*2011 ഒക്ടോബര്‍ 22ന് അമേരിക്കയിലെ വിസ്‌കോണ്‍സിനില്‍ വെച്ച് മരിക്കുന്നതിനു പന്ത്രണ്ടു ദിവസം മുൻപ് കാര്‍ട്ടൂണിസ്റ്റ് കുട്ടിയുടെ ഇമെയില്‍ എനിക്കു കിട്ടിയിരുന്നു. അക്ഷരങ്ങള്‍ ബോള്‍ഡ് ചെയ്ത അദ്ദേഹത്തിന്റെ സന്ദേശം:
''അറബ് വസന്തം - കവിത തുളുമ്പുന്ന പേര്. നൂറു പൂക്കള്‍ വിടരുമോ മരുഭൂമിയില്‍?''
ഞങ്ങളുടെ ഇമെയില്‍ വിനിമയങ്ങളില്‍ ലോകകാര്യങ്ങള്‍ നിറയുമെങ്കിലും ഒറ്റപ്പാലത്തിന്റെ ഓര്‍cകളിലേക്കുള്ള പിന്‍നടത്തമായിരുന്നു കുട്ടിസാറിന്റെ മനസ്സിനെ കൗമാര വിസ്മയങ്ങളുടെ കളിയൂഞ്ഞാലില്‍ ആട്ടിയിരുന്നതെന്ന് എനിക്ക് തോന്നാറുണ്ട്. ഒറ്റപ്പാലത്ത് മനോരമ ലേഖകനായി ഞാന്‍ ജോലി ചെയ്യുമ്പോഴായിരുന്നു അദ്ദേഹവുമായി സൗഹൃദം സ്ഥാപിക്കാനുള്ള ഭാഗ്യം ലഭിച്ചത്. തലമുറകളുടെ വ്യത്യാസം മറന്ന് ആ ആത്മബന്ധം അന്ത്യംവരെ അഭംഗുരം തുടരുകയും ചെയ്തു.
ഒറ്റപ്പാലത്തെ പുതുക്കുടി കൊറ്റുതൊടിയില്‍ ശങ്കരന്‍കുട്ടി രാജ്യാന്തര പ്രശസ്തനായ കാര്‍ട്ടൂണിസ്റ്റ് കുട്ടിയായി മാറിയ സംഭവബഹുലമായ കഥ പലര്‍ക്കും അജ്ഞാതമാണ്. കൊല്‍ക്കത്തയിലെ തേമാ ബുക്സ് പ്രസാധനം ചെയ്ത ആത്മകഥയില്‍ താന്‍ പിന്നിട്ട മുള്‍വഴികളെക്കുറിച്ച് വിവരിക്കുന്നുണ്ട് കുട്ടി. ഭാരതപ്പുഴയും ചെനക്കത്തൂര്‍ പൂരവും പാലാട്ട് റോഡും വി പി മേനോനും കെ പി എസ് മേനോനും വി കെ എനുമൊക്കെ ആത്മകഥയില്‍ കടന്നുവരുന്നത് വായിക്കുമ്പോള്‍ വള്ളുവനാടന്‍ നൊസ്റ്റാള്‍ജിയ അദ്ദേഹത്തെ സദാ പിടിച്ചുലച്ചിരുന്നുവെന്ന് ബോധ്യമാകും.
ഏതാണ്ട് പത്തൊമ്പത് വര്‍ഷം മുമ്പ് കുട്ടി മരിച്ചുവെന്നൊരു തെറ്റായ വാര്‍ത്ത, കുട്ടിയുടെ തട്ടകമായിരുന്ന പശ്ചിമബംഗാളില്‍ പ്രചരിച്ചിരുന്നു
2011 സെപ്റ്റംബര്‍ നാലിന് നവതിയുടെ പടവുകയറിയ കുട്ടിയെക്കുറിച്ച് ഒരു മലയാളപത്രം പ്രസിദ്ധീകരിച്ച ലേഖനം അമേരിക്കയിലെ മാഡിസന്‍ നഗരത്തില്‍ വസിക്കുന്ന അദ്ദേഹത്തിന് ഞാന്‍ അയച്ചുകൊടുത്തിരുന്നു. 'തൊണ്ണൂറിന്റെ യുവത്വം' എന്ന രഹസ്യം പുറത്തായതെങ്ങനെയെന്ന് അദ്ഭുതപ്പെട്ട കുട്ടി പിന്നീട് എനിക്കയച്ച മെയിലില്‍ സൂചിപ്പിച്ചു: ''പാമ്പാടി ഐവര്‍മഠം വഴിയെങ്ങാനും അടുത്തിടെ പോയിരുന്നുവോ? അവിടെയിപ്പോള്‍ തിരുവില്വാമലയ്ക്ക് പുറത്തുള്ളവരുടെ ശവം വേണ്ട എന്നൊരു വാര്‍ത്ത കണ്ടു. എനിക്കേതായാലും ഇവിടെ ഇലക്ട്രിക് ക്രിമറ്റോറിയം റെഡി...''(ചിതയുടെ പശ്ചാത്തലത്തില്‍ ഒരു കാര്‍ട്ടൂണ്‍ ആ മനസ്സില്‍ പിറവിയെടുത്തുവോ ആവോ?)
ഒക്ടോബര്‍ 22 ന് ശനിയാഴ്ച അമേരിക്കയില്‍നിന്ന് കുട്ടിസാറിന്റെ സുഹൃത്തും കാര്‍ട്ടൂണിസ്റ്റുമായ തോമസ് കോടങ്കണ്ടത്താണ് മരണവാര്‍ത്ത എന്നെ അറിയിച്ചത്. പിന്നാലെ ചാനല്‍ഫ്ളാഷുകള്‍ വന്നു. മാഡിസണ്‍ അവന്യൂവിലുള്ള മകന്‍ നാരായണനെ വിളിച്ചപ്പോഴാണ് സ്ഥിരീകരണമായത്. കുളികഴിഞ്ഞ് പ്രസന്നവദനനായി ഇരുന്ന അച്ഛന്‍ പെട്ടെന്ന് മരണത്തിലേക്ക് വീഴുകയായിരുന്നുവന്ന് നാരായണന്‍ പറഞ്ഞു. ഇന്ത്യന്‍ കാര്‍ട്ടൂണ്‍ ചരിത്രത്തിലെ തിളക്കമാര്‍ന്ന ഒരധ്യായത്തിന്റെ സൈന്‍ഓഫ്.
ഏതാണ്ട് പത്തൊമ്പത് വര്‍ഷം മുമ്പ് കുട്ടി മരിച്ചുവെന്നൊരു തെറ്റായ വാര്‍ത്ത, കുട്ടിയുടെ തട്ടകമായിരുന്ന പശ്ചിമബംഗാളില്‍ പ്രചരിച്ചിരുന്നു.
'കാര്‍ട്ടൂണിസ്റ്റ് കുട്ടി അന്തരിച്ചു,' 2005 ഏപ്രില്‍ നാലിന് ഇറങ്ങിയ കൊല്‍ക്കത്തയിലെ ഒരു ഇംഗ്ലീഷ് ദിനപത്രമാണ് ഈ തലക്കെട്ടിലൊരു ഒന്നാം പേജ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. കുട്ടിയുടെ 'മരണം' അദ്ദേഹം അവസാനമായി ജോലി ചെയ്ത കൊല്‍ക്കത്താ പത്രമായ 'ആജ്കലി'ന്റെ ഡെസ്‌കിലുള്ളവര്‍ക്ക് പെട്ടെന്ന് ഉള്‍ക്കൊള്ളാനായില്ല. പത്രത്തിന്റെ സീനിയര്‍ എഡിറ്റര്‍ മധുമിതാ ദത്ത്, കാര്‍ട്ടൂണിസ്റ്റ് കുട്ടിയുടെ അമേരിക്കയിലെ ഫോണ്‍ നമ്പര്‍ തപ്പിയെടുത്ത് വിളിച്ചു. മരണം സ്ഥിരീകരിക്കാനും ഒരു പക്ഷേ ആ സ്റ്റോറി ആഘോഷിക്കാനുമുള്ള ആദ്യവിളി. അങ്ങേത്തലയ്ക്കല്‍ കാര്‍ട്ടൂണിസ്റ്റ് കുട്ടി തന്നെയാണ് ഫോണെടുത്തത്. മാഡിസണ്‍ നഗരത്തിലെ ഫ്ളാറ്റിലിരുന്ന് കുട്ടി അത്യുച്ചത്തില്‍ പൊട്ടിച്ചിരിക്കുന്നതാണ് മധുമിതയ്ക്ക് കേള്‍ക്കാനായത്.
