PEOPLE

വഴിമുട്ടിയ ഇടതുപക്ഷത്തിന് കെ ദാമോദരനില്‍ നിന്ന് പഠിക്കാനുള്ളത്...

മാർക്സിസത്തിൻ്റെ യാന്ത്രികമായ പ്രയോഗങ്ങൾക്കെതിരെ നിലകൊണ്ട മഹാ ചിന്തകനായിരുന്നു കെ ദാമോദരൻ. അദ്ദേഹത്തിൻ്റെ ഓർമ ദിനമാണിന്ന്

മുസാഫിര്‍

പൊതുതിരഞ്ഞെടുപ്പിന് മുമ്പും ശേഷവും ഇന്ത്യന്‍ യാഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെട്ടു പോകാനോ, ശത്രുവാര് മിത്രമേത് എന്ന് തിരിച്ചറിഞ്ഞ് പാര്‍ട്ടിയുടെ അടവും തന്ത്രങ്ങളും രൂപപ്പെടുത്താനോ കഴിയാതെ അക്ഷരാര്‍ഥത്തില്‍ ഇരുട്ടില്‍ തപ്പുന്ന ഇന്നത്തെ ഇടതുപക്ഷത്തിന്, 48 വര്‍ഷം മുമ്പ് അന്തരിച്ച ഇന്ത്യ കണ്ട എക്കാലത്തേയും പ്രമുഖനായ മാര്‍ക്‌സിയന്‍ ദാര്‍ശനികനായ കെ ദാമോദരന്റെ സിദ്ധാന്തവും പ്രയോഗവും സംബന്ധിച്ച വിചാരങ്ങളില്‍ നിന്ന് ഏറെ പഠിക്കാനുണ്ടെന്ന് തോന്നുന്നു.

ആരാണ് കെ ദാമോദരന്‍ എന്ന് പുതിയ ഇടതുപക്ഷക്കാരന്‍ ന്യായമായുമൊരു ചോദ്യമുയര്‍ത്താൻ സാധ്യതയുണ്ട്. കേരളത്തിലാദ്യമായി ചെങ്കൊടി പിടിച്ച പുരോഗമന-വിപ്ലവ നേതാവാണ് കെ ദാമോദരന്‍. ഇന്ത്യയിലാദ്യമായി ചെങ്കൊടിയുയര്‍ത്തിയ എസ് എ ഡാങ്കെയ്ക്കു ശേഷം കെ ദാമോദരനെപ്പോലെയൊരാള്‍, ആദ്യമായി കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയും പിന്നാലെ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കേരള ഘടകവും രൂപവല്‍ക്കരിക്കുന്നതില്‍ നിര്‍ണായക പങ്കാണ് വഹിച്ചതെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. പാർട്ടി സാമ്പ്രദായിക ചിട്ടവട്ടങ്ങളും വരട്ടുവാദങ്ങളുടെ യാന്ത്രികമായ അനുശാസനകളും പിന്തുടർന്നതിനെ തുടർന്ന് ഡാങ്കെയെപ്പോലെ ദാമോദരനും അവസാന നാളുകളില്‍ കോലായപ്പുറത്ത് നില്‍ക്കേണ്ടതായും വന്നു.

കെ ദാമോദരന്‍

ആധുനിക സാഹിത്യമെന്നാല്‍ അസ്വസ്ഥതയുടെ സാഹിത്യം കൂടിയാണെന്ന് പറഞ്ഞ് ക്ഷോഭിക്കുന്ന യുവതലമുറയ്‌ക്കൊപ്പം നിന്ന കമ്യൂണിസ്റ്റുകാരനായിരുന്നു കെ ദാമോദരന്‍. അത്യന്താധുനികസാഹിത്യം പ്രതിവിപ്ലവകാരികളുടെ സാഹിത്യമാണെന്ന് പറഞ്ഞവരെക്കൊണ്ട് അത് തിരുത്തിക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. എന്‍ ഇ ബാലറാമിനേയും സി. അച്യുതമേനോനേയും പോലെ ഫിക്ഷന്‍ വായനയില്‍ ഏറ്റവും അപ്‌ഡേറ്റഡായിരുന്നു കെ ദാമോദരന്‍. 

മലപ്പുറം തിരൂരിലെ പ്രസിദ്ധമായ കീഴേടത്ത് തറവാട്ടില്‍ ജനിച്ച് കാശി വിദ്യാപീഠത്തില്‍ സംസ്‌കൃതം പഠിക്കാന്‍ പോയ ദാമോദരന്‍, വിപ്ലവത്തിന്റെ കനലുകള്‍ നെഞ്ചില്‍ സൂക്ഷിച്ചാണ് കേരളത്തിലേക്ക് മടങ്ങിയത്. പ്രധാനമന്ത്രിയായിരുന്ന ലാല്‍ ബഹദൂര്‍ ശാസ്ത്രി, കാശി വിശ്വവിദ്യാലയത്തില്‍ ദാമോദരന്റെ സഹപാഠിയായിരുന്നു. സംസ്‌കൃതത്തോടൊപ്പം ഉര്‍ദുവും ബംഗാളിയും പഠിച്ച ദാമോദരന്‍ വായനയുടേയും എഴുത്തിന്റേയും ലോകത്ത് വിഹരിക്കുകയും ഒപ്പം സാമൂഹിക വിഷയങ്ങളില്‍ അതീവതാല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്തു. 1937-ല്‍ പഠനം കഴിഞ്ഞിറങ്ങിയ ദാമോദരന്‍ ജോലിക്കൊന്നും ശ്രമിച്ചത് പോലുമില്ല. കേരളത്തിലെത്തി കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പൂര്‍വരൂപമായ കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയില്‍ ചേരുകയും ബീഡി - കയര്‍ത്തൊഴിലാളികളെ സംഘടിപ്പിക്കുകയും പ്രസംഗത്തിലും എഴുത്തിലും തന്റെ സിദ്ധി പ്രകടമാക്കുകയും ചെയ്തു. പൊന്നാനി താലൂക്കായിരുന്നു ആദ്യതട്ടകം.

പി കൃഷ്ണപിള്ളയേയും ഇഎംഎസിനെയും പോലുള്ളവര്‍ ദാമോദരനില്‍ ധൈഷണികനായൊരു വിപ്ലവകാരിയെ ആദ്യം മുതലേ കണ്ടെത്തുകയും ചെയ്തു. നിസ്സഹകരണപ്രസ്ഥാനവുമായി സജീവമായി നീങ്ങിയ അദ്ദേഹം 1940-52 കാലത്ത് പലപ്പോഴായി ഒരു പതിറ്റാണ്ട് കാലം ജയില്‍വാസം അനുഭവിക്കുകയുണ്ടായി.
വിവിധഭാഷകള്‍ അനായാസം കൈകാര്യം ചെയ്യാനുള്ള വൈഭവം, മികച്ച പ്രസംഗകന്‍, എഴുത്തുകാരന്‍ എന്ന നിലയിലുള്ള അംഗീകാരം എന്നിവയെല്ലാം കെ ദാമോദരനെ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അഖിലേന്ത്യാ നേതൃത്വത്തിലേക്ക് വളരെ വേഗം ഉയര്‍ത്തി. മനുഷ്യാസ്തിത്വത്തിന്റേയും മനുഷ്യസ്വാതന്ത്ര്യത്തിന്റേയും മൗലികപ്രശ്‌നങ്ങളെ തുറന്ന മനസ്സോടെ, ഡോഗ്മയുടെ കവചങ്ങളുപേക്ഷിച്ച് ആഴത്തില്‍ സമീപിച്ച നേതാവായിരുന്നു അദ്ദേഹം. ഹ്യൂമനിസത്തിന്റെ തുറസ്സായ ഇടങ്ങളിലേക്ക് അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയെ പിച്ചവയ്ക്കാന്‍ പഠിപ്പിച്ച നേതാക്കളിലൊരാള്‍ കൂടിയായിരുന്നു കെ ദാമോദരന്‍.

കെ ദാമോദരന്‍
സാര്‍വദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും ഇന്ത്യന്‍ പാര്‍ട്ടിക്കും ഗുരുതരമായ തെറ്റുകള്‍ സംഭവിച്ചതായി സ്വയം വിമര്‍ശനപരമായി ആദ്യംതൊട്ടേ കെ. ദാമോദരന്‍ വിശ്വസിക്കുകയും കമ്മിറ്റിയോഗങ്ങളില്‍ തന്റെ ചിന്തകള്‍ പങ്ക് വയ്ക്കുകയും ചെയ്തു.

പാര്‍ട്ടിയുടെ മലബാര്‍ താലൂക്ക് സെകട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ദാമോദരനാണ് പാര്‍ട്ടിയുടെ ഔദ്യോഗിക വാരികയായ 'നവയുഗ'ത്തിന്റെ സ്ഥാപകപത്രാധിപര്‍. 1960-ല്‍ സിപിഐ കേന്ദ്ര എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗമായിത്തീര്‍ന്ന അദ്ദേഹം രണ്ട് തവണ ലോക്‌സഭയിലേക്ക് മത്സരിച്ചു. 1964ല്‍ രാജ്യസഭാംഗമായി. ഡല്‍ഹി വാസക്കാലത്ത് ഐസിഎച്ച്ആര്‍ ഫെല്ലോഷിപ്പോടെ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ചരിത്രത്തെക്കുറിച്ച് ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ ഗവേഷണപഠനവും തുടര്‍ന്നു. ഇക്കാലത്ത് നിരവധി ലേഖനങ്ങളും കഥകളും നാടകങ്ങളും അദ്ദേഹമെഴുതി. കെ ദാമോദരന്‍ എഴുതിയ 'പാട്ടബാക്കി' എന്ന പ്രസിദ്ധമായ നാടകം കേരളത്തിലെ പുരോഗമന രാഷ്ട്രീയപ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്ക് നല്‍കിയ സംഭാവന ചെറുതല്ല. മണ്ണിന്റെ ഗന്ധം നമ്മുടെ നാടകപ്രസ്ഥാനത്തിന് ആദ്യമായി ലഭിച്ചത് 'പാട്ടബാക്കി'യിലൂടെയായിരുന്നു. തുടര്‍ന്നാണ് കെപിഎസിയുടെ നാടകങ്ങള്‍ കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുന്നേറ്റത്തെ സഹായിച്ചത്. പാട്ടബാക്കി ഇന്നും മലയാളത്തിന്റെ നാടകസാഹിത്യത്തില്‍ ചര്‍ച്ചയ്ക്ക് വിധേയമാക്കപ്പെടുന്ന കൃതിയാണ്.

ഇതിനിടെ നിരവധി ഏഷ്യന്‍-യൂറോപ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിച്ച ദാമോദരന്‍ 1958ല്‍ സോവിയേറ്റ് യൂണിയനില്‍ പര്യടനം നടത്തവെ പ്രസിദ്ധ റഷ്യന്‍ എഴുത്തുകാരന്‍ ബോറിസ് പാസ്റ്റര്‍നാക്കിനോട് സോവിയേറ്റ് യൂണിയനിലെ സര്‍ക്കാര്‍ സ്വീകരിച്ച നടപടിയേയും, 1960ല്‍ ഹരേകൃഷ്ണ കോനാറുമൊത്ത് ചൈനയില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ ഇന്ത്യ-ചൈനീസ് അതിര്‍ത്തിയിലെ ചൈനീസ് അധിനിവേശത്തിനെതിരെ അവിടത്തെ പാര്‍ട്ടി നേതാക്കള്‍ നിശബ്ദത പാലിക്കുന്നതിനേയും വിമര്‍ശിക്കാന്‍ ധൈര്യം കാട്ടി. ഇക്കാര്യത്തില്‍ പാർട്ടി നേതൃത്വം ദാമോദരനോട് വിശദീകരണം തേടി.
തന്റെ പ്രസിദ്ധമായ കൃതികള്‍ - ഇന്ത്യയുടെ ആത്മാവ്, ഭാരതീയചിന്ത-ഇന്ത്യയുടെ ചിന്താമണ്ഡലത്തില്‍ വമ്പിച്ച പ്രതികരണമാണ് സൃഷ്ടിച്ചത്. 'ഇന്ത്യയുടെ ആത്മാവ്' വിവിധ ഭാഷകളിലേക്ക് തര്‍ജമ ചെയ്തു. ഭാരതീയ ചിന്താധാരയിലെ പുരോഗമനപരമായ ഉള്ളടക്കമാണ് അദ്ദേഹം കണ്ടെത്തിയത്. ഭാരതീയ താത്വിക-ദാര്‍ശനിക പൈതൃകത്തിലെ നന്മകള്‍ സ്വാംശീകരിച്ചാവണം ഇന്ത്യന്‍ ചിന്തകളെ പുതുക്കിപ്പണിയേണ്ടതെന്നും ദാമോദരന്‍ സമര്‍ഥിച്ചു.

സിപിഐ പിളര്‍പ്പിനു ശേഷം (1964) സിപിഐ പക്ഷത്ത് നിലയുറപ്പിച്ച കെ ദാമോദരന്‍ പക്ഷേ പാര്‍ട്ടിയുടെ പല നയങ്ങളുമായി പലപ്പോഴും ഇടഞ്ഞു. ചെക്കോസ്ലാവാക്യയിലെ സോവിയേറ്റ് ഇടപെടലിനെ സി അച്യുതമേനോനൊടൊപ്പം കെ. ദാമോദരനും എതിര്‍ത്തിരുന്നു. സാര്‍വദേശീയ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും ഇന്ത്യന്‍ പാര്‍ട്ടിക്കും ഗുരുതരമായ തെറ്റുകള്‍ സംഭവിച്ചതായി സ്വയം വിമര്‍ശനപരമായി ആദ്യംതൊട്ടേ കെ. ദാമോദരന്‍ വിശ്വസിക്കുകയും കമ്മിറ്റിയോഗങ്ങളില്‍ തന്റെ ചിന്തകള്‍ പങ്ക് വയ്ക്കുകയും ചെയ്തു. 1976 ജൂലൈ മൂന്നിന് ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയില്‍ അന്തരിക്കുന്നതിന് അല്‍പനാള്‍ മുമ്പ് ലണ്ടനില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ന്യൂലെഫ്റ്റ് റെവ്യൂവിന് ദാമോദരന്‍ നല്‍കിയ വിശദമായ അഭിമുഖത്തില്‍ കമ്യൂണിസത്തിന്റെ പ്രായോഗികമായ അപചയങ്ങളെക്കുറിച്ച് അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. പ്രമുഖ ട്രോട്‌സ്‌കിയേറ്റ് താരീഖ് അലിയാണ് ദാമോദരനുമായുള്ള അഭിമുഖം നടത്തിയത്.

ഇന്ത്യന്‍ ബൂര്‍ഷ്വാസിയെ വിലയിരുത്തുന്നതില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് തെറ്റ് പറ്റിയെന്നും ഇന്ത്യന്‍ സ്വാതന്ത്ര്യം കപടസ്വാതന്ത്ര്യമാണെന്ന നിഗമനം ശുദ്ധമണ്ടത്തരമായിരുന്നുവെന്നുമാണ് ദാമോദരന്‍ പില്‍ക്കാലത്ത് പശ്ചാത്തപിച്ചത്. സ്റ്റാലിനിസത്തെ മാര്‍കിസസവുമായി തെറ്റിദ്ധരിച്ചു. സ്റ്റാലിന്‍റെ പ്രചാരവേലയില്‍ കുടുങ്ങി ട്രോട്‌സ്‌കിയെ ഫാസിസ്റ്റായി ഞങ്ങളൊക്കെ മുദ്രകുത്തിയത് ഓര്‍ക്കുമ്പോള്‍ കുറ്റബോധം തോന്നുന്നു. സുഭാഷ് ചന്ദ്രബോസിനെ രാജ്യദ്രോഹിയായി ചിത്രീകരിച്ച നടപടിയും പാര്‍ട്ടിക്ക് പറ്റിയ ഭീമാബദ്ധമായിരുന്നുവെന്ന് ന്യൂലെഫ്റ്റ് റെവ്യൂവില്‍ ദാമോദരന്‍ സമ്മതിച്ചു.

സംഭവിച്ചുപോകുന്ന തെറ്റുകളില്‍ നിന്ന് പാഠമുള്‍ക്കൊള്ളുകയും ഇന്ത്യന്‍ സാഹചര്യത്തില്‍ ഇടത്പക്ഷപ്രസ്ഥാനങ്ങളെ ഏത് വിധം അഗ്നിശുദ്ധിയിലൂടെ സംസ്‌കരിച്ചെടുക്കാമെന്നുമുള്ള വലിയ പാഠങ്ങള്‍ നല്‍കിയാണ് അറുപത്തിനാലാം വയസില്‍ ഈ കമ്യൂണിസ്റ്റാചാര്യന്‍ കടന്നുപോയത്. എല്ലാ അര്‍ത്ഥത്തിലും ഹ്യൂമനിസ്റ്റായിരുന്ന, ഒപ്പം ജീവിതത്തില്‍ പെര്‍ഫെക്ഷണിസ്റ്റ് കൂടിയായിരുന്ന, കെ ദാമോദരന്‍ എന്ന നന്മയുള്ള കമ്യൂണിസ്റ്റ് നേതാവ് ബാക്കിവെച്ച, എക്കാലത്തും ആധുനികമെന്ന് പറയാവുന്ന വിപ്ലവചിന്തയുടെ സ്ഫുലിംഗങ്ങള്‍, ഇന്നിപ്പോള്‍ പൊളിറ്റിക്കല്‍ ക്ലീഷേയുടേയും സംഘടനാപരമായ ആശയശൂന്യതയുടെ അന്തരാളങ്ങളില്‍ അന്തിച്ചുനില്‍ക്കുന്ന ഇന്ത്യയിലെ ഇടത്പക്ഷത്തിന്റെ അകത്തളങ്ങളിലേക്ക് അല്‍പമെങ്കിലും പരിവര്‍ത്തനത്തിന്റെ വെട്ടം വീശാന്‍ ഉപകരിച്ചെങ്കില്‍...

ഹേമന്ത് സോറൻ്റെ ക്ഷേമപ്രവർത്തനങ്ങൾ വോട്ടായി മാറി; ഝാർഖണ്ഡിൽ അധികാരമുറപ്പിച്ച് ഇന്ത്യ മുന്നണി

മുനമ്പം വഖഫ് ഭൂമിപ്രശ്നം: ആരെയും കുടിയിറക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്

മഹാരാഷ്ട്രയിൽ ഇനി മുഖ്യമന്ത്രി ആരെന്ന ചർച്ച, ചരിത്ര വിജയത്തിൽ എൻഡിഎ, ഝാർഖണ്ഡ് നിലനിർത്തി ഇന്ത്യ മുന്നണി

അതിശക്തരായി സതീശനും ഷാഫിയും; ചോദ്യം ചെയ്യപ്പെടുക കെ സുരേന്ദ്രന്റെ നേതൃത്വത്തെ, രാഷ്ട്രീയ നേട്ടംകൊയ്ത് സന്ദീപ്, പാലക്കാട് നല്‍കുന്ന ഉത്തരങ്ങള്‍

ജയിച്ചത്‌ രാഹുൽ അല്ല, ഷാഫിയും ഷാഫിയുടെ വർഗീയതയും: പത്മജ വേണു​ഗോപാൽ