അദാനിയുടെ വരവോടെ പുറത്ത് പോയ രവീഷ് കുമാറിന്റെ രാജിയോടെ എന്‍ഡിടിവിക്ക് നഷ്ടമാവുന്നത് ചാനലിന്റെ ഏറ്റവും ജനകീയമായ മുഖമാണ്. ചാനലിന്റെ സീനിയര്‍ എക്‌സിക്യുട്ടീവ് എഡിറ്റര്‍ പദവി രാജിവെച്ച അദ്ദേഹത്തിന്റെ തീരുമാനം മാധ്യമരംഗത്ത് വലിയ ഞെട്ടലാണ് ഉണ്ടാക്കിയത്. ജനകീയ വിഷയങ്ങള്‍ അവതരിപ്പിച്ച് ശ്രദ്ധേയനായ രവീഷ് കുമാര്‍, ജനങ്ങളെ ആഴത്തില്‍ സ്വാധീനിച്ച മാധ്യമ പ്രവര്‍ത്തകരിലൊരാളാണ്.
മാറ്റി മറിച്ച മാധ്യമ സംസ്‌കാരം
മാധ്യമമേഖലയെ ആത്മവിമർശനബുദ്ധിയോടെ സമീപിക്കാനും , വ്യത്യസ്തമായ ശൈലിയിലൂടെ പുതിയൊരു വാര്‍ത്താ അവതരണ സംസ്‌കാരത്തിന് തുടക്കം കുറിക്കാനും രവീഷിനെപ്പോലെ ധൈര്യം കാണിച്ച മറ്റൊരു മാധ്യമപ്രവര്‍ത്തകന്‍ ഇന്ത്യയിലില്ല. 2016 ഫെബ്രുവരിയില്‍ ദൃശ്യങ്ങളൊന്നുമില്ലാതെ ബ്ലാക്ക് സ്‌ക്രീനില്‍ രവീഷ് ഒരു പ്രൈം ടൈം ഷോ നടത്തി. 'യേ അന്ധേര ഹി ആജ് കി ടിവി കി തസ്വീര്‍ ഹേ (ഈ ഇരുട്ട് ഇന്നത്തെ ടെലിവിഷന്റെ ചിത്രം) എന്നായിരുന്നു പരിപാടിയുടെ പേര്.
ടെലിവിഷന്‍ ജേര്‍ണലിസത്തിന്റെ നഷ്ടമാകുന്ന ധാര്‍മിക അടിത്തറയെക്കുറിച്ച് എപ്പോഴും സംസാരിച്ച രവീഷ് ദിശാബോധമില്ലാതെ നടത്തുന്ന പ്രൈം ടൈം സംവാദങ്ങളെയും, തൊണ്ട പൊട്ടുന്നത്രയും ഉച്ചത്തിലുള്ള അവതരണത്തെയും വെല്ലുവിളിച്ചു കൊണ്ടാണ് അന്ന് പുതിയൊരു തുടക്കം കുറിച്ചത്. മൂല്യമില്ലാത്ത വാര്‍ത്തകള്‍ക്കും കോലാഹലങ്ങള്‍ക്കുമിടയില്‍ ശാന്തമായ അവതരണത്തിലൂടെ ന്യായമായ വാദങ്ങള്‍ക്ക് ഇടം നല്‍കുകയായിരുന്നു അദ്ദേഹം ചെയ്തത്
മാധ്യമ പ്രവര്‍ത്തനരീതിയും വാര്‍ത്താ മൂല്യങ്ങളും നിരന്തരം ചോദ്യം ചെയ്യപ്പെടുന്ന ഈ കാലത്ത് അത്രയേറെ ജനപ്രിയനായി വളരാന്‍ ഒരു മാധ്യമപ്രവര്‍ത്തകന് കഴിഞ്ഞിട്ടുണ്ടെങ്കില്‍ അദ്ദേഹത്തിന്റെ ഇടപെടല്‍ അത്രയേറെ ആളുകളെ സ്വാധീനിച്ചിരിക്കണം. കൂടുതല്‍ മാധ്യമങ്ങളും അവഗണിക്കുന്ന, പ്രാധാന്യം നല്‍കാത്ത മേഖലകളിലായിരുന്നു രവീഷ് കുമാര്‍ ശ്രദ്ധയൂന്നിയിരുന്നത്.
രാജ്യത്ത് ഏറ്റവും കൂടുതല്‍ ശ്രദ്ധ നല്‍കേണ്ട ഇന്ത്യന്‍ വിദ്യാഭ്യാസത്തിന്റെ ദുരവസ്ഥ അദ്ദേഹം ജനങ്ങളിലെത്തിച്ചു. ടിവി സ്‌ക്രീനിന് അപ്പുറത്ത് നിന്ന് സംസാരിക്കുന്ന രവീഷ് തൊട്ടരികിലുള്ള സോഫയിലിരുന്ന് ജനങ്ങളോട് സംവദിക്കുന്ന പ്രതീതിയാണ് സൃഷ്ടിച്ചത്. രവിഷ് കുമാറിന്റെ ഹം ലോഗ്, രവീഷ് കി റിപ്പോര്‍ട്ട്, ദേശ് കി ബാത്ത്, പ്രൈം ടൈം എന്നീ വാര്‍ത്താ പരിപാടികള്‍ വലിയ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
മുന്‍നിര വാര്‍ത്താ അവതാരകര്‍ക്കിടയില്‍ അദ്ദേഹം എന്നും വേറിട്ട് നിന്നു. ഇന്ത്യയ്ക്കകത്തും പുറത്തും നിന്ന് നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി. ഇന്ത്യയില്‍ നിന്നും മഗ്‌സസെ പുരസ്‌കാരം ലഭിച്ച അഞ്ചാമത്തെ മാധ്യമ പ്രവര്‍ത്തകന്‍ കൂടിയാണ് രവീഷ് കുമാര്‍. അദ്ദേഹം രാജിവെയ്ക്കുമ്പോള്‍ ജനപക്ഷത്ത് നിന്ന് വാർത്തയെ സമീപിച്ച ഒരു മാധ്യമപ്രവർത്തന ശൈലി കൂടിയാണ് എന്‍ഡിടിവിക്ക് നഷ്ടമാവുന്നത്