PEOPLE

രാജാ ഹരി സിങ്ങും ബ്രിട്ടീഷുകാര്‍ ഒതുക്കിയ, 104 വര്‍ഷം പഴക്കമുള്ള തേന്‍കെണിയും

പാരീസിൽ അന്ന് അവധി ദിനമായിരുന്നു. ക്രിസ്മസിന്റെ പിറ്റേന്നാൾ, ‘ ബോക്സിങ്ങ് ഡേ’ എന്നറിയപ്പെടുന്ന ഡിസംബർ 26. വിശ്വസ്തരായ പരിചാരകർക്ക് കൊച്ചുപെട്ടികളിൽ സമ്മാനം നൽകുന്ന ദിവസം...

പി രാംകുമാർ

പാരീസിൽ അന്ന് അവധി ദിനമായിരുന്നു. ക്രിസ്മസിന്റെ പിറ്റേന്നാൾ, ‘ ബോക്സിങ്ങ് ഡേ’ എന്നറിയപ്പെടുന്ന ഡിസംബർ 26. വിശ്വസ്തരായ പരിചാരകർക്ക് കൊച്ചുപെട്ടികളിൽ സമ്മാനം നൽകുന്ന ദിവസം. 104 വർഷം മുൻപ്, 1919-ലെ ആ തണുത്ത പ്രഭാതത്തിൽ  പാരീസിലെ  പ്രശസ്തമായ 'സെന്റ് ജെയിംസ് അൽബാനി പാരീസ്' ആഡംബര ഹോട്ടലിലെ ഒരു സ്യൂട്ടിന്റെ വാതിലിൽ തുടരെ തുടരെ മുട്ട് കേട്ടു. അതിലെ താമസക്കാരൻ ഇന്ത്യയിൽ നിന്നുള്ള ഒരു വിശിഷ്ടാതിഥിയായിരുന്നു. വാതിൽ തുറന്നതോടെ സന്ദർശകൻ  മുറിയിൽ കടന്നു.  കൊട്ടാര സദൃശമായ കിടപ്പറയിൽ ഉണ്ടായിരുന്ന യുവാവും യുവതിയും നിശാവസ്ത്രങ്ങളിലായിരുന്നു.

മുറിയിൽ കടന്നയാൾ, ആ സ്ത്രീയുടെ ഭർത്താവായ മൊണ്ടേഗു ന്യൂട്ടൺ എന്ന ഇംഗ്ലീഷുകാരൻ പൊട്ടിത്തെറിച്ചു കൊണ്ട് തന്റെ ഭാര്യയുടെ അവിഹിതം കയ്യോടെ പിടികൂടിയതായി വിളിച്ചു പറഞ്ഞു. പ്രക്ഷുബ്ദമായ ഹോട്ടൽ മുറിയിൽ ഗത്യന്തരമില്ലാതെ, ഭയന്ന് കാമുകനായ 24 കാരൻ ഒരു ഒത്തുതീർപ്പിനു വഴങ്ങി. ഒരു വൻ തുക നഷ്ട പരിഹാരം നൽകാമെന്ന് അയാൾ  സമ്മതിച്ചു. വൻതുകയുടെ  രണ്ട് ചെക്കുകൾ കാമുകിയുടെ ഭർത്താവിന് നൽകി ഇന്ത്യയിലെ  കാമുകൻ മാനക്കേടിൽ നിന്ന് രക്ഷപ്പെട്ടു.

നൂറ്റിനാല് വർഷം മുൻപ് നടന്ന  ഈ സംഭവം ഈ നൂറ്റാണ്ടിലെ ഏറ്റവും കുപ്രസിദ്ധമായ തേൻ കെണികളിലൊന്നായിരുന്നു.  പെൺവിഷയത്തിൽ കുടുക്കി പണം തട്ടുന്ന ഏറ്റവും പുരാതന കുറ്റകൃത്യങ്ങളിലൊന്നായ ബ്ലാക്ക് മെയിലിംഗ് ആയിരുന്നു വാസ്തവത്തിൽ  ഹോട്ടൽ അന്ന് ആ മുറിയിൽ നടന്നത്.  ബ്രിട്ടീഷ് ഇന്ത്യയിലെ  ഏറ്റവും പ്രതാപികളും ധനികരുമായ  കശ്മീർ രാജകുടുംബത്തിന്റെ അവകാശി ഹരിസിംഗ് എന്ന 24 കാരനായ രാജകുമാരനായിരുന്നു ഇതിലെ ഇര. 

മഹാരാജാ ഹരി സിങ്‌

ഒരു ബോളിവുഡ് ചിത്രത്തിലുള്ള എല്ലാ ചേരുവകളും (സമ്പത്ത്, പ്രേമം, സെക്സ്, വഞ്ചന, കോടതി) എല്ലാം ഇതിലുണ്ടായിരുന്നു. ലോകത്തിലെ ഏറ്റവും കുപ്രസിദ്ധമായ ഈ തേൻ കെണി  ഇന്ത്യ ഭരിച്ച ബിട്ടീഷ് രാജിന്റെ രഹസ്യ ഫയലുകളിൽ 'Mr. A case' എന്നറിയപ്പെട്ടു. ആ കാലത്ത് അമേരിക്കയിലേയും ഫ്രാൻസിലേയും മറ്റ് ചില രാജ്യങ്ങളിലെയും പത്രങ്ങളുടെ മുൻ പേജിൽ  കുറേനാൾ  സ്ഥാനം പിടിച്ച വാർത്തയായിരുന്നു ഒരു ഇന്ത്യൻ രാജകുമാരൻ കുടുങ്ങിയ തേൻ കെണി.

‘കശ്മീർ, ഇതാണ്  ഭൂമിയിലെ പറുദീസ'! എന്ന് മുഗൾ ചക്രവർത്തിമാർ വിശേഷിപ്പിച്ചത് അതിനും നൂറ്റാണ്ടുകൾക്കു മുൻപേയാണ്. തങ്ങളുടെ ഏറ്റവും ഇഷ്ടപ്പെട്ട വാസകേന്ദ്രമായി മുഗളർ തിരഞ്ഞെടുത്തത് കശ്മീരായിരുന്നു. ജഹാംഗീർ ചക്രവർത്തിയുടെ അവസാന വാക്കുകൾ കശ്മീരിനെക്കുറിച്ചായിരുന്നുവെന്ന് ചരിത്രം പറയുന്നു.  ലോകത്തിലെ ഏറ്റവും സൗന്ദര്യമുള്ള പ്രകൃതി ദൃശ്യങ്ങളുടെ കളിത്തൊട്ടിലായിരുന്നു കശ്മീർ താഴ്‌വര.

ബ്രിട്ടീഷ് ഇന്ത്യയിലെ ഏറ്റവും പ്രതാപമുള്ള, ധനശേഷിയുള്ള രാജവംശങ്ങളിലൊന്നായിരുന്നു കശ്മീരിലേത്. ഇന്ത്യയിലെ വരേണ്യരായാണ് ബ്രിട്ടീഷുകാർ അവരെ പരിഗണിച്ചിരുന്നത്. കശ്മീർ രാജാവായ മഹാരാജാ പ്രതാപ് സിങ്ങിന്റെ ദത്തുപുത്രനും, പിൻതുടർച്ചകാശിയുമായ  24 കാരനായ രാജകുമാരൻ ഹരിസിങ് 1919-ൽ തന്റെ ആദ്യ വിദേശയാത്രക്ക് പുറപ്പെട്ടു. രാജകുമാരന്റെ ആദ്യത്തെ യൂറോപ്യൻ യാത്ര. ചെലവുകൾക്കായി, ഏകദേശം 4,000,000 ഡോളറുമായാണ് ഹരി സിങ് തന്റെ പേഴ്സണൽ സെക്രട്ടറി ക്യാപ്റ്റൻ ചാൾസ് ആർതറുമായി ലണ്ടനിൽ എത്തിയത്.  ആഭരണങ്ങളും രത്നങ്ങളും വാങ്ങിക്കൂട്ടൽ അദ്ദേഹത്തിന്റെ ഇഷ്ടങ്ങളിലൊന്നായിരുന്നു.

രാജകുമാരൻ അവസാന നിമിഷം തീരുമാനിച്ച യാത്രയായതിനാൽ വിദേശകാര്യ വകുപ്പിന് കൃത്യമായ  യാത്രാപരിപാടികൾ ആസൂത്രണം ചെയ്യാൻ സാധിച്ചില്ല.  അതുകൊണ്ടുതന്നെ ലണ്ടനിലെ ഇന്ത്യൻ ഓഫീസ് രാജാ സർ ഹരിസിങ്ങിന്റെ എഡിസി( സെക്രട്ടറി)യായ ഐറിഷുകാരന്‍  ക്യാപ്റ്റൻ ചാൾസ് ആർതറിനെക്കുറിച്ച് തങ്ങളുടെ പക്കൽ യാതൊരു വിവരങ്ങളൊന്നുമില്ലെന്നും ഈ അതിഥികൾക്ക് വേണ്ടി എന്താണ് ചെയ്യണ്ടത് എന്നും ആരാഞ്ഞു കൊണ്ട് വൈസ്രോയിക്ക് രഹസ്യ ഭാഷയിൽ ടെലഗ്രാം ചെയ്തു. '‘പ്രത്യേകമായി ആവശ്യങ്ങളൊന്നുമില്ല. കശ്മീർ രാജകുമാരൻ എന്ന നിലയിൽ പരിഗണന നൽകുക’'- വൈസ്രോയിയുടെ ഓഫീസ് മറുപടി നൽകി.

കശ്മീര്‍ രാജാവായിരുന്നു ഹരി സിങ്ങിന്റെ വേനല്‍ക്കാല വസതി

 കശ്മീർ രാജവംശത്തെ  ബ്രിട്ടീഷ് ഭരണകൂടം രാജകീയ പദവിയിൽ തന്നെ പരിഗണിച്ചിരുന്നു. ബ്രിട്ടീഷ് രാജിന് കീഴിൽ അവർ വിശേഷിക്കപ്പെട്ടത് ‘ഭരിക്കാൻ പിറന്ന വംശം ‘ എന്നായിരുന്നു. അതിന്റെ ഭാഗമായി വിദേശകാര്യ വകുപ്പ് അവര്‍ക്ക്‌ യാത്രകളിൽ സംരക്ഷണം നൽകി വന്നു. ലണ്ടനിലെത്തിയ ഹരിസിങ് ഒരു പാർട്ടിയിൽ പങ്കെടുക്കാനായി തന്റെ സെക്രട്ടറിയോടൊപ്പം ആൽബർട്ട് ഹാളിലെത്തി. ഡാൻസും പാട്ടും ഉള്ള ആഘോഷ പാർട്ടിയായിരുന്നു അത്.

ഹാളിലെ മുകൾത്തട്ടിലുള്ള ബോക്സിലിരുന്ന് കാഴ്ചകൾ ആസ്വദിച്ചു ഭക്ഷണവും പാനീയവും അകത്താക്കിയ രാജകുമാരൻ പരമ്പരാഗത സിൽക്ക് വേഷത്തിലായിരുന്നു. അദ്ദേഹത്തിന്റെ കഴുത്തിലണിഞ്ഞ  തിളങ്ങുന്ന ലക്ഷങ്ങൾ വില മതിക്കുന്ന രത്നാഭരണങ്ങളും സിൽക്ക് തലപ്പാവും ആരേയും ആകർഷിക്കുന്ന ഒരു ഇന്ത്യൻ മഹാരാജാവിനെ അനുസ്മരിപ്പിച്ചു.

എറെ കഴിയും മുൻപേ തൊട്ടടുത്ത ബോക്സിലിരുന്ന രണ്ട് യുവതികളിൽ ഒരാളിൽ രാജകുമാരന്റെ ശ്രദ്ധ പതിഞ്ഞു. ആകർഷകമായി വസ്ത്രം ധരിച്ചിരുന്ന ഫ്ലോറൻസ് മൗഡി റോബിൻസൺ. എന്ന യുവതിയായിരുന്നു അത്. ആരെയും ആകർഷിക്കുന്ന വശ്യതയുള്ള സൗന്ദര്യവതിയായ , മൗഡി റോബിൻസൺ ഏറെ കഴിയും മുൻപെ രാജകുമാരന്റെ മനസിൽ സ്ഥാനം പിടിച്ചു. പിന്നീട് അവരുമായി അദ്ദേഹം അടുപ്പം സ്ഥാപിച്ചു. പാർട്ടി കഴിഞ്ഞു ഒരുമിച്ച് യാത്ര ചെയ്തതോടെ ആ ബന്ധം വളർന്നു. ലണ്ടനിലെ സാമൂഹ്യ ജീവിതത്തിൽ അതൊരു സാധാരണ സംഭവം മാത്രമാണ്. വർണവിവേചനം നിലനിൽക്കുന്ന ഒരു കാലഘട്ടത്തിൽ ഒരു ഇംഗ്ലീഷ് യുവതി ഒരു ഇന്ത്യക്കാരനുമായി അടുക്കാൻ ധൈര്യം കാട്ടി എന്നതു മാത്രമായിരുന്നു ഇതിലെ ഏക വൈരുദ്ധ്യം.

പൈതൃകമായി ലഭിച്ച ചെറിയ ഒരു ഔഷധക്കടയിൽ നിന്നുള്ള വരുമാനം മാത്രമുണ്ടായിരുന്ന ഒരു സാധാരണ സ്ത്രീയാണെങ്കിലും സമൂഹത്തിലെ ഉന്നതയായ ഒരു ധനികയായാണ് മൗഡി റോബിൻസൺ സ്വയം അവകാശപ്പെട്ടതും രാജകുമാരനോട് പറഞ്ഞതും . പതിനാറാം വയസിൽ തന്റെ ആദ്യ വിവാഹം കഴിച്ച ഹരിസിങ് ഇതിനകം നാല് തവണ വിവാഹിതനായിക്കഴിഞ്ഞിരുന്നു. എന്നാല്‍ ഇന്ത്യയിലെ ഏറ്റവും വലിയ രാജവംശത്തിലെ രാജകുമാരനായ ഹരി സിങ്ങിന് ഇത് ആദ്യത്തെ പ്രണയാനുഭവമായിരുന്നു. അതിലദ്ദേഹം മയങ്ങി വീണതോടെ ഒരു സിനിമാക്കഥ പോലെ സംഭവങ്ങൾ മുന്നോട്ട് പോയി.

ഹരിസിങ് കശ്മീര്‍ രാജാവായി ചുമതലയേല്‍ക്കുന്നതിനേക്കുറിച്ച് അന്നത്തെ പത്രങ്ങളില്‍ വന്ന വാര്‍ത്ത

 മനോഹരമായ ക്രിസ്മസ് ചിലവഴിക്കാൻ ആ പ്രണയിതാക്കള്‍ 24 ന് രാത്രി പാരീസിലെത്തി. അവിടെ ക്രിസ്മസ് ആഘോഷങ്ങൾ ഭംഗിയായി നടന്നു. പിറ്റേന്നാണ് സെന്റ് ജെയിംസ് അൽബാനി പാരീസ് ആഡംബര ഹോട്ടലിലെത്തിയ, മൗഡി റോബിൻസന്റെ ഭർത്താവാണെന്ന് അവകാശപ്പെട്ട മോണ്ടേഗു നോയൽ ന്യൂട്ടൻ എന്നയാൾ താൻ വിവാഹമോചനത്തിന് കോടതിയെ സമീപിക്കുമെന്നും കാരണക്കാരനായ കാമുകനെ കോടതികയറ്റുമെന്നും ഭീഷണി മുഴക്കിയത്. ഭാര്യയും കാമുകിയുമായ മൗഡിയും ഉറക്കെ നിലവിളിച്ചു കരഞ്ഞതും സംഗതി വഷളാക്കി. ഭയന്നു വിറച്ച രാജകുമാരൻ ഹരി സിങ്ങ് ഉടനടി ഒത്തു തീർപ്പിന് തയാറായി.

ഭയന്നു പോയ ഹരിസിങ്ങ് വേഗം തന്നെ മറ്റൊരു ഹോട്ടലിൽ താമസിക്കുന്ന തന്റെ എഡിസിയായ ചാൾസ് ആർതറിനെ സന്ദർശിച്ച് വിവരങ്ങളെല്ലാം ധരിപ്പിച്ചു. വാർത്ത പുറത്ത് വന്നാൽ തന്റെ ഭാവി രാജ പദവി തന്നെ ഇല്ലാതാകുമെന്നും പ്രശ്നം ഇരു ചെവിയറിയാതെ  വേണ്ടത് ചെയ്യണമെന്നും രാജകുമാരൻ ആവശ്യപ്പെട്ടു.

സെക്രട്ടറി ഉടൻ തന്നെ അവരുടെ ഭർത്താവിന് പണം കൊടുത്ത് മാനം രക്ഷിക്കാൻ രാജകുമാരനോട് ആവശ്യപ്പെട്ടു. അതനുസരിച്ച്,150,000 പൗണ്ട് വീതം രണ്ട് ചെക്ക്  എഴുതി ആർതറിനെ ഏൽപ്പിച്ച് വിഷയം പുറത്ത് വരാതെ ഒതുക്കാനാവശ്യപ്പെട്ടു. അങ്ങനെ വലിയൊരു മാനക്കേടിൽ നിന്ന് താൻ രക്ഷപ്പെട്ടുവെന്ന് കിരീടാവകാശി ആശ്വസിച്ചു. 

പക്ഷേ, കാര്യങ്ങൾ അങ്ങനെയല്ലായിരുന്നു. സ്വന്തം സെക്രട്ടറിയുടെ പ്ലാനിൽ അരങ്ങേറിയ തട്ടിപ്പായിരുന്നു അതെന്ന് പിന്നീടാണ് ഹരി സിങ് മനസിലാക്കിയത്. സെക്രട്ടറി ആർതർ കൈമാറിയ വിവരങ്ങൾ വെച്ച് ലണ്ടന്‍ അധോലോകത്തിലെ കുപ്രസിദ്ധനും  ഒരു വക്കീൽ ഗുമസ്തനുമായ വില്യം കൂപ്പർ ഹോബ്സ് എന്ന കുറ്റവാളി തയാറാക്കിയ പദ്ധതിയായിരുന്നു ഈ തേൻ കെണി. മൗഡി റോബിൻസൺ, ഭർത്താവായി അഭിനയിച്ച മൊണ്ടേഗു നോയൽ ന്യൂട്ടൺ എന്നിവരൊക്കെ ഈ തട്ടിപ്പ് നാടകത്തിൽ വിദ്ഗധമായി അഭിനയിച്ച നടീനടൻമാരും. 

1919 ലെ ആ തേൻ കെണി വഴി 45 ലക്ഷം രൂപയാണ് ഇവർ ഹരിസിങ്ങിൽ നിന്ന് തട്ടിയെടുത്തത്. ഇന്നത്തെ കോടികൾ വരുന്ന തുക. രാജകുമാരന്റെ ലണ്ടനിലെ വക്കീൽമാർ ഇടപെട്ട് രണ്ടാമത്തെ ചെക്ക് ബാങ്ക് തടഞ്ഞതിനാൽ തട്ടിപ്പ് സംഘത്തിന് ആ ചെക്കിലെ പണം കിട്ടിയില്ല. ഹരിസിങ് രാജകുമാരൻ ഉടനെ തന്നെ ഇന്ത്യയിലേക്ക് തിരിച്ചെത്തി. കാര്യങ്ങളെല്ലാമറിഞ്ഞ മഹാരാജാവ് പ്രതാപ് സിങ് രോഷകുലനായി . ശിക്ഷാ നടപടിയുടെ ഭാഗമായി  തന്റെ അനന്തരവകാശിയെ ആറ് മാസം കൊട്ടാരത്തിൽ നിന്ന് മാറ്റി പാർപ്പിക്കുകയും പ്രായശ്ചിത്തമായിചില മതപരമായ അനുഷ്ഠാനങ്ങൾ ആചരിപ്പിക്കുകയും ചെയ്തു.

അഞ്ച് വർഷത്തിന് ശേഷം ഈ കേസ് ലണ്ടനിലെ ഒരു കോടതിയിൽ വിചാരയ്‌ണക്ക് വന്നു. തട്ടിപ്പുകാർ പണം പങ്കുവെയ്ക്കുന്നതിനെ ചൊല്ലി തമ്മിലടിച്ചതോടെയാണ് ഇത് പുറത്ത് വന്നത്. ബാങ്ക് ഇടപാടുകളിൽ സംശയം തോന്നിയ മിഡ് ലാന്റ് ബാങ്കുകാർ പ്രശ്നം കോടതിയിലെത്തിച്ചു. സ്വാഭാവികമായും വൻതുകയുടെ ചെക്കിന്റെ ഉടമസ്ഥൻ ആരാണെന്ന് പുറത്ത് വന്നതോടെ പത്രങ്ങൾ രംഗത്ത് വന്നു. ബ്രിട്ടീഷ് സര്‍ക്കാര്‍ കശ്മീർ രാജവംശത്തെ സംരക്ഷിക്കാനായി ആദ്യമേ തന്നെ മുൻകരുതലായി ഉടമയുടെ യഥാർഥ പേര് വെളിപ്പെടുത്തരുതെന്ന് നിർദ്ദേശിച്ചു. പകരം കോടതിയിൽ Mr. A എന്ന നാമം ഉപയോഗിക്കാൻ നിർദേശം നൽകി.

 Mr.  A Case ന് പിന്നിൽ ഒരു എരിവുംപുളിയും ഉള്ള കഥയുണ്ടെന്നും ഒരു ഉന്നതൻ ഇതിലുണ്ടെന്ന് മനസിലാക്കിയ  പത്രങ്ങൾ ഇത് പ്രധാന വാർത്തയാക്കി. Mr. A ആരാണെന്ന ചോദ്യം അമേരിക്കയിലും ഫ്രാൻസിലും  പത്രങ്ങളിൽ നിറഞ്ഞു. കോടതിയിൽ രാജകുമാരൻ എത്തി. ‘പേടിച്ച് വിറച്ച എന്റെ പാവം കക്ഷി ‘ എന്നാണ് ഹരി സിങ്ങിനെ അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയിൽ വിശേഷിപ്പിച്ചത്. കാമുകിക്ക് കൊടുത്ത സമ്മാനങ്ങളെക്കുറിച്ച് ചോദ്യമുണ്ടായി. താൻ രാജകുമാരന്റെ കാമുകിയാണെന്ന് മൗഡി റോബിൻസൺ അവകാശപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല.

ഒടുവിൽ മുഖ്യപ്രതിയായ ഹോബ്സിന്  കോടതി ജയിൽ ശിക്ഷ വിധിച്ചു. കേസ് അങ്ങനെ പര്യവസാനിച്ചെങ്കിലും  ജീവിതകാലം മുഴുവൻ വേട്ടയാടിയ ഒരു പേക്കിനാവായി 'Mr.A. Case' ഹരിസിങ്ങിനെ പിൻതുടർന്നു. ഈ സംഭവത്തോടെ  അദ്ദേഹം ആരേയും വിശ്വസിക്കാതെയായി. പത്രലോകം അദ്ദേഹത്തിന്റെ ഈ ചാപല്യം ലോകം മുഴുവൻ കൊട്ടിഘോഷിച്ചു. അമേരിക്കയിലെ ടൈം മാസിക ഹരിസിങ് ഉൾപ്പെട്ട ഏത് വാർത്തയാലും Mr. A കേസിനെക്കുറിച്ച് രണ്ട് വരിയെങ്കിലും ലേഖനത്തിൽ എഴുതാതെ വിടാറില്ല.

ബ്രിട്ടീഷ് ഗവൺമെന്റിന്റെ കർശനമായ വിലക്കു കാരണം ഇന്ത്യയിൽ ഈ സംഭവത്തിലെ നായകൻ കശ്മീരിന്റെ രാജകുമാരനാണെന്ന കാര്യം ഒരു പത്രത്തിലും അന്ന് വന്നില്ല. ദേശീയ തലത്തിലുള്ള പത്രങ്ങളെല്ലാം ബ്രിട്ടീഷ് ഉടമസ്ഥതയിലായിരുന്നതിനാൽ നിശബ്ദത പാലിച്ചു. കശ്മീരിന്റെ രാജപദവിക്ക് തടസമാകുകുമോയെന്ന ഭയത്തിലായിരുന്നു ഹരി സിങ്.

1947 ൽ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നല്‍കാനുള്ള തീരുമാനം ബ്രിട്ടൻ കൈക്കൊണ്ടതോടെ മഹാരാജാക്കന്മാരുടെ  ഭൂതകാലം സ്വതന്ത്ര ഇന്ത്യയിൽ അവരെ വേട്ടയാടരുതെന്നു തീരുമാനമെടുത്ത മൗണ്ട് ബാറ്റൻ പ്രഭുവിന്റെ രാഷ്ട്രീയ ഉപദേശകൻ സർ കോൺറാഡ് കോർഫീൽ രാജാക്കന്മാരെ സംബന്ധിക്കുന്ന എല്ലാ സ്വകാര്യ രഹസ്യ ഫയലുകളും  നശിപ്പിക്കാൻ ഉത്തരവിട്ടു. അങ്ങനെ ലോകത്തിലെ ഏറ്റവും വിലപിടിച്ച, കുപ്രസിദ്ധമായ തേൻകെണി കേസായ Mr A Case-ന്റെ തെളിവുകളും മറ്റും അടങ്ങിയ ബ്രിട്ടീഷ് രാജിന്റെ രഹസ്യ ഫയൽ അഗ്നിക്കിരയായി എന്നെന്നേക്കുമായി അപ്രത്യക്ഷമായി.

1925 ൽ ഹരിസിങ്ങ് കശ്മീർ മഹാരാജാവായി സ്ഥാനമേറ്റു. കശ്മീരിന്റെ രാജാധികാരങ്ങൾ ബ്രിട്ടീഷുകാർ വെട്ടിച്ചുരുക്കിയത് അദ്ദേഹത്തിന് രസിച്ചിരുന്നില്ല. ബ്രിട്ടിഷുകാരാകട്ടെ അദ്ദേഹത്തെ വേണ്ട വിധത്തിൽ ബഹുമാനിച്ചുമില്ല. തന്റെ കഴിവിനനുസരിച്ച് അതിന് മറുപടി കൊടുക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നു.

ഒരിക്കൽ ജമ്മു കശ്മീരിലെ തന്റെ കൊട്ടാരത്തിൽ  അദ്ദേഹം ബ്രിട്ടീഷ് റസിഡന്റായ സർ റെജിനാൾഡിനേയും ഭാര്യയേയും വിരുന്നിന് ക്ഷണിച്ചു.  500 ഓളം അതിഥികളെയും റസിഡന്റിനേയും ഒരു മണിക്കൂർ ഡിന്നർ ഹാളിൽ കാത്തിരുത്തിയ ശേഷമാണ് മഹാരാജാവ് പ്രത്യക്ഷപ്പെട്ടത്. അതും രാജകീയ വേഷം ധരിക്കാതെ വേട്ടയ്ക്ക് പുറപ്പെടുമ്പോൾ ധരിക്കുന്ന വസ്ത്രത്തിൽ . ഈ അസാധാരണ വേഷത്തിൽ  മഹാരാജാവിനെ കണ്ട് അതിഥികളും റസിഡന്റും അമ്പരന്നു.

വിരുന്നിൽ സ്വർണത്തളികകളിലും വെള്ളി പാത്രങ്ങളിലുമായിരുന്നു വിശിഷ്ട വിഭവങ്ങൾ വിളമ്പിയത്.  മഹാരാജാവ് ഭക്ഷണം കഴിച്ച് തുടങ്ങാനുള്ള അനുവാദം പ്രതീക്ഷിച്ചിരിക്കുന്ന അതിഥികളെ ഞെട്ടിച്ചു കൊണ്ട്  ഹരിസിങ്ങ് എഴുന്നേറ്റു . ‘ എനിക്ക് തീരെ വിശപ്പില്ല’ എന്ന് പറഞ്ഞ് അദ്ദേഹം പുറത്തേക്ക് നടന്നു. പിന്നാലെ അദ്ദേഹത്തിന്റെ കൂടെ വന്ന പരിചാരകരും. ആ രാത്രിയിൽ ഒന്നും കഴിക്കാതെ അവിടെയുള്ള അതിഥികൾ സ്ഥലം വിട്ടു. റസിഡന്റും മറ്റ് വിശിഷ്ടാതിഥികളും അപമാനിതരായി. 

ഇന്ത്യന്‍ യൂണിയന്റെ ഭാഗമാകുന്നതുമായി ബന്ധപ്പെട്ട് സര്‍ദാര്‍ വല്ലഭായ് പട്ടേലും മഹാരാജാ ഹരിസിങ്ങും ചര്‍ച്ച നടത്തുന്നു

തന്നെ അപമാനിച്ച കശ്മീർ രാജാവിനെതിരെ സർ. റജിനാൾഡ് വൈസ്രോയിക്കും ബ്രിട്ടീഷ് ചക്രവർത്തിക്കും പരാതി നൽകി. വൈസ്രോയി മഹാരാജാവിനോട് വിശദീകരണം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം പ്രതികരിച്ചില്ല. ഇന്ത്യ സ്വതന്ത്രമായപ്പോഴും കശ്മീർ രാജാവ് പ്രതിസന്ധി സൃഷ്ടിച്ചു. ഇന്ത്യയിലോ പാകിസ്താനിലോ ചേരാൻ അദ്ദേഹം തയാറായില്ല. സ്വതന്ത്ര രാജ്യമായി നിലനിൽക്കാൻ അദ്ദേഹം തീരുമാനിച്ചു. അദ്ദേഹം ഹിന്ദുവും അദ്ദേഹത്തിന്റെ പ്രജകൾ ഭൂരിപക്ഷവും  ഇസ്ലാം മത വിശ്വാസികളുമായിരുന്നു. പ്രതിസന്ധി രൂക്ഷമായപ്പോൾ അവസാനം വി.പി. മേനോന്റെ ലയന കരാറിൽ ഒപ്പുവച്ചു.

മഹാരാജാവ് ഹരിസിങ്ങാണ് സ്വതന്ത്ര ഇന്ത്യയിലെ അവസാനത്തെ നാടുവാഴി രാജാവ്. മേജർ ജനറൽ ഹിസ് ഹൈനസ് മഹാരാജാവ് സർ ഹരി സിങ്, ഇന്തർ മൊഹിന്ദർ ബഹാദൂർ സിപാർ  ഐ. സുൽത്താനേറ്റ്, GCHI,GCSI,K.C.V.O. 1961 ഏപ്രിൽ 26 ന് ബോംബെയിൽ വച്ച് അന്തരിച്ചു.

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി