മറക്കാനാവാത്ത രാത്രിയാണത്. നിലത്ത് പുൽപ്പായിൽ കൂർക്കം വലിച്ചുറങ്ങുന്ന മഹാസാഹിത്യകാരൻ കോവിലനെ നോക്കിക്കിടന്ന് നേരം വെളുപ്പിച്ച രാത്രി.
ജീവിതത്തിലാദ്യമായി കയ്യെത്തും ദൂരെ കാണുകയായിരുന്നു അത്രയും വലിയ ഒരെഴുത്തുകാരനെ. അതേ രാത്രിയുടെ ഓർമ്മയിലാണ് ഒരിക്കൽ പ്രിയ സുഹൃത്ത് ജഗദീഷ് ബാബു എഴുതിയത്: "എഴുത്തിലെ ധിക്കാരിയായ സാക്ഷാൽ കോവിലനെ നിലത്തുകിടത്തി കട്ടിലിൽ കിടന്നുറങ്ങിയ ഒരേയൊരാളേ ഉണ്ടാവൂ ഭൂമിമലയാളത്തിൽ, ഇവൻ. ഈ രവി..."
തമാശയായാണ് ജഗദീഷ് പറയാറുള്ളതെങ്കിലും ആ "ബഹുമതി" നിരുപാധികം ഏറ്റുവാങ്ങുന്നു ഞാൻ; ഇഷ്ടസാഹിത്യകാരനോട് മനസാ മാപ്പു പറഞ്ഞുകൊണ്ട്.
കൗമുദിയിലെ ട്രെയിനിക്കാലത്തു നിന്നുള്ള ഓർമ. 1980 കളുടെ മധ്യത്തിലാവണം. വെള്ളിമാടുകുന്ന് എൻ ജി ഒ ഹോസ്റ്റലിലാണ് അന്ന് എന്റെയും ജഗദീഷിന്റേയും "അനധികൃത വാസം." ജഗദീഷിന്റെ ഏതോ സുഹൃത്തിന്റെ പേരിലുള്ള മുറിയാണ്. വാടക കൊടുക്കേണ്ട. 400 രൂപ സ്റ്റൈപ്പൻഡ് കൊണ്ട് ജീവിതം "തള്ളിനീക്കുന്ന" രണ്ടു തുടക്കക്കാർക്ക് അതിലും വലിയൊരു ആകർഷണമില്ലല്ലോ.
"സമതാളം" മാസികയൊക്കെ നടത്തി അന്നേ സാംസ്‌കാരിക മണ്ഡലത്തിൽ സജീവമാണ് ജഗദീഷ് ബാബു. രാഷ്ട്രീയ - സാഹിത്യ മേഖലകളിലെ പ്രമുഖരുമായി അടുത്ത ബന്ധവുമുണ്ട്. യുവസാഹിത്യകാരന്മാരൊക്കെ ഇടയ്ക്ക് റൂമിൽ വരും. പലർക്കും സുഹൃത്തും വഴികാട്ടിയുമാണ് യുവതുർക്കിയും വിപ്ലവകാരിയുമായ ജഗദീഷ്.
ആയിടക്കൊരിക്കലാണ് അപ്രതീക്ഷിതമായി കോവിലന്റെ രംഗപ്രവേശം. കോവിലൻ വരുന്നു എന്ന് ജഗദീഷ് പറഞ്ഞുകേട്ടപ്പോഴേ ഉള്ളം തുടിച്ചു. കുട്ടിക്കാലം മുതലേ വായനയിലൂടെ മനസ്സിൽ ഇടം പിടിച്ച എഴുത്തുകാരൻ. വയനാട്ടിലെ വീടിന്റെ സ്റ്റോർ മുറിയിൽ ഭദ്രമായി കെട്ടിവെച്ചിരുന്ന മാതൃഭൂമി ആഴ്ചപ്പതിപ്പിൻ്റെ പഴയ ലക്കങ്ങളിലെ "എ മൈനസ് ബി" എന്ന നോവലിലൂടെയാണ് കോവിലൻ എന്റെ ജീവിതത്തിലേക്ക് കടന്നുവന്നത്. പട്ടാളക്കഥകളോടുള്ള ഭ്രമം ഊട്ടിവളർത്തിയതും അതേ നോവൽ തന്നെ. കോവിലന്റെ രചനകൾ തേടിപ്പിടിച്ചു വായിക്കുന്നത് പിന്നെയൊരു ശീലമായി; ഏറ്റവുമൊടുവിൽ "തട്ടകം" വരെ.
അടുത്ത കാലത്ത് ഒരു പുസ്തകോത്സവത്തിന് പോയപ്പോൾ "എ മൈനസ് ബി" വീണ്ടും കണ്മുന്നിൽ വന്നു പെട്ടു. പിന്നെ സംശയിച്ചില്ല; വാങ്ങി. വീണ്ടും വായിച്ചു; പണ്ട് വായിച്ചപ്പോഴത്തെ അതേ ആവേശത്തോടെ. കുട്ടിവായനക്കാരനെ ഏതോ സ്വപ്നലോകത്തുകൂടി കൈപിടിച്ചു നയിച്ച ഒരു പാട് കഥാപാത്രങ്ങൾ വീണ്ടും മുന്നിൽ വന്നു പുഞ്ചിരി പൊഴിച്ചു നിന്നു: നായക് വിദ്യാധരൻ, ഡ്രൈവർ നിരഞ്ജൻ, കാർപ്പെന്റർ മുത്തയ്യ, മെക്കാനിക്ക് മാധവൻ, നായക് സേവാസിംഗ്, കമലപ്രസാദ്, ഗജരാജ് സിംഗ്, ലഫ്റ്റനന്റ് ഷേണായി....
ആ അനശ്വര കഥാപാത്രങ്ങളുടെ മഹാശില്പിയാണ് ഞങ്ങളുടെ കൊച്ചുമുറിയിൽ അവതരിക്കാൻ പോകുന്നത്. ആനന്ദലബ്ധിക്കിനി എന്തുവേണം?
ജഗദീഷിന്റെ അടുത്ത സുഹൃത്താണ് കോവിലൻ; പ്രായത്തിനതീതമായ സൗഹൃദം. വന്നയുടൻ ഷർട്ടഴിച്ചു ചുമരിൽ തൂക്കി, നിലത്ത് ചമ്രം പടിഞ്ഞിരുന്ന് കോവിലൻ സംസാരം തുടങ്ങി; സാഹിത്യത്തെ കുറിച്ച് മാത്രമല്ല ആകാശത്തിന് കീഴെയുള്ള സകല വിഷയങ്ങളെക്കുറിച്ചും. ഇടയ്ക്ക് ജഗദീഷുമായി വാദപ്രതിവാദങ്ങളുണ്ട്. പഴയ പട്ടാളജീവിതത്തിന്റെ വീണ്ടെടുക്കലുകളും. എല്ലാം കേട്ട്, ആസ്വദിച്ച് മിണ്ടാതിരുന്നു ഞാൻ. എനിക്ക് ഇടപെടാൻ സ്കോപ്പുള്ള വിഷയങ്ങളല്ല. ഗൗരവമാർന്ന ചർച്ചയാണ്. മൗനം ഭൂഷണം.
കോവിലൻ വരും മുൻപ് തന്നെ ഒരു കാര്യം ഞങ്ങൾ തീരുമാനിച്ചിരുന്നു. ഇഷ്ടസാഹിത്യകാരന് രാത്രി കട്ടിൽ ഒഴിഞ്ഞുകൊടുക്കണം. പകരം പുൽപ്പായയിൽ ചേക്കേറും ഞങ്ങൾ.
നേരം സന്ധ്യയാകുന്നു; രാത്രിയാകുന്നു. കിടക്കേണ്ട സമയമായപ്പോൾ ജഗദീഷ് നിലത്ത് പായ വിരിച്ചു. മുറിയിലെ ഒരേയൊരു കട്ടിൽ എനിക്ക് ഒഴിഞ്ഞുതന്ന് നിലത്താണ് സാധാരണ ജഗദീഷ് കിടക്കുക. തുടക്കം മുതലുള്ള ഏർപ്പാടാണ്. കട്ടിലിനോട് എനിക്കും വലിയ കമ്പമില്ല എന്ന് പറഞ്ഞാൽ ജഗദീഷ് തടയും: "നീ അവിടെ കിടന്നാൽ മതി. എനിക്ക് വിശാലമായി കിടക്കണം. നിനക്കത് ബുദ്ധിമുട്ടാവും."
എന്നാൽ കോവിലൻ വരും മുൻപ് തന്നെ ഒരു കാര്യം ഞങ്ങൾ തീരുമാനിച്ചിരുന്നു. ഇഷ്ടസാഹിത്യകാരന് രാത്രി കട്ടിൽ ഒഴിഞ്ഞുകൊടുക്കണം. പകരം പുൽപ്പായയിൽ ചേക്കേറും ഞങ്ങൾ. കോവിലന്റെ സുഖനിദ്രയാണല്ലോ ഞങ്ങൾക്ക് പ്രധാനം.
എന്നാൽ ഇരുവരേയും ഞെട്ടിച്ചുകൊണ്ട് കോവിലൻ നയം വ്യക്തമാക്കുന്നു: "ഞാൻ കട്ടിലിൽ കിടക്കുന്നില്ല. എനിക്കിവിടെ വെറും നിലത്ത് ബാബുവിനൊപ്പം കിടന്നാൽ മതി. എന്നാലേ ഉറക്കം വരൂ...."
കുടുങ്ങിയില്ലേ? നിലത്തുകിടന്നാൽ ശരീരം വേദനിക്കുമെന്ന് പറഞ്ഞു നോക്കി. പൊട്ടിച്ചിരിയായിരുന്നു മറുപടി. പാറപ്പുറത്ത് കിടന്നുറങ്ങി ശീലിച്ച പട്ടാളക്കാരനോടാണോ ഉപദേശം എന്ന ധ്വനിയുള്ള ചിരി. ഒരു നിർബന്ധത്തിനും വഴങ്ങുന്നില്ല അദ്ദേഹം. "കുട്ടി കട്ടിലിൽ കിടന്നോളൂ. ഞങ്ങൾക്കിതൊക്കെ ശീലമാണ്. അല്ലേ ബാബു?" ചിരിയോടെ കോവിലന്റെ ചോദ്യം.
ഇടംകണ്ണിട്ട് എന്നെ നോക്കി ചിരിച്ചു ജഗദീഷ്; എന്റെ ധർമ്മസങ്കടം ആസ്വദിച്ചുകൊണ്ട്.
അങ്ങനെ അന്ന് രാത്രി ഞാൻ ഒട്ടും ആഗ്രഹിക്കാതെ തന്നെ കോവിലനും "ഒരു പടി" മുകളിലായി. കോവിലനാകട്ടെ കിടന്നതും ഉറക്കം പിടിച്ചതും ഒപ്പം. കണ്ണുകൾ പൂട്ടി സുഖസുന്ദരമായി ഉറങ്ങുന്ന പ്രിയ എഴുത്തുകാരനെ നോക്കി കട്ടിലിൽ ഉറങ്ങാതെ കിടന്നു ആരാധകനായ ഞാൻ.
"തട്ടക"ത്തിന്റെ സ്രഷ്ടാവുമായുള്ള ആദ്യത്തെയും അവസാനത്തെയും കൂടിക്കാഴ്ച. കോവിലന്റെ ഓർമനാളിൽ മൂന്നരപ്പതിറ്റാണ്ടു പഴക്കമുള്ള ആ രാത്രി ഓർക്കുന്നു; തെല്ലൊരു കുറ്റബോധത്തോടെ...
"മഹാസാഹിത്യകാരനെ നിർദ്ദയം നിലത്തുകിടത്തിയ ക്രൂരൻ" എന്ന് തമാശയായി പറഞ്ഞ് ഇന്നും ജഗദീഷ് എന്നെ സുഹൃത്തുക്കൾക്ക് പരിചയപ്പെടുത്തുമ്പോൾ അറിയാതെ ഓർമവരും ആ കാലം. എൻ ജി ഒ ഹോസ്റ്റലിലെ കുടുസ്സുമുറിയിലെ രാപ്പകലുകൾ, തൊട്ടടുത്തുള്ള കൃഷ്ണേട്ടന്റെ ഹോട്ടലിലെ ഊണ്, സലാമിന്റെ ഹോട്ടലിലെ ഇരുപത്തഞ്ചു രൂപാ ബിരിയാണി, സുരേഷിന്റെ ലീല തിയേറ്ററിലേക്കുള്ള രാത്രിയാത്രകൾ, ഹോസ്റ്റലിലെ അയൽക്കാരനായിരുന്ന സംവിധായകൻ പ്രതാപ് സിംഗിന്റെ സിനിമാ നിരീക്ഷണങ്ങൾ, ഇടയ്ക്കിടെ അവിടെ വന്നുകയറാനുള്ള സാബു സുരേന്ദ്രൻ, സുനിൽ, സിദ്ദിഖ്, സുധീഷ് എന്നീ സുഹൃത്തുക്കളുമൊത്തുള്ള കൂട്ടായ്മകൾ...
നാനൂറ് രൂപ കൊണ്ട് ജീവിക്കുക എളുപ്പമായിരുന്നില്ല. എങ്കിലും ഇന്നത്തേക്കാൾ ആഹ്ലാദഭരിതമായിരുന്നു സ്വപ്നങ്ങളിൽ മുഴുകി മതിമറന്നു ജീവിച്ച ആ കാലം. ജഗദീഷിനും ഉണ്ടാവില്ല മറിച്ചൊരു അഭിപ്രായം; എനിക്കറിയാം.