''കുഞ്ഞേ എനിക്ക് ഒരു വീട് വേണം, ഇച്ചിരി സ്ഥലം വേണം,'' ഇനി ഇത് പറയാന്‍ കാര്‍ത്യായനിയമ്മ ഇല്ല. അറിവിന്റെ ലോകത്ത് വിജയങ്ങള്‍ നേടി പ്രശസ്തിയുടെ കൊടുമുടി കയറിയ കാര്‍ത്യായനിയമ്മ ആഗ്രഹങ്ങള്‍ ബാക്കിയാക്കി 101-ാം വയസില്‍ വിടവാങ്ങി.
96-ാം വയസില്‍ തുല്യതാ പരീക്ഷയില്‍ കേരളത്തില്‍ ഒന്നാം റാങ്ക് നേടി വിജയിച്ച കാർത്യായനിയമ്മ ലോകത്തെ തന്നെ അമ്പരപ്പിച്ചിരുന്നു. ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയില്‍ പഠനത്തിന് വഴിയില്ലാതെപോയ അമ്പലത്തിലെ അടിച്ചുതളിക്കാരിയായിരുന്നു കാര്‍ത്യായനിയമ്മ. 96-ാം വയസ്സില്‍ അവിചാരിതമായാണ് പഠനത്തിലേക്കുള്ള വഴി തെളിയുന്നത്.
വിജയം നേടിയതോടെ കാര്‍ത്യായനിയമ്മയെ തേടി അംഗീകാരങ്ങളും പുരസ്‌കാരങ്ങളും അനുമോദനങ്ങളുമെത്തി. കേന്ദ്രസര്‍ക്കാരിന്റെ നാരീശക്തി പുരസ്‌കാരമുള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കി. പിന്നീട് അവരെ കോമണ്‍വെല്‍ത്ത് ലേണിങ് ഗുഡ്‌വില്‍ അംബാസിഡറായി പ്രഖ്യാപിച്ചു.
പഠിക്കാന്‍ അതിയായി ആഗ്രഹിച്ചിരുന്ന കാര്‍ത്യായനിയമ്മ അക്ഷരലക്ഷം പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയപ്പോള്‍ കമ്പ്യൂട്ടര്‍ പഠിക്കണമെന്ന ആഗ്രഹമാണ് അറിയിച്ചിരുന്നു. തുടർന്ന്, വിദ്യാഭ്യാസവകുപ്പ് കമ്പ്യൂട്ടര്‍ സമ്മാനിച്ചു. നാലാംക്ലാസും ഏഴാം ക്ലാസും കഴിഞ്ഞ് പത്താംക്ലാസ് പരീക്ഷയെഴുതാനിരിക്കെയാണ് വീണ് പരുക്കേല്‍ക്കുന്നത്. പ്രായാധിക്യത്താല്‍, ആ കിടപ്പില്‍നിന്ന് കാര്‍ത്യായനിയമ്മ എഴുന്നേറ്റില്ല.
ഒരിക്കല്‍ പുരസ്‌കാരങ്ങളും അനുമോദനങ്ങളുമായി കാത്തിരുന്ന ആള്‍ക്കൂട്ടത്തിനിടയില്‍നിന്ന് സ്വന്തമല്ലാത്ത ഒറ്റമുറി വീട്ടിലെ ഇരുട്ടിലായി കാര്‍ത്യായനിയമ്മയുടെ ജീവിതം. ലക്ഷംവീട് കോളനിയിലെ മൂന്ന് സെന്റില്‍ കൊച്ചുമകളുടെ പേരിലുള്ള ഒറ്റമുറി വീട്ടിലാണ് കാര്‍ത്യായനിയമ്മയും മകളും കൊച്ചുമകളുടെ കുടുംബവും കഴിഞ്ഞത്. ചികിത്സയ്ക്കുള്‍പ്പെടെ ബുദ്ധിമുട്ടിയ ഇവരെ സഹായിക്കാന്‍ ആരുമുണ്ടായില്ല. വീട്ടുജോലികളും കൂലിപ്പണിയും ചെയ്യാന്‍ മകള്‍ പോവുമ്പോള്‍ അനങ്ങാന്‍ പോലുമാവാതെ വീട്ടില്‍ തനിച്ചായി കാര്‍ത്യായനിയമ്മ.
എന്നാല്‍ ആ കിടപ്പിലും വീണ്ടും ഒരു അംഗീകാരം അവരെ തേടിയെത്തി. പ്രശസ്ത ഷെഫ് വികാസ് ഖന്ന കാര്‍ത്യായനിയമ്മയെ കേന്ദ്രകഥാപാത്രമാക്കി എഴുതിയ ' ബെയര്‍ഫൂട്ട് എംപ്രസ്'. ഈ വര്‍ഷം റിപ്പബ്ലിക് ദിന പരേഡില്‍ കാര്‍ത്യായനിയമ്മയുടെ പൂര്‍ണകായ പ്രതിമ ഉള്‍പ്പെടുത്തിയായിരുന്നു കേരളത്തിന്റെ ഫ്‌ളോട്ട്.
'ഇനിയും പഠിക്കണം. പക്ഷേ വഴിയില്ലല്ലോ' ഒരു വര്‍ഷം മുമ്പ് കാണുമ്പോള്‍ വ്യക്തമല്ലാത്ത ശബ്ദത്തില്‍ കാര്‍ത്യായനിയമ്മ പറഞ്ഞു. പക്ഷേ പഠനത്തേക്കാള്‍, മരിക്കുന്നതിന് മുമ്പ് തനിക്ക് സ്വന്തമായി വീടും സ്ഥലവും വേണമെന്നായിരുന്നു അവരുടെ വലിയ ആഗ്രഹം. എന്നാല്‍ അതിനായി കുടുംബവും സാമൂഹ്യപ്രവര്‍ത്തകരും മുട്ടാത്ത വാതിലുകളുണ്ടായിരുന്നില്ല. പഞ്ചായത്ത് മുതല്‍ മുഖ്യമന്ത്രി വരെയുള്ള എല്ലാ സംവിധാനങ്ങളിലും ആവശ്യപ്പെട്ടിട്ടും മരണം വരെയും കാര്‍ത്യായനിയമ്മയ്ക്ക് അത് ലഭിച്ചില്ല. ലക്ഷം വീട് കോളനിയിൽ ശവസംസ്കാരങ്ങൾക്കായുള്ള 10 സെന്റിലേക്കാണ് കാർത്യായനിയമ്മ മടങ്ങുന്നത്.