PEOPLE

അതിഷി: അതിഥിയായി എത്തി മുഖ്യമന്ത്രിയിലേക്ക്, ഇന്ദ്രപ്രസ്ഥം ഭരിക്കാനിറങ്ങുന്നത് ആക്ടിവിസത്തിൽ രാഷ്ട്രീയം തുടങ്ങിയ വനിതാ നേതാവ്

നിരവധി രാഷ്ട്രീയ നാടകങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള ഡല്‍ഹിയുടെ ഭാവി നിര്‍ണയിക്കുന്ന രാഷ്ട്രീയ പോരാട്ടത്തിനുള്ള തുടക്കം കൂടിയാണ് അധികാര കൈമാറ്റത്തിലൂടെ കെജ്‌രിവാള്‍ തുടക്കമിടുന്നത്.

വെബ് ഡെസ്ക്

ഡല്‍ഹി വീണ്ടുമൊരു അധികാര കൈമാറ്റത്തിന് സാക്ഷിയാവുകയാണ്. പുതുതലമുറ രാഷ്ട്രീയം പറഞ്ഞ് രാജ്യ തലസ്ഥാനത്ത് അധികാരത്തിലെത്തിയ ആം ആദ്മി പാര്‍ട്ടി ( എഎപി ) അതിന്റെ രണ്ടാം നിരയിലേക്ക് അധികാരം വച്ചുമാറുകയാണ്. എഎപി ദേശീയ കണ്‍വീനറായ അരവിന്ദ് കെജ്‌രിവാളിന് പകരം അതിഷി ഡല്‍ഹിയുടെ മുഖ്യമന്ത്രിയാകുമ്പോള്‍ രാജ്യ തലസ്ഥാനം പുതിയ ചരിത്രമെഴുതുകയാണ്.

നിരവധി രാഷ്ട്രീയ നാടകങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള ഇന്ദ്രപ്രസ്ഥത്തിന്റെ ഭാവി നിര്‍ണയിക്കുന്ന രാഷ്ട്രീയ പോരാട്ടത്തിനുള്ള തുടക്കം കൂടിയാണ് അധികാര കൈമാറ്റത്തിലൂടെ കെജ്‌രിവാള്‍ തുടക്കമിടുന്നത്. നിരവധി പേരുകളില്‍ നിന്നും ഏകകണ്‌ഠേനയാണ് അതിഷിയിലേക്ക് മുഖ്യമന്ത്രി പദമെത്തുന്നത്. കെജ്രിവാള്‍ തന്നെയാണ് അതിഷിയുടെ പേര് നിര്‍ദേശിക്കുന്നതും. കെജ്‌രിവാള്‍ ജയിലടയ്ക്കപ്പെട്ട സമയത്ത് ആംആദ്മിയുടെ പോര്‍മുഖങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു അതിഷി.

പരിസ്ഥിതി പ്രശ്‌നങ്ങളില്‍ സജീവമായ ഇടപെടല്‍ നടത്തുന്ന ആക്ടിവിസ്റ്റ് എന്ന നിലയിലായിരുന്നു അതിഷിയുടെ പിന്നീടുള്ള പ്രവര്‍ത്തനങ്ങള്‍

ഷീല ദീക്ഷിത്, സുഷമ സ്വരാജ് എന്നിവര്‍ക്കും ശേഷം ഡല്‍ഹിക്ക് ലഭിക്കുന്ന മൂന്നാമത്തെ വനിത മുഖ്യമന്ത്രിയാണ് അതിഷി. വിദ്യാഭ്യാസ പ്രവര്‍ത്തക, പരിസ്ഥിതി വാദി, എംഎല്‍എ, മന്ത്രി തുടങ്ങി വിവിധ മേഖലകളില്‍ മികവ് തെളിയിച്ചാണ് എക്കാലത്തും മുള്‍ക്കിരീടമായ ഡല്‍ഹിയുടെ മുഖ്യമന്ത്രി പദവിയിലേക്ക് അതിഷി കടന്നുവരുന്നത്.

ഡല്‍ഹി സര്‍വകലാശാലയ്ക്ക് കീഴിലുള്ള പ്രശസ്തമായ സെന്റ് സ്റ്റീഫന്‍ കോളേജില്‍ നിന്നാണ് അതിഷി ബിരുദം സ്വന്തമാക്കുന്നത്. തുടര്‍ന്ന് സ്‌കോളര്‍ഷിപ്പോടെ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ്റ്റര്‍ ഡിഗ്രി. ഈ അക്കാദമിക പശ്ചാത്തലമാണ് വിദ്യാഭ്യാസ പ്രവര്‍ത്തക എന്ന നിലയില്‍ അതിഷിക്ക് മികച്ച പ്രകടനം നടത്താന്‍ വഴി തുറന്നത്.

പരിസ്ഥിതി പ്രശ്‌നങ്ങളില്‍ സജീവമായ ഇടപെടല്‍ നടത്തുന്ന ആക്ടിവിസ്റ്റ് എന്ന നിലയിലായിരുന്നു അതിഷിയുടെ പിന്നീടുള്ള പ്രവര്‍ത്തനങ്ങള്‍. പുനരുപയോഗിക്കുന്ന ഊര്‍ജത്തിന്റെ ഉപയോഗം, അന്തരീഷ മലീനീകരണം, ഡല്‍ഹിയിലെ അന്തരീക്ഷ പ്രശ്‌നങ്ങള്‍ എന്നിവയിലും അതിഷി കാര്യമായി ഇടപെടല്‍ നടത്തിയിരുന്നു.

ആം ആദ്മി പാര്‍ട്ടിയിലൂടെ രാഷ്ട്രീയത്തിലേക്ക് ചുവടുവച്ച അതിഷി, ഡല്‍ഹി സര്‍ക്കാരിന്റെ വിദ്യാഭ്യാസ വിഷയങ്ങളിലെ ഉപദേശക എന്ന നിലയിലായിരുന്നു ആദ്യം പ്രവര്‍ത്തിച്ചത്. 2020ല്‍ എംഎല്‍എ ആയി തിരഞ്ഞെടുക്കപ്പെട്ടു. ഡല്‍ഹി കല്‍കാജ് മണ്ഡലത്തില്‍ നിന്ന് നിയമസഭയിലെത്തിയ അതിഷി 2023 മാര്‍ച്ചിലാണ് കെജ് രിവാള്‍ മന്ത്രിസഭയില്‍ എത്തുന്നത്.

ധനം, റവന്യൂ, വിദ്യാഭ്യാസം അടക്കം 13 വകുപ്പുകളാണ് നിലവില്‍ അതിഷി കൈകാര്യം ചെയ്യുന്നത്. ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ പ്രധാന വിദ്യാഭ്യാസ പരിഷ്‌കാരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വ്യക്തി എന്ന നിലയില്‍ അതിഷിക്ക് ലഭിച്ച സ്വീകര്യത ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. സ്‌കൂള്‍ അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിക്കുന്നതിലും അധ്യാപന നിലവാരം മെച്ചപ്പെടുത്തുന്നതിലും 'ഹാപ്പിനസ് കരിക്കുലം', 'എന്റര്‍പ്രണര്‍ഷിപ്പ് മൈന്‍ഡ്‌സെറ്റ് കരിക്കുലം' തുടങ്ങിയ നൂതന പരിപാടികള്‍ അവതരിപ്പിക്കുന്നതിലും അവര്‍ നിര്‍ണായക പങ്ക് വഹിച്ചു. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഉപദേഷ്ടാവ് എന്ന നിലയിലും അതിഷിയുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഡല്‍ഹി സര്‍വകലാശാലയിലെ പ്രൊഫസര്‍മാരായ വിജയ് സിംഗ്, ത്രിപ്ത വാഹി എന്നിവരുടെ മകളായി 1981 ജൂണ്‍ 8 നായിരുന്നു അതിഷിയുടെ ജനനം. ഡല്‍ഹിയിലെ ഒരു അക്കാദമിക് കുടുംബമായിരുന്നു അതിഷിയുടേത്. തങ്ങള്‍ പിന്തുടര്‍ന്ന പ്രത്യയശാസ്ത്രങ്ങളുടെ ഭാഗമായി മാര്‍ക്സ്, ലെനിന്‍ എന്നീ പേരുകളുടെ മിശ്രിതമായ 'മാര്‍ലീന' എന്ന മധ്യനാമം കൂടി കുടുംബം അതിഷിക്ക് നല്‍കി. എന്നാല്‍ തന്റെ രാഷ്ട്രീയ ജീവിതം മുന്നോട്ട് പോയ വഴിയില്‍ അവര്‍ ആ പേര് പോലും ഉപേക്ഷിച്ചു. 2018-ല്‍ മര്‍ലീന എന്നത് അതിഷി തന്റെ പേരില്‍ നിന്നും നീക്കി.

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി

പെര്‍ത്തില്‍ പിഴച്ച് ഇന്ത്യ; ആദ്യ ഇന്നിങ്ങ്‌സില്‍ 150ന് പുറത്ത്, രണ്ടക്കം കടന്നത് നാലു ബാറ്റർമാര്‍ മാത്രം