മധ്യാഹ്നങ്ങളിൽ യോൻ ഫൊസ്സെ എഴുതാറില്ല. പുലർച്ചെക്കെഴുന്നേറ്റ് തന്റെ മുറിയിലിരുന്ന് രാവിലെ ഒമ്പതു മണി വരെ എഴുതുന്നതാണ് അയാളുടെ രീതി. ദീർഘമായ എഴുത്തിനൊടുവിൽ ഒരു മണിക്കൂർ വിശ്രമിക്കും. അതിനു ശേഷം വായിക്കുകയോ ഒന്നും ചെയ്യാതിരിക്കുകയോ ചെയ്യും. ഫൊസ്സെയുടെ ഏറ്റവും പുതിയ നോവലായ, അതൊരു ചെറിയ പുസ്തകമാണ്, 'എ ഷൈനിങ്ങി'ലെ (A Shining) കഥാപാത്രത്തെ പോലെ. ഉച്ചനേരങ്ങളിൽ അടുത്തപട്ടണത്തിലേക്കോ സൂപ്പർമാർക്കറ്റിലേക്കോ അലസമായി ഡ്രൈവ് ചെയ്തു പോകും.
“ഞാൻ വണ്ടിയോടിക്കുകയായിരുന്നു. അത് എനിക്ക് നന്നായി തോന്നി. എവിടേക്കാണ് ഞാൻ പോകുന്നതെന്ന് എനിക്ക് നിശ്ചയമുണ്ടായിരുന്നില്ല. ഞാൻ വെറുതെ അങ്ങനെ വണ്ടിയോടിച്ചുകൊണ്ടിരുന്നു. വിരസത എന്നെ പിടികൂടിയിരുന്നു. സാധാരണയായി ഞാൻ അങ്ങനെയായിരുന്നില്ല. എന്നാൽ ഇപ്പോൾ ആ വിരസതക്ക് ഞാനും ഇരയായി. ചെയ്യാൻ ആഗ്രഹിക്കുന്ന ഒന്നിനെക്കുറിച്ചും എനിക്ക് ചിന്തിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. അതുകൊണ്ട് ഞാൻ വെറുതെ എന്റെ കാറിൽ കയറി വണ്ടിയോടിച്ചു കൊണ്ടിരുന്നു, എവിടെയെങ്കിലും എത്തുമ്പോൾ എനിക്ക് വലത്തോട്ടോ ഇടത്തോട്ടോ തിരിയാം ഞാൻ വലത്തേക്ക് തിരിഞ്ഞു, അടുത്ത സ്ഥലത്ത് എത്തുമ്പോഴും എനിക്ക് വലത്തോട്ടോ ഇടത്തോട്ടോ തിരിയാം, ഞാൻ അപ്പോൾ ഇടത്തേക്ക് തിരിഞ്ഞു. അങ്ങനെ.” (എ ഷൈനിംഗ്)
തന്റെ ഏറ്റവും പുതിയ പുസ്തകത്തിലെ കഥാപാത്രത്തെ പോലെ ഫൊസ്സെ കഴിഞ്ഞ ദിവസവും അലസമായി ഡ്രൈവ് ചെയ്തു നോർവേയിൽ ഏറ്റവും വലിയ ഫിയോഡായ (fjord) സൊഗ്നിയിലൂടെ (sognefjord) സഞ്ചരിക്കുകയായിരുന്നു. മേഘാവൃതമായിരുന്നു ബെർഗനിലെ (Bergen) ആ ഉച്ചനേരം. ഒരു മണിയോടെ സ്വീഡിഷ് അക്കാദമിയിൽ നിന്നുള്ള വിളിയെത്തി. സ്ഥിരം സെക്രട്ടറി മാറ്റ്സ് മാം (Matts Malm) വിളിക്കുമ്പോൾ ഫൊസ്സെക്ക് അത്ഭുതം തോന്നിയില്ല. സാധാരണ ഇതര നൊബേൽ ജേതാക്കളെപ്പോലെ അയാൾ ആ ഫോൺ വിളിയിൽ ആശ്ചര്യപ്പെട്ടതേയില്ല എന്ന് മാറ്റ്സ് മാം പറയുന്നു. മറിച്ചു, അവാർഡിന്റെ പ്രായോഗിക കാര്യങ്ങളാണ് ഫൊസ്സെക്ക് അറിയാനുണ്ടായിരുന്നത്. ഡിസംബറിലെ പുരസ്‌കാര വിതരണത്തിനെത്തേണ്ടതിനെക്കുറിച്ചുള്ള കാര്യങ്ങളെക്കുറിച്ച്.
ഏറെക്കുറെ തനിക്ക് ഈ പുരസ്‌കാരം കിട്ടിയേക്കാമെന്ന് ഫൊസ്സേ അനുമാനിച്ചിരിക്കണം. ബെറ്റിങ് സൈറ്റുകളിലെ വിവിധ പേരുകളിൽ ഒന്ന് മാത്രമായിരുന്നുന്നെങ്കിലും പലർക്കും യോൺ ഫൊസ്സെക്ക് അവാർഡ് ലഭിച്ചത് അത്ഭുതമായിരുന്നില്ല. കഴിഞ്ഞ കുറെ വർഷങ്ങളായി ലോകസാഹിത്യത്തിലെ എണ്ണം പറഞ്ഞ പേരുകളിൽ ഒന്നാണ് ഫൊസ്സേ. ഉജ്വലമായ നോവലുകൾ, നാടകങ്ങൾ, ലേഖനങ്ങൾ, ബാലസാഹിത്യ എഴുത്തുകൾ ഒക്കെ കൊണ്ട് സമ്പന്നമായ എഴുത്തു ജീവിതത്തിന്റെ കൊടുമുടിയിൽ നിൽക്കുന്ന എഴുത്തുകാരനാണ് ഫൊസ്സേ.
തന്റെ ജീവിതമല്ല താൻ എഴുതുന്നതെന്ന് ഫൊസ്സെ പറയും. മറ്റുള്ളവരുടെ ജീവിതവും താൻ എഴുതാറില്ല. എഴുതുന്നതൊക്കെ എഴുതാനിരിക്കുമ്പോൾ വന്നു ചേരുന്നതാണ്. ഒരമ്മയെക്കുറിച്ചെഴുതുമ്പോൾ ചിലർ കരുതുന്നത് ഞാൻ എന്റെ അമ്മയെക്കുറിച്ചാണ് എഴുതിയിരിക്കുന്നത് എന്നാണ്. എന്നാൽ ഓരോ വായനക്കാരനിലും അയാളുടെ കഥാപാത്രങ്ങൾ എഴുത്തുകാരനെ ഓർമ്മിപ്പിക്കും. അത് വായനക്കാരന്റെ ഇഷ്ടമെന്നാണ് ഫൊസ്സെ പറയുന്നത്.
നൊബേൽ പുരസ്‌കാരത്തിന് ശേഷം അക്കാദമി വെബ്‌സൈറ്റിൽ ഒരു പോൾ നടത്തിയിരുന്നു. വായനക്കാർക്കായി. 3328 പേരോളം അതിൽ പങ്കെടുത്തു. ഫൊസ്സേയെ വായിച്ചിട്ടുള്ള ആകെ 12 ശതമാനമാണ്. 88 ശതമാനത്തോളം വായനക്കാർക്ക് അദ്ദേഹം അപരിചതനാണ്. അതിൽ അത്ഭുതമൊന്നുമില്ല എന്നത് നൊബേൽ സാഹിത്യ പുരസ്കാരത്തിന്റെ ചരിത്രം പറഞ്ഞു തരുന്നു. ഓരോ പുരസ്കാരവും പുതിയ ഒരെഴുത്തുകാരനെയും പുതിയ ഒരു ഭാവനലോകത്തേക്കുമുള്ള പ്രവേശികയാണ്. ഷോൺ മേരി ഗുസ്താവ് ലേക്‌ലേസിയോ (J. M. G. Le Clézio) എന്ന ഫ്രഞ്ച് എഴുത്തുകാരന് 2008 ൽ നൊബേൽ ലഭിക്കുമ്പോൾ അദ്ദേഹത്തിന്റെ പുസ്തകങ്ങൾ ഇംഗ്ലീഷിൽ തന്നെ വന്നിട്ട് തന്നെ ഉണ്ടായിരുന്നില്ല. അത്രയും അപരിചതരായതും എന്നാൽ എഴുത്തിന്റെ ഉത്തുംഗതയിൽ നിൽക്കുന്ന എഴുത്തുകാരെ മുഖ്യധാരയിലേക്ക് അതായത് ലോകത്തിന്റെ പൊതുവായ ശ്രദ്ധയിലേക്ക് കൊണ്ട് വരുന്നതിൽ ഓരോ നൊബേൽ പുരസ്കാരവും വലിയ പങ്ക് വഹിക്കുന്നു.
ആ അർത്ഥത്തിൽ ഉള്ള ഒരു അപരിചിതത്വം യോൻ ഫൊസ്സെയെന്ന എഴുത്തുകാരനുണ്ടാകുന്നില്ല. 2000 വരെയൊക്കെ താരതമ്യേന നോർവെക്ക് പുറത്ത് അപരിചിതനായിരുന്നെങ്കിലും നോർവേയിൽ അദ്ദേഹം സവിശേഷ ശ്രദ്ധ നേടുന്നതിൽ വിജയിച്ചിരുന്നു. ആധുനിക ഇബ്‌സൻ എന്ന വിശേഷണം നേടുന്നതിലേക്ക് നയിച്ചത് 2000ത്തിന്റെ ആരംഭത്തോടെ ഫ്രാൻസിലും ജർമനിയിലും ഫൊസ്സേയുടെ നാടകങ്ങൾക്ക് വേദിയൊരുങ്ങുന്നതിലൂടെയാണ്. 1999 ൽ ഫ്രഞ്ച് സംവിധായകനായ ക്‌ളൗഡ് റെഗി (Claude Regy) സംവിധാനം ചെയ്ത സം വൺ ഈസ് ഗോയിങ് ടു കം (Someone Is Going to Come) പാരിസിൽ അരങ്ങേറുന്നത് ഫൊസ്സെയുടെ ഭൂഖണ്ഡാനന്തര പ്രശസ്തിയുടെ തുടക്കമാകുകയായിരുന്നു അത്. 40 നാടകങ്ങളെഴുതിയ ഫൊസ്സേയുടെ എല്ലാ നാടകങ്ങളും വിവിധ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെടുകയും, ലോകത്തിന്റെ എല്ലായിടങ്ങളിലും അരങ്ങേറുകയും ചെയ്തിട്ടുണ്ട്. 900 ത്തിലധികം ഇത്തരം പ്രൊഡക്ഷനുകൾ അറിവിലും അറിയാതെ അതിലേറെയും അനുവാചകരിൽ എത്തിയിട്ടുണ്ടുണ്ടെന്നാണ് ബെറിറ്റ് ഗുൽബർഗ് (Berit Gullberg) ആറു നാടകങ്ങൾ എന്ന പുസ്തകത്തിലെ ആമുഖത്തിൽ എഴുതുന്നത്. ബ്രിട്ടനിൽ വേദി ലഭിച്ച തുടക്കത്തിലെ നാടകങ്ങളായ ദി ചൈൽഡ്, (The Child,1999) നൈറ്റ്സോങ്‌സ് (Nightsongs) എന്നിവക്ക് ശേഷം പിന്നേ ഒരു പതിറ്റാണ്ടിലപ്പുറം ഫൊസ്സേക്ക് കാത്തിരിക്കേണ്ടി വന്നു പ്രേക്ഷക ഹൃദയങ്ങളിലേക്ക് ആളിപ്പടരാൻ. വിഖ്യാത ഫ്രഞ്ച് നാടക സംവിധായകൻ പാട്രിസ് ചെറോയുടെ (Patrice Chéreau) കൈകളിലൂടെ ഐ ആം ദി വിൻഡ് (I Am the Wind) ലണ്ടനിൽ അരങ്ങേറുക വഴി ഫൊസ്സേ നിരൂപക ഹൃദയങ്ങളിലേക്ക് നടന്നു കയറുകയായിരുന്നു. മനുഷ്യജീവിയുടെ ഒറ്റപ്പെടൽ. അവന്റെ സ്വത്വം, മരണത്തെക്കുറിച്ചുള്ള അവന്റെ ആകുലതകൾ, മനുഷ്യാവസ്ഥയുടെ സങ്കീർണതയുടെയൊക്കെ കാവ്യാത്മകമായ അന്വേഷണമായിരുന്നു ഫൊസ്സെ നാടകങ്ങളിലൂടെ നടത്തിയത്.
പേരില്ലാത്ത രണ്ടു കഥാപാത്രങ്ങൾ, ദി വണ്ണും ആൻഡ് ദി അദറും, ഒരു ബോട്ടിൽ സഞ്ചരിക്കുന്നു. അവരുടെ സംഭാഷണങ്ങളും ഇടപെടലുകളും അവരുടെ ജീവിതത്തിന്റെയും ബന്ധങ്ങളുടെയും സങ്കീർണതകളിലേക്ക് ആഴ്ന്നിറങ്ങുന്നു. ഏകാന്തതതയും അസ്തിത്വപരമായ ചോദ്യങ്ങളും അവരുടെ ആന്തരിക സംഘർഷത്തെ പുറത്തു കൊണ്ട് വരുന്നു. മനുഷ്യാനുഭവങ്ങളിലേക്ക് ക്ഷണിക്കുന്ന ചിന്തോദീപകവും നിഗുഢവുമായ സൃഷ്ടിയാണ് ആ നാടകം. ഫോസെയ്ൻ മിനിമലിസത്തിന്റെ ഉജ്വലമായ ഉദാഹരണം കൂടിയാണ് ഐ ആം ദി വിൻഡ്. ഈ മിനിമലിസ്റ്റിക് സൗന്ദര്യശാസ്ത്രം സ്റ്റേജിന്റെ മാനുഷിക വിചിന്തനത്തിനുള്ള ക്യാൻവാസാക്കി അദ്ദേഹം മാറ്റി. ധ്യാനാത്മകമായ അനുഭവങ്ങളാണ് അദ്ദേഹത്തിന്റെ ഓരോ നാടകവുമെന്ന് നിരൂപകർ പ്രശംസിച്ചു.
എഴുത്തിന്റെ ആദ്യ കാലത്ത് ഫൊസ്സെയുടെ ഇഷ്ട തട്ടകം കവിതകളായിരുന്നു. കൗമാരകാലത്താണ് കവിതകളേറെയും എഴുതിയത്. കവിതകളിലും പ്രകാശിതമായത് ഫോസ്സെയ്ൻ മിനിമലിസത്തിന്റെ ചാരുത തന്നെയാണ്. മനുഷ്യന്റെ ഉള്ളിനെ ചികയുന്നവയായിരുന്നു ആ കവിതകളൊക്കെയും. വിശാലമായ നോർവീജിയൻ പ്രകൃതിയിലേക്കും മനുഷ്യന്റെ ഏകാന്തതയെക്കുറിച്ചും ജീവിതാസക്തിയെക്കുറിച്ചുമൊക്കെയായിരുന്നു ആ കവിതകൾ.
“യോൻ ഫൊസ്സേയുടെ ആദ്യകാല കവിത സമാഹാരങ്ങൾ ഒന്നായി പരിഗണിച്ചാൽ അതിൽ ഫിയോഡുകൾ, പർവ്വതങ്ങൾ, അരുവികൾ, മഴ, തിരമാലകളുടെ ചലനവുമൊക്കെ ഒഴിവാക്കാനാവാത്തതാണ്. പാശ്ചാത്യ സാഹിത്യത്തേയും തത്വചിന്തയിലെയും നീണ്ട പാരമ്പര്യങ്ങളുടെ ബന്ധവും അതിൽ കണമെന്നാണ് ടോം എഗിൽ ഹ്വെർവെൻ (Tom Egil Hverven) ഫൊസ്സേയുടെ കവിതകളെക്കുറിച്ചു എഴുതിയിട്ടുള്ളത്. തിരതല്ലിത്തകർത്ത കപ്പലിന്റെ അവശിഷ്ടങ്ങൾ പോലെയോ ഭാരമൊഴിക്കാൻ കപ്പലിൽ നിന്നും കടലിലൊഴുക്കുന്ന സാധനങ്ങൾ പോലെയോ ഒന്നാണ് തന്റെ കവിതകളെന്നു ഫൊസ്സേ പറയുന്നു. എഴുതി കഴിഞ്ഞുള്ള അവശേഷിപ്പുകളാണ് തന്റെ കവിതകൾ എന്നാണ് എഴുത്തുകാരൻ പറയുന്നത്.
1983 ൽ റെഡ് ബ്ലാക്ക് (Red, Black) എന്ന നോവലെഴുതിയാണ് ഫൊസ്സേ എഴുത്തിലേക്ക് കടന്നു വരുന്നത്. നോർവെയുടെ തെക്ക് പടിഞ്ഞാറൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഹൌഗെസുണ്ടിലെ (Haugesund) സ്ട്രാൻഡ്ബാമിലാണ് (Strandebarm) ഫൊസ്സേ ജനിച്ചു വളർന്നത്. മനോഹരമായ ഫിയോഡുകൾ, പർവതങ്ങൾ, ദ്വീപുകൾ അങ്ങനെ പ്രകൃതിയുടെ രമണീയതയിൽ വിലയിച്ചു നിൽക്കുന്ന ഒരു സാധാരണ ഭൂപ്രദേശമാണ് അത്. വായനയായിരുന്നു ചെറുതിലെ ഫൊസ്സേയുടെ കൂട്ടാളി. മൃദുഭാഷിയായ പ്രകൃതക്കാരനായിരുന്ന ഒരു കുട്ടിയായിരുന്നു ഫൊസ്സേ. എഴുത്തുകാരനായി തീർന്നത് എങ്ങനെയെന്നു ചോദിച്ചാൽ ഫൊസ്സേയുടെ പരിമിതമായ മറുപടി ബാല്യത്തിലെ ഏകാന്തതയെക്കുറിച്ചാകും. ഏഴാം വയസ്സിൽ താൻ നേരിട്ട ആഘാതപരമായ ഒരനുഭവം പിൽക്കാലത്ത് ജീവിതത്തെ എങ്ങനെ സ്വാധീനിച്ചുവെന്നും ഫൊസ്സെ പറയുന്നു. തണുത്തുറഞ്ഞ പോയ മഞ്ഞുപാളികളിലൂടെയുള്ള സാഹസികമായ നടത്തത്തിനിടയിൽ വീണ്ടുമാറിയ മഞ്ഞു പാളിയിലൂടെ ആ കുട്ടി താഴേക്ക് വീണു പോയി. മരണത്തോളമെത്തിയ ആ അനുഭവമാണ് തന്റെ പിൽക്കാലത്തെ രചനകളിലെ അസ്തിത്വം, ആത്മാന്വേഷണം തുടങ്ങിയ വിഷയങ്ങൾക്ക് പ്രചോദമായതെന്ന് ഫൊസ്സേ പറയുന്നു.
ഴാക്ക് ദെറിദയുടെ (Jacques Derrida) അപനിർമ്മാണവാദത്തിന്റെ സ്വാധീനവും ഫൊസ്സെയുടെ എഴുത്തിന്റെ കാതലാണ്. ഭാഷയുടെ പരിമിതികളും ആശയവിനിമയത്തിലെ സങ്കീർണതകളും അന്വേഷിക്കുന്ന അദ്ദേഹത്തിന്റെ രചനാശൈലി ദെറിദയുടെ തത്വചിന്തയുടെ പ്രതിഫലനമാണ്. ഭാഷയുടെ സങ്കീർണതകളും അത് ഉരുവം ചെയ്യുന്ന അർത്ഥത്തേയും അന്വേഷിക്കുന്നത് ദെറിദയിലും ഫൊസ്സെയിലും സമാനത കണ്ടെത്താം. ഭാഷയുടെ സൂക്ഷ്മതകളിലേക്ക് ആഴ്ന്നിറങ്ങുകയും പറയാതെ പോയതിനെക്കുറിച്ചും ആശയവിനിമയത്തിലെ വിടവുകളെക്കുറിച്ചും പറയുന്നു. ഭാഷയുടെ സ്ഥിരതയെയും അർത്ഥം നിർമിക്കപ്പെടുന്ന രീതിയെചോദ്യം ചെയ്യുന്ന ദെറിദയുടെ അപനിർമ്മാണവാദ ആശയവുമായി ഫൊസ്സേയുടെ എഴുത്തു രീതി യോജിച്ചു നിൽക്കുന്നു. പ്രത്യക്ഷമായത് മാത്രമല്ല ഭാഷയുടെ അർത്ഥം നിർണയിക്കുന്നതെന്നും മറിച്ചു അപ്രത്യക്ഷമായതോ മറഞ്ഞിരിക്കുന്നതോ ആയ കാര്യങ്ങളും അർത്ഥ നിർണയത്തിന് ഹേതുവാകുന്നുണ്ടെന്നതാണ് ഇരുവരുടെയും പക്ഷം. “നിശബ്ദമായ നാദം” അങ്ങനെയുന്നുണ്ടെന്നാണ് ഫൊസ്സെയുടെ പക്ഷം. വരികൾക്കിടയിൽ അലയടിക്കുന്ന ഉൾകാഴ്ചാദായകമായ നിശബ്ദത വരികൾക്കിടയിലൂടെ വായനക്കാർ കണ്ടെത്തേണ്ടതുണ്ട്. ആ നിശബ്ദമായ അർത്ഥതലത്തെക്കുറിച്ചാണ് ഫൊസ്സേ പറഞ്ഞത്. കലയിൽ സന്ദേശവും ശബ്ദവും പ്രധാനമല്ലെന്നും അദ്ദേഹം പറയുന്നു.
ഫൊസ്സെയുടെ കത്തോലിക്ക വിശ്വാസത്തിന് മെയിസ്റ്റർ എക്ഹാർട്ട് (Meister Eckhart) എന്ന മധ്യകാല ക്രിസ്ത്യൻ മിസ്റ്റിക്, ദൈവശാസ്ത്രജ്ഞനോട് കടപ്പെട്ടിരിക്കുന്നു. തന്റെ കൗമാര കാലത്ത് ഒരു വിഡ്ഢിയായ മാർക്സിസ്റ്റും നിരീശ്വരവാദിയുമായിരുന്നു താനെന്നാണ് അദ്ദേഹം പറയുന്നത്. ദൈവത്തെ നിശിതമായി എതിർത്തിരുന്നു. പിന്നീട് എന്റെ വിശ്വാസം എന്റെ എഴുത്തിലൂടെ വികസിച്ചു. പ്രായത്തിനനുസരിച്ച് എന്റെ വിശ്വാസങ്ങൾ പ്രകടിപ്പിക്കാനും മറ്റുള്ളവരുമായി പങ്കിടാനുമുള്ള ആഗ്രഹം വർദ്ധിച്ചു. ഒരു കാത്തോലിക്കൻ വിശ്വാസിയായി അദ്ദേഹം പരിണമിക്കുന്നതിലേക്കാണ് അത് നയിച്ചത്. മതത്തെ സർവ്വശക്തിയോടെ പ്രതിരോധിക്കുന്ന എഴുത്തുകാരിൽ നിന്ന് വ്യത്യസ്തനായി അദ്ദേഹം വിശ്വാസത്തെ മുറുകെ പിടിച്ചു.
എഴുത്തിന്റെ 15 വർഷങ്ങൾ തുടരെ നാടകം മാത്രം എഴുതി. ഇതിനിടയിൽ തന്നെ ആവേശിച്ച മദ്യപാനത്തെ വിശ്വാസ വഴിയിൽ ഫൊസ്സേ ഉപേക്ഷിച്ചു. വീണ്ടും നോവലെഴുതി തുടങ്ങിയപ്പോൾ വിശ്വസാഹിത്യത്തിലെ ഈടുറ്റ പുസ്തകങ്ങളായി അത് മാറി. നോർവിജിയനിലെ മുഖ്യധാരക്കാർ ഉപയോഗിക്കുന്ന ബൊക്മൽ (Bokmal) ഭാഷയിൽ നിന്ന് മാറി അദ്ദേഹം ന്യോൻസ്‌കിൽ (Nyonsk) എഴുതുന്നു.
തന്റെ നീളൻ മുടി കാറ്റിൽ പാറിച്ചു നീല ലേഡീസ് സൈക്കിളിൽ കൈയിൽ ഒരു ഗിറ്റാർ കെയ്‌സും പിടിച്ച് ബാൻഡ് പരിശീലനത്തിന് പോകുകയും വരികയും ചെയ്യുന്ന ആ കുട്ടിയെ എല്ലാവരും ഇന്നും ഓർക്കുന്നു. കാലം കടന്നു പോകുകയും, ഇരുണ്ട മുടിക്കാരനിൽ നര പടരുകയും ചെയ്തു. എന്നാലും ആ നീളൻ മുടി ഫൊസ്സെയുടെ വ്യക്തിചിഹ്നമായി ഇപ്പോഴും ഉണ്ട്. അദ്ദേഹം ഒരിക്കൽ ഒരു പത്രപ്രവർത്തക സിസിലി സീനെസിന്റെ ഇമെയിലിനു മറുപടിയായി കുറച്ചു വർഷങ്ങൾക്ക് മുൻപ് ഇങ്ങനെ എഴുതി. "എനിക്ക് വയസ്സായെന്നു തോന്നുന്നു. എളുപ്പത്തിൽ മുരടിച്ചു പോയതുപോലെ തോന്നുന്നു, വസന്തത്തിന്റെയും വെളിച്ചത്തിന്റെയും വരവിനായി കാത്തിരിക്കുകയാണ്!".
നൊബേൽ ശരിക്കും ഒരു വസന്തവും വെളിച്ചവുമാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.