ഗോപികാ റാണി 
PEOPLE

മരണത്തിനും കീഴ്‌പ്പെടുത്താനാവാത്ത നന്മ; ഏഴുപേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് ഗോപിക ടീച്ചര്‍

കണ്ണുകള്‍, കരള്‍, വൃക്കകള്‍, ഹൃദയ വാല്‍വ് എന്നിവയാണ് വിവിധ ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗികള്‍ക്ക് ദാനം ചെയ്യുന്നത്.

വെബ് ഡെസ്ക്

തികച്ചും അപ്രതീക്ഷിതമായിരുന്നു, തിരുവനന്തപുരം ശാസ്തമംഗലം ആര്‍കെഡി എന്‍എസ്എസ് ഹയര്‍ സെക്കൻഡറി സ്കൂളിലെ ഗോപിക ടീച്ചറിന്റെ വിയോഗം. കുടുംബാംഗങ്ങള്‍ക്കെന്നപോലെ സ്കൂളിലെ കുട്ടികള്‍ക്കും നാട്ടുകാര്‍ക്കും തീരാവേദന നല്‍കിയാണ് ടീച്ചറെ മരണം കവര്‍ന്നത്. എന്നാല്‍ ടീച്ചര്‍ പകര്‍ന്നുവെച്ച മനുഷ്യത്വത്തിന്റെയും സമഭാവനയുടെയും സന്ദേശങ്ങള്‍ക്ക് മരണമില്ല. കുട്ടികളില്‍ സഹജീവി സ്നേഹം, മനുഷ്യത്വം, ദയ തുടങ്ങിയ ഗുണങ്ങള്‍ പകര്‍ന്നു നല്‍കിയ ടീച്ചറുടെ ജീവിതസന്ദേശം മരണശേഷവും തുടരണമെന്ന ബന്ധുക്കളുടെ തീരുമാനം ഏഴുപേര്‍ക്കാണ് പുതുജീവനേകുക.

കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷനുമായി ബന്ധപ്പെട്ടാണ് അവയവദാനത്തിന് അര്‍ഹരായവരെ കണ്ടെത്തിയത്

ആറുദിവസം മുമ്പാണ് തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്നുണ്ടായ പക്ഷാഘാതവുമായി വലിയവിള കുണ്ടമണ്‍കടവ് ബാലഭാരതി സ്‌കൂളിനുസമീപം ശ്രീവല്ലഭയില്‍ ഗോപികാ റാണി (47) എന്ന ഗോപിക ടീച്ചറെ ശ്രീചിത്ര മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില മോശമായി തുടര്‍ന്നതിന് പിന്നാലെ, ബുധനാഴ്ച മസ്തിഷ്‌കമരണം സംഭവിച്ചു. അപ്രതീക്ഷിത വിയോഗത്തിന്റെ നടുക്കത്തിലും ടീച്ചര്‍ പിന്തുടര്‍ന്ന ജീവിതമൂല്യങ്ങളെ ചേര്‍ത്തുപിടിക്കാന്‍ ഭര്‍ത്താവ് പ്രദീപ് കുമാറും മകന്‍ പ്രാണ്‍ പ്രവീണും ബന്ധുക്കളും തീരുമാനിച്ചു. ടീച്ചറുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ സന്നദ്ധത അറിയിച്ചു. കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷനുമായി ബന്ധപ്പെട്ട് അവയവദാനത്തിന് അര്‍ഹരായവരെ കണ്ടെത്തി. തുടര്‍ന്ന് അവയവദാന നടപടികള്‍ പുരോഗമിച്ചു.

സ്വന്തമായി പണം മുടക്കിയും സ്‌പോണ്‍സര്‍മാരെ കണ്ടെത്തിയും സ്‌കൂളിലെ നിര്‍ധനരായ വിദ്യാര്‍ഥികളെ സഹായിച്ചിരുന്ന ഊര്‍ജസ്വലയായ അധ്യാപികയായിരുന്നു ഗോപിക

ബുധനാഴ്ച വൈകുന്നേരത്തോടെ ആരംഭിച്ച ശസ്ത്രക്രിയ വ്യാഴാഴ്ച പുലര്‍ച്ചെയാണ് അവസാനിച്ചത്. കണ്ണുകള്‍, കരള്‍, വൃക്കകള്‍, ഹൃദയ വാല്‍വ് എന്നിവയാണ് വിവിധ ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗികള്‍ക്ക് ദാനം ചെയ്യുന്നത്. കരള്‍ കിംസ് ആശുപത്രിയിലും വൃക്കകള്‍ യഥാക്രമം തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പുഷ്പഗിരി മെഡിക്കല്‍ കോളേജിലും ഹൃദയ വാല്‍വ് ശ്രീചിത്രയിലും ചികിത്സയിലുള്ള രോഗികള്‍ക്കാണ് നല്‍കിയത്. ഇതോടെ, ഏഴ് പേര്‍ക്കാണ് ഗോപിക ടീച്ചര്‍ പുതുജീവനേകുന്നത്.

സ്വന്തമായി പണം മുടക്കിയും സ്‌പോണ്‍സര്‍മാരെ കണ്ടെത്തിയും സ്‌കൂളിലെ നിര്‍ധനരായ വിദ്യാര്‍ഥികളെ സഹായിച്ചിരുന്ന ഊര്‍ജസ്വലയായ അധ്യാപികയായിരുന്നു ഗോപിക. സ്റ്റുഡന്‍സ് പോലീസ് കേഡറ്റിന്റെ പ്രവര്‍ത്തനങ്ങളില്‍ തുടക്കം മുതല്‍ ചുമതല വഹിച്ചു. സംസ്ഥാന സ്‌കൂള്‍ കലോത്സവ ട്രോഫി ഉള്‍പ്പെടെ രൂപകല്‍പ്പന ചെയ്ത പ്രശസ്ത ചിത്രകാരന്‍ ചിറയിന്‍കീഴ് ശ്രീകണ്ഠന്‍ നായരുടെയും റിട്ട ഹെഡ്മിസ്ട്രസ് ഗിരിജാകുമാരിയുടെയും മകളുമാണ്. മൃതദേഹം വ്യാഴാഴ്ച്ച പകല്‍ 2.30ന് ശാസ്തമംഗലം സ്‌കൂളില്‍ പൊതു ദര്‍ശനത്തിന് വെയ്ക്കും. സംസ്‌കാരം വൈകുന്നേരം 4.30 ന് ശാന്തികവാടത്തില്‍ നടക്കും.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