PEOPLE

ട്രേഡ് യൂണിയന്‍ രംഗത്തെ അതികായനായ ഒ ഭരതന്‍

തൊഴിലാളികളുടെ ഏറ്റവും വലിയ നായകരിലൊരാളായിരുന്നിട്ടും ഒ ഭരതന് ശരിയായ അനുസ്മരണംപോലുമില്ലെന്നത് എത്രമാത്രം സങ്കടകരമാണ്...

കെ ബാലകൃഷ്ണൻ

റിട്ട. ലേബര്‍ ഡെപ്യൂട്ടി കമ്മീഷണർ പി സി വിജയരാജൻ (ജുവനൈൽ ജസ്റ്റിസ് ബോഡ് മുന്‍ അംഗം, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മന്ത്രിയായിരിക്കെ അല്‍പകാലം അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി) ഞായറാഴ്ച (മാര്‍ച്ച് മൂന്ന്) മുഖപുസ്തകത്തിൽ എഴുതിയ ചെറിയ കുറിപ്പ് ഓര്‍മകളുടെ വലിയ ചെപ്പ് തുറപ്പിച്ചു. സിഐടിയു സംസ്ഥാന സെക്രട്ടറിയും നിയമസഭാംഗവും പാര്‍ലമെന്റ് അംഗവുമായിരുന്ന ഒ ഭരതേട്ടന്റെ 23-ാം ചരമവാര്‍ഷികം ഓര്‍മിപ്പിച്ചുകൊണ്ടുള്ളതായിരുന്നു ആ കുറിപ്പ്.

തൊഴിൽ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട ത്രികക്ഷി യോഗങ്ങളിൽ ഒരു യൂണിയനെ പ്രതിനിധീകരിച്ചാണ് ഭരതേട്ടന്‍ എത്തുകയെങ്കിലും കണ്‍സിലിയേഷന്‍ തുടങ്ങിയാൽ എല്ലാ യൂണിയനുകളുടെയും പൊതുനേതാവായി അദ്ദേഹം മാറുന്നു, പ്രശ്‌നപരിഹാരത്തിന് ഏറ്റവും ആകര്‍ഷകമായ പോംവഴിയാണ് അദ്ദേഹം നിര്‍ദേശിക്കുക. തന്നെ സംബന്ധിച്ച് ഒരു റഫറന്‍സ് പുസ്തകംപോലെ അദ്ദേഹത്തിന്റെ പെരുമാറ്റവും സംഭാഷണങ്ങളും പ്രയോജനപ്പെട്ടു. പിൽക്കാലത്ത് അത്രയും തലപ്പൊക്കമുള്ള ട്രേഡ് യൂണിയന്‍ നേതാക്കളെ കാണുന്നില്ലെന്നതാണ് സങ്കടം- ഇത്രയുമാണ് വിജയരാജന്‍ എഴുതിയതിന്റെ സാരം.

ആ ദിവസം തന്നെ മാതൃഭൂമി പത്രത്തിൽ അനുസ്മരണ പരസ്യമുണ്ടായിരുന്നു. ഭരതേട്ടന്റെ 23-ാം ചരമവാര്‍ഷികവും പത്‌നി സരോജിനിച്ചേച്ചിയുടെ നാലാം ചരമവാര്‍ഷികവും. മാര്‍ച്ചിലെ തന്നെ മറ്റൊരു ദിവസമാണ് സരോജിനി അന്തരിച്ചത്. വിജയരാജനെഴുതിയത് വായിച്ചപ്പോഴാണ് പലപ്പോഴും വ്യത്യസ്ത സംഘടനകളിൽപ്പെട്ട ട്രേഡ് യൂണിയന്‍ നേതാക്കള്‍ പറയാറുള്ളത് ഓര്‍ത്തത്- ത്രികക്ഷിയോഗത്തി ഭരതേട്ടന്‍ വന്നാൽ ആമുഖം കഴിഞ്ഞാൽപ്പിന്നെ ഉറങ്ങുന്ന ഭാവത്തിലാണ് ഇരിക്കുക. ബോണസ് പ്രശ്നമാണെന്ന് കരുതുക- തൊഴിലാളികള്‍ 16 ശതമാനം ചോദിക്കുന്നു, ഉടമകള്‍ 8.33- കടുംപിടുത്തം... ചര്‍ച്ച നീണ്ടുനീണ്ടുപോകവേ ഭരതേട്ടന്‍ എഴുന്നേല്‍ക്കും എനിക്ക് മറ്റൊരു യോഗമുണ്ട്, ഞാന്‍ പോകുവാ, 12 ശതമാനത്തിൽ തീര്‍ക്ക്... പിന്നെ ഒന്നും പറയാതെ ഒറ്റപ്പോക്കാണ്. അതായത് പിന്നെ കരാര്‍ ഒപ്പിടുകയേ വേണ്ടൂ എന്നര്‍ഥം. അതായിരുന്നു ഭരതേട്ടന്‍.

സ്വാഭിപ്രായങ്ങള്‍- അത് പാര്‍ട്ടിയുടെ ഔദ്യോഗികനയത്തിനെതിരാണെങ്കിൽപോലും വെട്ടിത്തുറന്നുസംസാരിക്കുന്നത് ഭരതേട്ടന്റെ ശൈലിയായിരുന്നു. ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ വളരെ തീക്ഷ്ണമായ വാക്കുകളിൽ പിച്ചിച്ചീന്തുക അദ്ദേഹത്തിന്റെ സ്വഭാവമായിരുന്നു

ദേശാഭിമാനിയുടെ കണ്ണൂര്‍ ബ്യൂറോയിൽ പ്രവര്‍ത്തിക്കുമ്പോഴാണ് ഭരതേട്ടനുമായി ഏറ്റവും അടുക്കുന്നത്. സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്ന അഴീക്കോടന്‍ മന്ദിരത്തിലെ ഒരു മുറിയാണ് ബ്യൂറോ. ഭരതേട്ടന്‍ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിനോ അതല്ലെങ്കിൽ വെറുതെയോ ഓഫീസിൽ വന്നാ ബ്യൂറോയിൽ വന്നിരിക്കും. ''എടോ ബാലകൃഷ്ണാ നമുക്കൊന്ന് പുകക്കേണ്ടേ,'' എന്ന ചോദ്യവുമായാണ് കടന്നുവരിക. ആരെയെങ്കിലും അയച്ച് ബീഡി വാങ്ങിപ്പിക്കും. അതും പുകച്ചുകൊണ്ട് രാഷ്ട്രീയവും സാഹിത്യവും ഫുട്‌ബോളുമൊക്കെ ഇടതടവില്ലാത്ത സംഭാഷണം. സ്വാഭിപ്രായങ്ങള്‍- അത് പാര്‍ട്ടിയുടെ ഔദ്യോഗികനയത്തിനെതിരാണെങ്കിൽപോലും വെട്ടിത്തുറന്നുസംസാരിക്കുന്നത് ഭരതേട്ടന്റെ ശൈലിയായിരുന്നു. ഇഷ്ടപ്പെടാത്ത കാര്യങ്ങള്‍ വളരെ തീക്ഷ്ണമായ വാക്കുകളിൽ പിച്ചിച്ചീന്തുക അദ്ദേഹത്തിന്റെ സ്വഭാവമായിരുന്നു. എഴുപതുകളിലും എണ്‍പതുകളിലും കണ്ണൂര്‍ ജില്ലയിൽ സിപിഎമ്മിന്റെ ഏറ്റവും തലപ്പൊക്കമുള്ള നേതാക്കളിലൊരാളായിരുന്നു അദ്ദേഹം. അവസാനകാലത്ത് ഭരതേട്ടന്റെ നീരസമേറ്റുവാങ്ങേണ്ടിവന്നെങ്കിലും അതിന്റെ നീറ്റൽ മനസ്സിൽ ഇപ്പോഴുമുണ്ടെങ്കിലും ആ ഉജ്ജ്വലവ്യക്തിത്വത്തിന്റെ മേന്മകളാണിപ്പോള്‍ മനസ്സിൽ നിറയുന്നത്. വല്ലാത്ത വൈകാരികതയുളള ആളായതിനാൽ കലവറയില്ലാതെ പെരുമാറുന്നതിന്റെ പ്രശ്‌നങ്ങള്‍ പാര്‍ട്ടിക്കകത്തും ഗുണദോഷസമ്മിശ്രമായ അവസ്ഥയുണ്ടാക്കുക സ്വാഭാവികം.

കണ്ണൂര്‍ ജില്ലയിലെ രാഷ്ട്രീയം ഏറ്റവും കലുഷമായത് തൊള്ളായിരത്തി തൊണ്ണറുകളിലാണല്ലോ. അതിന്റെ തുടക്കം എടക്കാട് മണ്ഡലത്തിൽ കെ സുധാകരനും ഒ ഭരതനും തമ്മിൽ നടന്ന തീപ്പാറുന്ന മത്സരമാണ്. സാധാരണഗതിയിൽ ഒരു സന്ദേഹവുമില്ലാതെ എൽ ഡി എഫിന് ജയിച്ചുകയറാന്‍ പറ്റിയ മണ്ഡലമാണ്. പക്ഷേ മാക്‌സിസ്റ്റ് വിരോധത്തിന്റെ ചാമ്പ്യനാവാന്‍ മത്സരിക്കുകയാണന്ന് സുധാകരന്‍. അതുകൊണ്ടുതന്നെ സംഘപരിവാര്‍ വോട്ടടക്കം മാര്‍ക്‌സിസ്റ്റുവിരുദ്ധ വോട്ടുകളെല്ലാം നുളളിപ്പെറുക്കി സമാഹരിക്കാനാവുന്ന സ്ഥാനാര്‍ഥിയായി സുധാകരനെ കണ്ടത്. പ്രചാരണം ചൂടുപിടിക്കെയാണ് മേയ് 21-ന് രാജീവ്ഗാന്ധി ശ്രീപെരുമ്പത്തൂരിൽ കൊല്ലപ്പെട്ടത്. ഒന്നാംഘട്ടം വോട്ടെടുപ്പ് കഴിഞ്ഞതായിരുന്നു. രാജീവിന്റെ രക്തസാക്ഷിത്വത്തെ തുടര്‍ന്ന് രണ്ടാം ഘട്ടം വോട്ടെടുപ്പ് ജൂണ്‍ 12-ലേക്ക് മാറ്റി. സഹതാപതരംഗം ആഞ്ഞടിച്ചു. കേരളത്തിൽ എൽ ഡി എഫിന് അപ്രതീക്ഷിതമായ തോൽവി. എടക്കാട് മണ്ഡലത്തിൽ കേവലം 219 വോട്ടിനാണ് ഒ ഭരതന്‍ ജയിച്ചത്. സുധാകരന്‍ തോൽവി അംഗീകരിച്ചില്ല. ഇരട്ട വോട്ടുകളാണ് ഭരതന്റെ വിജയത്തിന് നിദാനമെന്ന് പ്രചരണമായി. തിരഞ്ഞെടുപ്പ് കേസായി. കേരളചരിത്രത്തിലെ എന്നല്ല ഇന്ത്യാ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രമാദമായ തിരഞ്ഞെടുപ്പ് കേസ്.

കരുണാകരന്‍ മന്ത്രിസഭയിൽ സഹകരണമന്ത്രിയായി ചുമതലയേറ്റ എം വി രാഘവനും കെ സുധാകരനും തമ്മിൽ സവിശേഷമായ കൂട്ടുകെട്ട് കണ്ണൂര്‍ രാഷ്ട്രീയത്തിൽ രൂപപ്പെട്ടത് അക്കാലത്താണ്. എന്‍ രാമകൃഷ്ണനെ തോൽപിച്ച് കെ സുധാകരന്‍ ഡി സി സി പ്രസിഡന്റുമായതോടെ അതിന് കടുപ്പംകൂടി. ഇവര്‍ക്ക് കൂട്ടായി അഡ്വ. ടി പി ഹരീന്ദ്രനും. വോട്ടര്‍പട്ടികകള്‍ സൂക്ഷ്മമായി പഠിച്ച് ഇരട്ടയെന്ന് തോന്നിക്കുന്ന വോട്ടുകള്‍ കണ്ടുപിടിക്കുകയായിരുന്നു ആദ്യം. ഇത്തരത്തിൽ ഇരട്ട വോട്ട് ആരോപിക്കപ്പെട്ടവരെ ഹൈക്കോടതിയിൽ ഹാജരാക്കിക്കുന്നതിന് പോലീസ് മര്‍ദനവും ഭീഷണിയുമായി. കണ്ണൂര്‍ രാഷ്ട്രീയം കലങ്ങിമറിയാന്‍ തുടങ്ങി. പി ശശിയുടെയും എം വി ജയരാജന്റെയും കെ ഭാസ്‌കരന്റെയും (എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്നു, കണ്ണൂര്‍ കാര്‍ഷികവികസന ബാങ്ക് പ്രസിഡന്റായിരിക്കെ ഈയിടെയാണ് അന്തരിച്ചത്) നേതൃത്വത്തിലാണ് പ്രതിരോധപ്രവര്‍ത്തനം. കോടിയേരിയാണ് അന്ന് സി പി എം. ജില്ലാ സെക്രട്ടറി. കേസിന്റെ മുഖ്യ ചുമതലക്കാരാനായി എം വി ജയരാജന്‍ തന്നെ കോടതിയിൽ പോക്കും സാക്ഷികളുടെ ശാക്തീകരണവും. തിരഞ്ഞെടുപ്പ് കേസുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ദേശാഭിമാനി ലേഖകനെന്ന നിലയിൽ കൈകാര്യംചെയ്യുന്നത് ഞാന്‍. അതൊരു വല്ലാത്ത കാലമായിരുന്നു.

ഈ കേസിന്റെ കാര്യങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കെയാണ് സഹകരണമാരണ ഓഡിനന്‍സ് വന്നതും മൂന്നുകൊല്ലം പൂര്‍ത്തിയാക്കിയ ഭരണസമിതികളാകെ പുറത്തായതും. അതുമായി ബന്ധപ്പെട്ട പ്രതിരോധവും സംഘര്‍ഷവും വാര്‍ത്താപ്രളയവും സമാന്തരമായിത്തന്നെ നടക്കുന്നു. അപ്പോഴാണ് മറ്റൊരു പ്രശ്‌നം. എ കെ ജി ആശുപത്രി സൊസൈറ്റിയിൽ സിപിഎം നേതൃത്വത്തിൽ ചേര്‍ത്ത അയ്യായിരത്തി പരം മെമ്പര്‍ഷിപ്പ് സഹകരണ രജിസ്ട്രാര്‍ റദ്ദാക്കുന്നു. ആശുപത്രി ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണം ഏര്‍പ്പെടുത്തുന്നു. ആശുപത്രിയുടെ പ്രസിഡന്റ് ഒ ഭരതനാണ്. അതുമായി ബന്ധപ്പെട്ട സംഘര്‍ഷവും കുഴപ്പങ്ങളും ഒരു ഭാഗത്ത്. ആശുപത്രിയിലെ അയ്യായിരത്തിലധികം അംഗത്വം അസാധുവാക്കിയത് ഭരണസമിതിയുടെ അനാസ്ഥ കാരണമാണെന്ന വാര്‍ത്ത അതിനകം പുറത്തുവന്നു. സഹകരണനിയമപ്രകാരം വോട്ടവകാശമുള്ള എ ക്ലാസ് അംഗങ്ങളെ ചേര്‍ക്കുമ്പോള്‍ ഭരണസമിതി യോഗത്തിൽ ഓരോരുത്തരുടെയും പേരെഴുതി യോഗം അംഗീകരിക്കണം. ഭരതേട്ടന്‍ പ്രസിഡന്റായിരിക്കെ പാര്‍ട്ടി ജില്ലയിലെ എല്ലാ ലോക്കലിൽനിന്നും സംഘടനാപരമായി ചേര്‍ത്ത അംഗങ്ങളാണ് ഭൂരിഭാഗവും പുറത്തായത്. എന്‍ ജി ഒ യൂനിയന്‍ നേതാവായിരുന്ന ഒരാളാണ് അക്കാലത്ത് സെക്രട്ടറിയായി ഡെപ്യൂട്ടേഷനിൽ വന്ന് പ്രവര്‍ത്തിച്ചിരുന്നത്. പ്രസിഡന്റും ഭരണസമിതിയും ആ സെക്രട്ടറിയോട് നിയമപ്രകാരം എല്ലാം ചെയ്യണമെന്ന് നിര്‍ദേശിച്ചെങ്കിലും അബദ്ധം സംഭവിച്ചു. അംഗങ്ങളുടെ പേരെഴുതാതെ ഒന്നിച്ച് വന്‍ സംഖ്യ മെമ്പര്‍ഷിപ്പ് അംഗീകരിച്ചതായി മിനുട്‌സിൽ എഴുതുകയായിരുന്നു. അങ്ങനെയൊന്നുമല്ലായിരുന്നെങ്കിലും തിരഞ്ഞെടുപ്പ് അട്ടിമറിക്കപ്പെടുമായിരുന്നെന്നത് മറ്റൊരു കാര്യം.

എടക്കാട് തിരഞ്ഞെടുപ്പ് കേസ് ഹൈക്കോടതിയിൽ പരിഗണിച്ചത് ജസ്റ്റിസ് കെ ജി ബാലകൃഷ്ണനാണ്. കേസ് കൈകാര്യം ചെയ്തതിൽ ചില അസ്വാഭാവികതകളുണ്ടെന്ന മട്ടിൽ അക്കാലത്തേ ഉള്ളിൽ മുറുമുറുപ്പുണ്ടായിരുന്നു. ഇരട്ട വോട്ട് ആരോപിക്കപ്പെട്ടവരെ സാക്ഷികളായി വിസ്തരിക്കുകയും വോട്ട് തുറന്നുനോക്കുകയും ചെയ്ത് സുധാകരനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു കോടതി. ഇത് വലിയ പ്രശ്‌നം സൃഷ്ടിച്ചു. വിധിക്കെതിരെ കോടിയേരി പരസ്യപ്രതികരണം നടത്തിയത് കോടയലക്ഷ്യക്കേസായി. എന്നാൽ രഹസ്യമായ ഒരു സംഭവം നടന്നതായും അന്ന് ചര്‍ച്ചയുണ്ടായിരുന്നു. ജഡ്ജി പക്ഷപാതപരമായി വിധിക്കുമെന്ന് മനസ്സിലാകുന്നുവെന്ന മട്ടിൽ ഒരു കത്ത് ജഡ്ജിക്ക് ലഭിച്ചതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍...

ഏതായാലും തോററതായി പ്രഖ്യാപിക്കപ്പെട്ട ഭരതേട്ടന്‍ സുപ്രീംകോടതിയെ സമീപിച്ചു. ജസ്റ്റിസുമാരായ കെ വെങ്കിടസ്വാമി, ജഗദീഷ് ശരണ്‍ ശര്‍മ എന്നിവരടങ്ങിയ ബെഞ്ച് ഹൈക്കോടതിവിധി റദ്ദാക്കി. വോട്ട് തുറന്നുനോക്കി എതിര്‍ സ്ഥാനാര്‍ഥിയെ വിജയിയായി പ്രഖ്യാപിച്ചത് ജനപ്രാതിനിധ്യനിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമണെന്നായിരുന്നു വിധി. ഒ ഭരതന് നഷ്ടപ്പെട്ട മൂന്നുവര്‍ഷത്തെ മുഴുവന്‍ ആനുകൂല്യങ്ങളടക്കം ന കണമെന്നായിരുന്നു വിധി. വിധി വന്നത് 1996 ഫെബ്രുവരി ആറിനാണ്. അതായത് അടുത്ത തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ഒരുമാസം പോലും ബാക്കിയില്ലാത്തപ്പോള്‍. ബജറ്റ് സമ്മേളനത്തി ഭരതേട്ടന് പങ്കെടുക്കാന്‍ സാധിച്ചു. ഏതായാലും 1996-ലെ തിരഞ്ഞെടുപ്പിൽ വടകര പാര്‍ലമെന്റ് മണ്ഡലത്തിലാണ് ഭരതേട്ടന്‍ മത്സരിച്ചത്. വലിയ ഭൂരിപക്ഷത്തി വിജയിക്കുകയും ചെയ്തു. ഭരതേട്ടന്റെ കേസും അദ്ദേഹം പ്രസിഡന്റായിരുന്നപ്പോഴത്തെ പ്രശ്‌നവുമായി ബന്ധപ്പെട്ട് എ കെ ജി ആശുപത്രി തിരഞ്ഞെടുപ്പും അതിന്റെയെല്ലാം തുടര്‍സംഭവവികാസങ്ങളുമാണ് ഒരു പത്രലേഖകനെന്ന നിലയിൽ അക്ഷീണം പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടാക്കിയത്. അതാകട്ടെ അവിസ്മരണീയവുമാണ്.

തിരഞ്ഞെടുപ്പ് കേസ് നടന്നുകൊണ്ടിരിക്കെയാണ് സി ഐ ടി യു അഖിലേന്ത്യാ സമ്മേളനം പാറ്റ്‌നയിൽ നടന്നത്. സമ്മേളനം റിപ്പോര്‍ട്ട് ചെയ്യാന്‍ ദേശാഭിമാനി എന്നെയാണ് നിയോഗിച്ചത്. തികച്ചും അപരിചിതമായ സ്ഥലം. ഞാന്‍ സമ്മേളനം തുടങ്ങുന്നതിന് മൂന്നുനാള്‍ മുമ്പേതന്നെ പോയി. നീ പോയി സമ്മേളനത്തിന്റെ തയ്യാറെടുപ്പുകളെല്ലാം റിപ്പോര്‍ട്ട് ചെയ്യൂ. തിരിച്ചുവരുമ്പോള്‍ ഒന്നിച്ചുവരാമെന്ന് ഭരതേട്ടന്‍ പറഞ്ഞു. മെയിലിന് മദിരാശിയിലേക്കും അവിടെനിന്ന് കോറമണ്ഡലിൽ ഹൗറയിലേക്കും. ഹൗറ റെയിൽവേ സ്‌റ്റേഷന്‍ ശരിക്കും ഭയപ്പെടുത്തുന്നത്ര വിപുലം. മഹാറാലിയുടെയത്ര ആള്‍ക്കൂട്ടം. സ്റ്റേഷന് തൊട്ടടുത്ത് സ്റ്റേഷനിലെ സി ഐ ടി യു ചുമട്ടുതൊഴിലാളികളുടെ യൂനിയന്‍ ഓഫീസാണ്. അവിടെ ഭാരവാഹികളിൽ പ്രധാനി തമിഴ്നാട്ടുകാരനായ ശ്രീനിവാസനാണ്. എന്താവശ്യത്തിനും ആ സഖാവിനെ കണ്ടാൽ മതിയെന്ന് പറഞ്ഞിരുന്നു. സ്റ്റേഷന്റെ മുമ്പിലെ റോഡ് കടന്നാൽ ചുമട്ടുതൊഴിലാളിയൂനിയന്‍ ഓഫീസായി. അവിടെ ചെന്ന് ശ്രീനിവാസനെ അന്വേഷിച്ചു. കണ്ടു- വളരെ ഹൃദ്യമായ പെരുമാറ്റം. തിരിച്ചുപോരുമ്പോഴും എന്താവശ്യമുണ്ടെങ്കിലും വന്നാൽ മതിയെന്ന് ആ സഖാവ്. അവിടെനിന്നിറങ്ങി റോഡരികിലെത്തി. അവിടെ ചോറും കറികളും വില്പനക്കുണ്ട്. വളരെ ദയനീയമാണവസ്ഥ. അപ്പോഴേ കൊൽക്കത്തയെക്കുറിച്ച് ഒരഭിപ്രായം മനസ്സിൽ പതിഞ്ഞു. കൈകൊണ്ട് വാരിയാണ് ചോറ് പ്ലേറ്റിൽ തരുന്നത്. അയ്യോ... പക്ഷേ മറ്റെന്ത് മാര്‍ഗം...

ഹൗറയിൽനിന്ന് രാത്രി പുറപ്പെട്ട വണ്ടി കാലത്താണ് പാറ്റ്‌നയിലെത്തിയത്. ആകെ അമ്പരന്നുപോകുന്ന അവസ്ഥ. പോകേണ്ടത് ഗാന്ധിമൈതാനത്തിനടുത്താണ്. മൈതാനത്തിന്റെ അരികെയുള്ള ഗാന്ധിസംഗ്രഹാലയയിലേക്കാണ്. ഓട്ടോറിക്ഷകളിൽ കയറാനാവില്ല. ഇരുപത്തഞ്ചുപേരൊക്കെ തിങ്ങിനിറഞ്ഞ പൊട്ടിപ്പൊളിഞ്ഞ, തുറന്ന ഓട്ടോകള്‍. ഇനിയും പരിഷ്‌കാരമെത്താത്തതിന്റെ എല്ലാ പ്രശ്‌നങ്ങളും കണ്‍മുന്നിൽ. ബസ്സിൽ കയറി ലക്ഷ്യസ്ഥാനത്തെത്തി. പെട്ടിയും പ്രമാണവുമൊക്കെ ഗാന്ധിഭവനിലെ മുറിയിൽവെച്ച് കുളിയൊക്കെ കഴിഞ്ഞ് വിധാന്‍സൗധത്തിലേക്ക് പുറപ്പെട്ടു. അക്കാലത്ത് സി പി എമ്മിന് ആറ് എം എൽ എമാരുണ്ട്. അതിലൊരു എം എൽ എയുടെ നമ്പറുണ്ട്. അയാളുടെ മുറി തിരക്കിയാണ് പോയത്. കണ്ടു. ചായയൊക്കെ വാങ്ങിത്തന്ന ശേഷം അദ്ദേഹം സി ഐ ടി യു സമ്മേളനത്തിന്റെ സ്വാതസംഘം ഓഫീസിലേക്കു കൂട്ടിക്കൊണ്ടുപോയി. പിന്നീടുള്ള വിശദാംശങ്ങള്‍ ഈ ലേഖനത്തിൽ പ്രസക്തമല്ലാത്തതിനാൽ മാറ്റിവെക്കുന്നു, പിന്നൊരിക്കൽ എഴുതാന്‍.

ഭരതേട്ടനുമായി ബന്ധപ്പെട്ട കാര്യങ്ങളാണല്ലോ ഇവിടെ പ്രസക്തം. സമ്മേളനത്തിന്റെ തലേന്നാണ് ഭരതേട്ടനും കണ്ണൂരിൽനിന്നുള്ള മുപ്പതിലേറെപ്പേരുള്ള സംഘവുമെത്തിയത്. ചടയന്‍ ഗോവിന്ദനടക്കമുള്ള ഏതാനും പേര്‍ പിറ്റേന്നാണ് വന്നത്. ഭരതേട്ടന്‍ വന്ന ഉടനെ ചോദിച്ചത് നീ വാര്‍ത്തയൊക്കെ കൊടുക്കുന്നുണ്ടോ എന്നാണ്. അതിന്റെ കഥ ഞാന്‍ പറഞ്ഞു. അക്കാലത്ത് ഫാക്‌സ് മാത്രമാണ് വാര്‍ത്ത അയയ്ക്കാനുള്ള മാര്‍ഗം. ആദ്യത്തെ ദിവസം നാലര പേജുള്ള വാര്‍ത്തയെഴുതി പോസ്റ്റ് ഓഫീസ് തിരക്കി മണിക്കൂറുകളോളം നടന്നു. പലതവണ സൈക്കിള്‍ റിക്ഷയിൽ പോയി. കണ്ടെത്താനായില്ല. ജി പി ഒ എന്നന്വേഷിക്കുന്നതിന് പകരം ടാക് ഘര്‍ എവിടെയന്ന് തിരക്കിയതിനാലാണ് കണ്ടെത്താനാകാതെ പോയത്. ഗാന്ധി മൈതാനത്തിനുചുറ്റുമായി ഒരു ലക്ഷത്തിലേറെ സൈക്കിള്‍ റിക്ഷകളുണ്ടത്രെ. രണ്ടു രൂപയാണന്ന് കുറഞ്ഞ കൂലി. ഒരിക്കലും കുളിക്കാറേയില്ലെന്നു തോന്നിക്കുന്ന മനുഷ്യര്‍. ഗാന്ധിമൈതാനത്തിനുചുറ്റും ഓപ്പണ്‍ എയറിലാണ് ക്ഷൗരവും കുളിയുമെല്ലാം. വൃത്തിയെക്കുറിച്ചൊന്നും പറഞ്ഞിട്ടു കാര്യമേയില്ല.

പറഞ്ഞുവന്നത് വാര്‍ത്ത അയക്കുന്ന കാര്യമാണ്. പോസ്റ്റ് ഓഫീസ് കണ്ടെത്താനാവാഞ്ഞതിനാൽ ഗാന്ധിമൈതാനത്തിനോടു ചേര്‍ന്നുള്ള ഒരു സ്റ്റേഷനറിക്കടയിലെ ഫാക്‌സിനെ ആശ്രയിച്ചു. ചാര്‍ജ് എത്രയാകുമെന്നു ചോദിച്ചപ്പോള്‍ എസ് ടി ഡി ചാര്‍ജെന്ന് മറുപടി. നാലര പേജയക്കാന്‍ നാനൂറ്റമ്പത് രൂപയായി. ഒ കെ എന്ന മറുപടിയും കിട്ടി. എന്നാൽ ഓഫീസിൽ അത് കിട്ടിയിരുന്നില്ല. തട്ടിപ്പായിരുന്നു. പിറ്റേദിവസം പോസ്റ്റ് ഓഫീസ് കണ്ടുപിടിക്കാന്‍ സാധിച്ചു. ഗാന്ധി എന്ന ഒരാളാണ് ഫാക്‌സ് ചുമതലക്കാരന്‍. ഗാന്ധിജീ എന്ന് പത്രക്കാര്‍ അദ്ദേഹത്തെ നീട്ടിവിളിക്കും. പത്രക്കാര്‍ക്കിരിക്കാന്‍ പ്രത്യേക മുറിയുണ്ടവിടെ. അന്നു മുതൽ വാര്‍ത്ത അയക്കൽ അല്ലലില്ലാതെ നടന്നു. ഒരു പേജിന് 30 രൂപ മാത്രമാണന്ന് ഫാക്‌സ് ചാര്‍ജ്.

അമളിക്കഥയെല്ലാം ഭരതേട്ടനോടും സംഘത്തോടും പറഞ്ഞപ്പോള്‍ നല്ല കൗതുകം. സമ്മേളനം കഴിഞ്ഞതിന്റെ പിറ്റേന്ന് രാത്രിയാണ് ഞങ്ങളുടെ വണ്ടി പാറ്റ്‌ന-ഹൗറ എക്‌സ്പ്രസ്. ഭരതേട്ടന്‍ പറഞ്ഞു, ''എടോ നീ കുറേ സാഹിത്യത്തിന്റെയും ചരിത്രത്തിന്റെയും ആളല്ലേ? പാടലീപുത്രത്തിൽ വന്നിട്ട് നമുക്ക് വെറുതെയങ്ങ് തിരിച്ചുപോകാനാവുമോ? ബുദ്ധന്റെ സ്ഥലമല്ലേ ഇത്. നമുക്ക് നളന്ദയിലും രാജ്‌ഗീറിലും പോയാലോ?'' അങ്ങനെ സമ്മേളനത്തിന്റെ പിറ്റേദിവസം അതിരാവിലെ ഞങ്ങള്‍ (കണ്ണൂര്‍ പ്രതിനിധികളും ഞാനും) ഭരതേട്ടന്റെ നേതൃത്വത്തിൽ പുറപ്പെട്ടു. പാടലീപുത്രമെന്ന പാറ്റ്‌നയിൽനിന്ന് രണ്ടര മണിക്കൂറിലേറെ ബസ് യാത്ര. 30 ഏക്കറിൽ നിറഞ്ഞുനിൽക്കുന്ന പ്രാചീന സര്‍വകലാശാലാ സൈറ്റ്. ശാകുന്തളത്തിന്റെ കാലമായി കണക്കാക്കപ്പെടുന്ന കുമാരഗുപ്തന്റെ കാലത്ത് എ ഡി അഞ്ചാം നൂറ്റാണ്ടിൽ ആരംഭിച്ചെന്നു കരുതപ്പെടുന്ന നളന്ദ. 800 അടി നീളവും 1600 അടി വീതിയുമുള്ള സര്‍വകലാശാലാ സ്ഥലം കണ്ടു. ഉത്ഖനനത്തെപ്പററി കേട്ടിട്ടുണ്ടെങ്കിലും അതിന്റെ രീതികളും അവശിഷ്ടങ്ങളും നേരിൽ കാണുകയായിരുന്നു. കൂടെ ഒരു ക്യാമറക്കാരന്‍ പോലുമില്ലാത്തതിന്റെ സങ്കടം അവിടെനിന്നനുഭവിച്ചു. ബുദ്ധമതത്തിന്റെ ഏറ്റവും വലിയ കേന്ദ്രമായിരുന്നു നളന്ദ സര്‍വകലാശാല. ബുദ്ധ ഗയയിൽനിന്ന് 80 കിലോമീറ്റര്‍ മാത്രം ദൂരം. നളന്ദ പ്രധാനപ്പെട്ട ബുദ്ധവിഹാരമായിരുന്നു..

നളന്ദയിൽനിന്ന് പോയത് രാജഗൃഹം അഥവാ രാജ്‌ഗീറിലേക്കായിരുന്നു. മഗധയിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്ന്. തലസ്ഥാനമായിരുന്ന നളന്ദ പോലെത്തന്നെ പ്രധാനം. റോപ്പ് വേയാണ് ഏറ്റവും ആകര്‍ഷകം. കൂട്ടത്തിൽ ചിലരെല്ലാം ഭയപ്പെട്ടു. മുകളിലോട്ടുനോക്കുമ്പോള്‍ എല്ലാവര്‍ക്കും ആശങ്കയില്ലാതില്ല. പക്ഷേ കയറാതിരുന്നാൽ... ആയിരം അടിയോളം ഉയരമുള്ള രത്‌നഗിരി ഹില്ലിലേക്കാണ് റോപ്പ് വേ. ഭരതേട്ടന്‍ ആക്ഷേപഹാസ്യഭാഷയിൽ തുടങ്ങി...നല്ല പരിഹാസം... ''ഇങ്ങനെ ഭയക്കുന്ന നമ്മളാണ് വിപ്ലവം നടത്തേണ്ടത്!'' ഒടുവിൽ എല്ലാവരും കയറി. അതൊരദ്ഭുത യാത്രയായിരുന്നു. താഴേക്കുനോക്കുമ്പോള്‍ ഭയമുണ്ടായെങ്കിലും വിസ്മയം സൃഷ്ടിക്കുന്ന കാഴ്ചകള്‍. മലമുകളിൽ വിശ്വശാന്തി സ്തൂപമാണ് കാണാനുള്ളത്.

വിനോദയാത്രയെല്ലാം കഴിഞ്ഞ് അത്താഴവും കഴിച്ച് ഹൗറയിലേക്കുള്ള വണ്ടിയി കയറി. പിറ്റേന്ന് ഉച്ചയോടെയാണ് ചെന്നൈയിലേക്കുളള കോറമണ്ഡൽ എക്‌സ്പ്രസ്. രാത്രി 11 മണിയോടടുപ്പിച്ചാണ് മനസ്സിലാകുന്നത് വണ്ടി ഏതോ കാനനമേഖലയിൽ നിര്‍ത്തിയിട്ടിരിക്കുയാണ്. എപ്പോള്‍ പോകുമെന്നോ എന്താണ് പ്രശ്‌നമെന്നോ അറിയില്ല. മണിക്കൂറുകള്‍ ഇഴഞ്ഞുനീങ്ങി. കയ്യിലുള്ള വെള്ളം പോലും തീര്‍ന്നു. പത്തുമണിക്കൂറിലേറെ വൈകിയാണ് വണ്ടി ഹൗറയിലെത്തിയത്. ഞങ്ങള്‍ക്ക് റിസര്‍വേഷനുള്ള ട്രെയിന്‍ ഹൗറയിൽനിന്ന് പുറപ്പെട്ടിട്ട് മണിക്കൂറുകള്‍ പിന്നിട്ടു. എന്തുചെയ്യും. ഇനി ചെന്നൈയിൽനിന്നുള്ള ട്രെയിനും കിട്ടില്ല. ഹൗറ റെയിൽവേസ്റ്റേഷനിൽ സങ്കടവും മടുപ്പുമെല്ലാമായി നി ക്കെ ഞാന്‍ ഭരതേട്ടനോട് പറഞ്ഞു, ''ഭരതേട്ടാ റെയിൽവേ പോട്ടര്‍മാരുടെ സംഘടനയുടെ ഓഫീസ് അടുത്തുണ്ട്. അവിടെ ഞാന്‍ പോയിരുന്നു. തൃശ്ശിനാപ്പള്ളിക്കാരനായ ശ്രീനിവാസനാണവിടെ ഒരു നേതാവ്.'' ഭരതേട്ടനും അക്കാര്യം അറിയാമായിരുന്നു, പക്ഷേ അപ്പോള്‍ ഓര്‍മയിലെത്തിയില്ല.

1996- സി പി എമ്മിലുണ്ടായ ശാക്തികമത്സരത്തിൽ സി ഐ ടി യു വിഭാഗത്തിനുണ്ടായ വീഴ്ച ഭരതേട്ടനെയും വല്ലാതെ ബാധിച്ചു. തിരഞ്ഞെടുപ്പിൽ മത്സരിച്ച വി എസ് അച്യുതാനന്ദൻ തോൽ ക്കുകയും മത്സരിക്കാത്ത നായനാര്‍ മുഖ്യമന്ത്രിയാവുകയും ചെയ്തതിന് പിന്നിലെ സംഭവവവികാസങ്ങള്‍ പാര്‍ട്ടിക്കകത്ത് വലിയ ദുരന്തങ്ങള്‍തന്നെ സൃഷ്ടിച്ചു

എന്നോട് ശ്രീനിവാസനെപ്പറ്റി പറഞ്ഞത് ദേശാഭിമാനിയിലെ ഐ വാസുദേവനാണ്. അദ്ദേഹം ദീര്‍ഘകാലം മദിരാശിയിൽ ജോലിചെയ്തതാണ്. യൂണിയനുകളുമായെല്ലാം നല്ല ബന്ധം. ഞാന്‍ പറഞ്ഞതുപ്രകാരം അന്വേഷിച്ചുപിടിച്ചതാണ് ശ്രീനിവാസനെ. ഡി ആര്‍ ഇ യു നേതാവ് കണ്ണൂര്‍ക്കാരനായ കെ അശോകനും അതേ പേരുതന്നെ പറഞ്ഞിരുന്നു. ഏതായാലും ഞങ്ങള്‍ ആ ഓഫീസിൽ പോയി. വൈകീട്ട് ചെന്നൈയിലേക്കുപോകുന്ന ഒരു വണ്ടിയുണ്ട്. അതി നാല് ജനറൽ കംപാര്‍ട്‌മെന്റുമുണ്ട്. പേടിക്കേണ്ട. സംവിധാനമുണ്ടാക്കാമെന്ന് ശ്രീനിവാസന്‍. വണ്ടി ട്രാക്കിൽ വരേണ്ടസമയമായി. അതാ ശ്രീനിവാസന്‍ കുറേ സഹപ്രവര്‍ത്തകരുമായി മുദ്രാവാക്യം മുഴക്കി വരുന്നു. അവര്‍ ചെന്നൈ ട്രെയിനിന്റെ ജനറൽ കംപാര്‍ട്‌മെന്റിനടുത്തെത്തി നിന്നു. പിന്നെ കണ്ടത് ആ കംപാർട്ട്മെന്റിൽ കൊടി കെട്ടുന്നതാണ്. സംഗതി അക്രമമാണെന്ന് തോന്നിയെങ്കിലും അതല്ലാതെ വേറെ വഴിയുണ്ടായിരുന്നില്ല. നാല്പതിലേറെപ്പേരുണ്ടായിരുന്നു ഞങ്ങള്‍. കാസര്‍ക്കോട്ടെയും കോഴിക്കോട്ടെയും കുറെ പ്രതിനിധികളുമുണ്ടായിരുന്നു. ഏതായാലും അതൊരു സ്‌പെഷൽ കംപാര്‍ട്‌മെന്റുപോലെ മുദ്രാവാക്യമൊക്കെ മുഴക്കി, കൊടികെട്ടി... വാസ്തവത്തിൽ റെയിൽവേ തന്നെ ഞങ്ങള്‍ക്ക് സൗകര്യമൊരുക്കിത്തരേണ്ടതാണ്. അവരുടെ കുറ്റംകൊണ്ടാണ് റിസര്‍വേഷനുള്ള ട്രെയിന്‍ കിട്ടാതിരുന്നത്. ഒരുദിവസത്തിലേറെ നീണ്ട ആ യാത്ര അവിസ്മരണീയമാണ്, രാഷ്ട്രീയവും കലയം തമാശയും പരിഹാസവുമെല്ലാമായി. ചെന്നൈയിലെത്തിയ ശേഷം ഷൊര്‍ണൂരിലേക്കും അവിടെനിന്ന് കണ്ണൂരിലേക്കും... റിസര്‍വേഷനില്ലാത്ത ദുരിതയാത്ര.

1996-സംസ്ഥാനത്ത് ഇ കെ നായനാര്‍ മന്ത്രിസഭ അധികാരത്തിൽ വന്നു. കണ്ണൂര്‍ ജില്ലയിലെ സംഘര്‍ഷാന്തരീക്ഷത്തിന് അയവുവന്നു. എനിക്ക് ദേശാഭിമാനിയുടെ തിരുവനന്തപുരം ബ്യൂറോയിലേക്ക് മാറ്റമായി. തിരുവവന്തപുരം മാഞ്ഞാലിക്കുളം റോഡിൽ ദേശാഭിമാനിയുടെ തൊട്ടുമുമ്പിലാണ് കെ എസ് ആര്‍ ടി എംപ്ലോയീസ് അസോസിയേഷന്റെ ഓഫീസ്. ആ സംഘടനയുടെ പ്രസിഡന്റ് ഭരതേട്ടനാണ്. പാര്‍ലമെന്റംഗമായ അദ്ദേഹം സമ്മേളനമില്ലാത്തപ്പോള്‍ മിക്കദിവസവും തിരുവനന്തപുരത്ത് ആ ഓഫീസ് കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. ഉച്ചക്ക് ഒഴിവ് കിട്ടുമ്പോഴെല്ലാം അവിടെപ്പോയി ഭരതേട്ടനുമായി കിസ്സ പറയുമായിരുന്നു. പഴയ കഥകള്‍ അതിസരസമായി പറയുന്നതിൽ പ്രത്യേക മിടുക്കായിരുന്നുവല്ലോ ഭരതേട്ടന്. ട്രാന്‍സ്‌പോര്‍ട്ട് മന്ത്രിയായിരുന്ന ആര്‍.ബാലകൃഷ്ണപിള്ളയുടെ അതിസാമര്‍ഥ്യങ്ങളെപ്പറ്റിയൊക്കെ പല കഥകള്‍ പറയുകയുണ്ടായി.

1996- സി പി എമ്മിലുണ്ടായ ശാക്തികമത്സരത്തിൽ സി ഐ ടി യു വിഭാഗത്തിനുണ്ടായ വീഴ്ച ഭരതേട്ടനെയും വല്ലാതെ ബാധിച്ചു. തിരഞ്ഞെടുപ്പിൽ മത്സരിച്ച വി എസ് അച്യുതാനന്ദൻ തോൽ ക്കുകയും മത്സരിക്കാത്ത നായനാര്‍ മുഖ്യമന്ത്രിയാവുകയും ചെയ്തതിന് പിന്നിലെ സംഭവവവികാസങ്ങള്‍ പാര്‍ട്ടിക്കകത്ത് വലിയ ദുരന്തങ്ങള്‍തന്നെ സൃഷ്ടിച്ചു. 1998- പാലക്കാട്ട് നടന്ന സംസ്ഥാനസമ്മേളനമാണ് അതിന്റെ വേദിയായത്. നായനാര്‍ മുഖ്യമന്ത്രിയായതോടെ ശാക്തികബലാബലത്തിലുണ്ടായ മാറ്റം പാര്‍ട്ടി സംഘടനയിലേക്ക് പരിവര്‍ത്തിപ്പിക്കുകയായിരുന്നു പാലക്കാട് സമ്മളനത്തിൽ. സംസ്ഥാന കമ്മിറ്റി യോഗങ്ങളിൽ കൃത്യമായി പങ്കെടുക്കുന്നില്ലെന്ന കാരണം പറഞ്ഞ് ഒ ഭരതനെ പാനലിൽനിന്ന് ഒഴിവാക്കിയതായറിഞ്ഞു. പ്രായത്തിന്റെയും മറ്റും പ്രശ്‌നം പറഞ്ഞ് ഐ വി ദാസ്, സി കൃഷ്ണന്‍നായര്‍, പാച്ചേനി കുഞ്ഞിരാമന്‍ തുടങ്ങിയവരെയും ഒഴിവാക്കി. പിന്നീട് മത്സരവും നടന്നു. അതിലാണ് എം എം ലോറന്‍സും കെ എന്‍ രവീന്ദ്രനാഥും വി ബി ചെറിയാനും അപ്പുക്കുട്ടന്‍ വള്ളിക്കുന്നും അടക്കമുള്ളവർ തോൽപ്പിക്കപ്പെട്ടത്. (ഈ കാര്യങ്ങളെല്ലാം എം എം ലോറന്‍സ് ആത്മകഥയിലും വിശദീകരിക്കുന്നതിനാൽ രഹസ്യസ്വഭാവമില്ലാതായി). സംസ്ഥാന കമ്മിറ്റിയിൽനിന്ന് ഒഴിവാക്കപ്പെട്ടവരും തോൽപ്പിക്കപ്പെട്ടവരും ഒരു വിഭാഗത്തി പ്പെട്ടവരാണ്. അത് പാര്‍ട്ടിക്ക് വലിയ പേരുദോഷമുണ്ടാക്കി. ട്രേഡ് യൂനിയന്‍ മേഖലയിൽ തിരിച്ചടിയുണ്ടാക്കി. ഈ സംഭവങ്ങള്‍ക്കുശേഷം ഭരതേട്ടന്‍ പാര്‍ട്ടിയുമായി പൂര്‍ണമായി ഇടഞ്ഞുനിൽക്കുകയായിരുന്നു. അദ്ദേഹത്തിന് ഘടകംപോലുമില്ലാതായി. കണ്ണൂര്‍ ജില്ലാ നേതൃത്വം അദ്ദേഹത്തോട് ആദരവോടെയാണ് പെരുമാറിയത്. സംസ്ഥാന സെക്രട്ടേറിയറ്റിൽ കണ്ണൂരിൽനിന്നുള്ള പിണറായിയും (സമ്മേളനം കഴിഞ്ഞ് ഏതാനും മാസത്തിനകം അദ്ദേഹമായി സംസ്ഥാന സെക്രട്ടറി) കോടിയേരിയും ജില്ലാ സെക്രട്ടറി ഇ പി ജയരാജനും ഭരതേട്ടന്റെ ജൂനിയര്‍. ഈ ഘട്ടത്തിലാണ് ഭരതേട്ടന് ബൈപ്പാസ് ശസ്ത്രക്രിയ വേണ്ടിവന്നത്. വലിയ ഓപ്പറേഷനായിരുന്നു. രോഗപീഡയിൽ കഴിയുന്ന ഭരതേട്ടനെ കാണാന്‍ കോടിയേരി വന്നപ്പോള്‍ കൂടെപ്പോകാന്‍ എന്നെയും വിളിച്ചിരുന്നു. അധികം സംസാരിക്കാന്‍ കഴിയുന്ന അവസ്ഥയിലല്ലെങ്കിലും അന്ന് ഭരതേട്ടന്‍ പലതും തുറന്നടിച്ചു. അതിൽ ഏതുഭാഗമാണ് ശരിയെന്നതിലും മറ്റും തര്‍ക്കമുണ്ടാകാം.

ഇനിയാണ് വ്യക്തിപരമായ നീരസത്തെക്കുറിച്ച് പറയാനുള്ളത്. പാര്‍ട്ടിയിലെ സ്ഥാനമെല്ലാം നഷ്ടപ്പെട്ട ശേഷം ഭരതേട്ടന്‍ കാര്യങ്ങള്‍ പരസ്യമായി പറയാന്‍ തുടങ്ങുന്ന സ്ഥിതിവന്നു. അപ്പോഴും അദ്ദേഹം പാര്‍ട്ടി അംഗം തന്നെയാണ്. മാതൃഭൂമി പത്രത്തിൽ കുറേയധികം വാര്‍ത്തകള്‍ വന്നു. പിന്നീട് 'നെരിപ്പോട്' എന്ന പേരിൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ആത്മകഥയും. വി എസ് അച്യുതാനന്ദന്‍ ചൈനാ ചാരപ്രശ്‌നത്തിൽ ജയിലിൽ കിടക്കുമ്പോള്‍ ഇന്ത്യന്‍ ഭടന്മാര്‍ക്ക് രക്തദാനംചെയ്യാന്‍ ജയിലിൽ നേതൃത്വം നൽകിയതിന് പാര്‍ട്ടിയുടെ നടപടി നേരിട്ടയാളാണെന്ന് പരസ്യമായി വ്യക്തമാക്കി. ഇന്നാണെങ്കിൽ അതൊരു പോസിറ്റീവ് കാര്യമായാണ് കണക്കാക്കുകയെങ്കിലും അന്നത്തെ സ്ഥിതി നേരെ മറിച്ചായിരുന്നല്ലോ. അതുപോലെ പലതരം ആരോപണങ്ങള്‍ ഭരതേട്ടന്റെ ഭാഗത്തുനിന്നുണ്ടായപ്പോള്‍ 'അറകള്‍ ഉള്ളറകള്‍' എന്ന ദേശാഭിമാനിയിലെ എന്റെ പംക്തിയിൽ (1994 മുതൽ കണ്ണൂര്‍ എഡിഷനിലും 1998 മുതൽ 2006 വരെ മുഴുവന്‍ എഡിഷനിലും ഞാന്‍ എഴുതിയ രാഷ്ട്രീയ വിമര്‍ശപംക്തി) ഭരതേട്ടന് ഒരു മറുപടി നൽകി. പാര്‍ട്ടിയിലെ ഒരു നേതാവും പറഞ്ഞല്ല, ആരുടെയും അറിവോടെയല്ല സ്വന്തം നിലയിൽ. വി എസ് അടക്കമുള്ള പാര്‍ട്ടി നേതാക്കളെ പരസ്യമായി ആക്ഷേപിക്കുന്നയാള്‍ക്ക് ന്യൂനതകളൊന്നമില്ലേയെന്നാണ് കഷ്ടിച്ച് ഒരു ഖണ്ഡികയിൽ വിരുദ്ധോക്തിയിൽ ചോദിച്ചത്. ഭരതേട്ടനെ അത് വല്ലാതെ ക്ഷോഭിപ്പിച്ചു. അദ്ദേഹം എന്നെ വളിച്ച് കണക്കിന് തന്നു. പിന്നീട് അന്നത്തെ ജില്ലാ സെക്രട്ടറി ഇ പി ജയരാജനെ വിളിച്ച് ശക്തമായി വഴക്കുപറഞ്ഞു. ഭരതേട്ടനെതിരായി എന്താണെഴുതിയതെന്ന് ഇ പി വിളിച്ചുചോദിച്ചു. വായിച്ചുനോക്കി എന്തെങ്കിലും പിശകുണ്ടെങ്കിൽ പറയൂ എന്നായി ഞാന്‍. പത്തു മിനിറ്റുകഴിഞ്ഞ് ജയരാജന്‍ വീണ്ടും വിളിച്ചു, ''ക്ഷോഭിക്കാനും മാത്രമൊന്നമില്ലല്ലോ. പക്ഷേ ഭരതേട്ടന്‍ എന്നെ വിളിച്ച് വല്ലാതെ ചൂടായി. ഞാനാണിതിന് പിന്നിലെന്നാണ് ഭരതേട്ടന്‍ വിശ്വസിക്കുന്നത്. എന്തുചെയ്യാം...''

തൊഴിലാളികളുടെ ഏറ്റവും വലിയ നായകരിലൊരാളായിരുന്നിട്ടും ഒ ഭരതന് ശരിയായ അനുസ്മരണംപോലുമില്ലെന്നത് എത്രമാത്രം സങ്കടകരമാണ്...

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി