ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട അമേരിക്കന്‍ നയതന്ത്രജ്ഞനായിരുന്നു ഹെൻറി കിസിൻജര്‍. നയതന്ത്രജ്ഞതയെ ഒരു കലയായി പരിഗണിച്ചാല്‍ അതിലെ കിരീടംവയ്ക്കാത്ത രാജാവായും അദ്ദേഹം വാഴ്ത്തപ്പെടുന്നു. പ്രായോഗികതയുടെ അപോസ്തലനായാണ് ഇദ്ദേഹം നയതന്ത്ര പാഠപുസ്തകങ്ങളില്‍ വാഴ്ത്തപ്പെടാറുള്ളത്. 1970 കളിലാണ് കിസിൻജറെ ലോകം അറിഞ്ഞുതുടങ്ങിയത്. അന്നത്തെ ലോകത്തെ രൂപപ്പെടുത്തുന്നതില്‍, അതിനെ എങ്ങനെ വിലയിരുത്തിയാലും കിസിൻജറുടെ പങ്ക് നിസ്തുലമാണ്.
1923 മേയ് 27 ന് ജര്‍മനിയിലെ ഓര്‍ത്തഡോക്‌സ് ജൂത കുടുംബത്തിലാണ് ഹൈന്‍സ് ആല്‍ഫ്രഡ് കിസിൻജര്‍ ജനിക്കുന്നത്. യൂറോപ്പില്‍ അരങ്ങേറിയ നാസി കൂട്ടക്കൊലയില്‍നിന്ന് രക്ഷതേടാന്‍ കുടുംബവുമൊത്ത് അമേരിക്കയിലേക്ക് 1938-ല്‍ കിസിൻജര്‍ പലായനം ചെയ്യുന്നുണ്ട്. അവിടെ എത്തിയശേഷമാണ് ഹൈന്‍സ് ഹെൻറിയാകുന്നത്. അമേരിക്കന്‍ സൈന്യത്തിന്റെ ഭാഗമായി രണ്ടാം ലോകയുദ്ധത്തില്‍ ജര്‍മനിയില്‍ സേവനമനുഷ്ഠിച്ച കിസിൻജര്‍, ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ അധ്യാപകനുമായിരുന്നു. 1957ല്‍ പുറത്തിറക്കിയ ''ന്യൂക്ലിയര്‍ വെപ്പണ്‍സ് ആന്‍ഡ് ഫോറിന്‍ പോളിസി' എന്ന പുസ്തകമാണ് കിസിൻജറെ ആദ്യം പൊതുശ്രദ്ധയിലേക്ക് എത്തിക്കുന്നത്.
ചിലിയില്‍ സോഷ്യലിസ്റ്റ് നേതാവ് സാല്‍വദോര്‍ അലെന്റെയുടെ സര്‍ക്കാറിനെ രക്തരൂക്ഷിത അട്ടിമറിയിലുടെ സ്ഥാനഭൃഷ്ടനാക്കി, കൊലപെടുത്തിയത് കിസ്സിഞ്ചറുടെ കാലത്തായിരുന്നു
രണ്ട് റിപ്പബ്ലിക്കന്‍ പ്രസിഡന്റുമാരുടെ കൂടെയായിരുന്നു കിസിൻജര്‍ അമേരിക്കന്‍ വിദേശനയ രൂപീകരണത്തെ സ്വാധീനിച്ച് മുന്നോട്ടുപോയത്. ഇതില്‍ പ്രധാനപ്പെട്ടത് റിച്ചാര്‍ഡ് നിക്‌സന്റെ കാലഘട്ടമായിരുന്നു. ശീതയുദ്ധം മുറുകിനില്‍ക്കുന്ന കാലം കൂടിയായിരുന്നു ഇത്. 1968 ല്‍ റിച്ചാര്‍ഡ് നിക്‌സന്‍ പ്രസിഡന്റായി തിരിഞ്ഞെടുക്കപ്പെടുന്നതിന് ഒരു കാരണം അദ്ദേഹം വിയ്റ്റ്‌നാം യുദ്ധം അവസാനിപ്പിക്കുമെന്ന് പറഞ്ഞത് കൂടിയായിരുന്നു. അധികാരത്തിലേറിയ നിക്‌സണ്‍, ഹെൻറി കിസിൻജറെ ദേശീയ സുരക്ഷാ ഉപദേഷ്ടാവാക്കി നിയമിച്ചു.
കിസിൻജറുടെ കാലത്തുണ്ടായ ഓരോ സംഭവങ്ങളിലും ശീതയുദ്ധകാലത്തെ അമേരിക്കയുടെ താത്പര്യം പ്രതിഫലിക്കുന്നതായിരുന്നു. വിയറ്റ്‌നാം യുദ്ധം തുടങ്ങി ബംഗ്ലാദേശ് വിമോചനത്തില്‍ എത്തിയ പാകിസ്താന്‍ ആഭ്യന്തര യുദ്ധത്തില്‍ വരെ അതുകാണാം.
വിയറ്റ്‌നാമില്‍നിന്ന് പിന്‍മാറുന്നതില്‍ പങ്ക് വഹിച്ചുവെന്ന് അമേരിക്കന്‍ അനുകൂലികള്‍ കിസിൻജറെ വാഴ്ത്തുമ്പോഴും അദ്ദേഹത്തിന്റെ ഇടപെടല്‍ യുദ്ധം തീവ്രമാക്കുകയും കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കാനും കാരണമായെന്നുമുള്ള വസ്തുത നിലനില്‍ക്കുന്നു. ദി ഇന്റര്‍സെപ്റ്റ് എന്ന അന്താരാഷ്ട്ര മാധ്യമം പുറത്തുവിട്ട അമേരിക്കന്‍ സൈനിക രേഖകളനുസരിച്ച് കംബോഡിയയും വിയറ്റ്നാമും അടക്കമുള്ള തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ കിസിൻജറുടെ ഇടപെടല്‍ ലക്ഷക്കണക്കിന് ആളുകളുടെ കൊലപാതകത്തിലാണ് കലാശിച്ചത്. കംബോഡിയയില്‍ അമേരിക്ക നടത്തിയ ആക്രമണത്തില്‍ നാട്ടുകാരായ ഒന്നര ലക്ഷം പേരാണ് കൊല്ലപ്പെട്ടത്.
കിഴക്കന്‍ പാകിസ്താന്റെ വിമോചന പോരാട്ടങ്ങളെ അടിച്ചമര്‍ത്തിയ പാക്സിതാന്‍ ഭരണകൂടത്തിനൊപ്പം അമേരിക്കയെ ചേര്‍ത്തുനിര്‍ത്തിയതിലും കിസിൻജറുടെ പങ്ക് വലുതായിരുന്നു
ചിലിയില്‍ സോഷ്യലിസ്റ്റ് നേതാവ് സാല്‍വദോര്‍ അലെൻഡെയുടെ സര്‍ക്കാറിനെ രക്തരൂക്ഷമായ അട്ടിമറിയിലുടെ സ്ഥാനഭ്രഷ്ടനാക്കി, കൊലപ്പെടുത്തിയത് കിസിൻജറുടെ കാലത്തായിരുന്നു.പതിനായിരങ്ങളാണ് അന്ന് ചിലിയില്‍ കൊല്ലപ്പെട്ടത്. ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ അമേരിക്കന്‍ പാവ സര്‍ക്കാരുകളെ നിയോഗിക്കുന്നതിന് പട്ടാള അട്ടിമറികള്‍ വ്യാപകമാക്കിയതും കിസിൻജറുടെ കാലത്താണ്.
അതേസമയം, സോവിയറ്റ് യൂണിയനുമായി ബന്ധം മെച്ചപ്പെടുത്താനും കമ്മ്യൂണിസ്റ്റ് വിപ്ലവത്തിന് ശേഷം മാവോ സെ തുങ്ങിന്റെ ചൈനയുമായി ബന്ധം പുനഃസ്ഥാപിച്ചതും കിസിൻജറുടെ കാലത്തായിരുന്നു. വിയറ്റ്‌നാം യുദ്ധം അവസാനിപ്പിക്കാന്‍ നേതൃപരമായ പങ്ക് വഹിച്ചുവെന്ന് പറഞ്ഞ് 1973ല്‍ കിസിൻജര്‍ക്ക് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നല്‍കി. നൊബേല്‍ കമ്മിറ്റിയുടെ തീരുമാനം വലിയ വിവാദമാണ് ഉണ്ടാക്കിയത്. കാരണം അപ്പോഴും യുദ്ധം പലയിടങ്ങളിലായി തുടരുകയായിരുന്നു. കിസിൻജര്‍ക്കൊപ്പം വിയറ്റ്നാം മന്ത്രി ലേ ഡു തോയ്‌ക്കൊപ്പമായിരുന്നു സമാധാനത്തിനുള്ള നൊബേല്‍. എന്നാല്‍ വിയറ്റ്നാം മന്ത്രി സമ്മാനം തിരസ്‌കരിച്ചു. അമേരിക്ക സമാധാന ശ്രമങ്ങള്‍ ലംഘിച്ചുവെന്നും അമേരിക്കന്‍ സാമ്രാജ്യത്വത്തെ ജനങ്ങള്‍ പരാജയപ്പെടുത്തുകയാണെന്നും പറഞ്ഞുകൊണ്ടായിരുന്നു തോ നൊബേല്‍ പുരസ്‌കാരം തള്ളിക്കളഞ്ഞത്.
കിഴക്കന്‍ പാകിസ്താന്റെ വിമോചന പോരാട്ടങ്ങളെ അടിച്ചമര്‍ത്തിയ പാക്സിതാന്‍ ഭരണകൂടത്തിനൊപ്പം അമേരിക്കയെ ചേര്‍ത്തുനിര്‍ത്തിയതിലും കിസിൻജറുടെ പങ്ക് വലുതായിരുന്നു. ഇന്ത്യോനേഷ്യയിലെ സുഹാര്‍ത്തോയുടെ സർക്കാറിന്റെ കിഴക്കന്‍ തിമോറില്‍ നടത്തിയ അധിനിവേശത്തെയും അമേരിക്ക പിന്തുണച്ചത് കിസിൻജറുടെ കാലത്തായിരുന്നു. ദക്ഷിണാഫ്രിക്കയിലെ വര്‍ണവിവേചന ഭരണകൂടം അംഗോളയിലേക്ക് നടത്തിയ ആക്രമണത്തെയും അമേരിക്ക അക്കാലത്ത് സഹായിച്ചിരുന്നു.
വലതുപക്ഷ അനുകൂലികള്‍ കിസിൻജറെ വിഖ്യാതനായ നയതന്ത്രജ്ഞാനായി വാഴ്ത്തുമ്പോള്‍, മനുഷ്യാവകാശങ്ങളെയും മറ്റ് രാജ്യങ്ങളുടെ സ്വയം നിര്‍ണയാവകാശങ്ങളെയും മാനിക്കാത്ത സാമ്രാജ്യത്വ ഭരണാധികാരിയായാണ് പൊതുവില്‍ കിസിൻജര്‍ വിലയിരുത്തപ്പെടുന്നത്.