PEOPLE

അറുപത് വർഷത്തിനിപ്പുറവും ചർച്ചയാവുന്ന നെഹ്റു; പേര് മായ്ക്കാൻ ശ്രമിക്കുന്ന മോദി

2014 - 2019 -2024 വർഷങ്ങളിൽ നടന്ന തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെതിരെ അധിക്ഷേപങ്ങളും ആരോപണങ്ങളും ചൊരിഞ്ഞു

പൊളിറ്റിക്കൽ ഡെസ്ക്

സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ അറുപതാം ചരമവാർഷികമാണിന്ന്. രാജ്യം പൊതുതിരഞ്ഞെടുപ്പിന്റെ ഫലം കാത്തിരിക്കുമ്പോഴാണ് ഇന്ത്യയുടെ ആദ്യപ്രധാനമന്ത്രിയുടെ 60-ാം ചരമദിനമെത്തുന്നത്. മരിച്ച് അറുപത് വർഷം പിന്നിടുമ്പോഴും നെഹ്റുവും അദ്ദേഹത്തിന്റെ ഭരണമികവും ഇന്ത്യയിൽ ചർച്ചയാവുന്നുണ്ട്.

അരനുറ്റാണ്ടിനും മുമ്പ് ഇന്ത്യയുടെ ഭാവിയെ കുറിച്ച് ചിന്തിച്ച് പ്രവർത്തിച്ചിരുന്ന ഒരു പ്രധാനമന്ത്രി ഇന്നത്തെ പ്രധാനമന്ത്രിയുടെയും അനുയായികളുടെയും ഉറക്കം കെടുത്തുന്നുണ്ട് എന്നതാണ് സത്യം. അതുകൊണ്ടാണ് മരിച്ച് അറുപത് വർഷം കഴിയുമ്പോഴും നെഹ്റുവിനെതിരെ ആരോപണങ്ങളും അസത്യങ്ങളും നിലവിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയും അനുയായികളും പ്രചരിപ്പിക്കുന്നത്.

നെഹ്റു

ഏഴുഘട്ടങ്ങളിലായി രാജ്യത്ത് നടക്കുന്ന ലോകസഭ തിരഞ്ഞെടുപ്പിന്റെ ഫലമറിയാൻ ഇനി വിരലിൽ എണ്ണാവുന്ന ദിനങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഈ തിരഞ്ഞെടുപ്പ് വേളയിലും നെഹ്റുവിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപണം ഉന്നയിച്ചു. തിരഞ്ഞെടുപ്പ് വേളയിൽ മാത്രമല്ല പാർലമെന്റിലും വിദേശരാജ്യങ്ങളിലെ സന്ദർശന വേളകളിൽ പോലും നരേന്ദ്രമോദി നെഹ്റുവിനെതിരെ ആരോപണങ്ങൾ ഉന്നയിക്കാറുണ്ട്.

മുന്ന് തവണ തുടർച്ചയായി ഇന്ത്യയുടെ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റുവിനെ പോലെ തന്നെ തുടർച്ചയായ മുന്നാം വിജയമാണ് മോദിയും ആഗ്രഹിക്കുന്നത്. നെഹ്റുവിന് മുകളിൽ തന്റെ പേര് എഴുതി ചേർക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി നിരന്തരം ശ്രമിക്കാറുണ്ട്. ഇന്ത്യയിലെ പ്രശ്നങ്ങൾക്ക് കാരണം നെഹ്റുവാണെന്നും സംഘപരിവാർ അനുയായികൾ വാദിക്കാറുണ്ട്. എന്നാൽ യാഥാർത്ഥ്യം മറ്റൊന്നാണ്.

നെഹ്റു vs മോദി

ഇന്നോ ഇന്നലയോ തുടങ്ങിയത് അല്ല മോദിയുടെ നെഹ്റു വിരോധം. 2015 ൽ ഒന്നാം മോദി സർക്കാർ അധികാരത്തിലെത്തി ഒരു വർഷം പിന്നിടുമ്പോഴായിരുന്നു ജവഹർലാൽ നെഹ്റുവിന്റെ 125 -ാം ജന്മദിനം രാജ്യത്ത് ആഘോഷിച്ചത്. സ്വാഭാവികമായി നെഹ്റുവിന്റെ ഭരണമികവും ഇന്ത്യയിൽ ഉണ്ടാക്കിയ മാറ്റങ്ങളും നിലവിലെ ഭരണകൂടവുമായുള്ള താരതമ്യവും സംഭവിച്ചു. ഇതിനിടെ ആർഎസ്എസ് പരസ്യമായി ജവഹർലാൽ നെഹ്റുവിനെതിരെ രംഗത്ത് വന്നു.

രാജ്യത്തിന്റെ ഐക്യം തന്നെ ഇല്ലാതാക്കിയത് നെഹ്റുവാണെന്നും ഭഗത് സിങും ആർഎസ്എസ് സ്ഥാപകനായ ഡോക്ടർ ഹെഡ്ഗേവാറുമാണ് ഇന്ത്യയുടെ യഥാർത്ഥ വീരനായകൻമാർ എന്നുമായിരുന്നു ആർഎസ്എസിന്റെ മുതിർന്ന നേതാവായ ഇന്ദ്രേഷ്‌കുമാർ 2015 നവംബർ 17 ന് പ്രസംഗിച്ചത്. ഇന്ത്യയുടെ നിയന്ത്രണം കൈപ്പിടിയിലൊതുക്കാനായിരുന്നു നെഹ്‌റുവിന്റെ ശ്രമം. നെഹ്‌റുവിനെ സംബന്ധിച്ച് ഇന്ത്യയെന്നത് ചെറിയൊരു ദേശം മാത്രമായിരുന്നു. ബാക്കി മുഴുവൻ ഭാഗവും പാകിസ്താന് വിട്ടുനൽകുകയാണ് അദ്ദേഹം ചെയ്തത് എന്നെല്ലാമായിരുന്നു അന്നത്തെ ആരോപണം.

ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ നെഹ്റുവിനെതിരായ വ്യാജപ്രചരണങ്ങളും ആരോപണങ്ങളും കൂണുപോലെ മുളച്ചുപൊന്തി. എന്നാൽ നരേന്ദ്രമോദിയുടെ നെഹ്റു വിരോധം അതിനും മുമ്പ് തന്നെ ആരംഭിച്ചിരുന്നു. 2013 ഒക്ടോബറിൽ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിങിനെ വേദിയിലിരുത്തി കൊണ്ട് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി നെഹ്റു വിരോധം തുറന്നു പറഞ്ഞു.

'എല്ലാ ഇന്ത്യക്കാരനും പട്ടേൽ ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയാകണം എന്ന് ആഗ്രഹിച്ചിരുന്നു. അങ്ങനെയായിരുന്നെങ്കിൽ, രാജ്യത്തിന്റെ മുഖവും വിധിയും മറ്റൊന്നാകുമായിരുന്നു' എന്നായിരുന്നു മോദിയുടെ പ്രസംഗം. ഇതിന് പുറമെ അധികാരത്തിൽ ഏറിയതിന് പിന്നാലെ നെഹ്റുവിന്റെ സ്വപ്ന പദ്ധതികളിൽ ഒന്നായിരുന്ന രാജ്യത്തിനെ പുരോഗതിയുടെ പാതയിലേക്ക് നയിക്കാൻ സഹായിച്ച ആസൂത്രണ കമ്മീഷൻ പിരിച്ചുവിട്ടു. നീതി ആയോഗ് എന്ന പേരിൽ അത് പുനഃസംഘടിപ്പിക്കുകയും മോദിയുടെ സ്വപ്നപദ്ധതിയാക്കുകയും ചെയ്തു.

എന്നാല്‍ 2015 ൽ നെഹ്റുവിന്റെ 125 -ാം ജന്മവാർഷികത്തിൽ നെഹ്റുവിനെ പിന്തുണച്ചും മോദി രംഗത്ത് എത്തി. 'നവംബർ 14 ന് പണ്ഡിറ്റ് നെഹ്‌റുവിന്റെ 125-ാം ജന്മദിനം ആഘോഷിക്കുമ്പോൾ, എല്ലാ സ്‌കൂളുകളും കുട്ടികൾക്ക് ശുചിത്വത്തിന്റെ പാഠങ്ങൾ പകര്‍ന്ന് നൽകണം,' എന്നായിരുന്നു മോദി ആഹ്വാനം ചെയ്തത്.

പക്ഷേ തുടർന്ന് അങ്ങോട്ട് നെഹ്റു വിഭാവനം ചെയ്ത പദ്ധതികൾ ഇല്ലാതാക്കിയും മാറ്റങ്ങൾ വരുത്തി പുതിയ പേരിൽ അവതരിപ്പിച്ചും നെഹ്റുവിനെയും നെഹ്റു കുടുംബത്തെയും അധിക്ഷേപിച്ചുമായിരുന്നു മോദിയുടെ മുന്നോട്ട് പോക്ക്. നെഹ്റു ആരംഭിച്ച പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയടക്കമുള്ളവ പേര് മാറ്റി മോദി സർക്കാർ അവതരിപ്പിച്ചു.

1958 ൽ തന്നെ വിരമിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിരുന്ന ജവഹർലാൽ നെഹ്റുവിനെ അന്ന് തടഞ്ഞത് കോൺഗ്രസ് നേതൃത്വം തന്നെയായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വമില്ലാതെ രാജ്യത്തിന് ഒന്നും ചെയ്യാൻ കഴിയില്ലെന്ന് കോൺഗ്രസ് പറഞ്ഞു. 1958 ൽ നിന്ന് 2024 ൽ എത്തുമ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിരമിക്കലിനെ കുറിച്ചുള്ള ചർച്ചകളും സജീവമാണ്.

'രണ്ടാം നെഹ്‌റു' എന്നതിനെക്കാൾ ഉപരിയായി ഒന്നാമൻ മോദി എന്ന പേര് ഉണ്ടാക്കാനാണ് പ്രധാനമന്ത്രിയുടെ തീവ്രശ്രമം. ഇതിനായി ആസൂത്രണകമ്മീഷനും, ദുരിതാശ്വാസനിധിയും മാത്രമല്ല മോദി സർക്കാർ പേരും രൂപവും മാറ്റി അവതരിപ്പിച്ചത്. ആദ്യ പ്രധാനമന്ത്രിയുടെ കാലത്തിങ്ങോട്ട് ആരംഭിച്ച പല പദ്ധതികളുടെയും പേരുകളും രൂപങ്ങളും മാറ്റി 'പുതിയതായി' അവതരിപ്പിക്കുകയായിരുന്നു.

2014 - 2019 -2024 വർഷങ്ങളിൽ നടന്ന തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനെതിരെ അധിക്ഷേപങ്ങളും ആരോപണങ്ങളും ചൊരിഞ്ഞു.

നെഹ്‌റുവിനെതിരായ മോദിയുടെ ആരോപണങ്ങളും യാഥാർഥ്യങ്ങളും

'ഗംഗയുടെ ഫലഭൂയിഷ്ഠമായ മണ്ണിൽ നിന്ന് സമ്പത്തുകൾ സ്‌പോഞ്ച് പോലെ ഊറ്റിയെടുത്ത് തേംസ് നദിയുടെ തീരങ്ങളിൽ പിഴിയുകയായിരുന്നു ബ്രട്ടീഷ്‌കാർ ചെയ്തത്' സ്വതന്ത്ര്യാനന്തര ഇന്ത്യയെ കുറിച്ച് ശശി തരൂര്‍ എഴുതിയ വാചകമാണിത്. 1947 ൽ നെഹ്‌റു അധികാരത്തിൽ എത്തുമ്പോൾ അക്ഷരാർഥത്തിൽ ഇത് തന്നെയായിരുന്നു അവസ്ഥ.

സർക്കാർ രൂപീകരിക്കുകയും ഭരിക്കുകയും ചെയ്യുന്നത് അത്ര എളുപ്പമായിരുന്നില്ല. ഒരുഭാഗത്ത് സാമ്പത്തിക ഞെരുക്കങ്ങളും മറുഭാഗത്ത് വർഗീയ ലഹളകളും നെഹ്‌റുവിന് നേരിടേണ്ടി വന്നു. മതേതരത്വം മുൻനിർത്തി വർഗീയതയെ നേരിട്ട നെഹ്‌റു ഇന്ത്യയുടെ സാമ്പത്തിക പുരോഗതിക്കായിട്ടാണ് ആസൂത്രണ കമ്മീഷനും പഞ്ചവത്സര പദ്ധതികളും ആരംഭിച്ചത്.

പണ്ഡിറ്റ് ജവഹർലാല്‍ നെഹ്രു

അമ്പതുകളുടെ ആദ്യ പകുതിയോടെ ഇന്ത്യയുടെ വളർച്ചാനിരക്ക് ത്വരിതപ്പെട്ടു 1964 ൽ നെഹ്റു അന്തരിക്കുന്നത് വരെ ഇത് സ്ഥിരത പുലർത്തുകയും ചെയ്തു. നെഹ്‌റുവിന്റെ കാലശേഷം ഏകദേശം ഒന്നര പതിറ്റാണ്ട് കാലം വളർച്ചാനിരക്ക് മുരടിച്ചെങ്കിലും പ്രതിശീർഷവരുമാനം ഉയരുക തന്നെയായിരുന്നു. സ്വകാര്യമേഖലയിലും പൊതുമേഖലയിലും ഒരേപോലെ നിക്ഷേപം കൊണ്ടുവരാൻ നെഹ്‌റുവിന് സാധിച്ചു.

എന്നാൽ 2014 ൽ മോദി സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ 2016 മുതൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ വളർച്ചാനിരക്ക് കുറഞ്ഞതായിട്ടാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. നോട്ട് നിരോധനവും കോവിഡുമെല്ലാം ഇതിന് കാരണമായി പറയുന്നുണ്ട്. കോവിഡിന് ശേഷം വളർച്ചാനിരക്കിൽ മാറ്റം ഉണ്ടായെങ്കിലും അതിന് മുമ്പുള്ള നിരക്കിൽ ഉണ്ടായ കുറവ് കൊണ്ടുണ്ടായ ആഘാതം കുറയ്ക്കാൻ കഴിയുന്ന ഒന്നായിരുന്നില്ല. മോദി സർക്കാരിന്റെ സാമ്പത്തിക നയങ്ങൾ മാത്രമായിരുന്നു ഇതിന് കാരണം. എന്നാൽ ഇന്ത്യയിലെ പ്രശ്‌നങ്ങൾക്ക് എല്ലാം കാരണം ജവഹർലാൽ നെഹ്റുവിന്റെ നിലപാടുകൾ ആയിരുന്നെന്നാണ് സംഘ്പരിവാർ മുന്നോട്ട് വെയ്ക്കുന്ന പ്രധാന ആരോപണം.

Narendra Modi addressing the public

ഇതിന് പുറമെയും നെഹ്റുവിനെതിരെ ആരോപണങ്ങൾ പ്രധാനമന്ത്രിയും സംഘവും നടത്തിയിരുന്നു. തിരഞ്ഞെടുപ്പിന് മുന്നോടിയായി നിരവധി ആരോപണങ്ങളാണ് മോദി നെഹ്‌റുവിനെതിരെ നടത്തിയത്.

'നെഹ്റു ഭഗത്സിംഗിനെ ജയിലിൽ സന്ദർശിച്ചില്ല', 'ജനറൽ തിമയ്യയെ പ്രധാനമന്ത്രി നെഹ്റു അപമാനിച്ചു', '1954ൽ നെഹ്റു കുംഭമേളക്ക് വന്നതിനെ തുടർന്നുണ്ടായ ദുരന്തത്തെ മാധ്യമങ്ങൾ കണ്ടില്ല', 'സർദാർ പട്ടേലിന്റെ ശവസംസ്‌ക്കാര ചടങ്ങുകളിൽ നെഹ്റു പങ്കെടുത്തില്ല', 'നെഹ്റു കർഷകർക്ക് വേണ്ടി ഒന്നും ചെയ്തില്ല' തുടങ്ങിയ ആരോപണങ്ങളായിരുന്നു തുടർച്ചയായി മോദി നടത്തിയത്.

2013 ൽ പ്രധാനമന്ത്രിയാവുന്നതിന് മുമ്പ് തന്നെ നെഹ്‌റുവിനെതിരായ ആദ്യ ആരോപണം മോദി നടത്തി. 1950ൽ സർദാർ വല്ലഭായ് പട്ടേലിന്റെ ശവസംസ്‌കാര ചടങ്ങിൽ നെഹ്റു പങ്കെടുത്തിട്ടില്ലെന്നായിരുന്നു മോദിയുടെ ആരോപണം. എന്നാൽ സർദാർ വല്ലഭായ് പട്ടേലിന്റെ സംസ്‌ക്കാര ചടങ്ങിൽ നെഹ്റു പങ്കെടുക്കുകയും പാർലമെന്റിൽ പട്ടേലിനെ കുറിച്ച് മികച്ച അനുസ്മരണ പ്രസംഗം നടത്തുകയും ചെയ്തിരുന്നു.

2018 ൽ കർണാടകയിൽ നടത്തിയ പ്രസംഗത്തിൽ ഭഗത് സിംഗ്, ബതുകേശ്വർ ദത്ത്, വീർ സവർക്കർ എന്നിങ്ങനെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പ്രവർത്തിച്ച മഹാൻമാർ ആരെയെങ്കിലും ഏതെങ്കിലും കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചിട്ടുണ്ടോ, അഴിമതിക്ക് ജയിലിൽ കിടന്നവരെ സന്ദർശിക്കുകയും ചെയ്തു. ആരാണോ അഴിമതിക്കാർ അവരെ കോൺഗ്രസ് പിന്തുണയ്ക്കുന്നു. ഇത്തരം കാര്യങ്ങൾ അംഗീകരിക്കാൻ കഴിയില്ല. എന്നായിരുന്നു മോദിയുടെ വാക്കുകൾ.

മോദിയുടെ ഈ പ്രസ്താവന പച്ചക്കള്ളമാണെന്ന് നിരവധി ചരിത്രകാരൻമാരും മാധ്യമപ്രവർത്തകരും രാഷ്ട്രീയ നിരീക്ഷകരും അന്ന് തന്നെ വ്യക്തമാക്കി. 1929 ഓഗസ്റ്റ് 8ന് നെഹ്റുവടക്കമുള്ളവർ ഭഗത് സിങിനെ ജയിലിൽ സന്ദർശിച്ചിരുന്നു. കർണാടകയിൽ വെച്ച് തന്നെയായിരുന്നു ജനറൽ തിമയ്യയെ നെഹ്‌റു അധിക്ഷേപിച്ചെന്ന് മോദി നുണ പറഞ്ഞത്. 1948ൽ പാകിസ്താനെ പരാജയപ്പെടുത്തിയതിന് ശേഷം പ്രധാനമന്ത്രി നെഹ്റുവും പ്രതിരോധ മന്ത്രി കൃഷ്ണ മേനോനും ജനറൽ തിമയ്യയെ അപമാനിച്ചു എന്നായിരുന്നു മോദിയുടെ വാക്കുകൾ. എന്നാൽ ജനറൽ തിമയ്യ 1957ലാണ് സേനാ തലവനാവുന്നത്. കൃഷ്ണ മേനോൻ പ്രതിരോധ മന്ത്രിയാവുന്നത് 1957ലുമായിരുന്നു.

1954 ൽ കുംഭമേളയിൽ ഉണ്ടായ അപകടം നെഹ്‌റു കാരണമായിരുന്നെന്നായിരുന്നു മോദി പറഞ്ഞത്. പണ്ഡിറ്റ് നെഹ്റു കുംഭമേളക്ക് വന്നപ്പോൾ വേണ്ടത്ര ആസൂത്രണവും തീരുമാനവും ഇല്ലാത്തതിനാൽ ആളുകൾ വിരണ്ടോടി ആയിരങ്ങൾ മരിച്ചു. സർക്കാരിന്റെ അന്തസ് സംരക്ഷിക്കുന്നതിന് വേണ്ടി ആരും നെഹ്റുവിനെതിരെ സംസാരിച്ചില്ല. മാധ്യമങ്ങൾ സംഭവത്തെ കണ്ടില്ലെന്ന് നടിച്ചു. എന്നായിരുന്നു മോദിയുടെ വാക്കുകൾ.

1954 ഫെബ്രുവരി 3നായിരുന്നു മോദിയുടെ പ്രസംഗത്തിൽ പറഞ്ഞസംഭവം. സ്വാതന്ത്ര്യത്തിന് ശേഷം നടന്ന ആദ്യ കുംഭമേളയിൽ തിക്കും തിരക്കിനെയും തുടർന്ന് വിരണ്ടോടി 800 പേരായിരുന്നു പുഴയിൽ വീണ് മരിച്ചത്.

രാവിലെ 9 മണിക്കായിരുന്നു ഈ സംഭവം. അന്ന് തന്നെ 9.45 മുതൽ 10.15 വരെ നെഹ്‌റു ഒരു കോട്ടയുടെ വാതിലിലൂടെ ജനങ്ങളെ കണ്ടിരുന്നു. വേണ്ടത്ര സുരക്ഷ ഒരുക്കാത്തതിന് അന്ന് തന്നെ വിമർശനങ്ങൾ ഉയർന്നതായി ദ ക്വിന്റിന്റെ ഫാക്ട് ചെക്കിങിൽ കണ്ടെത്തിയിരുന്നു.

2019 ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി 2018 ഡിസംബറിൽ ജോഘ്പൂരിൽ നടന്ന റാലിയിൽ നെഹ്റു കർഷകർക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്നായിരുന്നു മോദിയുടെ ആരോപണം. നെഞ്ചിൽ റോസാപ്പൂ ധരിക്കുന്ന, പൂന്തോട്ടത്തിനെ കുറിച്ച് അറിയാവുന്ന ഒരാൾക്ക് കൃഷിയെ കുറിച്ചോ കർഷകന്റെ അധ്വാനത്തെ കുറിച്ചോ അറിയില്ലെന്നായിരുന്നു മോദി പറഞ്ഞത്.

എന്നാൽ 1947 മുതൽ 1964 വരെയുള്ള കാലഘട്ടത്തിനെ ശാസ്ത്രീയ കാർഷികോത്പാദനത്തിന് വേണ്ടിയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിന് വേണ്ടി ഇടപെടൽ നടത്തിയ കാലഘട്ടം ആണെന്നും ഈ കാലം ജവഹർലാൽ നെഹ്റു യുഗമായി അറിയപ്പെടുമെന്നുമായിരുന്നു ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവായ എംഎസ് സ്വാമിനാഥൻ പറഞ്ഞത്. ഇതിന് പുറമെ 1957 ൽ കൃഷി നൽകേണ്ട പ്രാധാന്യത്തെ കുറിച്ച് പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു പാർലമെന്റിൽ സംസാരിക്കുകയും ചെയ്തിരുന്നു.

ഇതേസമയത്ത് തന്നെ അഭ്യന്തരമന്ത്രി അമിത്ഷാ, മറ്റ് സംഘപരിവാർ നേതാക്കൾ എന്നിവരും നെഹ്‌റുവിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. കശ്മീർ പ്രശ്‌നം മോശമാവാൻ കാരണം നെഹ്‌റു കൊണ്ടുവന്ന ആർട്ടിക്കിൾ 370 ആണെന്നായിരുന്നു അമിത്ഷാ ആരോപിച്ചത്. എന്നാൽ വിഭജന സമയത്ത് ഇന്ത്യയിലും പാകിസ്താനിലും ചേരാതിരുന്ന കശ്മീർ, ചില സംഭവങ്ങളെ തുടർന്ന് ഇന്ത്യയുടെ അവിഭാജ്യ ഘടകമായത് ഭരണഘടനയുടെ 370-ാം വകുപ്പിനെ തുടർന്നായിരുന്നവെന്നതാണ് വസ്തുത.

ഇതിന് പുറമെ സ്വതന്ത്ര്യസമരകാലത്ത് നെഹ്‌റു ജയിലിൽ കഴിഞ്ഞിരുന്നില്ലെന്നും ആരോപണങ്ങൾ ഉണ്ടായിരുന്നു. എന്നാൽ സ്വാതന്ത്ര്യം കിട്ടുന്നതുവരെ ഒമ്പത് തവണയായി 3529 ദിവസമാണ് നെഹ്‌റു ജയിലിൽ കഴിഞ്ഞത്.

2019 ൽ നിന്ന് 2024 ലേക്ക് എത്തുമ്പോഴും നെഹ്‌റു തന്നെയാണ് മോദിയുടെ പ്രശ്‌നം. ഇന്ത്യക്കാർ മടിയന്മാരും ബുദ്ധിശക്തി കുറഞ്ഞവരുമാണെന്നായിരുന്നു നെഹ്റു ചിന്തിച്ചിരുന്നതെന്നും അവരുടെ കഴിവുകളെ അദ്ദേഹം വിശ്വസിച്ചിരുന്നില്ലെന്നും, നെഹ്‌റു സംവരണത്തിന് എതിരായിരുന്നെന്നുമായിരുന്നു പ്രധാനമന്ത്രി പാർലമെന്റിൽ ആരോപിച്ചത്.

രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്റെ നന്ദി പ്രമേയ ചർച്ചയുടെ ഭാഗമായിട്ടായിരുന്നു ഇക്കാര്യങ്ങൾ മോദി പറഞ്ഞത്. പ്രധാനമന്ത്രിയായിരിക്കെ നെഹ്റു സംസ്ഥാന മുഖ്യമന്ത്രിമാർക്കെഴുതിയ കത്തായിരുന്നു അന്ന് മോദി ആയുധമായി പ്രയോഗിച്ചത്.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

എന്നാൽ സംവരണത്തിലെ പഴയ ശീലങ്ങളിൽ നിന്നും ചില ജാതികൾക്കും വർഗങ്ങൾക്കും പ്രത്യേക അവകാശങ്ങളിൽ നിന്നും പുറത്ത് കടക്കേണ്ടത് ആവശ്യമാണെന്നായിരുന്നു യഥാർഥത്തിൽ ആ കത്തിൽ നെഹ്‌റു പറഞ്ഞത്. സംവരണ സമ്പ്രദായത്തിലെ തന്റെ പ്രത്യയ ശാസ്ത്ര പരമായ വിയോജിപ്പ് രേഖപ്പെടുത്തുന്നതോടൊപ്പം ജാതി സംവരണം മാത്രമല്ല, സാമ്പത്തിക സഹായം നൽകണമെന്നും നെഹ്‌റു പറഞ്ഞിരുന്നു.

എന്നാൽ പട്ടിക ജാതി - പട്ടിക വർഗ, ഒബിസി വിഭാഗങ്ങൾക്ക് സർക്കാർ ജോലികളിൽ സംവരണം നൽകുന്നതിന് എതിരായിരുന്നു ജവഹർലാൽ നെഹ്‌റു എന്നതായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി ആരോപിച്ചത്.

ഒരുതരത്തിലുള്ള സംവരണത്തെയും, പ്രത്യേകിച്ച് ജോലികളിൽ തനിക്ക് അംഗീകരിക്കാൻ സാധിക്കില്ലെന്നും കാര്യക്ഷമത ഇല്ലാതാക്കുന്ന എല്ലാത്തരം മുന്നേറ്റത്തിനും താൻ എതിരാണെന്നുമാണ് നെഹ്റു കത്തിലെഴുതുന്നത് എന്നും മോദി പറഞ്ഞിരുന്നു.

ഇനി ഇന്ത്യക്കാരെ നെഹ്‌റു അധിക്ഷേപിച്ചുവെന്ന ആരോപണത്തിന് പിന്നിലെ വസ്തുത കൂടി നോക്കാം. 1959 ൽ സ്വതന്ത്ര്യം ലഭിച്ച് 12 വർഷം പിന്നിടുമ്പോൾ ജവഹർലാൽ നടത്തിയ പ്രസംഗം വളച്ചൊടിച്ചായിരുന്നു മോദി ആരോപണം ഉന്നയിച്ചത്. 1959-ലെ പ്രസംഗത്തിൽ നെഹ്റു എന്താണ് പറഞ്ഞതെന്ന് നോക്കാം.

'ഇന്ത്യയിൽ, കഠിനാധ്വാനം ചെയ്യുന്ന ഒരു ശീലം ഉണ്ടായിരുന്നില്ല. ഇത് നമ്മുടെ തെറ്റല്ല, ചിലപ്പോൾ അത്തരം ശീലങ്ങൾ രൂപപ്പെടാറുണ്ട്. എന്നാൽ യൂറോപ്യന്മാരെയോ ജപ്പാനിലുള്ളവരെയോ ചൈനക്കാരെയോ റഷ്യക്കാരെയോ അമേരിക്കക്കാരെയോ പോലെ നമ്മൾ കഠിനാധ്വാനം ചെയ്യുന്നില്ല എന്നതാണ് വസ്തുത. ആ രാജ്യങ്ങൾ വികസിച്ചത് ചില മാന്ത്രികവിദ്യകൾ മൂലമാണെന്ന് കരുതുക, അത് കഠിനാധ്വാനവും ബുദ്ധിശക്തിയും കൊണ്ടാണ്' എന്നായിരുന്നു ജവഹർലാൽ നെഹ്‌റു അന്ന് പറഞ്ഞത്.

ഇന്ത്യക്കാരെ പ്രചോദിപ്പിക്കാനായി നെഹ്‌റു അന്ന് പറഞ്ഞതിനെയാണ് വർഷങ്ങൾക്ക് ശേഷം മോദി വളച്ചൊടിച്ചത്. ഇതേ മാനദണ്ഡം വെച്ച് അളക്കുകയാണെങ്കിൽ ഇന്ത്യക്കാരെ അധിക്ഷേപിക്കുന്ന യഥാർഥ പരാമർശം നടത്തിയത് മോദിയായിരിക്കും, അതും വിദേശരാജ്യങ്ങൾക്ക് മുന്നിൽ വെച്ച്.

ആദ്യമായി അധികാരത്തിൽ ഏറിയ ശേഷം 2015 ൽ ദക്ഷിണ കൊറിയയിലേക്കും ചൈനയിലേക്കും നടത്തിയ വിദേശസഞ്ചാരത്തിന് പിന്നാലെ അവിടെ പ്രസംഗിച്ച മോദി പറഞ്ഞത് താൻ അധികാരത്തിൽ എത്തുന്നത് വരെ ഇന്ത്യയിൽ ജനിച്ചതിന്റെ പേരിൽ ഇന്ത്യക്കാർ തങ്ങളുടെ വിധിയെ ശപിക്കുകയായിരുന്നുവെന്നായിരുന്നു.

അറുപത് വർഷമായി നെഹ്‌റു മരിച്ചിട്ട്. എന്നാൽ ഈ അറുപത് വർഷവും ഇന്ത്യയെന്ന രാജ്യം മുന്നോട്ടു പോയതിന് പിന്നിൽ ജവഹർലാൽ നെഹ്‌റുവെന്ന ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി കണ്ട സ്വപ്‌നങ്ങളുടെ കൂടി ബലത്തിലായിരുന്നുവെന്നത് ആർക്കും തള്ളികളയാൻ കഴിയാത്ത യാഥാർഥ്യമാണ്.

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ

പി ജിയുടെ സൗദി അനുഭവം

പ്രശസ്ത നാടകാചാര്യൻ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു; വിടവാങ്ങിയത് നാടകങ്ങളിലൂടെ മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച പ്രതിഭ

വൈദ്യുതി വിതരണ കരാറിനായി അദാനി ജഗന്‍ റെഡ്ഡിയെ കണ്ടിരുന്നു; കൈക്കൂലി വാഗ്ദാനം ചെയ്തതായും യുഎസ് ഏജന്‍സി