PEOPLE

രാമചന്ദ്രന്റെ കലാലോകം

കലാകാരനെന്ന നിലയിൽ പ്രശസ്തനായ രാമചന്ദ്രൻ അനുഗ്രഹീതനായ ഒരു എഴുത്തുകാരനാണെന്ന കാര്യം പലർക്കുമറിയില്ല

പി സുധാകരൻ

1935-ല്‍ തിരുവനന്തപുരത്തെ ആറ്റിങ്ങലിൽ ജനിച്ച എ രാമചന്ദ്രൻ സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം കലാപഠനത്തിനായി ശാന്തിനികേതനിലെത്തുന്നത് ഒരു നിയോഗം പോലെയാണ്. ചിത്രകലയിൽ തല്പരനായ രാമചന്ദ്രൻ അക്കാലത്തെ പല കലാകാരന്മാരുടെയും സൃഷ്ടികളെക്കുറിച്ച് വായിച്ചറിഞ്ഞിട്ടുണ്ടായിരുന്നെങ്കിലും തിരുവനന്തപുരത്ത് രബീന്ദ്രനാഥ ടാഗോറിന്റെ ജന്മശതാബ്ദിയോടനുബന്ധിച്ച് രബീന്ദ്ര സംഗീത പരിശീലനം നടത്തുന്നതിനിടെയാണ് ഒരു ആൽബത്തിൽ രാം കിങ്കര്‍ ചെയ്ത 'സന്താള്‍ കുടുംബം' എന്ന ശില്പത്തിന്റെ ചിത്രം കാണാൻ ഇടയായതും ബോധോദയ സമാനമായ ആ അനുഭവത്തിന്റെ വെളിച്ചത്തിൽ രാം കിങ്കറിനു കീഴില്‍ മാത്രമേ കല അഭ്യസിക്കൂയെന്ന് തീരുമാനിക്കുന്നതും. രാംകിങ്കറിന്റെ ശിഷ്യനാവാനുള്ള ആ യാത്ര ഒരു തീര്‍ത്ഥാടനമായത് ചരിത്രം.

''എന്നാൽ അവിടെയെത്തി ആദ്യ ദിവസം തന്നെ സ്വപ്നം തകർന്നു. ഞാന്‍ ചെല്ലുമ്പോള്‍ കിങ്കര്‍ ദാ വര്‍ണപ്പകിട്ടാർന്നൊരു ലുങ്കി ധരിച്ച്, കയ്യിലൊരു പനയോല വിശറിയുമായി, ചൂരലുകൊണ്ടുണ്ടാക്കിയ സ്റ്റൂളിലിരിക്കുകയായിരുന്നു. ഏറെ ആദരവോടെ, എന്റെ കയ്യിലുണ്ടായിരുന്ന രണ്ട് സ്‌കെച്ച് പുസ്തകങ്ങള്‍ മറച്ചുനോക്കുതിനായി ഞാന്‍ അദ്ദേഹത്തിന് നീട്ടി. നാല്പത് വാട്ട് ബള്‍ബിന്റെ അരണ്ട വെളിച്ചത്തിന്‍ കീഴിലിരുന്ന് ആ പുസ്തകത്തിന്റെ താളുകള്‍ അലക്ഷ്യമായി മറിച്ചുനോക്കിയ കിങ്കര്‍ ദാ എന്നെ ഞെട്ടിച്ചുകൊണ്ട് അവ വലിച്ചെറിഞ്ഞ് ബംഗാളിയില്‍ ഇങ്ങനെ പറഞ്ഞു: ഇല്ലില്ല, ഇതു നടപ്പില്ല. ഇത് ആദ്യം തൊട്ട് വീണ്ടും തുടങ്ങേണ്ടി വരും,'' എന്നാണ് ആ കണ്ടുമുട്ടലിനെക്കുറിച്ച് രാമചന്ദ്രൻ പറഞ്ഞത്.

രാം കിങ്കര്‍
വല്ലാത്തൊരു ദൃശ്യസംസ്കാരം നിറഞ്ഞുനിന്ന ശാന്തിനികേതൻ സാധാരണത്വത്തിൽ പോലും അസാധാരണത്വം കണ്ടെത്താനും പ്രകൃതിയെ അറിയാനും രാമചന്ദ്രനെ പ്രാപ്‌തനാക്കി. 'പ്രകൃതിയില്‍നിന്ന് സ്കെച്ച് ചെയ്ത് ചിത്രം വരയ്ക്കുക' എന്നായിരുന്നു ഗുരുനാഥന്‍ രാംകിങ്കറില്‍നിന്ന് അദ്ദേഹത്തിന് ലഭിച്ച കിട്ടിയ ആദ്യ നിര്‍ദേശം

പക്ഷേ അതൊരു തുടക്കമായിരുന്നു. ആ നിരാകരണത്തിൽനിന്ന് അവരുടെ ബന്ധം 'ഞാൻ വെറും രാമകിങ്കരൻ, നീ സാക്ഷാൽ രാമചന്ദ്രൻ' എന്ന് കിങ്കർദാ രാമചന്ദ്രനോട് പറയുന്നിടത്തേക്ക് വളർന്നു. രാമചന്ദ്രന്റെ തന്നെ വാക്കുകളിൽ: "എന്റെ ജീവിതത്തില്‍ കൊളോസെസ്സിനെപ്പോലെ വിളങ്ങിനില്‍ക്കുന്ന ഒരു മനുഷ്യനുണ്ട് - രാംകിങ്കര്‍." അതോടൊപ്പം ശാന്തിനികേതൻ രാമചന്ദ്രന്റെ ഉള്ളിൽ നിറഞ്ഞു.

ആ സ്ഥലം നൽകിയ ദൃശ്യസംസ്കാരവും അവിടമെല്ലാം നിറഞ്ഞുനിന്ന കലാസാന്നിധ്യവും രാമചന്ദ്രനെ മുന്നോട്ടുനയിച്ചു. ശാന്തിനികേതനിലെത്തിയ രാമചന്ദ്രന്‍റെ ശ്രദ്ധ ആദ്യം പതിഞ്ഞത് ഹോസ്റ്റലിന്റെ സീലിങ്ങില്‍ ബിനോദ്ബിഹാരി ചെയ്ത മ്യൂറലിലായിരുന്നുവെന്ന് രാമചന്ദ്രനെ ആഴത്തിൽ പഠിച്ച വിഖ്യാത കലാചരിത്രകാരനായ ആർ ശിവകുമാർ പറയുന്നു.

"1940ല്‍ ചെയ്ത ഈ മ്യൂറല്‍ അവിടുത്തെ ഗ്രാമീണജീവിതത്തിന്റെ സമഗ്ര പ്രതിനിധാനമായിരുന്നു. ശാന്തിനികേതന്‍ ദിനങ്ങളില്‍ ഈ ജീവിതവുമായി അടുത്തിടപഴകാന്‍ രാമചന്ദ്രന് കഴിഞ്ഞു. നന്ദലാലും ബിനോദ് ബിഹാരിയും 1920കള്‍ക്കും 40കള്‍ക്കുമിടയില്‍ ചെയ്ത മ്യൂറലുകളും തൊട്ടടുത്ത കാലം വരെ രാംകിങ്കര്‍ ചെയ്ത ബൃഹദ് ശില്പങ്ങളും പ്രാദേശികമായ പരിസ്ഥിതിയോടും സാമൂഹിക ജീവിതത്തോടും പ്രതികരിച്ചുകൊണ്ട് എങ്ങനെ കലാസൃഷ്ടി നടത്താമെന്നതു സംബന്ധിച്ച പാഠങ്ങള്‍ രാമചന്ദ്രനു നല്‍കി. കേരളത്തിലെ പുതുതലമുറ എഴുത്തുകാര്‍ കൂട്ടായി നേടിയതിന് സമാന്തരമായൊരു കാര്യമായിരുന്നു അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ഇത്."

ആർട്ടിസ്റ്റ് രാമചന്ദ്രൻ

വല്ലാത്തൊരു ദൃശ്യസംസ്കാരം നിറഞ്ഞുനിന്ന ശാന്തിനികേതൻ സാധാരണത്വത്തിൽ പോലും അസാധാരണത്വം കണ്ടെത്താനും പ്രകൃതിയെ അറിയാനും രാമചന്ദ്രനെ പ്രാപ്‌തനാക്കി. 'പ്രകൃതിയില്‍നിന്ന് സ്കെച്ച് ചെയ്ത് ചിത്രം വരയ്ക്കുക' എന്നായിരുന്നു ഗുരുനാഥന്‍ രാംകിങ്കറില്‍നിന്ന് അദ്ദേഹത്തിന് ലഭിച്ച കിട്ടിയ ആദ്യ നിര്‍ദേശം. അത് പരമ്പരാഗതമായി ശാന്തിനികേതൻ കലാകാരന്മാർ പിന്തുടർന്ന ഒരു രീതിയായിരുന്നു. ചുറ്റുപാടുമുള്ള സാന്താൾ ഗ്രാമങ്ങളിൽ പോയി അവരുടെ ജീവിതം വരച്ചും ആ ഭൂമിശാസ്ത്രത്തെ പഠിച്ചും തന്നെയായിരുന്നു രാമചന്ദ്രന്റെ കലാഭ്യാസനത്തിന്റെ തുടക്കം. അത് വരയുടെ സാധ്യതകൾ മനസ്സിലാക്കാൻ മാത്രമല്ല, പ്രകൃതിയിലെ അതിസൂക്ഷ്മമായ ലേശഭേദങ്ങളെ തിരിച്ചറിയാനും അത് തന്റെ ചിത്രങ്ങളിലേക്ക് പകർത്താനും അദ്ദേഹത്തെ പ്രാപ്തനാക്കി. പ്രകൃതിയില്‍നിന്ന് സ്കെച്ച് ചെയ്യുന്ന രീതി രാംകിങ്കർ ശീലിച്ചത് ഒരു പക്ഷേ തന്റെ ഗുരുവായ നന്ദലാല്‍ ബോസില്‍നിന്ന് ആയിരിക്കാമെന്ന് രാമചന്ദ്രൻ പറയുന്നു.

"തന്റെ ഗുരു തന്നെ നയിച്ച പാത സത്യസന്ധമായി പിന്തുടര്‍ന്ന ആളായിരുന്നു അദ്ദേഹം; ഞാന്‍ ചെയ്യുന്നതും അതുതന്നെ...'' എന്റെ ഗുരുനാഥന്‍ അദ്ദേഹത്തിന്റെ കലാജീവിതത്തില്‍ ആകമാനം പഠിച്ച കാര്യങ്ങളത്രയും ഗുരു നല്കിയ അടിസ്ഥാന സന്ദേശത്തില്‍ അധിഷ്ഠിതമായിരുന്നു. ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍, അദ്വിതീയമായ ഈ സിദ്ധാന്തവും ചിത്രകലാഭ്യാസനത്തിലെ സങ്കീര്‍ണ ഗതിവഴികളും മനസ്സിലാക്കാന്‍ ഇത്രയും നാളുകള്‍ വേണ്ടിവന്നല്ലോ എന്നതാണ് അതിശയം," എന്ന് രാമചന്ദ്രന്റെ വാക്കുകൾ.

നന്ദലാലും ബിനോദ്‌ബിഹാരിയുമെല്ലാം വിശ്രമജീവിതത്തിലേക്ക് കടന്ന ഘട്ടത്തിലാണ് രാമചന്ദ്രൻ അവിടെ എത്തിയതെങ്കിലും രാംകിങ്കർ എന്ന മഹാവൃക്ഷം മതിയായിരുന്നു അദ്ദേഹത്തിന് തണലും വെളിച്ചവുമേകാൻ. അദ്ദേഹത്തിന്റെ വിഖ്യാത വാതില്‍പ്പുറ ശില്പങ്ങളായ 'ഹാര്‍വെസ്റ്റര്‍', 'സിറ്റിങ് ബുദ്ധ' 'സുജാത', 'സന്താള്‍ കുടുംബം, 'മില്‍ കോൾ' തുടങ്ങിയവയൊക്കെ അവിടത്തെ പ്രകൃതിയുമായി ഇണങ്ങിച്ചേർന്നുനിന്നു.

എന്നാൽ രാംകിങ്കറിൽനിന്ന് തീർത്തും വ്യത്യസ്തമായിരുന്നു രാമചന്ദ്രന്റെ ആദ്യകാല ചിത്രങ്ങൾ. വല്ലാത്തൊരു തരം ഭീതിതമായ ഹ്യൂമന്‍സ്കേപ്പുകള്‍. പ്രതീക്ഷ നഷ്ടപ്പെട്ടമനുഷ്യർ... ശിരസ്സില്ലാത്ത രൂപങ്ങൾ... രാംകിങ്കർ ഇതിനെ അംഗീകരിച്ചില്ല. "നിനക്കെന്താ ഭ്രാന്തുണ്ടോ? എന്തിനാണിങ്ങനെ പെസിമിസ്റ്റാകുന്നത്? നീ വിചാരിക്കും പോലെ ലോകം അത്ര മോശമൊന്നുമല്ല," അദ്ദേഹം പറഞ്ഞു.

പക്ഷേ ആദ്യത്തെ ശാന്തിനികേതൻ യാത്രയ്ക്കായി കൊൽക്കത്തയിൽ എത്തിയപ്പോൾ രാമചന്ദ്രൻ കണ്ട കാഴ്ചകൾ അത്തരത്തിലുള്ളതായിരുന്നു. തുടർന്ന് പലപ്പോഴായി അനുഭവിച്ചതും അത്തരം കാഴ്ചകൾ തന്നെ. പിന്നീട് എഴുതിയ ഒരു ലേഖനത്തിൽ രാമചന്ദ്രൻ തന്നെ ഇങ്ങനെ എഴുതി:

''ജൂലൈ 1957. കൊല്‍ക്കത്തയിലെ സിയാല്‍ദാ റെയിൽവേ സ്റ്റേഷനില്‍ ഞാന്‍ വണ്ടിയിറങ്ങി. ആയിരക്കണക്കിന് അഭയാര്‍ഥികള്‍ നിറഞ്ഞ ആ പ്ലാറ്റ്‌ഫോമിന്റെ ചിത്രം ഇപ്പോഴും എന്റെ മനസ്സില്‍ മായാതെ നില്‍പ്പുണ്ട്. അച്ഛനമ്മമാരും കുട്ടികളും ചട്ടികളും കലങ്ങളും അലഞ്ഞുതിരിയുന്ന നായ്ക്കളും എല്ലാം കൂടി ഒരു കൊച്ചു മുറി പങ്കിട്ടിരുന്നു. ആറടി വീതിയും ആറടി നീളവുമുള്ള ഈയൊരു പരിമിതമായ സ്ഥലപരിധിക്കുള്ളിലാണ് ജനനമരണ ചാക്രികതകള്‍ അടക്കമുള്ള ജീവിതത്തിന്റെ എല്ലാ മഹാനാടകങ്ങളും ആവിഷ്‌കരിക്കപ്പെട്ടിരിക്കുന്നത്. കേരളീയനെന്ന നിലയ്ക്ക് ജീവിതക്ലേശത്തെയും ദാരിദ്ര്യത്തെയുംപറ്റിയുള്ള എന്റെ സങ്കല്‍പ്പങ്ങള്‍ തുലോം വിഭിന്നമായിരുന്നു എന്നതുകൊണ്ടാവാം, അവയുമായുള്ള എന്റെ ആദ്യത്തെ കൂടിക്കാഴ്ച തികച്ചും സ്‌തോഭജനകമായിരുന്നു. എന്റെ നാട്ടിലെ യാചകര്‍പോലും ഇവരേക്കാള്‍ എത്രയോ ഭേദം.''

സാഹിത്യവുമായി ആഴത്തിലുള്ള ബന്ധം പുലർത്തിയ രാമചന്ദ്രൻ മികച്ച വായനക്കാരൻ കൂടിയാണ്. മലയാളത്തിലെ മഹാരഥന്മാരായ എഴുത്തുകാരെപ്പോലെ തന്നെ ചെറുപ്പംതൊട്ടേ അദ്ദേഹത്തിന് ഏറ്റവും പ്രിയമായിരുന്നു ദസ്തയേവ്സ്കിയെ. ഒരു ഘട്ടത്തിൽ അദ്ദേഹം വരയ്ക്കാൻ ആഗ്രഹിച്ചതും ദസ്തയേവ്സ്കിയെപ്പോലെ ആണ്. കൊൽക്കത്ത നഗരം നൽകിയ അനുഭവങ്ങളുടെ ഭയാനകതയും ഉള്ളിൽ കൊണ്ടുനടന്ന ദസ്തയേവ്സ്കിയന്‍ ദര്‍ശനവും പരസ്പരം ചേരുന്നതായിരുന്നു. ആ അനുഭവങ്ങൾ അദ്ദേഹം ചിത്രങ്ങളിൽ പകർത്തിയെന്നു മാത്രമല്ല, ഒരു ഘട്ടത്തിൽ ദസ്തയേവ്സ്കിയുടെ നോവലുകൾ ആസ്പദമാക്കി ചിത്രങ്ങൾ വരയ്ക്കുകയും ചെയ്തു

ഒരുതരത്തിൽ, രാമചന്ദ്രന്റെ ആദ്യകാല ചിത്രങ്ങളിലേക്കുള്ള പ്രവേശകമാണ് അദ്ദേഹമെഴുതിയ ഈ ഓർമക്കുറിപ്പ്. ശാന്തിനികേതന്റെ പൊതുസ്വഭാവത്തിൽനിന്ന് മാറി (ഇതിനു ചില അപവാദങ്ങളുണ്ടെങ്കിലും) മനുഷ്യജീവിതത്തിന്റെ പ്രക്ഷുബ്ധതയാണ് രാമചന്ദ്രന്റെ ആദ്യകാല ചിത്രങ്ങളിൽ നിറഞ്ഞുനിന്നത്.

രാമചന്ദ്രന്റെ ചിത്രരചനകൾ

1947ൽ ഇന്ത്യ സ്വാതന്ത്രമായെങ്കിലും, രാമചന്ദ്രൻ ബംഗാളിലെത്തുമ്പോഴും വിഭജനത്തിന്റെ മുറിവുകളിൽ ഇന്നും രാജ്യം മുക്തമായി കഴിഞ്ഞിരുന്നില്ല. ശാന്തിനികേതൻ വാസത്തിനിടെ നടത്തിയ കൊൽക്കത്ത സന്ദർശനം അദ്ദേഹത്തെ ഈ പ്രക്ഷുബ്ധതയുടെ സാക്ഷിയാക്കി. ഈ തെരുവുകളിൽനിന്നാണ് ആദ്യകാലചിത്രങ്ങളിലെ മനുഷ്യരൂപങ്ങളെ അദ്ദേഹം കണ്ടെത്തുന്നത്. ബംഗാൾ വിട്ട് ഡൽഹിയിലെത്തുമ്പോഴും മനുഷ്യജീവിതത്തിന്റെ ഇടണ്ട നിയോഗങ്ങൾ അദ്ദേഹത്തെ വേട്ടയാടി. അറുപതുകളിൽ ചെയ്ത 'ദി സെൽസ്', 'എൻ മാസ്സ്', 'ഹോമേജ്'. 'കാലിഡോസ്കോപ്, 'എൻകൗണ്ടർ', തുടങ്ങി നിരവധി ചിത്രങ്ങളിൽ ഈ ഒരു ഭീതിതമായ അവസ്ഥ വെളിപ്പെടുന്നത് കാണണം. ശിരസ്സില്ലാത്ത മനുഷ്യരൂപങ്ങളും കുരിശേരിയ മർത്യനും എല്ലാം ഇക്കാലത്ത് രാമചന്ദ്രന്റെ വിഷയങ്ങളായി. ആ കാലത്തെക്കുറിച്ച് രാമചന്ദ്രൻ ഇങ്ങനെയാണ് ഓർത്തെടുക്കുന്നത്:

"കൊല്‍ക്കത്തയിലെ തെരുവുകളില്‍നിന്നാണ് മനുഷ്യനെക്കുറിച്ചുള്ള എന്റെ ആദ്യത്തെ ഇമേജ് രൂപപ്പെടുന്നത്. ഈ ഇമേജുകള്‍ യഥാര്‍ഥ അനുഭവങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ളതാണെങ്കിലും അവ വര്‍ണിക്കാന്‍ ഒരുമ്പെട്ടാല്‍ യക്ഷിക്കഥകളായാണ് അനുഭവപ്പെടുക. ഒരു ഗട്ടറിലാണ് ഇരുണ്ട മലിനജലത്തില്‍ എന്റെ ആദ്യത്തെ ക്രിസ്തുസമാനമായ ഇമേജ് കിടന്നിരുന്നത്. രചനക്കുള്ള മുഖ്യ വിഷയമായി ഇത് വര്‍ഷങ്ങളോളം എന്റെ മനസ്സിലും കിടന്നു. എസ്പ്ലനേഡിലെ തിരക്കുപിടിച്ച ഒരു തെരുവില്‍, ഒരു ഓറഞ്ച് വില്‍പ്പനക്കാരന്റെയും ആവശ്യക്കാരുടെ വിലപേശലുകളുടെയും അരികെ, മരിച്ചുപോയ കുഞ്ഞിനെയും മടിയില്‍ കിടത്തി വിലപിച്ചുകൊണ്ടിരുന്ന ഒരച്ഛനേയും അമ്മയേയും ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നുണ്ട്. ജീവിതത്തിന്‍റെ തിരക്കുകള്‍ക്കിടയിലുള്ള മരണത്തിന്‍റെ ഈ കൊച്ചുദൃശ്യം ഏറെ ഭ്രമത്തോടെ ഞാന്‍ നോക്കിയിരുന്നിട്ടുണ്ട്. കണ്ണാടിക്കൂട്ടിലെ ശലഭത്തെപ്പോലെ മരണത്തിന്റെ ആ ഇമേജ് എന്റെയുള്ളില്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്."

സാഹിത്യവുമായി ആഴത്തിലുള്ള ബന്ധം പുലർത്തിയ രാമചന്ദ്രൻ മികച്ച വായനക്കാരൻ കൂടിയാണ്. മലയാളത്തിലെ മഹാരഥന്മാരായ എഴുത്തുകാരെപ്പോലെ തന്നെ ചെറുപ്പംതൊട്ടേ അദ്ദേഹത്തിന് ഏറ്റവും പ്രിയമായിരുന്നു ദസ്തയേവ്സ്കിയെ. ഒരു ഘട്ടത്തിൽ അദ്ദേഹം വരയ്ക്കാൻ ആഗ്രഹിച്ചതും ദസ്തയേവ്സ്കിയെപ്പോലെ ആണ്. കൊൽക്കത്ത നഗരം നൽകിയ അനുഭവങ്ങളുടെ ഭയാനകതയും ഉള്ളിൽ കൊണ്ടുനടന്ന ദസ്തയേവ്സ്കിയന്‍ ദര്‍ശനവും പരസ്പരം ചേരുന്നതായിരുന്നു. ആ അനുഭവങ്ങൾ അദ്ദേഹം ചിത്രങ്ങളിൽ പകർത്തിയെന്നു മാത്രമല്ല, ഒരു ഘട്ടത്തിൽ ദസ്തയേവ്സ്കിയുടെ നോവലുകൾ ആസ്പദമാക്കി ചിത്രങ്ങൾ വരയ്ക്കുകയും ചെയ്തു. 'ഇടുങ്ങിയ തെരുവീഥികളും, തകര്‍ന്ന കൊളോണിയല്‍ കെട്ടിടങ്ങളും ദുര്‍ഗന്ധം വമിക്കുന്ന ഓവുചാലുകളും കൊടുംദാരിദ്ര്യവും ഉറുമ്പുകളെപ്പോലെ അലഞ്ഞുതിരിയുന്ന അസംഖ്യം മനുഷ്യരും എന്റെ ജീവിതത്തിന്‍റെ ഭാഗമായിരിക്കുന്നു. എന്നാല്‍ ഈ ചെളിയും മാലിന്യവും ജനക്കൂട്ടവും മാറ്റിനിര്‍ത്തിയാല്‍ നമുക്ക് മനുഷ്യവികാരവും ഊഷ്മളതയും വാത്സല്യവും കലയോടുള്ള അതിയായ ആദരവും കണ്ടെത്താനാവും,'' ഒരിക്കൽ അദ്ദേഹം എഴുതി.

കൊല്‍ക്കത്തയിലെ അഭയാര്‍ഥിക്കൂട്ടങ്ങളില്‍നിന്ന് മനുഷ്യരെ കണ്ടെത്തുമ്പോള്‍ അവരെ ചുറ്റിനില്‍ക്കുന്ന ശൂന്യതയാണ് രാമചന്ദ്രനെ വ്യാകുലനാക്കിയതെന്ന പി സുരേന്ദ്രന്റെ നിരീക്ഷണം പ്രസക്തമാണ്. "മനുഷ്യര്‍ക്കുപിന്നില്‍ ഒന്നും അദ്ദേഹം കണ്ടില്ല. മരമില്ല, പുഴയില്ല, പറവയില്ല, ആകാശമില്ല. പേടിപ്പെടുത്തുന്ന ശൂന്യതയില്‍ മനുഷ്യര്‍ പ്രത്യക്ഷപ്പെട്ടു. ദാരുണതകള്‍ അവരെ ഗ്രസിച്ചു. സാന്ത്വനിപ്പിക്കേണ്ട കാലം ചലനമറ്റുനില്‍ക്കുന്ന പ്രതീതി സൃഷ്ടിച്ചു. ഇത്തരം ചിത്രങ്ങളില്‍ ചുവപ്പുരാശി പടര്‍ന്ന ഏക വര്‍ണത്തിലാണ് രാമചന്ദ്രന്‍ മനുഷ്യനെ ആവര്‍ത്തിച്ച് എഴുതിയിരുന്നത്," എന്ന് സുരേന്ദ്രൻ നിരീക്ഷിക്കുന്നു.

കൊൽക്കത്ത വിട്ട് ജാമിയ മിലിയയിൽ അധ്യാപകനായി ഡൽഹിയിലെത്തിയപ്പോഴും ആ അനുഭവങ്ങൾ അദ്ദേഹത്തെ വിടാതെ പിന്തുടർന്നു. കാളീപൂജയും യാദവരുടെ അന്ത്യവുമെല്ലാം അങ്ങനെയാണ് പിറവിയെടുക്കുന്നത്. ക്രിസ്ത്യൻ തീംസ് എന്ന പേരിൽ ഒരു പ്രദർശനം അദ്ദേഹം ഒരുക്കുന്നതും ഏകദേശം ഇക്കാലത്താണ്. അവിടെയുമതേ, മനുഷ്യപുത്രനായ യേശു ഒരു പീഡാനുഭവമായാണ് രാമചന്ദ്രന്റെ ചിത്രങ്ങളിൽ കടന്നുവന്നത്. ഡൽഹിയിൽ താൻ താമസിച്ചിരുന്ന ജങ്പുരയിലെ ബർസാത്തിയിൽ കണ്ട കാഴ്ചകളെ ചിത്രത്തിലേക്ക് പകർത്തിയപ്പോൾ യേശുക്രിസ്തു അവരുടെ ഉന്തുവണ്ടിയിൽ കൊണ്ടുപോയി പുറംതള്ളുന്നതിനുള്ള പാഴ്വസ്തുവായി പ്രത്യക്ഷപ്പെട്ടു. ഹിംസാത്മകതയുടെ പലപല ഭാവങ്ങളാണ് ഇക്കാലത്തെല്ലാം രാമചന്ദ്രന്റെ ചിത്രങ്ങളിൽ കടന്നുവന്നത്. ഏറെ രാഷ്ട്രീയ ഭാവം നിറഞ്ഞുനിന്നവയാണ് ഇക്കാലത്തെ ചിത്രങ്ങൾ എല്ലാം തന്നെ. പൊഖ്‌റാനിൽ ഇന്ത്യ 1974 ൽ നടത്തിയ ആണവവിസ്ഫോടനത്തെത്തുടർന്നു വരച്ച 'ന്യൂക്ലിയാർ രാഗിണി' പരമ്പരയിലും ഹംസാത്മകതയോടുള്ള ഇതേ പ്രതികരണം കാണാം. സ്ത്രൈണഭാവം ഇല്ലാത്ത സ്ത്രീരൂപങ്ങളാണ് ഇക്കാലത്തെ ചിത്രങ്ങളിലെല്ലാം കടന്നുവരുന്നതെങ്കിലും ഈ ചിത്രങ്ങളിൽ പിൽക്കാലത്ത് രാമചന്ദ്രൻ കണ്ടെത്താൻ പോകുന്ന ഒരു ശൈലിയുടെ ആദ്യസ്ഫുരണങ്ങൾ കാണാനാവും.

ഒരു പ്രതിഷ്ഠപനം എന്ന രീതിയിലാണ് രാമചന്ദ്രൻ യയാതിയെ സമീപിച്ചത്. യയാതി എന്ന പരമ്പര രാമചന്ദ്രന്റെ മനസ്സിൽ ഏറെനാളായി വളർന്നു വികസിച്ചുവരികയായിരുന്നെങ്കിലും ഡൽഹിയിൽ തന്റെ വീടിനടുത്ത് തമ്പടിച്ച ഗൗഡിയ ലോഹാറികൾ എന്ന നാടോടി ഗോത്രവർഗക്കാരെ കാണുന്നതോടെയാണ് മനുഷ്യജീവിതത്തിന്റെ രൂപാന്തരം ദർശിക്കുന്ന യായതിയുടെ ജീവിതത്തിന് മൂർത്തരൂപം കൈവരുന്നത്

ഇക്കാലമത്രയും കൊന്നും പോരടിച്ചും ജീവിക്കുന്ന മനുഷ്യരെക്കുറിച്ചുള്ള വ്യാകുലതകളും അതുയർത്തുന്ന രാഷ്ട്രീയവുമാണ് രാമചന്ദ്രന്റെ ചിത്രങ്ങളിൽ നിറഞ്ഞുനിന്നതെങ്കിലും 1984ൽ, അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ വധത്തെത്തുടർന്ന് ഡൽഹിയിലെ തെരുവുകളിൽ താൻ നേരിട്ടനുഭവിച്ച ഏറ്റുമുട്ടലുകളും കൊലപാതകങ്ങളും കലയിലൂടെ താൻ കൈക്കൊണ്ട നിലപാടുകൾ എല്ലാം തന്നെ വ്യർത്ഥമായിരുന്നുവെന്ന തോന്നലാണ് രാമചന്ദ്രനിലുണ്ടാക്കിയത്. പ്രകടമായ സാമൂഹ്യ രാഷ്ട്രീയം കടന്നുവരുന്ന ചിത്രങ്ങളുടെ കാലം അതോടെ അവസാനിച്ചു. ഏകദേശം ഇക്കാലത്താണ് ചെടികളും പ്രാണികളുമൊക്കെ കടന്നുവരുന്ന ഏതാനും സെറാമിക്കുകൾ അദ്ദേഹം ചെയ്യുന്നത്. രാമചന്ദ്രന്റെ കല പ്രകൃതിയുടെ സൗമ്യഭാവങ്ങളിലേക്ക് കടന്നുചെല്ലുന്നതിന്റെ സുപ്രധാന ഘട്ടമാണിത്. എൺപതുകളുടെ തുടക്കത്തിൽ ചെയ്ത നായികാപരമ്പരയിലെ ചിത്രങ്ങളിലും ആന്ദി മുതലായ പെയിന്റിങ്ങുകളിലും പ്രകൃതിയുടെ സൗന്ദര്യം സൗന്ദര്യം കടന്നുവരുന്നത് കാണാനാവും. ഇവിടെ വെച്ചാണ് ഒരു വലിയ വഴിത്തിരിവ് എന്നുപറയാവുന്ന യയാതി പരമ്പരയുടെ പിറവി. പ്രകൃതിയും മനുഷ്യനും ഒന്ന് മറ്റൊന്നിന്റെ തുടർച്ചായി മാറുന്ന ശൈലിയുടെ തുടക്കവും യയാതിയിലാണ്.

'യയാതി' ഒരു ബൃഹദ് രചനയായിരുന്നു. പന്ത്രണ്ട് പാനലുകളിലായി അറുപതടി നീളവും അഞ്ചടി വീതിയും എട്ടടി പൊക്കവുമുള്ള പെയിന്റിങ്ങുകളും മൂന്ന് ഭിത്തികളിലായി വിന്യസിച്ച ഈ ചിത്രങ്ങൾക്ക് മധ്യേ പതിമൂന്ന് ശില്പങ്ങളും കൊണ്ട് ഒരു മണ്ഡലം തീർക്കുകയാണ് അദ്ദേഹം ചെയ്തത്. ഒരു പ്രതിഷ്ഠപനം എന്ന രീതിയിലാണ് രാമചന്ദ്രൻ യയാതിയെ സമീപിച്ചത്. യയാതി എന്ന പരമ്പര രാമചന്ദ്രന്റെ മനസ്സിൽ ഏറെനാളായി വളർന്നു വികസിച്ചുവരികയായിരുന്നെങ്കിലും ഡൽഹിയിൽ തന്റെ വീടിനടുത്ത് തമ്പടിച്ച ഗൗഡിയ ലോഹാറികൾ എന്ന നാടോടി ഗോത്രവർഗക്കാരെ കാണുന്നതോടെയാണ് മനുഷ്യജീവിതത്തിന്റെ രൂപാന്തരം ദർശിക്കുന്ന യായതിയുടെ ജീവിതത്തിന് മൂർത്തരൂപം കൈവരുന്നത്. മഹാഭാരതം ആദിപര്‍വത്തിലെ അഷ്ടനും യയാതിയും തമ്മിലുള്ള സംവാദത്തിൽ നിന്നാണ് ഈ ബൃഹദാഖ്യാനതിന്റെ പിറവി.

യയാതി

ആ നാടോടികളുടെ കൂട്ടത്തിൽ ഹുക്ക വലിച്ചുകൊണ്ടിരുന്ന ഒരു വൃദ്ധനിലാണ് അദ്ദേഹം എല്ലാ പ്രലോഭനങ്ങൾക്കും വശംവദനായ, ഇന്ദ്രിയസുഖങ്ങളെ പ്രതിരോധിക്കാത്ത യയാതിയെ കണ്ടത്. അവിടെയുള്ള ദൃഢഗാത്രികളായ സ്ത്രീകൾ ഈ പരമ്പരയിലെ ജീവസാനിധ്യമായി. ഈ നാടോടി സുന്ദരിമാരെ വരയ്ക്കുമ്പോൾ യയാതിയുടെ കഥയ്ക്ക് അനുയോജ്യമാവുന്ന തരത്തിൽ രതിഭാവം നിറഞ്ഞുനിൽക്കുന്ന രീതിയിലാണ് ആവിഷ്കരിച്ചതെന്നു മാത്രമല്ല അവരെ വിവസ്ത്രകളാക്കുകയും ചെയ്തു. അവരിലൂടെയാണ് യയാതി എന്ന വൃദ്ധൻ തന്റെ വികാരവിക്ഷോഭങ്ങൾ അനുഭവിക്കുന്നത്. ഇവിടെവെച്ചാണ് രാമചന്ദ്രൻ തന്റെ ചിത്രങ്ങളിലും ശില്പങ്ങളിലും പ്രത്യക്ഷപ്പെടാൻ തുടങ്ങുന്നതും; പാതി മനുഷ്യനും പാതി പക്ഷിയുമായി. യയാതി ചെയ്യുമ്പോഴും പ്രദർശിപ്പിക്കുമ്പോഴും കേരളീയ ചുമർചിത്ര പൈതൃകവും ശ്രീകോവിലുകളുടെ അകത്തളങ്ങളുടെ ഘടനയുമെല്ലാം രാമചന്ദ്രനെ സ്വാധീനിച്ചുവെന്ന് വ്യക്തം.

അവിടെനിന്ന് ഇങ്ങോട്ട് ഇന്ത്യൻ മിത്തോളജി ഒട്ടു മതകീയമല്ലാതെ രാമചന്ദ്രന്റെ കലാലോകത്തെ നിത്യസാന്നിധ്യമായി. ഉര്‍വശിയും പുരൂരവസ്സും താമരക്കുളവും തുടങ്ങിയ പരമ്പരകൾ എടുത്തുപറയേണ്ടതാണ്. ആദ്യകാലത്ത് പുരാണങ്ങൾ രാമചന്ദ്രന്റെ ചിത്രങ്ങളിൽ സാമൂഹ്യ പ്രതിബദ്ധതയുടെ രൂപകങ്ങളായാണ് അവതരിച്ചതെങ്കിൽ യയാതിയിൽ അതിന് കലാകാരന്റെ ജീവിതവുമായി ബന്ധപ്പെട്ട ഒരു മനശ്ശാസ്ത്ര താളം കൈവരുന്നത് കാണാം. കേരളത്തിന്റെ ചുമർചിത്ര പാരമ്പര്യത്തെക്കുറിച്ച് ആഴത്തിൽ പഠിച്ച രാമചന്ദ്രൻ തന്റെ കലാലോകത്ത് അവയുടെ സാധ്യത വളരെ ഗൗരവതരമായി ആവിഷ്കരിക്കാൻ തുടങ്ങുന്നതും ഇവിടെനിന്ന് തന്നെ.

ഒരു ഘട്ടത്തിൽ രാമചന്ദ്രന്റെ ചിത്രങ്ങളിൽ ഒട്ടു കടന്നുവരാതിരുന്ന പ്രകൃതി അതിന്റെ എല്ലാ ചാരുതയോടും കൂടി കടന്നുവരാൻ തുടങ്ങിയതോടെ ഒരു ആവാസവ്യവസ്ഥ തന്നെ ഈ ചിത്രലോകത്ത് പ്രത്യക്ഷപ്പെട്ടു. മഹുവ, നാഗലിംഗം, പ്ലാശ്, കടമ്പ് തുടങ്ങി നിരവധി വൃക്ഷങ്ങൾ അവയിൽ ജീവസാന്നിധ്യമായി. പല ചിത്രങ്ങളുടെയും പേരുകളിൽ പോലും ഈ വൃക്ഷങ്ങൾ കടന്നുവന്നുവെന്നതും ശ്രദ്ധേയമാണ്. ഗ്രാമീണരായ യുവതികളെ വരയ്ക്കുമ്പോൾ അവരുടെ വസ്ത്രത്തിന്റെ ഭാഗമായി പോലും വള്ളികളും പൂക്കളും കായ്കളുമെല്ലാം പ്രത്യക്ഷപ്പെട്ടു

യയാതിയിലെല്ലാം നിറഞ്ഞുനിന്നത് തീക്ഷ്‌ണമായ രതിയാണെങ്കിൽ പിൽക്കാല ചിത്രങ്ങളിൽ പ്രകൃതിയും മനുഷ്യനും ഇഴചേരുന്ന കാല്പനികതയാണ് തെളിയുന്നത്. 'യയാതി'യിലെ മരങ്ങളില്‍ രത്യുദ്ദീപമായ ബിംബാവലികള്‍ പൂത്തും കായ്ച്ചും നില്പാണ്, എന്നാൽ 'റിയാലിറ്റി ഇന്‍ സെര്‍ച്ച് ഓഫ് മിത്ത്', 'ദ മിത്തിക്കല്‍ ട്രാവലര്‍ ജേണീസ് ഇന്‍ടു ദ അണ്‍നോണ്‍' എന്നീ പരമ്പരകളില്‍ എത്തുന്നതോടെ മരങ്ങള്‍ ചിത്രങ്ങളുടെ ആത്മാവ് തന്നെയായി മാറുന്നുവെന്ന പി സുരേന്ദ്രന്റെ നിരീക്ഷണം ഏറെ പ്രസക്തമാണ്.

"തന്നെ രൂപപ്പെടുത്തിയ ഭാരതീയ പാരമ്പര്യത്തിന്റെ ചിഹ്നങ്ങളെ അന്വേഷിച്ചുചെല്ലുമ്പോള്‍ വൃക്ഷമെന്ന രൂപകത്തെ രാമചന്ദ്രന് സ്വീകരിക്കാതെ വയ്യ. ഇന്ത്യന്‍ മിനിയേച്ചര്‍ പാരമ്പര്യത്തില്‍നിന്ന് അദ്ദേഹം ഊര്‍ജം സ്വീകരിക്കുന്നു. കൃഷ്ണന്റെയും രാധയുടെയും കേളീരംഗങ്ങള്‍ വള്ളിക്കുടിലുകളായിരുന്നല്ലോ. ബഷോളിയിലെ രാഗമാല പെയിന്റിങ്ങുകള്‍ ഓരോ പുല്‍ക്കൊടിയിലും പ്രകൃതി കാണിക്കുന്ന മാന്ത്രികതയുടെ വിശദാംശങ്ങള്‍ നിരീക്ഷിച്ചുകൊണ്ട് രചിക്കപ്പെട്ടവയായിരുന്നു. ഋതുഭേദങ്ങളിലൂടെ മാത്രമല്ല പ്രകൃതി മാറിക്കൊണ്ടിരിക്കുന്നത്. സൂര്യവെളിച്ചത്തിന്റെ ഓരോ സൂചിമുനയും മഴയുടെയും മഞ്ഞിന്റെയും ഓരോ കണവും പ്രകൃതിയെ ഉണര്‍ത്തുകയും ഉയിര്‍ത്തുകയും വിടര്‍ത്തുകയുമാണ്. പൂക്കളില്‍നിന്ന് പൂക്കളിലേക്ക് സഞ്ചരിക്കുന്ന വണ്ടും തുമ്പിയും പൂമ്പാറ്റയും കുഞ്ഞുപറവയും പൂക്കള്‍ക്ക് രതിയുടെ സ്പര്‍ശം തന്നെയായി മാറുമ്പോള്‍ സൃഷ്ടിയുടെ ബീജം വര്‍ഷിക്കപ്പെടുകയായി. പ്രഭാതത്തിലും മദ്ധ്യാഹ്നത്തിലും സായാഹ്നത്തിലും രാവിലും പ്രകൃതി പലതാണ്. ഇത് തിരിച്ചറിഞ്ഞ മിനിയേച്ചര്‍ ചിത്രകാരന്മാര്‍ സഞ്ചരിച്ച വഴിയിലൂടെ നടന്നാണ് പാശ്ചാത്യ എക്സ്പ്രഷണിസ്റ്റ് സങ്കേതങ്ങളുടെ സാധ്യതയെ പൂര്‍ണമായും രാമചന്ദ്രന്‍ ഉച്ഛാടനം ചെയ്തതെന്ന് പറയാം. ഗ്രാമ്യമായ ചാരുതയുടെ ലാളിത്യം ഭാരരഹിതമായ നാടോടിത്തമായി മാറുകയായിരുന്നു," എന്ന് സുരേന്ദ്രൻ പറയുന്നു.

ഒരു ഘട്ടത്തിൽ രാമചന്ദ്രന്റെ ചിത്രങ്ങളിൽ ഒട്ടു കടന്നുവരാതിരുന്ന പ്രകൃതി അതിന്റെ എല്ലാ ചാരുതയോടും കൂടി കടന്നുവരാൻ തുടങ്ങിയതോടെ ഒരു ആവാസവ്യവസ്ഥ തന്നെ ഈ ചിത്രലോകത്ത് പ്രത്യക്ഷപ്പെട്ടു. മഹുവ, നാഗലിംഗം, പ്ലാശ്, കടമ്പ് തുടങ്ങി നിരവധി വൃക്ഷങ്ങൾ അവയിൽ ജീവസാന്നിധ്യമായി. പല ചിത്രങ്ങളുടെയും പേരുകളിൽ പോലും ഈ വൃക്ഷങ്ങൾ കടന്നുവന്നുവെന്നതും ശ്രദ്ധേയമാണ്. ഗ്രാമീണരായ യുവതികളെ വരയ്ക്കുമ്പോൾ അവരുടെ വസ്ത്രത്തിന്റെ ഭാഗമായി പോലും വള്ളികളും പൂക്കളും കായ്കളുമെല്ലാം പ്രത്യക്ഷപ്പെട്ടു.

രാജസ്ഥാനിലെ ഭീൽ ഗ്രാമങ്ങളിലൂടെ നടത്തിയ യാത്രകളാണ് രാമചന്ദ്രന്റെ കലാലോകത്തെ ആകമാനം മാറ്റിമറിച്ചത്. "നീ വിചാരിക്കും പോലെ ലോകം അത്ര മോശമൊന്നുമല്ല," എന്ന് തന്റെ ഗുരു പറഞ്ഞതിന്റെ പൊരുൾ അദ്ദേഹത്തിന്റെ കലാലോകത്തേക്ക് ശരിക്കും കടന്നുവന്നത് ഇവിടെനിന്നാണ്. കൊൽക്കത്തയിൽനിന്ന് താൻ കുടിയേറിയ ഡൽഹിയെന്ന മഹാനഗരത്തിൽനിന്ന് വ്യത്യസ്തമായി നമ്മളിന്ന് പറയുന്ന ആധുനികതയുടെ കടന്നുകയറ്റം ഒരു തരത്തിലും ഉണ്ടായിട്ടില്ലാത്ത ഗ്രാമങ്ങളായിരുന്നു ഇവ.

പ്രകൃതിയും മനുഷ്യനും ഒന്ന് മറ്റൊന്നിന്റെ തുടർച്ചയായി അവിടെ ജീവിച്ചു. താൻ ബാല്യകൗമാരം ചെലവഴിച്ച തിരുവനന്തപുരത്തുനിന്നും പിന്നീട് ശാന്തി നികേതനിൽനിന്നും ആർജിച്ച ദൃശ്യാനുഭവങ്ങളും സൗന്ദര്യവും ഈ ചിത്രങ്ങളിൽ തിരികെയെത്താൻ തുടങ്ങി. സാമാന്യയുക്തിയ്ക്ക് പുറത്ത് നിൽക്കുന്ന ജീവിതമാണ് രാമചന്ദ്രൻ ഭീൽ ഗ്രാമങ്ങളിൽ കണ്ടറിഞ്ഞത്. നിത്യയൗവനത്തിന്റെ വർണങ്ങൾ. ജീവിത പങ്കാളികളെ കണ്ടെത്തുന്നതിനായി ബനേശ്വറിൽ നടക്കുന്ന വാർഷിക ആഘോഷങ്ങളെല്ലാം രാമചന്ദ്രൻ പുനഃരാവിഷ്കരിച്ച പുരാവൃത്തങ്ങളുടെ ഭൂമികയായി. അവിടെയെല്ലാം കലാകാരൻ പലപല രൂപങ്ങളിൽ അവതാരമെടുത്തുവെന്നു മാത്രമല്ല, ഇവയ്‌ക്കെല്ലാം കഥപറച്ചിലിന്റെ സൗന്ദര്യവും നർമഭാവവും കൈവരികയും ചെയ്തു. ഈ ചിത്രങ്ങൾ നോക്കിയാൽ രാമചന്ദ്രൻ സ്ത്രീയുടെ അനശ്വരതയാണ് ആവിവിഷ്കരിക്കുന്നതെന്ന് കാണാനാവും. യയാതിയിൽ എന്ന പോലെ പുരുഷൻ നശ്വരനാണ്. പ്രകൃതി തന്നെയാണ് സ്ത്രീ.

ഈ രാജസ്ഥാൻ യാത്രകളിൽനിന്നാണ് താമരക്കുളങ്ങളുടെ സൗന്ദര്യം രാമചന്ദ്രൻ കണ്ടെത്തുന്നതും. എഴുപതുകളിൽ രാമചന്ദ്രൻ ഈ ഗ്രാമങ്ങളിലൂടെ യാത്ര ചെയ്തിരുന്നെങ്കിലും യയാതിക്കുശേഷമാണ് അതെല്ലാം ദൃശ്യാനുഭവമായി അദ്ദേഹത്തിന്റെ കലാലോകത്തേക്ക് കടന്നുവരുന്നത്. ഈ ഗ്രാമങ്ങളിലൂടെയുള്ള നിരന്തര യാത്രകളും സ്കെച്ചിങ്ങും സൂക്ഷ്മമായ നിരീക്ഷണവുമാണ് രാമചന്ദ്രനെ താമരപ്പൊയ്കകളുമായി അടുപ്പിക്കുന്നത്. ഒരിക്കലും അവ കേവലമായ പശ്ചാത്തലമല്ല, മറിച്ച് ജീവൻ തുളുമ്പുന്ന ആവാസവ്യവസ്ഥയാണ്.

മനുഷ്യനെ മാത്രം ശ്രദ്ധിക്കുമ്പോള്‍ ചുറ്റുപാടുകള്‍ മാഞ്ഞുപോവുന്നത് സ്വാഭാവികം. എന്നാല്‍ മനുഷ്യനെ വിശാലമായൊരു ജൈവ സാന്നിദ്ധ്യത്തില്‍ ദര്‍ശിക്കാന്‍ തുടങ്ങുമ്പോള്‍ അവനുചുറ്റും മരങ്ങളും വള്ളികളും പടര്‍ന്നു പന്തലിക്കുകയായി എന്ന് സുരേന്ദ്രൻ നിരീക്ഷിക്കുന്നു. "പൂക്കള്‍ വിരിഞ്ഞ് മണംപൊഴിയുകയായി. ശലഭങ്ങളും തുമ്പികളും കരിവണ്ടുകളും പക്ഷികളും പാറിപ്പറക്കുകയായി. കൂട്, തടവ് എന്നീ രൂപകങ്ങളെ ഭേദിച്ച് പുറത്തുകടക്കുന്നത് താമരകളുടെ തടാകത്തിലേക്കാണെന്ന് ആലങ്കാരികമായി പറയാം. ദുരിതക്കാഴ്ചയുടെ ആഖ്യാനം മാത്രമല്ല ചിത്രങ്ങളെന്ന് ഭാരതത്തിലെ മിനിയേച്ചര്‍ പാരമ്പര്യം രാമചന്ദ്രനെ പഠിപ്പിച്ചു."

പ്രകൃതിയിലെ വിവിധ ഘടകങ്ങൾ തമ്മിലുള്ള പരസ്പര ബന്ധവും അതിന്റെ നിർമലമായ സൗന്ദര്യവുമാണ് രാമചന്ദ്രനെ ഈ താമരപൊയ്കകളിലേക്ക് ആകർഷിക്കുന്നത്. ഒരേ കാഴ്ച പ്രകൃതിയുടെ ഭാവഭേദങ്ങൾക്കനുസരിച്ച്, ഋതുഭേദങ്ങൾക്കനുസരിച്ച് മാറുന്നത് ഈ താമരപൊയ്ക ചിത്രങ്ങളിൽ അവർത്തിച്ചുവരുന്നത് കാണാനാവും. നിറയെ പൂത്തുലഞ്ഞ താമരക്കുളങ്ങൾ തേടിവരുന്ന പക്ഷികളും പ്രാണികളും തുമ്പികളും ചിത്രശലഭങ്ങളുമെല്ലാം ചേർന്ന് ആ ആവാസ വ്യവസ്ഥയെ തന്നെ പ്രകൃതിയുടെ നർത്തനവേദിയാക്കുന്നു. താമരപ്പൂക്കൾക്കു മുകളിലൂടെ പറക്കുന്ന പക്ഷിക്കൂട്ടങ്ങൾ, മഞ്ഞ ചിത്രശലഭങ്ങൾ, തുമ്പികൾ, രാത്രിയിൽ അവിടമെല്ലാം പ്രകാശം പരത്തുന്ന മിന്നാമിന്നികൾ... അങ്ങിനെ ജീവന്റെ സൗന്ദര്യമാണ് ഇവിടെ നിറയുന്നത്. എല്ലാം കഴിഞ്ഞ് പൂക്കൾ വാടിക്കൊഴിയുമ്പോൾ ഈ ജീവജാലങ്ങളും അവിടെനിന്ന് വിടപറയുന്നു. മരിച്ച താമരപൊയ്കയും അവിടെനിന്ന് പറന്നുപോകുന്ന ഒരു പക്ഷിയും രാമചന്ദ്രന്റെ ഒരു സുപ്രധാന ചിത്രമാണ്. താമരക്കുളം ഉപേക്ഷിക്കുന്ന പക്ഷി ഒഴിച്ചാൽ എവിടെയും ജീവനത്തെ ലാഞ്ചനയില്ല. പക്ഷെ അതിനകത്ത് എവിടെയോ മറ്റൊരു ഋതുഭേദം കാത്ത് താമരകൾ വിരിയാനായി നിൽക്കുന്നുണ്ട്.

ഇതേ പരമ്പരയിൽ രാമചന്ദ്രൻ ചെയ്ത മറ്റൊരു ചിത്രമാണ് 'ഹോമേജ് ടു ദ സെറ്റിങ് സണ്‍'.

2017ല്‍, അമേരിക്കയിലെ ക്ലീവ്ലാന്‍ഡ് മ്യൂസിയത്തില്‍ നടന്ന ഒരു സുപ്രധാന പ്രദര്‍ശനത്തില്‍ ഇന്ത്യന്‍ ക്ലാസിക്കല്‍ ആര്‍ട്ടിനെ പ്രതിനിധീകരിച്ച്, ഇന്ത്യന്‍ ക്ലാസിക്കല്‍ ശില്പങ്ങള്‍ക്കൊപ്പം ഈ ചിത്രം രണ്ട് വര്‍ഷത്തോളം പ്രദര്‍ശിപ്പിക്കുകയുണ്ടായി. സായാഹ്നവെയിലില്‍ തിളങ്ങിനിൽക്കുന്ന താമരക്കുളം സ്വപ്നസമാനമായ ഒരു അനുഭവമാണ്. "താമരയിലകള്‍ക്ക് ഉണ്ടാവുന്ന നിറവ്യത്യാസവും തുമ്പികളുടെ ചില്ലുചിറകില്‍ പടരുന്ന സ്വര്‍ണാഭയുമെല്ലാം ചേരുമ്പോഴുള്ള സൗന്ദര്യത്തിന്‍റെ അതീത ഭാവങ്ങള്‍ അസാധാരണം തന്നെ. ഇങ്ങനെയും ഒരു താമരക്കുളം ഉണ്ടാവുമോ എന്ന് നാം ആലോചിക്കും. സൂര്യനാണ് ഇങ്ങനെ ഒരു കാഴ്ച സാധ്യമാക്കുന്നത്. ഒരു ക്ഷണനേരത്തെ വെളിച്ചം തീര്‍ക്കുന്ന വിസ്മയമാണ് ഇത്. ആ ക്ഷണനേരത്തിന് മുമ്പും പിമ്പും അത് മറ്റൊരു ചിത്രമാണ്. വര്‍ണങ്ങള്‍ക്കുമേല്‍ അസാധാരണ കയ്യടക്കമുള്ള ഒരു ചിത്രകാരനുമാത്രമേ ഈവിധം ഐതിഹാസികമായ ഒരു ചിത്രരചന സാക്ഷാത്കരിക്കാനാവൂ. അതിനായി സൂര്യന്റെ വൃദ്ധിക്ഷയങ്ങള്‍ക്കൊപ്പം താമരക്കുളത്തിനരികില്‍ ധ്യാനിച്ചിരിക്കുക തന്നെ വേണം," എന്ന് പി സുരേന്ദ്രൻ ഈ ചിത്രത്തെക്കുറിച്ച് നിരീക്ഷിക്കുന്നു.

രാമചന്ദ്രനെ സംബന്ധിച്ചിടത്തോളം ഈ താമരക്കുളങ്ങൾ മാനസസരോവരമാണ്. പ്രകൃതിയുടെ സൂക്ഷ്മ ഭാവങ്ങൾ പിടിച്ചെടുത്ത്, മാനസസരോവർ എന്നപേരിൽ ഒരു ജലച്ചായ പരമ്പര തന്നെ ചെയ്തിട്ടുണ്ട് രാമചന്ദ്രൻ

ഒബെശ്വർ എന്ന സ്ഥലത്തെ താമരപ്പൊയ്കയെ കുറിച്ച് 'ഒബേശ്വറിലെ താമരപ്പൊയ്ക' എന്ന പേരിൽ രാമചന്ദ്രൻ ഒരു കൊച്ചു കുറിപ്പ് എഴുതിയിട്ടുണ്ട്. അതിങ്ങനെയാണ്: 'ഡ' തലതിരിച്ചിട്ട രൂപത്തിലുള്ള താഴ്വര, ചുറ്റും കുന്നിന്‍നിരകള്‍. ഒരു വലിയ കോപ്പയിലെന്നപോലെ വെള്ളം നിറഞ്ഞുനില്‍ക്കുന്ന കുളം. അതുനിറയെ വലിയ താമരവള്ളികളും ഇല്ലിമുളകളും. അതാണ് ഒബേശ്വര്‍, ഉദയ്പൂരില്‍നിന്ന് മാറി ഉള്‍നാട്ടിലുള്ള ശിവക്ഷേത്രം. കാലവര്‍ഷം മുറുകുമ്പോള്‍ കുന്നുകളും മരങ്ങളും ചെടികളുമെല്ലാം മഴയില്‍ കുളിച്ച് വൃത്തിയായി പ്രകൃതിയുടെ ഭാസുരമായ മുഖം വെളിവാക്കുന്നു.

താമരപ്പൊയ്കക്കരികിലിരുന്ന് വലിയ താമരയിലകള്‍ വര്‍ണം മാറുന്നതും പൂവും മൊട്ടുമായി നില്‍ക്കുന്ന താമരത്തണ്ടുകള്‍ സ്വര്‍ണവര്‍ണമാര്‍ന്ന ഇല്ലിമുളകളോടൊപ്പം സുന്ദരമായൊരു ആദിവാസിനൃത്തത്തിലെന്നപോലെ ആടിക്കളിക്കുന്നതും ഞാന്‍ നോക്കി. മൂന്നുനാളത്തെ നിരീക്ഷണത്തിനുശേഷം പ്രൗഢഗംഭീരമായ ഈ താമരക്കുളത്തിന്‍റെ ഭാവഭേദങ്ങള്‍ എന്റെ മനസ്സിന്റെ ഒരു താമരപ്പൊയ്കയായി മാറി. അത് കൊച്ചുകാര്യങ്ങളുടെ തമ്പുരാന് ലീലകളരങ്ങേറ്റാന്‍ വേണ്ടി ഗീതാഗോവിന്ദപശ്ചാത്തലമേകി ബോധതലത്തിനും അബോധതലത്തിനുമിടയ്ക്ക് ഊഞ്ഞാലാടുന്ന പ്രാണികളുടെയും ചിത്രശലഭങ്ങളുടെയും തുമ്പികളുടെയും ലീലാവിലാസം- മാനസസരോവരം.

അതെ, രാമചന്ദ്രനെ സംബന്ധിച്ചിടത്തോളം ഈ താമരക്കുളങ്ങൾ മാനസസരോവരമാണ്. പ്രകൃതിയുടെ സൂക്ഷ്മ ഭാവങ്ങൾ പിടിച്ചെടുത്ത്, മാനസസരോവർ എന്നപേരിൽ ഒരു ജലച്ചായ പരമ്പര തന്നെ ചെയ്തിട്ടുണ്ട് രാമചന്ദ്രൻ.

രാമചന്ദ്രന്റെ താമര ഇന്ത്യയുടെ ആത്മീയ പരമ്പര്യവുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. അതിനെ ഒരു തരത്തിലും മതകീയ രാഷ്ട്രീയവുമായി ചേർത്ത് വായിക്കാനാവില്ല. അവയിൽ നിറയുന്നത് ആത്മബോധമാണ്, പ്രകൃതിയുടെ നിർമലതയും.

പ്രകൃതിയും മനുഷ്യനും ഒന്നാവുന്ന പെയിന്റിങ്ങുകളുടെ തുടർച്ചതന്നെയാണ് രാമചന്ദ്രന്റെ വെങ്കല ശില്പങ്ങളും. അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ കടന്നുവന്ന ആവിഷ്കാരങ്ങൾ മറ്റൊരുതരത്തിൽ ഇവിടെയും കാണാനാവും. ആവിഷ്കാര മാദ്ധ്യമം മാറുമ്പോഴും രാമചന്ദ്രന്റെ ദർശനം മാറുന്നില്ല. ആദ്യ ഘട്ടത്തിൽ ചെയ്തത് ഭ്രൂണരൂപങ്ങൾ ആയിരുന്നു. പിന്നീട്, മക്കളായ സുജാതയും രാഹുലും ഭാര്യ ചമേലിയും ശില്പങ്ങളായി. രാജസ്ഥാനിലെ ഗ്രാമീണ ചിത്രങ്ങൾ ത്രിമാനത്തിലായപ്പോൾ, അവിടെയുള്ള പ്രകൃതിയും ആ പ്രകൃതിയെ ശരീരത്തിലേക്ക് പകർന്നെടുത്ത സ്ത്രീകളുടെ അനശ്വര യൗവനവും താമരപൊയ്കയും തന്റെ തന്നെ അവതാരങ്ങളുമെല്ലാം ശില്പങ്ങളായി പുനർജനിച്ചു.

പല ശില്പങ്ങളിലും നഗ്നമായ ഉടലിൽ സസ്യലങ്കാരമാണ് വസ്ത്രമായി മാറുന്നത്. അതുപോലെ തന്നെ ടോട്ടം പോളുകളിൽ നിന്നുള്ള പ്രചോദനവും രാമചന്ദ്രന്റെ ശില്പങ്ങളുടെ ഒരു സവിശേഷതയാണ്. രാമചന്ദ്രന്റെ ശില്പങ്ങളുടെ ഒരു സുപ്രധാന പ്രദർശനം ഇപ്പോൾ ഡൽഹിയിലെ വധേര ആർട്ട് ഗാലറിയിൽ നടക്കുന്നുണ്ട്. ഒരു ശില്പി എന്ന നിലയിൽ രാമചന്ദ്രൻ നടത്തിയ പരീക്ഷണങ്ങളുടെ ഒരു നേർചിത്രമാണ് ഈ പ്രദർശനം. ഇതിൽ എടുത്തുപറയേണ്ട ഒന്നാണ് സമീപകാലത്ത് ചെയ്ത ഗാന്ധി ശിൽപ്പം. ഈ ശില്പത്തിലെ ഗാന്ധിയുടെ ഉടലിൽ അദ്ദേഹത്തിന്റെ സന്ദേശങ്ങളായ 'സത്യം' 'അഹിംസ' എന്നിവ കൊത്തിവെച്ചിരിക്കുന്നു. തന്റെ ജീവിതം തന്നെ തന്റെ സന്ദേശമാക്കിയ മനുഷ്യനെയാണ് രാമചന്ദ്രൻ ആവിഷ്കരിക്കുന്നത്. ഇതുനുമുന്നെ അദ്ദേഹം രണ്ട സുപ്രധാന ഗാന്ധി ശില്പങ്ങൾ ചെയ്തിട്ടുണ്ട്. അതിൽ ഒന്ന്, 'മോണ്യുമെന്‍റല്‍ ഗാന്ധി' കൊച്ചിയിൽ പ്രദർശിപ്പിച്ചിരുന്നു. ഈ ശില്പത്തിൽ രാമചന്ദ്രൻ പ്രമേയമാക്കുന്നത് വെടിയേറ്റ ഗാന്ധിജിയെയാണ്. വെടിയുണ്ടക്കു ൃനേരെ നിവർന്നുനിന്ന് ചിരിക്കുന്ന ഗാന്ധിയുടെ ഈ ശില്പം വലംവെക്കുമ്പോൾ നമ്മൾ പിറകിൽ കാണുന്നത് തുളച്ചുകയറിയ വെടിയുണ്ടയും ചോരപ്പാടും അതിനുമേൽ എഴുതിയ ഹേ റാം എന്ന വിളിയുമാണ്. ശില്പത്തിന്റെ അടിത്തറയിൽ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ പറഞ്ഞ ഒരു വാക്യം കൊത്തിവെച്ചിരിക്കുന്നു: "മജ്ജയും മാംസവുമുള്ള ഇങ്ങനെ ഒരാള്‍ ഈ ഭൂമിയിലൂടെ ഒരിക്കല്‍ നടന്നിരുന്നുവെന്ന് വരുംതലമുറ വിശ്വസിക്കാന്‍ ഇടയില്ല.''

ശാന്തിനികേതനിൽ എത്തിയ കാലം മുതൽ ഗാന്ധിയുടെ രാമചന്ദ്രനിൽ നിറഞ്ഞ ഇമേജാണ് ഗാന്ധിയുടേത്. നന്ദലാൽ വരച്ച ഗാന്ധി ആ ക്യാമ്പസിന്റെ ഭാഗമായിരുന്നുവെന്ന് മാത്രമല്ല, ടാഗോറിന്റെ ശാന്തിനികേതനിൽ ഗാന്ധിയൻ ദർശനങ്ങൾക്ക് ഇടവുമുണ്ടായിരുന്നു. രാമചന്ദ്രന്റെ കലാലോകത്ത് ഗാന്ധി ആദ്യം പ്രത്യക്ഷപ്പെടുന്നത് 'ഗാന്ധി ആൻഡ് ദി ട്വൻറിയത്ത് സെഞ്ച്വറി സുൽത് ഓഫ് വയലൻസ്' എന്ന ചിത്രത്തിലാണ്

ഈ വെങ്കല ശില്പത്തെക്കുറിച്ച് നടത്തിയ പഠനത്തിൽ ശിവകുമാർ ഇങ്ങനെ പറയുന്നു: "സഹിഷ്ണുതയ്ക്കും സഹാനുഭൂതിയ്ക്കും വേണ്ടി നിലകൊണ്ട ഗാന്ധി നമ്മുടെ മൃഗീയവാസനകള്‍ക്ക് അപകടകരമാവുമെന്നു കരുതി നമ്മള്‍ അദ്ദേഹത്തെ ഒരു ചിഹ്നം മാത്രമായി ചുരുക്കി... ഗാന്ധി ഒരു കൊലയാളിയുടെ വെടിയേറ്റാണ് മരിച്ചതെന്ന് നമുക്ക് അറിയാമെങ്കിലും ഈ ശില്പത്തിലെ വെടിയുണ്ടയേറ്റ തുളയും 'ഹേ റാം' എന്ന എഴുത്തും നമ്മളെ അല്പം ആശ്ചര്യപ്പെടുത്തിയെന്നുവരാം, കാരണം ആ മുഖവും കൂപ്പുകൈകളും മരണവുമായുള്ള എന്തെങ്കിലും തരം ബന്ധത്തിന് നമ്മെ സജ്ജരാക്കുന്നില്ല. പക്ഷേ, രാമചന്ദ്രന്റെ ശില്പം രക്തസാക്ഷിയായ ഗാന്ധിയുടെ സ്മാരകമാണെന്ന് തിരിച്ചറിയാന്‍ ഇത് നമ്മളെ സഹായിക്കുന്നു, കൊലയാളിയുടെ വെടിയുണ്ടയില്‍ നിശ്ചേതനനായ സമാധാനദൂതന്‍. രാമചന്ദ്രന്‍ അങ്ങനെ പറയുന്നില്ലെങ്കിലും അദ്ദേഹം ഈ ശില്പം നിര്‍മ്മിച്ച പശ്ചാത്തലം അതാണ് സൂചിപ്പിക്കുന്നത്.''

ശാന്തിനികേതനിൽ എത്തിയ കാലം മുതൽ ഗാന്ധിയുടെ രാമചന്ദ്രനിൽ നിറഞ്ഞ ഇമേജാണ് ഗാന്ധിയുടേത്. നന്ദലാൽ വരച്ച ഗാന്ധി ആ ക്യാമ്പസിന്റെ ഭാഗമായിരുന്നുവെന്ന് മാത്രമല്ല, ടാഗോറിന്റെ ശാന്തിനികേതനിൽ ഗാന്ധിയൻ ദർശനങ്ങൾക്ക് ഇടവുമുണ്ടായിരുന്നു. രാമചന്ദ്രന്റെ കലാലോകത്ത് ഗാന്ധി ആദ്യം പ്രത്യക്ഷപ്പെടുന്നത് 'ഗാന്ധി ആൻഡ് ദി ട്വൻറിയത്ത് സെഞ്ച്വറി സുൽത് ഓഫ് വയലൻസ്' എന്ന ചിത്രത്തിലാണ്. പിന്നീട് 1980-ല്‍, ദണ്ഡി മാര്‍ച്ചിന്റെ അമ്പതാം വാർഷികത്തിൽ തപാൽ സ്റ്റാമ്പിനു വേണ്ടി ഗാന്ധിജിയുടെ എച്ചിങ്ങ് ചെയ്തു. അടുത്തകാലത്ത് 'ഗാന്ധി - ലോണ്‍ലിനെസ്സ് ഓഫ് ദ ഗ്രേറ്റ്' എന്ന പേരില്‍ ഗാന്ധിയുടെ രേഖാചിത്രങ്ങളുടെ പരമ്പര തന്നെ ചെയ്തു. മറ്റു ചിത്രങ്ങളിൽനിന്ന് വ്യത്യസ്തമായി രേഖകള്‍ക്കുമേല്‍ നേര്‍ത്ത നിറം കൊണ്ട് വാഷ് ചെയ്താണ് രാമചന്ദ്രൻ ഈ ചിത്രങ്ങൾക്ക് പുതിയൊരു ഭാവം കൊണ്ടുവന്നത്.

ഗാന്ധി - ലോണ്‍ലിനെസ്സ് ഓഫ് ദ ഗ്രേറ്റ്

കലാകാരനെന്ന നിലയിൽ ഇത്രയൊക്കെ അറിയപ്പെടുന്ന രാമചന്ദ്രൻ അനുഗ്രഹീതനായ എഴുത്തുകാരനാണെന്ന കാര്യം ഇപ്പോഴും പലർക്കും അറിയില്ല. തന്റെ മിക്ക പ്രദര്ശനങ്ങളുടെ ഭാഗമായും അദ്ദേഹം ആത്മകഥാപരമായും കലാചരിത്രപരമായുമുള്ള ലേഖനങ്ങൾ എഴുതാറുണ്ട്. അതോടൊപ്പം തന്നെ നിരവധി ബാലസാഹിത്യ കൃതികളും അദ്ദേഹത്തിന്റേതായുണ്ട്. ഇതിൽ പലതും പ്രസിദ്ധീകരിച്ചത് ജപ്പാനിലും മറ്റ് വിദേശരാജ്യങ്ങളിലും ആണെന്ന് മാത്രം.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി