PEOPLE

ചരിത്രംകുറിച്ച നിയമജീവിതം; ഫാത്തിമ ബീവി രാജ്യത്തെ പരമോന്നത നീതിപീഠത്തില്‍ മുഴങ്ങിയ സ്ത്രീശബ്ദം

1989ല്‍ സുപ്രീം കോടതി ജഡ്ജിയായ അവര്‍ ആദ്യ വനിതാ ജഡ്ജിയെന്ന ചരിത്രം കുറിക്കുകയായിരുന്നു

വെബ് ഡെസ്ക്

തൊഴിലിടത്തോ കുടുംബത്തിലോ പോലും സ്ത്രീകൾക്ക് സ്വയം നിർണയാവകാശമില്ലാത്ത കാലത്ത് ജുഡീഷ്യറിപോലെ സ്വയം തീരുമാനമെടുക്കാൻ സാധിക്കുന്ന നിർണായക സ്ഥാനത്തേക്ക് ഒരു സ്ത്രീ വരുന്നുവെന്നത് ആ കാലത്ത് ചിന്തിക്കാൻ സാധിക്കാത്ത കാര്യമായിരുന്നു. 1989ൽ എം ഫാത്തിമ ബീവി എന്ന കേരളത്തിലെ പന്തളം സ്വദേശിയായ മുസ്‌ലിം സ്ത്രീ സുപ്രീം കോടതിയിലെ ആദ്യ വനിത ജഡ്ജിയായി വരുന്നുവെന്ന് പറയുമ്പോൾ, പുരുഷാധിപത്യം തീർത്ത ഏതൊക്കെ പ്രതിബന്ധങ്ങളെ അതിജീവിച്ചാണ് അവർ അവിടെയെത്തിയതെന്ന് ഇന്ന് ചിന്തിക്കുക പോലും അസാധ്യം. ഫാത്തിമ ബീവി തന്നിലൂടെ എഴുതപ്പെട്ട ചരിത്രം ബാക്കിയാക്കി മടങ്ങുമ്പോൾ, അവർ വെട്ടിത്തളിച്ച വഴിയിലൂടെ നടക്കാൻ നമ്മളെ പ്രാപ്തരാക്കിയിട്ടുണ്ടെന്ന് കൂടി ആലോചിക്കേണ്ടതുണ്ട്.

ഫാത്തിമ ബീവിയുടെ മരണത്തിൽ മലയാളികൾക്ക് ഓർക്കാൻ മറ്റൊരു സ്ത്രീഅഭിഭാഷക കൂടിയുണ്ട്. അഭിഭാഷക വൃത്തിയിലേക്ക് പ്രവേശിച്ച ആദ്യ ദളിത് വനിതയായ ദാക്ഷായണി വേലായുധനാണത്. ഫാത്തിമ ബീവി സുപ്രീം കോടതി ജഡ്ജിയാകുന്നതിനും പത്ത് വർഷം മുമ്പ് ദാക്ഷായണി വേലായുധൻ മരണപ്പെട്ടിട്ടുണ്ട്. ഈ സ്ത്രീകളിലൂടെ മുന്നേറിയത് കൂടിയാണ് കേരളത്തിന്റെ ഫെമിനിസ്റ്റ് ചരിത്രം.

സുപ്രീം കോടതിയിലെ ആദ്യ വനിതാ ജഡ്ജി എന്ന നിലയില്‍ മാത്രമല്ല, ജുഡീഷ്യറിയിലെയും എക്സിക്യൂട്ടീവിലെയും ഉന്നത സ്ഥാനം വഹിച്ച മുസ്‌ലിം വനിതയായും ഏഷ്യയിലെ തന്നെ സുപ്രീം കോടതി ജഡ്ജിയാകുന്ന ആദ്യത്തെ വനിതയായും ഫാത്തിമാ ബീവി ചരിത്രം കുറിച്ചു. കരിയറിലുടനീളം അവര്‍ സമത്വത്തിനുവേണ്ടി പോരാടിയ ജസ്റ്റിസ് ഫാത്തിമാ ബീവി ഇന്ത്യന്‍ ജുഡീഷ്യറിക്ക് നല്‍കിയ സംഭാവനകള്‍ ശ്രദ്ധേയമാണ്.

1927ല്‍ ജനിച്ച ഫാത്തിമാ ബീവി കത്തോലിക്കേറ്റ് ഹൈസ്‌കൂളില്‍ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍നിന്ന് സയന്‍സില്‍ ബിരുദം നേടി.ഫാത്തിമാ ബീവിയെ പിതാവായിരുന്നു നിയമപഠനത്തിനുവേണ്ടി പ്രേരിപ്പിച്ചത്. 1950ല്‍ ബാര്‍ കൗണ്‍സില്‍ പരീക്ഷയില്‍ ഒന്നാം സ്ഥാനത്തെത്തിയ ഫാത്തിമാ ബീവി ബാര്‍ കൗണ്‍സിലിന്റെ സ്വര്‍ണ മെഡല്‍ നേടുന്ന ആദ്യത്തെ വനിതയെന്ന വിശേഷണവും കരസ്ഥമാക്കി. അന്നു മുതല്‍ തന്നെ ചരിത്രം സൃഷ്ടിച്ച് മുന്നേറുകയായിരുന്നു അവർ.

1950 നവംബര്‍ 14ന് അഭിഭാഷകയായി എൻറോള്‍ ചെയ്തു. അഭിഭാഷകയായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഫാത്തിമാ ബീവി 1974ല്‍ ജില്ലാ- സെഷന്‍സ് ജഡ്ജിയായി നിയമിതയായി. 1980ല്‍ ഇന്‍കംടാക്‌സ് അപ്പലേറ്റ് ട്രിബ്യൂണലില്‍ ചേരുകയും ചെയ്തു. ഇതിനിടെ കേരള സബോര്‍ഡിനേറ്റ് ജുഡീഷ്യല്‍ സര്‍വീസസില്‍ മുന്‍സിഫ്, സബോര്‍ഡിനേറ്റ് ജഡ്ജി, ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്, ജില്ലാ ആന്റ് സെഷന്‍സ് ജഡ്ജി എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

83ലാണ് ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടത്. 1989 ഏപ്രില്‍ 29-ന് ഹൈക്കോടതിയില്‍നിന്ന് വിരമിച്ചെങ്കിലും ഒക്ടോബര്‍ ആറിന് സുപ്രീം കോടതിയില്‍ ജഡ്ജിയായി നിയമനം ലഭിക്കുകയായിരുന്നു. 1993ല്‍ ഔദ്യോഗിക ജീവിതത്തില്‍നിന്ന് വിരമിച്ച ഫാത്തിമാ ബീവി ദേശീയ മനുഷ്യാവകാശ കമ്മീഷനായും പിന്നാക്കവിഭാഗ കമ്മീഷന്റെ ആദ്യ അധ്യക്ഷയായും പിന്നീട് തമിഴ്‌നാട് ഗവര്‍ണറായും ചുമതലയേറ്റു.

1997-2001 കാലയളവിലായിരുന്നു തമിഴ്‌നാട് ഗവര്‍ണറായി സേവനമനുഷ്ഠിച്ചത്. ഈ കാലഘട്ടം അവരെ സംബന്ധിച്ച് സംഭവബഹുലമായിരുന്നു. രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ ദയാ ഹർജികൾ ചർച്ചയായിരുന്ന കാലമാണത്. കേന്ദ്രത്തിന്റെ താല്പര്യത്തിനു വഴങ്ങാതെ പ്രതികളുടെ ദയാഹർജികൾ ഫാത്തിമ ബീവി തുടരെ തള്ളി. മുഖ്യമന്ത്രി ജയലളിതയുടെയും സംസ്ഥാന സർക്കാരിന്റെയും പിന്തുണ ഫാത്തിമ ബീവിക്കുണ്ടായിരുന്നു. രാജീവ് ഗാന്ധി കേസിൽ സ്വീകരിച്ച ഈ നിലപാടുകളുടെ ഭാഗമായി തന്നെയാണ് 2001ൽ അവർക്ക് സ്ഥാനം ഒഴിയേണ്ടി വന്നതും.

ഫാത്തിമാ ബീവിക്ക് ആദരവ് അര്‍പ്പിച്ചുകൊണ്ട് ഈ വര്‍ഷം വനിതാ ദിനത്തില്‍ തിരുവനന്തപുരത്ത് 'നീതിപാഥയിലെ ധീര വനിത' എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചിരുന്നു. സുപ്രീം കോടതി വരെയുള്ള ഫാത്തിമാ ബീവിയുടെ ജീവിതമാണ് 30 മിനുറ്റ് ഡോക്യുമെന്ററിയിലൂടെ പ്രദര്‍ശിപ്പിച്ചത്.

ഫാത്തിമാ ബീവി കൈകാര്യം ചെയ്ത വിധിന്യായത്തില്‍ പ്രധാനപ്പെട്ടതാണ് പട്ടിക ജാതി- ദുര്‍ബല വിഭാഗം വെല്‍ഫയര്‍ അസോസിയേഷന്‍ കര്‍ണാടക സര്‍ക്കാരിനെതിരെ നല്‍കിയ ഹര്‍ജി. കര്‍ണാടക പട്ടിക ജാതി പട്ടിക വര്‍ഗ നിയമത്തിലെ ചില വ്യവസ്ഥകളെ ചോദ്യം ചെയ്തുള്ള ഹര്‍ജിയായിരുന്നു അത്. സ്റ്റേറ്റിന്റെയോ അധികാരികളുടെയോ ഏകപക്ഷീയമായ അധികാര പ്രയോഗത്തില്‍നിന്ന് ഓരോ പൗരനെയും സംരക്ഷിക്കുന്ന ഭരണഘടനാ വ്യവസ്ഥയുടെ അടിസ്ഥാന നിയമമാണ് ഇതില്‍ ഫാത്തിമാ ബീവി ഊന്നിപ്പറഞ്ഞത്.

രത്തന്‍ ചന്ദ് ഹിരാ ചന്ദും അസ്‌കര്‍ നവാസ് ജംഗും തമ്മിലുള്ള കേസും ഫാത്തിമാ ബീവി കൈകാര്യം ചെയ്തു. 1872ലെ ഇന്ത്യന്‍ കരാര്‍ നിയമത്തിലെ സെക്ഷന്‍ 23 പ്രകാരമുള്ള ഒരു കരാറിന്റെ സാധുതയായിരുന്നു അന്ന് കോടതി ചര്‍ച്ച ചെയ്തത്. ഇവിടെ നിയമവിരുദ്ധമായ വസ്തുക്കളുമായോ പരിഗണനകളുമായോ ഉള്ള ഏതൊരു കരാറും നിയമപരമായി ബാധകമല്ലെന്ന് ജസ്റ്റിസ് ഫാത്തിമാ ബീവി നിരീക്ഷിക്കുകയായിരുന്നു.

തന്റെ ഔദ്യോഗിക ജീവിതത്തിലെ സംഭാവനകളെ മുന്‍നിര്‍ത്തി നിരവധി അവാര്‍ഡുകൾ അവര്‍ കരസ്ഥമാക്കിയിട്ടുണ്ട്. 1990ല്‍ ഡി ലിറ്റും മഹിളാ ശിരോമണി അവാര്‍ഡും ലഭിച്ചു. ഭാരത് ജ്യോതി അവാര്‍ഡ്, യുഎസ്-ഇന്ത്യ ബിസിനസ് കൗണ്‍സില്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡും ലഭിച്ചു. വനിതകള്‍ക്ക് പ്രചോദനം നല്‍കുന്ന ജീവിതം നയിച്ചാണ് ഫാത്തിമാ ബീവി 96--ാം വയസില്‍ വിടപറഞ്ഞിരിക്കുന്നത്.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി