PEOPLE

കളിയിലും കണക്കിലും കാലാവസ്ഥയിലും പിഴയ്ക്കാത്ത കോയ

കോയയെ കെ പി ആര്‍ ഗോപാലനാണ് ദേശാഭിമാനിയിലേക്ക് ക്ഷണിച്ച് പത്രാധിപസമിതിയില്‍ ഉള്‍പ്പെടുത്തിയത്. പാര്‍ട്ടിയില്‍ അംഗമല്ലാതെ തന്നെ പത്രാധിപസമിതിയിലെ പ്രധാനിയായി അദ്ദേഹം പ്രവര്‍ത്തിച്ചു

കെ ബാലകൃഷ്ണൻ

നാല്‍പ്പത് വര്‍ഷത്തിലേറെ മുമ്പാണ്, കൃത്യമായി പറഞ്ഞാല്‍ 1982 അവസാനം- ബ്രണ്ണന്‍ കോളേജില്‍ ഇക്കണോമിക്‌സ് അസോസിയേഷന്‍ ഉദ്ഘാടനം ചെയ്യാന്‍ ഇ പി ജനാര്‍ദനനെ ക്ഷണിക്കാന്‍ കോഴിക്കോട് ദേശാഭിമാനിയില്‍ പോവുകയുണ്ടായി. ഇക്കണോമിക്‌സ് അസോസിയേഷന്‍ സെക്രട്ടറി ഐ പ്രേമനും (എഴുത്തുകാരന്‍- മുംബൈ) ഒപ്പമുണ്ട്. ഇ പി ജനാര്‍ദനന്റെ ധനകാര്യലേഖനങ്ങള്‍ക്ക് അക്കാലത്ത് വന്‍തോതില്‍ വായനക്കാരുണ്ടായിരുന്നു. ധനശാസ്ത്ര ബിരുദവിദ്യാര്‍ഥികള്‍ക്ക് അത് ഏറെ സഹായകരമായിരുന്നു. രാഷ്ട്രീയപ്രവര്‍ത്തകരായ വിദ്യാര്‍ഥികള്‍ അതിനെ സ്ഥിരം പിന്തുടര്‍ന്നിരുന്നു. അതാണ് ഇ പിയെ ക്ഷണിക്കാന്‍ കാരണം. മുംബൈയില്‍ ഇക്കണോമിക് ടൈംസില്‍ അസിസ്റ്റന്റ് എഡിറ്ററായിരുന്ന ഇ പിയെ ഇ എം എസ് നിര്‍ബന്ധിച്ചു കൂട്ടിക്കൊണ്ടുവന്നതാണ്. പാലക്കാട് എം എല്‍ എയും നഗരസഭാ ചെയര്‍മാനുമായിരുന്ന വി കൃഷ്ണദാസിന്റെയും എം എല്‍ എയായിരുന്ന വി വാസുദേവമേനോന്റെയും അടുത്ത ബന്ധുവായ ഇ പിയും പത്‌നിയും സി പി എമ്മിന്റെ അംഗങ്ങളുമായിരുന്നു. ഇ പിയെ കാണാനുള്ള ആ പോക്കാണ് ഒരു പത്രത്തിന്റെ പ്രൊഡക്ഷന്‍ കേന്ദ്രവും ഡസ്‌കുമൊക്കെ കാണാന്‍ കിട്ടിയ ആദ്യാവസരം. താമസസ്ഥലമായ ബിലാത്തിക്കുളത്തുനിന്ന് അലസമായെന്നോണം നടന്നാണ് ഇ പിയുടെ വരവ്. വെയിലോ മഴയോ അദ്ദേഹത്തെ അലട്ടുന്നില്ല. വെയിലാണെങ്കിലും മഴയാണെങ്കിലും അതനുഭവിച്ച് ദീര്‍ഘദൂരം നടന്നാണ് ഓഫീസിലെത്തുക. ഇതൊക്കെ പിന്നീട് മനസിലാക്കിയതാണ്.

മറ്റെല്ലാ ലേഖകരും കളികണ്ട് കുറിപ്പുകളെഴുതിവെക്കുമ്പോള്‍ കോയക്ക നേരിട്ട് റിപ്പോര്‍ട്ട് അഥവാ വിശകലനം എഴുതുകയാണ്. അവസാനത്തെ വിസിലൂതുമ്പോഴേക്കും തന്റെ റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കി അത്, കൗമുദിയില്‍നിന്ന് എത്തിയ അറ്റന്‍ഡറുടെ കയ്യില്‍ കൊടുക്കുകയായി കോയക്ക

ഇ പി വരാന്‍ വൈകിയതിനാല്‍ എഡിറ്റോറിയല്‍ പ്രവര്‍ത്തിക്കുന്ന ഹാളില്‍ ഇരുന്നു. വലിയ മേശയാണ് ഡസ്‌ക്. അവിടെ രണ്ടാളേയുള്ളൂ ആ സമയത്ത്. കാരണം ഡസ്കിനെ സംബന്ധിച്ച് അത് അസമയമാണ്. കണ്ണൂരില്‍ അക്കാലത്ത് ലേഖകനായി പ്രവര്‍ത്തിച്ചിരുന്ന കെ വി കുഞ്ഞിരാമന്‍ കോഴിക്കോട്ടുണ്ടായിരുന്നതിനാല്‍ അവിടെത്തന്നെ ഇരിക്കാന്‍ സമ്മതംകിട്ടി. അപ്പോള്‍ എതിരെ ഇരിക്കുന്നത് വെളുത്ത് അതീവസുന്ദരനായ ഒരു വൃദ്ധന്‍. അദ്ദേഹം ഒരു വലിയ റേഡിയോ മുമ്പില്‍ വെച്ചിട്ടുണ്ട്. അതില്‍നിന്ന് കമന്ററി കേള്‍ക്കുകയാണ്. കുറച്ചുകഴിഞ്ഞപ്പോള്‍ അദ്ദേഹം എഴുന്നേറ്റ് തൊട്ടടുത്ത മുറിയില്‍ പോയി (അത് ടെലപ്രിന്റര്‍ മുറിയാണ്) വലിയൊരു കെട്ട് കടലാസ് വലിച്ചുവലിച്ചുവരികയാണ്. അത് നിലത്തുകൂടി വലിഞ്ഞുകൊണ്ടിരുന്നു. അതില്‍ നോക്കിനോക്കി പിന്നിലേക്ക് മറിച്ചുകൊണ്ടിരിക്കുന്നുമുണ്ട്. ഒടുവില്‍ തന്റെ കസേരക്കടുത്തെത്തിയപ്പോള്‍ അതങ്ങപ്പാടെ താഴേക്കിടുകയാണ്. എന്താണതിന്റെ ഗുട്ടന്‍സ് എന്ന് പിന്നീടാണ് മനസ്സിലായത്. ടെലപ്രിന്റ്രര്‍ ഓപ്പറേറ്റര്‍ ഉച്ചയ്ക്കുശേഷമേ വരൂ. തലേദിവസം പത്രം അച്ചടിച്ചശേഷം വന്ന പി ടി ഐ വാര്‍ത്താസ്ലഗ്ഗുകളാണ്- അത് ചിലപ്പോള്‍ നൂറുകണക്കിന് മീറ്റര്‍വരും. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍നിന്ന് വിവിധ ഏജന്‍സികള്‍ മുഖേന ലഭിക്കുന്ന വാര്‍ത്തകളാണ് പി ടി ഐ അടിക്കുന്നത്. സംഭവവികാസങ്ങളെന്ന് സാധാരണയായി വേണ്ടിടത്തും വേണ്ടാത്തിടത്തും പറയുമല്ലോ... യഥാര്‍ഥത്തില്‍ സംഭവവികാസങ്ങള്‍ അറിയാന്‍ ഏജന്‍സികള്‍ അപ്പപ്പോള്‍ അടിക്കുന്ന സ്ലഗ്ഗുകള്‍ മുറിച്ചുകൂട്ടിയെടുത്ത് വായിക്കണം. അത് തര്‍ജമ ചെയ്ത് മിനുക്കിമെരുക്കിയാണ് പത്രത്തില്‍ കൊടുക്കുന്നത്. പക്ഷേ ഇവിടെ നമ്മുടെ കഥാപാത്രം അത് മുറിക്കാനോ തറിക്കാനോ നോക്കാതെ വിഹഗവീക്ഷണം നടത്തി തനിക്കാവശ്യമുള്ളത് മനസ്സിലേക്കെടുത്ത് അതിനെ അതിന്റെ പാട്ടിന് വിടുകയാണ്. ഇനി അതെല്ലാം ടെലിപ്രിന്റര്‍ ഓപ്പറേറ്റര്‍, അതല്ലെങ്കില്‍ മറ്റ് എഡിറ്റോറിയല്‍ ചുമതലക്കാര്‍ വാരിയെടുത്ത് മുറിച്ചു ശരിയാക്കിയെടുക്കണം കെ കോയയായിരുന്നു ആ കഥാപാത്രം.

കെ കോയ

അഞ്ച് വര്‍ഷത്തിനുശേഷം ദേശാഭിമാനിയില്‍ സബ് എഡിറററായി എത്തിയപ്പോഴാണ് കോയാ സാഹിബിന്റെ വിശേഷങ്ങള്‍ കൂടുതല്‍ അറിയുന്നത്. അപ്പോഴേക്കും ദേശാഭിമാനിയില്‍നിന്ന് വിരമിച്ച് കേരളകൗമുദിയില്‍ സ്‌പോര്‍ട്‌സ് എഡിറ്ററായി ചേര്‍ന്നിരുന്നു അദ്ദേഹം. കണ്ണൂര്‍ തോട്ടടയിലെ വീട്ടില്‍നിന്ന് തിങ്കളാഴ്ചകളില്‍ രാവിലെ ലിങ്ക് എക്‌സ്പ്രസ്സിന് കോയക്കയുമുണ്ടാകും. ശനിയാഴ്ച വൈകീട്ട് കണ്ണൂരിലേക്കും. വണ്ടിയില്‍ കയറിയാല്‍ കോയക്കയ്ക്ക് സംസാരിക്കാന്‍ പരിചയക്കാര്‍തന്നെ വേണമെന്നില്ല. രാഷ്ട്രീയവും സാമ്പത്തികകാര്യങ്ങളുമെല്ലാം ആധികാരികമായെന്നോണം സംസാരിച്ചുകൊണ്ടേയിരിക്കും. പരിചയക്കാരാണെങ്കില്‍ ചിലപ്പോള്‍ നിഷ്‌കളങ്കമായി, ആത്മപ്രശംസയാണെന്ന് തോന്നിക്കുന്ന ആത്മചരിത്രങ്ങളുമുണ്ടാകും.

കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കണ്ണൂര്‍ ടൗണ്‍ കമ്മിറ്റിയുടെ ആദ്യകാല സെക്രട്ടറിയായിരുന്നു കെ കോയ കണ്ണൂര്‍ സിറ്റിയിലെ ഐറ്റാണ്ടി പൂവളപ്പില്‍ എന്ന സ്ഥഖലത്തെ ടി എം മുഹമ്മദ്കുഞ്ഞിയുടെയും സിറ്റി ആനയിടുക്കിലെ കടലക്കാരന്‍ ഖദീജയുടെയും മകന്‍

കേരള കൗമുദിയിലാണ് ജോലിയെങ്കിലും പലദിവസവും ദേശാഭിമാനിയിലെത്തും. ഇടതുകയ്യില്‍ ഒരു സഞ്ചി ഞേറ്റിയിട്ടിരിക്കും. വലതുകയ്യില്‍ കുടയുമുണ്ടാകും. മുണ്ട് മാടിക്കുത്തിയിരിക്കും. ഓഫീസില്‍ വന്നാല്‍ പത്രവും വാരികയുമുണ്ടെങ്കില്‍ അതും ഓരോന്നെടുക്കും. തുടര്‍ന്ന് രാഷ്ട്രീയചര്‍ച്ചയാണ്. ചര്‍ച്ചയെന്ന് പൂര്‍ണമായും പറയാനാവില്ല. ഏകപക്ഷീയ പ്രഭാഷണമാണ്. പ്രകോപിപ്പിക്കാന്‍ ചില തമാശകള്‍ ആരെങ്കിലും കാച്ചുമെന്നുമാത്രം. അക്കാലത്ത് പ്രധാനവിഷയം വനനശീകരണത്തിനെതിരെ കവികളുടെ സമരങ്ങളും മരക്കവിതകളുമായിരുന്നു. സുഗതകുമാരിയുടെ നേതൃത്വത്തില്‍ സൈലന്‍റ് വാലി പദ്ധതിക്കെതിരെയും മറ്റുമുള്ള പ്രചാരണയുദ്ധങ്ങള്‍. കോയക്ക മരക്കവിതകള്‍ക്കെതിരായിരുന്നു. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനും അക്കാലത്ത് ദേശാഭിമാനി കോഴിക്കോട് എഡിഷന്റെ ചീഫ് സബ് എഡിറ്ററുമായ സി പി അച്യുതനും അക്കാര്യത്തില്‍ കോയക്കയോട് യോജിപ്പായിരുന്നു. ഇരുവരും പരിസ്ഥിതി പ്രവര്‍ത്തകരായ കവികള്‍ക്കെതിരെ ആഞ്ഞടിക്കും. കേള്‍വിക്കാരായ സബ് എഡിറ്റര്‍മാരില്‍ പലരും പരിസ്ഥിതിസംരക്ഷണം, മരക്കവിതകള്‍ എന്നിവയില്‍ വലിയ താല്പര്യമുള്ളവരാണെങ്കിലും കോയക്കയോട് പറഞ്ഞുനില്‍ക്കാനാവില്ല. മഴ കുറയുന്നത് മരം മുറിച്ചിട്ടാണെന്ന് ആരാണ് സുഗതകുമാരിയോട് പറഞ്ഞത്, മരവും കാടുമുണ്ടായതുകൊണ്ടൊന്നും മഴ പെയ്യില്ല... കാലാവസ്ഥാ വിദഗ്ധനായ കോയക്ക പ്രഖ്യാപിക്കും. സി പി പൊട്ടിച്ചിരിയിലൂടെ അതിനെ പിന്തുണയ്ക്കും.

ചൈനയിലെ ടിയാനെന്‍മെന്നില്‍ വിദ്യാര്‍ഥികളുടെ സംഘം നടത്തിയ ഉപരോധത്തെ പരാജയപ്പെടുത്താന്‍ പട്ടാളമിറങ്ങി കൂട്ടക്കൊല നടത്തിയ സംഭവത്തെ പി ഗോവിന്ദപിള്ള അപലപിച്ചത് അക്കാലത്ത് വലിയ വാര്‍ത്തയായിരുന്നു. പി ജി ക്കെതിരെ സി പി എം സംസ്ഥാന കമ്മിറ്റി നടപടിയുമെടുത്തു. ഇക്കാര്യത്തില്‍ കോയാസാഹിബിന് വലിയ ആവേശമായിരുന്നു. പി ജി പത്രാധിപരായിരിക്കെ സബ് എഡിറ്ററായി പ്രവര്‍ത്തിക്കുകയായിരുന്ന കോയക്കക്ക് പല കാര്യങ്ങളിലും അദ്ദേഹത്തോട് അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. പ്രധാനമായും സ്റ്റാലിനുമായി ബന്ധപ്പെട്ടുതന്നെ. ടിയാനെന്‍മെന്‍ വിവാദകാലത്ത് കോയക്ക വന്ന് ഡസ്‌കിനടുത്തുനിന്ന് (ഇരിക്കില്ല) പി ജിയെപ്പറ്റി ഞാന്‍ പണ്ടേ പറഞ്ഞതല്ലേയെന്ന് തുടങ്ങും... വിഷയം സ്റ്റാലിന്‍തന്നെ. ആരെങ്കിലും പ്രതികരിക്കണമെന്നോ കേള്‍ക്കുന്നതായി ഭാവിക്കണമെന്നോ പോലും നിര്‍ബന്ധമില്ല. കുറച്ചുകഴിഞ്ഞാല്‍ ഒന്നും പറയാതെ ഇറങ്ങിപ്പോവുകയുംചെയ്യും.

കണ്ണൂരില്‍ തൊണ്ണൂറുകളുടെ ആദ്യം ഫെഡറേഷന്‍ കപ്പ്, സിസേര്‍സ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റുകള്‍ നടക്കുമ്പോഴാണ് കോയക്കയുടെ വൈഭവം ശരിക്കും അറിയുന്നത്. കേരളകൗമുദിക്കുവേണ്ടി അദ്ദേഹമാണ് റിപ്പോര്‍ട്ട് ചെയ്യാനെത്തുക. ദേശാഭിമാനിക്കും മാതൃഭൂമിക്കും മാനോരമയ്ക്കും വേണ്ടിയെല്ലാം സ്‌പോര്‍ട്‌സ് ലേഖകര്‍ വരും. ജില്ലാ ലേഖകരായ ഞങ്ങളൊക്കെ പ്രസ് ഗാലറിയിലിരുന്ന് കളികാണും. ചിലപ്പോള്‍ സൈഡ് ലൈറ്റുകളെന്തെങ്കിലും കിട്ടിയാല്‍ എഴുതും. അത്രതന്നെ. മറ്റെല്ലാ ലേഖകരും കളികണ്ട് കുറിപ്പുകളെഴുതിവെക്കുമ്പോള്‍ കോയക്ക നേരിട്ട് റിപ്പോര്‍ട്ട് അഥവാ വിശകലനം എഴുതുകയാണ്. അവസാനത്തെ വിസിലൂതുമ്പോഴേക്കും തന്റെ റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കി അത്, കൗമുദിയില്‍നിന്ന് എത്തിയ അറ്റന്‍ഡറുടെ കയ്യില്‍ കൊടുക്കുകയായി കോയക്ക. മറ്റെല്ലാ ലേഖകരും ഓഫീസില്‍ പോയാണ് റിപ്പോര്‍ട്ട് എഴുതുന്നത്.. ഇന്‍ട്രോയുടെ ഭാഗമായി അരപ്പേജോളം സ്ഥലംവിട്ടാണ് കോയക്ക എഴുതുന്നത്. കളി കഴിയുമ്പോള്‍ രണ്ടോ മൂന്നോ വാചകത്തില്‍ ഇന്‍ട്രോ എഴുതുന്നു. ശുഭം... മാനം ഇരുണ്ടിരിക്കുകയും കോയക്ക കുട തുറക്കുകയും ചെയ്താല്‍ ഗ്രൗണ്ടില്‍ ഒരുതരം റെഡ് അലര്‍ട്ടുതന്നെയുണ്ടാകും. അതായത് കളി നടക്കാന്‍ പോകുന്നില്ല, മഴ പെയ്യും എന്നും പറഞ്ഞ് കുടയും തുറന്ന് കോയക്ക നടക്കാന്‍ തുടങ്ങുമ്പോഴേക്കും മഴ തകര്‍ത്തുപെയ്യാന്‍ തുടങ്ങും.. അതിശയോക്തിയായും മലബാറിലെ കളിക്കളങ്ങളില്‍ ഇത്തരം കഥകള്‍ പറയുക പതിവാണ്. കോയക്കേ കുട തുറക്കല്ലേയെന്ന് സംഘാടകര്‍ കളിയായി പറയാറുള്ളതാണ്. ടൂര്‍ണമെന്റുകള്‍ തീരുമാനിക്കുന്നത് കോയയോട് ചോദിച്ചാണെന്ന പഴമൊഴി പോലുമുണ്ട്. കാരണം കാലാവസ്ഥാപ്രവചനം ഇന്നത്തേതുപോലെ അന്ന് ശാസ്ത്രീയമായിക്കഴിഞ്ഞിട്ടില്ല.

നമ്മുടെ കഥാനായകനായ കോയക്ക ഡ്യൂട്ടി കഴിഞ്ഞാല്‍ ഡസ്‌കില്‍തന്നെ പത്രം വിരിച്ചാണ് ഉറക്കം. അതിരാവിലെ എഴുന്നേറ്റ് സഞ്ചിയുമായി നടത്തം തുടങ്ങും. പല്ലുതേപ്പുമാത്രമല്ല ഷേവിങ്ങും നടത്തത്തിനിടയില്‍ത്തന്നെയാണ്

1998-ല്‍ കേരളകൗമുദിയില്‍നിന്ന് 76-ാം വയസ്സില്‍ വിരമിച്ചശേഷവും കോയക്ക പത്രപ്രവര്‍ത്തനം അവസാനിപ്പിച്ചില്ല. കണ്ണൂര്‍ പോളിടെക്‌നിക്കിനടുത്ത് തോട്ടടയിലെ ഹൗസിങ് കോളനിയില്‍ താമസിക്കുന്ന കോയക്ക എന്നും പത്തുമണിയോടെ ബസ് കയറി കണ്ണൂരിലെത്തും. മിക്കവാറും ഉച്ചവരെ പ്രസ്‌ക്ലബ്ബിലാണ് ഇരിക്കുക. ഇരിക്കുകയോ നില്‍ക്കുകയോ നടക്കുയോ ആവാം. കയ്യില്‍ തൂക്കിയിട്ട സഞ്ചിയും കുടയുമുണ്ടാകും. രാഷ്ട്രീയം, സാമ്പത്തികം, കാലാവസ്ഥ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള വര്‍ത്തമാനങ്ങളുടെ കെട്ടഴിച്ചുവിടുകയാവും പിന്നെ. ചില പത്രസമ്മേളനങ്ങളില്‍ കയറി ഇരിക്കുകയും ചെയ്യും. സമസ്ത വിഷയങ്ങളെയും കുറിച്ച് കണ്ണൂരിലെ ലേഖകര്‍ക്ക് അറിവുപകരുന്നത് തന്റെ ഉത്തരവാദിത്വംപോലെയാണ് കുറച്ചുകാലം കോയക്ക നിര്‍വഹിച്ചുപോന്നത്. പ്രധാനമായും കാലാവസ്ഥയും കായികവുമാണെങ്കിലും ധനകാര്യവും ഏറെ പ്രിയങ്കരം. കേന്ദ്ര-സംസ്ഥാന ബജറ്റുകള്‍ (അക്കാലത്ത് മൂന്നാണ് ബജറ്റ് റെയില്‍വേ ബജറ്റ് പ്രത്യേകമായി ഇപ്പോഴില്ല) വരുന്നദിവസം കോയക്കയുടെ ഒരു പ്രകടനം തന്നെയാണെന്ന് ദേശാഭിമാനിയില്‍ കോയക്കയുടെ സഹപ്രവര്‍ത്തകനായിരുന്ന കോയമുഹമ്മദ് ഓര്‍ക്കുന്നു. ബജറ്റ് വിശകലനത്തില്‍ അഗ്രഗണ്യനായിരുന്നു അദ്ദേഹം. സാമ്പത്തികശാസ്ത്രത്തില്‍ ബിരുദമൊന്നും നേടിയിട്ടില്ലെങ്കിലും ധനകാര്യവിശകലനത്തില്‍ വിദഗ്ധന്‍. അദ്ദേഹത്തിന്റെ എഴുത്തുരീതിക്കും ഒരു പ്രത്യേകതയുള്ളതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞുകേട്ടിട്ടുണ്ട്. ഓരോ കടലാസ് എഴുതിത്തീരുന്നതിനനുസരിച്ച് അത് പറന്നുപോയിട്ടുണ്ടാവും. എല്ലാം എഴുതിക്കഴിഞ്ഞശേഷം ഡസ്‌ക് ഹാളിലാകെ നടന്ന് പെറുക്കിയെടുത്ത് പിന്‍ചെയ്ത് ചീഫ് സബിന് കൊടുക്കുന്നതാണ് രീതി.

കൂട്ടത്തില്‍ പറയട്ടേ, ദേശാഭിമാനിയില്‍ കെ കോയ ഉള്ളപ്പോള്‍ത്തന്നെ മറ്റു കോയമാരുമുണ്ടായിരുന്നു. അറുപതുകളുടെ അവസാനവും എഴുപതുകളുടെ ആദ്യവും പി എ മുഹമ്മദ് കോയ എന്ന അസിസ്റ്റന്റ് എഡിറ്റര്‍. വാരികയുടെ ചുമതലക്കാരനായിരുന്ന അദ്ദേഹം മുഷ്താഖ് എന്ന പേരില്‍ പ്രശസ്തനായ സ്‌പോര്‍ട്സ് ലേഖകനായിരുന്നു. കോഴിക്കോട്ടെ ജനജീവിതവുമായി ബന്ധപ്പെട്ട് 'സുല്‍ത്താന്‍ വീട്' എന്ന മികച്ച നോവല്‍ രചിച്ച പി എ മുഹമ്മദ്‌കോയ. ഗോള്‍, ടാക്‌സി, സുറുമയിട്ട കണ്ണുകള്‍ എന്നീ നോവലുകളും രചിച്ച പി എ മുഹമ്മദ്‌കോയ മികച്ച സ്‌പോര്‍ട്‌സ് ലേഖകനായിരുന്നു. ഇതേകാലത്തുതന്നെ സബ് എഡിറ്ററായി പില്‍ക്കാലത്തെ പി ആര്‍ ഡി ഡെപ്യൂട്ടി ഡയറക്ടര്‍ എ.വി.ആലിക്കോയയുമുണ്ടായിരുന്നു ഡസ്‌കില്‍. പിന്നെ, എഴുത്തുകാരനും സിനിമാനിരൂപകനുമായ കോയമുഹമ്മദും.

നമ്മുടെ കഥാനായകനായ കോയക്ക ഡ്യൂട്ടി കഴിഞ്ഞാല്‍ ഡസ്‌കില്‍തന്നെ പത്രം വിരിച്ചാണ് ഉറക്കം. അതിരാവിലെ എഴുന്നേറ്റ് സഞ്ചിയുമായി നടത്തം തുടങ്ങും. പല്ലുതേപ്പുമാത്രമല്ല ഷേവിങ്ങും നടത്തത്തിനിടയില്‍ത്തന്നെയാണ്. വെള്ള ഷര്‍ട്ടില്‍ ചോര ഇറ്റിവീഴുന്നതൊന്നും അദ്ദേഹത്തെ അസ്വസ്ഥനാക്കുന്ന പ്രശ്‌നമല്ല. നടത്തത്തിനിടയില്‍ റോഡരികില്‍ ഏതെങ്കിലും ശ്രദ്ധേയമായ ചെടി കണ്ടാല്‍ അത് പറിച്ചെടുത്ത് സഞ്ചിയില്‍ നിക്ഷേപിക്കുകയായി. തിരിച്ചെത്തിയാല്‍ ഓഫീസിന്റെ വളപ്പില്‍ ആ ചെടി നടും. വെള്ളമൊഴിക്കും. ശനിയാഴ്ച കണ്ണൂരിലെ വീട്ടിലേക്കുപോകുമ്പോള്‍ അത് പറിച്ച് സഞ്ചിയില്‍ നിക്ഷേപിക്കും. കോയക്കയുടെ തൂവെള്ള ഷര്‍ട്ട് വൈകുന്നേരമാകുമ്പോഴേക്കും വര്‍ണവിസ്മയംതന്നെ തീര്‍ത്തിട്ടുണ്ടാകും. ചായ കുടിക്കുമ്പോള്‍ നല്ലൊരുഭാഗം കുപ്പായത്തിലാകും. അതുപോലെ ആശുപത്രിയില്‍ പോയി മരുന്നുകള്‍ വാങ്ങി വരുന്നതിനെപ്പറ്റിയും ചില തമാശകളുണ്ട്. എരഞ്ഞിപ്പാലത്തെ ഇ എസ് ഐ ആശുപത്രിയില്‍ പോയി മരുന്നുകള്‍ വാങ്ങും. അതില്‍ ടോണിക്കോ മറ്റോ ഉണ്ടെങ്കില്‍ തിരിച്ചുനടക്കുന്നതിനിടയില്‍ അത് കുടിക്കും. കഴിക്കുകയല്ല, കുടിക്കും... അതിന്റെയെല്ലാം തെളിവുകള്‍ ഷര്‍ട്ടില്‍ ഭദ്രം.

കോയക്കയുടെ സ്വഭാവവിശേഷങ്ങളെക്കുറിച്ച് അക്കാലത്തെ സഹപ്രവര്‍ത്തകര്‍ പറയാറുള്ള നിരവധിനിരവധി കഥകളില്‍ ചിലതുമാത്രമാണിത്. ദേശാഭിമാനി പത്രാധിപസമിതി അംഗങ്ങളായിരുന്ന കോയമുഹമ്മദ്, യു സി ബാലകൃഷ്ണന്‍, പരേതതനായ കെ എം അബ്ബാസ് എന്നിവരെല്ലാം ബഹുമാനവിസ്മയങ്ങളോടെയാണ് ആ കഥകള്‍ പറയാറുള്ളത്. കോയക്കയുടെ പത്തോ പതിനഞ്ചോ വയസ്സുള്ള മകനെ (വളരെ പ്രായംചെന്നശേഷമാണ് കോയക്ക വിവാഹിതനായത്) പേപ്പട്ടി കടിച്ച ഒരു സംഭവമുണ്ടായി കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ വാക്‌സിന്‍ ലഭ്യമല്ലാത്തതിനാല്‍ കോയക്ക മകനെയും കൂട്ടി കോഴിക്കോട്ടെത്തി. മെഡിക്കല്‍ കോളേജിലേക്ക് പോകുന്നതിന് മുമ്പ് ഓഫീസിലെത്തി. വാക്‌സിന്‍ ലഭ്യമല്ലാത്ത പ്രശ്‌നവും പേവിഷബാധയെക്കുറിച്ചുണ്ടാവേണ്ട അവബോധം സംബന്ധിച്ചും ഒരു മുഖപ്രസംഗം എഴുതിവെച്ചശേഷമാണ് കോയക്ക മോനെയും കൂട്ടി ആശുപത്രിയിലേക്ക് പോയത്.

മലായയില്‍ അക്കാലത്തെ പ്രധാന മലയാള പത്രമായിരുന്ന വിദേശമലയാളിയുടെ എഡിറ്ററായി കോയാസഹിബ് പ്രവര്‍ത്തിച്ചു. സിംഗപ്പൂര്‍ വിമോചനത്തിനായി പ്രവര്‍ത്തിച്ച സിംഗപ്പൂര്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ നായകരിലൊരാളായി മാറിയ കോയ ആ പാര്‍ട്ടിയുടെ മുഖപത്രമായ പിബ്ലിയന്റെ പത്രാധിപരായി

ആ കോഴിക്കോടന്‍ കഥകള്‍ക്ക് തുടര്‍ച്ചയുണ്ട്. കണ്ണൂര്‍ ദേശാഭിമാനി ഓഫീസ് പള്ളിക്കുളത്തിനും പൊടിക്കുണ്ടിനുമിടയില്‍ ദേശീയപാതയോരത്താണ്. ബ്യൂറോ അക്കാലത്ത് പ്രവര്‍ത്തിച്ചിരുന്നത് റോഡിന് അഭിമുഖമായുള്ള മുറിയില്‍. റോഡിലൂടെ നടന്നുപോകുന്നവരെ ബ്യൂറോയില്‍നിന്ന് കാണാനാവും. നട്ടുച്ചനേരത്ത് കോയക്കയുണ്ടാവും അതിലൂടെ പുതിയതെരു ഭാഗത്തേക്ക് നടക്കുന്നു. നാലടി നടക്കാന്‍, അതും വെയിലത്ത്, മടിയന്മാരായ ഞങ്ങള്‍ അതുകണ്ട് തമാശപറയും. പലദിവസവും കോയക്ക ഓഫീസിലേക്ക് കയറും. എന്താ കോയക്കാ ഈ വെയിലത്ത് നടക്കുന്നത്? അത് പുതിയതെരുവില്‍ നല്ല ഫ്രഷ് പച്ചക്കറി കിട്ടും. അതിന് നടക്കണമോ എന്ന ചോദ്യത്തിന് അത്രയക്കൊന്നുമില്ലല്ലോ- ഇല്ല അഞ്ചു കിലോമീറ്ററേയുള്ളൂവെന്ന് ചിരി പൊട്ടാതെ ഞങ്ങളുടെ മറുപടി. വെയിലല്ലേ എന്ന ചോദ്യത്തിന് കോയക്ക പറയുക അത്രയ്‌ക്കൊന്നും ചൂടില്ല എന്നത്രേ. പല ദിവസങ്ങളിലും കാന്റീനിലേക്ക് വിളിച്ച് ചായകൊടുത്തേ വിടാറുള്ളൂ ദേശീയപാതയോരത്ത് വീണ് മുഖത്തും കൈക്കുമെല്ലാം ക്ഷതംപറ്റി കുപ്പായം ചോരയില്‍ കുളിച്ചനിലയില്‍ ഓഫീസിലേക്ക് കയറിവന്ന സന്ദര്‍ഭങ്ങളും കുറവല്ല. ചെറുതായൊന്ന് കാല്‍ തെന്നിവീണു എന്ന് ചിരിയോടെ പറയുന്ന കോയക്ക.

കേരളകൗമുദിയില്‍നിന്ന് 15 വര്‍ഷത്തെ സേവനത്തിനുശേഷം വിരമിക്കുന്ന സമയത്ത് കോയക്ക സുഹൃത്തുക്കളോടെല്ലാം പങ്കുവെച്ച ഒരാശയമുണ്ടായിരുന്നു. അദ്ദേഹം ഉറച്ചുവിശ്വസിച്ച ഒരു കാര്യം. തീവണ്ടിയില്‍ യാത്രചെയ്യുമ്പോഴടക്കം പരിചയക്കാരോട് അതദ്ദേഹം പങ്കുവെക്കുകയും ചെയ്യാറുണ്ട്. മറ്റൊന്നുമല്ല, കണ്ണൂരില്‍ ലോക്‌സഭാ സീറ്റില്‍ സി പി എമ്മിന്റെ സ്ഥാനാര്‍ഥിയാകുന്ന കാര്യം. കണ്ണൂര്‍ സി പി എമ്മിന്റെ അതിശക്തകേന്ദ്രമായിട്ടും എല്‍ ഡി എഫ് തുടര്‍ച്ചയായി തോല്‍ക്കുയാണ്. 1984- പാട്യം രാജന്‍, 1989- പി.ശശി, 91- ഇ ഇബ്രാഹിംകുട്ടി, പിന്നെ രാമചന്ദ്രന്‍ കടന്നപ്പള്ളി, എ സി ഷണ്‍മുഖദാസ്... തോല്‍വിയുടെ പരമ്പര. കോയക്ക അക്കാലത്ത് വിശ്വസിച്ചതും പറഞ്ഞതും ഇതാണ്- കണ്ണൂരില്‍ താന്‍ മത്സരിച്ചാല്‍ ജയസാധ്യതയുണ്ട്. ഈ ലേഖകനോടുതന്നെ പലവട്ടം അതിന്റെ സാധ്യതകള്‍ അദ്ദേഹം നിരത്തി. പാര്‍ട്ടി വോട്ട് പൂര്‍ണമായും പിന്നെ ന്യൂനപക്ഷ വോട്ടും. പിന്നെ അതിനേക്കാളെല്ലാം പ്രധാനം പാര്‍ലമെന്റില്‍ തന്നെപ്പോലൊരാള്‍ ഉണ്ടാകുന്നതിന്റെ മെച്ചവും ബജറ്റിനെക്കുറിച്ചെല്ലാം ആധികാരികമായി ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കാനുള്ള പ്രാപ്തി...ഇങ്ങനെ ഒരുപാട് അനുകൂലഘടകങ്ങള്‍. അപ്പോള്‍ കോയക്കയോട് ചോദിച്ചു, അതിന് പാര്‍ട്ടി കോയക്കയെ തീരുമാനിച്ചാലല്ലേ പറ്റൂ...? അപ്പോള്‍ തുറന്ന ചിരിയോടെ ആ രഹസ്യം വെളിപ്പെടുത്തി- കണ്ണന്‍ പലതവണ എന്നോട് പറഞ്ഞു. കണ്ണന്‍ എന്നാല്‍ കോയക്കയുടെ നാട്ടുകാരനും ചെറുപ്പത്തിലെ സഹപ്രവര്‍ത്തകനുമായ സി പി എം. നേതാവും സി ഐ ടി യു സംസ്ഥാന പ്രസിഡന്റുമായ സി.കണ്ണന്‍. കണ്ണേട്ടനാണ് കോയക്കയോട് തമാശയായി ഈ പോയന്റ് അവതരിപ്പിച്ചത്. കോയക്കയുടെ മനസ്സില്‍ അത് തറച്ചുകയറുകയുംചെയ്തു.

എന്നാല്‍ അത് കേവലമൊരു തമാശയല്ല. കെ കോയ എന്ന പത്രപ്രവര്‍ത്തകന്റെ, രാഷ്ട്രീയപോരാളിയുടെ ഭൂതകാലത്തിലേക്കൊന്നുകണ്ണോടിച്ചാല്‍ അക്കാര്യം വ്യക്തമാവും. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കണ്ണൂര്‍ ടൗണ്‍ കമ്മിറ്റിയുടെ ആദ്യകാല സെക്രട്ടറിയായിരുന്നു കെ കോയ കണ്ണൂര്‍ സിറ്റിയിലെ ഐറ്റാണ്ടി പൂവളപ്പില്‍ എന്ന സ്ഥഖലത്തെ ടി എം മുഹമ്മദ്കുഞ്ഞിയുടെയും സിറ്റി ആനയിടുക്കിലെ കടലക്കാരന്‍ ഖദീജയുടെയും മകന്‍. കടലക്കാരനാണ് കെ ആയത്. പി കൃഷ്ണപിള്ള കണ്ണൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നാല്പതുകളുടെ ആദ്യം. കെ കോയയാണ് പാര്‍ട്ടിയുടെ ടൗണ്‍ സെക്രട്ടറി. കൃഷ്ണപിള്ളയോടൊപ്പം രാപകല്‍ കണ്ണൂര്‍ നഗരത്തില്‍ നടത്തിയ യാത്രയുടെയും പ്രവര്‍ത്തനത്തിന്റെയും കഥകള്‍, കൃഷ്ണപിള്ളയുടെ മാസ്മരിക വ്യക്തിത്വത്തിന്റെ സവിശേഷതകള്‍... അതെല്ലാം പലപ്പോഴും കോയക്ക ഓര്‍ത്തുപറയാറുണ്ട്. പാര്‍ട്ടിയുടെ ടൗണ്‍ കമ്മിറ്റി സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നതിനിടെയാണ് കോയ പത്രപ്രവര്‍ത്തനത്തിലേക്ക് ആകൃഷ്ടനാകുന്നത്. 1944 മുതല്‍ നാലുവര്‍ഷം പൗരശക്തി (കോഴിക്കോട്) പത്രത്തിന്റെ മലബാര്‍ ലേഖകനായി പ്രവര്‍ത്തിച്ചു. പക്ഷേ കമ്യൂണിസ്റ്റ് പ്രവര്‍ത്തനം തുടര്‍ന്നു.

1948 കാലത്ത് അറസ്റ്റ് ഭയന്ന പാതാവ് മുഹമ്മദ് കുഞ്ഞി, കോയയെ മലയായിലേക്ക് 'നാടുകടത്തുക'യായിരുന്നു. മലയായിലെത്തിയ ഉടന്‍തന്നെ മലായ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ചേര്‍ന്നു. ട്രേഡ് യൂനിയന്‍ പ്രവര്‍ത്തനവും തുടങ്ങി. തലശേരി സ്വദേശിയായ ചെങ്ങറ വീട്ടില്‍ ദേവന്‍നായര്‍, അഥവാ സി വി ദേവന്‍നായരുടെ ഏറ്റവുമടുത്ത സഹപ്രവര്‍ത്തകനായിരുന്നു കോയ. മലായയില്‍ അക്കാലത്തെ പ്രധാന മലയാള പത്രമായിരുന്ന വിദേശമലയാളിയുടെ എഡിറ്ററായി കോയാസഹിബ് പ്രവര്‍ത്തിച്ചു. സിംഗപ്പൂര്‍ വിമോചനത്തിനായി പ്രവര്‍ത്തിച്ച സിംഗപ്പൂര്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ നായകരിലൊരാളായി മാറിയ കോയ ആ പാര്‍ട്ടിയുടെ മുഖപത്രമായ പിബ്ലിയന്റെ പത്രാധിപരായി. മലയ്, ഇംഗ്ലീഷ്, ചൈനീസ് ഭാഷകളില്‍ പ്രസിദ്ധപ്പെടുത്തിയ ആ പത്രം ബ്രിട്ടീഷ് കൊളോണിയല്‍ ഭരണകൂടത്തിന് കണ്ണിലെ കരടായി. പത്രാധിപരായ കോയക്കെതിരെ നിരവധി കേസുകള്‍ ചാര്‍ജുചെയ്യപ്പെട്ടു. പലതവണ അറസ്റ്റ് ചെയ്തു. ഒടുവില്‍ പത്രം പൂട്ടിക്കുകയും കോയയെ ഇന്ത്യയിലേക്ക് നാടുകടത്തുകയുമായിരുന്നു. സിംഗപ്പൂരിന്റെയും മലയയുടെയും സ്വാതന്ത്ര്യത്തിനുവേണ്ടി ശക്തമായി പ്രവര്‍ത്തിച്ച പത്രം പൂട്ടിച്ച് പത്രാധിപരെ നാടുകടത്തിയ സംഭവം അന്താരാഷ്ട്ര മാധ്യമങ്ങള്‍ അക്കാലത്ത് (1964) വലിയ പ്രാധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തത്. പില്‍ക്കാലത്ത് സിംഗപ്പൂരിന്റെ പ്രസിഡന്റായ ദേവന്‍നായര്‍ തന്നെപ്പോലുള്ളവരെ വഞ്ചിക്കുകയായിരുന്നുവെന്നാണ് കോയക്ക പറയാറുള്ളത്.

1964-നുശേഷം നാട്ടിലെത്തിയ കോയയെ കെ പി ആര്‍ ഗോപാലനാണ് ദേശാഭിമാനിയിലേക്ക് ക്ഷണിച്ച് പത്രാധിപസമിതിയില്‍ ഉള്‍പ്പെടുത്തിയത്. പാര്‍ട്ടിയില്‍ അംഗമല്ലാതെ തന്നെ ദേശാഭിമാനി പത്രാധിപസമിതിയിലെ പ്രധാനിയായി 18 വര്‍ഷത്തോളം അദ്ദേഹം പ്രവര്‍ത്തിച്ചു. 1944 മുതല്‍ 1998 വരെ ഔദ്യോഗികമായി പത്രപ്രവര്‍ത്തകനായിരുന്ന കെ കോയ പിന്നീട് ജീവിച്ച ഒരു പതിറ്റാണ്ടുകാലവും പത്രപ്രവര്‍ത്തനം വിട്ടിരുന്നില്ല. കാലാവസ്ഥയും സ്‌പോര്‍ട്‌സും അവസരം കിട്ടുമ്പോഴൊക്ക കൈകാര്യംചെയ്തു. ഒരുപക്ഷേ ഏറ്റവും കൂടുതല്‍ കാലം പ്രവര്‍ത്തിച്ച പത്രപ്രവര്‍ത്തകന്‍. പക്ഷേ ആ അമൂല്യമായ അനുഭവസമ്പത്ത് ആത്മകഥയുടെ രൂപത്തില്‍ പകര്‍ത്തിവെച്ചില്ല. ആരും പൂര്‍ണമായി കേട്ടെഴുതിയുമില്ല.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി