മാഷിന് പറ്റിയതല്ല. വിദ്യാര്‍ഥികളുടെ സുഹൃത്തും അധ്യാപകനുമായിരുന്നു ഓമനക്കുട്ടന്‍ മാഷ്. പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ മമ്മൂട്ടി പറഞ്ഞു.

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം

രാജിവയ്‌ക്കേണ്ട; പാര്‍ട്ടി സജി ചെറിയാന് ഒപ്പം, തീരുമാനം സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍

'നിജ്ജാര്‍ കൊലപാതകത്തെപ്പറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അറിവില്ല; എല്ലാം ഊഹാപോഹം മാത്രം', മാധ്യമ റിപ്പോര്‍ട്ടുകള്‍ തള്ളി കനേഡിയന്‍ സര്‍ക്കാര്‍