75 കൊല്ലം മുൻപ് കേരളത്തിലാദ്യമായി ഒരു പത്രപ്രവർത്തകയുടെ എക്സ്ക്ലൂസീവ് വാർത്ത കേരള രാഷ്ട്രീയത്തെ പ്രകമ്പനം കൊള്ളിച്ചു. സർക്കാർ തലത്തിൽ നടന്ന കച്ചവട ഇടപാടിൽ ഒരു മന്ത്രി അഴിമതി നടത്തി എന്നായിരുന്നു വാർത്ത. ആനി തയ്യിൽ റിപ്പോർട്ട് ചെയ്ത ആ വാർത്തയാണ് ഒരു പത്രപ്രവർത്തകയുടെ മലയാളത്തിലെ ആദ്യ എക്സ്ക്ലൂസീവ്. 1948-ൽ കേരള സംസ്ഥാനമുണ്ടാവുന്നതിന് മുമ്പ് തിരുകൊച്ചിയിൽ കോളിളക്കമുണ്ടാക്കിയ അഴിമതി കേസായിരുന്നു 'അഞ്ചര ലക്ഷം കേസ് എന്നറിയപ്പെട്ട 'വെളിച്ചെണ്ണ കേസ് ‘. തിരുകൊച്ചിയിലെ ഏറ്റവും പ്രമുഖ നേതാവാവും അന്നത്തെ ഭക്ഷ്യ വകുപ്പിന്റെയും വിദ്യഭ്യാസ വകുപ്പിന്റെയും മന്ത്രിയുമായ സാക്ഷാൽ പനമ്പിള്ളി ഗോവിന്ദമേനോനാണ് അന്ന് ആരോപണ വിധേയനായത്.
'പ്രജാമിത്രം' എന്ന ചെറിയ പത്രത്തിലാണ് പ്രത്യാഘാതങ്ങൾ ഒന്നും ഭയക്കാതെ ആനി തയ്യിൽ എന്ന ധീരയായ പത്രപ്രവർത്തക റിപ്പോർട്ട് ചെയ്ത വാർത്ത പ്രസിദ്ധീകരിച്ചത്. നോവലിസ്റ്റ്, വിവർത്തക, ജീവചരിത്രകാരി, 1945-നും 1948-നും ഇടയിൽ കൊച്ചിൻ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗം, പിന്നീട് നാല് പതിറ്റാണ്ടോളം സജീവ കോൺഗ്രസ് പ്രവർത്തക. ഇതാണ് ആനി തയ്യിലിന്റെ ഒറ്റവരി ജീവിത ചിത്രം. പ്രജാമിത്രത്തിന്റെ എഡിറ്ററും ആനി തയ്യിൽ ആയിരുന്നു.
നാട്ടുരാജ്യമായ കൊച്ചിയിൽ ജോസഫ് മുണ്ടശ്ശേരിയുടെ ആശിർവാദത്തോടെ ആനി തയ്യിൽ ആരംഭിച്ച ദിനപത്രമായിരുന്നു പ്രജാമിത്രം. പത്രാധിപയും, സബ് എഡിറ്ററും റിപ്പോർട്ടറുമെല്ലാം ആനി തയ്യൽ തന്നെ.
ഈ വാർത്ത അച്ചടിച്ചു വന്നതോടെ കൊച്ചിയിലെ രാഷ്ട്രീയം കലങ്ങി മറഞ്ഞു. അന്തരീഷം ചൂടുപിടിച്ചു. മറ്റ് പത്രങ്ങൾ ഈ വാർത്ത ഏറ്റെടുത്തതോടെ കൊച്ചിയെന്ന ചെറുനാട്ടുരാജ്യത്തെ കോടികളുടെ വ്യാപാര ഇടപാടിൽ മന്ത്രിയായ പനമ്പിള്ളി ഗോവിന്ദമേനോൻ അഞ്ചര ലക്ഷം രൂപ കൈപ്പറ്റിയെന്ന ആരോപണം ആളിക്കത്തി.
കൊച്ചിയെന്ന ചെറുനാട്ടുരാജ്യത്തെ കോടികളുടെ വ്യാപാര ഇടപാടിൽ മന്ത്രിയായ പനമ്പിള്ളി ഗോവിന്ദമേനോൻ അഞ്ചര ലക്ഷം രൂപ കൈപ്പറ്റിയെന്ന ആരോപണം ഈ വാർത്തയോടെ ആളിക്കത്തി.
പൊതുതെരഞ്ഞെടുപ്പിന് ശേഷം 1948 സെപ്തംബർ 20 ന് ഒരു ജനകീയ മന്ത്രിസഭയായിരുന്നു കൊച്ചിയിൽ അധികാരത്തിലെത്തിയത്. അന്ന് കൊച്ചി ദിവാനായിരുന്ന സി പി കരുണാകരമേനോനും മന്ത്രിയായ പനമ്പിള്ളിയും ശത്രുതയിലായിരുന്നു. അക്കാലത്ത് വെളിച്ചെണ്ണയുടെ വില കുതിച്ച് കയറി. കേന്ദ്രം വിലയിൽ നിയന്ത്രണങ്ങൾ കൊണ്ടു വന്നു. നാട്ടുരാജ്യമായ കൊച്ചിയിൽ വെളിച്ചെണ്ണ കയറ്റുമതിയുള്ളതിനാൽ കേരകർഷകരെ നിയന്ത്രണം ബാധിക്കുമെന്നതിനാൽ കേന്ദ്രത്തിൽ സമ്മർദം ചെലുത്തി കൊച്ചി ഭരണകൂടം നിയന്ത്രണം നീക്കിച്ചു. പക്ഷേ,വില വീണ്ടും കുതിച്ചുയർന്നതിനാൽ സാധാരണക്കാർക്ക് ന്യായവിലക്ക് വെളിച്ചെണ്ണ കിട്ടാതെ വന്നു. ഇതിന് പരിഹാരം കാണാൻ ഒരു പദ്ധതി ആവിഷ്ക്കരിക്കാൻ ഭക്ഷ്യ വകുപ്പ് ഡയറക്ടറോട് പനമ്പിള്ളി ആവശ്യപ്പെട്ടു.
സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യൻ നാട്ടുരാജ്യ സംയോജന ചർച്ചകൾ കൊണ്ടു പിടിച്ചു നടക്കുന്ന കാലമായിരുന്നു അത്. അതിനിടയിൽ കൊച്ചി മഹാരാജാവ് പനമ്പിള്ളിയെ അടിയന്തരമായി കൊട്ടാരത്തിൽ വിളിപ്പിച്ച് 1000 ടൺ വെളിച്ചെണ്ണ നിയന്ത്രിത വിലയിൽ ഹൈദരാബാദിലേക്ക് കയറ്റി അയക്കണമെന്ന് ആവശ്യപ്പെട്ടു. ഇത് രഹസ്യമായി നടത്തണമെന്നും ആവശ്യപ്പെട്ടു. ഹൈദരാബാദ് ഭരണാധികാരി നൈസാം ഇന്ത്യൻ യൂണിയനിൽ ചേരില്ലെന്ന ശക്തമായ അഭ്യൂഹങ്ങൾ നിലനിൽക്കുന്ന സമയമായിരുന്നു അത്.
പനമ്പിള്ളി ഇതിലെ അപകടം മനസ്സിലാക്കി ഇത് അസാധ്യമാണെന്നും ഇത് ചെയ്താൽ നിയമസഭയിൽ താൻ ചോദ്യങ്ങൾക്ക് ഉത്തരം പറയേണ്ടിവരുമെന്നും പറഞ്ഞു. ഇത് നടന്നാൽ ഹൈദരാബാദ് ഇന്ത്യൻ യൂണിയനിൽ ചേരാൻ സാധ്യതയുണ്ടെന്നായിരുന്നു മഹാരാജാവിന്റെ വാദം. മഹാരാജാവ് സമ്മർദ്ദം ചെലുത്തിയപ്പോൾ അത് രാഷ്ട്രീയ വകുപ്പ് കൈകാര്യം ചെയ്യേണ്ട വിഷയമാണെന്നും ദിവാനുമായാണ് ചർച്ച ചെയ്യേണ്ടതെന്നും പറഞ്ഞ് പനമ്പിള്ളി ഒഴിഞ്ഞുമാറി. മഹാരാജാവുമായി ചർച്ച നടത്തിയ ദിവാൻ സി പി കരുണാകര മേനോൻ ഈ നിർദേശത്തെ ശക്തിയായി എതിർത്തു.
പക്ഷേ, രാജാവ് 1000 ടൺ വെളിച്ചെണ്ണ വിലയ്ക്ക് വാങ്ങി ഉടനെ ഹൈദരാബാദിലേക്ക് അയക്കണമെന്ന് ഉത്തരവിട്ടു. മാർക്കറ്റ് നിരക്കും നിയന്ത്രിത നിരക്കും തമ്മിലുള്ള വ്യത്യാസം കണക്കാക്കി അത് വാങ്ങി അയക്കുന്ന ഏജന്റിന് നൽകണമെന്നും ഈ തുക ഭക്ഷ്യ വകുപ്പിൽ ചേർക്കാതെ, രാഷ്ട്രീയ വകുപ്പിൽപ്പെടുത്തി എഴുതണമെന്നായിരുന്നു നിർദ്ദേശം. നിയമസഭയിൽ ചോദ്യം വരാതിരിക്കാനായിരുന്നു ഇത്. ഭക്ഷ്യ മന്ത്രിയുമായി ഇക്കാര്യം ചർച്ച ചെയ്തതാണെന്നും ഉത്തരവിൽ പറഞ്ഞിരുന്നു.
'ആനി എന്നെ എതിർത്താലുണ്ടല്ലോ, ഞാൻ പാഠം പഠിപ്പിക്കും' ആനി തയ്യിലിനെ നേരിട്ട് വിളിച്ചു വരുത്തി പനമ്പിള്ളി പറഞ്ഞു
ഇതനുസരിച്ച് ദിവാൻ ഭക്ഷ്യവകുപ്പിലെ ഡയറക്ടറെ വിളിച്ചു വരുത്തി വേണ്ട നിർദേശം നൽകി. അയക്കുന്ന ആൾക്ക് ഡയറക്ടറുടെ പേരിൽ അഞ്ചര ലക്ഷം രൂപയുടെ രണ്ട് ചെക്കുകൾ എഴുതി നൽകാനും ദിവാൻ നിർദ്ദേശം നൽകി. ഇതാണ് വിവാദമായ അഞ്ചര ലക്ഷക്കേസിന്റെ വ്യാപാര ഇടപാട്. ഇതിന്റെ കമ്മീഷനായി പാർട്ടിക്ക് കൊടുത്ത അഞ്ചര ലക്ഷം പനമ്പിള്ളിക്കായിരുന്നു എന്നായിരുന്നു ശക്തമായ ആരോപണം.
ആനി തയ്യിൽ ഒരു തന്റേടിയായിരുന്നു. സാധാരണ വനിതാ കോൺഗ്രസ് കാരെപ്പോലെ സൗമ്യയല്ല, തനി പരുക്കൻ സ്വഭാവക്കാരി. അക്കാലത്ത് അവർ തൃശൂരിൽ നിന്ന് ജയിച്ച് തിരുകൊച്ചി അസംബ്ലി മെമ്പറായിരുന്നു. വനിതാ പത്രപ്രവർത്തകയും പോരാതെ ഒരു ദിനപത്രത്തിന്റെ പത്രാധിപയും. സ്വാഭാവികമായും അവർക്ക് കൊച്ചിയിലെ പത്രരംഗത്ത് പ്രത്യേക പരിഗണന ലഭിച്ചിരുന്നു. പനമ്പിള്ളിയെ തന്റെ പത്രത്തിലൂടെ എന്നും ശക്തിയായി അവർ എതിർത്തു.
തൃശൂർ രാമനിലയത്തിലേക്ക് ആനി തയ്യിലിനെ പനമ്പിള്ളി നേരിട്ട് വിളിച്ചു വരുത്തി. 'ആനി എന്നെ എതിർത്താലുണ്ടല്ലോ, ഞാൻ പാഠം പഠിപ്പിക്കും'
"എന്ത് പാഠം?” ആനി തയ്യിൽ ചോദിച്ചു.
“അതപ്പോൾ കാണാം,”പനമ്പിള്ളി
“ആ,ശരി, അതപ്പോൾ ഞാനും കണ്ടോളാം,” ആനി തയ്യിൽ .
ദിവാനായ കരുണാകര മേനോൻ പനമ്പിള്ളിയുടെ എതിരാളിയായതിനാൽ പൊതു ശത്രുവിനെതിരെ ഇരുവരും ഒന്നിച്ചു.
അതിനിടയിൽ ആരോപണം കൂടുതൽ ശക്തമായി. കൊച്ചി മഹാരാജാവിന്റെ (കേരളവർമ്മ മഹാരാജാവ്) മകനായ പി ജി മേനോന് ഈ ഇടപാടിൽ പങ്കുണ്ടെന്ന് വാർത്ത പരന്നു. മഹാരാജാവിന്റെ മകന് കേസിൽ പങ്കുണ്ടെന്ന വാർത്തകൾ വരാൻ തുടങ്ങിയതോടെടെ മലയാള പത്രങ്ങളൊന്നും മഹാരാജാവിന് നൽകേണ്ടതെന്ന് കൊട്ടാരം ഉദ്യോഗസ്ഥർ തീരുമാനിച്ചിരുന്നു. അങ്ങനെ മലയാള പത്രങ്ങൾ ഒന്നും രാജാവിന് നൽകാതെയായി. അങ്ങനെയിരിക്കുമ്പോൾ ഒരു ദിവസം ഉച്ചയുറക്കം കഴിഞ്ഞ് മഹാരാജാവ് ചായ കുടിക്കാനിരിക്കെ കഴിക്കാൻ നൽകിയ വട ഒരു കടലാസ് പൊതിയിൽ ആണ് വെച്ചിരുന്നത്. വട കഴിച്ച ശേഷം മഹാരാജാവ് പൊതിഞ്ഞ കടലാസ് എടുത്തു നോക്കി. കഷ്ടകാലത്തിന് അത് പ്രജാ മിത്രം ദിനപത്രത്തിന്റെ പേജായിരുന്നു. "അഞ്ചര ലക്ഷക്കേസിൽ രാജാവിന്റെ പുത്രൻ ഗോപാല മേനോൻ കൂട്ടു പ്രതി' പ്രജാമിത്രത്തിൽ വന്ന ഈ വാർത്ത വായിച്ച് മഹാരാജാവ് തല കറങ്ങി വീണുവത്രേ. ഏറെ താമസിയാതെ അദ്ദേഹം അന്തരിച്ചു.
ഈ വാർത്തയും പത്രങ്ങളിൽ വന്നതോടെ കൊച്ചിയിലെ ജനങ്ങൾ മുഴുവനും പനമ്പിള്ളിക്കെതിരായി. അക്കാലത്ത് എറണാകുളം രാജേന്ദ മൈതാനിയിൽ ഒരു യോഗം നടന്നു. പതിനായിരങ്ങൾ തിങ്ങി നിറഞ്ഞ ആ യോഗത്തിൽ പനമ്പിള്ളി പ്രസംഗിക്കാനെഴുനേറ്റപ്പോൾ ജനം കൂവലോട് കൂവൽ . പനമ്പിള്ളിയെ ഒരു വാക്ക് പറയാൻ സമ്മതിക്കാതെ ജനം ഉച്ചത്തിൽ വിളിച്ച് പറയാൻ തുടങ്ങി: “അഞ്ചര ലക്ഷക്കള്ളൻ, അഞ്ചര ലക്ഷക്കള്ളൻ, ഞങ്ങളുടെ കാശിവിടെ വെയ്ക്കു”. പനമ്പിള്ളി പറഞ്ഞു, “ശരി നിങ്ങളുടെ കാശ് വെയ്ക്കാം”. പെട്ടെന്ന് ജനം നിശബ്ദരായി. ബഹളം അടങ്ങിയപ്പോൾ പനമ്പിള്ളി തുടർന്ന് പറഞ്ഞു, “അഞ്ചര ലക്ഷം ക കൊച്ചിയിൽ ഉള്ളവർക്ക് പങ്കിട്ടാൽ ആളൊന്നുക്കു അരയണയേ വരു. അതങ്ങു തന്നേക്കാം പിടിച്ചോളൂ. നാളെ എന്റെ വീട്ടിലേക്ക് വന്നാൽ മതി. ചില്ലറ മാറ്റി വെച്ചേക്കാം”.
കണക്ക് കേട്ട് അന്തം വിട്ട ജനം ബഹളം നിർത്തി. പക്ഷേ, അതങ്ങനെ വിടാൻ കൊച്ചി അസംബ്ലി അംഗങ്ങൾ തയാറായിരുന്നില്ല. എറണാകുളം ഗസ്റ്റ് ഹൗസിൽ പാർട്ടി മീറ്റിങ്ങ് കൂടി. അതിന് മുൻപ് വെറെയൊരു സംഭവം മറ്റാരുമറിയാതെ നടന്നിരുന്നു. ദിവാനായ സി പി കരുണാകര മേനോനും ആനി തയ്യിലും തമ്മിലുള്ള ഒരു കൂടിക്കാഴ്ചയിൽ അഞ്ചര ലക്ഷം അഴിമതി സംഭാഷണ വിഷയമായപ്പോൾ ദിവാൻ ആനി തയ്യലിനോട് പറഞ്ഞു, “സത്യത്തിൽ ഈ കാര്യത്തിൽ പത്ത് കാശ് പനമ്പിള്ളിക്ക് കിട്ടിയിട്ടില്ല. കഴിഞ്ഞ കളവുകളുടെ ഭാരം പേറുകയാണയാൾ”.
ഇത് ആനി തയ്യിലിന് മാത്രം കിട്ടിയ വാർത്തയായിരുന്നു ഇത് പത്രത്തിൽ കൊടുക്കണമോയെന്ന് ആലോചിക്കുമ്പോഴാണ് ഗസ്റ്റ് ഹൗസിൽ പാർട്ടി യോഗം ചേർന്നത്. എം എൽ എ ആയ അഡ്വ എം. ഭാസ്ക്കരമേനോൻ പനമ്പിള്ളിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടു വന്നു. കെപി മാധവൻ നായരാണ് പിസിസി (പ്രദേശ് കോൺഗ്രസ് കമ്മറ്റി) പ്രസിഡന്റ്. അദ്ദേഹമായിരുന്നു യോഗ്യാദ്ധ്യക്ഷൻ. തെളിവുകൾ പനമ്പിള്ളിക്കെതിരാണെന്നും കളവു കേസിൽ പ്രതിയായ ഒരാൾ പാർടി പ്രതിനിധിയായ് മന്ത്രിയായിരിക്കാൻ പാടില്ലെന്നും ഞങ്ങൾക്കത് വലിയ അപമാനമാണെന്നും ഭാസ്ക്കരമേനോൻ പറഞ്ഞു. “പനമ്പിള്ളി ഈ നിമിഷം രാജി വെയ്ക്കണം,” പനമ്പിള്ളിയുടെ പതനം ഉറപ്പാക്കിയ മട്ടിൽ ഭാസ്കരമേനോൻ ഇരുന്നു.
വാർത്ത കൊടുത്ത് മന്ത്രിയെ കുരുക്കിലാക്കിയ പത്രപ്രവർത്തക തന്നെ സത്യം വെളിപ്പെടുത്തി ആ കുരുക്കഴിച്ച് മന്ത്രിയെ രക്ഷിച്ചു. ഇന്ത്യൻ പത്രപ്രവർത്തന ചരിത്രത്തിലെ അപൂർവ സംഭവമാണിത്.
അദ്ധ്യക്ഷനായ കെ പി മാധവൻ നായർ പനമ്പിള്ളിയോട് ചോദിച്ചു, “ എന്തെങ്കിലും സമാധാനം ഇതേക്കുറിച്ച് പറയാനുണ്ടോ?” പനമ്പിള്ളി മറുപടിക്കായി എഴുന്നേറ്റു. അപ്പോഴേക്കും മെമ്പറായ ആനി തയ്യിൽ ചാടിയെഴുന്നേറ്റു പറഞ്ഞു, “എനിക്കൊരു വാക്ക് പറയാനുണ്ട്”. എല്ലാ കണ്ണുകളും ആനി തയ്യലിന് നേരെ തിരിഞ്ഞു. "ദിവാൻ സി പി കരുണാകര മേനോൻ എന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ട്. പനമ്പിള്ളിക്ക് ഈ അഞ്ചര ലക്ഷക്കേസിൽ പത്ത് പൈസ പോലും കിട്ടിയിട്ടില്ല എന്ന്.” എന്നിട്ട് ദിവാൻ തന്ന തെളിവുകളും സഭയിൽ ഹാജരാക്കി. “ഞാനീ പറഞ്ഞതിൽ ആർക്കെങ്കിലും സംശയമുണ്ടെങ്കിൽ വന്നോളൂ, ദിവാനെ കൊണ്ട് ഞാൻ നേരിട്ട് പറഞ്ഞു കേൾപ്പിച്ച് തരാം," ആനി തയ്യിൽ ഉറച്ച് പ്രഖ്യാപിച്ചു.
ഉടനെ ഭാസ്കര മേനോൻ എഴുന്നേറ്റ് പറഞ്ഞു, "ദിവാൻ പറഞ്ഞെന്ന് ആനി ഇവിടെ പറഞ്ഞത് ഞാൻ വിശ്വസിക്കുന്നു. ആനി നുണ പറയില്ല. ഞാൻ എന്റെ അവിശ്വാസ പ്രമേയം പിൻവലിക്കുന്നു.” യോഗം പിരിഞ്ഞു.
യോഗം കഴിഞ്ഞ് പനമ്പിള്ളി ആനി തയ്യിലിനോട് പറഞ്ഞു, “ആനി ഇന്നെന്നെ രക്ഷിച്ചു. ഞാനിതൊരിക്കലും മറക്കില്ല”. നിന്നെ ഒരു പാഠം പഠിപ്പിക്കുമെന്ന് പറഞ്ഞ അതേ പനമ്പിള്ളി ആനി തയ്യിലെന്ന പത്രപ്രവർത്തകയുടെ മുന്നിൽ ഒടുവിൽ മുട്ടുകുത്തി.
അങ്ങനെ പനമ്പിള്ളി ഗോവിന്ദമേനോനെന്ന മന്ത്രി പ്രതിസന്ധിയിൽ നിന്ന് രക്ഷപ്പെട്ടു. വാർത്ത കൊടുത്ത് മന്ത്രിയെ കുരുക്കിലാക്കിയ പത്രപ്രവർത്തക തന്നെ സത്യം വെളിപ്പെടുത്തി ആ കുരുക്കഴിച്ച് മന്ത്രിയെ രക്ഷിച്ചു. ഇന്ത്യൻ പത്രപ്രവർത്തന ചരിത്രത്തിലെ അപൂർവ സംഭവമാണിത്.
കേന്ദ്ര സർക്കാരിന്റെ കീഴിലെ നാട്ടുരാജ്യ വകുപ്പിലെ ഒരു ഉന്നതൻ പനമ്പിള്ളിയേയും വെളിച്ചെണ്ണ ഇടപാടുമായി ബന്ധപ്പെട്ട എല്ലാ ഉദ്യോഗസ്ഥരേയും ഈ കേസിൽ ചോദ്യം ചെയ്തിരുന്നു. ഒടുവിൽ പനമ്പിള്ളിക്ക് ഇതുമായി യാതൊരു ബന്ധവുമില്ലയെന്ന നിഗമനത്തിലെത്തുകയായിരുന്നു. പനമ്പിള്ളിയുടെ രാഷ്ട്രീയ ജീവിതം തന്നെ അവസാനിക്കുമായിരുന്ന സംഭവമായിരുന്നു ഇത്. അഴിമതിയെന്ന ചെളി പറ്റാതെ രക്ഷപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന്റെ വളർച്ചയെ ഈ ആരോപണം സാരമായി ബാധിക്കുകയുണ്ടായി.
പ്രജാ മിത്രത്തിൽ വാർത്ത വന്ന ആദ്യ ഘട്ടത്തിൽ ദാമോദരൻ എന്നൊരാളെ പണാപഹരണവുമായി ബന്ധപ്പെട്ട് നാഗ്പൂരിൽ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോൾ കൊച്ചി ഗവൺമെന്റിൽ നിന്ന് തനിക്ക് അനേകം ലക്ഷങ്ങളുടെ ചെക്ക് ലഭിച്ചിട്ടുണ്ടെന്ന് പറയുകയുണ്ടായി. കൊച്ചി മഹാരാജാവിന്റെ മകനായ പി ജി മേനോൻ മദ്രാസിൽ ഉൾപ്പെട്ട ഒരു സംഘം കച്ചവടക്കാർ വിവാദമായ 'വെളിച്ചെണ്ണ ' വ്യാപാരവുമായി ബന്ധപ്പെട്ട് കമ്മീഷൻ കൈ പറ്റിയിരുന്നു. അത് പങ്ക് വെച്ചത് സംബന്ധിച്ച് തർക്കങ്ങളുണ്ടായി. തുടർന്നുണ്ടായ പണാപഹരണത്തിലാണ് കൂട്ടാളിയായ ദാമോദരനെതിരെ മറ്റുള്ളവർ പരാതി കൊടുത്ത് അയാളെ കുടുക്കിയത്. സ്വഭാവികമായും അയാളുടെ മൊഴികൾ കൊട്ടാരവും ഭക്ഷ്യ വകുപ്പുമായി ബന്ധപ്പെട്ടിരുന്നു. മഹാരാജാവിന്റെ മകന്റെ പേര് കേസിൽ ഉയർന്നപ്പോൾ ഭക്ഷ്യമന്ത്രിയായ പനമ്പിള്ളിയിലേക്കും എത്തി. ഇതായിരുന്നു യഥാർത്ഥ സംഭവം.
ഒരോ ഇലക്ഷനുകൾ വരുമ്പോഴും ആനി തയ്യലിന് അർഹതപ്പെട്ട സീറ്റുകൾ അട്ടിമറിക്കാൻ കോൺഗ്രസിലെ ഉന്നത നേതാക്കൾ തന്നെ പാരവെച്ചു
തൃശൂരിലെ ചെങ്ങാലൂരിൽ ജനിച്ച ആനി തയ്യിൽ കേരള രാഷ്ട്രിയ സാമൂഹിക രംഗത്തെ ഒരസാധാരണ വ്യക്തിത്വമായിരുന്നു. തന്റെ പ്രവർത്തന മണ്ഡലത്തിൽ അവർ ആരെയും വകവെച്ചിരുന്നില്ല. കോൺഗ്രസിലെ നേതാക്കളുമായി അവർ നിരന്തരം കലഹിച്ചു. ഒരിക്കൽ ഇലക്ഷൻ കാലത്ത് കോൺഗ്രസ്സിന്റെ ഉന്നതനായ നേതാവ് കെ പി മാധവൻ നായർ ടെലിഫോണിൽ വിളിച്ച് മലബാറിലെ പ്രചാരണത്തിൽ പങ്കെടുത്ത് പ്രസംഗിക്കണമെന്നാവശ്യപെട്ടു. കേട്ടപാടെ അവർ പറഞ്ഞു, “ഞാൻ നിങ്ങളുടെ ശമ്പളക്കാരിയൊന്നുമല്ല പറഞ്ഞിടത്തു പോയി പ്രസംഗിക്കാൻ”.
ഒരോ ഇലക്ഷനുകൾ വരുമ്പോഴും ആനി തയ്യലിന് അർഹതപ്പെട്ട സീറ്റുകൾ അട്ടിമറിക്കാൻ കോൺഗ്രസിലെ ഉന്നത നേതാക്കൾ തന്നെ പാര വെച്ചു. 1962 ലെ പാർലമെന്റ് ഇലക്ഷൻ . മുകുന്ദപുരം സീറ്റ് ആനി തയ്യിലിന് കിട്ടേണ്ടതായിരുന്നു. അത് പനമ്പിള്ളി നേടിയെടുത്തു. പകരം ആനിക്ക് തൃശൂർ നൽകാമെന്നായിരുന്നു വാഗ്ദാനം. സി കെ ഗോവിന്ദൻ നായരായിരുന്നു കെപിസിസി പ്രസിഡന്റ്. സി കെ ജി ആനി തയ്യിലിനെ ഓഫിസിൽ വിളിപ്പിച്ചു. എന്നിട്ട് പറഞ്ഞു, “തൃശൂർ വേണ്ട. സാധ്യത കുറവാണ്. മുവാറ്റു പുഴ തരാം. ക്രിസ്ത്യൻ മേഖലയായതിനാൽ ജയിക്കും. പക്ഷേ, തൃശൂർ വേണ്ടെന്ന് എഴുതി തരണം.”
സി കെ ജിയെ വിശ്വസിച്ച അവർ അങ്ങനെ കേന്ദ ഇലക്ഷൻ കമ്മറ്റിക്ക് എഴുതി നൽകി. പക്ഷേ, പകരം മുവാറ്റുപുഴ തരണമെന്ന അഭ്യർത്ഥന കത്തിൽ എഴുതിയിരുന്നു. സി കെ ജി പറഞ്ഞു, “അവസാന വാചകം വേണ്ട അത് ഞാനെറ്റു.”
അത് വിശ്വസിച്ച ആനി തയ്യിൽ ആ വാചകം ഒഴിവാക്കി. സി കെ ജി അതും കൊണ്ട് ഇലക്ഷൻ കമ്മറ്റിയിൽ പങ്കെടുക്കാൻ ഡൽഹിക്കു പറന്നു. മുവാറ്റുപുഴ സ്ഥാനാർത്ഥി പ്രഖ്യാപനവും പ്രതീക്ഷിചിരുന്ന ആനി തയ്യിലിന് അപ്രതീക്ഷമായി ഒരു ടെലിഫോൺ വിളി വന്നു. ഡൽഹിയി നിന്ന് . വിളിച്ചത് സാക്ഷാൽ ഇന്ദിരാ ഗാന്ധി അവർ ചോദിച്ചു.
' Trichur seat is for you. Why don't you contest there? അവർ പറഞ്ഞു:' It is a very difficult seat. Better you put me for Muvattupuzha'
ആനി തയ്യിൽ എഴുതിയ കത്ത് തന്നെയാണൊ എന്ന് ഇന്ദിരാ ഗാന്ധി സംശയിച്ചു.
ആനി തയ്യിൽ പറഞ്ഞു, 'Yes I have given it in writing.' പിന്നെ ഇന്ദിരാ ഗാന്ധി ഒന്നും പറയാതെ ഫോൺ വെച്ചു. പിറ്റേന്ന് പത്രത്തിൽ മുവാറ്റുപുഴയിൽ ചെറിയാൻ ജെ കാപ്പൻ മത്സരിക്കും എന്ന വാർത്ത കണ്ട് ആനി തയ്യിൽ താൻ കബളിക്കപ്പെട്ടു എന്ന് മനസിലാക്കി.
ഇന്ദിരാഗാന്ധിയുമായി വ്യക്തിപരമായ അടുപ്പമുള്ള കോൺഗ്രസിലെ അക്കാലത്തെ അപൂർവം വനിതാ പ്രവർത്തകയായിരുന്നു ആനി തയ്യിൽ . ആ തിരഞ്ഞെടുപ്പിന് പ്രചരണത്തിന് കേരളത്തിലെത്തിയ ഇന്ദിരാ ഗാന്ധി കൊല്ലത്ത് വെച്ച് ആനി തയ്യിലിനോട ചോദിച്ചു
' How is it you did not try to fight the election at Trichur?' ആനി തയ്യിൽ പറഞ്ഞു.
'C.K. Promised to get me Muvattupuzha'. ഇന്ദിരാ ഗാന്ധി പറഞ്ഞു' Lie Utter lie. He did not even mention about it. When I asked him about your case ,He said you can only talk on the platform. You can't fight an election.'
അതോടെ സീറ്റ് അട്ടിമറിച്ച കള്ളകളി പുറത്തു വന്നു.
1982 ലെ രാജ്യസഭ ഇലക്ഷനിൽ കോൺഗ്രസിന്റെ 2 സീറ്റിൽ ഒരെണ്ണം ആനി തയ്യിലിനുള്ളതാണെന്ന് അവസാനം വരെ ഉറപ്പായിരുന്നു. പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ആശീർവാദവുമാണ്ടായിരുന്നു. പക്ഷേ, അതും അവസാന നിമിഷം കോൺഗ്രസിലെ ഉന്നതർ ചേർന്ന് അട്ടിമറിച്ചു. ഒടുവിൽ ഇന്ദിരാഗാന്ധി അവരെ നേരിട്ട് ന്യൂനപക്ഷ കമ്മിഷനംഗമാക്കി.
ലോകത്തിലെ ക്ലാസിക്ക് നോവലുകൾ പലതും ആദ്യമായി മൊഴി മാറ്റിയ വിവർത്തകയെന്ന നിലയിൽ മലയാള സാഹിത്യ രംഗം ആനി തയ്യിലിനായ കടപ്പെട്ടിരിക്കുന്നു
ലോകത്തിലെ ക്ലാസിക്ക് നോവലുകൾ പലതും ആദ്യമായി മൊഴി മാറ്റിയ വിവർത്തകയെന്ന നിലയിൽ മലയാള സാഹിത്യ രംഗം ആനി തയ്യിലിനായ കടപ്പെട്ടിരിക്കുന്നു. എഴുപത് വര്‍ഷം മുമ്പാണ്, 1954 ല്‍ ലോകത്തിലെ ഏറ്റവും മികച്ച പത്ത് ക്ലാസിക്ക് നോവലുകളില്‍ ഒന്നായ അലക്സാണ്ടര്‍ ഡ്യൂമാസിന്റെ 'കൗണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ' ആനി തയ്യില്‍ വിവര്‍ത്തനം ചെയ്തത്. 1100 പേജ് ആറു മാസം കൊണ്ടാണ് അവര്‍ പരിഭാഷപ്പെടുത്തിയത്. തുടര്‍ന്ന് വിശ്വസാഹിത്യത്തിലെ ബൃഹദ് ഗ്രന്ഥങ്ങള്‍ ഓരോന്നായി വിവര്‍ത്തനം ചെയ്തു. ടോള്‍സ്റ്റോയിയുടെ അന്നാ കരിനീന, യുദ്ധവും സമാധാനവും, ഡ്യൂമാസിന്റെ ത്രീ മസ്‌കറ്റിയേഴേയ്സ്, തോമസ് ഹാര്‍ഡിയുടെ ടെസ്സ്, ഹോള്‍കെയിന്റെ നിത്യനഗരം, ഡിക്കന്‍സിന്റെ രണ്ട് നഗരങ്ങളുടെ കഥ ഒക്കെ ആനിയുടെ പരിഭാഷയിലാണ് മലയാളികൾ വായിച്ചത്.
ഒരു പരിഭാഷകയെന്ന നിലയില്‍ ഇന്ത്യയില്‍ തന്നെ അക്കാലത്ത് ഇത്രയും ബൃഹദ് ഗ്രന്ഥങ്ങള്‍ വിവര്‍ത്തനം ചെയ്ത ഒരു വനിത ഇന്ത്യയിൽ തന്നെ ആ കാലത്ത് ഉണ്ടായിരുന്നില്ല. പക്ഷേ, ഒരു അംഗീകാരവും അവരെ തേടി വന്നില്ല. സാഹിത്യ അക്കാദമി എക്സിക്യൂട്ടീവ് കൗൺസിൽ അംഗം മായിരുന്നതൊഴിച്ചാൽ 78 ഗ്രന്ഥങ്ങൾ പ്രസിദ്ധപ്പെടുത്തിയ ഒരു സാഹിത്യകാരിയായിട്ടും ഒരു അംഗീകാരവും സാഹിത്യരംഗത്ത് നിന്ന് അവരെ തേടിയെത്തിയില്ല. ബൈബിളിനെ കുറിച്ച് ഇംഗ്ലീഷിലും മലയാളത്തിലുമായി ഇരുപതോളം പുസ്തകങ്ങൾ അവരെഴുതി.
സഭാ നേതൃത്വവുമായും അവർ കലഹിച്ചു. 1952 ൽ പ്രസിദ്ധീകരിച്ച ' മോളെന്റെ' എന്ന ആത്മകഥാപരമായ നോവലിലെ ചില പരാമർശങ്ങൾ മത വിശ്വാസത്തെ ചോദ്യം ചെയ്യുകയാണെന്ന് ആരോപിച്ചു കത്തോലിക്ക സഭയുടെ 'സത്യ ദീപം ' വാരിക ആനി തയ്യിലിനെതിരെ ലേഖന പരമ്പര പ്രസിദ്ധികരിച്ചു. ഒടുവിൽ സഭയിലെ ഉന്നതർ ഇടപെട്ട് ഇത് നിറുത്തിക്കുകയായിരുന്നു.
തോമസ് മന്നിന്റെ ' വിശുദ്ധ പാപി' പരിഭാഷപ്പെടുത്തിയപ്പോഴും സഭ അവർക്കെതിരെ തിരിഞ്ഞു. സന്മാർഗ വിരുദ്ധമായ ഈ പുസ്തകം പ്രസിദ്ധീകരിച്ചതിൽ മാപ്പ് എഴുതി പത്രത്തിൽ പ്രസിദ്ധികരിക്കണമെന്ന് ബിഷപ്പ് ആവശ്യപ്പെട്ടിട്ടും അവർ തയ്യാറായില്ല.
പത്രപ്രവർത്തകനായ കുര്യൻ തയ്യിലാണ് അവരെ വിവാഹം ചെയ്തത്. മക്കളില്ലാത്ത ഇവർ രണ്ട് പേരും അഭിഭാഷകരായി കുറച്ചു കാലം പ്രാക്റ്റീസ് ചെയ്തിരുന്നു. അക്കമ്മ ചെറിയാൻ, ആനിമസ്ക്രിൻ എന്നിവരോടൊപ്പം ചേർത്ത് വായിക്കേണ്ട പേരാണ് ആനി തയ്യിൽ . മറക്കാനാവാത്ത വ്യക്ത്വിത്വം രാഷ്ട്രീയ സാംസ്കാരിക രംഗത്ത് അവർ നേടിയിരുന്നു.
1993-ല്‍ അന്തരിച്ച ആനി തയ്യില്‍' ലിന്റെ ആത്മകഥയാണ് 'ഇടങ്ങഴിയിലെ കുരിശ്'. കരുത്തുള്ള ഈ ആത്മകഥ പല വിഗ്രഹങ്ങളെയും തച്ചുടക്കുന്ന ഒരു കാലഘട്ടത്തിന്റെ സാമൂഹിക രാഷ്ട്രിയ ചരിത്രമാണ്.