ആര്‍ എസ് പി എന്ന ചെറിയ പാര്‍ട്ടിയുടെ വലിയ നേതാക്കളുമായുള്ള ആത്മബന്ധം കാരണം കാര്‍ട്ടൂണിസ്റ്റ് കുട്ടിയെ ഡല്‍ഹിയിലെ പല പരിചയക്കാരും ആര്‍ എസ് പിക്കാരനായി തെറ്റിദ്ധരിച്ചിരുന്നുവത്രേ
'കുട്ടിയെന്ന ഞാന്‍ ജീവിച്ചിരിക്കുന്നുവെന്ന്' പേര് വെച്ചെഴുതിയ കുട്ടിയുടെ തന്നെ കുറിപ്പും സെല്‍ഫ് പോര്‍ട്രെയ്റ്റുമായാണ് പിറ്റേന്നത്തെ ആജ്കല്‍ പുറത്തിറങ്ങിയത്. മരണം റിപ്പോര്‍ട്ട് ചെയ്ത ഇംഗ്ലീഷ് പത്രമാകട്ടെ, ക്ഷമാപണപൂര്‍വം വാര്‍ത്ത പിന്‍വലിച്ചു. (2011 ഒക്ടോബര്‍ 23 ന് ഈ പത്രം കുട്ടിയുടെ യഥാര്‍ഥ മരണം എങ്ങനെയാണ് സ്റ്റോറിയാക്കിയത് എന്നറിയില്ല. പക്ഷേ ടെലഗ്രാഫുള്‍പ്പെടെയുള്ള കൊല്‍ക്കത്തയിലെ മുഖ്യധാരാപത്രങ്ങള്‍ മരണം പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തു). കേരളത്തിലെ വായനക്കാരുടെ മനസ്സില്‍ കാര്‍ട്ടൂണിസ്റ്റ് കുട്ടിക്കുള്ളതിനേക്കാള്‍ വലിയ ഇടം ബംഗാളിലെ സഹൃദയരുടെ ഉള്ളിലുണ്ട്. ബംഗാളികള്‍ ഇഷ്ടപ്പെടുന്ന മൂന്നു ശങ്കരന്മാരെക്കുറിച്ച് ഒരു പത്രപ്രവര്‍ത്തകന്‍ എഴുതിയതോര്‍ത്തു പോകുന്നു: ആദി ശങ്കരന്‍, ഇ എം ശങ്കരന്‍ നമ്പൂതിരിപ്പാട്, കാര്‍ട്ടൂണിസ്റ്റ് ശങ്കരന്‍ കുട്ടി!
ആര്‍ എസ് പി എന്ന ചെറിയ പാര്‍ട്ടിയുടെ വലിയ നേതാക്കളുമായുള്ള ആത്മബന്ധം കാരണം കാര്‍ട്ടൂണിസ്റ്റ് കുട്ടിയെ ഡല്‍ഹിയിലെ പല പരിചയക്കാരും ആര്‍ എസ് പിക്കാരനായി തെറ്റിദ്ധരിച്ചിരുന്നുവത്രേ. അടുത്ത സഖാക്കള്‍ ജാക്കിയെന്നു വിളിച്ചിരുന്ന ജതിന്‍ ചക്രവര്‍ത്തി അക്കാലത്തെ രാഷ്ട്രീയ-ഭരണ സിരാകേന്ദ്രങ്ങളിലെ ഒരു 'കൊളോസസ്' ആയിരുന്നു. ആര്‍ എസ് പിയുടെ ആജാനബാഹുവായ നേതാവ് ശ്രീകണ്ഠന്‍ നായര്‍ ലോക്സഭാംഗമായിരുന്നപ്പോള്‍ നോര്‍ത്ത് അവന്യൂവില്‍ അദ്ദേഹത്തിന്റെ വസതിയില്‍ മിക്ക സായാഹ്നങ്ങളിലും റമ്മി കളി പതിവായിരുന്നുവെന്ന് കാര്‍ട്ടൂണിസ്റ്റ് കുട്ടി അദ്ദേഹത്തിന്റെ ആത്മകഥയില്‍ അനുസ്മരിക്കുന്നുണ്ട്.
കേരളത്തേക്കാള്‍ കുട്ടിയുടെ വര, ഏറ്റവുമധികം ജനപ്രിയമായത് എഴുപതുകളിലെ പശ്ചിമബംഗാളിലായിരുന്നു. മൂന്നരപ്പതിറ്റാണ്ട് ആനന്ദബസാര്‍ ഗ്രൂപ്പ് പ്രസിദ്ധീകണങ്ങളുടെ മുഖ്യകാര്‍ട്ടൂണിസ്റ്റായിരുന്നു കുട്ടി. ഹനന്‍മുല്ല മുതല്‍ ജ്യോതിബസു വരെയും ദാസ് മുന്‍ഷി മുതല്‍ അതുല്യഘോഷ് വരെയുമുള്ള നൂറുക്കണക്കിനു ബംഗാളി നേതാക്കള്‍ കുട്ടിയുടെ ഉറ്റമിത്രങ്ങളായിരുന്നു. അതുകൊണ്ടാണ് 'ബംഗാള്‍ ദത്തെടുത്ത കേരളത്തിന്റെ പുത്രന്‍' എന്ന് കുട്ടിയെ പ്രമുഖ സി പി എം നേതാവ് പ്രമോദ് ദാസ് ഗുപ്ത വിശേഷിപ്പിച്ചത്.
ഡല്‍ഹിയിലെ ഉപരിവര്‍ഗം ബെഡ്കോഫിയോടൊപ്പം നാഷനല്‍ ഹെറാള്‍ഡിലെ കുട്ടിയുടെ കാര്‍ട്ടൂണുകളില നര്‍മവും നുണഞ്ഞ കാലമുണ്ടായിരുന്നു. പത്രമുടമയായ നെഹ്റുവും മറ്റ് നേതാക്കളും ആ കാര്‍ട്ടൂണ്‍ ആസ്വദിച്ചു
2001 ല്‍ കൊല്‍ക്കത്തയില്‍നിന്ന് അമേരിക്കയിലേക്കു ജീവിതം പറിച്ചുനടുകയായിരുന്നു കുട്ടി. കുംഭവെയിലിനൊപ്പം കേരളത്തില്‍ തിരഞ്ഞെടുപ്പിന്റെ ഉന്മാദം തിളച്ചുമറിഞ്ഞുതുടങ്ങവെ, പഴയകാല തെരഞ്ഞെടുപ്പുകളെയും അവയുടെ പ്രചാരണങ്ങളെയും ജയപരാജയങ്ങളെയുമൊക്കെ കുട്ടിയുടെ കാര്‍ട്ടൂണുകള്‍ എത്രമാത്രം സ്വാധീനിച്ചിരുന്നുവെന്നും ആദ്യമായി കുട്ടി വോട്ട് ചെയ്തതിന്റെ അനുഭവമെന്തൊക്കെയായിരുന്നുവെന്നുമുള്ള എന്റെ അന്വേഷണത്തിന് അദ്ദേഹം കൃത്യമായി മറുപടി തന്നു. 1940-ല്‍ പത്തൊമ്പതാം വയസ്സില്‍ ജന്മദേശമായ ഒറ്റപ്പാലംവിട്ട കുട്ടിയ്ക്ക് ഇന്നുവരെ കേരളത്തില്‍ വോട്ട് ചെയ്യാന്‍ സാധിച്ചിട്ടില്ല. തിരു-കൊച്ചി എം എല്‍ എയായിരുന്ന എം നാരായണക്കുറുപ്പ്, കുട്ടിയുടെ ചേച്ചിയുടെ ഭര്‍ത്താവായിരുന്നു. അദ്ദേഹത്തിനു വേണ്ടി പ്രചാരണത്തിനിറങ്ങാന്‍ സാധിക്കുന്നതിനു മുൻപേ മദ്രാസിലേക്കും ബോംബെയിലേക്കും പിന്നെ ഡല്‍ഹി വഴി പശ്ചിമ ബംഗാളിലേക്കും പൊയ്ക്കഴിഞ്ഞിരുന്നു.
ഡല്‍ഹിയിലെ ഉപരിവര്‍ഗം ബെഡ്കോഫിയോടൊപ്പം നാഷനല്‍ ഹെറാള്‍ഡിലെ കുട്ടിയുടെ കാര്‍ട്ടൂണുകളില നര്‍മവും നുണഞ്ഞ കാലമുണ്ടായിരുന്നു. പത്രമുടമയായ നെഹ്റുവും മറ്റു നേതാക്കളും ആ കാര്‍ട്ടൂണ്‍ ആസ്വദിച്ചു. മിക്ക പ്രഭാതങ്ങളിലും നെഹ്റു ശങ്കറിനെ വിളിച്ച് ഇന്ന് തന്നെക്കുറിച്ച് എന്താണ് കാര്‍ട്ടൂണുകളില്‍ വിഷയമാക്കിയിട്ടുള്ളതെന്നു ചോദിക്കുമായിരുന്നുവത്രേ. ശങ്കറിന്റെ കാര്‍ട്ടൂണില്ലാത്ത ദിവസങ്ങളില്‍ നാഷനല്‍ ഹെറാള്‍ഡിന്റെ മുഖപേജ് കാര്‍ട്ടൂണുകള്‍ കുട്ടിയാണ് വരയ്ക്കുക. തെരഞ്ഞെടുപ്പ് കാലത്ത് കുട്ടിയുടെ രാഷ്ട്രീയ കാര്‍ട്ടൂണുകള്‍ ഇന്ദ്രപ്രസ്ഥത്തിന്റെ ഇടനാഴികളില്‍ ചര്‍ച്ചാവിഷയമായി. സ്വാതന്ത്ര്യലബ്ധിയ്ക്കു രണ്ടു വര്‍ഷം മുൻപ് ബോംബെയിലെത്തിയ കുട്ടി ഫ്രീപ്രസ് ജര്‍ണലില്‍ ചേര്‍ന്നു.
കുഞ്ചന്‍ നമ്പ്യാര്‍ക്കു ശേഷം മലയാളികളെ ചിരിപ്പിച്ച സഞ്ജയന്റെ 'ഡിസ്‌കവറി'യാണ് കാര്‍ട്ടൂണിസ്റ്റ് കുട്ടി.