ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി റയ്സീന കുന്നില്‍ എത്തുന്നത് ആരായിരിക്കും? പുതിയ പ്രഥമ പൗരനെ തെരഞ്ഞെടുക്കാനുള്ള കളം ഒരുങ്ങിക്കഴിഞ്ഞു. ബിജെപി സര്‍ക്കാരിനെ പ്രതിരോധിക്കാന്‍ പ്രതിപക്ഷം സര്‍വ അടവും പയറ്റുന്നതിനിടെയാണ്, ഭരണപക്ഷത്തിന്റെ നോമിനിയായി 64കാരി ദ്രൗപദി മുര്‍മു മത്സരത്തിനെത്തുന്നത്. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആദ്യ വനിതാ ഗവര്‍ണര്‍ എന്ന നിലയില്‍ ചരിത്രത്തിന്റെ ഭാഗമായി മാറിയ ആളാണ് മുര്‍മു. എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായതോടെ, ആദിവാസി വിഭാഗത്തിന്റെ പ്രതിനിധിയായി രാജ്യത്തെ പരമോന്നത പദവിയില്‍ എത്താന്‍ അവസരം ലഭിച്ച ആദ്യ വനിത കൂടിയാവുകയാണ് മുര്‍മു. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ജയം ഉറപ്പാക്കാന്‍ എന്‍ഡിഎക്ക് പുറത്തുനിന്നുള്ള കക്ഷികളുടെ പിന്തുണ ആവശ്യമാണ്. ഒഡീഷയില്‍ നിന്നുള്ള മുര്‍മുവിനെ സ്ഥാനാര്‍ഥിയാക്കുന്നതിലൂടെ, സംസ്ഥാനത്തെ ഭരണകക്ഷിയായ ബിജു ജനതാദളിന്റെയും മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെയും പിന്തുണ ഉറപ്പാക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അതിനുമപ്പുറം, പശ്ചിമ ബംഗാള്‍, ഒഡീഷ, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗോത്രമേഖലകളില്‍ പിന്തുണ വിപുലപ്പെടുത്തുക എന്ന രാഷ്ട്രീയ ലക്ഷ്യം കൂടിയുണ്ട് ബിജെപിയുടെ തീരുമാനത്തിന്.
ബിജെപി അധ്യക്ഷന്‍ ജെ.പി നദ്ദയാണ് മുര്‍മുവിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചത്. പിന്നാലെ, ആത്മവിശ്വാസം തുളുമ്പുന്ന വാക്കുകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി രംഗത്തെത്തി. 'ദാരിദ്ര്യം അനുഭവിക്കുകയും പ്രതിസന്ധികള്‍ അഭിമുഖീകരിക്കുകയും ചെയ്ത ദശലക്ഷക്കണക്കിന് ആളുകളുടെ പ്രതിനിധി, ദ്രൗപദി മുര്‍മുവിന് ലഭിച്ചിരിക്കുന്ന അവസരം ഒരു വലിയ വിഭാഗത്തിന് കരുത്ത് പകരും. നയപരമായ കാര്യങ്ങളെക്കുറിച്ചുള്ള അവരുടെ ധാരണയും അനുകമ്പയുള്ള നിലപാടുകളും രാജ്യത്തിന് വളരെയധികം ഗുണം ചെയ്യും'. അടിസ്ഥാന ജനവിഭാഗത്തിന്റെ പ്രതിനിധി, രാഷ്ട്രീയക്കാരി, ജനപ്രതിനിധി, ഗവര്‍ണര്‍ എല്ലാത്തിലുമുപരി വനിത...ദ്രൗപദി മുര്‍മു എന്ന പേരിന് ബിജെപി കാണുന്ന അര്‍ത്ഥങ്ങള്‍ ഏറെയാണ്.
ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആദ്യ വനിതാ ഗവര്‍ണറും, ഝാര്‍ഖണ്ഡ് ഗവര്‍ണര്‍ പദവിയില്‍ കാലാവധി പൂര്‍ത്തിയാക്കിയ ആദ്യ വ്യക്തിയുമാണ് മുര്‍മു.
ആരാണ് ദ്രൗപദി മുര്‍മു?
ഒഡീഷയിലെ സന്താള്‍ വിഭാഗത്തില്‍ നിന്നുള്ള നേതാവാണ് ദ്രൗപതി മുര്‍മു. 1958 ജൂണ്‍ 20ന് മയൂര്‍ഭഞ്ജ് ജില്ലയിലെ ഉപര്‍ബേഡ ഗ്രാമത്തില്‍ ജനനം. പിതാവ് ബിരാഞ്ചി നാരായണ്‍ ടുഡു ഗ്രാമമുഖ്യനായിരുന്നു. എന്നാല്‍, സംസ്ഥാനത്തെ ഏറ്റവും അവികസിത പ്രദേശങ്ങളിലൊന്നിലായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്. ദാരിദ്ര്യം തന്നെയായിരുന്നു അവര്‍ നേരിട്ടിരുന്ന പ്രധാന വെല്ലുവിളി. സാമൂഹിക പിന്നോക്കാവസ്ഥയെയും, ഏറെ പ്രയാസം നിറഞ്ഞ കുടുംബ സാഹചര്യങ്ങളെയും അതിജീവിച്ച മുര്‍മു ഉന്നത വിദ്യാഭ്യാസം നേടി. ഭുവനേശ്വറിലെ രമാദേവി വിമന്‍സ് കോളേജില്‍ നിന്ന് ബിരുദം നേടി. 1983ല്‍ ഒഡീഷ സര്‍ക്കാരിനു കീഴിലെ വൈദ്യുതി ജലസേചന വകുപ്പില്‍ ജൂനിയര്‍ അസിസ്റ്റന്റായും കുറച്ചുകാലം രൈരാനഗറിലെ ശ്രീ അരവിന്ദോ ഇന്റഗ്രല്‍ എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചില്‍ ഓണററി അസിസ്റ്റന്റ് ടീച്ചറായും ജോലി ചെയ്തു.
ജീവിത സാഹചര്യങ്ങളോടുള്ള നിരന്തര പേരാട്ടമായിരുന്നു മുര്‍മുവിന്റെ ജീവിതം. ദുരന്തങ്ങള്‍ പലവട്ടം അവരെ വേട്ടയാടി. ശ്യാം ചരണ്‍ മുര്‍മു ആയിരുന്നു ജീവിത പങ്കാളി. രണ്ട് ആണ്‍മക്കള്‍ ഉള്‍പ്പെടെ മൂന്ന് മക്കള്‍. ഭര്‍ത്താവ് ശ്യാം ചരണ്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു. ആണ്‍മക്കളില്‍ ഒരാള്‍ 2009ല്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. 2012ല്‍ രണ്ടാമന്‍ റോഡപടകത്തിലും മരിച്ചു. നിലവില്‍, ഭുവനേശ്വറില്‍ മകള്‍ക്കൊപ്പമാണ് മുര്‍മു.
രാഷ്ട്രീയ ജീവിതം
ബിജെപിയിലൂടെയാണ് മുര്‍മു പൊതുരംഗത്ത് എത്തുന്നത്. 1997ല്‍ ബിജെപി ടിക്കറ്റില്‍ റൈരംഗ്പുര്‍ നഗര്‍ പഞ്ചായത്തില്‍ കൗണ്‍സിലറായിട്ടായിരുന്നു തുടക്കം. അതേവര്‍ഷം തന്നെ ഒഡീഷയിലെ ഷെഡ്യൂള്‍ഡ് ട്രൈബ്‌സ് മോര്‍ച്ച വൈസ് പ്രസിഡന്റായി. 2002 മുതല്‍ 2009 വരെയും 2013ലും ബിജെപി മയൂര്‍ഭഞ്ജ് ജില്ലാ പ്രസിഡന്റായി. ഒഡീഷ നിയമസഭയില്‍ രണ്ട് തവണ റൈരംഗ്പുരിനെ പ്രതിനിധീകരിച്ചു. 2000, 2004 വര്‍ഷങ്ങളിലായിരുന്നു ജയം. 2000 മുതല്‍ 2002 വരെ നവീന്‍ പട്‌നായിക് നേതൃത്വം നല്‍കിയ ബിജു ജനതാദള്‍- ബിജെപി സഖ്യ സര്‍ക്കാരില്‍ സ്വതന്ത്ര ചുമതലയുള്ള വാണിജ്യ - ഗതാഗത മന്ത്രിയായും 2002 ആഗസ്റ്റ് ആറു മുതല്‍ 2004 മേയ് 16 വരെ ഫിഷറീസ് - മൃഗസംരക്ഷണ വകുപ്പ് മന്ത്രിയായും പ്രവര്‍ത്തിച്ചു. 2007ല്‍ മികച്ച നിയമസഭാംഗത്തിനുളള പണ്ഡിറ്റ് നീലകണ്ഠ പുരസ്‌കാരം നേടി. 2015ലായിരുന്നു ഭരണത്തലവന്‍ എന്ന നിലയിലേക്ക് മുര്‍മുവിന് സ്ഥാനക്കയറ്റം ലഭിക്കുന്നത്. ഝാര്‍ഖണ്ഡിലെ ആദ്യ വനിതാ ഗവര്‍ണറായി മുര്‍മു നിയമിക്കപ്പെട്ടു. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആദ്യ വനിതാ ഗവര്‍ണറും, ഝാര്‍ഖണ്ഡ് ഗവര്‍ണര്‍ പദവിയില്‍ കാലാവധി പൂര്‍ത്തിയാക്കിയ ആദ്യ വ്യക്തിയുമായി മുര്‍മു.
ആദിവാസി വിഭാഗത്തിന്റെ ആദ്യ പ്രതിനിധി
നരേന്ദ്ര മോദിയുമായും ബിജെപി, ആര്‍എസ്എസ് നേതൃത്വവുമായും മികച്ച ബന്ധം പുലര്‍ത്തുന്നയാളാണ് മുര്‍മു. ആദിവാസി വിഭാഗത്തില്‍നിന്ന് രാഷ്ട്രപതി വേണമെന്നതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താല്‍പര്യമുള്ളതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 2017ലും രാഷ്ട്രപതി സ്ഥാനത്തേക്കുള്ള പരിഗണനാ പട്ടികയില്‍ മുര്‍മു ഇടം നേടിയിരുന്നു. അന്ന് ലഭിക്കാതെ പോയ നിയോഗമാണ് അഞ്ചുവര്‍ഷത്തിനിപ്പുറം മുര്‍മുവിനെ തേടിയെത്തിയിരിക്കുന്നത്. മുര്‍മുവിനെ രാജ്യത്തെ പരമോന്നത പദവിയിലേക്കുള്ള സ്ഥാനാര്‍ഥിയാക്കിയതിലൂടെ, ചരിത്രപരമായ തീരുമാനമാണ് എന്‍ഡിഎയ്ക്ക് നേതൃത്വം നല്‍കുന്ന ബിജെപി കൈക്കൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രി മോദി, ബിജെപി അധ്യക്ഷന്‍ ജെ.പി നദ്ദ, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിതിന്‍ ഗഡ്കരി, രാജ്‌നാഥ് സിംഗ്, സംഘടനാ ചുമതലയുള്ള സെക്രട്ടറി ബി.എല്‍ സന്തോഷ് തുടങ്ങിയവര്‍ പങ്കെടുത്ത ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ ഇരുപതോളം പേരുടെ പട്ടികയാണ് പരിഗണിച്ചത്. എന്നാല്‍, നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങള്‍ കൂടി വിലയിരുത്തിയ ശേഷമാണ്, ആദിവാസി വിഭാഗത്തിന്റെ പ്രതിനിധിയായി മുര്‍മുവിനെ സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനം ഉണ്ടാകുന്നത്.
മുര്‍മു രാഷ്ട്രപതി സ്ഥാനാര്‍ഥിയായാല്‍, പിന്തുണയ്ക്കാതിരിക്കാന്‍ നവീന്‍ പട്നായിക്കിന്റെ ബിജെഡിക്ക് കഴിയില്ലെന്ന ബിജെപി കണക്കുക്കൂട്ടല്‍ തെറ്റിയില്ല
ബിജെപിയുടെ രാഷ്ട്രീയ തന്ത്രം
രാഷ്ട്രപതി തെരഞ്ഞെടുപ്പിനപ്പുറം, ഒഡീഷ, തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പ് ഉള്‍പ്പെടെ ലക്ഷ്യങ്ങളുണ്ട് ബിജെപിയുടെ തീരുമാനത്തിന്. നവീന്‍ പട്‌നായിക് സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാനിരിക്കെ, മുര്‍മുവിനെ രാഷ്ട്രപതി സ്ഥാനത്തേക്ക് കൊണ്ടുവരുന്നതിലൂടെ സംസ്ഥാനത്തെ ആദിവാസി ജനതയെ തങ്ങള്‍ക്കൊപ്പം നിര്‍ത്താനാകുമെന്നാണ് ബിജെപി നേതൃത്വത്തിന്റെ പ്രതീക്ഷ. മുര്‍മു രാഷ്ട്രപതി സ്ഥാനാര്‍ഥിയായാല്‍, പിന്തുണയ്ക്കാതിരിക്കാന്‍ നവീന്‍ പട്നായിക്കിന്റെ ബിജെഡിക്ക് കഴിയില്ലെന്ന ബിജെപി കണക്കുക്കൂട്ടലും തെറ്റിയില്ല. മുര്‍മുവിനെ അഭിനന്ദിക്കാനും പിന്തുണ പ്രഖ്യാപിക്കാനും നവീന്‍ പട്‌നായിക്കിന് അധിക സമയം ആലോചിക്കേണ്ടിയും വന്നില്ല. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ജയം ഉറപ്പാക്കാന്‍ എന്‍ഡിഎക്ക് പുറത്തുനിന്നുള്ള കക്ഷികളുടെ പിന്തുണ കൂടി വേണമെന്നിരിക്കെ, ബിജെഡിയുടെ പിന്തുണ നല്‍കുന്ന ആശ്വാസം ചെറുതല്ല. ജനസംഖ്യാനുപാതികമായി ലഭിക്കുന്ന മൊത്തം വോട്ടുമൂല്യത്തില്‍ (എകദേശം 10,86,000) എന്‍ഡിഎയിലെ എല്ലാ കക്ഷികളെ ഉള്‍പ്പെടുത്തിയാലും ജയിക്കാന്‍ 29,000 വോട്ടിന്റെ കുറവുണ്ട്. ഇത് ആധികാരികമായി മറികടക്കാന്‍ ബിജെഡി ഉള്‍പ്പെടെ കക്ഷികളുടെ പിന്തുണ സഹായിക്കും.
ഒഡീഷയിലേതിന് സമാനമായ സന്ദേശമാണ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലങ്കാനയ്ക്കും, ഛത്തീസ്ഗഢിനും ബിജെപി നല്‍കുന്നത്. എന്‍ഡിഎ സ്ഥാനാര്‍ഥിയെ പിന്തുണയ്ക്കാനുള്ള ബിജെഡിയുടെ തീരുമാനം തെലങ്കാന രാഷ്ട്ര സമിതി, തെലുങ്ക് ദേശം പാര്‍ട്ടി, വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി തുടങ്ങിയ പാര്‍ട്ടികള്‍ക്ക് മേല്‍ കൂടുതല്‍ സമ്മര്‍ദ്ദദം ചെലുത്തുന്ന നിലയുണ്ടാവും. ആന്ധ്രാപ്രദേശിലും സന്താള്‍ വിഭാഗം സജീവ സാന്നിധ്യമായതിനാല്‍ മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ പിന്തുണ ഉറപ്പാക്കാനാകുമെന്ന പ്രതീക്ഷയുടെ ബിജെപി പുലര്‍ത്തുന്നുണ്ട്.
രാംനാഥ് കോവിന്ദിനെ രാഷ്ട്രപതിയാക്കിയ നീക്കം, ഉത്തര്‍പ്രദേശിലെ ജാടവ് ഇതര ദളിത് വിഭാഗങ്ങളെ പാര്‍ട്ടിക്ക് അനുകൂലമായി ഏകീകരിക്കാന്‍ കഴിഞ്ഞെന്നാണ് ബിജെപി നേതൃത്വത്തിന്റെ വിലയിരുത്തല്‍. ദളിത് സമൂഹങ്ങള്‍ക്ക് ബിജെപി സര്‍ക്കാര്‍ അര്‍ഹിക്കുന്ന പ്രാധാന്യം നല്‍കുന്നു എന്ന നിലയിലാണ് നീക്കം പ്രചരിപ്പിക്കപ്പെട്ടത്. സമാനമായ സാഹചര്യം സൃഷ്ടിക്കുക എന്നതു തന്നെയാകണം, മുര്‍മുവിന്റെ സ്ഥാനാര്‍ഥിത്വം കൊണ്ട് ബിജെപി ഉദ്ദേശിക്കുന്നത്. പശ്ചിമ ബംഗാള്‍, ഒഡീഷ, ജാര്‍ഖണ്ഡ്, ചത്തീസ്ഗഢ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ആദിവാസി സമൂഹത്തിന്റെ പിന്തുണ വിപുലമാക്കാനാകുമെന്നും ബിജെപി കരുതുന്നു.