സഹോദരനും സ്വാതന്ത്ര്യ സമര സേനാനിയുമായ എബ്രഹാം മാടമാക്കലാണ് ഇടതുരാഷ്ട്രീയത്തിന്റെ ആദ്യപാഠങ്ങള്‍ എം എം ലോറന്‍സിന് പകര്‍ന്നു നല്‍കുന്നത്. പതിനൊന്നാം വയസില്‍ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള എഴുതിയ കാറല്‍ മാര്‍ക്‌സിനെ കുറിച്ചുള്ള പുസ്തകം എബ്രഹാം ലോറന്‍സിന് നല്‍കി. മാര്‍ക്‌സിനെ അടുത്തറിയുന്നത് ഈ പുസ്തക വായനയിലൂടെയാണ്. പതിനെട്ടാം വയസില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി. എറണാകുളം ജില്ലയില്‍ ഇടതുപ്രസ്ഥാനത്തിന് വേരുറപ്പിക്കുന്നതില്‍ ലോറന്‍സ് നിര്‍ണായക പങ്കുവഹിച്ചു.
ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണം
1950 മാര്‍ച്ച് 9ന് ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രാജ്യവ്യാപക റെയില്‍വെ പണിമുടക്ക് പ്രഖ്യാപിച്ചു. പണിമുടക്ക് ആലോചന യോഗം കഴിഞ്ഞ് മടങ്ങിയ എന്‍ കെ മാധവന്‍, വറീതുകുട്ടി എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. ഫെബ്രുവരി 27ന് കൊച്ചി പോണേക്കരയില്‍ കൂടിയ കമ്യൂണിസ്റ്റ് പാര്‍ട്ടി രഹസ്യയോഗം എന്ത് വിലകൊടുത്തും നേതാക്കളെ ഇടപ്പള്ളി പൊലീസ് സ്റ്റേഷനില്‍ നിന്ന് മോചിപ്പിക്കാന്‍ തീരുമാനിക്കുന്നു. എം എം ലോറന്‍സ് അടക്കമുള്ള പതിനേഴ് പേരടങ്ങുന്ന ആക്ഷന്‍ കമ്മറ്റിക്കായിരുന്നു പൊലീസ് സ്റ്റേഷന്‍ ആക്രമണത്തിന്റെ ചുമതല. പിറ്റേന്ന്, അതായത് ഫെബ്രുവരി 28ന് രാത്രി പത്തുമണിയോടെ കമ്യൂണിസ്റ്റ് സംഘം ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചു. സ്റ്റേഷന് നേര്‍ക്കെറിഞ്ഞ കൈബോംബ് പൊട്ടിയില്ല. ബാക്കിയുണ്ടായിരുന്ന ആയുധങ്ങള്‍ രണ്ട് വാക്കത്തിയും കുറച്ചു വടികളും മാത്രമായിരുന്നു. തുടര്‍ന്നു നടന്ന ആക്രമണത്തില്‍ രണ്ടു പൊലീസുകാര്‍ കൊല്ലപ്പെട്ടു. നേതാക്കളെ മോചിപ്പിക്കാന്‍ ലോറന്‍സ് അടക്കമുള്ളവര്‍ക്ക് കഴിഞ്ഞതുമില്ല. ലോക്കപ്പിന്റെ താക്കോല്‍ തലേന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്‍ വീട്ടില്‍ കൊണ്ടുപോയതോടെയാണ് മോചിപ്പിക്കല്‍ നടക്കാതെ പോയത്. സ്റ്റേഷനില്‍ ഉണ്ടായിരുന്ന രണ്ട് തോക്കുകളും കൈവശപ്പെടുത്തി സംഘം മടങ്ങി. നേതാക്കളും പ്രവര്‍ത്തകരും ഒളിവില്‍ പോയി. തൊട്ടടുത്ത ദിവസങ്ങളില്‍ തന്നെ ലോറന്‍സ് അടക്കമുള്ളവര്‍ പിടിയിലായി. പൊലീസ് മര്‍ദനത്തില്‍ ഗുരുതര പരുക്കേറ്റ കെ യു ദാസ് എന്ന പാര്‍ട്ടി പ്രവര്‍ത്തകന് ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് മരണത്തിന് കീഴടങ്ങി. ആക്ഷനില്‍ പങ്കെടുക്കാത്തവരടക്കം 33 പേരെ പൊലീസ് കേസില്‍ പ്രതി ചേര്‍ത്തു.
ഇടപ്പള്ളി പൊലീസ് സ്റ്റേഷന്‍ ആക്രമണത്തെ കുറിച്ച് 2018 ഡിസംബറില്‍ എം എം ലോറന്‍സ് ആത്മകഥയില്‍ ഒരു കുറിപ്പ് എഴുതിയിരുന്നു. 'ഇടപ്പള്ളി സ്റ്റേഷന്‍ അക്രമണത്തോടെ പോലിസ് വളരെയേറെ ജാഗ്രതയില്‍ ആയി. കേസില്‍ ഒന്നാം പ്രതിയായിരുന്ന കെ.സി മാത്യുവും, ഞാനും ഉള്‍പ്പടെ പലരും ഒളിവില്‍ പ്രവര്‍ത്തിക്കുന്ന കാലത്തായിരുന്നു സ്റ്റേഷന്‍ ആക്രമണവും നടന്നത്. കെ.സി മാത്യു തന്നെയായിരുന്നു ആക്രമണത്തിന്റെ നേതാവും ഒന്നാം പ്രതിയും. ഒളിവിലായിരുന്ന ഞങ്ങളെ പിടിക്കാന്‍ കഠിന യജ്ഞത്തിലായി പോലീസ്.
ആ ഘട്ടത്തില്‍ എന്റെ നാടായ മുളവുകാട് കരയില്‍ ഏത് വീട്ടില്‍ ചെന്നാലും എന്നെ ഇറക്കി വിടുമായിരുന്നില്ല. അതിനിടെ ആണ് ഇരുനൂറോളം പൊലീസുകാര്‍ ഒരു രാത്രിയില്‍ മുളവുകാടിന്റെ തെക്കേ അറ്റം പോഞ്ഞിക്കര മുതല്‍ വടക്കോട്ട് കോമ്പിങ് സെര്‍ച്ച് നടത്തിയത്. (ഏഴ് കിലോമീറ്ററോളം നീണ്ടു കിടക്കുന്ന വീതി കുറഞ്ഞ ദ്വീപ് ആണ് എന്റെ വീടിരിക്കുന്ന മുളവുകാട്. അവിടെ ചീപ്പു കൊണ്ട് മുടി ചീകുന്ന വിധം ഓരോ വീടുകളും ഒരേ സമയം കിഴക്ക് മുതല്‍ പടിഞ്ഞാറ് വരെ പരിശോധിച്ച്, തെക്കുനിന്നും വടക്കോട്ട് സെര്‍ച്ച് നടത്തി.)
ആ സമയം വീടിരിക്കുന്ന ഭാഗത്തിനോടടുത്ത് മുളവുകാട് കരയില്‍ തന്നെ ഞാന്‍ ഉണ്ടായിരുന്നു. കോട്ടുള്ളി തോമസ് (മുളവുകാടുള്ള മേത്തശേരി കുടുംബത്തില്‍ പെടുന്നയാള്‍ ആണ്. എന്നേക്കാള്‍ പ്രായം കുറഞ്ഞ ഒരു പയ്യനായിരുന്നു. ഒളിവില്‍ സഞ്ചരിക്കുമ്പോള്‍ എന്റെയൊരു സഹായിയായി മിക്കവാറും കൂടെ ഉണ്ടാകാറുണ്ട്.) അപ്പോള്‍ എന്റെ കൂടെ ഉണ്ട്.
കോമ്പിങ് തുടങ്ങിയതോടെ ആ വിവരം ഞാന്‍ അറിഞ്ഞു. എങ്ങനെയും ആ കരയില്‍ നിന്നും രക്ഷപ്പെടണം എന്ന് ഞാന്‍ തീരുമാനിച്ചു. തോമസിനോട് വീടിന് അടുത്ത് പുഴയില്‍ അടുപ്പിച്ചിരുന്ന വഞ്ചിയില്‍ കയറ്റി എത്രയും വേഗം പനമ്പുകാട് എത്തിക്കാന്‍ ഞാന്‍ ആവശ്യപ്പെട്ടു. (പനമ്പുകാട് പലപ്പോഴും ഞാന്‍ ഒളിവില്‍ ഇരിക്കുന്ന സ്ഥലമായിരുന്നു.)
വഞ്ചി കെട്ടഴിച്ച്, ഞാനും തോമസും കയറി. തോമസ് ആണ് വഞ്ചി തുഴഞ്ഞത്. പുഴയുടെ നടുക്ക് ഭാഗത്തേക്ക് എത്താറായപ്പോള്‍ വഞ്ചിയിലേക്ക് വേഗത്തില്‍ വെള്ളം കയറാന്‍ തുടങ്ങി. അപ്പോഴാണ് വഞ്ചിയില്‍ ഒരു ദ്വാരം ഉണ്ടെന്നത് ശ്രദ്ധയില്‍ പെട്ടത്. അക്കരെ പനമ്പുകാട് എത്താന്‍ ശ്രമിച്ചാല്‍ അവിടെ എത്തുന്നതിന് മുന്‍പ് വഞ്ചി മുങ്ങും, തിരികെ പോയാല്‍ പോലീസ് പിടിക്കും. പനമ്പുകാടേക്ക് എത്തുന്ന ഭാഗത്ത് പുഴയ്ക്ക് എത്രത്തോളം ആഴം ഉണ്ടെന്നും അറിയില്ല. 'ചെകുത്താനും കടലിനും നടുക്ക്' എന്ന സ്ഥിതിയില്‍ ആയി. എന്താണെങ്കിലും മുളവുകാടേക്ക് തന്നെ വഞ്ചി തിരിക്കാന്‍ ഞാന്‍ തോമസിനോട് പറഞ്ഞു. തിരികെ എത്തിയപ്പോള്‍ മറ്റൊരു വഞ്ചി അവിടെ കിടക്കുന്നത് കണ്ടു. ആ വഞ്ചിയില്‍ പനമ്പുകാടേക്ക് പോയി അന്ന് രക്ഷപെട്ടു.
ഏതായാലും 'കോമ്പിങ് സെര്‍ച്ച്' നടന്നതോടെ മുളവുകാട് കരയിലെ ആളുകളാകെ ഭീതിയില്‍ ആയി. കുടുംബത്തോടുള്ള അടുപ്പം കൊണ്ടാണ് അവരൊക്കെ കമ്മ്യൂണിസ്റ്റ്കാരല്ലെങ്കിലും അന്നുവരെ എന്നെ സഹായിച്ചിരുന്നത്. കോമ്പിങ് സെര്‍ച്ച് കഴിഞ്ഞതോടെ അവര്‍ക്ക് എന്നെ വീടുകളില്‍ ഒളിവിലിരുത്താന്‍ ഭയമായി. ഞാന്‍ ഒളിവിലിരിക്കാറുള്ള ഒരു വീട്ടില്‍ ചെന്നപ്പോള്‍ 'മോന്‍ എവിടെയെങ്കിലും പോയി രക്ഷപ്പെട്ടോ...' എന്ന് പറഞ്ഞ് കുറച്ചു കാശ് അവര്‍ എനിക്ക് തന്നു.
(പാര്‍ട്ടി നിരോധിക്കപ്പെട്ട കാലഘട്ടം ആയതിനാല്‍, കമ്മ്യൂണിസ്റ്റുകാര്‍ക്കെതിരായും അവരെ സഹായിക്കുന്നവര്‍ക്കെതിരെയും പോലീസിന് എന്തും ചെയ്യാമെന്ന സ്ഥിതിയാണ് ഉണ്ടായിരുന്നത്. വലിയ ജന്മികള്‍ക്ക് ആരോടെങ്കിലും വിരോധം ഉണ്ടെങ്കില്‍ അവരെ കമ്മ്യൂണിസ്റ്റ് മുദ്ര കുത്തി പോലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിപ്പിച്ച്, ഭീകരമായി മര്‍ദ്ദിക്കുന്ന നിരവധി സംഭവങ്ങള്‍ അക്കാലത്ത് ഉണ്ടായിട്ടുണ്ട്. പോലീസുകാരും അവരുടെ ഏജന്റുമാരും കമ്മ്യൂണിസ്റ്റുകാരെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ സംഭവങ്ങളും ഉണ്ട്.)
പോലീസ് ഊര്‍ജ്ജിതമായി അന്വേഷണം തുടങ്ങിയതോടെ എറണാകുളത്തും ഒളിവിലിരിക്കാന്‍ ബുദ്ധിമുട്ടായിത്തുടങ്ങി. ബോംബെയിലേക്ക് പോകാന്‍ ഞാന്‍ തീരുമാനിച്ചു. കുറച്ചു കാലം അവിടെ നിന്നിട്ട് തിരിച്ചു വരാം എന്നാണ് ഉദ്ദേശിച്ചത്. ബോംബെയില്‍ ടാറ്റ കമ്പനിയില്‍ ജോലി ചെയ്യുന്ന ആല്‍ഫ്രഡിന്റെ അടുത്തേക്ക് പോകാനാണ് തീരുമാനിച്ചത്. എന്റെ അടുപ്പക്കാരായ മറ്റ് ചിലയാളുകളും ബോംബെയില്‍ ജോലി ചെയ്യുന്നുണ്ടായിരുന്നു. രണ്ടുമൂന്ന് ഷര്‍ട്ടും പാന്റുമൊക്കെ തൈക്കാന്‍ ടെയ്‌ലര്‍ ജോക്കി അച്ചയെ (വി.കെ.ആര്‍. അയ്യര്‍ ടെക്‌സ്‌റ്റൈല്‍ കടയില്‍ തയിക്കാന്‍ ഇരിക്കുന്നയാളാണ്. എന്റെ അയല്‍പക്കകാരനുമാണ്.) ഏല്‍പ്പിച്ചു.
അതിനിടെ, കെ.സി മാത്യുവിനെ കണ്ടുമുട്ടാന്‍ ഇടയായി. എന്റെ പദ്ധതി മാത്യുവിനോട് പറഞ്ഞു. ഇപ്പോള്‍ ബോംബെയ്‌ക്കൊന്നും പോകണ്ടെന്നും, മാത്യുവിന്റെ അമ്മയുടെ വീട്ടില്‍ (കോലഞ്ചേരിയില്‍) തല്‍ക്കാലം താമസിക്കാന്‍ ഉള്ള ഏര്‍പ്പാട് ചെയ്യാം എന്നും മാത്യു പറഞ്ഞു. മാത്യുവിന് എറണാകുളത്തു തന്നെ ഒരു ഷെല്‍ട്ടര്‍ (ഒളിയിടം) ഒരുപക്ഷേ ലഭിച്ചേക്കും എന്നും, അതു ലഭിച്ചില്ലെങ്കില്‍ മാത്യുവും എന്റെ കൂടെ കോലഞ്ചേരിയിലേക്ക് വരാം എന്നും പറഞ്ഞു.
മാത്യുവിന് ഷെല്‍ട്ടര്‍ കിട്ടിയാല്‍ ടെക് സംവിധാനത്തിലെ ആളുടെ കൈവശം, എനിക്ക് കോലഞ്ചേരിയില്‍ എത്താന്‍ വേണ്ടുന്ന വിവരങ്ങള്‍ അടങ്ങിയ കത്ത് കൊടുത്തു വിടാം എന്നും മാത്യു അറിയിച്ചു. മാത്യുവും ഞാനും തമ്മില്‍ സംസാരിക്കുമ്പോള്‍ ടെക് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നയാള്‍ കൂടെയുണ്ട്.(നിരോധിത പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തിന് വേണ്ടി 'ടെക്' എന്ന രഹസ്യ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. ഒരു സമാന്തര പോസ്റ്റല്‍ സര്‍വീസ് പോലെ ആയിരുന്നു അത്.) സംസാരത്തിനു ശേഷം മാത്യുവിന് ഒപ്പം അയാള്‍ പോയി. എന്നാല്‍, ബോംബെയ്‌ക്കോ കോലഞ്ചേരിക്കോ പോകാനുള്ള തീരുമാനമൊന്നും പ്രാവര്‍ത്തികമാക്കാനായില്ല.!
വെളുപ്പിനെ 4.30ന് എറണാകുളത്തു നിന്നും ആലപ്പുഴയ്ക്ക് പോകുന്ന ഒരു ലൈന്‍ ബോട്ട് ഉണ്ട്. എറണാകുളം ജെട്ടിയില്‍ നിന്നും പുറപ്പെട്ട് മട്ടാഞ്ചേരിയില്‍ അടുത്ത ശേഷം ആലപ്പുഴയ്ക്ക് പോകുന്ന ബോട്ടാണത്. പല ദിവസങ്ങളിലും ആ ബോട്ടില്‍ കയറി മട്ടാഞ്ചേരി ബോട്ട് ജെട്ടിയില്‍ എത്തിയശേഷം രണ്ടു കിലോമീറ്ററോളം നടന്ന് ഇഖ്ബാല്‍ ലൈബ്രറിയില്‍ എത്തും. (കസ്റ്റംസ് ജെട്ടിയിലേക്ക് പോകുന്ന വഴിയില്‍ ഉള്ള പ്രസിദ്ധമായ ലൈബ്രറി ആണത്.) അവിടെയിരുന്ന് ഞാന്‍ പുസ്തകം വായിക്കും. ചിലപ്പോള്‍, ഫോര്‍ട്ട്‌കൊച്ചി പരേഡ് ഗ്രൗണ്ടിലും പോയിരിക്കും. കയ്യില്‍ ഒന്നോ രണ്ടോ അണ ഉണ്ടെങ്കില്‍ അതുകൊണ്ട് ഒരു പഴംപൊരിച്ചതോ ചായയോ മറ്റോ വാങ്ങി കഴിക്കും. ആ ദിവസങ്ങളിലെ ആകെയുള്ള ഭക്ഷണം അതായിരിക്കും. എന്നെ തിരിച്ചറിയാതിരിക്കാന്‍ ഫോര്‍ട്ടുകൊച്ചി കടപ്പുറത്ത് മീന്‍ പിടിക്കുന്ന ആളുകള്‍ക്കൊപ്പം അവരുടെ സഹായി ആയി കൂടും. സന്ധ്യ ആകുമ്പോള്‍ വന്ന വഴി തന്നെ മടങ്ങി പോകുകയും ചെയ്യും...
അന്നേദിവസം, സന്ധ്യയായപ്പോള്‍ ഞാന്‍ ഫോര്‍ട്ടുകൊച്ചിയില്‍ നിന്നും എറണാകുളം ജെട്ടിയില്‍ ബോട്ടിറങ്ങി, ഹോസ്പിറ്റല്‍ റോഡിന് മുന്നിലൂടെ (ആര്‍ക്കും സംശയം തോന്നാതിരിക്കാന്‍ പാര്‍ക്കിന് [ഇപ്പോഴത്തെ സുഭാഷ് പാര്‍ക്] അകത്തു കൂടി ഹോസ്പിറ്റല്‍ റോഡിലേക്കുള്ള വഴിയിലൂടെയാണ് യാത്ര.) ടി.ഡി റോഡില്‍ നിന്നും കെ.ടി.സി ഹോസ്റ്റലിലേക്കുള്ള ഇടവഴിയിലേക്ക് കയറി. (എറണാകുളം കാനന്‍ ഷെഡ് റോഡ് അവസാനിക്കുന്നത് ടി.ഡി റോഡിലാണ്. അവിടെനിന്ന് അല്പം തെക്കോട്ട് മാറി, ടി.ഡി റോഡില്‍ നിന്നും പടിഞ്ഞാറേക്ക് പോകുന്ന ഇടവഴിയില്‍ കേരള ട്യൂട്ടോറിയല്‍ കോളേജിന്റെ ഹോസ്റ്റല്‍ ഉണ്ടായിരുന്നു. അവിടെയുള്ള ചിലരെ കെ.സി മാത്യു എനിക്ക് പരിചയപ്പെടുത്തി തന്നിരുന്നു.)
വരുന്ന വഴിയില്‍ പതിവില്ലാത്ത വിധത്തില്‍, നല്ല ഉയരവും കരുത്തും ഉള്ള ചിലര്‍ പലയിടത്തായി നില്‍ക്കുന്നത് ഞാന്‍ കണ്ടു. ഹോസ്റ്റലിനെ ലക്ഷ്യമാക്കിയാണ് ഞാന്‍ പോയത്. മാത്യു അവിടെ എത്തും എന്ന പ്രതീക്ഷയില്‍ ആണ് ഞാന്‍ അവിടെ എത്തിയത്. ഹോസ്റ്റലില്‍ നിന്നും 'ഇളയപ്പന്‍ മാത്യുവും' (മാത്യു പരിചയപ്പെടുത്തിയ ആള്‍ ആണ്. പിന്നീട് തിരക്കഥാകൃത്ത് 'ജോണ്‍ പോള്‍' ( John Paul Puthussery ) വിവാഹം കഴിച്ചത്, ഇളയപ്പന്‍ മാത്യുവിന്റെ മകളെയാണ്.) കൂടെ പഠിക്കുന്ന രണ്ട് മൂന്ന് സുഹൃത്തുക്കളും പുറത്തേക്ക് വരുന്നത് കണ്ടപ്പോള്‍, 'എവിടെ പോകുന്നു..'
എന്ന് ഞാന്‍ ചോദിച്ചു.
'ഞങ്ങള്‍ ഒരു സിനിമയ്ക്കു പോകുന്നു..'
എന്ന മറുപടിയും പറഞ്ഞ് അവരങ്ങു പോയി.
അധികനേരം അവിടെ നില്‍ക്കുന്നത് പന്തിയല്ല എന്ന്, എനിക്കപ്പോള്‍ തോന്നി. ഞാന്‍ തിരിഞ്ഞു നടക്കാന്‍ നേരം ടെക് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ആള്‍, ടി.ഡി റോഡില്‍ നിന്നും എതിരെ വരുന്നത് കണ്ടു. കത്തുമായാണ് അയാള്‍ വരുന്നതെന്നു ഞാന്‍ കരുതി.
'മറ്റെയാളെ (കെ.സി മാത്യു) കണ്ടോ?'
ഞാന്‍ അയാളോട് ചോദിച്ചു.
'ഒന്നിച്ചു പോയതില്‍ പിന്നെ, ഞങ്ങള്‍ തമ്മില്‍ കണ്ടിട്ടില്ല...' എന്നയാള്‍ പറഞ്ഞു.
'കത്ത് വല്ലതും തന്നോ..'
എന്ന് ചോദിച്ചപ്പോള്‍,
'ഒന്നും തന്നില്ല.'
എന്നും പറഞ്ഞു.
എന്തോ കുഴപ്പം നേരിട്ടുണ്ട് എന്ന് തോന്നിപ്പിക്കുന്ന വിധം ആയിരുന്നു അയാളുടെ മുഖഭാവവും പെരുമാറ്റവും...
'എന്നാല്‍ ഞാന്‍ പോട്ടെ..'
എന്ന് പറഞ്ഞു ഞാന്‍ വേഗം തിരിഞ്ഞു ടി.ഡി റോഡിലേക്ക് പോകാന്‍ നേരം വീണ്ടും പുറകില്‍ നിന്നും അയാള്‍ വിളിച്ച്,
'ഒരു കാര്യം കൂടി പറയാനുണ്ട്..'
എന്നു പറഞ്ഞു.
ഞാന്‍ വീണ്ടും ഇടവഴിയിലേക്ക് കയറി. കൂടെ അയാളും വന്നു. (ആളുടെ വിവരങ്ങള്‍ ഞാന്‍ ഇപ്പോള്‍ പരാമര്‍ശിക്കുന്നില്ല. മര്‍ദ്ദിച്ചും, കേസില്‍ നിന്നും ഒഴിവാക്കാം എന്ന വാഗ്ദാനവും, പണവും നല്‍കിയാണ് അയാളെ പോലീസ് ഒറ്റുകാരനാക്കിയത്. എന്റെ പേര് 'ലോറന്‍സ്' ആണെന്ന് അയാള്‍ക്കും അറിയില്ലായിരുന്നു. ഒളിവില്‍ എനിക്ക് ഉണ്ടായിരുന്ന പേര് 'ഗോപി' എന്നാണ്. കത്തെത്തിച്ചു കൊടുക്കുന്ന ആള്‍ എന്ന നിലയില്‍ മാത്രമേ അയാള്‍ക്കു എന്നെ കുറിച്ച് അറിയുമായിരുന്നുള്ളൂ. അതേപ്പറ്റി പിന്നീട് കുറച്ചു കൂടി വിശദമായി എഴുതാം എന്ന് കരുതുന്നു..)
ഞാന്‍ സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ത്തന്നെ ഞൊടിയിടയില്‍ എവിടെനിന്നോ കുറച്ചു പേര്‍ ഓടി വന്ന് എന്റെ മുടിയില്‍ കുത്തിപ്പിടിച്ച് ഒരു റിവോള്‍വര്‍ എന്റെ തലയ്ക്കു നേരെ ചൂണ്ടി.
'നിങ്ങള്‍ എന്തിനാണ് എന്നെ കേറി പിടിക്കുന്നത്...? എന്താ ഈ കാണിക്കുന്നത്...?'
എന്ന് ഞാന്‍ അവരോട് ചോദിച്ചു.
ആ പോലീസുകാരെല്ലാം മഫ്ടിയില്‍ ആയിരുന്നു.
'നീ, കെ.സി മാത്യു അല്ലേടാ...?'
ഒരു സംശയത്തോടെ അവര്‍ എന്നോട് ചോദിച്ചു.
'ഒറ്റുകാരന്‍ കാണിച്ചുകൊടുത്ത ആള്‍' എന്നല്ലാതെ, എന്നെ അറിയുന്ന ആരും ആക്കൂട്ടത്തില്‍ ഉണ്ടായിരുന്നില്ല.
'മാത്യുവോ.., ഏത് മാത്യു..? ഞാന്‍ ഗോപിയാണ്. തോന്നിയവാസം കാണിക്കരുത്..'
എന്ന് ഞാന്‍ പറഞ്ഞു.
അതിനിടെ, മഫ്ടിയില്‍ ആയിരുന്ന സി.ഐ.ഡി വര്‍ഗ്ഗീസ് അങ്ങോട്ടേക്ക് ഓടിയെത്തി. എന്റെ നേര്‍ക്ക് വന്ന്,
'ഇത് നമ്മുടെ ലോറന്‍സ് ആണ്..'
എന്ന് പറഞ്ഞു.(പലപ്പോഴും യോഗസ്ഥലങ്ങളില്‍ വെച്ച് വര്‍ഗീസ് എന്നെ കണ്ടിട്ടുണ്ട്. എനിക്കും കണ്ട് പരിചയം ഉണ്ട്.) അതോടെ ഞാന്‍ തര്‍ക്കം അവസാനിപ്പിച്ചു. ഹെഡ് കോണ്‍സ്റ്റബിള്‍ ചെറിയാന്റെ കൈ എന്റെ കൈയുമായി തോര്‍ത്ത് കൊണ്ട് കൂട്ടികെട്ടി.
കാനന്‍ ഷെഡ് റോഡിലെ കാര്‍ ഷെഡ്ഡില്‍ പാര്‍ക്ക് ചെയ്തിരുന്ന ഒരു ടാക്‌സി വണ്ടിയുടെ മുന്‍ സീറ്റില്‍ എന്നെ കയറ്റി. എന്നെ, 'സ്റ്റേഷനിലേക്കണോ.., എസ്.പി ഇരിക്കുന്ന ഇടത്തേക്കാണോ കൊണ്ടു പോകേണ്ടത്..'
എന്ന് പൊലീസുകാര്‍ തമ്മില്‍ ആലോചിക്കുന്നുണ്ടായിരുന്നു..
'സാറിന്റെ അടുത്തേക്ക് കൊണ്ടുപോകാം. സാറ് ഇവരെ കിട്ടിയതിന് ശേഷമേ, സിഗരറ്റ് വലിക്കൂ.. എന്നു പറഞ്ഞ് കാത്തിരിക്കുകയാണ്...'
എന്നൊരു പോലീസുകാരന്‍ പറഞ്ഞു. (ഞങ്ങളെ പിടികൂടുന്നത് വരെ പുക വലിക്കില്ല എന്ന് പറഞ്ഞു മേശപ്പുറത്തു സിഗരറ്റു കുറ്റിയും വെച്ചു കാത്തിരിക്കുകയായിരുന്നു ജില്ലാ പോലീസ് മേധാവി.) ഇപ്പോള്‍ ഷണ്മുഖം റോഡില്‍ എ.ആര്‍ ക്യാമ്പ് ഇരിക്കുന്ന ഭാഗത്താണ് അന്ന് ജില്ലാ പോലിസ് മേധാവി ഓഫിസ്.
'പോലീസ് എന്നെ ജീവനോടെ വിടാന്‍ പോകുന്നില്ല' എന്ന ചിന്തയാണ് അപ്പോള്‍ എനിക്കുണ്ടായത്. ഏതായാലും, 'കൊല്ലപ്പെടും' എന്ന് ഞാന്‍ ഉറപ്പിച്ചു.. ജൂലിയസ് ഫ്യുചിക്കിന്റെ ജീവിതം എന്റെ മനസില്‍ ഉണ്ട്. (ഹിറ്റ്‌ലറുടെ കാലഘട്ടത്തില്‍ ജര്‍മനിയില്‍ പീഡനത്തിന് ഇരയാക്കപ്പെട്ട കമ്മ്യൂണിസ്റ്റുകാരനായ ജൂലിയസ് ഫ്യുച്ചിക്കിന്റെ ജീവചരിത്രം ഞാന്‍ ചെറുപ്പത്തിലേ വായിച്ചിട്ടുണ്ട്. ഒരു കമ്മ്യൂണിസ്റ്റുകാരന്‍ ആദര്‍ശത്തില്‍ ഉറച്ചുകൊണ്ട് ശത്രുവിന്റെ മുന്നില്‍ കീഴടങ്ങാതെ എത്രമാത്രം തന്റേടിയാകണം എന്നതിന്റെ മാതൃകയായിരുന്നു അദ്ദേഹം.)
അതിനിടെ, ''വണ്ടിയില്‍ പെട്രോള്‍ ഇല്ല..' എന്നു പറഞ്ഞു ഡ്രൈവര്‍ ട്രിപ്പ് ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും പോലീസ് അയാളെ ഭീഷണിപ്പെടുത്തി.
'സ്റ്റേഷന്‍ വരെ എത്താനുള്ള പെട്രോള്‍ കഷ്ടിച്ച് ഉണ്ടാകും..'
എന്ന് അയാള്‍ അപ്പോള്‍ പറഞ്ഞു.
'പെട്രോള്‍ ഒക്കെ സ്റ്റേഷനില്‍ എത്തുമ്പോള്‍ തന്നേക്കാം..'
എന്നു പറഞ്ഞ് എന്റെ ഒരു വശത്ത് ഹെഡ് കോണ്സ്റ്റബിള്‍ ചെറിയാനും, മറുവശത്ത് മറ്റൊരു പൊലീസുകാരനും ഇരുന്നു..
വണ്ടിയില്‍ കയറിയപ്പോള്‍ മുതല്‍ 'ചെറിയാന്‍' എന്നെ ഉപദേശിക്കാന്‍ തുടങ്ങി..
'നീ നല്ലൊരു ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ചതല്ലേ...! ജീവിക്കാന്‍ ഉള്ള മാര്‍ഗവും ഉണ്ട്. പഠിച്ചു നടന്നാല്‍ പോരേ.., എന്തിനീ പണിക്ക് പോയി..?'
എന്ന് ചെറിയാന്‍ ചോദിച്ചു.
ഉറച്ച ക്രിസ്തുമത വിശ്വാസിയുടെ നിലപാടില്‍ നിന്നുകൊണ്ട് അയാള്‍ നിര്‍ത്താതെ സംസാരിക്കാന്‍ തുടങ്ങി. ഉപദേശം മൂത്തപ്പോള്‍ എനിക്കു ദേഷ്യം വന്നു.
'വലിയ ഉപദേശം ഒന്നും വേണ്ട.., ക്രിസ്തുവിന്റെ ആദര്‍ശമനുസരിച്ചുള്ള കാര്യങ്ങള്‍ ആണല്ലോ എന്നെ അവിടെ കൊണ്ടുപോയി നിങ്ങള്‍ ചെയ്യാന്‍ പോകുന്നത്..'
എന്ന് ഞാന്‍ പറഞ്ഞു. അതോടെ ചെറിയാന്‍ ഒന്നും മിണ്ടാതെയായി.
വണ്ടി ജില്ലാ പോലീസ് മേധാവിയുടെ ഓഫിസില്‍ എത്തി. എന്നെ പോലീസ് മേധാവിയുടെ ഓഫിസിലെ തറയില്‍ കൊണ്ടുപോയി ഇരുത്തി. അവിടെവെച്ചു ഏതാനും പൊലീസുകാര്‍ എനിക്ക് ചുറ്റും കൂടി തല്ലാന്‍ ഒരുമ്പെട്ടപ്പോള്‍,
'തൊട്ടു പോകരുത്'
എന്ന് പോലീസ് ഓഫീസര്‍ പറഞ്ഞു.
രണ്ടു മൂന്ന് മിനിറ്റ് കഴിഞ്ഞപ്പോഴേക്കും കെ.സി മാത്യുവിനെയും, രാമവര്‍മ്മയെയും പിടിച്ചുകൊണ്ട് വന്നു. എന്നെ കാണാന്‍ ടി.ഡി റോഡില്‍ എത്തിയ മാത്യുവിനൊപ്പം രാമവര്‍മ്മയും ഉണ്ടായിരുന്നു. 'മാത്യുവിന്റെ കൂടെ വന്നു' എന്ന നിലയ്ക്കാണ് വര്‍മ്മയും അറസ്റ്റ് ചെയ്യപ്പെട്ടത്.
പ്രായം കുറവെങ്കിലും വലുപ്പം കൂടുതല്‍ ആയതിനാല്‍ എന്നെ നടുക്ക് നിര്‍ത്തി വിലങ്ങു വെച്ചു. എന്റെ ഇടതു വശം വര്‍മ്മയും, വലത് വശം കെ.സി മാത്യുവും. ശേഷം, സ്റ്റേഷന് പുറത്തു ഷണ്മുഖം റോഡിലേക്കു ഇറക്കി നിര്‍ത്തി. പത്തോളം പോലീസുകാരും ഉണ്ട്.
എറണാകുളം സെന്‍ട്രല്‍ സ്റ്റേഷന്‍ ഭാഗത്തേക്ക് ആണ് പോകേണ്ടിയിരുന്നത്. നേരെ അങ്ങോട്ട് നടക്കേണ്ടതിനു പകരം,
'തെക്കോട്ട് നടക്കാന്‍..' പോലീസ് ആവശ്യപ്പെട്ടു. ഞാന്‍ ഇട്ടിരുന്ന ഷര്‍ട്ട് ഒരു പോലീസുകാരന്‍ പറിച്ചു കീറി ഊരി. (മാത്യുവിന്റെയും രാമവര്‍മ്മയുടെയും ഷര്‍ട്ട് പോലീസ് നേരത്തെ അഴിപ്പിച്ചു മാറ്റിയിരുന്നു.)
ഷണ്മുഖം റോഡ് തുടങ്ങിയത് മുതല്‍ എന്റെ മുതുകിന് നല്ല ചവിട്ടും ഇടിയും കിട്ടാന്‍ തുടങ്ങി. മാത്യുവിനെയും ഭീകരമായി ഇടിക്കാന്‍ തുടങ്ങി. സ്റ്റേഷന്‍ ആക്രമണത്തില്‍ രാമവര്‍മ്മ പങ്കെടുത്തിട്ടില്ലെന്നു പൊലീസിന് അറിയാവുന്നത് കൊണ്ട് അദ്ദേഹത്തിന് മാത്രം മര്‍ദ്ദനം അല്പം കുറവായിരിക്കും ലഭിച്ചത്.
(അന്ന് ഷണ്മുഖം റോഡിന്റെ പടിഞ്ഞാറ് വശം പുഴയാണ്. ആ ഭാഗത്തെ പാരപ്പറ്റില്‍ ജേഷ്ഠന്‍ ഏബ്രഹാം മാടമാക്കലും സുഹൃത്തും ബന്ധുവും പിന്നീട് പ്രസിദ്ധ സാഹിത്യകാരനുമായി തീര്‍ന്ന പോഞ്ഞിക്കര റാഫിയും [റപ്പി ചേട്ടന്‍ എന്നാണ് വിളിച്ചിരുന്നത്] ഇരിപ്പുണ്ടായിരുന്നു. എന്നെ പോലീസ് മര്‍ദ്ദിച്ചു കൊണ്ടുപോകുന്നത് കണ്ട് ചേട്ടന്‍ കരഞ്ഞു എന്ന് ഞാന്‍ പിന്നീട് അറിഞ്ഞു.)
ഷണ്മുഖം റോഡ് അവസാനിച്ചപ്പോള്‍, ഞങ്ങളെ ബ്രോഡ്വെയിലേക്ക് കയറ്റി. ഞങ്ങളെ പിടികൂടിയത് നാട്ടുകാരെ കാണിച്ച് പോലീസിന്റെ കഴിവ് പ്രദര്‍ശിപ്പിക്കാനുള്ള ഒരു ഉദ്യമമായിരുന്നു അത്. ശേഷം, ഹൈക്കോടതിക്ക് സമീപം ഉള്ള പോലീസ് ക്വാര്‍ട്ടേര്‍സിന് മുന്നില്‍ കൊണ്ടുപോയി നിര്‍ത്തി. ക്വാട്ടേര്‍സിലെ താമസക്കാരായ പോലീസുകാരുടെ ഭാര്യമാരെയും മക്കളെയും മറ്റും പൊലീസുകാര്‍ വിളിച്ചു റോഡിലേക്കിറക്കി. അവരുടെ മുന്നില്‍ വെച്ചു മര്‍ദ്ദിച്ചു.
നേരം ഇരുട്ടിയ ശേഷം സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. അവിടെ എത്തിക്കഴിഞ്ഞപ്പോള്‍ ഡിവിഷണല്‍ ഇന്‍സ്പെക്ടര്‍ ബാലഗംഗാധര മേനോന്‍ (എറണാകുളത്തുകാരന്‍ ആണ്. ഇയാറ്റ് കുടുംബാംഗം ആണ്.) രണ്ടു കയ്യും കൊണ്ട്, എന്റെ രണ്ടുചെവിയും പൊത്തി, ആഞ്ഞടിച്ചു. എന്റെ അമ്മയെ ഒരുപാട് തെറിയും പറഞ്ഞശേഷം ലോക്കപ്പില്‍ കൊണ്ട് പോയി ഇട്ടു.
ലോക്കപ്പ് മുറിയില്‍ ഇരുത്തി ചൂരല്‍ കൊണ്ടുവന്ന് പോലീസുകാരന്‍ ഉള്ളംകാലിന് അടിച്ചുകൊണ്ടിരുന്നു. കാല് മാറ്റാതിരിക്കാന്‍ ഒരാള്‍ കാലില്‍ ബലമായി ചവിട്ടി നിന്നു. അസഹനീയമായ വേദനയാണതിന്. അടിയുടെയും ഇടിയുടെയും ഫലമായി ഇടയ്ക്ക് ബോധക്ഷയം ഉണ്ടായി. മര്‍ദ്ദനത്തിന്റെ ഫലമായി ഞാന്‍ പരവേശനായി. 'കുടിക്കാന്‍ വെള്ളം' ചോദിച്ചു. ഒരു ബക്കറ്റില്‍ കൊണ്ടുവന്ന് ചൊരിഞ്ഞു. ചൊരിഞ്ഞത് 'മൂത്രം' ആയിരുന്നു. വെള്ളത്തിനു വേണ്ടി ഏറെ പരവശനായ അവസ്ഥയില്‍ ഞാനത് കുടിക്കേണ്ടിവന്നു...
ഫിലോമിനയെ അറസ്റ്റു ചെയ്ത് അവിടെ കൊണ്ടുവന്നത് ആ സമയത്താണ്. (ഫിലോമിന ഞങ്ങളെ ഒളിവിലിരിക്കാന്‍ സഹായിച്ചിട്ടുണ്ട്. ഇപ്പോള്‍ നെഹ്റു സ്റ്റേഡിയം ഇരിക്കുന്ന ഭാഗത്തിന് തെക്കോട്ട് മാറിയാണ് അവരുടെ വീട്. സ്റ്റേഷന്‍ ആക്രമണം കഴിഞ്ഞ് ഞങ്ങള്‍ ആദ്യം പോയത് ഫിലോമിനയുടെ വീട്ടിലേക്കാണ്.)
മര്‍ദ്ദനമെല്ലാം കഴിഞ്ഞ് എന്നെ ലോക്കപ്പ് മുറിയില്‍ പൂര്‍ണ്ണ നഗ്‌നനാക്കി കിടത്തി. എഴുന്നേല്‍ക്കാനാകാത്ത വിധം ലോക്കപ്പ് മുറിയിലെ സിമന്റ് തറയില്‍ കിടക്കുകയായിരുന്നു. വെളിച്ചം ഇല്ലായിരുന്നു. ആരോ ലോകപ്പിന്റെ അഴിയിട്ട വാതിലില്‍ നിന്ന് എന്റെ പേരെടുത്ത് വിളിച്ചു.
'ലോറന്‍സേ...'
എന്ന്..
രണ്ടോ മൂന്നോ തവണ വിളിച്ചു. ഞെരുങ്ങിയാണ് വിളി കേട്ടത്.
'കിടന്ന കിടപ്പ് കിടക്കരുത്... എങ്ങനെ എങ്കിലും എഴുന്നേല്‍ക്കാന്‍ നോക്കണം.. ചുമരില്‍ പിടിച്ചോ മറ്റോ എഴുന്നേറ്റ് അങ്ങോട്ടും ഇങ്ങോട്ടും നടക്കണം.. അവിടെ കിടന്നു പോയാല്‍ പിന്നെയവിടെന്നു എഴുന്നേല്‍ക്കില്ല.. (മരിച്ചുപോകും)'.
'ജീവിക്കണം' എന്ന ആശ ഉണ്ടായതിനാല്‍, അത് കേട്ടു കഴിഞ്ഞപ്പോള്‍ വളരെ പ്രയാസപ്പെട്ട് ഒരു കണക്കിന് ഞാന്‍ പതിയെ ചുമരില്‍ പിടിച്ചു എഴുന്നേറ്റു. ശേഷം അയാള്‍ പറഞ്ഞതനുസരിച്ച് ലോക്കപ്പില്‍ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. ഏതോ ഒരു പോലീസുകാരന്‍ ആയിരിക്കണം എന്നോടത് പറഞ്ഞത്. വെളിച്ചം തീരെ ഇല്ലാതിരുന്ന അവിടെ വന്ന് ആരാണത് പറഞ്ഞതെന്ന് എനിക്കിന്നും വ്യക്തമല്ല..!
രാത്രി വളരെ വൈകി, സീ വ്യൂ ഹോട്ടലില്‍ ഒരു സംഭവം നടന്നു. (എറണാകുളം നഗരത്തില്‍ 'സീ വ്യൂ' എന്ന പേരില്‍ ഒരു വലിയ ഹോട്ടല്‍ ആദ്യമായി സ്ഥാപിച്ചത് 'പ്രാക്കുളം ഭാസി' ആണ്. ഒരു ആജാനബാഹുവായിട്ടുള്ള മനുഷ്യന്‍. നല്ല കറുപ്പ് നിറം. ഇടയ്ക്ക് വെറ്റില മുറുക്കുമായിരുന്നു. 'വാസന ചുണ്ണാബ്' ആണ് അദ്ദേഹം ഉപയോഗിച്ചിരുന്നത്. ഇത്രയും കാര്യങ്ങള്‍ പറയുന്നത്, അത്രയ്ക്കും അടുത്ത ബന്ധം പ്രാക്കുളം ഭാസിയുമായി പിന്നീട് ഉണ്ടായത് കൊണ്ടാണ്. അദ്ദേഹം മാര്‍ക്‌സിസം അംഗീകരിക്കുന്ന കെ.എസ്.പി നേതാവ് കൂടിയായിരുന്നു. തിരുവിതാംകൂറിലെ വലിയ ജന്മി ആയിരുന്ന 'കുമ്പളത്ത് ശങ്കുപ്പിള്ളയുടെ അനന്തരവന്‍ ആയിരുന്നു, ഭാസി.' 'തിരുവതാംകൂറിലെ കിംഗ് മേക്കര്‍' എന്ന ഒരു അപര നാമവും കുമ്പളത്ത് ശങ്കുപ്പിള്ളയ്ക്ക് ഉണ്ടായിരുന്നു. തെരെഞ്ഞെടുപ്പില്‍ ഒന്നും നില്‍ക്കുമായിരുന്നില്ല. അന്തരിച്ചു പോയ സിപിഐഎം നേതാവ് സി.പി കരുണാകരപിള്ള ശങ്കുപ്പിള്ളയുടെ മറ്റൊരു അനന്തരവന്‍ ആയിരുന്നു.)
ഞങ്ങള്‍ അറസ്റ്റില്‍ ആയ വിവരം ഭാസി അതിനകം അറിഞ്ഞിരുന്നു. ഞങ്ങളെ പിടിച്ച പോലീസ് ഉദ്യോഗസ്ഥന്മാര്‍ അറസ്റ്റ് ആഘോഷിക്കാനായി അന്ന് അവിടെ എത്തി. ഭാസി അവര്‍ക്കൊപ്പം പോയി ഇരുന്നു. (ഹോട്ടല്‍ ഉടമയും രാഷ്ട്രീയ നേതാവുമായ ഭാസി പ്രമാണിത്വമുള്ള വ്യക്തിയായതിനാല്‍ പൊലീസുകാരോട് സമന്മാരെപ്പോലെ ഇടപെടാന്‍ കഴിയുമായിരുന്നു.) തീറ്റയ്ക്കും കുടിക്കുമിടയില്‍ പോലീസ് ഓഫീസര്‍മാര്‍,
'എവിടെ കൊണ്ടുപോയി കളയും..?'
എന്ന് ചോദിക്കുന്നത് ഭാസി കേട്ടു.
സംസാരത്തില്‍ സംശയം തോന്നിയത് കാരണം,
'എന്ത് കളയുന്ന കാര്യമാണ് നിങ്ങള്‍ ആലോചിക്കുന്നത്..?'
എന്ന് ഭാസി അവരോട് ചോദിച്ചു.
'അല്ല ഭാസി, ഇന്നവന്മാരുടെ കഥ കഴിക്കണം'
അവര്‍ പറഞ്ഞു.
മാത്യുവിന്റെയും ലോറസിന്റെയും കഥ കഴിക്കണം എന്നാണ് ഉദ്ദേശിക്കുന്നത് എന്ന് സംസാരത്തില്‍ മനസിലായി.
'അവര് പിള്ളേരാണ്.., (എനിക്കന്ന് ഇരുപത് വയസ് ആയിട്ടുള്ളു. കെ സി മാത്യുവിന് ഇരുപത്തിനാല് വയസ് ) ക്രിമിനല്‍ പുള്ളികള്‍ ഒന്നും അല്ലവര്‍... തെറ്റായ രാഷ്ട്രീയം സ്വീകരിച്ചതിന്റെ പേരില്‍ അവരെ അങ്ങനെ ചെയ്യാന്‍ പാടില്ല..'
എന്നെല്ലാം ഭാസി ഉദ്യോഗസ്ഥരോട് പറഞ്ഞു.
ആദ്യം അതൊന്നും അവര്‍ അംഗീകരിച്ചില്ലെങ്കിലും ഭാസിയുടെ സമ്മര്‍ദ്ദം മൂലം ഞങ്ങളെ കൊല്ലില്ല എന്നവര്‍ സമ്മതിച്ചു. (ഭാസിയെ പരിചയപ്പെടുന്നതും ഇക്കാര്യങ്ങള്‍ എല്ലാം ഭാസിയില്‍ നിന്നും ഞാന്‍ അറിയുന്നതും, പിന്നീടാണ്.)
സ്റ്റേഷന്‍ ആക്രമണം നടന്ന് ഒരു മാസം കഴിഞ്ഞപ്പോള്‍ ആണ് ഞാനും മാത്യുവും അറസ്റ്റില്‍ ആയത്. ഇടപ്പള്ളി കേസില്‍ പ്രതിയായിരുന്ന കാലത്ത് ഏതാണ്ട് രണ്ടുവര്‍ഷത്തോളം ആലുവ സബ് ജയിലിലും, പറവൂര്‍ സബ് ജയിലിലും, പെരുമ്പാവൂര്‍ സബ് ജയിലിലും, എറണാകുളം സബ് ജയിലിലും, മട്ടാഞ്ചേരി സബ് ജയിലിലുമായി കിടന്നു. ഏറിയ കാലവും ആലുവ സബ് ജയിലില്‍ ആയിരുന്നു കിടന്നത്. അറസ്റ്റിലായതിനു ശേഷം ഒരുമാസത്തിലധികം കഠിന മര്‍ദ്ദനമാണ് പൊലീസുകാര്‍ പ്രയോഗിച്ചത്.
എനിക്കും മാത്യുവിനും മുന്‍പ് അറസ്റ്റിലായവര്‍ അതിനേക്കാള്‍ കൂടുതല്‍ കാലം മര്‍ദ്ദനം ഏറ്റു. രണ്ടു പ്രതികള്‍ മര്‍ദ്ദനം ഏറ്റ് കൊല്ലപ്പെട്ടു. മര്‍ദ്ദനം കണ്ട് സഹിക്കാന്‍ കഴിയാതെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ജോലി രാജി വെച്ചു പോയ സംഭവവും ഉണ്ടായി.
നിയമപ്രകാരം സബ് ജയില്‍ ഒരു വാര്‍ഡന്റെ കീഴില്‍ ആണ്. കോടതിയിലെ ഒരു ഉദ്യോഗസ്ഥന്‍ ആയിരുന്നു വാര്‍ഡന്‍. എന്നാല്‍ വാര്‍ഡന്‍ വന്ന് 'തടവുകാരുടെ എണ്ണം എടുത്ത് പോകും' എന്നല്ലാതെ, കാര്യമായ ഒരു അധികാരവും ഉപയോഗിക്കാന്‍ വാര്‍ഡന് കഴിഞ്ഞില്ല. ജയിലിലെ അനുഭവങ്ങളില്‍ നല്ലൊരു ഭാഗം സ.പയ്യപ്പിള്ളി ബാലന്റെ 'ആലുവാപ്പുഴ പിന്നെയും ഒഴുകുന്നു' എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
______________________________________________________________
സിപിഎം കേന്ദ്രക്കമ്മറ്റി അംഗമായും ഇടതുമുന്നണി കണ്‍വീനറുമായിരിക്കെ ലോറന്‍സിനെതിരെ പാര്‍ട്ടി അച്ചടക്ക നടപടി എടുത്തു. ഏരിയാ കമ്മറ്റിയിലേക്ക് തരംതാഴ്ത്തി. പാര്‍ട്ടിയില്‍ ഔദ്യോഗിക പക്ഷവും സിഐടിയു പക്ഷവും തമ്മില്‍ രൂക്ഷമായ അഭിപ്രായ വ്യത്യാസം നിലനിന്ന കാലത്ത് സേവ് സിപിഎം ഫോറത്തിന്റെ പേരിലാണ് ലോറന്‍സിനെതിരെ പാര്‍ട്ടി നടപടി ഉണ്ടാകുന്നത്. പാര്‍ട്ടി കമ്മീഷന്റെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. അച്ചടക്ക നടപടി പൂര്‍ണമായും ഉള്‍ക്കൊണ്ടും അനുസരണയുള്ള പാര്‍ട്ടി അംഗമായി നിലകൊണ്ടും ലോറന്‍സ് വീണ്ടും നേതൃനിരയിലേക്കെത്തി. സിഐടിയു സംസ്ഥാന ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ലോറന്‍സ് വീണ്ടും സിപിഎം സംസ്ഥാന കമ്മറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. കടുത്ത വിഎസ് വിരുദ്ധനായിരുന്ന ലോറന്‍സിന്, പിണറായി സിപിഎമ്മിന്റെ അധികാരകേന്ദ്രമായതോടെയാണ് വീണ്ടും നേതൃപദവിയിലേക്ക് എത്താന്‍ സാധിച്ചത്.
2019ല്‍ എം എം ലോറന്‍സിന്റെ തൊണ്ണൂറാം ജന്മദിനത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പിണറായി വിജയന്റെ വാക്കുകള്‍- ''സ്വാതന്ത്ര്യസമരകാലത്തെ ഇന്നത്തെ രാഷ്ട്രീയവുമായി ബന്ധിപ്പിക്കുന്ന ഈടുറ്റ കണ്ണിയാണ് എം എം ലോറന്‍സ്. സമരരംഗത്തും സഭാവേദിയിലും പ്രവര്‍ത്തിച്ചു. ഒളിവിലും ജയിലിലും കഴിഞ്ഞു. പാര്‍ടിയുടെ താഴേത്തട്ടിലും ഉയര്‍ന്ന തലത്തിലും തിളങ്ങി. ദീര്‍ഘകാലം എല്‍ഡിഎഫ് കണ്‍വീനറായി. പത്രപ്രവര്‍ത്തനം നടത്തി. തോട്ടിത്തൊഴിലാളികള്‍ മുതല്‍ തുറമുഖത്തൊഴിലാളികളെ വരെ സംഘടിപ്പിച്ചു. രണ്ടുവട്ടം സിഐടിയു അഖിലേന്ത്യാ സെക്രട്ടറിയായി. സഹനസമരാനുഭവങ്ങളില്‍നിന്നെല്ലാം മാറി സഞ്ചരിക്കാമായിരുന്നിട്ടും മനുഷ്യസ്നേഹത്തിലൂന്നിയ ജീവിതമൂല്യങ്ങള്‍ക്ക് വിലകല്‍പ്പിച്ച് നഷ്ടങ്ങള്‍മാത്രം കാത്തിരിക്കുന്ന രാഷ്ട്രീയവഴി സ്വയംവരിച്ചു. ഇടപ്പള്ളി സ്റ്റേഷന്‍ ആക്രമണത്തിനുശേഷവും അടിയന്തരാവസ്ഥയില്‍ കൊടിയ മര്‍ദ്ദനവും ജയില്‍വാസവും അനുഭവിച്ചു. പാര്‍ടിയില്‍ അച്ചടക്കനടപടിക്ക് വിധേയനായപ്പോള്‍ അതിന്റെ ആവശ്യകതയ്ക്ക് സ്വന്തം ജീവിതംകൊണ്ട് അടിവരയിട്ടു. ഇതെല്ലാം ഏതു പാര്‍ടി അംഗവും മാതൃകയാക്കേണ്ടതുണ്ട്''
അടിയന്തരാവസ്ഥക്കു ശേഷം നടന്ന തെരഞ്ഞെടുപ്പില്‍, പാര്‍ട്ടി ജില്ലാ സെക്രട്ടറി ആയിരിക്കെ പള്ളുരുത്തി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി ആയിരുന്ന എം എം ലോറന്‍സിന്റെ വിജയം സിപിഎം ഉറപ്പിച്ചിരുന്നു. ലോറന്‍സിനെ തോല്പിക്കാന്‍ വേണ്ടി കോണ്‍ഗ്രസ്സുകാര്‍ കുമ്പളങ്ങി സെന്റ് പീറ്റേഴ്‌സ് പള്ളിയുടെ കൊടിമരത്തില്‍ പാര്‍ട്ടിയുടെ കൊടി കെട്ടുകയും നാട്ടില്‍ മതവികാരം ഇളക്കി കലാപം ഉണ്ടാക്കുകയും തുടര്‍ന്ന് തെരഞ്ഞടുപ്പില്‍ ലോറന്‍സ് പരാജയപ്പെടുകയും ചെയ്തു.