PEOPLE

രഞ്ജിത്ത്: വിവാദങ്ങളുടെ 'ആറാം തമ്പുരാൻ'

മുഹമ്മദ് റിസ്‌വാൻ

സംവിധായകൻ രഞ്ജിത്താണ് വീണ്ടും ചർച്ച. ഇത്തവണ രഞ്ജിത്തിനെതിരെ ഉയർന്നിരിക്കുന്നത് ലൈംഗികാരോപണമാണ്. 2009-10 സമയത്ത് 'പാലേരിമാണിക്യം ഒരു പാതിരാകൊലപാതകത്തിന്റെ കഥ' ചിത്രീകരണത്തിനിടെ ബംഗാളി നടി ശ്രീലേഖ മിത്രയോട് മോശമായി പെരുമാറിയെന്നാണ് ആരോപണം. നടി തനിക്കുണ്ടായ ദുരനുഭവം പരസ്യമാക്കിയിട്ടും രഞ്ജിത്തിനെ പൊതിഞ്ഞുപിടിക്കാൻ സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ തന്നെ പതിവുപോലെ രംഗത്തുണ്ട്. അങ്ങനെ വീണ്ടുമൊരിക്കൽ കൂടി കേരള സമൂഹത്തിൽ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ ചർച്ചയാകുകയാണ്.

മലയാളത്തിലെ ഏറ്റവും വലിയ 'ആല്‍ഫാ മെയില്‍' സവര്‍ണ മാടമ്പി കഥാപാത്രങ്ങളെ സൃഷ്ടിച്ച് കയ്യടി നേടിയിട്ടുള്ള സംവിധായകനാണ് രഞ്ജിത്ത്. അത് തനിക്ക് പറ്റിയപോയ അബദ്ധമാണെന്നൊക്കെ പില്‍കാലത്ത് വിശദീകരിച്ചിട്ടുണ്ടെങ്കിലും 'ജഗന്നാഥ'നില്‍നിന്നും 'ഇന്ദുചൂഡ'നില്‍നിന്നൊന്നും ഇതുവരെ രഞ്ജിത്തിന് മോചനം ലഭിച്ചിട്ടില്ല എന്നാണ് സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം. വിമര്ശിക്കുന്നവര്‍ക്കെതിരെയുള്ള രഞ്ജിത്തിന്റെ പ്രതികരണങ്ങളില്‍ പലപ്പോഴും ഒരു 'സവര്‍ണ മാടമ്പി' പ്രകടമാകാറുമുണ്ട്. ഐഎഫ്എഫ്‌കെ പോലെ രാജ്യാന്തര മേളയുടെ സമാപന സമ്മേളനത്തില്‍ ഒരുവര്‍ഷം മുന്‍പ് നടത്തിയ 'മാസ് പ്രകടനത്തില്‍' വരെ അത് കാണാനുമാകും.

എല്ലാകാലത്തും വിവാദങ്ങളുടെ 'ആറാം തമ്പുരാനാ'യിരുന്ന രഞ്ജിത്തിന്, കൂട്ടായി 'അയ്യപ്പനും കോശിയിലെ കുര്യൻ ജോസഫായി' സിപിഎമ്മിലെ ഒരു വിഭാഗവും ഉണ്ടായിരുന്നു

ഇടതുപക്ഷത്തിന്റെ നോമിനിയായി ചലച്ചിത്ര അക്കാദമിയുടെ തലപ്പത്തേക്ക് എത്തിയത് മുതല്‍ നിരന്തരം വിവാദങ്ങളില്‍ കുടുങ്ങിയ വ്യക്തിത്വമായിരുന്നു രഞ്ജിത്ത്. അപ്പോഴെല്ലാം ഇന്നത്തെ പോലെ സജി ചെറിയാനും ഇടതുപക്ഷ സര്‍ക്കാരും രഞ്ജിത്തിന് പിന്നില്‍ അചഞ്ചലമായി നിലകൊണ്ടിരുന്നു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയത്തില്‍ ഇടപെട്ടുവെന്ന വിവാദത്തില്‍ പിന്തുണച്ചെത്തിയ മന്ത്രി സജി ചെറിയാന്‍ 'കേരളം കണ്ട ഏറ്റവും വലിയ ഇതിഹാസമാണ്' രഞ്ജിത്തെന്നായിരുന്നു വിശേഷിപ്പിച്ചത്. 'ഇന്ത്യ കണ്ട പ്രഗത്ഭനായ ചലച്ചിത്രകാരന്‍' എന്നായിരുന്നു ശനിയാഴ്ച മന്ത്രി അദ്ദേഹത്തിന് നല്‍കിയ പട്ടം.

27ാം കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ സമാപന ചടങ്ങില്‍നിന്ന്

രഞ്ജിത്ത് നേതൃത്വം നല്‍കിയ രണ്ട് ഐഎഫ്എഫ്കെയിലും ചലച്ചിത്ര അക്കാദമി ചെയര്‍മാനെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. അദ്ദേഹം നേതൃത്വം നല്‍കിയ 2022ലെ ഐഎഫ്എഫ്‌കെയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിതയായിരുന്നു മുഖ്യാതിഥിയായി. പോരാട്ടത്തിന്റെ പെണ്‍പ്രതീകമെന്ന് അതിജീവിതയെ വിശേഷിപ്പിച്ച രഞ്ജിത്തിനെതിരെ അന്ന് വലിയ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. കേസിലെ മുഖ്യപ്രതിയായ ദിലീപിനെ ആലുവ ജയിലില്‍ സന്ദര്‍ശിച്ച രഞ്ജിത്തിന് ഇതൊക്കെ പറയാന്‍ എന്ത് യോഗ്യത എന്നായിരുന്നു അന്നുയര്‍ന്ന ചോദ്യം.

ജയില്‍ സന്ദര്‍ശനം അവിചാരിതമായിരുന്നുവെന്ന് പ്രതികരിച്ച രഞ്ജിത്ത്, പിന്നീട് ദിലീപ് അജീവനാന്ത ചെയര്‍മാനായ ഫിയോകിന്റെ സമ്മേളനത്തില്‍ കുറ്റാരോപിതനുമായി വേദി പങ്കിടുകയും ചെയ്തിരുന്നു. പക്ഷെ ദിലീപിനെ അറസ്റ്റ് ചെയ്യാന്‍ ധൈര്യം കാണിച്ചവരെന്ന് വലിയ അവകാശവാദം ഉന്നയിക്കുന്ന ഇടതുപക്ഷം അന്നും രഞ്ജിത്തിനൊപ്പം നിന്നു. അദ്ദേഹത്തിന്റെ സിനിമാസ്‌റ്റൈല്‍ ഡയലോഗിന് കൈയടിക്കുകയായിരുന്നു.

27ാം കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത 'നന്‍പകല്‍ നേരത്ത് മയക്കം' സിനിമക്ക് റിസര്‍വ് ചെയ്തിട്ടും സീറ്റ് ലഭിക്കാത്തതും റിസര്‍വേഷന്‍ ആപ്പിലെ അപാകതകള്‍ക്കെതിരെയും പ്രതിഷേധമുണ്ടായിരുന്നു. അതിന്റെ സമാപന വേദിയില്‍ രഞ്ജിത്തിനെതിരെ കൂവി പ്രതിഷേധിച്ചവരെ അന്ന് നായ്ക്കളോടാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ ഉപമിച്ചത്.

2023ലെ ഐഎഫ്എഫ്‌കെയ്ക്കിടെ, രഞ്ജിത്തിനെതിരെ ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ തന്നെ രംഗത്തുവന്നിരുന്നു. അവര്‍ പരസ്യപ്രസ്താവനയും പുറത്തിറക്കിയിരുന്നു. അതിന് പിന്നാലെയാണ് സംവിധായകന്‍ ഡോ. ബിജു ഉള്‍പ്പെടെയുള്ളവരുടെ സിനിമകളെ ആക്ഷേപിച്ച് രഞ്ജിത്ത് അഭിമുഖം നല്‍കിയത്. അങ്ങനെ എല്ലാകാലത്തും വിവാദങ്ങളുടെ 'ആറാം തമ്പുരാനാ'യിരുന്ന രഞ്ജിത്തിന്, കൂട്ടായി 'അയ്യപ്പനും കോശിയിലെ കുരിയന്‍ ജോസഫായി' സിപിഎമ്മിലെ ഒരു വിഭാഗവും ഉണ്ടായിരുന്നു.

2021 നിയമസഭാ തിരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ഥി ചര്‍ച്ചകളില്‍ കോഴിക്കോട് നോര്‍ത്തിലേക്ക് സിപിഎം രഞ്ജിത്തിനെ പരിഗണിക്കുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അതിനെതിരെ പ്രതിഷേധം ഇടതുപക്ഷത്തിനുള്ളില്‍ നിന്നുതന്നെ ഉയര്‍ന്നതോടെ വാര്‍ത്തകളെ തള്ളിയ സിപിഎം, അദ്ദേഹത്തിന് നല്‍കിയ പ്രത്യുപകാരമാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പദവിയെന്നും ആക്ഷേപമുണ്ട്.

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും