PEOPLE

ശോഭീന്ദ്രന്‍ മാഷ് എന്ന തണല്‍ മരം

താടി കൊണ്ട് ആശയവിനിമയം ചെയ്യുന്ന ആളായിരുന്നു മാഷ്. തനിക്കു സ്വീകാര്യമായവ പറയുമ്പോള്‍ അദ്ദേഹം താടി കഴുത്തിന്റെ ഭാഗത്തേക്ക് തടവും. ഇഷ്ടമല്ലാത്തവ ആണെങ്കില്‍ എതിര്‍ ദിശയിലേക്കും

കെ എ ഷാജി

കോളേജിന് പിന്നിലെ പാറക്കെട്ടുകള്‍ക്ക് മുകളില്‍ അസ്തമയം നോക്കിയിരിക്കുമ്പോള്‍ സന്ദേഹിയായ വിദ്യാര്‍ത്ഥി അധ്യാപകനോട് ചോദിച്ചു: ``ഇങ്ങനെയൊരു സംശയം തെറ്റാണോ എന്നറിയില്ല. പാറക്കെട്ടുകള്‍ നിറഞ്ഞ നൂറേക്കറില്‍ അധികമുള്ള കുന്നിന്‍ മുകളിലുള്ള കലാലയത്തില്‍ നമ്മുടെ പരിഗണന കുടിവെള്ളമാണോ അതോ പ്രതിമാ നിര്‍മ്മാണമാണോ?''

ഒരു നിമിഷത്തെ മൗനത്തിനൊടുവില്‍ അധ്യാപകന്‍ തിരിച്ചു ചോദിച്ചു: ``നമ്മുടെ കോളേജില്‍ എത്ര അധ്യാപകരും വിദ്യാര്‍ത്ഥികളും ഉണ്ട്?''

``മൂവായിരത്തിലധികം വിദ്യാര്‍ത്ഥികള്‍. അധ്യാപകരാകട്ടെ ഇരുനൂറിലധികം.''

``അവരില്‍ നിങ്ങളും ഞാനും അടക്കം കഷ്ടി നൂറ്റമ്പത് പേരല്ലേ ഈ പ്രതിമാ നിര്‍മാണം എന്ന ഭ്രാന്തുമായി നടക്കുന്നത്? ബാക്കിയുള്ളവര്‍ എല്ലാവരുമല്ലെങ്കില്‍ കുറച്ചുപേരെങ്കിലും മുന്‍കൈ എടുത്താല്‍ ഈ കുടിവെള്ള ക്ഷാമം പരിഹരിക്കാവുന്നതല്ലേയുള്ളു. എല്ലാം ഒരാള്‍ തന്നെ ഏറ്റെടുക്കണോ?''

സന്ദേഹി മൗനത്തിലായി. അധ്യാപകന്‍ തുടര്‍ന്നു: ``നമ്മളീ മൊട്ടക്കുന്ന് മുഴുവന്‍ മരങ്ങള്‍ നടുന്നു. കുറച്ചു ശില്പങ്ങള്‍ ഉണ്ടാക്കി വയ്ക്കുന്നു. നാളെ ഈ കലാലയം അവയിലൂടെയാകും അറിയപ്പെടുക. കുടിവെള്ള ക്ഷാമം കാരണം ക്യാംപസ് അനുഭവിക്കുന്ന ബുദ്ധിമുട്ട് എനിക്കറിയാം. ആര് മുന്‍കൈ എടുത്താലും അവര്‍ക്കൊപ്പം ചേര്‍ന്ന് നില്‍ക്കാന്‍ ഞാനും തയ്യാറാണ്.''

കുറച്ചു വര്‍ഷങ്ങള്‍ക്കിപ്പുറം ഒരിക്കല്‍ ആ അധ്യാപകന്‍ പഴയ വിദ്യാര്‍ത്ഥി ജോലി ചെയ്തിരുന്ന മാധ്യമ സ്ഥാപനത്തില്‍ കടന്നുവന്നു. കുന്നിന് താഴെ വെള്ളമുള്ള ഭൂമി വാങ്ങി കുഴിച്ച കിണറിന്റെയും അവിടെ നിന്നും കൊണ്ടുവരുന്ന വെള്ളം സ്റ്റോര്‍ ചെയ്യുന്ന കൂറ്റന്‍ ഓവര്‍ഹെഡ് ടാങ്കിന്റെയും ചിത്രങ്ങള്‍ കാണിച്ചു. പഴയ ചോദ്യത്തിന് ഉത്തരമാണെന്ന് പറഞ്ഞു ചിരിച്ചു.

കോഴിക്കോട്ടെ സാമൂതിരി ഗുരുവായൂരപ്പന്‍ കോളജില്‍ ടി ശോഭീന്ദ്രന്‍ പഠിപ്പിച്ചിരുന്നത് സാമ്പത്തിക ശാസ്ത്രവും ഞാന്‍ പഠിച്ചത് സാമൂഹിക ശാസ്ത്രവുമായിരുന്നു. അദ്ദേഹത്തിന്റെ ഒരു ക്ലാസ് മുറിയില്‍ പോലും ഒരിക്കലും ഇരുന്നിട്ടില്ല. പക്ഷെ ചരിത്രവും ചിത്രകലയും പരിസ്ഥിതി സംരക്ഷണവും സിനിമയും തുടങ്ങി മാനുഷികമായ എല്ലാം പഠിച്ച ഒരു വലിയ സര്‍വകലാശാലയായിരുന്നു അദ്ദേഹം. സ്‌നേഹമായും നന്മയായും കരുണയായും സ്വാന്തനമായും അദ്ദേഹം തലമുറകളെ തന്നോട് ചേര്‍ത്തുനിര്‍ത്തി.

അദ്ദേഹം തന്റെ കുട്ടികളെ സ്വപ്നങ്ങള്‍ കാണാന്‍ പഠിപ്പിച്ചു. ആത്മവിശ്വാസത്തോടെ പൊരുതി നേടാന്‍ പഠിപ്പിച്ചു. സ്വയം നിസാരരാകാനും പ്രകൃതിയിലേക്ക് ഇറങ്ങി ചെല്ലാനും പഠിപ്പിച്ചു.

ബിരുദ വിദ്യാര്‍ത്ഥിയായി കോളജില്‍ ചേര്‍ന്നതിന്റെ മൂന്നാം ദിവസം ഒരു ഞായറാഴ്ചയായിരുന്നു. അടുത്ത മുറിയില്‍ താമസിച്ചിരുന്ന വിദ്യാര്‍ത്ഥി സംഘടനാ നേതാക്കള്‍ക്കൊപ്പം ക്യാംപസില്‍ ചെന്ന് ചുമരെഴുത്തു തുടങ്ങി. നല്ല വൃത്തിയായി വെള്ള പൂശിയിരുന്ന ചുമരാണ്. നവാഗതര്‍ക്ക് സ്വാഗതം എന്നെഴുതി മുഴുമിക്കുന്നതിന് മുന്‍പ് ഒരു ബൈക്ക് പിന്നില്‍ വന്നു നിന്നു. അതില്‍ നിന്നും ഫിദല്‍ കാസ്‌ട്രോയെപ്പോലെ ഒരാള്‍ ഇറങ്ങി വരുന്നു. ചുമര്‍ വൃത്തികേടാക്കിയതിന് ചീത്തപറയാനാകുമെന്നാണ് കരുതിയത്. തുടര്‍ന്നുകൊള്ളാന്‍ അദ്ദേഹം പറഞ്ഞു.

കുറച്ചു നേരം അദ്ദേഹം നോക്കി നിന്നു. പേര് ശോഭീന്ദ്രന്‍ എന്നാണെന്നും ഇക്കണോമിക്‌സ് അധ്യാപകനാണെന്നും പറഞ്ഞു പരിചയപ്പെടുത്തി. ആ തുറന്ന സമീപനം ഉണ്ടാക്കിയത് ഒരു അമ്പരപ്പായിരുന്നു. വരയ്ക്കുമോ എന്ന് ചോദിച്ചപ്പോള്‍ കുറച്ചൊക്കെ എന്ന് മറുപടി പറഞ്ഞു. താന്‍ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ പ്രോഗ്രാം ഓഫീസര്‍ ആണെന്നും അതില്‍ ചേരണമെന്നും അവിടെ എഴുതാനും വരയ്ക്കാനും കുറെയുണ്ടാകുമെന്നും പറഞ്ഞയാള്‍ ബൈക്ക് ഓടിച്ചു കയറ്റിയത് ഹൃദയത്തിലേക്കായിരുന്നു.

അപാരമായ ഒരു പാരസ്പര്യത്തിന്റെ തുടക്കം

മാഷ് ഒരത്ഭുതമായിരുന്നു. കൃത്യമായ വിന്യാസത്തിലുള്ള ഭാഷയും സംസാര ശൈലിയും. ഒട്ടും കാര്‍ക്കശ്യം കാണിക്കാതെ വിദ്യാര്‍ത്ഥികളെ തനിക്ക് അനുകൂലമാക്കുന്ന സിദ്ധി. മരം നടാനുള്ള കുട്ടയും വട്ടിയും തൂമ്പയുമായി ബൈക്കിന്റെ പിന്നില്‍ കയറുമ്പോള്‍ പോലും ഉള്ളില്‍ സ്‌നേഹവും ആദരവും നിറഞ്ഞ വികാരമായിരുന്നു ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും.

ക്യാമ്പസിലും മിനി ബൈപാസ്സിനിരുവശത്തും ഞങ്ങള്‍ തുടര്‍ച്ചയായി തണല്‍ മരങ്ങളും ഫലവൃക്ഷങ്ങളും നട്ടു. വയനാട്ടിലെ തോല്‍പെട്ടിയില്‍ വന്യമൃഗങ്ങള്‍ക്ക് വെള്ളം കുടിക്കാന്‍ കുളം നിര്‍മിച്ചു. അനാഞ്ചിറയില്‍ ചെക്ക് ഡാം ഉണ്ടാക്കി. പന്തീരാങ്കാവിലും ചമലിലും റോഡ് നിര്‍മ്മിച്ചു. കോളജിലെ പൂര്‍വവിദ്യാര്‍ത്ഥിയായിരുന്ന മഹാനായ ചിത്രകാരന്‍ എ സി കെ രാജയുടെ സ്മരണാര്‍ത്ഥം പ്രതിവര്‍ഷം ആര്‍ടിസ്റ്റ്‌സ് ക്യാമ്പുകള്‍ നടത്തി.

മദ്യത്തോടും പുകവലിയോടും കടുത്ത വിയോജിപ്പുണ്ടായിരുന്ന മാഷ് എങ്ങനെയായിരുന്നു ജോണ്‍ എബ്രഹാമിന്റെയും മധു മാഷുടെയുമൊക്കെ അടുത്ത കൂട്ടുകാരനായിരുന്നത് എന്നത്ഭുതപ്പെട്ടിട്ടുണ്ട്

ഇവയ്ക്കെല്ലാമിടയിലായിരുന്നു ക്യാമ്പസിനെ ശില്പസമുച്ചയം ആക്കുക എന്ന മാഷുടെ സ്വപ്നം. ആദ്യം നിര്‍മ്മിച്ച പുസ്തകം വായിക്കുന്ന പെണ്‍കുട്ടിയുടെയും ബോധി വൃക്ഷ ചുവട്ടിലെ ബുദ്ധന്റെയും പ്രതിമകള്‍ വേഗത്തില്‍ സാക്ഷാത്കൃതമായി.

അപ്പോഴാണ് ഒരു വിഖ്യാത ശില്‍പി ഇന്ത്യന്‍ ക്യാംപസുകളിലെ ഏറ്റവും വലിയ ശില്‍പം എന്ന ആശയവുമായി വരുന്നത്. മണ്ണെണ്ണ വിളക്കിന് മുന്നിലിരുന്ന് പുസ്തകം വായിക്കുന്ന പെണ്‍കുട്ടിയുടെ ശില്‍പം എന്ന തീരുമാനമുണ്ടായി. ശില്‍പത്തിനകത്ത് ഒരു മിനി ആര്‍ട്ട് ഗ്യാലറിയും മുന്നില്‍ ഒരു മിനി സ്റ്റേജുമായി പദ്ധതി വളര്‍ന്നു.

ആസൂത്രണത്തിലെ വീഴ്ചകളും കണക്കുകൂട്ടലുകളിലെ വീഴ്ചയും കൊണ്ട് ശില്പ നിര്‍മ്മാണം വലിയ ബാധ്യതയായി. ഒരുപാട് സിമന്റും കല്ലും മണലും പ്രതിമ തിന്നുകൊണ്ടിരുന്നു. എവിടെയും എത്തുന്നില്ല. പലവട്ടം പണി മുടങ്ങി.

പഠനം കഴിഞ്ഞു കോളജ് വിട്ടു പോകുന്ന വിദ്യാര്‍ത്ഥികളുടെ കോഷന്‍ ഡിപ്പോസിറ്റ് സമ്മതപത്രം ഒപ്പിട്ടു വാങ്ങി പ്രതിമാ ഫണ്ടില്‍ എത്തിച്ചായിരുന്നു നിര്‍മ്മാണം. പക്ഷെ ആ തുക അപര്യാപ്തമായി. ശോഭീന്ദ്രന്‍ മാഷുടെയും അന്നത്തെ പ്രിന്‍സിപ്പാള്‍ വാസുദേവന്‍ ഉണ്ണിയുടെയും ശമ്പളം ഏതാണ്ട് മൊത്തമായി തന്നെ സിമന്റും കമ്പിയും വില്‍ക്കുന്ന കടകളിലേക്ക് ഒഴുകി. നഗരത്തിലെ നിര്‍മ്മാണ സാമഗ്രികള്‍ വില്‍ക്കുന്ന കടകളില്‍ മാഷ് വലിയ കടക്കാരനായി.

ഒരു ദിവസം നഗരത്തിലെ ഒരു ലക്ഷ്യസ്ഥാനത്തേക്ക് ചുറ്റി വളഞ്ഞു ബൈക്കില്‍ പോകുമ്പോള്‍ അതെന്തുകൊണ്ട് എന്ന് ചോദിച്ചപ്പോള്‍ മാഷ് പറഞ്ഞു: ``നേരെ പോയാല്‍ അവിടെ രണ്ടു കച്ചവടക്കാരെ കാണേണ്ടി വരും. അവരോട് പറഞ്ഞ അവധികള്‍ പലതും തെറ്റി.''

അങ്ങനെയിരിക്കെയാണ് വൈക്കം മുഹമ്മദ് ബഷീറിന്റെ മരണം. അന്നൊരിക്കല്‍ ഒരു പ്രമുഖ രാഷ്ട്രീയപാര്‍ട്ടിയുടെ മുഖപത്രത്തില്‍ വന്ന വാര്‍ത്ത ഞങ്ങളെ എല്ലാം വിസ്മയപ്പെടുത്തി: ബഷീറിന്റെ കഥാപാത്രമായ സുഹ്റയ്ക്കു ക്യാംപസില്‍ പുനര്‍ജ്ജന്മം എന്നായിരുന്നു തലക്കെട്ട്. കഥാസന്ദര്‍ഭവുമായി വിദഗ്ദമായി പ്രതിമയെ ചേര്‍ത്തുവയ്ക്കുന്ന അത്യുഗ്രന്‍ വാര്‍ത്ത. ഇത് സുഹറയുടെ ശില്പമാണ് എന്ന് മാഷ് നേരത്തെ പറഞ്ഞില്ലല്ലോ എന്ന് ചോദിച്ചപ്പോഴാണ് അത് ലേഖകന്‍ ഭാവനയില്‍ കണ്ടത് മാത്രമാണെന്നും താനോ ശില്‍പിയോ പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തിയത്.

അപ്പോഴേക്കും ക്യാംപസില്‍ സ്ഥിതിഗതികള്‍ മോശമായി. ഗുരുവായൂരപ്പന്റെ കോളേജില്‍ സുഹറയോ എന്ന് ചോദിക്കുന്ന എബിവിപി പോസ്റ്ററുകള്‍ വ്യാപകമായി പ്രത്യക്ഷപ്പെട്ടു. കുട്ടികളുടെ കോഷന്‍ ഡിപ്പോസിറ്റ് തട്ടിയെക്കുന്നവരായി മാഷും ഉണ്ണിമാഷും ചിത്രീകരിക്കപ്പെട്ടു. സമരങ്ങളുടെ വേലിയേറ്റം തന്നെ ഉണ്ടായി. വര്‍ഗീയത ഉന്മത്ത നൃത്തം ചവിട്ടി.

തകര്‍ന്നുപോയ മാഷ് തീരുമാനം പറഞ്ഞു. അത് പേരില്ലാത്ത ഒരു ശില്‍പം മാത്രമായിരുന്നു. പൂര്‍ത്തിയായാലും ഇല്ലെങ്കിലും അതിനു വേണ്ടി ആരും ഇനി കോഷന്‍ ഡിപ്പോസിറ്റ് പിരിക്കില്ല. ഒരു പിരിവും നടത്തില്ല. തമ്മിലടിക്കരുത്. വര്‍ഗീയ ചേരിതിരിവുണ്ടാക്കരുത്.

കീഴടങ്ങല്‍ അല്ലെ എന്ന് ചോദിച്ചു ഞങ്ങള്‍ പലരും വിയോജിച്ചു. പ്രതിരോധം ഉയര്‍ത്താന്‍ വന്നവരെ എല്ലാം മാഷ് വിലക്കി. വര്‍ഷങ്ങള്‍ക്കിപ്പുറം സ്വന്തം റിട്ടയര്‍മെന്റ് ബെനഫിറ്റുകള്‍ വരെ ചെലവാക്കി അദ്ദേഹം പ്രതിമയുടെ പണി പൂര്‍ത്തിയാക്കി. ഗംഭീരമായി ഉത്ഘടനവും നടത്തി. ചിന്താശില്പം എന്ന് പേരുമിട്ടു.

മദ്യത്തോടും പുകവലിയോടും കടുത്ത വിയോജിപ്പുണ്ടായിരുന്ന മാഷ് എങ്ങനെയായിരുന്നു ജോണ്‍ എബ്രഹാമിന്റെയും മധു മാഷുടെയുമൊക്കെ അടുത്ത കൂട്ടുകാരനായിരുന്നത് എന്നത്ഭുതപ്പെട്ടിട്ടുണ്ട്. ചോദിച്ചാല്‍ മാഷ് ചിരിക്കും.

മനുഷ്യനന്മയുടെ അപാരതയായിരുന്നു മാഷ്. വലിപ്പച്ചെറുപ്പം ഇല്ലാതെ എല്ലാവരെയും ഒരേപോലെ കണ്ടു. തനിക്കുള്ളതെല്ലാം മറ്റുള്ളവര്‍ക്കായി പങ്കുവച്ചു.

എ സി കെ രാജാ ചിത്രകലാ ക്യാമ്പ് നടക്കുമ്പോള്‍ ഒരു ദിവസം സാധനങ്ങള്‍ വാങ്ങാന്‍ മാഷുടെ കൂടെ ബൈക്കില്‍ പുറത്തു പോകണം. വരയ്ക്കാന്‍ വന്നിരിക്കുന്ന കലാകാരന്മാര്‍ക്ക് എന്തെങ്കിലും വാങ്ങേണ്ടതുണ്ടൊ എന്നവരോട് ചോദിച്ചു വരാന്‍ മാഷ് നിര്‍ദേശിച്ചു. രണ്ടു കൂടു ബീഡി കിട്ടിയാല്‍ നന്നായിരുന്നു എന്നവരില്‍ ഒരാള്‍ പറഞ്ഞു. ആവശ്യം എന്തെന്ന് മാഷ് ചോദിച്ചപ്പോള്‍ പറയാന്‍ മടിച്ചു. നിര്‍ബന്ധിച്ചപ്പോള്‍ പറഞ്ഞു. മാഷ് ഒന്നും മിണ്ടിയില്ല. മൗനത്തിലായിരുന്നു. നഗരത്തില്‍ പോയി വേണ്ട സാധനങ്ങള്‍ എല്ലാം വാങ്ങി മടങ്ങാന്‍ നേരം കീശയില്‍ നിന്നും കുറച്ചു രൂപ എടുത്തു നീട്ടി: ഇനി നീ പോയി അവന്‍ പറഞ്ഞ ആ അത് വാങ്ങിക്കൊണ്ടു വാ. താടി കൊണ്ട് ആശയവിനിമയം ചെയ്യുന്ന ആളായിരുന്നു മാഷ്. തനിക്കു സ്വീകാര്യമായവ പറയുമ്പോള്‍ അദ്ദേഹം താടി കഴുത്തിന്റെ ഭാഗത്തേക്ക് തടവും. ഇഷ്ടമല്ലാത്തവ ആണെങ്കില്‍ എതിര്‍ ദിശയിലേക്കും. കാര്യം നടക്കുമോ ഇല്ലയോ എന്നത് അതില്‍ നിന്നറിയാം.

താമരശ്ശേരിക്കടുത്തുള്ള ചമല്‍ എന്ന കുടിയേറ്റ ഗ്രാമത്തില്‍ എന്‍ എസ് എസ് സ്പെഷ്യല്‍ ക്യാമ്പില്‍ റോഡ് നിര്‍മിക്കാന്‍ പോയപ്പോള്‍ നാട്ടുകാര്‍ക്ക് അദ്ദേഹം വലിയൊരു അത്ഭുതമായിരുന്നു. ഉല്‍ഘാടന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റിന് അടക്കം പേര് തെറ്റി: യോഗീന്ദ്രന്‍, ബുജീന്ദ്രന്‍, രാജേന്ദ്രന്‍ എന്നൊക്കെ പ്രസംഗകര്‍ വിളിച്ചു. ക്യാംപസില്‍ അദ്ദേഹം മുഖ്യസംഘാടകനാകുന്ന പരിപാടികളില്‍ പ്രോഗ്രാം നോട്ടീസ് തയ്യാറാക്കാന്‍ അദ്ദേഹം ഞങ്ങള്‍ വിദ്യാര്‍ഥികളെ ഏല്‍പ്പിക്കും. എന്നിട്ടത് വായിക്കാന്‍ വാങ്ങും. സ്വാഗതം, അധ്യക്ഷന്‍ എന്നിവിടങ്ങളില്‍ എവിടെയെങ്കിലും സ്വന്തം പേര് കണ്ടാല്‍ അത് വെട്ടി ഞങ്ങള്‍ ആരുടെ എങ്കിലും പേരെഴുത്തും. അതുണ്ടാക്കിയ ആത്മവിശ്വാസം വലുതായിരുന്നു.

രൂക്ഷമായ ഒരുവാക്കുപോലും പറയാത്ത മാഷ് അങ്ങേയറ്റം ദേഷ്യം വന്നാല്‍ എങ്ങനെ പ്രതികരിക്കുമെന്നത് എന്നും ഞങ്ങളുടെ ചര്‍ച്ചയായിരുന്നു. ഒരു ക്യാമ്പില്‍ വന്ന തലേ വര്‍ഷത്തെ മുതിര്‍ന്നവര്‍ ചിലര്‍ അലമ്പുണ്ടാക്കിയപ്പോള്‍ ആണ് മാഷുടെ പൊട്ടിത്തെറി ആദ്യമായും അവസാനമായും കണ്ടത്: ``നൂറ് പാല്‍ തുള്ളികള്‍ക്കിടയില്‍ മീന്‍ തുള്ളിയായി എല്ലാം നശിപ്പിക്കാന്‍ വന്നവരേ കടന്നു പോകൂ,'' എന്നതായിരുന്നു പൊട്ടിത്തെറിയില്‍ പുറത്തു വന്ന വാചകം. അതിനൊടുവില്‍ ഒരുപാട് സോറിയും പറഞ്ഞു.

മനുഷ്യനന്മയുടെ അപാരതയായിരുന്നു മാഷ്. വലിപ്പച്ചെറുപ്പം ഇല്ലാതെ എല്ലാവരെയും ഒരേപോലെ കണ്ടു. തനിക്കുള്ളതെല്ലാം മറ്റുള്ളവര്‍ക്കായി പങ്കുവച്ചു. കോളജ് വിട്ടത്തിനു ശേഷവും ചിലപ്പോഴെല്ലാം അദ്ദേഹം കാണാന്‍ വരും. പ്രിയപ്പെട്ട ശിഷ്യര്‍ക്ക് ചോദിക്കാതെ വായ്പ കൊടുക്കുന്ന രീതിയുമുണ്ടായിരുന്നു അദ്ദേഹത്തിന്. ഉണ്ടാകുമ്പോള്‍ തിരിച്ചു തന്നാല്‍ മതിയെന്നും ഇപ്പോളത്തെ ആവശ്യം നടക്കട്ടെ എന്നും പറയും.

തലമുറകളെ അദ്ദേഹം പാരിസ്ഥിതിക പാഠങ്ങള്‍ പഠിപ്പിച്ചു. പ്രപഞ്ചത്തെ കരുണയോടും സ്‌നേഹത്തോടും ആശ്ലേഷിച്ചു. പൂക്കളിലും പൂമ്പാറ്റകളിലും നിറങ്ങളുടെ ആഴങ്ങളിലും സ്വയം കണ്ടെത്തി. മാഷ് എന്നും കുട്ടികള്‍ക്ക് ക്ലാസ് എടുത്തിരുന്നില്ല. ഒരു കൊല്ലത്തില്‍ വളരെ കുറഞ്ഞ ക്ലാസുകള്‍ മാത്രമേ എടുക്കൂ. അവയില്‍ കിട്ടുന്ന രത്‌ന ചുരുക്കം മതിയായിരുന്നു ഇക്കണോമിക്‌സ് പഠിച്ചവര്‍ക്ക് നല്ല മാര്‍ക്കില്‍ വിജയിക്കാന്‍.

മിനി ബൈപാസിലെ തണല്‍ മരങ്ങള്‍ മിക്കതും മുറിച്ചു മാറ്റപ്പെട്ടു. പക്ഷെ ഗുരുവായൂരപ്പന്‍ കോളജിന്റെ ക്യാംപസില്‍ മാഷുണ്ടാക്കിയ മരത്തണലുകള്‍ ക്യാമ്പസിനെ തന്നെ മാറ്റി തീര്‍ത്തു. ശില്പങ്ങളും മരങ്ങളും പോലെ തന്നെ കുടിവെള്ളവും മാഷുടെ നേതൃത്വത്തില്‍ തന്നെയാണ് ക്യാംപസില്‍ വേണ്ടുവോളം ഉണ്ടായത്.

ആര്‍ദ്രമായ ഒരോര്‍മയായി മാഷ് പിന്‍വാങ്ങിയിരിക്കുന്നു. കേരളത്തിന്റെ പാരിസ്ഥിതിക ഭൂപടത്തില്‍ തന്റേതായ ഒരിടം സൃഷ്ടിച്ചു കടന്നു പോയ ആ വലിയ മനസില്‍ പ്രകൃതി സംരക്ഷണം മനുഷ്യസ്‌നേഹമായിരുന്നു. സ്‌നേഹമരത്തണലുകളായി ശോഭീന്ദ്രന്‍ മാഷ് എന്നും ജീവിക്കും.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി