'She overcame everything that was meant to destroy her.' Unknown.'
പട്ടാളക്കാര്‍ മരിക്കുന്നില്ല, അവര്‍ മാഞ്ഞു പോകുന്നതേയുള്ളൂ എന്ന ഡഗ്ലസ് മക്കാതറുടെ ഉദ്ധരണിയിലെപ്പോലെ മായാനോ അല്ലെങ്കില്‍ മരിക്കാനോ വിജയ് ഭട്‌നഗര്‍ തയാറായിരുന്നില്ല. ഭര്‍ത്താവിനെ മരിക്കാന്‍ വിടാന്‍ ആശ ഭട്‌നഗറും. അസാധാരണമായ ആത്മവിശ്വാസവുമായി വിജയ് ഭട്‌നഗറിന്റെ ഭാര്യ ആശ ഭര്‍ത്താവിനെ രക്ഷിക്കാന്‍ തന്റെ പോരാട്ടം ആരംഭിക്കുകയായിരുന്നു.
1977- നാല്‍പ്പത്തിയാറു വര്‍ഷം മുന്‍പ് ഒരു യുവതി തന്റെ, മനക്കരുത്തുക്കൊണ്ട് വിധിയെ പോലും തോല്‍പ്പിച്ച കഥയാണിത്. രാജസ്ഥാന്‍കാരനായ വിജയ് ഭട്‌നഗറിനെ പാലക്കാടുകാരിയായ ആശയെന്ന യുവതി മരണത്തില്‍ നിന്ന് തിരികെ കൊണ്ടു വന്ന് പുനര്‍ജന്മം നല്‍കിയ കഥ. ഒരു പട്ടാളക്കാരന്‍ ഇന്ത്യന്‍ ആര്‍മിക്കെതിരെ സുപ്രീം കോടതി വരെ പോയി പൊരുതി നേടിയ വിജയത്തിൻ്റെ കഥ.
ഇന്ത്യന്‍ സൈന്യത്തിലെ ബോംബെ സാപ്പേഴ്സിലെ ഉദ്യോഗസ്ഥനായിരുന്നു 35 കാരനായ രാജസ്ഥാന്‍ സ്വദേശി മേജര്‍ വിജയ് ഭട്‌നഗര്‍. ഉയര്‍ന്ന അതിര്‍ത്തി പ്രദേശങ്ങളില്‍ റോഡുകളുടെ നിര്‍മ്മാണ ചുമതല വഹിച്ചിരുന്ന വിജയിനെ 1977ല്‍ ഹിമാലയന്‍ പര്‍വത നിരകളുടെ അടുത്ത് സിക്കിമിലേക്ക് സ്ഥലം മാറ്റിയതോടെയാണ് സംഭവങ്ങളുടെ തുടക്കം.
തൊണ്ടവേദനയും സന്ധികളില്‍ നീരുമായിരുന്നു അസുഖത്തിന്റെ ആരംഭം. ശരീരം ജലാംശം പുറത്ത് പോകാതെ, ചീര്‍ത്തു വന്നു. ആര്‍മി ഡോക്ടറെ കാണിച്ചപ്പോള്‍. 13,000 അടി ഉയരത്തിലുള്ള നാഥുല പോലുള്ള പ്രദേശത്ത് റോഡ് നിര്‍മ്മാണത്തിന് പോയതാണ് അസുഖത്തിനു കാരണമായി ഡോക്ടര്‍ പറഞ്ഞത്. അസുഖം മാറ്റമില്ലാതെ തുടര്‍ന്നതോടെ ചണ്ഡിഗഡില്‍ കൂടുതല്‍ ചികിത്സതേടി. വിശദമായ പരിശോധനക്ക് ശേഷം രോഗം കണ്ടെത്തി. വിജയ് ഭട്‌നഗറുടെ കിഡ്‌നി തകരാറിലാണ്. തൊണ്ടയിലെ തുടര്‍ച്ചയായ അസുഖം കിഡ്‌നിയുടെ പ്രവര്‍ത്തനം തകരാറിലാക്കും. ആയിരത്തിലൊരാള്‍ക്ക് വരുന്ന അപൂര്‍വ രോഗമായിരുന്നു അത്.
കിഡ്‌നി മാറ്റിവെയ്ക്കലാണ് പ്രതിവിധി, അതിനായി വേണ്ടത് ഏതാണ്ട് രണ്ടര ലക്ഷം രൂപ. സൈന്യത്തില്‍ നിന്നും ലഭിക്കുന്ന ശമ്പളം കൊണ്ട് ജീവിക്കുന്ന അവര്‍ക്ക് ആ തുക വളരെ വലുതായിരുന്നു. പതിനാലു വര്‍ഷം ഇന്ത്യന്‍ പട്ടാളത്തില്‍ സേവനമനുഷ്ഠിച്ച ഉദ്യോഗസ്ഥനെ മേലധികാരികള്‍ കൈവിടില്ലെന്നു വിശ്വസിച്ച ആശ, വിജയിനെ ഡല്‍ഹിയിലെ ആര്‍മി ആശുപത്രിയിലേക്ക് കൊണ്ടുവന്നു. അവിടെ ചികിത്സിച്ചെങ്കിലും ഫലമുണ്ടായില്ല.
ഒരു വര്‍ഷത്തോളം നീണ്ട നിരീക്ഷണത്തിന് ശേഷം, വൈദ്യശാസ്ത്രപരമായ വൈകല്യം അടിസ്ഥാനമാക്കിയും, കിഡ്‌നി തകരാറായതിനാല്‍ ഇനി ആര്‍മി സര്‍വ്വീസില്‍ തുടരാനാവില്ല എന്ന് വിലയിരുത്തിയും സൈനിക ആശുപത്രി അധികൃതര്‍ വിജയിനെ ഡിസ്ചാര്‍ജ് ചെയ്തു. എന്നാല്‍ അപകട നിലയെ കുറിച്ചോ കിഡ്‌നി മാറ്റി വയ്ക്കേണ്ടതിനെപ്പറ്റിയോ ആര്‍മി ആശുപത്രി ഡോക്ടര്‍മാര്‍ പറഞ്ഞില്ല. അവശ പെന്‍ഷനായി 160 രൂപ അനുവദിച്ച് ആര്‍മി അധികാരികള്‍ വിജയിനെ, പട്ടാളത്തില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു തലയൂരി.
പ്രതീക്ഷ കൈവിടാതിരുന്ന ആശ, വിജയിനെ വീണ്ടും ചണ്ഡിഗഡിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡയാലിസിസ് ആരംഭിച്ചു. അത് വളരെ ചിലവേറിയ ചികിത്സയായിരുന്നു.ഒരു തവണ സര്‍ക്കാര്‍ ആശുപത്രിയില്‍ ഡയാലിസിസ് ചെയ്താല്‍ 500 രൂപയോളമാകും. ആശ വീണ്ടും ആര്‍മി ആശുപത്രിയെ ആശ്രയിച്ചെങ്കിലും വിട്ടുമാറാത്ത വൃക്കരോഗമുള്ള രോഗികളെ ഡയാലിസ് ചെയ്യുന്നത് തങ്ങളുടെ നിയമപരിധിയില്‍പ്പെടില്ലെന്നായിരുന്നു ആശുപത്രിയധികൃതരുടെ നിലപാട്. ആ കാലത്ത് പ്രശസ്ത നേതാവ് ജയപ്രകാശ് നാരായണന് കിഡ്‌നി രോഗം ബാധിച്ചതും അതിന്റെ ചികിത്സകളെ കുറിച്ചും പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ ഈ അസുഖത്തെ കുറിച്ച് സാമാന്യ ധാരണ ജനങ്ങളില്‍ എത്തിച്ചിരുന്നു.
1977 ജൂലൈ, വിജയിന്റെ ആരോഗ്യ നില മോശമായി. മൂത്രം പോകാതെ, യുറേമിക്ക് കോമ എന്നറിയപ്പെടുന്ന ഗുരുതരാവസ്ഥയിലായി. ഡയാലിസിസിന്റെ വേദനാജനകമായ പ്രവര്‍ത്തനം സഹിക്കാന്‍ വയ്യാതെയായപ്പോള്‍ 'എനിക്ക് മരിച്ചാല്‍ മതി, വേദന താങ്ങാന്‍ വയ്യ' എന്ന് വിജയ് കേണു. പതിനഞ്ച് ദിവസത്തെ ഡയാലിസിന് ശേഷം ഡോക്ടര്‍മാര്‍ വ്യക്തമാക്കി - കിഡ്‌നി മാറ്റി വെയ്ക്കാതെ ഇനി പറ്റില്ല. കിഡ്‌നി സംഭാവന ചെയ്യാന്‍ കുടുംബത്തില്‍ ആരെങ്കിലും തയ്യാറാണോ?.
ഇന്ത്യയിലെ സങ്കീര്‍ണമായ നിയമമനുസരിച്ച്, കുടുംബത്തില്‍ ആരെങ്കിലും കിഡ്‌നി നല്‍കിയാല്‍ മാത്രമെ സര്‍ക്കാര്‍ ആശുപത്രിയില്‍ മാറ്റിവെയ്ക്കല്‍ നടക്കുകയുള്ളൂ. കുടുംബത്തിനു പുറത്തുള്ള ആര് തന്നെ കിഡ്‌നി ദാതാവായാലും അത് സ്വീകരിക്കാന്‍ നമ്മുടെ നിയമം അനുവദിക്കുകയില്ല. അത് മാത്രമല്ല. കുടുംബാംഗമായാല്‍ കൂടി ഒരേ രക്ത ഗ്രൂപ്പായിരിക്കണം. ആശ കിഡ്നി നല്‍കാന്‍ തയ്യാറായെങ്കിലും വിജയില്‍ നിന്ന് കുട്ടികള്‍ ജനിച്ചതിനാല്‍ അത് സാധ്യമല്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. വിജയിൻ്റെ കിഡ്‌നിയിലെ രോഗാണുക്കള്‍ ആശയിലും പകരാന്‍ സാധ്യതയുണ്ടെന്നായിരുന്നു വിശദീകരണം.
വിജയിന്റെ പിതാവ് കിഡ്‌നി ദാതാവാകാന്‍ സന്നദ്ധത പ്രകടിപ്പിച്ചു. പക്ഷേ, വിധി ഇടം കോലിട്ടു. ശസ്ത്രക്രിയ നടത്തുന്നതിന് രണ്ട് ദിവസം മുന്‍പ് അദ്ദേഹം ഹൃദ്രോഗം ബാധിച്ച് ആശുപത്രിയിലായി. ഒരു ഹൃദ്രോഗിയുടെ കിഡ്‌നിയും സ്വീകരിക്കാന്‍ കഴിയില്ല. എല്ലാ വഴികളുമടഞ്ഞു. ആറു മാസങ്ങള്‍ക്കു ശേഷം ചണ്ഡിഗഡില്‍ നിന്ന് വിജയിനെയും കൊണ്ട് ആശ വീണ്ടും ഡല്‍ഹിയിലെ ആര്‍മി ആശുപത്രിയിലെത്തി ഡയറക്ടറെ കണ്ടു.
'വിജയിന്റെ ചികിത്സക്കായി നടപടിയെടുത്തില്ലെങ്കില്‍ ഞാന്‍ ഇവിടെ നിന്ന് പോകില്ല. രാജ്യസേവനം ചെയ്ത ഒരു സൈനികൻ്റെ ജീവന്‍ രക്ഷിക്കാന്‍ നിങ്ങള്‍ക്ക് ബാധ്യതയുണ്ട്' എന്നായിരുന്നു ആശയുടെ നിലപാട്. ആ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ ആശുപത്രി അധികൃതര്‍ മുട്ടുമടക്കി. അവര്‍ അടിയന്തര യോഗം ചേര്‍ന്നു. വിജയിനെ ആശുപത്രിയില്‍ വീണ്ടും പ്രവേശിപ്പിക്കാനും ചികിത്സ തുടരാനും തീരുമാനിച്ചു. പക്ഷേ, കിഡ്‌നി മാറ്റാന്‍ വിദേശത്ത് കൊണ്ട് പോകണം. അത് വരെ ചികിത്സ ആശുപത്രി നോക്കും എന്നായിരുന്നു നിലപാട്. രണ്ടര ലക്ഷം രൂപ വേണം, യാത്രാ ചിലവ് വേറെ. ആശ ഇന്ത്യന്‍ ആര്‍മി ചീഫായ ടി.എന്‍. റെയ്‌നയെ പോയിക്കണ്ട് സഹായം തേടി. ആര്‍മി സഹായിച്ചു. പക്ഷേ, നല്‍കിയത് വെറും 5000 രൂപയാണെന്ന് മാത്രം. ആകെ കയ്യിലുള്ളത് പി.എഫിലെ, ബാക്കിവന്ന 14,000 രൂപ മാത്രം. അന്നത്തെ രാജ്യരക്ഷാ മന്ത്രിയായ ജഗ്ജീവന്‍ റാമിന്റെ മുന്നിലെത്തി ആശ തന്റെ പരാതിയറിയിച്ചു. അദ്ദേഹം കരുണ കാണിച്ചു. 25,000 രൂപ ആശക്ക് നല്‍കി. ഇത്രയുമായിട്ടും. വേണ്ട പണം തികഞ്ഞില്ല.
ഇത്രയുമായപ്പോഴേയ്ക്കും പാലക്കാട്ടെ ഒരു അഗ്രഹാരത്തില്‍ നിന്ന് വന്ന നീണ്ടു മെലിഞ്ഞ ആ യുവതിക്ക് പൊരുതാനുള്ള ധൈര്യം കൈവന്നു കഴിഞ്ഞിരുന്നു. രാജ്യമാകെയുള്ള പട്ടാള യൂണിറ്റുകളിലേക്ക് ആശ ഒരു കത്തെഴുതി. 'ഒരു സൈനികന്റെ ഇപ്പോഴത്തെ അവസ്ഥ. ഒരു ജവാന് അസുഖം വന്നാല്‍ ആര്‍മി ചെയ്യുന്നത് എന്താണെന്ന് നിങ്ങളറിയുക. നാളെ നിങ്ങള്‍ക്കും വരാം ഈ വിധി'.
ഇന്ത്യയൊട്ടാകെയുള്ള സൈനികര്‍ പ്രതികരിച്ചു. ഓരോ യൂണിറ്റില്‍നിന്നു ആയിരവും രണ്ടായിരവുമായി 35,000 രൂപ അങ്ങനെ ലഭിച്ചു. 'ഒരു കാര്യം എനിക്ക് ബോധ്യമായി ജനങ്ങള്‍ എന്റെ കൂടെയുണ്ട്' ആശ പിന്നീട് ഓർത്തെടുത്തു. ജയ്പൂര്‍ രാജമാതാ 25,000 രൂപ നല്‍കി. കൂടാതെ ജയ്പൂരിലെ വ്യാപാരികള്‍ അമ്പതിനായിരം രൂപ പിരിച്ചെടുത്ത് നല്‍കി. ആഭരണങ്ങളെല്ലാം വിറ്റു. അങ്ങനെ ചികിത്സക്ക് വേണ്ട വിദേശ നാണ്യം 25,000 ഡോളര്‍ റിസര്‍വ് ബാങ്കില്‍ നിന്ന് നേടി. വിജയ് ഭട്‌നഗറിന്റെ കഥയറിഞ്ഞ ജെറ്റ് എയര്‍വെയ്‌സ് സൗജന്യമായി രണ്ട് പേര്‍ക്കുള്ള യാത്രാ ടിക്കറ്റ് നല്‍കി. 1978 ജനവരി 5ന് രണ്ട് മക്കളേയും ജയ്പൂരില്‍ നിര്‍ത്തി,വിജയിനെയും കൊണ്ട് ആശ അമേരിക്കയിലേക്ക് പറന്നു. ഒരു ഒറ്റയാള്‍ പോരാട്ടത്തിന്റെ ആദ്യ വിജയം.
ന്യൂയോര്‍ക്കിലെ ബ്രൂക്ക്ലെയിനിലുള്ള, ഡൗണ്‍സ് സ്റ്റേറ്റ് മെഡിക്കല്‍ സെന്ററില്‍ വിജയ് ഭട്‌നഗറിനുള്ള മുറി തയ്യാറായിരുന്നു. കാര്യങ്ങളെല്ലാം പെട്ടെന്ന് നടന്നു. രണ്ടാമത്തെ ദിവസം, ഫ്‌ളോറിഡയില്‍ നിന്ന് ചാര്‍ട്ടര്‍ ചെയ്ത വിമാനത്തില്‍ കിഡ്‌നി എത്തി. 5000 ഡോളര്‍ കൊടുക്കേണ്ടി വന്നു എന്ന് മാത്രം. നാലുവയസ് പ്രായമുള്ള ഒരു കുട്ടിയുടെ കിഡ്‌നിയായിരുന്നു. പ്രായം പ്രശ്‌നമല്ല. സ്വീകരിക്കുന്നയാളിന്റെ ശരീരത്തിന് ആനുപാതികമായി പുതിയ കിഡ്‌നി വികസിക്കും. ശസ്ത്രക്രിയ വിജയകരമായിരുന്നു. പിന്നിടുള്ള ഏതാനും മണിക്കൂറുകളാണ് രോഗിയുടെ വിധി തീരുമാനിക്കുന്നത്. അത് കഴിഞ്ഞാലെ ശസ്ത്രക്രിയ വിജയിച്ചു എന്ന് പറയാനാകൂ. ഭാഗ്യവശാല്‍ പുതിയ കിഡ്‌നിയെ വിജയുടെ ശരീരം സ്വീകരിച്ചു. ശസ്ത്രക്രിയക്ക് ശേഷം അഞ്ച് മാസം അമേരിക്കയില്‍, തങ്ങാന്‍ ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. അത് കഴിഞ്ഞപ്പോള്‍ ഇന്ത്യയിലേക്ക് മടങ്ങാന്‍ ടിക്കറ്റ് ബുക്ക് ചെയ്തു.
ആശുപത്രിയില്‍ ഡോക്ടര്‍മാരോട് യാത്ര പറയാന്‍ ചെന്നപ്പോഴാണ് പെട്ടെന്ന് വിജയിൻ്റെ നില വഷളായത്. പുതിയ കിഡ്നിയെ ശരീരം നിരാകരിച്ചു. വിജയ് വീണ്ടും രോഗശയ്യയിലായി. 48 മണിക്കൂറിനകം കിഡ്‌നി മാറ്റിവെച്ചില്ലെങ്കില്‍ മരണം സംഭവിക്കും. അശനിപാതം പോലെ വന്നടിച്ച ഈ ആഘാതത്തില്‍ ആശ തകര്‍ന്നു പോയി. കണ്ണുകളില്‍ ഇരുട്ട് പടര്‍ന്നു. 'ഒരു കിഡ്‌നി രോഗിക്ക് വേണ്ടത് ആശ്വാസം നല്‍കുന്ന വാക്കുകളാണെന്ന് എനിക്ക് അപ്പോള്‍ തോന്നി. വിജയ് മരിക്കും എന്ന് ഉറപ്പായി.
ഇന്ത്യയിലെ കിഡ്‌നി രോഗികളെ സഹായിക്കാന്‍ ഒരു ഫൗണ്ടേഷന്‍ തുടങ്ങും എന്ന് ഞാന്‍, ആ നിമിഷം തീരുമാനിച്ചു.' വിജയ് ഭട്‌നഗര്‍ കിഡ്‌നി ഫൗണ്ടേഷന്‍ എന്ന പേരും. ആശ പിന്നിട് ഓർത്തെടുത്തു
വിജയിന്റെ നില അനുദിനം വഷളായി. അതിനിടെ ഇരുട്ടടിയായി മഞ്ഞപ്പിത്തവും ബാധിച്ചു. അതിനാല്‍ ആറു മാസത്തേക്ക് കിഡ്‌നി മാറ്റല്‍ പ്രക്രിയ സാധ്യമല്ല. മാത്രമല്ല 25,000 ഡോളര്‍ പിന്നെയും വേണം താമസിക്കാന്‍ സ്ഥലം വേറെയും. എല്ലാ വഴികളും അടഞ്ഞ്, വഴിമുട്ടി നിന്ന ആ ഘട്ടത്തില്‍ വിജയ് പറഞ്ഞു' നമുക്ക് തിരികെ പോകാം ഒന്നുകില്‍, മക്കളെ കണ്ട് മരിക്കാമല്ലോ?' ആശയും സമ്മതിച്ചു.
അപ്പോഴാണ് പോളണ്ടുകാരിയായ റിക്കി എന്ന സ്ത്രീ ആശയെ കാണാന്‍ വന്നത്. അമേരിക്കയില്‍ താമസിക്കുന്ന അവര്‍ അഞ്ച് വയസായ ഒരു കുട്ടിക്ക് തന്റെ വൃക്ക ദാനം ചെയ്ത സ്ത്രീയായിരുന്നു. അവര്‍ പറഞ്ഞു 'നിങ്ങള്‍ ഭര്‍ത്താവിന് വേണ്ടി ഇത്രയും പോരാടി. അത് തുടരുക. പണമില്ലാത്തതാനാല്‍ നിങ്ങള്‍ ഒളിച്ചോടരുത്. എത്ര നാള്‍ വേണമെങ്കിലും നിങ്ങള്‍ക്ക് എൻ്റെ കൂടെ താമസിക്കാം'. അവർ വാഗ്ദാനം ചെയ്തു. അപ്രതീക്ഷിതമായ കോണില്‍ നിന്നുള്ള സഹായം ആശയില്‍ വീണ്ടും പ്രതീക്ഷയുണര്‍ത്തി.അവര്‍ പറഞ്ഞതനുസരിച്ച് ആശുപത്രിയിലെ സോഷ്യല്‍ വര്‍ക്കറെ ചെന്ന് കണ്ടു. അമേരിക്കയിലുള്ള ആശുപത്രികളില്‍ ഉള്ള സോഷ്യല്‍ വര്‍ക്കര്‍ മാര്‍ രോഗികളുടെ പ്രശ്‌നങ്ങളില്‍ അവരെ സഹായിക്കുന്നവരാണ്.
ഡൗണ്‍ സ്റ്റേറ്റ് മെഡിക്കല്‍ സെൻ്ററിലെ സോഷ്യല്‍ വര്‍ക്കര്‍ ആശയ്ക്ക് ഒരു വഴി കാണിച്ചു കൊടുത്തു. അമേരിക്കയില്‍ നിയമമനുസരിച്ച്, ഒരു രോഗിയെ ചികിത്സിച്ചാല്‍ ബന്ധുക്കള്‍ക്ക് തൃപ്തിയാകാതെ ഡിസ്ചാര്‍ജ് ചെയ്യാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിയില്ല. അങ്ങനെ ചെയ്താല്‍ ഡോക്ടര്‍ക്കെതിരെ കോടതിയില്‍ പോകാം. അതിനാല്‍ വിജയിന്റെ കാര്യത്തില്‍ ചികിത്സ നിർത്തി പറഞ്ഞു വിടാന്‍ ഡോക്ടര്‍ക്ക് കഴിയില്ല.
ആശയുടെ വിവേകം ഉണര്‍ന്നു പ്രവര്‍ത്തിച്ചു. പത്രങ്ങളില്‍ വാര്‍ത്തയും സഹായാഭ്യര്‍ത്ഥനയും കൊടുത്തു. ഇന്ത്യാക്കാര്‍ താമസിക്കുന്ന നഗരങ്ങളില്‍ ചെന്ന് അഭ്യര്‍ത്ഥന നടത്തി. പണം വരാന്‍ തുടങ്ങിയപ്പോള്‍ ആശ മെഡിക്കല്‍ സെന്റിലെ അഡ്മിനിസ്‌ട്രേറ്ററെ ചെന്ന് കണ്ട് ഭീഷണി മുഴക്കി. ചികിത്സ മുഴുവനാക്കാതെ പറഞ്ഞയച്ചാല്‍ താന്‍ പത്ര സമ്മേളനം നടത്തി ഈ അനീതി ലോകത്തെയറിയിക്കും. ആശ വ്യക്തമാക്കി. അമേരിക്കയില്‍ ഇത്തരമൊരു പ്രശ്‌നം വന്നാല്‍ അത് ജനവികാരമായി മാറാം.അതിനാല്‍ ആശുപത്രിക്കാര്‍ മാറി ചിന്തിച്ചു. മാത്രമല്ല, ഒരു വിദേശിക്ക് ചികിത്സ നിഷേധിച്ചുവെന്ന ചീത്തപ്പേരുണ്ടാക്കാന്‍ അവര്‍ ആഗ്രഹിച്ചില്ല. ധൈര്യശാലികളെ, ഭാഗ്യം തുണയ്ക്കും എന്നൊരു വചനമുണ്ട് അത് ഇവിടെ യാഥാര്‍ത്ഥ്യമാവുകയായിരുന്നു. പണം പിന്നീട് തരാമെന്ന വ്യവസ്ഥയില്‍ കിഡ്‌നി മാറ്റിവെയ്ക്കാമെന്ന് ആശുപത്രി അധികൃതര്‍ സമ്മതിച്ചു. അങ്ങനെ ആശയുടെ ഒറ്റയാള്‍ പോരാട്ടത്തിന് മുന്നില്‍ ഒരിക്കല്‍ കൂടി വിധി വഴി മാറി.
1978 സെപ്റ്റംബര്‍ 2 ന് വിജയ് വിജയ് ഭട്‌നഗറിന്റെ കിഡ്‌നി രണ്ടാമതും മാറ്റി വെയ്ക്കുന്ന ശസ്ത്രക്രിയ നടന്നു. 1978 ഡിസംബറില്‍ വിജയ് വിജയ് ഭട്‌നഗറും ആശയും ഇന്ത്യയിലേക്ക് മടങ്ങി. രണ്ട് വര്‍ഷം മുന്‍പ് മരണത്തിന്റെ പടിവാതിലില്‍ വരെ എത്തിയ വിജയ് ഭട്‌നഗര്‍ പൂര്‍ണ്ണ ആരോഗ്യവാനായി. അതും ഇന്ത്യന്‍ ആര്‍മി അനോരാഗ്യവാനാണെന്ന്, മുദ്ര കുത്തി പിരിച്ചു വിട്ട ഒരു സൈനികന്‍.
കഥയിവിടെ തീരുന്നില്ല. ജീവന്‍ തിരികെ കിട്ടി ഇനി ജീവിതമോ ?
കിഡ്‌നി മാറ്റി വെച്ച ഒരാളെ പലപ്പോഴും ഒരു ബാധ്യതയായി കണക്കാക്കുന്നതിനാല്‍ ജോലി കണ്ടെത്തുന്നതില്‍ വിജയ്ക്ക് പ്രശ്നങ്ങളുണ്ടായിരുന്നു. അയാളും ആശയും സുഹൃത്തുക്കളില്‍ നിന്നും പണം കടം വാങ്ങിയും ബാങ്കുകളില്‍ നിന്നും വായ്പയെടുത്ത് ഒരു ട്രാവല്‍ ബിസിനസും ബ്യൂട്ടി പാര്‍ലറും ആരംഭിച്ചു. രണ്ടാം ജന്മത്തിന് അടിത്തറയിടാന്‍. പക്ഷേ, വിജയ് ഭട്‌നഗറിന്റെ മനസില്‍ മറ്റ് ചില ആശയങ്ങളുണ്ടായിരുന്നു.
തനിക്ക് വന്ന രോഗാവസ്ഥ പോലുള്ളവ, മറ്റുള്ള സൈനികര്‍ക്ക് വന്നാല്‍ വൈദ്യചികിത്സ, സേനാംഗങ്ങള്‍ക്ക് നിര്‍ബന്ധമാക്കണമെന്ന് സൈന്യത്തില്‍ നിയമം വരണം. ഇനി ഇത്തരം ഗതികേട് ഒരു സൈനികനും വരരുത് അതിനായി ആര്‍മിയെ കോടതി കേറ്റാന്‍ തീരുമാനിച്ചു. അതിനു പിന്നില്‍ മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. പട്ടാളത്തിന്റെ നിയമമനുസരിച്ച് ഒരു സൈനികനെ അനാരോഗ്യം കാരണമോ, രോഗ കാരണത്താലോ പുറത്താക്കുമ്പോള്‍ ആര്‍മി ചീഫിന്റെ ഉത്തരവു വേണം.
1977 ല്‍ വിജയ്വിജയ് ഭട്‌നഗറിനെ ആര്‍മി പുറത്താക്കിയപ്പോള്‍ ആര്‍മി ചീഫിന്റെ ഒരു ഉത്തരവും കിട്ടിയിരുന്നില്ല. വിജയിന്റേത് പോലെ സമാനമായ കിഡ്‌നി രോഗം ബാധിച്ച മറ്റാരെയും ആര്‍മി പിരിച്ച് വിട്ടില്ല. അവര്‍ക്കൊക്കെ ചികിത്സിക്കാന്‍ ആര്‍മി അവധി നല്‍കുകയാണ് ചെയ്തത്.
ഈ അന്യായം ചൂണ്ടിക്കാട്ടി 1981 ല്‍ രാജസ്ഥാന്‍ ഹൈക്കോടതിയില്‍ ഒരു റിട്ട് പെറ്റിഷന്‍ ഫയല്‍ ചെയ്തു. രണ്ട് കൊല്ലത്തിന് ശേഷം 1983 ല്‍ രാജസ്ഥാന്‍ ഹൈക്കോടതി വിജയ്‌നെ നിയമ പ്രകാരം ആര്‍മിയില്‍ നിന്ന് പിരിച്ചു വിട്ടിട്ടില്ലെന്ന് വിധി പുറപ്പെടുവിച്ചു. ആര്‍മിയില്‍ നിന്ന് രേഖകള്‍ വരുത്തി പരിശോധിച്ചതില്‍ നിന്ന് പുറത്താക്കുന്ന ഉത്തരവില്‍ ആര്‍മി ചീഫ് ഒപ്പിട്ടിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. 1977 മുതല്‍ വിജയ് ഭട്‌നഗര്‍ സര്‍വ്വീസിലുള്ളതായി കണക്കാക്കി എല്ലാ ആനുകൂല്യങ്ങളും നല്‍കണമെന്ന് കോടതി വിധിച്ചു. ആര്‍മി അപ്പീല്‍ പോയെങ്കിലും ഡിവിഷന്‍ ബഞ്ച് വിധി ശരിവെച്ചു.
ആര്‍മി ഇതിനെതിരെ സുപ്രീം കോടതിയില്‍ പോയി. 1985 സെപ്റ്റംബര്‍ 5 ന്, ഇന്ത്യയിലെ പരമോന്നത നീതി പീഠം ഇന്ത്യന്‍ ആര്‍മിയുടെ ചരിത്രത്തിലെ, നാഴികക്കല്ലായി മാറിയ ആ വിധി പ്രസ്താവിച്ചു. ഹൈക്കോടതി വിധി ശരിവെച്ച സുപ്രീം കോടതി വിജയ് ഭട്‌നഗര്‍ ഇത് വരെ വാങ്ങിയ പെന്‍ഷന്‍ തുക കുറച്ച് ബാക്കി എല്ലാ ആനുകൂല്യങ്ങളും നല്‍കാന്‍ വിധിച്ചു. 157 ഓഫീസര്‍മാരെ ഇതേ കാരണത്താല്‍ പിരിച്ചു വിട്ടിട്ടുണ്ടെന്ന് ആര്‍മി കോടതിയെ ബോധിപ്പിച്ചിരുന്നതിനാല്‍ അവര്‍ക്കും ഈ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ കോടതിയെ സമീപിക്കാമെന്ന നിര്‍ണായകമായ നിര്‍ദേശവും ഈ വിധി മൂലം നിലവില്‍ വന്നു. വിജയ് ഭട്‌നഗര്‍, മേജറിന്റെ റാങ്കോടെ ജയ്പൂരില്‍ സര്‍വീസില്‍ പ്രവേശിച്ചു. കിട്ടേണ്ട ആനുകൂല്യങ്ങള്‍ക്ക് സമയ പരിധി നിശ്ചയിക്കാത്തതിനാൽ ആര്‍മി നഷ്ടപരിഹാരം നല്‍കിയില്ല. അതിനെതിരെ വീണ്ടും കോടതിയിലേക്ക് കേസിന് പോയ വിജയ് ഭട്‌നഗറിനെ പൂനെയിലേക്ക് സ്ഥലം മാറ്റി.
ഇതിനിടെ, ജയ്പൂരില്‍ മടങ്ങിയെത്തിയ ആശ ആഗ്രഹിച്ച പോലെ,' മേജര്‍ വിജയ് ഭട്‌നഗര്‍ കിഡ്‌നി ഫൗണ്ടേഷന്‍ ' ആരംഭിച്ചു. കിഡ്‌നി രോഗസംബന്ധമായ വിവരങ്ങള്‍ നല്‍കുക. വിദേശത്ത് ചികിത്സിക്കാന്‍ സഹായം നല്‍കുക. കിഡ്‌നി നല്‍കാന്‍ ആഗ്രഹിക്കുന്നവരുടെ വിവരങ്ങള്‍ ശേഖരിക്കുക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കിഡ്‌നി കമ്പ്യൂട്ടറുകള്‍ സ്ഥാപിക്കുക എന്നിങ്ങനെ പോകുന്നു ഈ ഫൗണ്ടേഷന്റെ ലക്ഷ്യങ്ങള്‍. കേരളത്തിലെ പാപ്പിനിശേരി വിഷ ചികിത്സാ കേന്ദ്രത്തിന് ഒരു ലക്ഷം രൂപ വിലയുള്ള ഒരു ഡയാലിസ് യന്ത്രം സംഭാവനയായി, യാതൊരു പബ്ലിസിറ്റിയും ഇല്ലാതെ ആശ നല്‍കിയിരുന്നു.സംഭാവന നല്‍കിയത് ഒരു മലയാളിയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു,പക്ഷേ അതാരെന്ന് ആരും അറിഞ്ഞില്ല. ആശ അത് പറയാനും പോയില്ല. അമേരിക്കയില്‍ നിന്ന് ലഭിച്ച ഇത്തരം 14 യന്ത്രങ്ങള്‍ ഫൗണ്ടേഷന്‍ രാജ്യത്തിന്റെ പല ഭാഗങ്ങളായി നല്‍കിയിട്ടുണ്ട്. ഇവ പ്രവര്‍ത്തിക്കാന്‍ പഠിപ്പിക്കുന്ന പരിശീലകരേയും ഫൗണ്ടേഷന്‍ അയക്കാറുണ്ട്.
ഖദര്‍ വസ്ത്രം മാത്രം ധരിക്കുന്ന, ഇംഗ്ലീഷ്, ഹിന്ദി, മറാഠി, തമിഴ്, മലയാളം എന്നീ ഭാഷകള്‍ സംസാരിക്കുന്ന ആശ പാലക്കാട് മേഴത്തൂര്‍ തോട്ടക്കര മഠത്തില്‍ എം. രാമനാഥന്റെ മകളാണ്. കോട്ടയത്ത് പി.ടി.ഐയുടെ ചീഫ് റിപ്പോര്‍ട്ടറായിരുന്നു രാമനാഥന്‍ -കോട്ടയം ബേക്കര്‍ സ്‌കൂളില്‍ പഠിച്ച ആശ മുംബൈയില്‍ വില്‍സണ്‍ കോളേജിലായിരുന്നു ഉപരിപഠനം. ഒരു ട്രെയിന്‍ യാത്രയിലെ പരിചയം പിന്നീട് പ്രണയമായി വളര്‍ന്ന് രാജസ്ഥാന്‍ കാരനായ ക്യാപ്റ്റന്‍ വിജയ് ഭട്നഗറിനെ വിവാഹം കഴിക്കുന്നതിലെത്തി.
വിജയ് ഭട്‌നഗര്‍ 1992 ല്‍ മരിച്ചു. അതിന് ശേഷം ആശ ഫൗണ്ടേഷന്‍ ഒരു ട്രസ്റ്റിന് കൈമാറി. ഹോഴ്‌സ് റൈഡിങ്ങില്‍ പണ്ടേ തല്‍പ്പരയായിരുന്ന അവര്‍ ആ വഴിക്ക് നീങ്ങി. പിന്നീട് ആ മേഖലയില്‍ ആശ ഭട്‌നഗര്‍ ഇന്ത്യയിലെ, പ്രശസ്തയായ ഹോഴ്‌സ് റൈഡറായി.
ആശാ ഭട്‌നഗറിന്റെയും ഒരു പുനര്‍ജന്മത്തിന്റെയും കഥ ഇവിടെ അവസാനിക്കുന്നു. എന്നാല്‍ ഒരു യുവതിയുടെ മനക്കരുത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും കഥ ഒരിക്കലും അവസാനിക്കുന്നില്ല എന്ന് ആശാ ഭട്‌നഗറിന്റെ കഥ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.