കേരളത്തിന്റെ നവോത്ഥാന നായകരിൽ പ്രമുഖനായ ഡോ പല്‍പു (1863 നവംബർ 2-1950 ജനുവരി 25) പ്ലേഗ്, വസൂരി തുടങ്ങിയ മഹാമാരികൾക്കെതിരെ നടത്തിയ പ്രവർത്തനങ്ങൾ കോവിഡ് മഹാമാരിയുടെ കാലത്ത് പ്രത്യേകിച്ച് ഓർമ്മിക്കപ്പെടേണ്ടതാണ്.
1896ൽ ബാംഗ്ലൂർ നഗരത്തെ വിറപ്പിച്ച പ്ലേഗു ബാധ വന്നപ്പോൾ സ്വന്തം ജീവൻ പോലും പണയപ്പെടുത്തിയാണ് അദ്ദേഹം പോരാടിയത്. ഡോ. പല്‍പുവിന്റെ സീനിയർമാരായിരുന്ന ഡോക്ടർമാർ പ്ലേഗിനെ ഭയന്ന് സേവനരംഗത്ത് നിന്നും ഒഴിഞ്ഞുമാറി. ഡോക്ടർ പല്‍പുവായിരുന്നു പ്ലേഗ് നിവാരണത്തിനുള്ള സ്പെഷ്യൽ ഓഫീസർ. മൈസൂരിലെ പ്ലേഗ് ക്യാമ്പുകളുടെ സൂപ്രണ്ടായിരുന്നു അദ്ദേഹം. സ്വന്തം ജീവൻപോലും അപകടത്തിലാകുമെന്ന് അറിഞ്ഞ് കൊണ്ട് തന്നെ പ്ലേഗ് രോഗം ബാധിച്ചവരെ പരിചരിക്കാൻ അദ്ദേഹം തയ്യാറായി. മരണപത്രം നേരത്തെകൂട്ടി ഒപ്പിട്ട് അധികാരികൾക്ക് സമർപ്പിച്ചിട്ടാണ് അദ്ദേഹം കർമ്മനിരതനായത്. പ്ലേഗ് ക്യാമ്പിൽ ദിനംപ്രതി ശരാശരി അമ്പത് വീതം മരണമുണ്ടായിരുന്നു. ചില ദിവസങ്ങളിൽ നൂറ്റമ്പത് മരണംവരെ ഉണ്ടായിട്ടുണ്ട്. ബാംഗ്ലൂരിൽ മാത്രം പതിനയ്യായിരം പേരാണ് പ്ലേഗ് മൂലം മരണമടഞ്ഞത്.
പ്ലേഗ്ബാധ ആപത്കരമാം വിധം പടരാതെ നിയന്ത്രിക്കാൻ പല്‍പുവിനും സഹപ്രവർത്തകർക്കും കഴിഞ്ഞു. പ്ലേഗ് ശമിച്ചപ്പോൾ ഇന്ത്യാ സർക്കാരിലെ സർജന്റ് ജെനറലും സാനിട്ടറി കമ്മീഷണറും മൈസൂർ സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി. ഡോ. പല്‍പുവിന്റെ ക്യാമ്പുകൾ മറ്റു ക്യാമ്പുകളെ അപേക്ഷിച്ച് മെച്ചപ്പെട്ടതും സുരക്ഷിതവുമാണെന്ന് അവർ കണ്ടെത്തി. ഡോക്ടർ പല്‍പുവിന്റെ പൊതുജനാരോഗ്യ സംരക്ഷണപാടവത്തെ അവർ പുകഴ് ത്തി. ബ്രീട്ടിഷ് രാജ്ഞി ആഫ്രിക്കയിയിൽ ജോലി വാഗ്ദാനം ചെയ്തെങ്കിലും അദ്ദേഹം അത് സ്വീകരിച്ചില്ല.
ആതുരസേവനരംഗത്തെ സ്തുത്യർഹമയസേവനങ്ങൾ മാനിച്ച് മൈസൂർ സർക്കാർ അദ്ദേഹത്തെ വിദേശത്ത് ഉപരിപഠനത്തിനായി അയച്ചു. ഇംഗ്ലണ്ടിലെ റോയൽ ഇൻസ്റ്റിറ്റ്യൂട്ടിലും, പാരീസിലെ പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ടിലും അദ്ദേഹം പ്രവർത്തിച്ചു. കേംബ്രിഡ്ജിൽ നിന്ന് ഡിപ്ലോമ ഇൻ പബ്ലിക്ഹെൽത്തും, ലണ്ടനിൽ നിന്ന് എഫ്ആർപിഎച്ച് ബിരുദവും നേടി.1900ൽ വിദേശത്ത് നിന്ന് മടങ്ങിവന്നപ്പോൾ അദ്ദേഹത്തെ ബാംഗ്ലൂർ നഗരത്തിലെ ഹെൽത്ത് ഓഫീസറായി നിയമിച്ചു. പിന്നീട് സെൻട്രൽ ജയിൽ സൂപ്രണ്ടായി ഉദ്യോഗകയറ്റം കിട്ടി. മൈസൂലിലെ ജയിൽ പരിഷ്കാരങ്ങൾക്ക് തുടക്കം കുറിച്ചത് അദ്ദേഹമാണ്.
1917-18 കാലത്ത് ഡോ. പല്‍പു ബറോഡ സർക്കാരിന്റെ സാനിറ്ററി അഡ്വൈസറായി സേവനം അനുഷ്ഠിച്ചു. കലാപരിപാടികളിലൂടെ ജനങ്ങൾക്ക് ആരോഗ്യ വിദ്യാഭ്യാസം നൽകുന്നതിനുള്ള നൂതന സംരംഭം ആരംഭിച്ചത് ഡോ പല്‍പുവായിരുന്നു. പ്രസംഗവും ലഘുലേഖയും മറ്റും വഴിയുള്ള ആരോഗ്യ വിദ്യാഭ്യാസത്തെക്കാൾ കൂടുതൽ ജനങ്ങളെ ബോധവൽക്കരിക്കുന്ന കലാപരിപാടിയാണ് ഏറ്റവും ഫലപ്രദം എന്നദ്ദേഹം കണ്ടെത്തി. ആരോഗ്യസംരക്ഷണ വിഷയങ്ങൾ ഉൾപ്പെടുത്തി അദ്ദേഹം ഇംഗ്ലീഷിൽ ഒരു നാടകമെഴുതി അവതരിപ്പിച്ച് പൊതുജനങ്ങളിൽ രോഗപ്രതിരോധം, ശുചിത്വം എന്നിവയെക്കുറിച്ചുള്ള ബോധവൽക്കരണവും ബറോഡയിൽ ഒരു ആരോഗ്യപ്രദർശനവും ഡോ പല്‍പുവിന്റെ നേതൃത്വത്തിൽ വിജയകരമായി നടത്തി. പിന്നീട് കാർഷിക-വിദ്യാഭ്യാസ-വ്യാവസായിക-ആരോഗ്യ പ്രദർശനങ്ങൾ മൈസൂരിലും കേരളത്തിലും സംഘടിപ്പിക്കാൻ അദ്ദേഹം മുൻകൈയ്യെടുത്തു.
ഗോ വസൂരി പ്രയോഗത്തിനുള്ള വാക്സിൻ നിർമ്മിക്കാനായി ലിംഫ് ഉണ്ടാക്കുന്ന സ്പെഷ്യൽ വാക്സിൻ ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നു ആദ്യകാലത്ത് അദ്ദേഹം ജോലി നോക്കിയത്. എന്നാൽ, വാക്സിന് ഗുണനിലവാരമില്ല എന്ന പേരിൽ സർക്കാർ സ്ഥാപനം അടച്ചു. തുടർന്ന്, ബാംഗ്ലൂരിൽ മൈസൂർ സർക്കാരിന്റെ കീഴീൽ ഒരു പുതിയ വാക്സിൻ നിർമ്മാണശാല തുടങ്ങിയപ്പോൾ ഡോ. പല്‍പു അതിന്റെ മേൽനോട്ടക്കാരനായി നിയമിതനായി. എന്നാൽ മേലുദ്യോഗസ്ഥർ തമ്മിലുള്ള കിടമത്സരം മൂലം സ്ഥാപനം നിർത്തുകയാണുണ്ടായത്. എങ്കിലും ഡോ. പല്‍പുവിന്റെ ശ്രമഫലമായി 120 രൂപ ലിംഫ് ശേഖരണത്തിനായി അദ്ദേഹം അനുവദിച്ചെടുത്തു. കന്നുകുട്ടികളെ വാങ്ങി അദ്ദേഹം വാക്സിൻ നിർമ്മാണം പുനരാരംഭിച്ചു. അതിൽ നിന്ന് വരുമാനം വർധിച്ചു തുടങ്ങി. താമസിയാതെ സർക്കാരിന് അദ്ദേഹത്തിലുള്ള വിശ്വാസം വർധിച്ചു. ലിംഫ് നിർമ്മാണത്തിന് കൂടുതൽ തുക അനുവദിച്ചു. ലിംഫ് പുറംരാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുകയും മികച്ച ഗുണ നിലവാരത്തിനുള്ള അന്തരാഷ്ട്ര അംഗീകാരം ലഭിക്കുകയും ചെയ്തു.
വൈദ്യശാസ്ത്ര പരിശീലനത്തിനായി തിരുവിതാംകൂർസർക്കാർ നടത്തിയ പരീക്ഷയിൽ നാലാമനായി എത്തിയെങ്കിലും ജാതിയിൽ താണവനാണെന്ന കാരണത്താൽ അദ്ദേഹത്തിന് മെഡിക്കൽപ്രവേശനം നിഷേധിക്കപ്പെട്ടു എന്നത് പ്രസിദ്ധമാണല്ലോ. എന്നാൽ ഹതാശനാകാതെ പല്‍പു മദ്രാസ് മെഡിക്കൽ കോളെജിൽ ചേർന്നു. കടുത്ത സാമ്പത്തിക ഞെരുക്കത്തിനിടയിലും സമർത്ഥമായി പഠിച്ച് അദ്ദേഹം നാലുവർഷം കൊണ്ട് എൽഎംഎസ് ഡിഗ്രി കരസ്ഥമാക്കി ഭിഷഗ്വരനായി. പഠനം പൂർത്തിയാക്കി തിരുവിതാംകൂർ സംസ്ഥാനത്ത് ജോലിക്ക് അപേക്ഷിച്ച അദ്ദേഹത്തിനു ജാതീയ കാരണങ്ങളാൽ ജോലിയും നിഷേധിക്കപ്പെട്ടു. തുടർന്ന് അദ്ദേഹം മൈസൂർ സർക്കാരിന്റെ കീഴിൽ ഭിഷഗ്വരനായി സേവനം അനുഷ്ഠിക്കയാണുണ്ടായത്.
കോവിഡ് പ്രതിരോധിക്കുന്നതിൽ വൈദ്യസമൂഹം കാട്ടിയ നിസ്വാർത്ഥ സേവനതാത്പര്യവും ഉത്സാഹവും ഡോ പല്‍പു പ്ലേഗ് രോഗനിയന്ത്രണത്തിനും വാസ്കിൻ നിർമ്മാണത്തീനും പൊതുജനാരോഗ്യ-വിദ്യാഭ്യാസത്തിനുമായി നടത്തിയ മഹനീയ സേവനങ്ങളെ അനുസ്മരിപ്പിക്കുന്നു. ശാസ്ത്രബോധവും സാമൂഹ്യപ്രതിബന്ധതയും നീതിബോധവും സമന്വയിപ്പിക്കണമെന്നതാണ് ഡോ പല്‍പു തന്റെ ജീവിതത്തിലൂടെ നൽകുന്ന സന്ദേശം.
ഡോ പല്‍പുവിന്റെ മഹത്തായ മാതൃക പിന്തുടർന്നു കൊണ്ടുള്ള ആധുനികകാലത്തെ മുന്നോട്ടുള്ള പ്രയാണമായിട്ടാണ് വൈദ്യസമൂഹത്തിന്റെ കോവിഡ് കാല പ്രവർത്തനങ്ങളെ വിലയിരുത്തേണ്ടത്.