അറ്റ്ലസ് രാമചന്ദ്രന്‍ 
PEOPLE

പ്രതിസന്ധികളോട് പൊരുതി അറബ് മണ്ണില്‍ സാമ്രാജ്യം തീര്‍ത്ത മലയാളി

വെബ് ഡെസ്ക്

ജന്മനാട്ടിലേക്ക് മടങ്ങണം, ഏതൊരു പ്രവാസികളെയും പോലെ അറ്റ്ലസ് രാമചന്ദ്രനും തന്റെ സ്വപ്‌നമായി ബാക്കിവച്ചത് അത് മാത്രമായിരുന്നു. ഒടുവില്‍ ആ സ്വപ്‌നം ബാക്കിയാക്കി അറ്റ്ലസ് രാമചന്ദ്രന്‍ ലോകത്തോട് വിടപറഞ്ഞിരിക്കുന്നു. ജ്വല്ലറി വ്യവസായം, സിനിമ, കൈവച്ച മേഖലകളില്‍ എല്ലാം മികവ് തെളിയിച്ച വ്യക്തിയായിരുന്നു രാമചന്ദ്രന്‍. എന്നാല്‍ സിനിമാ കഥ പോലെ തന്നെയായിരുന്നു അദ്ദേഹത്തിന്റെ ജീവിതവും.

പ്രതിസന്ധികളോട് പൊരുതിയാണ് രാമചന്ദ്രന്‍ എന്ന മലയാളി അറബ് മണ്ണില്‍ തന്റെ സാമ്രാജ്യം വെട്ടിപ്പിടിച്ചത്. തൊട്ടതെല്ലാം പൊന്നാക്കിയ കാലം. ഒടുവില്‍ തിരിച്ചടികള്‍, തകര്‍ച്ച, ജയില്‍ വാസം, ദുബായില്‍ അന്ത്യം.

ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബായിലെ ആസ്റ്റര്‍ മന്‍ഖൂള്‍ ഹോസ്പിറ്റലില്‍ ഞായറാഴ്ച രാത്രിയോടെയായിരുന്നു മരണം. നിരവധി വര്‍ഷങ്ങളായി കുടുംബത്തോടൊപ്പം ദുബായില്‍ സ്ഥിരതാമസക്കാരനാണ്.

തൃശ്ശൂരില്‍ തുടങ്ങി ഗള്‍ഫ് വ്യവസായിയിലേക്ക്

തൃശ്ശൂര്‍ സെന്‍തോമസ് കോളേജില്‍ നിന്ന് ബിരുദവും ഡല്‍ഹി സ്‌കൂള്‍ ഓഫ് എക്കണോമിക്സില്‍ നിന്ന് ബിരുദാനന്തര ബിരുദവും സ്വന്തമാക്കിയ ശേഷം രാമചന്ദ്രന്‍ ബാങ്ക് ഉദ്യോഗസ്ഥനായാണ് തന്റെ കരിയര്‍ ആരംഭിക്കുന്നത്.

1947 ല്‍ കുവൈത്തിലെത്തിയ അദ്ദേഹം കൊമേഴ്‌സ്യല്‍ ബാങ്ക് ഓഫ് കുവൈത്തില്‍ ജോലി ചെയ്യുന്നതിനിടെയാണ് സ്വര്‍ണ വ്യവസായത്തിന്റെ സാധ്യതകളെ കുറിച്ച് തിരിച്ചറിയുന്നത്. തുടര്‍ന്ന് അറ്റ്‌ലസ് എന്ന പേരില്‍ ജ്വല്ലറി ഗ്രൂപ്പിന് തുടക്കമിട്ടു.1981 ഡിസംബറിലാണ് അറ്റ്‌ലസിന്‍റെ ആദ്യ ഷോറും ആരംഭിക്കുന്നത്.

സ്വന്തം മേല്‍വിലാസമുണ്ടാക്കി അറ്റ്‌ലസ് മുന്നോട്ട് പോകുന്നതിനിടെ അപ്രതീക്ഷിതമായി എത്തിയ ഗള്‍ഫ് യുദ്ധം രാമചന്ദ്രന്റെ കുവൈത്തിലെ ബിസിനസുകളെ അപ്പാടെ തകര്‍ത്തു. എന്നാല്‍ തോല്‍വി സമ്മതിക്കാന്‍ അദ്ദേഹത്തിനുള്ളിലെ പോരാളി തയ്യാറായില്ല. കുവൈത്തില്‍ നിന്ന് യുഎഇയിലേക്ക് ചുവട് മാറിയ അദ്ദേഹം തന്റെ സാമ്രജ്യം വീണ്ടും പടുത്തുയര്‍ത്തി.

സിനിമയും രാമചന്ദ്രനും ചന്ദ്രകാന്ത് ഫിലിംസും

ഗള്‍ഫിലെ ബിസിനസ് തിരക്കുകള്‍ക്കിടയിലും നാടിനെ മറക്കാന്‍ അദ്ദേഹം ഒരുക്കമായിരുന്നില്ല. മലയാള സിനിമാ നിര്‍മാണ മേഖലയിലും രാമചന്ദ്രന്‍ ഭാഗ്യ പരീക്ഷണം നടത്താന്‍ ഇറങ്ങി. ചന്ദ്രകാന്ത് ഫിലിംസ് എന്ന പേരിലാണ് മലയാളത്തില്‍ അദ്ദേഹം സിനിമകള്‍ നിര്‍മ്മിച്ചതും വിതരണവും ആരംഭിച്ചത്. വൈശാലി, സുകൃതം, വാസ്തുഹാര, കൗരവര്‍ എന്നിവ ചന്ദ്രകാന്ത് ഫിലിംസ് വിതരണത്തിനെത്തിച്ച ഹിറ്റ് ചിത്രങ്ങളാണ്. 13 സിനിമകളില്‍ അഭിനയിച്ച അദ്ദേഹം 2010 ല്‍ ഹോളിഡേയ്‌സ് എന്ന സിനിമ സംവിധാനവും ചെയ്തു.

ഫിലിം മാഗസിനായ ചലച്ചിത്രത്തിന്റെ എഡിറ്ററായും അദ്ദേഹം പ്രവര്‍ത്തിച്ചു. മലയാളം ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ വൈസ് പ്രസിഡന്റായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.

രാമചന്ദ്രന്‍ എന്ന സാംസ്കാരിക പ്രവര്‍ത്തകന്‍

പൊതു സംസ്‌കാരിക മണ്ഡലങ്ങളില്‍ സജീവമായിരുന്ന രാമചന്ദ്രന്‍ ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിലെ ഗോള്‍ഡ് പ്രമോഷന്‍ കമ്മിറ്റിയുടെ ആദ്യത്തെ ചെയര്‍മാനായിരുന്നു.

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം' എന്ന അദ്ദേഹത്തിന്റെ സ്ഥാപനത്തിന്റെ പരസ്യവാചകം കേള്‍ക്കാത്ത ഒരു മലയാളി പോലും ഉണ്ടാകില്ല. അത്രമാത്രം മലയാളികള്‍ക്കിടയില്‍ അറ്റ്ലസ് ജ്വല്ലറിയും ആ പരസ്യവാചകവും നിറഞ്ഞ് നിന്നിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായിട്ടാണ് കോടികളുടെ കടബാധ്യതകളെ തുടര്‍ന്ന് അറ്റ്ലസ് ഗ്രൂപ്പ് വലിയ തകര്‍ച്ച നേരിട്ടത്.

തിരിച്ചടികള്‍, സാമ്പത്തിക ബാധ്യത, ജയില്‍

2015 ല്‍ സാമ്പത്തിക ബാധ്യതകളെ തുടര്‍ന്ന് തകരുമ്പോള്‍ യുഎഇ, കുവൈത്ത്, സൗദി അറേബ്യ എന്നിവിടങ്ങളിലായി 44 ശാഖകളാണ് അറ്റ്ലസ് ജ്വല്ലറി ഗ്രൂപ്പിന് ഉണ്ടായിരുന്നത്.1,583.77 കോടി രൂപ വിലമതിക്കുന്ന 3,000-ലധികം കിലോ സ്വര്‍ണ്ണം ഈ 44 ശാഖകളിലുമായി ഉണ്ടായിരുന്നതായാണ് കണക്കുകള്‍.

2015 ല്‍ അറ്റ്‌ലസ് ഗ്രൂപ്പ് ഓഫ് ജ്വല്ലറിയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ബാങ്ക് ഓഫ് ബറോഡയടക്കം 23 ബാങ്കുകള്‍ നല്‍കിയ കേസിനെ തുടര്‍ന്ന് ദുബായ് ജയിലിലായ അദ്ദേഹം 2018 ലാണ് പുറത്തിറങ്ങാനായത്. യുഎഇയില്‍ ഏകീകൃത സ്വര്‍ണവില കൊണ്ടുവരാനുള്ള തീരുമാനമാണ് തന്റെ പതനത്തിലേക്ക് നയിച്ചതെന്ന് മുമ്പ് ഒരിക്കല് ഒരു അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു.

വിവിധ ബാങ്കുകളില്‍ നിന്നായി എടുത്ത 55 കോടിയിലേറെ ദിര്‍ഹത്തിന്റെ വായ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വന്നതിനേത്തുടര്‍ന്ന് 2015 ഓഗസ്റ്റില്‍ അറസ്റ്റിലായിരുന്നു. ദുബായ് കോടതി അറ്റ്‌ലസ് രാമചന്ദ്രന് മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷ വധിച്ചു.

55 കോടിയിലേറെ ദിര്‍ഹത്തിന്റെ വായ്പ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ചയാണ് അദ്ദേഹത്തിനെയും മകള്‍ മഞ്ജുവും മരുമകന്‍ അരുണിനും തടവറയിലാക്കിയത് എന്നാല്‍ അവിടെയും തോല്‍വി സമ്മതിക്കാന്‍ അദ്ദേഹം തയ്യറായിരുന്നില്ല. ശക്തമായി തിരിച്ചുവരാമെന്ന് പ്രതീക്ഷ പലപ്പോഴും അദ്ദേഹം പങ്കുവച്ചിരുന്നു.

ബില്യണ്‍ യുഎസ് ഡോളര്‍ വ്യവസായി

2014 സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ അറ്റ്‌ലസ് ജ്വല്ലറി ഗ്രൂപ്പിന്റെ വിറ്റുവരവ് ഒരു ബില്യണ്‍ യുഎസ് ഡോളറായിരുന്നു ഇന്ത്യന്‍ രൂപ 7,912.82 കോടിയോളം രൂപ വരും. എന്നാല്‍ കാര്യങ്ങള്‍ അപ്രതീക്ഷതമായാണ് മാറി മറഞ്ഞത്.

കഴിഞ്ഞ ഓഗസ്റ്റില്‍ ബര്‍ ദുബായിലെ വസതിയില്‍ സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്നാണ് എണ്‍പതാം പിറന്നാള്‍ ആഘോഷിക്കുമ്പോഴും ആത്മവിശ്വാസം മാത്രമായിരുന്നു ആ മുഖത്ത്. എല്ലാത്തിനെയും പുതിയ അനുഭവ പാഠങ്ങളായി കണ്ട് വീണ്ടുമൊരു തിരിച്ചുവരവിനായി തയ്യാറെടുക്കുമ്പോഴാണ് അറ്റ്‌ലസ് രാമചന്ദ്രന്‍ വിട പറയുന്നത്.

1942 ജൂലൈ 31ന് തൃശൂരില്‍ വി. കമലാകര മേനോന്റെയും എംഎം രുഗ്മിണി അമ്മയുടെയും മകനായിട്ടായിരുന്നു രാമചന്ദ്രന്റെ ജനനം. ഭാര്യ ഇന്ദിരാ രാമചന്ദ്രന്‍, മകള്‍ ഡോ.മഞ്ജു രാമചന്ദ്രന്‍ എന്നിവരാണ്. അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ തിങ്കളാഴ്ച വൈകീട്ട് ദുബായില്‍ നടക്കും.

വിമാനങ്ങൾക്ക് നേരെ തുടരെയുള്ള വ്യാജ ബോംബ് ഭീഷണികൾ: സന്ദേശങ്ങളുടെ ഐപി അഡ്രസുകൾ യൂറോപ്യൻ രാജ്യങ്ങളിൽ

ഷെയ്‌ഖ് ഹസീനയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് ബംഗ്ലാദേശ് കോടതി; നവംബർ 18നുള്ളില്‍ ഹാജരാക്കണം

വില്ലന്മാരുടെ കാരണവര്‍ക്ക് നൂറ് വയസ്

സതീശനെതിരെ രൂക്ഷവിമർശനവുമായി സരിൻ, പുറത്താക്കി കോണ്‍ഗ്രസ്; ഇനി ഇടതുപക്ഷത്തിനൊപ്പം

എ ഡി എമ്മിന്റെ ആത്മഹത്യ: കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ കേസെടുത്ത് പോലീസ്