അനിൽ പനച്ചൂരാൻ 
PEOPLE

ചേതനയിൽ നൂറ് നൂറ് പനച്ചൂരാൻ ഓർമ്മകൾ; കവി യാത്രയായിട്ട് രണ്ടാണ്ട്

ഗ്രാമീണതയും ആധുനികതയും ഒരുമിച്ച പനച്ചൂരാൻ ശൈലി;താള നിബന്ധവും പ്രണയഭരിതവുമായ വരികൾ ഓർമ്മയിൽ താലോലിച്ച് ആരാധകർ

വെബ് ഡെസ്ക്

ജനുവരിയുടെ മുറിവാണ് അനിൽ പനച്ചൂരാൻ. കൊവിഡ് കാലം നമ്മളിൽ നിന്ന് തട്ടിയെടുത്ത കാവ്യപ്രതിഭ.പ്രണയവും വിരഹവും രാഷ്ട്രീയവുമെല്ലാം അസാധാരണ മിഴിവോടെ സമന്വയിച്ച പനച്ചൂരാൻ കവിതകൾ തൊണ്ണൂറുകളുടെ ക്യാംപസുകളിൽ ഊർജ്ജം നിറച്ചു. പ്രണയകാലവും ഒരു മഴപെയ്തെങ്കിലുമൊക്കെ ഒരു കാലത്തെ കാമുകീകാമുകൻമാരുടെ പ്രണയലേഖലനങ്ങളിലൂടെ ഹൃദയങ്ങളിൽ നിന്ന് ഹൃദയങ്ങളിലേക്ക് പാറി പറന്ന കാലം.'പൂക്കാത്തമുല്ലയ്ക്ക് പൂവിടാൻ കാത്തെൻ്റെ പൂക്കാലമെല്ലാം പൊഴിഞ്ഞുപോയി ' എന്ന് പാടി ആ കാലത്തിൻ്റെ വിരഹങ്ങൾക്കും കവി കൂട്ടിരുന്നു.''വാടകവീടിൻ്റെ വാതില് വിറ്റ് ഞാൻ വാടകയെല്ലാം കൊടുത്തു തീർത്തു'' എന്ന തുടർവരികളിലൂടെ ആ തലമുറയിലെ യുവത്വത്തിൻ്റെ നിസ്സാഹയതകളെയും കവി വരച്ചിട്ടു.വലയിൽ വീണ കിളികളാണ് നാം എന്ന പാട്ട് ഉയർന്ന് കേൾക്കാത്ത മൂലകൾ ഉണ്ടാകില്ല 90 കളിലെ ക്യാംപസുകൾക്ക്. ആ ഏറ്റുപാടലുകളിലൂടെ കവിതാ സദിരുകളിൽ കവി ജനപ്രിയനായി. പരുക്കൻ ശബ്ദത്തിൽ താളബദ്ധമായി കവിത ചൊല്ലി പനച്ചൂരാനങ്ങനെ കവിതാപ്രേമികളുടെ ഹൃദയങ്ങളിൽ തൻ്റേതായ അറ പണിതു.

വലയിൽ വീണ കിളികൾ, അനാഥൻ, പ്രണയകാലം, ഒരു മഴ പെയ്തെങ്കിൽ, കണ്ണീർക്കനലുകൾ എന്നിവയാണ് പനച്ചൂരാന്റെ കവിതാ സമാഹാരങ്ങൾ. ആധുനികതയും ഗ്രാമ്യഭംഗിയും സംയോജിപ്പിച്ച രചനാശൈലിയാണ് പനച്ചൂരാൻ്റെ കവിതകളെ ക്യാംപസുകൾക്ക് പുറത്തേക്കും ജനപ്രിയമാക്കി തീർത്തത്.. മഹാഭാരത കഥയിലെ 'കർണ്ണ'നും 'യായാതി'യുമെല്ലാം ആലാപനത്തിൻ്റെ ഗാംഭീര്യം കൊണ്ടുകൂടി കവിതാപ്രേമികൾ നെഞ്ചേറ്റിയ കവിതകളാണ്.'അനാഥനി'ലൂടെ അരക്ഷിത ജീവിതങ്ങളെ അക്ഷരങ്ങൾ കൊണ്ട് ആശ്ലേഷിച്ചതും നമ്മൾ കണ്ടു. ഇടവമാസപ്പെരുംമഴപെയ്ത രാവതിൽ എന്ന് ചുള്ളിക്കാടിൻ്റെ ശബ്ദത്തിൽ ആ കവിത ജയരാജ് ചിത്രം മകൾക്കിൽ കേട്ടപ്പോൾ ചുള്ളിക്കാടാണോ അത് രചിച്ചതെന്ന് സംശയിച്ചവരുണ്ട്.

വെളിപാടിന്റെ പുസ്തകം എന്ന സിനിമയിലെ എൻ്റമ്മേടെ ജിമിക്കി കമ്മലിലെ ദൃശ്യം

പനച്ചൂരാനെ സിനിമയിൽ കൈപിടിച്ചുയർത്തിയത് ലാൽ ജോസാണെന്ന് നിസംശയം പറയാം. 2007ൽ ലാൽ ജോസ് ചിത്രം അറബിക്കഥയിലൂടെ ചോര വീണ മണ്ണിൽ നിന്നുയർന്ന് വന്ന പൂമരം കേട്ട് തീയേറ്ററുകൾ എഴുന്നേറ്റ് നിന്ന് കയ്യടിച്ചു. ഞരമ്പുകളിൽ വിപ്ലവത്തിൻ്റെ ചുടുചോര പായിക്കാൻ കെൽപ്പുള്ളതായിരുന്നു ആ വരികൾ.തൊട്ടുപിന്നാലെ കഥപറയുമ്പോൾ എന്ന എം.മോഹനൻ ശ്രീനിവാസൻ ചിത്രത്തിലെ 'വ്യത്യസ്ഥനാമൊരു ബാർബറാം ബാലനെ' പാട്ടുപ്രേമികൾ ഏറ്റുപാടി.ശേഷം ചലച്ചിത്രഗാനലോകത്തെ ജനപ്രിയനായി അനിൽ പനച്ചൂരാൻ മാറുന്ന കാഴ്ചയാണ് നമ്മൾ കണ്ടത്.ഒടുവിൽ എൻ്റമ്മേടെ ജിമിക്കി കമ്മലിലൂടെ പുതുതലമുറയെ പനച്ചൂരാൻ ഇളക്കി മറിക്കുന്നതും നമ്മൾ കണ്ടു.സിനിമയിൽ വലിയ സ്വപ്നങ്ങൾ ബാക്കി വച്ചാണ് പാതിവഴിയിൽ കവി മടങ്ങിയത്.വരും കാലത്ത് നമുക്ക് ഏറ്റുപാടാൻ ഒരു പിടി കവിതകൾ ബാക്കിവച്ച്...

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി