PEOPLE

കോവിലൻ: വായനയുടെ രാഷ്ട്രീയം

കോവിലൻ എന്ന എഴുത്തുകാരന്റെ ജന്മ ശതാബ്ദി ആഘോഷവേളയിൽ അദ്ദേഹത്തിന് നൽകാവുന്ന ആദരം ആ രചനകൾ വായിക്കുക എന്നത് തന്നെയാണ്

എം ശങ്കർ

കോവിലന്റെ 'തോറ്റങ്ങൾ' വളരെ ചെറിയ ഒരു രചനയാണ്. അതു കൊണ്ട് തന്നെ വേഗം വായിച്ചു തീർക്കാം എന്ന കണക്കുകൂട്ടലോടെയാണ് ആ കൃതി കയ്യിലെടുത്തത്. എന്നാൽ കുറച്ചു പേജുകൾ വായിച്ചപ്പോൾ തന്നെ, വേഗം വായിച്ച് മാറ്റിവെക്കാൻ കഴിയുന്ന ഒരു പുസ്തകം അല്ല അതെന്ന് എനിക്ക് മനസ്സിലായി. കാരണം അത് എന്റെ വായനാശീലങ്ങൾക്ക് അപ്പുറത്തുള്ള ഒരു ആഖ്യാന ശൈലിയിൽ രചിക്കപ്പെട്ട കൃതിയായിരുന്നു.

'തോറ്റങ്ങൾ' എന്ന പേര് കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിൽ രൂപപ്പെടുന്ന സങ്കല്പം. ആദിമമായ മിത്തുകളെക്കുറിച്ചും വംശസ്‌മൃതികളെക്കുറിച്ചും ഒക്കെയാണ്. എന്നാൽ അതിൽ നിന്ന് വ്യത്യസ്തമായ ഒരു ആഖ്യാനശൈലിയിലാണ് 'തോറ്റങ്ങൾ' രചിക്കപ്പെട്ടിട്ടുള്ളത്. പ്രാക്തനമായ അത്തരം കൽപ്പനകളെ വായനക്കാർക്ക് രസിക്കും വിധം വളരെ 'എക്സോട്ടിക്' ആയി അവതരിപ്പിക്കുന്ന ഒരു രീതി കോവിലൻ എന്ന എഴുത്തുകാരനില്ല.

അനായാസമായ വായനാനുഭവം നൽകുന്ന രചനകൾക്കാണ് ഇന്ന് കൂടുതൽ വായനക്കാരുള്ളത്. അതുകൊണ്ട് തന്നെ കോവിലൻ എഴുതിയ രചനകൾ വായിക്കുന്നതിന് രാഷ്ട്രീയമായ പ്രസക്തിയുണ്ട്

ഏതെങ്കിലും പൗരാണികമായ ഒരു പാരമ്പര്യത്തിന്റെ മൂശയിൽ അല്ല 'തോറ്റങ്ങൾ' എന്ന കൃതിയിലെ ഭാഷ രൂപപ്പെടുന്നത്. അത് തികച്ചും വൈയക്തികവും അതുകൊണ്ടുതന്നെ തികച്ചും ആധുനികവുമാണ്. 1950കളുടെ പകുതിയിൽ തന്നെ കോവിലൻ രചിക്കുന്ന 'എ മൈനസ് ബി' എന്ന നോവലിൽ തന്നെ ഭാഷയോടുള്ള ഈ നവീനമായ കാഴ്ചപ്പാട് നമുക്ക് കാണാൻ കഴിയും. ആഖ്യാനത്തിലും സമീപനത്തിലും ഒക്കെ നമ്മുടെ ആധുനിക എഴുത്തുകാർ ഒരു പരിധി വരെ പാരമ്പര്യത്തിൽ നിന്ന് വിടുതൽ നേടാതെ നിന്നപ്പോൾ കോവിലന്റെ ഭാഷയാകട്ടെ എല്ലാ അർത്ഥത്തിലും അതിൽ നിന്ന് വിച്ഛേദനം തേടി രൂപംകൊണ്ട ഒന്നാണ്

നോവൽ എന്ന സാഹിത്യരൂപത്തെ വളരെ സ്വതന്ത്രമാക്കിയ എഴുത്തുകാരനാണ്  കോവിലൻ. ഇക്കാര്യം മേതിൽ രാധാകൃഷ്ണൻ ഒരിക്കൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാൽ നമ്മുടെ സാഹിത്യ നിരൂപകർ ഇതിനെ ഗൗരവത്തിൽ എടുത്തിട്ടുണ്ടോ എന്ന കാര്യം സംശയമാണ്. ഭാഷയെ ഭിന്നമായ രീതിയിൽ സമീപിക്കുന്നത് കൊണ്ടാവാം മേതിലിനു വേഗം കോവിലന്റെ നോവൽ ഭാഷയുടെ ശക്തി വേഗം കത്തിയത്.

ഏതെങ്കിലും പൗരാണികമായ ഒരു പാരമ്പര്യത്തിന്റെ മൂശയിൽ അല്ല 'തോറ്റങ്ങൾ' എന്ന കൃതിയിലെ ഭാഷ രൂപപ്പെടുന്നത്

ഒരു വ്യക്തിയുടെയോ കുടുംബത്തിന്റെയോ ദേശത്തിന്റെയോ ഒക്കെ കഥ പറയുന്നതാണ് നോവൽ എന്നു കരുതപ്പെട്ടിരുന്ന കാലത്താണ്, കഥ അല്ല എഴുത്തുകാരൻ എടുക്കുന്ന ഭാഷാപരമായ സ്വാതന്ത്ര്യമാണ് നോവൽ എന്നു കോവിലൻ തന്റെ കൃതികളിലൂടെ പ്രഖ്യാപിച്ചത്.

കഥ, പ്ലോട്ട് തുടങ്ങിയ പരിപാടികൾ ഒന്നും കോവിലന്റെ നോവലുകളിൽ ഇല്ല. എഴുത്തിലൂടെ മുന്നോട്ടു പോകുന്ന ഊർജ്ജം, ഇച്ഛ, ഇതാണ് കോവിലന് നോവൽ.  ഭാഷ ഇവിടെ തള്ളിക്കയറി വരുന്ന ഒരു ഊർജ്ജമാണ്. ഏതെങ്കിലും ഒരു കേന്ദ്രത്തിൽ തറഞ്ഞു നിൽക്കാത്ത ശക്തിപ്രവാഹമാണ്. എഴുത്ത്  ഭാഷയിലൂടെ ഉള്ള ഈ മുന്നേറ്റം ആണെന്ന് കോവിലൻ വേഗം തന്നെ മനസ്സിലാക്കിയിരുന്നു. സാഹിത്യത്തിന്റെ കടമ ആശയവിനിമയം അല്ല. അത് വായനക്കാരെ ഒരു പുതിയ ഭാഷാ ബോധത്തിലൂടെ ലോകത്തെ നോക്കിക്കാണുവാൻ പ്രേരിപ്പിക്കുക എന്നതാണ്.

അതുകൊണ്ട് തന്നെയാകണം അനായാസമായ വായനയ്ക്ക് ആ രചനകൾ വേഗം പിടി തരാത്തത്. റോളാങ്ങ് ബാർത് പുസ്തകങ്ങളെ 'texts of pleasure' എന്നും 'texts of bliss' എന്നും വേർതിരിക്കുന്നു. ആദ്യത്തെ രചനകൾ അനായാസമായ വായനാസുഖം പകരുമ്പോൾ രണ്ടാമത്തെ ടൈപ്പ് വായനയിലൂടെ അനുവാചകനെ മറ്റൊരു തലത്തിലേയ്ക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. വായനക്കാരൻ ഇവിടെ പണിയെടുത്തെ പറ്റൂ. അനായാസമായി ഒന്നും കിട്ടുന്നില്ല.

പാവറട്ടി സാഹിത്യദീപിക സംസ്കൃത വിദ്യാലയത്തിൽ, മഹാപണ്ഡിതന്മാരായ സംസ്കൃത ഗുരുക്കന്മാരുടെ ശിക്ഷണത്തിൽ പഠിച്ച കോവിലൻ തന്റെ ഭാഷയിൽ നിന്ന് സംസ്കൃത പാരമ്പര്യങ്ങളെ എങ്ങനെ മാറ്റിനിർത്തി എന്നത് രസകരമായ ഒരു വിഷയമാണ്. ഇത് ഒരു ശുദ്ധമലയാളകൃതി രചിക്കാനുള്ള ബോധപൂർവ്വമായ തീരുമാനത്തിൽ നിന്നല്ല രൂപപ്പെടുന്നത്. കോവിലനെ സംബന്ധിച്ചിടത്തോളം വാക്കല്ല ഭാഷയുടെ അടിസ്ഥാനം. അതിന്റെ ഘടനയാണ്. അതാകട്ടെ മുമ്പ് ആരും ഉപയോഗിച്ചിട്ടില്ലാത്തതും, തികച്ചും അനന്യവുമായ എഴുത്ത് രീതികളിൽ നിന്ന് രൂപപ്പെടുന്നതാണ്.

വായനക്കാരൻ ഇവിടെ പണിയെടുത്തെ പറ്റൂ. അനായാസമായി ഒന്നും കിട്ടുന്നില്ല

വലിയ രചനകൾ എപ്പോഴും അവയുടേതായ നിയമങ്ങൾ അനുസരിച്ച് ആയിരിക്കും പ്രവർത്തിക്കുക. അതുകൊണ്ടുതന്നെയാണ് അത്തരം കൃതികളെ സമീപിക്കുമ്പോൾ നമ്മൾക്ക് പരിചിതമായ വായനാ രീതികളെ ഉപേക്ഷിക്കാൻ നിർബന്ധിതരാകുന്നത്.

മറ്റൊരു ഇടത്ത് ബാർത്ത് തിരശ്ചീനമായ വായനാരീതികളെയും ലംബമായ വായനാരീതികളെയും കുറിച്ച് പറയുന്നുണ്ട്. തിരശ്ചീനമായ വായനയിൽ പേജുകൾ വേഗം മറിച്ച് മുന്നോട്ടേക്ക് പോകാം. എന്നാൽ ലംബമായ വായനാരീതിയിൽ അത് സാധ്യമല്ല. പലപ്പോഴും നമ്മുടെ വായനാശീലത്തെ തിരുത്തിയും പുതുക്കിയും കൊണ്ടാണ് അവിടെ വായന സാധ്യമാകുന്നത്. താഴേക്ക് എന്നപോലെ മുകളിലേക്കും നമ്മൾ വായിക്കുന്നു.

ഈ ആഖ്യാന ഘടനയ്ക്ക് ഉള്ളിലാണ് കോവിലന്റെ മുഖ്യപ്രശ്നം എന്ന് പലരും വിശേഷിപ്പിക്കുന്ന 'വിശപ്പ്' അടക്കമുള്ള ഭൗതികമായ കാര്യങ്ങൾ കടന്നുവരുന്നത്. സ്കൂളിൽ ഉച്ചഭക്ഷണം കിട്ടാതെ തളർന്നു വീഴുന്ന ബാജി എന്ന വിദ്യാർത്ഥിയുടെ കഥ പറയുന്ന 'റ' എന്ന കഥയിലും, മലയാളത്തിലെ മികച്ച സ്ത്രീപക്ഷ രചന എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള 'വേണ്ടാംകടി' എന്ന കഥയിലും ഒക്കെ ഇത് വ്യക്തമാണ്. 'ഏഴാമെടങ്ങൾ', 'വേണ്ടാംകടി' എന്നിങ്ങനെയുള്ള വാക്കുകളിലൂടെ തന്നെ മലയാളികൾക്ക് അത്ര സുപരിചിതമല്ലാത്ത അനുഭവലോകങ്ങൾ കോവിലൻ സൃഷ്ടിക്കുന്നുണ്ട്.

അനായാസമായ വായനാനുഭവം നൽകുന്ന രചനകൾക്കാണ് ഇന്ന് കൂടുതൽ വായനക്കാരുള്ളത്. അതുകൊണ്ട് തന്നെ കോവിലൻ എഴുതിയ രചനകൾ വായിക്കുന്നതിന് രാഷ്ട്രീയമായ പ്രസക്തിയുണ്ട്. അവ നമ്മുടെ അലസമായ ശീലങ്ങളെ അലോസരപ്പെടുത്തുന്നു. പ്രജ്ഞയെ ഉന്മേഷവത്താക്കുന്നു. കോവിലൻ എന്ന എഴുത്തുകാരന്റെ ജന്മ ശതാബ്ദി ആഘോഷവേളയിൽ അദ്ദേഹത്തിന് നൽകാവുന്ന ആദരം ആ രചനകൾ വായിക്കുക എന്നത് തന്നെയാണ്. അതാണ് വായനയുടെ രാഷ്ട്രീയം.

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം