ഗോപിക 
PEOPLE

ആകാശത്തോളം വലിയ സ്വപ്നത്തെ പിന്തുടർന്നു, ഗോപിക പട്ടിക വർഗ വിഭാഗത്തിലെ ആദ്യ എയർ ഹോസ്റ്റസ്

എ വി ജയശങ്കർ

ബാല്യകാല സ്വപ്‌നം സാഫല്യത്തിലേക്ക്. കണ്ണൂര്‍ ആലക്കോട് ദാരപ്പന്‍കുന്ന് കോളനിയിലെ ഗോപിക ഇനി എയര്‍ ഹോസ്റ്റസ്. കേരളത്തിലെ പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുള്ള ആദ്യ എയര്‍ഹോസ്റ്റസ് എന്ന റെക്കോഡും സ്വന്തമാക്കിയാണ് ചപ്പിലി ഗോവിന്ദന്റെയും ബിജിയുടെയും മകള്‍ പറന്നുയരുന്നത്‌. ഉയരത്തിൽ പറക്കണം എന്നതായിരുന്നു ഗോപികയുടെ സ്വപ്നം. വെറുതെ പറക്കുകയല്ല, എയർഹോസ്റ്റസ് ആയി തന്നെ പറക്കണമെന്നായിരുന്നു ആഗ്രഹം. 12 വയസ് മുതൽ താൻ കൊതിയ്ക്കുന്ന എയർഹോസ്റ്റസിന്റെ വേഷമണിയാൻ ​ഗോപികയ്ക്ക് ഇനി ദിവസങ്ങൾ മാത്രം ബാക്കി.

കണ്ണൂരിലെ കരിമ്പാല സമുദായത്തിൽ നിന്നുള്ള ഒരു പെൺകുട്ടി എയർഹോസ്റ്റസ് വസ്ത്രത്തിൽ യാത്രക്കാരെ സ്വാഗതം ചെയ്യുമ്പോൾ അതിനു പിന്നില്‍ സ്വപ്നത്തെ പിന്‍തുടര്‍ന്ന നിശ്ചയദാര്‍ഢ്യത്തിന്റെ ഒരു കഥകൂടിയുണ്ട്.

ഗോപിക

ആകാശം സ്വപ്‌നം കണ്ട ബാല്യം

ആകാശത്തിൽ നിന്നാണ് ആ​ഗ്രഹങ്ങൾക്ക് തുടക്കം. വീടിനു മുകളിലൂടെ പറക്കുന്ന വിമാനത്തിൽ ഇരിക്കാൻ കൊതിച്ചൊരു ബാല്യം ​ഗോപികയ്ക്കുണ്ടായിരുന്നു. കുട്ടിക്കാലത്ത് ഏതോ പത്രത്തില്‍ കണ്ട ചുവപ്പും വെള്ളയും ഷർട്ട് ധരിച്ച് നിൽക്കുന്ന ക്യാബിൻ ക്രൂവിന്റെ ഒരു ചിത്രവും എയർഹോസ്റ്റസ് എന്ന സ്വപ്നം മൊട്ടിടാൻ കാരണമാണ്.

ചിത്രം കണ്ടപ്പോൾ മുതൽ ആ പ്രൊഫഷൻ എന്തെന്ന് അറിയണമെന്ന് തീവ്രമായി ആഗ്രഹം തോന്നി. പിന്നീട് ആ ചിത്രത്തിന് പിന്നാലെ നടത്തിയ അന്വേഷണങ്ങളിലൂടെയാണ് എയർഹോസ്റ്റസ് എന്ന തൊഴിലിനെ കുറിച്ച് അറിയുന്നത്. പിന്നീട് നാലഞ്ചു വർഷത്തോളം എയർഹോസ്റ്റസ് എന്ന സ്വപ്നം മാത്രമായിരുന്നു മനസിൽ.

ഗോപിക

ആഗ്രഹിച്ച ജോലിയില്‍ എത്തിപ്പെടാന്‍ സാധിക്കില്ലെന്ന തോന്നൽ മറ്റൊരു മേഖലയിലേക്ക് തിരിയാൻ പ്രേരിപ്പിച്ചു. എന്നാല്‍ പഴയ ആചിത്രം തെല്ലും മായാതെ ​ഗോപികയുടെ മനസ്സിലുണ്ടായിരുന്നു. കൃത്യമായി മാർഗ്ഗ നിർദ്ദേശങ്ങള്‍ നല്‍കാന്‍ കാര്യമായി ആരും ഉണ്ടായിരുന്നില്ലെന്നത് ചെറുതല്ലാത്ത പ്രതിസന്ധിയും സൃഷ്ടിച്ചു.

സ്വപ്നങ്ങളെ താലോലിച്ച്...

“സ്വപ്‌നങ്ങൾ മനസ്സിൽ സൂക്ഷിച്ച് അതിനുവേണ്ടി കൂടുതൽ പരിശ്രമിക്കുന്നതാണ് എന്റെ രീതി. എയർഹോസ്റ്റസ് ആകുക എന്ന സ്വപ്നത്തെ കുറിച്ച് ഒരു ഘട്ടം വരെ ആരോടും പറഞ്ഞിരുന്നില്ല. എന്റെ മാതാപിതാക്കൾക്ക് പോലും അറിയില്ലായിരുന്നു. വിമാനത്താവളവുമായി ബന്ധപ്പെട്ട കോഴ്സാണ് താന്‍ ചെയ്യുന്നതെന്ന് മാത്രമാണ് അവർക്ക് അറിവുണ്ടായിരുന്നത്. താന്‍ കാബിന്‍ ക്രൂ മെമ്പറായ വിവരം അടുത്തകാലത്താണ് അവർ അറിഞ്ഞത്. ഇപ്പോഴും വളരെ ചുരുക്കം പേർക്ക് മാത്രമാണ് ഞാൻ എയർഹോസ്റ്റസ് ആകുന്ന കാര്യം അറിയാവുന്നത്.” ഗോപിക പറഞ്ഞു.

“വയനാട്ടിലെ ഡ്രീം സ്കൈ ഏവിയേഷൻ ട്രെയിനിംഗ് അക്കാദമിയിൽ ചേർന്നതിനു ശേഷം എന്റെ ഇഷ്ടം മനസ്സിലാക്കിയ അധ്യാപകർ നിരവധി അവസരങ്ങൾ ഒരുക്കി തന്നിട്ടുണ്ട്.ഏവിയേഷന്‍ കോഴ്സിനോടുള്ള താത്പര്യവും ഇഷ്ടവുമാണ് നിരവധി പുതിയ കാര്യങ്ങള്‍ പഠിക്കാന്‍ തനിക്ക് പ്രേരണയായതെന്നും “ ഗോപിക പറയുന്നു.

'കണ്ണൂര്‍ എസ്എന്‍ കോളജില്‍ നിന്ന് കെമിസ്ട്രിയില്‍ ബിരുദം പൂര്‍ത്തിയാക്കി. ശേഷം വയനാട്ടിലെ ഡ്രീം സ്‌കൈ ഏവിയേഷന്‍ ട്രെയിനിംഗ് അക്കാദമിയില്‍ 'അയാട്ട' കസ്റ്റമര്‍ സര്‍വീസ് കെയറില്‍ സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പോടെയാണ് ഡിപ്ലോമ കോഴ്‌സിന് ചേരുന്നത്. അക്കാദമിയില്‍ ചേര്‍ന്നതിനു ശേഷം എന്റെ ഇഷ്ടം മനസ്സിലാക്കിയ അധ്യാപകര്‍ നിരവധി അവസരങ്ങള്‍ ഒരുക്കി തന്നിട്ടുണ്ട്.''
ഗോപിക

പഠനം തുടരുന്ന വേളയിലാണ് ഒരു സ്വകാര്യ വിമാന കമ്പനിയുടെ ഇന്റര്‍വ്യൂവിലൂടെ ഗോപികയെ എയര്‍ഹോസ്റ്റസ് ആയി തെരഞ്ഞെടുക്കുന്നത്. നിലവില്‍ മൂന്ന് മാസത്തെ പരിശീലനത്തിനായി മുംബൈയിലാണ് ഗോപിക.ഒന്നരമാസം കൂടിക്കഴിഞ്ഞാല്‍ ഗോപിക തന്ര്റെ ഇഷ്ടവസ്ത്രം അണിഞ്ഞ് ജോലിയില്‍ പ്രവേശിക്കും. ഇപ്പോഴും വിമാനത്തിനടുത്ത് പോകുമ്പോൾ വല്ലാത്തൊരു ആവേശം തോന്നാറുണ്ടെന്ന് ഗോപിക പറയുന്നു.

“ആഗ്രഹിച്ച ഒന്നും കഴിയുന്നില്ലെന്ന് പറഞ്ഞ് മാറ്റിവയ്ക്കാതെ ഒരു വഴിയിലൂടെയല്ലെങ്കിൽ മറ്റൊരു വഴിയിലൂടെ അത് നേടിയെടുക്കാൻ ശ്രമിക്കണം. ലക്ഷ്യത്തിലെത്താൻ നിരവധി വഴികൾ ഉണ്ടാകും. ശ്രമിച്ചുകൊണ്ടിരിക്കുക എന്നതു മാത്രമാണ് പ്രധാനം.”

ലക്ഷ്യത്തിലേക്ക്

“ആഗ്രഹിച്ച ഒന്നും കഴിയുന്നില്ലെന്ന് പറഞ്ഞ് മാറ്റിവയ്ക്കാതെ ഒരു വഴിയിലൂടെയല്ലെങ്കിൽ മറ്റൊരു വഴിയിലൂടെ അത് നേടിയെടുക്കാൻ ശ്രമിക്കണം. ലക്ഷ്യത്തിലെത്താൻ നിരവധി വഴികൾ ഉണ്ടാകും. ശ്രമിച്ചുകൊണ്ടിരിക്കുക എന്നതു മാത്രമാണ് പ്രധാനം.” ഇന്നത്തെ കാലത്ത് നിരവധി സാധ്യതകളുള്ള മേഖലയാണ് ഏവിയേഷനെന്നും ഗോപിക പറഞ്ഞു.

തങ്ങളുടെ ഇടയിലെ ഒരു പെൺകുട്ടി എയർഹോസ്റ്റസ് ആകുന്നതിന്റെ സന്തോഷത്തിലാണു ദാരപ്പൻകുന്ന് കോളനിയിലുള്ളവർ.

എഡിജിപി എം ആര്‍ അജിത്ത്കുമാറിനെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍

ലബനന് നേര്‍ക്ക് വീണ്ടും ഇസ്രയേല്‍ വ്യോമാക്രമണം; സംഭവം ഹിസബുള്ള നേതാവ് ഹസന്‍ നസ്‌റള്ളയുടെ അഭിസംബോധനയ്ക്കിടെ

നിപയില്‍ ആശ്വാസം; ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്, സമ്പര്‍ക്ക പട്ടികയില്‍ 268 പേര്‍

എംപോക്‌സ് കേരളത്തിലും എത്തുമ്പോള്‍?

വിമാനങ്ങളില്‍ വിലക്ക്, 'സംശയമുള്ള' പേജറുകള്‍ എല്ലാം പൊട്ടിച്ചുകളയുന്നു; ഇലക്‌ട്രോണിക് ആക്രമണ ഭീതിയില്‍ ലെബനനും ഹിസ്ബുള്ളയും