PEOPLE

രാഹുൽ രാമചന്ദ്രൻ: കലയുടെ തറവാട്ടിൽ പിറന്ന്, വിവര സാങ്കേതികതയിൽ വളർന്ന ശാസ്ത്രജ്ഞൻ

അടുത്തിടെ അന്തരിച്ച, വിഖ്യാത ചിത്രകാരൻ എ രാമചന്ദ്രന്റെ മകൻ രാഹുൽ രാമചന്ദ്രൻ ലോകമറിയുന്ന ശാസ്ത്രജ്ഞൻ ആണ്. നാസയിൽ ബിഗ് ഡാറ്റ വിശകലനത്തിനുള്ള ആധുനിക സങ്കേതങ്ങൾ വികസിപ്പിക്കാനുള്ള ചുമതല വഹിക്കുന്നയാൾ 

പി സുധാകരൻ

രാഹുൽ കുട്ടിയായിരുന്നപ്പോൾ അവന്റെ അച്ഛൻ ഒരിക്കലും അവനോട് ഗ്രേഡിനെക്കുറിച്ച് ചോദിക്കാറില്ലായിരുന്നു. കലാരംഗത്ത് സ്വന്തം ഇടം കണ്ടെത്താൻ യത്നിക്കുന്ന ഒരു യുവ കലാകാരനായിരുന്നു ആ പിതാവ്. പേര് എ രാമചന്ദ്രൻ. മനുഷ്യന് സന്തോഷവാനായിരിക്കാൻ ഒരുപാട് ഭൗതിക നേട്ടങ്ങളൊന്നും ആവശ്യമില്ല എന്ന പാഠമായിരുന്നു രാഹുൽ തന്റെ പിതാവിൽ നിന്ന് ആദ്യം പഠിച്ചത്. വളരെ മിതമായ സൗകര്യങ്ങളിൽ അവനും സഹോദരിയും ജീവിതാനന്ദം കണ്ടെത്തി, തങ്ങൾക്ക് എന്തെങ്കിലും നഷ്ടപ്പെട്ടു എന്ന തോന്നൽ ഒട്ടുമില്ലാതെ തന്നെ. അച്ഛൻ പിന്നീട് ലോകമറിയുന്ന കലാകാരനായപ്പോഴും ആ ലാളിത്യം അവർ നിലനിർത്തുകയും ചെയ്തു. ജീവിതത്തിൻ്റെ പലപല സാധ്യതകൾ ആരായുകയും സ്വന്തം വഴികൾ കണ്ടെത്താൻ ശ്രമിക്കുകയും ചെയ്യുക എന്ന പാഠമായിരുന്നു ആ മക്കൾ അച്ഛനിൽ നിന്നും ആദ്യം പഠിച്ചത്, ജീവിതത്തിന്റെ നന്മകളും. അതുതന്നെയാണ് ഇന്ന് രാഹുലിനെ ലോകമറിയുന്ന ഒരു ശാസ്ത്രകാരനായി വളർത്തിയതും.

നാസയുടെ വിപുലമായ വിവരശേഖരണം ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞർക്ക് പ്രാപ്യമാക്കുവാനും തിരയാനും സൗകര്യമൊരുക്കുന്ന സംവിധാനങ്ങളുടെ മുന്നണിയിൽ നിൽക്കുന്ന ശാസ്ത്രജ്ഞനാണ് നാസയുടെ മാർഷൽ സ്‌പേസ് ഫ്ലൈറ്റ് സെൻ്ററിലെ എർത്ത് സയൻസ് ബ്രാഞ്ചിലെ സീനിയർ റിസർച്ച് സയൻ്റിസ്റ്റായ രാഹുൽ രാമചന്ദ്രൻ.

“നാസ പോലുള്ള ഒരു ഏജൻസിയിൽ ജോലി ചെയ്യാൻ എനിയ്ക്ക് എന്നെങ്കിലും അവസരം ലഭിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. ഇവിടെ നിങ്ങൾക്ക് ലോകത്തിലെ ഏറ്റവും പ്രഗത്ഭരായ പല ആളുകളുമായി ഒന്നിച്ച് പ്രവർത്തിക്കാൻ കഴിയുമെന്ന് മാത്രമല്ല, വളരെ ഗൗരവതരമായ പ്രശ്‌നങ്ങളിൽ ഇടപെടാനും സാധിക്കും,” രാഹുൽ പറയുന്നു. ഇത്തരം യാത്രകളിൽ തനിയ്ക്ക് ഏറ്റവും വലിയ വഴികാട്ടി തന്റെ പിതാവ് തന്നെയാണെന്ന് രാഹുൽ ഓർക്കുന്നു. കൗമാരപ്രായത്തിൽ, താൻ കൂടുതൽ സ്വാതന്ത്ര്യം ആഗ്രഹിച്ചപ്പോൾ പിതാവ് കൂടുതൽ ഊന്നൽ നൽകിയത് ഉത്തരവാദിത്തത്തിനായിരുന്നു. ഒരു ദിവസം അദ്ദേഹം മകനെ വിളിച്ച് ഒപ്പമിരുത്തി ഒരു കാര്യം പറഞ്ഞു. അവനിപ്പോൾ ഒരു കൊച്ചു കുഞ്ഞല്ലെന്നും, ഒരു മുതിർന്ന മനുഷ്യനാണെന്നും ഇനി ഒരു കുട്ടിയെപ്പോലെ കാണാക്കാക്കില്ലെന്നും. ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടതിൻ്റെ പ്രാധാന്യമാണ് അദ്ദേഹം മകനെ ബോധ്യപ്പെടുത്തിയത്. ആ സംഭാഷണം അവരുടെ ബന്ധത്തിൽ ഒരു വഴിത്തിരിവായി, അത് കൂടുതൽ സൗഹൃദത്തിലും പരസ്പര ബഹുമാനത്തിലും ഊന്നിയ ഒന്നായി വളർന്നു.

മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിരുദവുമായാണ് രാഹുൽ വ്യാവസായിക എഞ്ചിനീയറിംഗിൽ തന്റെ ഭാവി കെട്ടിപ്പടുക്കാൻ മോഹിച്ച് അമേരിക്കയിൽ എത്തുന്നത്. എന്നാൽ, അദ്ദേഹത്തിന് ആ മേഖല അത്ര ഇഷ്ടപ്പെട്ടില്ല. അങ്ങിനെയാണ് മറ്റാരോ നിർദ്ദേശിച്ചപ്രകാരം കാലാവസ്ഥാ ശാസ്ത്രം പഠിക്കാൻ തീരുമാനിച്ചത്. ഇത് അദ്ദേഹത്തെ അന്തരീക്ഷ ശാസ്ത്രത്തിലേക്ക് നയിച്ചു. പക്ഷെ 1990കളിലെ സാങ്കേതികവിദ്യയുടെ പരിമിതികരണം ഈ രംഗത്ത് സാധ്യതകൾ കുറവായതിനാൽ  രാഹുൽ പിന്നീട് കമ്പ്യൂട്ടർ, ഡാറ്റാ വിശകലന രംഗത്തേക്ക് തിരിയുകയായിരുന്നു.

"പരിമിതികളാണ് എന്നെ പുതിയ മേഖലകൾ അന്വേഷിക്കാൻ പ്രേരിപ്പിച്ചത്. ഇപ്പോൾ എനിക്ക് സയൻസ്, എഞ്ചിനീയറിംഗ്, കമ്പ്യൂട്ടർ സയൻസ് എന്നീ മേഖലകളിൽ ധാരണയുണ്ട്. കാലക്രമേണ, ഡാറ്റ നിയന്ത്രിക്കാൻ മാത്രമല്ല, ഈ വലിയ ഡാറ്റാസെറ്റുകളിൽ നിന്നും നമുക്ക് അറിവ് പകർന്നെടുക്കാനുള്ള ടൂളുകളിലും കഴിവുകളിലും എനിക്ക് കൂടുതൽ താൽപ്പര്യം വളർന്നു," രാഹുൽ പറയുന്നു.

ശാസ്ത്രീയ ഗവേഷണ മേഖലയിൽ, പല പ്രൊഫഷണലുകലും തങ്ങളുടെ ലക്ഷ്യങ്ങൾ നേടാൻ പരമ്പരാഗത ഉപകരണങ്ങളെയും രീതിശാസ്ത്രങ്ങളെയും ആശ്രയിക്കുമ്പോൾ രാഹുൽ അവിടെനിന്നെല്ലാം മാറിച്ചിന്തിച്ച് പുതിയ ഉപകരണങ്ങളും സിസ്റ്റങ്ങളും വികസിപ്പിക്കുകയാണ് ചെയ്തത്.

അറിവിന്റെ ലോകത്തെ ഇത്തരം അന്വേഷണങ്ങളാണ് രാഹുലിനെ നാസയും ഐബിഎം റിസർച്ചും ചേർന്ന്  അന്തരീക്ഷ, കാലാവസ്ഥാ വിശകലനത്തിനുമുള്ള നൂതന AI അടിസ്ഥാന മാതൃകയായ പൃഥ്വി-അന്തരീക്ഷ-കാലാവസ്ഥാ മാതൃക വികസിപ്പിക്കാൻ സഹകരിച്ചപ്പോൾ അതിന്റെ ഒരു സുപ്രധാന ഭാഗമാക്കിയത്. നാസയുടെ മോഡേൺ എറ റിട്രോസ്‌പെക്റ്റീവ് അനാലിസിസ് ഫോർ റിസർച്ച് ആൻഡ് ആപ്‌ളിക്കേഷൻസ് പതിപ്പ് 2 (MERRA-2) ൽ നിന്നുള്ള 40 വർഷത്തെ ഡാറ്റയിൽ മുൻകൂട്ടി പരിശീലനം നേടിയ പൃഥ്വി, നിർമ്മിതബുദ്ധിയും (AI) മെഷീൻ ലേണിംഗ് (ML) തമ്മിൽ അന്തരീക്ഷ, കാലാവസ്ഥാ പഠനത്തിനായി സംയോജിപ്പിക്കാം എന്നതിന് തെളിവാണ്.

കാലാവസ്ഥാ വിശകലനം, പ്രവചനം എന്നിവ വളരെ മികച്ച രീതിയിൽ കൈകാര്യം ചെയ്യാനുള്ള സംവിധാനമാണിത് എന്നുമാത്രമല്ല, ഡോ. രാഹുലിന്റെ നേതൃത്വപാടവവും വൈദഗ്ധ്യവും പൃഥ്വി സംരംഭത്തിൽ നിർണായകമായിരുന്നു താനും. എർത്ത് സയൻസ് ഡാറ്റാ സിസ്റ്റങ്ങളുടെ മേഖലയെ ഗണ്യമായി മുന്നോട്ട് കൊണ്ടുപോകുന്ന, ഡാറ്റ മാനേജ്‌മെൻ്റും എക്‌സ്‌ട്രാക്ഷൻ പ്രക്രിയകളും മെച്ചപ്പെടുത്തുന്നതിന് AI-യെ സമന്വയിപ്പിക്കുന്നതിലാണ് അദ്ദേഹത്തിൻ്റെ പ്രവർത്തനം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.  

തൻ്റെ കരിയറിൽ ഉടനീളം ശാസ്ത്രീയ ഡാറ്റ മാനേജ്‌മെൻ്റിൽ ശ്രദ്ധ കേന്ദ്രീകരിച്ച നിരവധി പ്രോജക്റ്റുകളുടെ ഭാഗമായ രാഹുൽ വളരെ വൈവിധ്യപൂർണമായ ഗവേഷണ വികസന പ്രവർത്തനങ്ങളുടെ ഭാഗമാണ്. നാസയുടെ ഡാറ്റയുടെ ശാസ്ത്രീയ നേട്ടങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് വേണ്ടി മറ്റ് ഏജൻസികളുമായും ഓർഗനൈസേഷനുകളുമായും ഉള്ള പങ്കാളിത്തത്തോടെ നാസയിൽ ഇൻ്റർ ഏജൻസി ഇംപ്ലിമെൻ്റേഷൻ ആൻഡ് അഡ്വാൻസ്ഡ് കൺസെപ്റ്റ്സ് ടീം (ഇംപാക്റ്റ്) സ്ഥാപിച്ചതും രാഹുലാണ്‌.

ഗവേഷണം, വിദ്യാഭ്യാസം, അനുബന്ധ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ഇൻഫോർമാറ്റിക്‌സ്, കമ്പ്യൂട്ടേഷണൽ, ഡാറ്റാ സയൻസസ് എന്നീ മേഖലകളിൽ അദ്ദേഹത്തിൻ്റെ സുപ്രധാന സംഭാവനകളെ മുൻനിർത്തി അമേരിക്കൻ ജിയോഫിസിക്കൽ യൂണിയൻ്റെ (എജിയു) 2023 ലെ ഗ്രെഗ് ലെപ്‌ടൗഖ് ലെക്ചർ അവാർഡ് നൽകി രാഹുലിനെ ഈയിടെ ആദരിച്ചിരുന്നു. ഈ പ്രഭാഷണത്തിൽ അദ്ദേഹം നാസയ്ക്ക് ഓപ്പൺ സയൻസിനെ കാലാനുഗുണമായി ഉപയോഗപ്പെടുത്താനും പിന്തുണയ്ക്കാനും എങ്ങിനെയാണ്  ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സഹായിക്കുന്നത് എന്നായിരുന്നു സംസാരിച്ചത്.

ഭാഷാടിസ്ഥാനത്തിലുള്ള മാതൃകയിൽ നിർമ്മിച്ചിരിക്കുന്ന ChatGPT ഉപയോഗിച്ച് ആളുകൾക്ക് എന്തുചെയ്യാനാകുമെന്ന് നമ്മൾ കണ്ടതാണ് എന്നാൽ അതുപോലെ തന്നെ ശാസ്ത്രത്തിനായുള്ള AI അടിസ്ഥാന മോഡലുകൾ ഉണ്ട്, അത് ശാസ്ത്രീയ ഡാറ്റ വിശകലനം ചെയ്യുന്നതിനായി ഉപയോഗപ്പെടുത്താനാവും എന്നുമാത്രമല്ല അതുമഴി നമ്മൾ ഇപ്പോൾ ചെയ്യുന്ന കാര്യങ്ങൾ കാര്യക്ഷമമായ രീതിയിൽ കൂടുതൽ വർദ്ധിപ്പിക്കാനും സാധിക്കും. എന്നാൽ ഇത്തരം സാധ്യതകൾ ഉപയോഗപ്പെടുത്താൻ ആളുകളുടെ ചിന്താഗതിയിൽ അൽപ്പം മാറ്റം ആവശ്യമാണ് എന്ന് രാഹുൽ പറയുന്നു. "നമ്മുടെ പ്രക്രിയകളെ എങ്ങനെ പുനർവിചിന്തനം ചെയ്യാം? ഡാറ്റ കൈകാര്യം ചെയ്യുന്നതിനുള്ള ഒരു തന്ത്രത്തെ എങ്ങനെ പുനർവിചിന്തനം ചെയ്യാം? ആളുകൾ എങ്ങനെ ഡാറ്റ വിവരങ്ങൾ വ്യത്യസ്തമായി തിരയുകയും വിശകലനം ചെയ്യുകയും ചെയ്യും? ഇതിനെക്കുറിച്ചെല്ലാം നമ്മൾ മറ്റൊരു വീക്ഷണകോണിൽ ചിന്തിക്കേണ്ടിയിരിക്കുന്നു,” അദ്ദേഹം പറഞ്ഞു.

അത്തരം കാര്യങ്ങൾ നാസയ്ക്ക് മാത്രമല്ല, ഏജൻസി ശേഖരിക്കുന്ന ഡാറ്റ ഉപയോഗിക്കുന്നവർക്കും വലിയ ഗുണം ചെയ്യും. ആഫ്രിക്ക വൻകരയിൽ വെട്ടുക്കിളി പ്രജനന കേന്ദ്രങ്ങൾ കണ്ടെത്തുന്നതിന് നാസയുടെ ഡാറ്റയും ജിയോസ്പേഷ്യൽ എഐ ഫൗണ്ടേഷൻ മോഡലും ഫലവത്തായി ഉപയോഗിക്കാൻ കഴിഞ്ഞതിനെ കുറിച്ച്  ആഫ്രിക്കയിൽ നിന്നും തനിക്ക് ലഭിച്ച ഒരു ഇമെയിൽ സന്ദേശം രാഹുൽ ഓർക്കുന്നു. ഈ വർഷം തന്നെ ഹഗ്ഗിംഗ് ഫേസിലൂടെ നാസ പുറത്തിറക്കാൻ പദ്ധതിയിടുന്ന പൃഥ്വി-അന്തരീക്ഷ-കാലാവസ്ഥാ മോഡൽ, പൊതുജന സുരക്ഷയും അന്തരീക്ഷവും കാലാവസ്ഥയുമായി ബന്ധപ്പെട്ട അപകടങ്ങളും പ്രതിരോധിക്കുന്നതിനുള്ള അപാരമായ സാധ്യതകൾ ഉള്ളതാണ്.

ചുഴലിക്കാറ്റ്, കാട്ടുതീ എന്നിവയുടെ സ്വഭാവ പ്രവചനങ്ങൾ, മെച്ചപ്പെട്ട നഗര താപ തരംഗ പ്രവചനങ്ങൾ, മെച്ചപ്പെടുത്തിയ സോളാർ റേഡിയേഷൻ വിലയിരുത്തൽ എന്നിവ കൂടുതൽ കൃത്യമായ രീതിയിൽ പ്രവചിക്കാൻ ഇതിനാവും. ഈ മോഡൽ വികസിക്കുന്നതനുസരിച്ച് , കാലാവസ്ഥയെയും കാലാവസ്ഥാ ശാസ്ത്രത്തെയും AI- നയിക്കുന്ന ഉൾക്കാഴ്ചകളിലൂടെ പരിവർത്തനം ചെയ്യാനുള്ള അതിൻ്റെ കഴിവും വികസിക്കും എന്നുമാത്രമല്ല, ഇത് ലോകമെമ്പാടുമുള്ള ഗവേഷകർക്ക് പുതിയ ഉപകരണങ്ങളും രീതിശാസ്ത്രങ്ങളും ഉപയോഗിക്കാൻ അവസരം ഒരുക്കുകയും ചെയ്യും.

വിവിധ ശാസ്ത്രമേഖലകൾ തമ്മിലുള്ള സഹകരണത്തിൻ്റെയും AI യുടെ തന്ത്രപരമായ പ്രയോഗത്തിൻ്റെയും പ്രാധാന്യത്തിന് അടിവരയിടുന്നതാണ് ഈ പ്രോജക്റ്റിലെ രാഹുൽ രാമചന്ദ്രൻ്റെ സംഭാവനകൾ.  ഭൗമശാസ്ത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചില വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിലും കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ആഘാതങ്ങൾ മനസ്സിലാക്കുന്നതിനും ലഘൂകരിക്കുന്നതിനുമുള്ള പുതിയ മാനങ്ങൾ തുറക്കുന്നതിന് നൂതന സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തുന്നതിനുള്ള സാധ്യതയെ അദ്ദേഹത്തിൻ്റെ ഗവേഷണപഠനങ്ങൾ  അടിവരയിടുന്നു.

തൊഴിൽരംഗത്തെ തൻ്റെ യാത്രയെക്കുറിച്ചു രാഹുൽ പറയുന്ന പ്രധാന കാര്യം നിങ്ങൾ പഠിക്കുന്ന ഒന്നും ഒരിക്കലും പാഴാകില്ല എന്നതാണ്. ഒരുകാലത്ത് ഇൻഡസ്ട്രിയൽ എഞ്ചിനീയറിംഗിൽ പഠിച്ചത് ഇപ്പോൾ സോഫ്റ്റ്‌വെയർ ഡെവലപ്‌മെൻ്റിൽ അദ്ദേഹം ഉപയോഗിക്കുന്നു. ടൊയോട്ടയിലെ ഇൻ്റേൺഷിപ്പ് സമയത്ത് മനസ്സിലാക്കിയ 'കൈസെൻ' (തുടർച്ചയുള്ള മെച്ചപ്പെടുത്തൽ), കാൻബൻ (ദൃശ്യ ചിഹ്നങ്ങൾ) എന്നീ രീതികൾ മനസ്സിലാക്കിയത് എല്ലാ അറിവുകളും പ്രയോജനകരമാണെന്ന് തെളിയിച്ചു, ഒരുപക്ഷെ അതിൻ്റെ പ്രയോജനം ഉടനടി കാണാനായില്ലെങ്കിലും. ജാപ്പനീസ് മാനേജ്മെൻ്റ് പ്രക്രിയകളിൽ വേരൂന്നിയ ഈ രീതിശാസ്ത്രങ്ങൾ, തന്റെ ടീം ഇപ്പോൾ ഉപയോഗിക്കുന്ന എജൈൽ സോഫ്റ്റ്‌വെയർ വികസന പ്രക്രിയകളെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട് എന്ന് രാഹുൽ കൂട്ടിച്ചേർക്കുന്നു. അതോടൊപ്പം ഒരു വൃക്ഷത്തിന് തഴച്ചുവളരാൻ അനുയോജ്യമായ മണ്ണും സാഹചര്യങ്ങളും ആവശ്യമുള്ള പോലെ, വ്യക്തികൾ തങ്ങൾക്ക് കിട്ടുന്ന പദവികളേക്കാളും ശമ്പളത്തെക്കാളുമൊക്കെ ശരിയായ അന്തരീക്ഷം കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും മുൻഗണന നൽകണം എന്ന് ഈ ശാസ്ത്രകാരൻ ഓർമിപ്പിക്കുന്നു.

ശാസ്ത്രരംഗത്ത് തന്റെ വ്യക്തിത്വം ഉറപ്പിക്കുമ്പോഴും താൻ ഏറ്റവും കടപ്പെട്ടിരിക്കുന്നത് തന്റെ അച്ഛനോടാണെന്ന് രാഹുൽ പറയും. “എൻ്റെ അച്ഛൻ ഒരു അസാധാരണ മനുഷ്യനായിരുന്നു, പക്ഷെ തന്നെ അറിയുന്ന എല്ലാവരിലും അദ്ദേഹം വലിയ മതിപ്പ് സൃഷ്ടിച്ചു," അദ്ദേഹം ഓർക്കുന്നു. പിതാവ് എന്ന നിലയിലോ കലാകാരനെന്ന നിലയിലോ ഉള്ള അദ്ദേഹത്തിൻ്റെ റോളിനപ്പുറം തന്നിൽ അദ്ദേഹത്തിൻ്റെ സ്വാധീനം ഒരുപാട് തലത്തിൽ വ്യാപിച്ചുകിടക്കുന്നു എന്ന് രാഹുൽ പറയുന്നു.

പിതാവ്, മുത്തച്ഛൻ, സുഹൃത്ത്. അതിലെല്ലാമുപരി ഒരു മികച്ച അധ്യാപകനും വഴികാട്ടിയും. ഇപ്പോഴും തന്റെ ജീവിതത്തിൽ രാസത്വരകമായി വർത്തിക്കുന്നതും അച്ഛനെക്കുറിച്ചുള്ള ഓർമ്മകൾ തന്നെ. എ രാമചന്ദ്രന്റെ ഓർമ്മയ്ക്കായി കേരളസർക്കാർ ആരംഭിയ്ക്കുന്ന മ്യൂസിയത്തിനായി അദ്ദേഹത്തിന്റെ കുടുംബം കോടിക്കണക്കിനു രൂപ വിലമതിക്കുന്ന പെയിന്റിങ്ങുകൾ നൽകുകയും രാഹുൽ ഇത്രയും തിരക്കുകൾക്കിടയിലും അതിന്റെ പ്രവർത്തനങ്ങളുമായി സജീവമായി സഹകരിയ്ക്കുകയും ചെയ്യുന്നതും ആ സ്നേഹാദരം കൊണ്ടുതന്നെയാണ്.

വഖഫ് ബിൽ: സംയുക്ത പാർലമെന്ററി യോഗത്തിൽ ഏറ്റുമുട്ടി തൃണമൂൽ-ബിജെപി എംപിമാർ, ചില്ലുകുപ്പി അടിച്ചുടച്ച് കല്യാൺ ബാനർജി; സസ്പെൻഷൻ

ആന്റണി ബ്ലിങ്കന്റെ ഇസ്രയേൽ സന്ദർശനത്തിന് മണിക്കൂറുകൾ മുൻപ് ഹിസ്‌ബുള്ള ആക്രമണം; ഭാവിയെന്തെന്നറിയാതെ പശ്ചിമേഷ്യ

സെബിക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് ആരോപണം: 'കുറ്റകരമായ ഒന്നും കണ്ടെത്താനായില്ല', മാധബി ബുച്ചിനെതിരെ നടപടി ഉണ്ടാകില്ല

2034 ഫുട്ബോള്‍ ലോകകപ്പിനൊരുങ്ങുന്ന സൗദി; അറബ് രാജ്യത്തെ തൊഴില്‍ മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ ഫിഫ അവഗണിക്കുന്നതായി ആരോപണം

'ഞാൻ കലൈഞ്ജറുടെ കൊച്ചുമകൻ, മാപ്പുപറയില്ല'; സനാതന ധർമ പരാമർശത്തില്‍ ഉറച്ചുനില്‍ക്കുന്നെന്ന് ഉദയനിധി