കുട്ടിയില്‍ മാത്യു ജോസഫ് എന്ന ജസ്റ്റിസിന് ഇന്ന് സുപ്രീം കോടതി ഔദ്യോഗികമായി യാത്രയയപ്പ് നല്‍കുകയാണ്. അടുത്തമാസമാണ് വിരമിക്കേണ്ടതെങ്കിലും കോടതി അവധിയായതിനാലാണ് ജസ്റ്റിസ് ജോസഫ് താന്‍ കേട്ട അവസാന കേസിലും വിധിപറഞ്ഞ് പടിയിറങ്ങുന്നത്. സുപ്രീം കോടതിയിലെ നിയമനം മുതല്‍ വാർത്തകളിൽ നിറഞ്ഞുനിന്ന ജസ്റ്റിസ് ജോസഫ് ഭരണഘടനാ മൂല്യങ്ങള്‍ പിന്തുടരുകയും അതിനുവേണ്ടി നിലകൊള്ളുകയും ചെയ്ത ആളെന്ന നിലയിലാവും ചരിത്രത്തില്‍ ഇടംപിടിക്കുക. കേരള ഹൈക്കോടതിയില്‍ ജഡ്ജിയായിരിക്കുമ്പോള്‍ മുതല്‍ അദ്ദേഹം പുറപ്പെടുവിച്ച വിധികള്‍ ഇതിന് സാക്ഷ്യം പറയാനാണ്ടാവും.
സുപ്രീം കോടതി ജഡ്ജിയായിരുന്ന കെ കെ മാത്യുവിന്റെ മകനായ ജസ്റ്റിസ് കെ എം ജോസഫിന് നിയമത്തിന്റെ വഴികളിലൂടെ നടക്കാനായിരുന്നു ചെറുപ്പത്തിലെ താല്‍പ്പര്യം. എറണാകുളം ലോ കോളേജില്‍നിന്ന് നിയമബിരുദം നേടിയ ജോസഫ്, ഡല്‍ഹി ഹൈക്കോടതിയിലാണ് തന്റെ അഭിഭാഷക വൃത്തി ആരംഭിച്ചത്. പിന്നീട് കേരള ഹൈക്കോടതിയിലെത്തിയ അദ്ദേഹം 2004 ല്‍ അവിടെ ജഡ്ജിയായി നിയമിക്കപ്പെട്ടു. പല വിഖ്യാതമായ തീരുമാനങ്ങളുടെ തുടക്കം അവിടെയാണെന്ന് പറയാം. ആലപ്പുഴയിലെ കാപിക്കോ റിസോര്‍ട്ടുകള്‍ നിര്‍മിച്ചത് നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് പൊളിച്ചുമാറ്റാന്‍ ഉത്തരവിട്ടത് ജസ്റ്റിസ് ജോസഫ് അടങ്ങിയ ഹൈക്കോടതി ബെഞ്ചായിരുന്നു.
എന്നാല്‍ ജസ്റ്റിസ് ജോസഫ് എക്‌സിക്യൂട്ടീവിന്റെ കണ്ണിലെ കരടായത് അദ്ദേഹം ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസായിരിക്കുമ്പോള്‍ എടുത്ത ഒരു തീരുമാനമായിരുന്നു. ഉത്തരാഖണ്ഡില്‍ 2016 ല്‍ അധികാരത്തിലുണ്ടായിരുന്ന ഹരീഷ് റാവത്ത് സര്‍ക്കാരിന് ഭൂരിപക്ഷമില്ലെന്ന് കാണിച്ച്, രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയത് ജസ്റ്റിസ് കെ എം ജോസഫ് അടങ്ങിയ ഡിവിഷന്‍ ബഞ്ച് റദ്ദാക്കുകയായിരുന്നു. രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ നടപടി സുപ്രീം കോടതി നിര്‍ദ്ദേശിച്ച തത്വങ്ങള്‍ക്ക് നിരക്കുന്നതല്ലെന്നും റാവത്ത് സര്‍ക്കാരിനെ സര്‍ക്കാരിനെ പുനഃസ്ഥാപിക്കാനുമായിരുന്നു കോടതി ഉത്തരവിട്ടത്. മോദി സര്‍ക്കാരിന് കനത്ത തിരിച്ചടിയായിരുന്നു ഇത്.
ഏതാനും കോണ്‍ഗ്രസ് എംഎല്‍എമാര്‍ കുറുമാറിയതായിരുന്നു ഇവിടെ പ്രതിസന്ധി സൃഷ്ടിച്ചത്. കൂറുമാറിയ എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടി ശരിവച്ചുകൊണ്ടായിരുന്നു ഭൂരിപക്ഷം തെളിയിക്കാന്‍ റാവത്തിന് കോടതി അനുമതി നല്‍കിയത്. ഇത് മോദി സര്‍ക്കാരിന് വലിയ പ്രഹരമായി മാറി. സംസ്ഥാന സര്‍ക്കാരുകളെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുന്നതിന് മുമ്പ് പാലിക്കേണ്ട നടപടികള്‍ എന്താവണമെന്ന സുപ്രീം കോടതിയുടെ മുന്‍ ഉത്തരവുകള്‍ പിന്തുടര്‍ന്നായിരുന്നു ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ നടപടി. ഇതോടെ ജസ്റ്റിസ് ജോസഫ് കേന്ദ്രസര്‍ക്കാരിന്റെ കണ്ണിലെ കരടായെന്ന് വേണം കരുതാന്‍.
ഇക്കാര്യം പൊതുസമൂഹത്തിന് ബോധ്യമായത് ജസ്റ്റിസ് കെ എം ജോസഫിനെ സുപ്രീം കോടതിയിലേക്ക് കൊളീജിയം ശുപാര്‍ശ ചെയ്തപ്പോഴായിരുന്നു. 2018 ജനുവരി 11നാണ് കൊളീജിയം കെ എം ജോസഫിനെ സുപ്രീം കോടതിയിലേക്ക് ശുപാര്‍ശ ചെയ്തത്. എന്നാല്‍ ശുപാര്‍ശ അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. ജസ്റ്റിസ് ജോസഫിന്റെ സീനിയോറിറ്റിയില്‍ കേന്ദ്രം സംശയം പ്രകടിപ്പിക്കുകയും ചെയ്തു. ഇതിനെതിരെ വ്യാപകമായ വിമര്‍ശനമുണ്ടായി. ഇതിനിടയില്‍ അന്ന് ജസ്റ്റിസായിരുന്ന ജെ ചെലമേശ്വര്‍ കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരെ രംഗത്തുവരികയും ചെയ്തു. പിന്നീട് സുപ്രീം കോടതി കൊളിജീയം ജസ്റ്റിസ് ജോസഫിന്റെ പേര് വീണ്ടും നിര്‍ദ്ദേശിക്കുകയായിരുന്നു. അങ്ങനെയാണ് ഒടുവില്‍ സുപ്രീം കോടതിയിലേക്ക് ജസ്റ്റിസ് ജോസഫിനെ നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സമ്മതിച്ചത്. ഏറ്റവും കൂടുതല്‍ കാലം ഹൈക്കോടതി ചീഫ് ജസ്റ്റിസായി ഇരുന്നശേഷം സുപ്രീം കോടതിയിലേക്ക് നിയമനം ലഭിച്ച ന്യായാധിപനായി മാറി ഇതോടെ കെ എം ജോസഫ്.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെയും കമ്മിഷണര്‍മാരുടെയും നിയമനം സംബന്ധിച്ച് നിർണായക ഉത്തരവ് പുറപ്പെടുവിച്ച സുപ്രീം കോടതി ഭരണഘടനാ ബഞ്ചിന്റെ തലവന്‍ ജസ്റ്റിസ് കെ എം ജോസഫായിരുന്നു. മുഖ്യ കമ്മിഷണറെയും കമ്മിഷണര്‍മാരെയും പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവരുടെ ശുപാര്‍ശ പ്രകാരം രാഷ്ട്രപതിയാണ് നിയമിക്കേണ്ടതെന്നായിരുന്നു ഭരണഘടനാ ബഞ്ചിന്റെ വിധി. കുറച്ച് വര്‍ഷങ്ങളായി തിരഞ്ഞെടുപ്പ് കമ്മിഷണര്‍മാരുടെ നിയമനം ഭരണകക്ഷിയുടെ താല്‍പ്പര്യത്തിന് അനുസരിച്ചാണെന്ന വിമര്‍ശനം ഉയരുന്ന പശ്ചാത്തലത്തിലായിരുന്നു ഉത്തരവ്. ഭരണഘടനയുടെ ചട്ടങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ചുമതലയെന്നും ബഞ്ച് സുപ്രാധാന വിധിയില്‍ വ്യക്തമാക്കി. തമിഴ്‌നാട്ടിലെ ജല്ലിക്കട്ടുമായി ബന്ധപ്പെട്ട സുപ്രധാന ഭരണഘടന ബഞ്ചിന് നേതൃത്വം നല്‍കിയാണ് ജസ്റ്റിസ് ജോസഫ് തന്റെ നീതിന്യായവൃത്തി അവസാനിപ്പിക്കുന്നത്. ജല്ലിക്കെട്ട് നിരോധിച്ച് നേരത്തെ സുപ്രീം കോടതി പുറപ്പെടുവിച്ച വിധി മറികടക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിന്റെ കാര്യത്തില്‍ ഇടപെടേണ്ടെന്നായിരുന്നു സുപ്രീം കോടതി വിധി.
വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നടത്തിയ സുപ്രധാന നിർദ്ദേശങ്ങളും ജസ്റ്റിസ് ജോസഫിന്റെ ബെഞ്ചിൻ്റെതായിരുന്നു. ഭരണകൂടത്തിന്റെ ശേഷിയില്ലായ്മായാണ് വ്യാപകമാവുന്ന വിദ്വേഷ പ്രസംഗങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് പറഞ്ഞ ജസ്റ്റിസ് ജോസഫ്, ന്യൂനപക്ഷങ്ങള്‍ക്കെതിരായ പ്രചാരണത്തെയും നിശിതമായി വിമര്‍ശിച്ചു. ''ഭരണഘടനയനുസരിച്ച് എല്ലാ അവകാശങ്ങളുമുള്ളവരാണ് ന്യുനപക്ഷങ്ങള്‍. അവരോട് പാകിസ്താനില്‍ പോകണമെന്നൊക്കെയാണ് പറയുന്നത്. ഭരണകൂടത്തിന് നടപടിയെടുക്കാന്‍ പറ്റുന്നില്ലെങ്കില്‍ പിന്നെ ഭരണകൂടം എന്തിനാണ്. നിയമവാഴ്ചയാണ് ആദ്യം ഉറപ്പവരുത്തേണ്ടത്. അങ്ങനെയാണ് സാഹോദര്യമുണ്ടാവുക,'' ജസ്റ്റിസ് ജോസഫ് ചൂണ്ടിക്കാട്ടി
ജസ്റ്റിസ് ജോസഫ് പടിയിറങ്ങുമ്പോള്‍ അദ്ദേഹം കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പറഞ്ഞ ഒരു കാര്യം ഇന്ത്യയിലെ നിയമവ്യവസ്ഥ എങ്ങനെയൊക്കെ ചില സ്ഥാപിത താല്‍പ്പര്യക്കാര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്നുവെന്നതിന്റെ കൂടി വിമര്‍ശനമായി കണക്കാക്കാം. ഗുജറാത്ത് കലാപത്തിനിരയായ ബില്‍ക്കിസ് ബാനു ഗുജറാത്ത് സര്‍ക്കാരിനെതിരെ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു അത്. ബില്‍കിസ് ബാനുവിനെ ബലാല്‍സംഗത്തിനിരയാക്കുകയും ബന്ധുക്കളായ 14 പേരെ കൊലപ്പെടുത്തുകയും ചെയ്ത കേസില്‍ 11 പേരായിരുന്നു ശിക്ഷിക്കപ്പെട്ടത്. ഇവരെയാണ് ശിക്ഷാ ഇളവ് നല്‍കി ഗുജറാത്ത് സര്‍ക്കാര്‍ മോചിപ്പിച്ചത്. ഇതിനെതിരായ ഹര്‍ജിയായിരുന്നു ജസ്റ്റിസ് ജോസഫ് പരിഗണിച്ചത്.
തന്റെ ബെഞ്ച് ഒഴിവായിക്കിട്ടാന്‍ കൊലപാതകക്കേസില്‍ ശിക്ഷ ലഭിച്ചവര്‍, ചില സാങ്കേതികത്വങ്ങള്‍ സൃഷ്ടിക്കുകയാണെന്നായിരുന്നു ജസ്റ്റിസ് ജോസഫിന്റെ നിശിത വിമര്‍ശനം. ഭരണഘടനാമൂല്യങ്ങള്‍ അട്ടിമറിക്കപ്പെടുന്നുവെന്ന് വ്യാപകമായി ആശങ്ക ഉയര്‍ത്തപ്പെടുന്ന കാലത്താണ്, നീതിന്യായമൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് ജസ്റ്റിസ് കെഎം ജോസഫ് പടിയിറങ്ങുന്നത്.