PEOPLE

കാലത്തിനു മുന്‍പേ നടന്ന കല്യാണിക്കുട്ടിയമ്മ

ഏറെയൊന്നും വായിക്കപ്പെടാത്ത ലളിതമായ ഭാഷയിലെഴുതിയ കൃതിയായിരുന്നു 'പഥികയും വഴിയോരത്തെ മണിദീപങ്ങളും' എന്ന ആത്മകഥ. ഒരു ജീവിത കഥയെന്നതിനപ്പുറത്തേക്ക് ചില സവിശേഷതകളുള്ള ഒരു അസാധാരണ കൃതിയായിരുന്നു അത്.

പി രാംകുമാർ

മുപ്പത് കൊല്ലം മുന്‍പ് കേരള സാഹിത്യ അക്കാദമി ആ വര്‍ഷത്തെ മികച്ച ആത്മകഥക്കുള്ള പുരസ്‌കാരം നല്‍കിയത് അധികമാരും കേട്ടിട്ടില്ലാത്ത കെ കല്യാണിക്കുട്ടിയമ്മ എന്ന എഴുത്തുകാരിക്കായിരുന്നു. ഏറെയൊന്നും വായിക്കപ്പെടാത്ത വളരെ ലളിതമായ ഭാഷയിലെഴുതിയ കൃതിയായിരുന്നു പുരസ്‌ക്കാരം നേടിയ 'പഥികയും വഴിയോരത്തെ മണിദീപങ്ങളും' എന്ന ആത്മകഥ. വെറും ഒരു ജീവിത കഥയെന്നതിനപ്പുറത്തേക്ക് ചില സവിശേഷതകളുള്ള ഒരു അസാധാരണ കൃതിയായിരുന്നു അത്. അതിന് മുന്‍പ് ഒരു പുസ്തകമാണ് കല്യാണിക്കുട്ടിയമ്മ എഴുതിയിട്ടുള്ളത്. അതും അറുപത് വര്‍ഷം മുന്‍പ്. ആത്മകഥ പ്രസിദ്ധീകരിക്കുമ്പോള്‍ കല്യാണക്കുട്ടിയമ്മയുടെ പ്രായം 86 വയസ് ആയിരുന്നു.

പാതിയാകാശവും പാതിമണ്ണും വിദ്യകൊണ്ടു നേടാന്‍ ഒരു സ്ത്രീക്ക് കഴിയും എന്ന കിനാവുപോലും അന്യമായിരുന്ന കാലത്ത് തന്റേതായ ഇടം കണ്ടെത്തിയ യുവതിയായിരുന്നു കോച്ചാട്ടില്‍ കല്യാണിക്കുട്ടിയമ്മ.

അധികമാരുമറിയാത്ത പ്രക്ഷുബ്ധമായ ഒരു ഭൂതകാലമുണ്ടായിരുന്നു അവര്‍ക്ക്. ഉയര്‍ച്ചയുടെയും താഴ്ചയുടേയും കാലം, നഷ്ടങ്ങളുടെയും ഒറ്റപ്പെടലിന്റെയും കാലം. പ്രശസ്തിയും കുപ്രസിദ്ധിയും ഏറ്റുവാങ്ങിയ നാളുകള്‍. ജീവിതത്തില്‍ താന്‍ നേരിട്ട ആ അഗ്‌നിപരീക്ഷണങ്ങളുടെ ചിത്രങ്ങളായിരുന്നു ആത്മകഥയില്‍ അവര്‍ പകര്‍ത്തിവച്ചത്.

പാതിയാകാശവും പാതിമണ്ണും വിദ്യകൊണ്ടു നേടാന്‍ ഒരു സ്ത്രീക്ക് കഴിയും എന്ന കിനാവുപോലും അന്യമായിരുന്ന കാലത്ത് തന്റേതായ ഇടം കണ്ടെത്തിയ യുവതിയായിരുന്നു കോച്ചാട്ടില്‍ കല്യാണിക്കുട്ടിയമ്മ. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലെ കേരളത്തിലെ സ്ത്രീപക്ഷ പോരാട്ടത്തിലെ നായികമാരിലൊരാള്‍. അദ്ധ്യാപിക, വിദ്യാഭ്യാസ പ്രവര്‍ത്തക, സ്ത്രീ സ്വാതന്ത്ര്യവാദി എന്നീ നിലകളില്‍ അറിയപ്പെട്ടിരുന്ന ഒരു വനിത.

കോച്ചാട്ടില്‍ കല്യാണിക്കുട്ടിയമ്മ
മഹാത്മ ഗാന്ധിയെ അഭിമുഖം ചെയ്ത ആദ്യത്തെ മലയാളി വനിത

കടലു കടന്ന് യാത്ര ചെയ്യുന്നത് ആചാര വിരുദ്ധമായി കണക്കാക്കിയിരുന്ന, കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍,1930 കളില്‍, യൂറോപ്പിലെ എട്ട് രാജ്യങ്ങള്‍ സന്ദര്‍ശിച്ചിരുന്നു കല്യാണിക്കുട്ടിയമ്മ. അന്നത്തെ അനുഭവങ്ങള്‍ പിന്നീട് പുസ്തകമായി. 'ഞാന്‍ കണ്ട യൂറോപ്പ്' എന്ന ആ ഗ്രന്ഥം മലയാളത്തിലെ ഒരു വനിത എഴുതിയ ആദ്യത്തെ ലക്ഷണമൊത്ത യാത്രാവിവരണമാണ്.

മഹാത്മ ഗാന്ധിയെ അഭിമുഖം ചെയ്ത ആദ്യത്തെ മലയാളി വനിതയും അവര്‍ തന്നെയാണ്. ഗാന്ധിജിയോട് ചോദിച്ചത് പലതും വിവാദ വിഷയങ്ങളായിരുന്നു. ഇന്നും പ്രസക്തമായ വാദങ്ങള്‍ ഉള്‍ക്കൊണ്ട ആ അഭിമുഖം വടക്കേ ഇന്ത്യയില്‍ ഹിന്ദുസ്ഥാന്‍ ടൈംസിലും തെക്കേ ഇന്ത്യയില്‍ ദ ഹിന്ദുവിലും കേരളത്തില്‍ മലയാള മനോരമയിലും പ്രധാന്യത്തോടെ അക്കാലത്ത് അച്ചടിച്ചുവന്നു.

തൃശൂരിലെ പ്രശസ്ത ഡോക്ടറായ മൂത്തേടത്ത് കൃഷ്ണ മേനോന്റെയും കോച്ചാട്ടില്‍ കൊച്ചു കുട്ടിയമ്മയുടെ മകളായ കല്യാണിക്കുട്ടിയുടെ കോളേജ് വിദ്യാഭ്യാസം മദ്രാസിലെ പ്രശസ്തമായ ക്യൂന്‍ മേരീസ് കോളേജിലായിരുന്നു. പഠിക്കുന്ന കാലത്ത് തന്നെ അവര്‍ കലാസാഹിത്യ രംഗത്ത് സജീവമായിരുന്നു.

ആ സമയത്ത് മദ്രാസിലുണ്ടായിരുന്ന ഡോ. ആനി ബസന്റ്, വി കെ കൃഷ്ണ മേനോന്‍, ജിദ്ദു കൃഷ്ണമൂര്‍ത്തി എന്നിവരുമായി ആത്മബന്ധം സ്ഥാപിച്ചു. ഭൗതിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദമെടുത്ത അവര്‍ തൃശൂരിലെ താന്‍ പഠിച്ച വി ജി സ്‌കൂളില്‍ തന്നെ അദ്ധ്യാപികയായി. സ്ത്രീ വിദ്യാഭ്യാസത്തിന്റെ ആവശ്യകതയെക്കുറിച്ച് അക്കാലത്തെ ആനുകാലികങ്ങളില്‍ ധാരാളമായി അവര്‍ എഴുതിയിരുന്നു. സ്ത്രീ പുരോഗമന പ്രസ്ഥാനങ്ങളില്‍ അതീവ തല്‍പരയായിരുന്ന അവര്‍ അഖിലേന്ത്യാ വിമന്‍സ് കോണ്‍ഫെറന്‍സില്‍ സജീമായി പ്രവര്‍ത്തിച്ചിരുന്നു.

സി കുട്ടൻ നായരും കെ കല്യാണിക്കുട്ടിയമ്മയും

വെള്ളായ്ക്കല്‍ നാരായണ മേനോന്‍ പത്രാധിപരായിരുന്ന 'ലക്ഷ്മി ഭായ്' മാസികയില്‍ സന്താന നിയന്ത്രണം, സ്ത്രീ സമത്വം തുടങ്ങിയ വിഷയങ്ങളില്‍ ലേഖനങ്ങളെഴുതി. 'സ്ത്രീ പുരുഷ സമത്വത്തിനുള്ള ചില പ്രതിബന്ധങ്ങള്‍' എന്ന തലക്കെട്ടില്‍ അവര്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ ലേഖനം (പ്രത്യേക ലക്കം 1938) അക്കാലത്ത് വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. 1935 ല്‍ അഖിലേന്ത്യാ വിദ്യാര്‍ത്ഥി സംഘത്തിന്റെ ചുമതലക്കാരിയായ മിസിസ് എസ് കെ ദത്തയുടെ നേതൃത്വത്തില്‍ ഒരു സംഘം യുവതികള്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനും അവിടെ പല സമ്മേളനങ്ങളില്‍ പങ്കെടുക്കാനും ഒരുങ്ങുന്ന കാര്യം കല്യാണിക്കുട്ടിയമ്മ പത്രങ്ങളില്‍ നിന്നാണ് അറിഞ്ഞത്. മദ്രാസില്‍ ക്യൂന്‍ മേരീസിലെ പഠന കാലത്തെ വിദ്യാര്‍ഥി സംഘത്തിന്റെ സജീവ പ്രവര്‍ത്തകയായ അവര്‍ ഉടനെ മിസിസ് ദത്തയുമായി ബന്ധപ്പെടുകയും സംഘത്തിലെ ഒരംഗമായി യൂറോപ്പിലേക്ക് തിരിക്കുയും ചെയ്തു.

ഒരു ഡസന്‍ യാത്രാ വിവരങ്ങളെഴുതാനുള്ള അനുഭവങ്ങള്‍ 27 കാരിയായ കല്യാണിക്കുട്ടിയമ്മ യൂറോപ്യന്‍ സന്ദര്‍ശനത്തില്‍ നിന്ന് നേടി

മൂന്ന് മാസം നീണ്ട നിന്ന പര്യടനത്തില്‍ ഓസ്ട്രിയ, ഇറ്റലി, ജര്‍മ്മനി, ബെല്‍ജിയം, ഇംഗ്ലണ്ട്, ഫ്രാന്‍സ്, ഹോളണ്ട്, സ്വിറ്റ്‌സര്‍ലന്റ് എന്നീ രാജ്യങ്ങള്‍ അവര്‍ സന്ദര്‍ശിച്ചു. ലണ്ടനില്‍ ലോക പ്രശസ്തനായ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ഹെറാള്‍ഡ് ലാസ്‌കിയെ സന്ദര്‍ശിച്ചു. ഹോളണ്ടില്‍ വളരെ പണിപ്പെട്ട് റൊമെയിന്‍ റോളണ്ടിനെ വീട്ടില്‍ ചെന്ന് കണ്ടു സംസാരിച്ചു. ഒരു ഡസന്‍ യാത്രാ വിവരങ്ങളെഴുതാനുള്ള അനുഭവങ്ങള്‍ 27 കാരിയായ കല്യാണിക്കുട്ടിയമ്മ ആ സന്ദര്‍ശനത്തില്‍ നിന്ന് നേടി.

ഈ കുറിപ്പുകള്‍ പിന്നീട് മഹാത്മഗാന്ധിയുടെ പുത്രനായ ദേവദാസ് ഗാന്ധിയുടെ നിര്‍ദേശമനുസരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസില്‍ പ്രസിദ്ധികരിച്ചു. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ മാനേജിങ്ങ് എഡിറ്റര്‍ ആയിരുന്നു അദ്ദേഹം. കേരളത്തില്‍ മലയാള മനോരമയിലും കൊച്ചി രാജ്യത്തെ 'ഗോമതി' പത്രത്തിലും ഇതിന്റെ പരിഭാഷ വന്നതോടെ ഒരു പ്രതിഭയുള്ള എഴുത്തുകാരിയായി കോച്ചാട്ടില്‍ കല്യാണിക്കുട്ടിയമ്മ അംഗീകരിക്കപ്പെട്ടു.

പിന്നീട് വി കെ കൃഷ്ണ മേനോന്റെ നിര്‍ദ്ദേശപ്രകാരം 'ഞാന്‍ കണ്ട യൂറോപ്പ്' എന്ന പേരില്‍ ഈ യാത്രാ വിവരണം മലയാളത്തില്‍ പ്രസിദ്ധീകരിച്ചു. തൃശൂരിലെ ഭാരതവിലാസം പ്രസ്സുകാര്‍ ആയിരത്തോളം കോപ്പികള്‍ അച്ചടിച്ച ഈ പുസ്തകം ഏറെ പ്രശസ്തി നേടി, വളരെ വേഗം തന്നെ വിറ്റഴിഞ്ഞു. കെ പി കേശവമേനോന്റെ 'ബിലാത്തി വിശേഷ' ത്തിന് ശേഷം മലയാളത്തിലുണ്ടായ ഏറ്റവും മികച്ച സഞ്ചാര സാഹിത്യമായാണ് അക്കാലത്തെ നിരൂപകര്‍ കൃതിയെ വിലയിരുത്തിയത്.

''അത് എന്റെ ആദ്യത്തെ കപ്പല്‍ യാത്രയായിരുന്നു. എസ് എസ് കോണ്ടി റോസോയില്‍ മേല്‍ത്തട്ടില്‍ നിന്നുകൊണ്ട് അനുക്ഷണം പിന്‍വാങ്ങി കൊണ്ടിരുന്ന ഇന്ത്യയുടെ തീരപ്രദേശങ്ങള്‍ ദൃഷ്ടിപഥത്തില്‍ നിന്ന് മറയുന്നതുവരെ ഞാന്‍ നോക്കിക്കണ്ടു,'' എന്നാരംഭിക്കുന്ന ആദ്യ അദ്ധ്യായം മുതല്‍ 221 പേജുകളിലായി 8 യൂറോപ്യന്‍ രാജ്യങ്ങളിലെ അക്കാലത്തെ രാഷ്ട്രീയ, സാമൂഹിക, ജാതി, മത വസ്തുതകള്‍ പുസ്തകത്തിലൂടെ ലളിതമായി പറഞ്ഞു പോകുന്നു. മിസിസ് കുട്ടന്‍ പിള്ള എന്നായിരുന്നു പുസ്തകത്തില്‍ അച്ചടിച്ച എഴുത്തുകാരിയുടെ പേര്.

ലണ്ടനില്‍ എത്തിയ കല്യാണിക്കുട്ടിയമ്മ ഹെറാള്‍ഡ് ലാസ്‌കിയെ അദ്ദേഹത്തിന്റെ വസതിയില്‍ ചെന്ന് കാണുന്നുണ്ട്. ''സ്വന്തം രാജ്യത്തെ സ്വന്തം പദവിയേക്കാളുമധികം സ്‌നേഹിക്കണമെന്ന് ഓരോ ഇന്ത്യക്കാരനേയും ഉത്‌ബോധിപ്പിക്കാനാഗ്രഹിക്കുന്നു. ചില ഇന്ത്യന്‍ യുവാക്കള്‍ ഉന്നത ബിരുദങ്ങളോട് കൂടി ഇവിടെ നിന്ന് പോയതിനു ശേഷം പദവിക്കോ ഉദ്യോഗത്തിനോ വേണ്ടി മുട്ടുകുത്തിയിഴയുന്നതു കാണുമ്പോള്‍ വലിയ വേദന തോന്നുന്നു,'' ആ കൂടിക്കാഴ്ചയില്‍ ലാസ്‌കി കല്യാണിക്കുട്ടിയമ്മയോട് പറഞ്ഞു.

പഥികയും മണിയോരത്തെ ദീപങ്ങളും

താന്‍ കണ്ട ഇംഗ്ലണ്ടിനെ കുറിച്ച് കല്യാണിക്കുട്ടിയമ്മ ഇങ്ങനെ വിവരിക്കുന്നു:

''ആ രാജ്യത്ത് കാണുന്ന അസാധാരണമായ സംഭാഷണ സ്വാതന്ത്യം, അഭിപ്രായം തുറന്നു പറയാന്‍ അത്രമാത്രം സ്വാതന്ത്ര്യം മറ്റൊരിടത്തും ഉണ്ടെന്ന് തോന്നുന്നില്ല.'' തന്റെ കൂടെ കപ്പലില്‍ യാത്ര ചെയ്ത മൂന്ന് സഹയാത്രികരെ കണ്ട് സംസാരിച്ചത് അഭിമാനത്തോടെ രേഖപ്പെടുത്തിയിരിക്കുന്നു. സ്വിറ്റ്‌സര്‍ലന്റിലേയ്ക്ക് ചികിത്സക്കായി പോകുന്ന കമലാ നെഹ്‌റുവും കൂടെയുണ്ടായിരുന്ന മകള്‍ ഇന്ദിരയും സുഭാഷ് ചന്ദ്രബോസുമായിരുന്നു ആ വിഐപികള്‍.

തിരു - കൊച്ചി സംയോജനത്തിന് ശേഷം 1951 ല്‍ അന്നത്തെ ടെക്സ്റ്റ് ബുക്ക് കമ്മറ്റി ഒമ്പതാം ക്ലാസില്‍ മലയാള പുസ്തകത്തില്‍ 'ഞാന്‍ കണ്ട യൂറോപ്പി'ലെ ഒരു അദ്ധ്യായം ഉള്‍പ്പെടുത്തിയത് കല്യാണിക്കുട്ടിയമ്മ എന്ന എഴുത്തുകാരിക്കുളള അംഗീകാരമായിരുന്നു.

ഹാസ സാഹിത്യകാരന്‍ സഞ്ജയന്‍ തന്റെ ലേഖനത്തില്‍ ഈ കൃതിയെ ഇങ്ങനെ പരിഹസിച്ചു: ''പേര് ഒന്ന് മാറ്റിയാല്‍ കൊള്ളാം. ഇത് കുട്ടന്‍ കണ്ട യൂറോപ്പല്ല. യൂറോപ്പ് കണ്ട കുട്ടനാണ്''. എഴുത്തിലൂടെ സ്വന്തം വ്യക്തിത്വത്തെ ഉറപ്പിക്കുവാന്‍ സ്ത്രീകള്‍ നടത്തുന്ന ശ്രമങ്ങളെ തമസ്‌ക്കരിക്കാന്‍ അന്നത്തെ സാഹിത്യത്തിലെ പുരുഷാധിപത്യം നടത്തിയിരുന്ന ശ്രമങ്ങളുടെ തുടര്‍ച്ചയായിരുന്നു അത്.

അക്കാലത്ത് പ്രശസ്ത സ്വാതന്ത്ര്യ പ്രവര്‍ത്തകയും സ്ത്രീപക്ഷവാദിയുമായ കമലാദേവി ചതോപാദ്ധ്യായ തൃശൂര്‍ സന്ദര്‍ശിച്ചു. അവര്‍ക്ക് ഒരു അവര്‍ണ സമുദായ അംഗമായ സുഹൃത്തിന്റെ വീട്ടില്‍ മിശ്രഭോജനം ഏര്‍പ്പാടാക്കിയാണ് കല്യാണിക്കുട്ടിയമ്മ സ്വീകരിച്ചത്. സഹോദരന്‍ മാസികയില്‍ മിശ്രഭോജനത്തിന്റെ ഫോട്ടോ വന്നപ്പോള്‍ ' സുദര്‍ശനം' പത്രാധിപര്‍ കുന്നത്ത് ജനാര്‍ദ്ദന മേനോന്‍ കല്യാണിക്കുട്ടിയമ്മക്കെതിരെ അതിരൂക്ഷമായ വിമര്‍ശനം നടത്തി. ''ഈ മിശ്രഭോജനം ഒരു നല്ല നായര്‍ കുടുംബത്തില്‍ ജനിച്ച യുവതിക്ക് ചേര്‍ന്നതല്ല. ഒരു കുലടയ്ക്ക് പറ്റിയതാണ്' .

ഈ മിശ്രഭോജനത്തില്‍ പങ്കെടുത്ത അക്കാലത്തെ ശ്രദ്ധേയനായ കോണ്‍ഗ്രസ് പ്രവര്‍ത്തനായ സി കുട്ടന്‍ നായര്‍ കല്യാണിക്കുട്ടിയമ്മയെ വിവാഹം ചെയ്തു. തിരു-കൊച്ചിയിലെ രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളില്‍ സജീവ പ്രവര്‍ത്തകനായ സി കുട്ടന്‍ നായര്‍ വൈക്കം, ഗുരുവായൂര്‍ സത്യാഗ്രഹങ്ങളില്‍ ടി കെ മാധവന്‍, മന്നത്തു പത്മനാഭന്‍, കെ കേളപ്പന്‍ എന്നിവരോടൊപ്പം പങ്കെടുക്കുകയും കടുത്ത മര്‍ദനം ഏറ്റുവാങ്ങി ജയില്‍ ശിക്ഷയനുഭവിക്കുകയും ചെയ്തയാളായിരുന്നു. നെയ്യാറ്റിന്‍കരക്കാരനായ കുട്ടന്‍ നായര്‍ കൊച്ചിയില്‍ നടന്ന പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തതിന് വിചാരണ കൂടാതെ കരുതല്‍ തടങ്കലിടക്കപ്പെട്ട ഏക രാഷ്ട്രീയ തടവുകാരനായിരുന്നു.

ജെ. ദേവിക എഡിറ്റ് ചെയ്ത Herself- Gender and Early Writings if Malayalee Women എന്ന പുസ്തകത്തില്‍നിന്ന്

1934 ല്‍ ഡിസംബറില്‍ കറാച്ചിയിലെ അഖിലേന്ത്യാ മഹിളാ സമ്മേളനത്തില്‍ പങ്കെടുത്ത കല്യാണിക്കുട്ടിയമ്മ സന്താന നിയന്ത്രണത്തിനായി ശക്തമായി യോഗത്തില്‍ വാദിച്ചു. വര്‍ധിച്ചുവരുന്ന ജനസംഖ്യയും ദാരിദ്ര്യവും കണക്കിലെടുത്ത് ഇത് നടപ്പിലാക്കണമെന്നായിരുന്നു അവരുടെ വാദം. ഡല്‍ഹിയില്‍ ഈ വിഷയങ്ങളില്‍ അഭിപ്രായം തേടാനായി മഹാത്മാ ഗാന്ധിയുമായി അവര്‍ കൂടിക്കാഴ്ച നടത്തി. അഭിമുഖത്തില്‍ വളച്ച് കെട്ടലൊന്നുമില്ലാതെ അവര്‍ ഗാന്ധിയോട് ചോദിച്ചു.

''ബാപ്പുജി, സന്താന നിയന്ത്രണത്തെപ്പറ്റി താങ്കളുടെ അഭിപ്രായം എന്താണ്?''

താന്‍ സന്താന നിയന്ത്രണത്തിനെതിരാണ്. ആത്മനിയന്ത്രണത്തിലാണ് വിശ്വസിക്കുന്നത്.

കല്യാണിക്കുട്ടിയമ്മ: സാധാരണ മനുഷ്യന് ആത്മനിയന്ത്രണം സാധ്യമാണോ?

ഗാന്ധിജി: ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ യഥാര്‍ത്ഥത്തില്‍ മനുഷ്യരാശിയുടെ 'രോഗികളായ' വിദ്യാസമ്പന്നരായ ആളുകള്‍ക്കുള്ളതാണ്. ഞാന്‍ അവരെ 'രോഗികള്‍' എന്ന് വിളിക്കുന്നു, കാരണം അവര്‍ കഴിക്കുന്ന ഭക്ഷണവും പാനീയവും അവര്‍ നയിക്കുന്ന അത്യധികം കൃത്രിമ ജീവിതവും അവരെ ഇച്ഛാശക്തിയില്ലാത്തവരും അവരുടെ വികാരങ്ങള്‍ക്ക് അടിമകളുമാക്കിയിരിക്കുകയാണ്.

കല്യാണിക്കുട്ടിയമ്മ: സ്ത്രീ പുരുഷ സമത്വത്തെ ക്കുറിച്ചുള്ള അങ്ങയുടെ അഭിപ്രായം എന്താണ്?

ഗാന്ധിജി: നിങ്ങളീ പറയുന്നതിന്റെ സാരമെന്താണ്? ഞാന്‍ ഒരു ബാരിസ്റ്റാണെങ്കില്‍ എന്റെ ഭാര്യയും ബാരിസ്റ്ററാകണമെന്നാണോ നിങ്ങള്‍ പറയുന്നത്?

പുരുഷ മേധാവിത്വത്തിനെതിരായ ഒരു അദൃശ്യമായ ഒരു പോരാട്ടം എന്നും കോച്ചാട്ടില്‍ കല്യാണിക്കുട്ടിയമ്മയുടെ ജീവിതത്തിലുണ്ടായിരുന്നു.

സ്‌കൂള്‍ ടീച്ചറായിത്തുടങ്ങി ഡി ഇ ഒ ആയി വിരമിച്ച 30 വര്‍ഷത്തെ തിളക്കമാര്‍ന്ന അവരുടെ ജീവിതം പൊടുന്നനെ ദുരന്തങ്ങളുടെ പിടിയിലായി. കല്യാണിക്കുട്ടിയമ്മ വടക്കാഞ്ചേരിയില്‍ ജോലി ചെയ്തിരുന്ന സമയത്ത് തൃശൂര്‍ മന്നാടിയാര്‍ ലൈനിനുള്ള വീട് തല്‍ക്കാലത്തേക്ക് ആവശ്യപ്പെട്ടുകൊണ്ട് അവരുടെ ഒരു ബന്ധുവായ വാസുവും തൃശൂരിലെ കമ്യൂണിസ്റ്റ് നേതാവായ സി ജനാര്‍ദനനും കൂടി അവരുടെ അടുത്തെത്തി. ജോസഫ് മുണ്ടശ്ശേരിയെ കാണാന്‍ ചിലരൊക്കെ വരുന്നു. അവര്‍ക്ക് താമസിക്കാന്‍ കല്യാണി കുട്ടിയമ്മയുടെ വീട് വാടകക്ക് തരണം ഇതായിരുന്നു ആവശ്യം. അമ്മ മരിച്ചതിനാല്‍ വീട് പൂട്ടിയിട്ടിരിക്കുകയാണ്. കല്യാണിക്കുട്ടിയമ്മ താമസം വടക്കാഞ്ചേരിയിലും. കല്യാണിക്കുട്ടിയമ്മ അവരോട് പറഞ്ഞു. ''വാടകയൊന്നും വേണ്ട. വീട് വൃത്തിയാക്കി സൂക്ഷിക്കണം. ഇവിടെ ഞാന്‍ എല്ലാ ആഴ്ചയും വരുന്നതാണ്. അത് കൊണ്ട് കുറച്ചു ദിവസത്തേക്ക് മാത്രമേ തരാന്‍ പറ്റുകയുള്ളൂ.'' വീടിന്റെ താക്കോല്‍ കൈമാറുകയും ചെയ്തു.

ഞാൻ കണ്ട യൂറോപ്പ്

മൂന്നാം നാള്‍ വടക്കാഞ്ചേരിയില്‍ ജോലി സ്ഥലത്ത് വെച്ച് പത്രത്തില്‍ വന്ന ഒരു വാര്‍ത്ത വായിച്ച് കല്യാണിക്കുട്ടിയമ്മ ഞെട്ടിപ്പോയി. ''കോച്ചാട്ടില്‍ കല്യാണിക്കുട്ടിയമ്മ മന്നാടിയാര്‍ ലൈനിലുള്ള അവരുടെ വീട് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫിസിന് വാടക കൂടാതെ കൊടുത്തിരിക്കുന്നു. ശ്രീ എ കെ ഗോപാലന്‍ അതിന്റെ ഉല്‍ഘാടന കര്‍മ്മം നിറവേറ്റിയിരിക്കുന്നു ' എന്നായിരുന്നു ആ വാര്‍ത്ത. ഉടന്‍ തന്നെ അവര്‍ തൃശൂരെത്തി. വീടിന്റെ ഗേറ്റില്‍ നിന്ന് നോക്കിയപ്പോള്‍ രണ്ടാം നിലയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫീസ് എന്ന ബോര്‍ഡ് കണ്ടു. താഴെ നിന്നിരുന്ന നേതാവ് കെ കെ വാര്യരോട് ഈ ചതിയെ കുറിച്ച് ക്ഷോഭത്തോടെ സംസാരിച്ചു. കെ കെ വാര്യര്‍ പറഞ്ഞു,

''വിഷമിക്കേണ്ട ആവശ്യമുള്ളപ്പോള്‍ വീട് തീര്‍ച്ചയായും മടക്കിത്തരാം''. അത് ഒരിക്കലും സംഭവിച്ചില്ല.

അവര്‍ പല വാതിലുകളിലും മുട്ടി. ജോസഫ് മുണ്ടശ്ശേരിയെ ചെന്ന് കണ്ട് പരാതി പറഞ്ഞു. ഒന്നും സംഭവിച്ചില്ല. എന്നന്നേക്കുമായി ആ വീടും വീടിനോട് ചേര്‍ന്ന സ്വന്തം പിതാവിന്റെ ഡിസ്‌പെന്‍സറി കെട്ടിടവും നഷ്ടപ്പെട്ടു. വീട് പിന്നിട് സി. ജനാര്‍ദ്ദനന്റെ പേരിലാകുകയും ചെയ്തു. വീടും ഡിസ്‌പെന്‍സറിയും ഇടിച്ച് നിരത്തി പാര്‍ട്ടി അവിടെ പുതിയൊരു കെട്ടിടം പടുത്തുയര്‍ത്തി. പിന്നീട്, കല്യാണിക്കുട്ടിയമ്മയെ സമാധാനിപ്പിച്ച് പറഞ്ഞയച്ച കെ കെ വാര്യരുടെ പേരിലുള്ള സ്മാരക മന്ദിരമായി മാറി.

ജോലിയുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായതിനാല്‍ 30 വര്‍ഷം ജോലി ചെയ്തതിന് അര്‍ഹതപ്പെട്ട പെന്‍ഷന്‍ പോലും കല്യാണിക്കുട്ടിയമ്മക്ക് നിഷേധിക്കപ്പെട്ടു. ഒടുവില്‍ അത് വെട്ടിക്കുറച്ചാണ് അനുവദിച്ചത്.

കെ കെ വാര്യര്‍ സ്മാരക മന്ദിരം തന്നെയാണ് സി പി ഐ യുടെ ഇപ്പോഴത്തെ തൃശൂരിലെ പാര്‍ട്ടി ഓഫീസ്. ഈ കെട്ടിടത്തിന്റെ ഉദ്ഘാടന പ്രസംഗത്തില്‍ സി അച്യുതമേനോന്‍ പറഞ്ഞത്, ''മിസിസ് സി കുട്ടന്‍ നായര്‍ അവരുടെ വീട് പാര്‍ട്ടിക്ക് 15000 രൂപക്ക് വിറ്റു. ഇത്രയും കുറച്ച് വില്‍ക്കാന്‍ കാരണം അവിടെ നടന്ന ഒരു കൊലപാതകമാണ്,'' എന്നാണ്. ഇതില്‍ അവസാന ഭാഗം ശരിയാണ്.

കല്യാണിക്കുട്ടിയമ്മയുടെ വീട്ടില്‍ വെച്ച് ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. ആ കേസ് തൃശൂരില്‍ കോളിളക്കം സൃഷ്ടിച്ചതുമാണ്. പക്ഷേ, കല്യാണിക്കുട്ടിയമ്മക്ക് നേരിട്ട് ബന്ധമുള്ള ഒന്നായിരുന്നില്ല ആ സംഭവം. ആ കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നിട് കോടതി വെറുതെ വിടുകയും ചെയ്തു.

അച്യുതമേനോന്റെ ഈ പരാമര്‍ശത്തെ കല്യാണിക്കുട്ടിയമ്മ ആത്മകഥയില്‍ നിശിതമായി വിമര്‍ശിക്കുന്നുണ്ട്. ആ കാലത്ത് അവര്‍ ജോലി സംബന്ധമായി കുറെ പണം സര്‍ക്കാരിലേക്ക് അടക്കാനുണ്ടായിരുന്നു. 2000 രൂപ അടയ്ക്കാത്തതിനാല്‍ അവരെ സസ്‌പെന്‍ഡ് ചെയ്യുകയും അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയും ഉണ്ടായി. കോടതി അവരെ ഒരു കൊല്ലത്തെക്ക് ശിക്ഷിക്കുകയും ചെയ്തു. '15,000 രൂപ കിട്ടിയ മിസിസ് കുട്ടന്‍ നായര്‍ക്ക് 2000 രൂപയുടെ കടം നികത്താന്‍ കഴിയാത്തത് എന്ത് കൊണ്ട് ?'' അവര്‍ ആത്മകഥയില്‍ എഴുതി.

വീട് പാര്‍ട്ടി തട്ടിയെടുത്തത് താന്‍ വക്കീലിന് ഒപ്പിട്ടു കൊടുത്ത വെള്ളക്കടലാസ് ഉപയോഗിച്ചാണെന്ന സൂചനയും ആത്മകഥയിലുണ്ട്. ജോലിയുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായതിനാല്‍ 30 വര്‍ഷം ജോലി ചെയ്തതിന് അര്‍ഹതപ്പെട്ട പെന്‍ഷന്‍ പോലും കല്യാണിക്കുട്ടിയമ്മക്ക് നിഷേധിക്കപ്പെട്ടു. ഒടുവില്‍ അത് വെട്ടിക്കുറച്ചാണ് അനുവദിച്ചത്. അതിനൊക്കെ പിന്നില്‍ പ്രവര്‍ത്തിച്ച ജോസഫ് മുണ്ടശ്ശേരി തന്നോട് കാണിച്ച നെറികേടൊക്കെ അവര്‍ തുറന്നെഴുതി.

എല്ലാം ഉള്ളിലൊതുക്കി നീറുന്ന കനലായി ആരുമറിയാതെ ഒരു വീട്ടില്‍ വാടകക്ക് കല്യാണികുട്ടിയമ്മ ജീവിച്ചു. 1991 ല്‍ ആത്മകഥ പുറത്തുവന്നു. സാഹിത്യ അക്കാദമി അതിന് അവാര്‍ഡ് പ്രഖ്യാപിക്കുന്ന സമയത്ത് കമ്മറ്റിക്കാര്‍ക്ക് പോലും സംശയമായിരുന്നു. ഇവര്‍ ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടോ എന്ന്

സി അച്യുതമേനോനോട് പൊറുക്കാനോ ക്ഷമിക്കാനോ അവര്‍ക്കായില്ല. അതിന് കാരണം പ്രസംഗം മാത്രമായിരുന്നില്ല. 1975 ഒക്ടോബറില്‍ പുറത്ത് വന്ന അച്യുതമേനോന്റെ ' സ്മരണയുടെ ഏടുകളില്‍' തന്റെ ഭര്‍ത്താവായ സി കുട്ടന്‍ നായരെക്കുറിച്ചുള്ള ലേഖനം സത്യവിരുദ്ധമാണെന്ന് രൂക്ഷമായ ഭാഷയില്‍ അവര്‍ ആത്മകഥയില്‍ എഴുതിയിരിക്കുന്നു. ''കുട്ടന്‍ നായര്‍ എന്ന ലേഖനം സ്മരണയുടെ ഏടോ ? അഥവാ വിഭ്രാന്തിയുടെ സന്താനമോ? എന്നൊരാള്‍ ചോദിച്ചിട്ടുണ്ട്. ഇതെല്ലാം എഴുതി കൂട്ടിയതിന്റെ ഉദ്ദേശ്യം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫീസിന്റെ ജന്മരഹസ്യം അറിയുന്നവര്‍ക്ക് മനസ്സിലാകും.''

എല്ലാം ഉള്ളിലൊതുക്കി നീറുന്ന കനലായി ആരുമറിയാതെ ഒരു വീട്ടില്‍ വാടകക്ക് കല്യാണികുട്ടിയമ്മ ജീവിച്ചു. അക്കാലത്തും വീട്ടുടമസ്ഥന്റെ കൊച്ചു മക്കള്‍ക്ക് ഇംഗ്ലീഷ് ട്യൂഷനെടുക്കുമായിരുന്നു അവര്‍.

1991 ല്‍ ആത്മകഥ പുറത്തുവന്നു. സാഹിത്യ അക്കാദമി അതിന് അവാര്‍ഡ് പ്രഖ്യാപിക്കുന്ന സമയത്ത് കമ്മറ്റിക്കാര്‍ക്ക് സംശയമായി. ഇവര്‍ ഇപ്പോള്‍ ജീവിച്ചിരിപ്പുണ്ടോ? കല്യാണിക്കുട്ടിയമ്മയെ കണ്ടെത്തി ഉറപ്പു വരുത്തിയ ശേഷമാണ് അക്കാദമി 1993 ലെ മികച്ച ആത്മകഥക്കുള്ള പുരസ്‌ക്കാരം 'പഥികയും വഴിയോരത്തെ മണിദീപങ്ങളും' എന്ന കൃതിക്ക് നല്‍കിയത്.

അവാര്‍ഡ് വിവരം ഔദോഗികമായി അവരെ അറിയിച്ചപ്പോള്‍ ആദ്യം നിസംഗതയായിരുന്ന അവര്‍ പിന്നെ പറഞ്ഞു, ''എന്നെ തടവിന് ശിക്ഷിച്ച അതേ കോടതി മുറിയില്‍ അക്കാദമി എന്നെ സ്വീകരിച്ച് പുരസ്‌ക്കാരം തരുന്നു എന്നത് ഒരു ഭാഗ്യമായി കരുതുന്നു.'' അക്കാദമി കെട്ടിടം പണ്ട് കോടതി മന്ദിരമായിരുന്നു.

1997 നവംബര്‍ 20 ന് 90ാം വയസില്‍ കോച്ചാട്ടില്‍ കല്യാണിക്കുട്ടിയമ്മ തൃശൂരില്‍ വെച്ച് അന്തരിച്ചു. 2005 ല്‍ ജെ. ദേവിക എഡിറ്റ് ചെയ്ത Herself- Gender and Early Writings if Malayalee Women എന്ന പുസ്തകത്തില്‍ മലയാളത്തില്‍ നിന്ന് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത, 1898-1938 മുതലുള്ള 29 എഴുത്തുകാരികളുടെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു. ആ പുസ്തകത്തില്‍ ഉചിതമായ സ്ഥാനം നല്‍കി കോച്ചാട്ടില്‍ കല്യാണിക്കുട്ടിയമ്മയുടെ ലേഖനവുമുണ്ട്.

1997 നവംബര്‍ 20 ന് 90ാം വയസില്‍ കോച്ചാട്ടില്‍ കല്യാണിക്കുട്ടിയമ്മ തൃശൂരില്‍ വെച്ച് അന്തരിച്ചു.

കല്യാണിക്കുട്ടിയമ്മയുടെ ആത്മകഥയിലെ വിവാദ വെളിപ്പെടുത്തലുകള്‍ അവ യഥാര്‍ഥ്യമാണോ? പുസ്തകം പുറത്തു വന്നു ആറു മാസം കഴിഞ്ഞ് സി. അച്യുത മേനോന്‍ അന്തരിച്ചു. കെ കെ വാര്യരും സി ജനാര്‍ദ്ദനനും മരിച്ചു. പക്ഷേ, എല്ലാം അറിയുന്ന ഒരാളുണ്ടായിരുന്നു. കോച്ചാട്ടില്‍ ഗോപിനാഥ്. കുട്ടന്‍ നായരുടേയും കല്യാണിക്കുട്ടിയമ്മയുടേയും ഏക മകന്‍ .

18-ആം വയസില്‍ ഡല്‍ഹിയില്‍ പത്രപ്രവര്‍ത്തകനായി. ശങ്കേഴ്‌സ് വീക്കിലിയിലും എടത്തട്ട നാരായണന്റെ ലിങ്ക് മാസിക, പേട്രിയറ്റ് ഇംഗ്ലീഷ് ദിനപത്രം എന്നിവയില്‍ തുടക്കത്തില്‍ സബ് എഡിറ്റര്‍ ആയി പ്രവര്‍ത്തിച്ചു. ബി ആര്‍ പി ഭാസ്‌ക്കറിന്റെ സഹപ്രവര്‍ത്തകനായിരുന്നു. പിന്നീട് ഹോംങ്കോങ്ങിലേക്ക് പോയി അവിടെ 40 വര്‍ഷത്തോളം പത്രപ്രവര്‍ത്തകനായിരുന്നു. 2019 ജനുവരിയില്‍ കെ. ഗോപിനാഥ് അന്തരിച്ചു.)

ഗോപിനാഥിനോട് പതിനഞ്ച് വര്‍ഷം മുന്‍പ് 'പഥികയും വഴിയോരത്തെ മണിദീപങ്ങളും' എന്ന സ്വന്തം അമ്മയുടെ പുസ്തകത്തേയും അതിലെ വിവാദത്തേയും സത്യാവസ്ഥയേയും കുറിച്ച് ചോദിച്ചു. അദ്ദേഹം ഒരു നിമിഷം മൗനമായി. എന്നിട്ട് പറഞ്ഞു,

''അമ്മ എഴുതിയതെല്ലാം സത്യമാണ്. പക്ഷേ, എല്ലാ സത്യവും അമ്മ എഴുതിയിട്ടില്ല.'

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?