''മൂന്നു പതിറ്റാണ്ടിലേറെ നിശിതമായി, പ്രബുദ്ധമായി, mഹാനുഭൂതിയോടെ ഇന്ത്യയെ തൊട്ടറിഞ്ഞ മഹാനായ പത്രാധിപരാണ് കൃഷ്ണരാജ്''-ദ ഗാര്‍ഡിയന്‍ വീക്കിലി.
സ്വതന്ത്ര ഇന്ത്യയില്‍ ലിബറല്‍ ഇടതുപക്ഷ പ്രസിദ്ധീകരണമായ ഇക്കണോമിക്ക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലി(ഇ പി ഡബ്ല്യു)യിലൂടെ മൂന്ന് പതിറ്റാണ്ട് ഇന്ത്യയുടെ സാമ്പത്തിക, രാഷ്ട്രീയ, സാമൂഹ്യ വ്യവസ്ഥകളെ വിശകലനം ചെയ്ത് വായനക്കാര്‍ക്ക് നല്‍കി ചിന്തിക്കാന്‍ പ്രേരിപ്പിച്ച എഡിറ്ററായിരുന്നു കൃഷ്ണരാജ്.
നിഖില്‍ ചക്രവര്‍ത്തിയുടെ 'മെയിന്‍ സ്ട്രീം', രമേഷ് ഥാപറുടെ 'സെമിനാര്‍', സമര്‍ സെന്‍ന്റെ 'ഫ്രോണ്ടിയര്‍', എടത്തട്ട നാരായണന്റെ 'ലിങ്ക്' തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ അറുപതുകളിലും എഴുപതുകളിലും പുരോഗമനാശയക്കാരില്‍ അളവറ്റ സ്വാധീനം ചെലുത്തിയിരുന്നു. മൂര്‍ച്ചയേറിയ രാഷ്ട്രീയ, സാമൂഹിക ചര്‍ച്ചകളും വിശകലനങ്ങളും വായനക്കാരില്‍ എത്തിക്കുന്നതില്‍ നിര്‍ണായമായ സ്ഥാനമുണ്ടായിരുന്നു ഈ പ്രസിദ്ധീകരണങ്ങള്‍ക്ക്. എന്നാല്‍ ഇടതുപക്ഷ ആശയങ്ങളോട് കൂടുതല്‍ അഭിമുഖ്യമുണ്ടായിരുന്ന ഈ പ്രസിദ്ധീകരണങ്ങളില്‍നിന്ന് ഇക്കണോമിക് പൊളിറ്റിക്കല്‍ വാരികയെ വ്യത്യസ്തമാക്കിയത് മറ്റ് ചിലതായിരുന്നു.
ഇ പി ഡബ്ല്യുവിന്റെ പേജുകളില്‍ ഇടതും വലതും സന്ധിച്ചു; ചെറുപ്പക്കാരും മുതിര്‍ന്നവരും സന്ധിച്ചു. ഇടതുപക്ഷവും ലിബറലും അക്കാഡമിഷ്യനും ആക്ടിവിസ്റ്റും ഒരുമിക്കുന്ന എഴുത്തുമേശയായിരുന്നു അത്. ഒരാളുടെ ബൗദ്ധിക സുഹൃത്തുക്കളുടെയും ബൗദ്ധിക ശത്രുക്കളുടെയും പ്രവര്‍ത്തനങ്ങളെ ഇ പി ഡബ്ല്യൂ അതിന്റെ പേജുകളിലൂടെ വായനക്കാരുടെ മുന്നിലേക്കെത്തിച്ചു. മാസികയുടെ ഉള്ളടക്കത്തിന്റെ ഊര്‍ജസ്വലമായ വിജയമായിരുന്നു അത്. ഇന്ത്യയിലെ സമ്പദ്‌വ്യവസ്ഥ, ജാതി രാഷ്ട്രീയം, മതപരമായ അക്രമം, മനുഷ്യാവകാശങ്ങള്‍ എന്നിങ്ങനെ വ്യത്യസ്തമായ വിഷയങ്ങളില്‍ ഇ പി ഡബ്ല്യൂ സഥിരമായി ഏറ്റവും ആധികാരികവും ഉള്‍ക്കാഴ്ചയുള്ളതും വ്യാപകമായി ഉദ്ധരിക്കപ്പെട്ടതുമായ റിപ്പോര്‍ട്ടുകളും വിശകലനങ്ങളും നല്‍കി.
സുന്ദരനായ, വെളുത്ത മുടിയുള്ള മനുഷ്യനായിരുന്നു കൃഷ്ണരാജ്. കണ്ണടയ്ക്ക് പിന്നില്‍ അന്വേഷണാത്മകമായ കണ്ണുകളോടെ, ബോബെയിലെ ഒരു കെട്ടിടത്തിലെ പൊടിനിറഞ്ഞതും തിരക്കേറിയതുമായ ഒരു കൊച്ചുമുറിയില്‍നിന്ന്, അദ്ദേഹം അതീവ ശ്രദ്ധയോടെ ഇ പി ഡബ്ല്യൂ എഡിറ്റ് ചെയ്തു. പ്രധാനമായും വരിസംഖ്യയെ ആശ്രയിച്ച് ഒരു പ്രസിദ്ധീകരണം 44 വര്‍ഷം എല്ലാ ആഴ്ചയും പുറത്തിറക്കി കൃഷ്ണരാജ് വിസ്മയം തീര്‍ത്തു. ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ പ്രസിദ്ധീകരണമായി ഇ പി ഡബ്ല്യുവിനെ മാറ്റിയ ധിഷണശാലിയായ എഡിറ്ററായി ഇന്ത്യന്‍ പത്രലോകം കൃഷ്ണരാജിനെ സ്മരിക്കുന്നു.
1949 ല്‍ കിഴക്കന്‍ ബംഗാളിലെ ജമീന്ദാരി ബ്രാഹ്‌മണ കുടുംബത്തില്‍നിന്ന് വന്ന സച്ചിന്‍ ചൗധരിയെന്ന അവിവിവാഹിതനായ നാല്‍പ്പത്തഞ്ചുകാരന്‍ എഴുപത്തിനാല് കൊല്ലം മുന്‍പ് ബോംബയില്‍ ആരംഭിച്ച വാരികയാണ് 'ദി ഇക്കണോമിക്ക് വീക്കിലി'. സച്ചിന്‍ ചൗധരി കുറച്ചുകാലം ധാക്കയില്‍ സാമ്പത്തികശാസ്ത്രം പഠിപ്പിച്ചു. പിന്നീട് കല്‍ക്കട്ടയില്‍ 'ബസുമതി', 'അസ്വാന്‍സ്' എന്നീ പത്രങ്ങളില്‍ ജോലി നോക്കി. അതിനുശേഷം ബോബെയിലെത്തി 'ഫിനാഷ്യല്‍ ന്യൂസി'ല്‍ ചേര്‍ന്നു. അത് ഉപക്ഷിച്ചാണ് സ്വന്തമായി ' ഇക്കണോമിക്ക് വീക്കിലി' തുടങ്ങുന്നത്.
അക്കാലത്ത് ബോംബയില്‍ റിസര്‍വ് ബാങ്ക് ഒരു സെമിനാര്‍ നടത്തുന്നു. അതില്‍ പ്രധാന പ്രബന്ധം അവതരിപ്പിച്ചത് റിസര്‍വ് ബാങ്കിലെ ഉയര്‍ന്ന പദവിയിലുള്ള ഒരു മലയാളിയായിരുന്നു. പേര് ഡോ. കെ എന്‍ രാജ്. സെമിനാര്‍ കേള്‍ക്കാനെത്തിയ സച്ചിന്‍, കെ എന്‍ രാജിനെ പരിചയപ്പെട്ടു. ഒരു ജീവിതകാലം മുഴുവന്‍ നീണ്ടുനിന്ന സൗഹാര്‍ദം അവിടെയാരംഭിക്കുകയായിരുന്നു.
വൈകുന്നേരങ്ങളില്‍ ഡോ. രാജ് വീക്കിലിയുടെ ഓഫീസില്‍ വരും. ഒരു പഴയ കെട്ടിടത്തിലെ ഗോഡൗണായിരുന്നു ഓഫിസാക്കി മാറ്റിയത്. എഡിറ്ററായി സച്ചിന്‍ മാത്രം. കെ എന്‍ രാജ് വൈകുന്നേരങ്ങളില്‍ അതിനുവേണ്ടി പ്രവര്‍ത്തിച്ചു. രണ്ടായിരം രൂപ മൂലധനവുമായാണ് സച്ചിന്‍ ചൗധരി വീക്കിലി ആരംഭിച്ചത്. വീക്കിലി അറിയപ്പെടാന്‍ തുടങ്ങിയപ്പോഴും സാമ്പത്തിക പ്രശ്‌നങ്ങള്‍ നിലനിന്നു. വരിക്കാരും കുറവ്. പക്ഷേ, അമ്പതുകളോടെ വീക്കിലി പ്രസിദ്ധമായി. സാമ്പത്തിക വിദഗ്ധരും രാഷ്ട്രീയ സാമൂഹികവൃത്തത്തിലുള്ളവരും കാര്യമായി ശ്രദ്ധിക്കാന്‍ ആരംഭിച്ചു. പത്രങ്ങള്‍ വീക്കിലിയെ റഫര്‍ ചെയ്യാന്‍ തുടങ്ങി. ധനകാര്യ മന്ത്രിമാര്‍ ഭയത്തോടെ നോക്കിക്കാണുന്ന പ്രസിദ്ധീകരണമായി പതിയെ അതുമാറി.
തിരക്കേറിയതോടെ എല്ലാ ജോലികളും ഒറ്റയ്ക്ക് ചെയ്യാന്‍ സച്ചിന്‍ ചൗധരിക്ക് കഴിയാതെയായി. ഒരു സഹായിയെ സംഘടിപ്പിച്ചുനല്‍കാന്‍ കെ എന്‍ രാജിനോട് സച്ചിന്‍ ആവശ്യപ്പെട്ടു. ഡല്‍ഹിയില്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ പഠിപ്പിക്കുമ്പോഴുണ്ടായിരുന്ന ശിഷ്യനെ രാജിന് ഓര്‍മ വന്നു. തന്റെ ക്ലാസില്‍ ബുദ്ധിപരമായ ചോദ്യങ്ങള്‍ ചോദിച്ചിരുന്ന വിദ്യാര്‍ത്ഥിയായിരുന്നു അയാള്‍. പക്ഷേ പരീക്ഷകളില്‍ തേര്‍ഡ് ക്ലാസേ കിട്ടൂ. സിവില്‍ സര്‍വീസ് പരീക്ഷ എഴുതി വിജയിക്കാതെ ഡല്‍ഹിയില്‍ ഒരു ദിനപത്രത്തില്‍ ജോലി ചെയ്യുകയായിരുന്ന അയാളെ രാജ് ബോംബയിലേക്ക് കൊണ്ടുവന്നു.
അങ്ങനെ കെ എന്‍ രാജ് കണ്ടെത്തിയ കൃഷ്ണരാജ് എന്ന യുവ പത്രപ്രവര്‍ത്തകന്‍ 1960 ല്‍ ബോബെയിലെ ഇക്കണോമിക് വാരികയില്‍ നവീനവും തീഷ്ണവുമായ ആശയങ്ങളുമായി ജോലി ചെയ്യാന്‍ തുടങ്ങി. ഒറ്റപ്പാലംകാരനായ കൃഷ്ണരാജ് അഞ്ചാം ക്ലാസ് വരെ പഠിച്ചത് നാട്ടിലായിരുന്നു. പിന്നീട് ബിരുദാനന്തര ബിരുദം വരെ പഠനം ഡല്‍ഹിയില്‍. പിതാവ് അച്ചാംതൊടി രാഘവന്‍ നായര്‍ 'ഡല്‍ഹി ടൈംസ്' എന്നൊരു ഇംഗ്ലീഷ് ചെറുപ്രസിദ്ധീകരണം ഡല്‍ഹിയില്‍ നടത്തിയിരുന്നു. അതിന്റെ പ്രൂഫ് നോക്കലും ലേഖനങ്ങളെഴുതി അച്ഛനെ സഹായിക്കലാണ് ആദ്യ പത്രപ്രവര്‍ത്തന പരിശീലനം. രാഘവന്‍ നായരുടെ ഇംഗ്ലീഷ് ഭാഷാനൈപുണ്യം അതിശയിപ്പിക്കുന്നതായിരുന്നു. മകനായ കൃഷ്ണരാജ് ഇംഗ്ലീഷ് ഭാഷയിലെ അത്ര മികവും മിതത്വവും അച്ഛനില്‍നിന്ന് ആര്‍ജിച്ചു.
തെക്കന്‍ ബോംബയിലെ ഓഫിസില്‍ ജോലി തുടങ്ങുമ്പോള്‍ കൃഷ്ണരാജിനെ കൂടാതെ മൂന്ന് ജോലിക്കാര്‍- ഒരു ടൈപ്പിസ്റ്റ്, പാര്‍ട്ട് ടൈം സ്റ്റെനോഗ്രാഫര്‍ ഒരു മാനേജര്‍ - മാത്രമായിരുന്നു അവിടെ. പുതിയ എഴുത്തുകാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാന്‍ സചിന്‍ ചൗധരി തയ്യാറായി. അടുത്ത തവണ സച്ചിന്‍ ഡോ. കെ എന്‍ രാജിനെ കണ്ടപ്പോള്‍ പറഞ്ഞു: ''ഇതു പോലെയൊരു കൃഷ്ണരാജിനെക്കൂടിയെനിക്ക് തരണം.'' രാജ് പറഞ്ഞു, ''അയാളുടെ അമ്മയോട് പറയാം.''
1957ല്‍ കേരളത്തില്‍ ആദ്യമായി തിരഞ്ഞെടുപ്പിലൂടെ ഭരണത്തില്‍ വന്ന ഇ എം എസിന്റെ കമ്യൂണിസ്റ്റ് സര്‍ക്കാരിനെ അഭിസംബോധ ചെയ്ത് വാരിക എഴുതി, ''കേരളത്തിന് മുകളില്‍ ചോദ്യ ചിഹ്നം'. എഡിറ്റോറിയലില്‍ ഭരണം ദുഷ്‌കരമാകുമെന്ന് ഓര്‍മിപ്പിച്ചു. ''കമ്യൂണിസ്റ്റ് ഭരണത്തെ അട്ടിമറിക്കാനായി സംസ്ഥാനത്തിനകത്ത് സ്വന്തം നിലയില്‍ പ്രവര്‍ത്തിക്കുന്നവയും ബാഹ്യതാല്‍പ്പര്യങ്ങളുടെ പ്രേരണയോടെ പ്രവര്‍ത്തിക്കുന്നതുമായ വലിയ ശക്തികള്‍ ഉണ്ടാകുമെന്ന വസ്തുത അവഗണിക്കുന്നത് ആലസ്യമാണ്,'' വീക്കിലി എഴുതി.
ഭരണം അട്ടിമറിക്കാന്‍ വിദേശശക്തികള്‍ ശ്രമിക്കുമെന്ന വീക്കിലിയുടെ ദീര്‍ഘവീക്ഷണം ശരിയാകുകയും ചെയ്തു. കമ്യൂണിസ്റ്റ് ഭരണം അട്ടിമറിക്കാന്‍ അമേരിക്കന്‍ പണം വന്‍തോതില്‍ അക്കാലത്ത് കേരളത്തിലെത്തി. ആ പണം ഉപയോഗിച്ചായിരുന്നു കമ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെ പല പ്രക്ഷോഭങ്ങളും ജന്മമെടുത്തതെന്ന വിവരം പിന്നീട് പുറത്തുവന്നു. പുതിയ സര്‍ക്കാരിന്റെ പ്രവര്‍ത്തന സാധ്യതകളെയും പരിമിതികളെയും കുറിച്ച് വീക്കിലി വിലയിരുത്തി. ''ഭൂപരിഷ്‌കരണം അഴിച്ചുപണിയുന്നത് വളരെ കരുതലോടെ വേണമെന്നത് കമ്യൂണിസ്റ്റ്കാരോട് പറയേണ്ടതില്ല. പക്ഷേ, പ്രസിഡന്റിന്റെ വിസമ്മതം ഒഴികെ മറ്റൊന്നും സ്വന്തം സിദ്ധാന്തം നടപ്പിലാക്കാന്‍ അവരെ തടയുന്നില്ല.'' പിന്നാലെ, പ്രസിഡന്റിന്റെ അംഗീകാരം ലഭിക്കാതെ കേരള ഭൂപരിഷ്‌കരണ ബില്‍ മടങ്ങിവന്നു. വീക്കിലിയുടെ വിശകലനങ്ങള്‍ ഒരിക്കലും തെറ്റിയില്ല.
പക്ഷേ, വാരികയുടെ സാമ്പത്തിക അടിത്തറ മോശമായിരുന്നു. ഒട്ടും ആകര്‍ഷകമല്ലാത്ത വാരികയെ കച്ചവട സാധ്യതകളുള്ള ഒരു പരസ്യക്കാരനും പരിഗണിച്ചില്ല. ഏറെ മുന്നോട്ടുപോകാന്‍ കഴിയാതെ 1965 ഡിസംബര്‍ 25 ലക്കം ഇറക്കി ഇക്കണോമിക്ക് വാരിക പ്രസിദ്ധീകരണം അവസാനിപ്പിച്ചു. എന്നാല്‍, കഥ അവസാനിച്ചില്ല. നിറുത്തിയടുത്തു നിന്ന് തുടങ്ങാന്‍ സച്ചിന്‍ ചൗധരിയെ സഹായിക്കാന്‍ ഡോ. കെ എന്‍ രാജെത്തി. അദ്ദേഹത്തിന്റെ ശ്രമത്തില്‍ രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി രണ്ട് ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ സമാഹരിച്ചു.
എഴ് മാസത്തെ ഇടവേളയ്ക്കുശേഷം 1966 ഓഗസ്റ്റ് 20ന് വാരിക പുനഃപ്രസിദ്ധീകരണമാരംഭിച്ചു. 'ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലി' യെന്ന പുതിയ പേരില്‍ പ്രസിദ്ധീകരണം വീണ്ടും വായനക്കാരിലെത്തി. ഭാവിയില്‍ വാരികയുടെ സാമ്പത്തിക പ്രതിസന്ധിയൊഴിവാക്കാനായി സമീക്ഷ എന്നൊരു ട്രസ്റ്റ് രൂപീകരിച്ചു. വാരിക ട്രസ്റ്റിന് കീഴിലാക്കി.
1966 ഡിസംബര്‍ 20 ന് സ്ഥാപക പത്രാധിപരായ സച്ചിന്‍ ചൗധരി അന്തരിച്ചു. തീര്‍ച്ചയായും സ്ഥാപനത്തിലെ രണ്ടാമനായ കൃഷ്ണരാജ് എഡിറ്ററാവേണ്ടതായിരുന്നു. പക്ഷേ തന്റെ സ്ഥാനമാനങ്ങളേക്കാള്‍ കൃഷ്ണരാജിന് വലുത് പ്രസിദ്ധീകരണത്തിന്റെ ഭാവിയും സുരക്ഷിതത്വവുമായിരുന്നു. അക്കാലത്തെ മികച്ച വ്യവസായിക സാമ്പത്തിക ശാസ്ത്രജ്ഞനായ ആര്‍ കെ ഹസാരിയെ എഡിറ്ററാക്കാന്‍ കൃഷ്ണരാജ് തന്നെ ട്രസ്റ്റിനോടാവശ്യപ്പെട്ടു. ഹസാരിയുടെ സാന്നിധ്യം ഇ പി ഡബ്ല്യുവിന്റെ പ്രശസ്തി വര്‍ധിപ്പിക്കുമെന്ന് കൃഷ്ണരാജിനറിയാമായിരുന്നു. ആസൂത്രണ കമ്മീഷന്റെ മേല്‍നോട്ടത്തില്‍ ഹസാരി തയ്യാറാക്കിയ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതോടെ അദ്ദേഹത്തിന്റെ പ്രശസ്തി വര്‍ധിച്ചിരുന്നു. ഇന്ത്യയുടെ പ്രഖ്യാപിത ലക്ഷ്യത്തിനു കടകവിരുദ്ധമായ ഫലമാണ് വ്യവസായിക ലൈസന്‍സിങ്ങ് സമ്പ്രദായം സൃഷ്ടിച്ചതെന്ന് ഹസാരിയുടെ പഠനം കണ്ടെത്തി. ഇത് പിന്നീട് വിഷയത്തില്‍ കൂടുതല്‍ പഠനങ്ങള്‍ക്ക് വഴിയൊരുക്കി.
ഹസാരിയാണ് ഇ പി ഡബ്ല്യുവിന്റെ അവലോകന പതിപ്പുകള്‍ ആരംഭിച്ചത്. സാമ്പത്തികമായി വാരിക മെച്ചപ്പെടുകയും ചെയ്തു. 1969 ല്‍ ഹസാരി റിസര്‍വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണറായി നിയമിതനായി. അതോടെ കൃഷ്ണ രാജ് എഡിറ്ററായി. 1969 ഡിസംബര്‍ മുതല്‍ 2004 ജനുവരി 17 വരെ ദീര്‍ഘമായ 35 വര്‍ഷം അദ്ദേഹം ആ പദവിയില്‍ തുടര്‍ന്നു.
അക്കാദമിക്ക് ജീവിതത്തെ സാധാരണ ജീവിതവുമായി ബന്ധിപ്പിക്കുന്ന ഒരു കണ്ണിയായി ഇ പി ഡബ്ല്യുവിനെ മാറ്റിയത് കൃഷ്ണരാജായിരുന്നു. വ്യവസായ ഗ്രൂപ്പുകളുമായോ രാഷ്ട്രീയപ്രസ്ഥാനങ്ങളുമായോ ബന്ധമില്ലാതെ ഇന്ത്യന്‍ പത്രലോകത്ത് ഇ പി ഡബ്ല്യുവിനെ കൃഷ്ണരാജ് നിലനിര്‍ത്തി. അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഇ പി ഡബ്ല്യു കുറഞ്ഞ നിരക്കില്‍ നല്‍കാന്‍ തുടങ്ങിയതും തന്റെ പ്രസിദ്ധീകരണത്തിന് കൂടുതല്‍ പ്രചാരം കിട്ടാനായിരുന്നില്ല, മറിച്ച്, പഠനത്തിന് എല്ലാവര്‍ക്കും പ്രയോജനപ്പെടട്ടെ എന്ന ലക്ഷ്യത്തോടെയായിരുന്നു.
പുതിയ എഴുത്തുകാരെ, പ്രത്യേകിച്ച് വിദ്യാര്‍ത്ഥികളെ ഇ പി ഡബ്ല്യുവില്‍ ലേഖനങ്ങളെഴുതാന്‍ അദ്ദേഹം പ്രോത്സാഹിപ്പിച്ചു. ലേഖനങ്ങളിലൊന്നും എഡിറ്ററുടെ വിവേചനാധികാരം അനാവശ്യമായി പ്രയോഗിച്ചില്ല. അമര്‍ത്യ സെന്‍, മന്‍മോഹന്‍ സിങ്, ജഗദീഷ് ഭഗവതി, രാമചന്ദ്ര ഗുഹ, ആംഗസ് ഡീറ്റണ്‍, കൗശിക് ബസു, റൊമില ഥാപ്പര്‍, ജെഫ്രി സാച്ച്സ്, പ്രണോയ് റോയ്, ടി എന്‍ ശ്രീനിവാസന്‍, സുബ്രഹ്‌മണ്യന്‍ സ്വാമി, ക്രിസ്റ്റോഫ് ജാഫ്രലോട്ട്, ജീന്‍ ഡ്രെസ്, മണിശങ്കര്‍ അയ്യര്‍, ആന്ദ്രെ ബെറ്റീലെ, അശോക് ഗുലാത്തി തുടങ്ങിയ നിരവധി പ്രതിഭകള്‍ ഇ പി ഡബ്ല്യുവില്‍ സജീവമായി ലേഖനങ്ങളെഴുതി.
വാരികയുടെ സാമൂഹികപ്രതിബദ്ധത നേരോടെ നിറവേറ്റുകയും നിലവാരം എപ്പോഴും കാത്തുസൂക്ഷിക്കുകയും ചെയ്ത എഡിറ്റര്‍ കൃഷ്ണ രാജിനോടുള്ള ആദരവൊന്നു കൊണ്ടായിരുന്നു പ്രതിഫലമൊന്നും കണക്കാക്കാതെ ഇവരെല്ലാം വീക്കിലിയില്‍ എഴുതിയത്. ഇപ്പോഴത്തെ എറ്റവും പ്രമുഖനായ ചരിത്രകാരനും പരിസ്ഥിതി പ്രവര്‍ത്തകനും എഴുത്തുകാരനായ രാമചന്ദ്ര ഗുഹയൊക്കെ പ്രതിഫലം വാങ്ങാതെയാണ് വീക്കിലിയില്‍ എഴുതിയത്.
ന്യൂയോര്‍ക്കിലെ ഏതെങ്കിലും ഓഫിസിലോ ലോക ബാങ്കിന്റെയോ ഇന്ത്യന്‍ ധനമന്ത്രാലയത്തിന്റെയോ സാമൂഹ്യപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന എതെങ്കിലും സന്നദ്ധ സംഘടനയുടെ ഓഫീസിലോ പോലും ഇന്ത്യന്‍ വാരികയായിട്ടും ഇ പി ഡബ്ല്യു എത്തിയിരുന്നത് ഘടനയില്‍ അപൂര്‍വമായ സവിശേഷതകള്‍ കൈക്കൊണ്ടതിനാലായിരുന്നു.
കോഴിക്കോട് മാവൂരിലെ ബിര്‍ളയുടെ ഗ്വാളിയോര്‍ റയോണ്‍സിലെ ദീര്‍ഘമായ സമരത്തെക്കുറിച്ച് ഇ പി ഡബ്ല്യുവില്‍ ലേഖനമെഴുതിയ തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡെവലപ്പ് മെന്റ് സ്റ്റഡീസിലെ ഗവേഷണ വിദ്യാര്‍ഥിയായ കെ ടി റാം മോഹന്‍ തന്റെ ലേഖനം കൃഷ്ണ രാജ് കൈകാര്യം ചെയ്തത് ഓര്‍ക്കുന്നു. ''ലേഖനത്തിലെ അവസാനത്തെ ഖണ്ഡികയിലെ ശീര്‍ഷകം കൊടുത്തിരുന്നത് എവിടെ പോകുന്നു എന്നര്‍ഥമാക്കുന്ന ലാറ്റിന്‍ വാക്കായ 'കോ വാഡിസ്' എന്നായിരുന്നു. തികച്ചും ബാലിശവും പാണ്ഡിത്യ പ്രകടനപരവുമായ പ്രയോഗത്തെ വെട്ടി കൃഷ്ണരാജ് എഴുതി, '' What next ?''.
അടിയന്തരാവസ്ഥയ്ക്ക് തൊട്ടു മുന്‍പ് 1975 ജൂണ്‍ 17ന് ഇ പി ഡബ്ല്യുവിന്റെ എഡിറ്റോറിയല്‍ 'കേഴുക പ്രിയ നേതാവേ' എന്നായിരുന്നു. അലഹാബാദ് കോടതി വിധിയുണ്ടായിട്ടും ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായി തുടരുന്നതിലെ അനൗചിത്യം വളരെ വ്യക്തം. അധികാരത്തില്‍ തുടരുന്നതിലുള്ള ഇന്ദിരാ ഗാന്ധിയുടെ ന്യായീകരണം തീര്‍ത്തും ലളിതം. ദേശീയ താല്‍പ്പര്യം അത് ആവശ്യപ്പെടുന്നു. ''ദേശീയ താല്‍പ്പര്യം, ജനകീയ ആവശ്യം എന്നീ പ്രയോഗങ്ങള്‍ക്ക് പിന്നിലുള്ളത് ഇന്ദിരാ ഗാന്ധിയുടെയും സേവക വൃന്ദത്തിന്റെയും സങ്കുചിത അധികാര താല്‍പ്പര്യങ്ങള്‍ മാത്രമാണ്,'' എഡിറ്റോറിയല്‍ പറഞ്ഞു.
അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുന്‍പാണ് കൃഷ്ണരാജിന്റെ പിതാവ് അന്തരിച്ചത്. ശവസംസ്‌കാരത്തിന് കൃഷ്ണരാജ് എത്തിയില്ല. പത്ത് ദിവസം കഴിഞ്ഞാണ് അദ്ദേഹം വീട്ടില്‍ വന്നത്. എവിടെയായിരുന്നുവെന്ന് ഒരിക്കലും കൃഷ്ണരാജ് പറഞ്ഞില്ല. ഭാര്യ മൈത്രേയിക്ക് പോലും ആ കാര്യം അജ്ഞാതമായിരുന്നു. ഒരു പക്ഷേ, അറസ്റ്റിലായിരിക്കാം, അല്ലെങ്കില്‍ അറസ്റ്റുണ്ടായാല്‍ വാരിക തുടര്‍ന്നിറക്കാന്‍ വേണ്ട സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താന്‍ പോയതാവാം. ഇപ്പോഴും ആര്‍ക്കും അതറിയില്ല.
ജൂണ്‍ 20ന് വാരിക ഇറങ്ങിയില്ല. ജൂണ്‍ 28 ന് രണ്ട് ലക്കവും ഒന്നിച്ച് പുറത്തുവന്നു. പക്ഷേ, രണ്ട് പ്രധാന പംക്തികള്‍, രമേഷ് ഥാപ്പറിന്റെ 'ക്യാപ്പിറ്റല്‍ വ്യൂ' അശോക് മിത്രയുടെ 'കല്‍ക്കട്ട ഡയറി' എന്നിവ ഇല്ലായിരുന്നു. സെന്‍സര്‍മാര്‍ ആദ്യം നോട്ടമിടുന്ന വാരികളിലൊന്ന് ഇ പി ഡബ്ല്യു ആകുമെന്ന് കൃഷ്ണരാജിനറിയാമായിരുന്നു. ആ ലക്കത്തില്‍ ശ്രദ്ധേയമായ ഒരു കുറിപ്പ് വാരിക പ്രസിദ്ധീകരിച്ചു. അവിചാരിതമായ സംഭവവികാസങ്ങളാല്‍ ജൂണ്‍ 21 ന്റെ യും 28 ന്റെയും ലക്കങ്ങള്‍ ഒറ്റപ്പതിപ്പാക്കേണ്ടി വന്നു. സാധാരണ രീതിയിലുള്ള ഒഴുക്കന്‍ പത്രഭാഷയായ സാങ്കേതിക തടസമെന്നായിരുന്നില്ല. അത് ഒരിക്കലും ക്ഷമാപണമായിരുന്നില്ല വരാനിരിക്കുന്ന അടിച്ചമര്‍ത്തലിനെക്കുറിച്ചുള്ള സൂചനയായിരുന്നു. സെന്‍സറിങ്ങിന് വാരികയുടെ പകര്‍പ്പ് അയച്ചു കൊടുക്കണമായിരുന്നു.
അടിയന്തരാവസ്ഥ വന്നുകഴിഞ്ഞ് പുറത്തുവന്ന രണ്ടാം ലക്കം വീക്കിലിയില്‍ അശോക് മിത്രയുടെ കല്‍ക്കട്ട ഡയറിയില്‍ കാറല്‍ മാര്‍ക്‌സ് എഴുതിയ ഫ്രാന്‍സിലെ എകാധിപത്യ വളര്‍ച്ചയെ സൂചിപ്പിക്കുന്ന ലൂയിസ് ബോണപ്പാര്‍ട്ടിനെക്കുറിച്ചുള്ള ചരിത്രത്തില്‍നിന്നുള്ള ഉദ്ധരണികളുണ്ടായിരുന്നു. സന്ദേശം കിട്ടേണ്ടവര്‍ക്ക് അത് വായിച്ചപ്പോള്‍ കാര്യം മനസിലായി. അടിയന്തരാവസ്ഥ പോലെയുള്ള ഒരു സംവിധാനം നടപ്പിലാക്കിയ ഒരു എകാധിപതിയുടെ ഭരണത്തില്‍ ഇ പി ഡബ്ല്യു ലക്കങ്ങള്‍ എങ്ങനെ കീഴടങ്ങാതെ പ്രതികരിച്ചുവെന്നത് ആ ലക്കങ്ങളിലുണ്ട്. ഏത് പത്രപ്രവര്‍ത്തകനും പത്രപ്രവര്‍ത്തകനും വായിച്ചിരിക്കേണ്ട, പ്രതിസന്ധികളെ പത്രമാര്‍ഗത്തിലൂടെ തന്നെ നേരിട്ട വഴിയാണത്.
ഇന്ദിരാ ഗാന്ധിയെ വിമര്‍ശിച്ചുകൊണ്ടുള്ള ഒ വി വിജയന്റെ നിരവധി രാഷ്ട്രീയ കാര്‍ട്ടൂണുകള്‍ അക്കാലത്ത് വീക്കിലിയില്‍ പ്രസിദ്ധീകരിച്ചു. ഇന്ദിരാ ഗാന്ധിയുടെയും കിങ്കരന്മാരുടെയുംഉദ്ധരണികള്‍ നിറഞ്ഞ എഡിറ്റോറിയല്‍ കുറിപ്പുകള്‍. ലളിതമായ വരികളെഴുതി വ്യക്തമാക്കുക. 'തീവണ്ടികള്‍ സമയത്ത് ഓടുന്നുണ്ടെത്ര, 'കാര്‍ഷികോല്‍പ്പാദനം ഇരട്ടിയാണത്രെ'! അസത്യത്തെ വരികളിലൂടെ സെന്‍സര്‍മാരുടെ കണ്ണുവെട്ടിച്ച് ജനങ്ങള്‍ക്ക് നല്‍കുക. ഇതായിരുന്നു കൃഷ്ണരാജിന്റെ ലളിതമായ വഴികള്‍.
സെന്‍സര്‍മാരെ മറികടക്കാന്‍ 'ക്ലിപ്പിങ്‌സ്' എന്ന പേരില്‍ കൃഷ്ണരാജ് പുതിയൊരു കോളം തുടങ്ങി. വിവിധ പത്രമാസികകളില്‍നിന്ന് തിരഞ്ഞെടുത്ത വാര്‍ത്താ ശകലങ്ങള്‍ പ്രസിദ്ധീകരിച്ചു. അടിയന്തരാവസ്ഥക്കെതിരെയുള്ള ഒരു വാര്‍ത്താ ഹബ്ബ് ആയിരുന്നു. ഈ കോളം. സ്വതന്ത്ര ചിന്തകള്‍ക്ക് കൃഷ്ണ രാജ് എന്നും തന്റെ വാരികയില്‍ സ്ഥാനം നല്‍കി. രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും വ്യക്തികള്‍ കുറിപ്പുകളും പത്രമാസിക വാര്‍ത്തകളും ഇ പി ഡബ്ല്യുവിന് അയച്ചു.
അടിയന്തരാവസ്ഥയില്‍ നിശബ്ദമായി പ്രതികരിച്ച അപൂര്‍വ പ്രസിദ്ധീകരണമായി മാറി ഇ പി ഡബ്ല്യു. സഹയാത്രികരായ റൊമേഷ് ഥാപറുടെ 'സെമിനാര്‍', നിഖില്‍ ചക്രവര്‍ത്തിയുടെ 'മെയിന്‍ സ്ട്രീം' എന്നിവ സെന്‍സര്‍മാരെ കാണിക്കണമെന്ന കല്‍പ്പനയില്‍ പ്രതിഷേധിച്ച് പ്രസിദ്ധീകരണം തന്നെ നിര്‍ത്തിവച്ച സാഹചര്യത്തില്‍ ഇ പി ഡബ്ല്യുവിന്റെ സ്ഥാനം പ്രസക്തമായിരുന്നു. നോബല്‍ സമ്മാനം നേടിയ അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഡോ സാമുവല്‍ ജോണ്‍സണ്‍ ഇ പി ഡബ്ല്യുവിന്റെ പ്രസക്തി മനസിലാക്കിയപ്പോള്‍ ഒരിക്കല്‍ പറഞ്ഞു, ''അമേരിക്കയില്‍പ്പോലും ഇത്തരമൊരു ജേണല്‍ ഇല്ല.''
19 വര്‍ഷം മുന്‍പ്, 2004-ല്‍ ജനുവരി 16ന് 67-ാം വയസില്‍ ഉറക്കത്തില്‍ കൃഷ്ണരാജിനെ മരണം കൂട്ടിക്കൊണ്ടുപോയി. വിനയാന്വിതമായ വ്യക്തിത്വത്തിന് ചേര്‍ന്ന ശാന്തമായ വിടവാങ്ങല്‍.
ബോംബെയിലെ ബോറിവിലില്‍ വര്‍ഷങ്ങളോളം കൃഷ്ണരാജിന്റെ അയല്‍ക്കാരനായിരുന്നു എം പി നാരായണ പിള്ള. അവിടെ താമസമാരംഭിച്ച ദിവസം വീട് വൃത്തിയാക്കാനായി ചൂലും തുണിയും കടം വാങ്ങാന്‍ വന്ന കൃഷ്ണരാജിനെ കണ്ട് നാണപ്പന്‍ പോലും ഞെട്ടി. കാരണം അന്ന് ദേശീയ ബജറ്റ് അവതരിപ്പിക്കുകയാണ്. ടിവിയില്‍ ബജറ്റ് ചര്‍ച്ച കൊടുമ്പിരി കൊള്ളുന്നു. ഇന്ത്യയിലെ ഏറ്റവും പ്രസിദ്ധമായ സാമ്പത്തിക വാരികയുടെ എഡിറ്റര്‍ വീട് മാറാന്‍ തിരഞ്ഞെടുത്തത് കേന്ദ്ര ബജറ്റ് അവതരണ ദിവസം! ഞെട്ടാതെ എന്ത് ചെയ്യും?
എം പി നാരായണ പിള്ള ബഹുമാനം കാത്തു സൂക്ഷിച്ചിരുന്ന അപൂര്‍വം വ്യക്തികളിലൊരാളായിരുന്നു കൃഷ്ണരാജ്. നാണപ്പന് വിശ്വാസമുള്ള ഏക സ്ഥാപനവും ഇ പി ഡബ്ല്യു ആയിരുന്നു. പിന്നീട് 1984 മുതല്‍ പ്രഭാ നാരായണ പിള്ള ഇ പി ഡബ്ല്യുവില്‍ ജോലി ചെയ്യാന്‍ തുടങ്ങി. 20 വര്‍ഷം കഴിഞ്ഞ് 2014 മാര്‍ച്ചില്‍ അവര്‍ രാജിവച്ചു. കൃഷ്ണരാജിന്റെ മരണം അവര്‍ക്ക് വ്യക്തിപരമായ നഷ്ടമായിരുന്നു.
'ഒരു പുഷ്പം മാത്രമെന്‍' എന്ന ഏറ്റവും ഇഷ്ടമുള്ള മലയാള ഗാനം പാടാന്‍ ആവശ്യപ്പെടുന്ന കൃഷ്ണ രാജിനെ, ചിന്മയാ മിഷനിലെ അശേഷാനന്ദ സ്വാമികള്‍ വീട്ടില്‍ വച്ച് പ്രസാദമായ് മുന്തിരി നല്‍കിയപ്പോള്‍ അത് വേണ്ട, തനിക്ക് പഴം മതിയെന്ന് പറഞ്ഞ കൃഷ്ണരാജിനെ പ്രഭാപിള്ള അവരുടെ ഓര്‍മക്കുറിപ്പില്‍ ഹൃദയസ്പര്‍ശിയായി രേഖപ്പെടുത്തുന്നുണ്ട്.
''എഴുതിത്തുടങ്ങുന്നവരെ സഹായിക്കുന്നതില്‍ ആത്യന്തം ക്ഷമ കാണിച്ചു. നിശിതമാകാനും വിശദാംശങ്ങളില്‍ സൂഷ്മത കാട്ടാനും തീഷ്ണമായ വിശകലനബുദ്ധി പ്രയോഗിക്കുവാനും ഒരു എഡിറ്റര്‍ക്ക് അത്യാവശമായ കൃത്യതയും വേഗതയും പ്രദര്‍ശിപ്പിക്കാനും കൃഷ്ണരാജിന് കഴിഞ്ഞിരുന്നു. പക്ഷേ, അദ്ദേഹത്തെ കാണാന്‍ നിങ്ങള്‍ ചെന്നാല്‍ താനാണ് പ്രപഞ്ചകേന്ദ്രമെന്ന് തോന്നി പോകും,'' ദ ഗാര്‍ഡിയന്‍ വീക്കിലി' കൃഷ്ണരാജിന്റെ ചരമക്കുറിപ്പില്‍ എഴുതി. ''പുറത്തുള്ള അദ്ദേഹത്തിന്റെ ആയിരക്കണക്കിന് വായനക്കാര്‍ക്ക് അദ്ദേഹമില്ലാതെ ഇന്ത്യയെ സങ്കല്‍പ്പിക്കാനാവില്ല.''