PEOPLE

കാർട്ടൂണിസ്റ്റ് താക്കറെയെ മറാത്താ വാദിയാക്കിയ മലയാളി പത്രാധിപരും മാനേജിങ് എഡിറ്ററും

ഫ്രീ പ്രസ്സ് പത്രത്തിൽ കാർട്ടൂണിസ്റ്റ് ആയി തൊഴിൽ തുടങ്ങി ബോംബെയെ അടക്കി ഭരിച്ച രാഷ്ട്രീയ നേതാവായി വളർന്ന ബാൽ താക്കറെയുടെ ജന്മവാർഷികമായിരുന്നു ഇന്നലെ (ജനുവരി 23)

പി രാംകുമാർ

“ഈ കാർട്ടൂണുകളും കാരിക്കേച്ചറുകളുമാണ് എന്നെ ഇന്നത്തെ ഞാനാക്കിയത്  ആ ബ്രഷില്ലായിരുന്നെങ്കിൽ, ഞാൻ രാഷ്ട്രീയത്തിൽ വിജയത്തിന്റെ പാരമ്യത്തിലെത്തില്ലായിരുന്നു."

ഇരുപത്തിനാല് വർഷം മുൻപ് തൻ്റെ കാർട്ടൂണുകളുടെ സമാഹാരമായ 'ഫട്ട്കാരെ' (Fatkare) എന്ന പുസ്തകത്തിൻ്റെ ആമുഖത്തിൽ ബാൽ താക്കറെ എഴുതി.

തൻ്റെ കാർട്ടൂൺ വര അദ്ദേഹത്തിന് എന്നും പ്രിയപ്പെട്ടതായിരുന്നു. ബോംബെ അടക്കി ഭരിച്ച നേതാവാകും മുൻപ് മറ്റൊരു തിളക്കമുള്ള അദ്ധ്യായമുണ്ടായിരുന്നു ബാൽ താക്കറെയുടെ ജീവിതത്തിൽ. ബാൽ താക്കറെയെന്ന പേര് ആദ്യം ഇന്ത്യയും ലോകവും കേൾക്കുന്നത് സമർത്ഥനായ ഒരു കാർട്ടൂണിസ്റ്റ് എന്ന നിലയ്ക്കായിരുന്നു. ഇന്ന് ലോകമറിയുന്ന, ശിവസേനയുടെ എല്ലാമെല്ലാം ആയിരുന്ന, ബോംബെയുടെ തലതൊട്ടപ്പൻ ആയി വിലസിയ താക്കറെയിൽ നിന്ന് തീർത്തും വ്യത്യസ്തനായ മറ്റൊരു താക്കറെ.

ഫട്ട്കാരെ (താക്കറെയുടെ കാർട്ടൂൺ സമാഹാരം)
വിൻസ്റ്റൺ ചർച്ചിലിന്റെ കാരിക്കേച്ചർ ജീവചരിത്രം ലണ്ടനിൽ പ്രസിദ്ധീകരിച്ചപ്പോൾ, ചർച്ചിലിൻ്റെ ആറ് കാർട്ടൂണുകൾ വരക്കാൻ പ്രസാധകരായ കാസിൽ ആൻ്റ് കമ്പനി താക്കറെയോട് ആവശ്യപ്പെട്ടു

ഫ്രെഡ് ഉർക്വാർട്ട്, ഹരോൾഡ് നിക്കോൾസൺ എന്നിവർ ചേർന്ന് 1955ൽ വിൻസ്റ്റൺ ചർച്ചിലിന്റെ കാരിക്കേച്ചർ ജീവചരിത്രം ലണ്ടനിൽ പ്രസിദ്ധീകരിച്ചപ്പോൾ, ചർച്ചിലിൻ്റെ ആറ് കാർട്ടൂണുകൾ വരക്കാൻ പ്രസാധകരായ കാസിൽ ആൻ്റ് കമ്പനി താക്കറെയോട് ആവശ്യപ്പെട്ടു. അദ്ദേഹം വരയ്ക്കുകയും ചെയ്തു. ഒരു കാർട്ടൂണിസ്റ്റിൻ്റെ ലോക പ്രശസ്തിയിലേക്കുള്ള  ആദ്യ പടവുകളായിരുന്നു അത്. പക്ഷേ, വരയിലൂടെ  ലോകം കീഴടക്കാനായിരുന്നില്ല ബാൽ താക്കറെയുടെ നിയോഗം.

1955 ൽ ലണ്ടനിൽ പ്രസിദ്ധീകരിച്ച താക്കറെയുടെ വരയുള്ള വിൻസ്റ്റൺ ചർച്ചിലിന്റെ കാരിക്കേച്ചർ ജീവചരിത്രം

വിൻസ്റ്റൺ ചർച്ചിൽ  റഷ്യയെക്കുറിച്ചു പറഞ്ഞ വാക്കുകൾ ബാലാസാഹെബ് താക്കറെയെ സംബന്ധിച്ചിടത്തോളം ശരിയാണ്, "ഒരു പ്രഹേളികയ്ക്കുള്ളിൽ ഒരു നിഗൂഢതയിൽ പൊതിഞ്ഞ കടങ്കഥ”. ലോകമറിഞ്ഞ താക്കറെയുടെ ചിത്രത്തിനു പിന്നിലെ കഥയും ഒരു കടംകഥ പോലെയാണ്. അഡോൾഫ് ഹിറ്റ്ലർ നല്ല ചിത്രകാരനായിരുന്നുവെന്നത് പോലെ, താക്കറെ മിടുക്കനായൊരു കാർട്ടൂണിസ്റ്റ്!

1926 ജനുവരി 23നാണ് പൂനെയിലെ ഒരു കായസ്ത, മദ്ധ്യവർഗ കുടംബത്തിൽ  ബാൽ കേശവ് താക്കറെ ജനിച്ചത്. പിതാവ് കേശവ് സീതാറാം താക്കറെ കടുത്ത മഹാരാഷ്ടവാദിയും പത്രപവർത്തകനും സാമൂഹിക പ്രവർത്തകനുമായിരുന്നു. മറാഠി സംസാരിക്കുന്നവർക്ക് വേണ്ടി പ്രത്യേക സംസ്ഥാനം വേണെമെന്ന് വാദിക്കുന്ന സംയുക്ത മഹാരാഷ്ട്ര സമിതിയുടെ സ്ഥാപകനായിരുന്നു കെ എസ് താക്കറെ. പ്രസംഗങ്ങൾക്ക് നൂറ് രൂപ വെച്ച് പ്രതിഫലം കിട്ടിയിരുന്നതായിരുന്നു പ്രധാന വരുമാനം.

‘പ്രബോധൻ’ എന്നൊരു പ്രസിദ്ധീകരണം അദ്ദേഹം എഡിറ്റ് ചെയ്തിരുന്നതിനാൽ ക്രമേണ 'പ്രബോധാങ്കർ' എന്നറിയപ്പെട്ടു. ദാദറിലായിരുന്നു താമസവും പ്രവർത്തനവും. വരക്കാൻ കഴിവുണ്ടായിരുന്ന പ്രബോധാങ്കർ അക്കാലത്തെ ടോംഗകളുടെ (കുതിരവണ്ടി) നമ്പർ പ്ലെറ്റുകൾ എഴുതിയും പ്രതിഫലം വാങ്ങിയിരുന്നു. ഇടയ്ക്ക് ഛായാചിത്രങ്ങളും കാർട്ടുണുകളും വരച്ചു.

അദ്ദേഹത്തിന്റെ മക്കളിൽ മഹാരാഷ്ട്രവാദവും വരയ്ക്കാനുള്ള കഴിവും പകർന്ന് കിട്ടിയത് ബാൽ താക്കറെക്കായിരുന്നു. ചെറുപ്പത്തിൽ  താക്കറെ കണ്ട ഡിസ്നി ചിത്രമായ 'ബാംബി’ യിലെ കഥാപാത്രങ്ങൾ വരയ്ക്കുന്നതും ടൈംസ് ഓഫ് ഇന്ത്യയിലെ കോമിക്ക് സ്ട്രിപ്പുകൾക്ക് നിറം കൊടുക്കുന്നതും ശ്രദ്ധിച്ച പ്രബോധാങ്കർ തൻ്റെ മകൻ്റെ വഴി ഏതാണെന്ന് തിരിച്ചറിഞ്ഞു. ഒരു മദ്ധ്യവർഗ മറാത്ത കുടംബത്തിലേത് പോലെ സർക്കാർ ജോലിക്കാരനാവാനുള്ളവനല്ല തൻ്റെ മകനെന്ന് അദ്ദേഹം ഉറപ്പിച്ചു. ഇടയ്ക്ക് നോർത്ത് സെൻട്രൽ ബോംബയിലെ ഒറിയൻ്റൽ ഹൈസ്ക്കൂളിലെ താക്കറെയുടെ പഠനം കുടുംബത്തിലെ സാമ്പത്തിക പരാധീനത കാരണം അവസാനിച്ചിരുന്നു.

മകനെ വരക്കാരനാക്കാനുള്ള പ്രബോധാങ്കറുടെ തീരുമാനം താക്കറെയുടെ ജീവിതത്തിലെ വഴിത്തിരിവായി. പിതാവിൻ്റെ നിർദ്ദേശപ്രകാരം ടൈംസ് ഓഫ് ഇന്ത്യയിലെ കോമിക്ക് സ്ട്രിപ്പുകൾ നോക്കി വരയ്ക്കാനാരംഭിച്ചു. ഒറിജിനലും മകൻ വരച്ചതും താരതമ്യം ചെയ്ത് പ്രബോധാങ്കർ വിലയിരുത്തി. താക്കറെക്ക് വരയ്ക്കാൻ നൈസർഗികമായ കഴിവുണ്ടായിരുന്നു.

തിലകൻ, ഗാന്ധി, നെഹ്റു (താക്കറെയുടെ വര)
ശാന്തനായ, മൃദുഭാഷിയായ ഒരാളായിരുന്നു ഫ്രീ പ്രസ്സിലെ യുവ കാർട്ടൂണിസ്റ്റ് ബാൽ താക്കറെ. വലിയ കണ്ണടകളിലൂടെ ലോകത്തെ നോക്കുന്ന നിശബ്ദനായ, വരയ്ക്കുമ്പോൾ മിക്കപ്പോഴും പൈപ്പ് വലിച്ചിരുന്ന യുവാവ്

പിൽക്കാലത്ത് കാർട്ടുണിസ്റ്റായപ്പോൾ ഔപചാരികമായ പരിശീലനം ലഭിച്ചിട്ടില്ലാത്ത താക്കറെയുടെ കാർട്ടൂണുകളിൽ  സർഗാത്മകതയ്ക്ക് ഒട്ടും കുറവുണ്ടായില്ല. മറാത്തി സാഹിത്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ആഴത്തിലുള്ള അറിവും പൗര, ദേശീയ, അന്തർദേശീയ സംഭവങ്ങളെക്കുറിച്ചുള്ള അവബോധവും പ്രതിഫലിപ്പിക്കുന്നവയായി ആ വരകൾ. 

ഇന്ത്യ സ്വതന്ത്രമായ വർഷം ഇരുപതാം വയസിൽ ബോംബയിലെ ദിനപത്രമായ ‘ ഫ്രീ പ്രസ്സ് ജേർണലിൽ’ 75 രൂപ മാസ ശമ്പളത്തിൽ കാർട്ടൂണിസ്റ്റായി ചേർന്നു. ആർ കെ ലക്ഷ്മണായിരുന്നു പത്രത്തിലെ മറ്റൊരു കാർട്ടൂണിസ്റ്റ്. ഇരുവരും പരസ്പര ബഹുമാനത്തോടെ ഇടപെട്ടു. ശാന്തനായ, മൃദുഭാഷിയായ ഒരാളായിരുന്നു ഫ്രീ പ്രസ്സിലെ യുവ കാർട്ടൂണിസ്റ്റ് ബാൽ താക്കറെ. വലിയ കണ്ണടകളിലൂടെ ലോകത്തെ നോക്കുന്ന നിശബ്ദനായ, വരയ്ക്കുമ്പോൾ മിക്കപ്പോഴും പൈപ്പ് വലിച്ചിരുന്ന യുവാവ്. ഓഫീസിൽ ആരോടും വലിയ ചങ്ങാത്തമില്ലായിരുന്നു. 

ബാൽ താക്കറെ ഫ്രീ പ്രസ്സ് ജേർണ്ണലിൽ

വിൻസ്റ്റൺ ചർച്ചിലായിരുന്നു അക്കാലത്ത് താക്കറെയുടെ പ്രിയപ്പെട്ട നേതാവ്. അദ്ദേഹത്തെ ഏറെ വരച്ചിട്ടുണ്ട്. പത്രമോഫീസിൽ നിശബ്ദനാണെങ്കിലും അദ്ദേഹത്തിൻ്റെ നിരീക്ഷണങ്ങൾ അപാരമായിരുന്നു. ഒരിക്കൽ ഫ്രീ പ്രസ്സിലെ റിപ്പോർട്ടർമാരുടെയെല്ലാം രേഖാചിത്രം അദ്ദേഹം വരച്ചു. അത് വ്യക്തിപരമായി ഓരോത്തർക്കും നേരിട്ട് നൽകി. സാധാരണ കാർട്ടൂണിസ്റ്റുകളിൽ നിന്നും വ്യത്യസ്തമായി താക്കറെ സ്വകാര്യ ജീവിതത്തിലും നർമം സൂക്ഷിച്ചിരുന്നു. അക്കാര്യത്തിൽ അദ്ദേഹം ആർ കെ ലക്ഷ്മണിനേക്കാൾ മികച്ചവനാണെന്ന്  അക്കാലത്ത് ഒരു അടക്കം പറച്ചിൽ ഫ്രീ പ്രസ്സിലുണ്ടായതായി താക്കറെയുടെ ഫ്രീ പ്രസ്സിലെ ഒരു സഹപ്രവർത്തകൻ എഴുതിയിട്ടുണ്ട്.

ബോംബെയിലെ മറ്റൊരു പത്രത്തിനിനുമില്ലാത്ത പ്രത്യേകത ഫ്രീ പ്രസ്സിലെ മലയാളി സാന്നിധ്യമായിരുന്നു. ന്യൂസ് എഡിറ്റർ ഹരിഹരൻ, കെ ശിവറാം, എം കെ ബി നായർ, എ കെ ബി നായർ, പി കെ രവീന്ദ്രനാഥ്, ടി ജെ എസ് ജോർജ്, കെ സി ജോൺ, പിന്നിട് കാർടൂണിസ്റ്റായ രവീന്ദ്രൻ തുടങ്ങി ഒരുപാട്  മലയാളികൾ ഓരോ കാലത്തായി ഫ്രീ പ്രസ്സിൽ ജോലി ചെയ്തു. ഫ്രീ പ്രസ്സ് ജേർണലിൻ്റെ ആദ്യത്തെ മലയാളിയായ എഡിറ്ററായിരുന്നു എടത്തട്ട നാരായണൻ.

കാര്യങ്ങളങ്ങനെ സുഗമമായി മുന്നോട്ട് പോകുമ്പോളാണ് ബാൽ താക്കറെ അപ്രതീക്ഷിതമായി രാജി വെയ്ക്കുന്നത്. വേതനക്കുറവോ, എഡിറ്റോറിയൽ ഭാഗത്തെ ഏതെങ്കിലും  തരത്തിലുള്ള പ്രകോപനമോ ആയിരുന്നില്ല കാരണം. ഒരു ഈഗോ പ്രശ്നമായിരുന്നു. താക്കറെയുടെ തൊട്ടടുത്ത സീറ്റിലിരുന്നുന്ന മിത്രയെന്നൊരാൾക്ക് നിരന്തരമായി വരുന്ന ടെലിഫോൺ കോളുകൾ അദ്ദേഹത്തിന്റെ സ്വൈരം കെടുത്തി. തുടർച്ചയായ ഉച്ചത്തിലുള്ള  ടെലിഫോൺ സംഭാഷണങ്ങൾ താക്കറെയെ അസ്വസ്ഥനാക്കി. വരയ്ക്കാനുള്ള എകാഗ്രത നഷ്ടപ്പെട്ടു. അസംതൃപ്തനായ താക്കറെ രാജിവെച്ചു സ്ഥലം വിട്ടു. ബന്ധപ്പെട്ടവരോട് പറഞ്ഞ് പരിഹരിക്കാവുന്ന ഒരു പ്രശ്നമായിരുന്നു അത്. പക്ഷേ, ആരെയും ഇതിന് വേണ്ടി സമീപിക്കാൻ  അദ്ദേഹത്തിൻ്റെ ഈഗോ അനുവദിച്ചില്ല.

ഏറെ താമസിയാതെ എഡിറ്റർ സദാനന്ദ് ദാദറിലെ താക്കറെയുടെ വീട്ടിലെത്തി.  “ഫ്രീ പ്രസിൻ്റെ നെടുംതൂണുകളിലൊരാളാണ് താങ്കൾ. ഉടനെ വന്ന് ഫ്രീ പ്രസ്സിൽ വീണ്ടും ചേരുക”, സദാനന്ദ് പറഞ്ഞു. തൻ്റെ പ്രശ്നങ്ങൾ പറയാനൊരുങ്ങിയ താക്കറെയെ തടഞ്ഞ് സദാനന്ദ് പറഞ്ഞു, “അതെല്ലാം എനിക്കറിയാം. എനിക്ക് വിടുക, ഞാൻ നോക്കിക്കോളാം. താങ്കൾ ഉടനെ ജോലിയിൽ പ്രവേശിക്കുക. എത്ര പണം വേണം താങ്കൾക്ക്?”

താക്കറെ ശാന്തനായി പറഞ്ഞു, “താങ്കളോട്  വില പേശാൻ എനിക്കാവില്ല! പണം എനിക്കാവശ്യമില്ല. താങ്കളോട് ബഹുമാനമുള്ള ഒരാളാണ് ഞാൻ. എൻ്റെ വീട്ടിലെത്തി താങ്കൾ ആവശ്യപ്പെട്ടത് നിരസിക്കാനെനിക്ക് കഴിയില്ല. ഞാൻ വരാം.” 

പത്രപ്രവർത്തകനായിരുന്ന ടി ജെ എസ് ജോർജ് 1952ൽ ‘കലജന്ന ‘ എന്നൊരു ഇന്ത്യൻ ചരക്കു കപ്പലിൽ മെസ്സിങ്ങ് സൂപ്പർവൈസറായി നാല് മാസം ലോകം ചുറ്റിയ സംഭവം  ഫ്രീ പ്രസ്സ് ജേർണലിൻ്റെ ഞായാഴ്ച പതിപ്പായ ‘ ഭരത് ജ്യോതി’ യിൽ 'എ ജേർണലിസ്റ് അറ്റ് സീ' (A Journailst at Sea) എന്ന പേരിൽ യാത്രാ വിവരണമായി 1953ൽ ഖണ്ഡശ പ്രസിദ്ധീകരിച്ചപ്പോൾ അതിന് മിഴിവാർന്ന ചിത്രങ്ങൾ വരച്ചത് ബാൽ താക്കറെയായിരുന്നു.

ടി ജെ എസ് ജോർജിന്റെ പുസ്തകത്തിന് താക്കറെയുടെ ചിത്രീകരണം

ടി ജെ എസും താക്കറെയും അന്ന് ഫ്രീ പ്രസ്സ് ജേർണലിൽ സഹപ്രവർത്തകരായിരുന്നു. പിന്നീട് ഇത് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ‘ നാടോടിക്കപ്പലിൽ നാല് മാസം' എന്ന പേരിൽ മലയാറ്റൂർ രാമകൃഷ്ണൻ മൊഴി മാറ്റം ചെയ്ത് പ്രസിദ്ധീകരിച്ചു. 1960ൽ  മലയാളത്തിൽ എൻ ബി എസ് പുസ്തകമാക്കിയപ്പോൾ കവർ ചിത്രം വരച്ചത് ബാൽ താക്കറെയായിരുന്നു.

ടി ജെ എസ് ജോർജിന്റെ പുസ്തകത്തിന് താക്കറെയുടെ ചിത്രീകരണം
'ഒരിക്കലും മാനേജ് ചെയ്യുകയോ എഡിറ്റ് ചെയ്യുകയോ ചെയ്യാത്ത ആൾ!' അതിന് ഒന്നാം തരം ഉദാഹരണമായിരുന്നു എ ബി നായർ

1952ൽ ഫ്രീ പ്രസ്സിൽ മാറ്റങ്ങളുടെ കാലമായിരുന്നു. കൽക്കട്ടയിലെ  വ്യവസായികളായ കരാനികൾ പത്രത്തിൻ്റെ ഉടമസ്ഥരായി, നേരത്തെ പത്രത്തിൻ്റെ കുറെ ഓഹരികൾ കൈക്കലാക്കിയ എ ബി നായർ പത്രത്തിൻ്റെ മാനേജിങ്ങ് എഡിറ്ററായി, പിന്നീട്  പത്രത്തിൻ്റെ സർവാധികാരിയും. വിഖ്യാതനായ പത്രാധിപർ പോത്തൻ ജോസഫ് പത്ര സ്ഥാപനങ്ങളിലെ മാനേജിങ് എഡിറ്റർമാരെ ഇങ്ങനെ നിർവചിച്ചു, 'ഒരിക്കലും മാനേജ് ചെയ്യുകയോ എഡിറ്റ് ചെയ്യുകയോ ചെയ്യാത്ത ആൾ!' അതിന് ഒന്നാം തരം ഉദാഹരണമായിരുന്നു എ ബി നായർ. ബോംബെയിൽ നോർവേക്കാരുടെ ഉടമസ്ഥതയിലുള്ള ഒരു ന്യൂസ് പ്രിൻറ് കമ്പനിയിൽ ടൈപ്പിസ്റ്റായി ജീവിതമാരംഭിച്ച ആളായിരുന്നു പാലക്കാട്, നല്ലേപ്പിള്ളിക്കാരനായ ആലപ്പാട്ട് ബാലഗോപാലൻ നായർ എന്ന എ ബി നായർ. സംസാരിച്ച് ആളുകളെ വശത്താക്കാനുള്ള കഴിവായിരുന്നു അദ്ദേഹത്തിന്റെ പ്രധാന മൂലധനം.

ആ സമയത്ത് കാർട്ടൂണിസ്റ്റ്  ആർ കെ ലക്ഷ്മൺ ഫ്രീ പ്രസ്സ് വിട്ട് ടൈംസ് ഓഫ് ഇന്ത്യയിലേക്ക് പോയി. പകരം എ ബി നായർ പി കെ രവീന്ദ്രൻ എന്നൊരു മലയാളി കാർട്ടൂണിസ്റ്റിനെ ഫ്രീ പ്രസ്സിൽ നിയമിച്ചു. അനാവശ്യമായി രണ്ടാമത് ഒരു കാർട്ടൂണിസ്റ്റിനെ പത്രത്തിൽ  നിയമിച്ചത് താക്കറെയെ ചൊടിപ്പിച്ചു. എഡിറ്ററായ സദാനന്ദിൻ്റെ കാലത്ത് കാർടൂൺ വരയിൽ പൂർണ്ണ സ്വാതന്ത്ര്യം താക്കറെക്കുണ്ടായിരുന്നു.

താക്കറെ - ആർ. കെ. ലക്ഷ്മണിൻ്റെ കാരിക്കേച്ചർ

ഒരു ദിവസം എം ആർ മസാനിയെ കുറിച്ചുള്ള താക്കറെ വരച്ച ഒരു രേഖാചിത്രം പ്രസിദ്ധീകരണ അനുമതിക്കായി എ ബി നായരുടെ മുന്നിലെത്തി. നായർ താക്കറെയെ തൻ്റെ ക്യാബിനിലേക്ക് വിളിപ്പിച്ചു. എം ആർ മസാനിയെ അറിയാമോ? എ ബി നായർ താക്കറേയോട് ചോദിച്ചു. “എനിക്കറിയില്ല,” താക്കറെ മറുപടി പറഞ്ഞു. “ഒരു  നല്ല മനുഷ്യൻ. അദ്ദേഹത്തെ  കാർട്ടൂണിൽ നിന്ന് ഒഴിവാക്കുക,” എ ബി നായർ നിർദേശിച്ചു.

ഇത് കേട്ട് താക്കറെ വെറുപ്പോടെ, നിരാശനായി ക്യാബിനിൽ നിന്ന് പുറത്ത് കടന്നു.  ഫ്രീ പ്രസ്സിൽ വരക്കാനുള്ള തൻ്റെ സ്വതന്ത്ര്യത്തിൽ ആദ്യമായി ഒരാൾ കൈ വെച്ചിരിക്കുന്നു.  ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ ലണ്ടനിലെ പ്രസാധകരായ കാസൽ & കമ്പനിയിൽ നിന്ന് ഒരു കത്ത് താക്കറെക്ക് കിട്ടി. വിൻസ്റ്റൺ ചർച്ചിലിൻ്റെ 'പിക്റ്റോറിയൽ ബയോഗ്രഫി' (pictorial biography) ഞങ്ങൾ പ്രസിദ്ധീകരിക്കാൻ പോകുന്നു. താങ്കളുടെ ആറ് കാർട്ടൂണുകൾ ഞങ്ങൾക്ക് അയക്കുക. തനിക്ക് കിട്ടിയ അംഗീകാരത്തിൽ സന്തോഷവാനായ താക്കറെ ഫ്രീ പ്രസ്സിൽ ചർച്ചിലിൻ്റെ, താൻ വരച്ച കാരിക്കേച്ചറും കാർട്ടൂണും തിരഞ്ഞെടുത്ത് സമ്മതത്തിനായി എഡിറ്റർ ഹരിഹരനെ കാണിച്ചു. ഹരിഹരൻ നിഷ്കരുണം ആ അപേക്ഷ നിരസിച്ചു. ഈ സംഭവം താക്കറെയെ വല്ലാതെ മുറിവേൽപ്പിച്ചു. ഒടുവിൽ ഒരു സ്നേഹിതൻ്റെ സഹായത്തോടെ കാർട്ടുണുകൾ  താക്കറെ ലണ്ടനിലേക്ക് അയച്ചു.

ചർച്ചിൽ - താക്കറെയുടെ കാർട്ടൂൺ
എ ബി നായരുടെയും ഹരിഹരൻ്റെയും തന്നോടുള്ള സമീപനം താക്കറെയെ അസംതൃപ്തനാക്കി. നിർഭാഗ്യവശാൽ രണ്ട് പേരും മലയാളികളായിരുന്നു. താക്കറെയുടെ മനസിൽ തെക്കേ ഇന്ത്യക്കാരോടുള്ള വിദ്വേഷത്തിൻ്റെ ആദ്യ വിത്തുകൾ പാകിയത് ഈ സംഭവമായിരുന്നു.

ഇതോടെ താക്കറെയുടെ മനോഭാവത്തിൽ മാറ്റം വന്നു. എ ബി നായരുടെയും ഹരിഹരൻ്റെയും തന്നോടുള്ള സമീപനം താക്കറെയെ അസംതൃപ്തനാക്കി. നിർഭാഗ്യവശാൽ രണ്ട് പേരും മലയാളികളായിരുന്നു. താക്കറെയുടെ മനസിൽ തെക്കേ ഇന്ത്യക്കാരോടുള്ള വിദ്വേഷത്തിൻ്റെ ആദ്യ വിത്തുകൾ പാകിയത് ഈ സംഭവമായിരുന്നു.

മറ്റൊരു സംഭവം കൂടിയായപ്പോൾ വിദ്വേഷം ചൂടു പിടിച്ചു. ഡൽഹിയിലെ ശങ്കേഴ്സ് വീക്കിലിയിൽ വന്നൊരു ലേഖനമായിരുന്നു കാരണം. ഇന്ത്യയിലെ മികച്ച 10 കാർട്ടൂണിസ്റ്റുകളെ വിലയിരുത്തിയ ഒരു ലേഖനം അതിൽ വന്നു. ലേഖനത്തിലെ റാങ്കിങ്ങിൽ പത്താമനായി താക്കറെയുണ്ടായിരുന്നു. പക്ഷേ, ലേഖകൻ താക്കറെയുടെ വരകൾ ശക്തമാണെങ്കിലും ആശയങ്ങൾ അച്ഛനായ കെ എസ് താക്കറെയുടെതാണെന്ന ഇല്ലാവചനം അതിൽ എഴുതി വെച്ചു. ശങ്കേഴ്സ് വീക്കിലി അക്കാലത്തെ ഇന്ത്യയിലെ മികച്ച പ്രസിദ്ധീകരണമായി ഉയരങ്ങളിൽ നിൽക്കുകയായിരുന്നു. അതിലെ പ്രധാനികൾ മലയാളികളും. ഡൽഹി പത്രലോകത്തെ പ്രഗൽഭരായ എടത്തട്ട നാരായണൻ, സി പി രാമചന്ദ്രൻ, പുന്നൻ എബ്രഹാം ഇവരൊക്കെയായിരുന്നു എഴുത്തുകാർ. എടത്തട്ട നേരത്തെ ഫ്രീ പ്രസ്സ് എഡിറ്ററുമായിരുന്നു. അതിനാൽ ലേഖനത്തിലെ താക്കറെക്കുറിച്ചുള്ള പരാമർശം ഡൽഹിയിലെത്തിയതെങ്ങനെയെന്ന്  ഊഹിക്കാവുന്നതേയുള്ളു. ശങ്കേഴ്സ് വീക്കിലിയുടെ എത് വിലയിരുത്തലും പത്രലോകത്ത്  പ്രചാരം നേടുന്നതാണ്. ലോകം മുഴുവൻ തനിക്കെതിരെയാണെ തോന്നൽ താക്കറെക്കുണ്ടായി, പ്രത്യേകിച്ചും മലയാളികൾ. 

ഇതിന് തക്ക മറുപടി കൊടുക്കാൻ അദ്ദേഹം ഫ്രീ പ്രസ്സിലെ തനിക്ക് അടുപ്പമുള്ള മലയാളി പത്രക്കാരൻ പി കെ രവീന്ദ്രനാഥിൻ്റെ സഹായം തേടി. രവിന്ദ്രനാഥ് ബോംബയിലെ അക്കാലത്തെ പ്രശസ്തനായ പത്രപ്രവർത്തകനാണ്. അദ്ദേഹം താക്കറെക്ക് വേണ്ടി ഒരു മറുപടി തയ്യാറാക്കി ശങ്കേഴ്സ് വീക്കിലിക്ക് അയച്ചു. പക്ഷേ, അവർ അത് പ്രസിദ്ധീകരിച്ചില്ല. അതോടെ താക്കറെക്ക് അരിശം മൂത്തു.

മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ കിരീടം വെയ്ക്കാത്ത ചക്രവർത്തിയായ എസ് കെ പാട്ടിലിൻ്റെ ഒരു കാരിക്കേച്ചർ താക്കറ വരച്ചത് കണ്ട എ ബി നായർ പഴയ പല്ലവി ആവർത്തിച്ചപ്പോൾ താക്കറെക്ക് കലി കേറി. ഇത്തരമൊരു വിലക്കിൽ നിന്ന് വരയ്ക്കാൻ തനിക്കാവില്ലെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം നിരാശയോടെ ജോലി രാജിവെച്ചു.

"എയും ബിയും നായരുടെ പേരിൽ മാത്രമേ അതുള്ളൂ. പത്രപ്രവർത്തനത്തിലെ എയും ബിയും എന്താണെന്ന് അയാൾക്കറിയില്ല. അത്തരത്തിലൊരാളോടൊപ്പം ജോലി ചെയ്യാൻ എനിക്കാവില്ല"

രാഷ്ട്രീയ താല്പര്യങ്ങൾ ഉണ്ടായിരുന്ന എ ബി നായർക്ക്. മസാനിയും എസ് കെ പാട്ടീലും കൂടാതെ ബോംബെയിലെ രാഷ്ട്രീയക്കാരായ വിശുദ്ധ പശുക്കളുടെ ഒരു നീണ്ട ലിസ്റ്റ് തന്നെയുണ്ടായിരുന്നു. അതിനാൽ അദ്ദേഹത്തിന്റെ സ്ഥാപനത്തിൽ സ്വതന്ത്രമായ കാർട്ടൂൺ വര  അസാധ്യമായിരുന്നു എന്നതാണ് യാഥാർഥ്യം. “എയും ബിയും നായരുടെ പേരിൽ മാത്രമേ അതുള്ളൂ. പത്രപ്രവർത്തനത്തിലെ എയും ബിയും എന്താണെന്ന് അയാൾക്കറിയില്ല. അത്തരത്തിലൊരാളോടൊപ്പം ജോലി ചെയ്യാൻ എനിക്കാവില്ല.” ഫ്രീ പ്രസ്സ് വിടുമ്പോൾ താക്കറെ എഡിറ്ററായ ഹരിഹരനോട് രോഷത്തോടെ  പറഞ്ഞു.

താക്കറെയുടെ രാജിയെച്ചൊല്ലി പത്രമാഫീസിൽ ഒരു കഥ പ്രചരിച്ചു. വിൻസ്റ്റൺ ചർച്ചിലിൻ്റെ പിക്റ്റോറിയൽ ബയോഗ്രഫിയിൽ കാർട്ടൂൺ വരച്ചതിൻ്റെ പ്രതിഫലമായി ലണ്ടനിലെ പ്രസാധകർ അയച്ച 70 പൗണ്ട് ചെക്ക് താക്കറെ ആവശ്യപ്പെട്ടെന്നും എ ബി നായർ അത് കൊടുക്കാതെ തടഞ്ഞു വെച്ചതാണ് രാജിക്ക് കാരണമെന്നായിരുന്നു പ്രചരിച്ച കഥ. കേട്ടപാടെ താക്കറെ അത് നിഷേധിച്ചു. “പണത്തിന് വേണ്ടി ഞാൻ കാർട്ടൂൺ വരയ്ക്കാറില്ല. മാത്രമല്ല ഇത്തരമൊരു ചെക്ക് വന്നതു പോലും ഞാനറിഞ്ഞിട്ടില്ല.” 

ചർച്ചിൽ - താക്കറെയുടെ കാർട്ടൂൺ

താക്കറെ രാജി വെച്ചതിനു തൊട്ടു പിന്നാലെ പ്രീ പ്രസ്സിൽ മറ്റൊരു ഭൂമി കുലുക്കമുണ്ടായി. പത്രത്തിലെ പ്രധാനികളായ അര ഡസൻ പത്രപ്രവർത്തകർ രാജിവെച്ച് പുറത്ത് പോയി. ‘അൽഭുതകരമായ സോപ്പു പൊടി നഗരത്തിൽ’ എന്നൊരു പരസ്യം ഒരു നാൾ  ഫ്രീ പ്രസ്സ് ജേർണലിൻ്റെ മുൻ പേജിൽ മുഴുവനായി പ്രതൃക്ഷപ്പെട്ടു. 'സർഫ്' എന്ന സോപ്പ് പൊടി ആദ്യമായി അവതരിച്ചതിൻ്റെ പരസ്യമായിരുന്നു അത്. ഫ്രീ പ്രസ്സിൻ്റെ നയത്തിന് തികച്ചും വിരുദ്ധമായിരുന്നു ഇത്തരമൊരു കാര്യം. പത്രത്തിലെ എഡിറ്റർ ഹരിഹരനടക്കമുള്ള പ്രധാനികൾ അറിയാതെയാണ് ഇത് നടന്നത്. സർഫ് കമ്പനിക്കാർ നൽകിയ വൻതുക വാങ്ങി എ ബി നായർ നടത്തിയ ഓപ്പറേഷനായിരുന്നു ഇത്. ഹരിഹരനോടൊപ്പം കെ ശിവറാം, എം കെ ബി നായർ, എം പി അയ്യർ, എ കെ ബി നായർ, പി കെ രവീന്ദ്രനാഥ് തുടങ്ങിയവരെല്ലാം പ്രതിഷേധിച്ച്  ഫ്രീ പ്രസ്സ് വിട്ടു.

രാവിലെ പത്രം കണ്ടവരെല്ലാം ഈ മുൻ പേജ് പരസ്യം കണ്ട്  അന്തംവിട്ടു. വ്യവസായ പ്രമുഖൻ എസ് പി ഗോദറേജ് എഡിറ്റർ ഹരിഹരനെ ഫോണിൽ വിളിച്ചു ചോദിച്ചു. ‘ഫ്രീ പ്രസ്സ് വ്യഭിചരിക്കാൻ തീരുമാനിച്ചെങ്കിൽ ഇന്ത്യൻ പറ്റുവരവുകാരെ സ്വീകരിക്കാമായിരുന്നു.’

അഭിമാനക്ഷതമേറ്റ ഹരിഹരൻ എ ബി നായരെ ഫോണിൽ വിളിച്ചു കാരണം  തിരക്കി. മാനേജ്മെൻ്റിൻ്റെ തീരുമാനമാണിതെന്ന് നായർ അവകാശപ്പെട്ടു. “എങ്കിൽ നാളെ മുതൽ ഞാൻ ഓഫീസിൽ വരുന്നില്ല”, ക്ഷുഭിതനായ ഹരിഹരൻ ഫോണിലൂടെ തൻ്റെ രാജി പ്രഖ്യാപിച്ചു.

ഫ്രീ പ്രസ്സിൽ നിന്ന് രാജി വെച്ച ശേഷം താക്കറെ ലിൻ്റാസ് പരസ്യക്കമ്പനിക്ക് വേണ്ടി വരക്കാൻ തുടങ്ങി. കുറച്ച് നാൾ എൽഐസിയിലെ (LIC) ഇലസ്ട്രറ്ററായി ജോലി ചെയ്തു. വാഡിയ മൂവീ ടോൺ സ്റ്റുഡിയോക്ക് വേണ്ടി പരസ്യങ്ങൾക്ക് വരച്ചു.

അതിനിടെ ഫ്രീ പ്രസ്സിൽ നിന്ന് ഇറങ്ങിപ്പോയവരെല്ലാം ചേർന്ന് ജനപങ്കാളിത്തത്തോടെ ഒരു പുതിയ പത്രം തുടങ്ങാൻ തീരുമാനിച്ചു. 10 രൂപ ഓഹരി വിറ്റ്  ജനങ്ങളുടെ പണം കൊണ്ട് തുടങ്ങാനായിരുന്നു പദ്ധതി. അക്കാലത്തെ ബോംബ രാഷ്ട്രീയത്തിലെ ഉയർന്നു വരുന്ന തീപ്പൊരി യുവ നേതാവായ ജോർജ് ഫെർണാണ്ടസും ചില ട്രെഡ് യൂണിയൻ നേതാക്കളും  പത്രത്തിന് എല്ലാ സഹായവും വാഗ്ദാനം ചെയ്തു.

വിചാരിച്ച പോലെ സഹായങ്ങളാന്നും കിട്ടിയില്ലെങ്കിലും പത്രം പുറത്ത് വന്നു, 'ന്യൂസ് ഡേ'. താക്കറെയുടെ ചില നല്ല കാർട്ടൂണുകൾ വന്നത് അതിലായിരുന്നു. 1955ൽ റഷ്യൻ നേതാക്കളായ നികേതാ ക്രൂഷ്ചേവും അലകസണ്ടറോവിച്ച് ബുൾഗാനിനും ഇന്ത്യ സന്ദർശിച്ചു. ഇന്ത്യോ സോവ്യറ്റ് സൗഹാർദ്ദം ശക്തി പ്രാപിച്ച ആ കാലത്ത് ഈ സന്ദർശനം ചരിത്ര പ്രധാന്യമുള്ളതായിരുന്നു. റഷ്യൻ നേതാക്കൾ ബോംബെയിൽ എത്തിയ ദിവസം, താക്കറെ ന്യൂസ് ഡേയിൽ വരച്ചത്  ക്രൂഷ്‌ചേവും ബൾഗാനിനും ബോബെയിലെ ഒരു ഇറാനി റെസ്റ്റോറന്റിൽ ഇരുന്ന് രണ്ട് കപ്പ് ചായയും ആജ് കാ ന്യൂസ്‌ ഡേ പത്രവും  ആവശ്യപ്പെടുന്ന മനോഹരമായ പോക്കറ്റ് കാർട്ടൂണായിരുന്നു.

പക്ഷേ, ന്യൂസ് ഡേ 11 മാസങ്ങൾക്ക് ശേഷം പൂട്ടി. താക്കറെ കാർട്ടൂണിസ്റായി ജോലി ചെയ്ത അവസാന സ്ഥാപനമായിരുന്നു ന്യൂസ് ഡേ. ശങ്കേഴ്‌സ് വീക്കിലിയിൽ നിന്നേറ്റ അപമാനം അദ്ദേഹത്തിൻ്റെ ഉള്ളിൽ മറ്റൊരു ആശയം ഉണർത്തിയിരുന്നു.  ഒരു കാർട്ടൂൺ മാസിക തുടങ്ങുക. അന്ന് പണത്തിനും മറ്റ് കാര്യങ്ങൾക്കും വഴിയില്ലാത്തതിനാൽ  മാറ്റിവെച്ച ആശയമായിരുന്നു.

താക്കറെയുടെ മറാത്ത അഭിമാനം ഉണർന്നു. പ്രയത്നങ്ങൾക്കൊടുവിൽ 1960ൽ ‘മാർമ്മിക്ക് ‘ കാർട്ടൂൺ മാസിക പുറത്ത് വന്നു. പതിവ് തെറ്റിച്ച് ഇംഗ്ലിഷിലല്ല, മറാഠിയിലായിരുന്നു പ്രസിദ്ധീകരണം. മറാഠിയിലെ ആദ്യ കാർട്ടൂൺ വാരിക. (മാർമ്മിക്ക് എന്നാൽ മർമ്മം തൊടുന്നതെന്നർത്ഥം). ശങ്കേഴ്സ് വീക്കിലിയായിരുന്നു മാതൃക. ലേഖനങ്ങളും കാർട്ടൂണുകളും അടങ്ങിയ പ്രസിദ്ധീകരണം. മറാത്ത സംസ്ക്കാരത്തിലൂന്നിയായിരുന്നു ലേഖനങ്ങൾ പലതും. എഡിറ്ററായ താക്കറയെ കൂടാതെ അദ്ദേഹത്തിൻ്റെ പിതാവും സഹോദരനും അതിലെഴുതി. 35,000 കോപ്പി വിറ്റഴഞ്ഞതോടെ താക്കറെയെന്ന കാർട്ടൂണിസ്റ്റിൽ നിന്ന് രാഷ്ട്രീയക്കാരാനാവാനുള്ള വഴി തുറക്കയായിരുന്നു.

അക്കാലത്ത് ബോംബയിലെ പല മേഖലകളിലും മറ്റ് സംസ്ഥാനക്കാർ മഹാരാഷ്ട്രക്കാരെ പിൻതള്ളി ആധിപത്യം സ്ഥാപിച്ചിരുന്നു. ജോലി സാധ്യതകൾ പോലും മാറാത്തക്കാർക്ക് നിരസിക്കുന്ന അവസ്ഥ. ഒരു ടെലിഫോൺ ഡയറക്ടറി മറിച്ച് നോക്കിയാൽ മതി. എല്ലാ കമ്പനികളിലേയും ഉയർന്ന പദവി അന്യ സംസ്ഥാനക്കാരായിരുന്നു. ഇതായിരുന്നു താക്കറെയുടെ 'മണ്ണിൽ മക്കൾ' വാദത്തിൻ്റെ ആദ്യത്തെ തീപ്പൊരി. ഈ പേരുകൾ ലിസ്റ്റ് ആക്കി ഒരു തലക്കെട്ടിന് കീഴിൽ  ‘ vacha ani Thanda Basa’ (Read & Sit) എന്ന് മാർമ്മിക്കിൽ കൊടുത്തു. മഹാരാഷ്ട്രക്കാരുടെ പ്രതികരണശേഷിയെ ചോദ്യം ചെയ്യലായി അത്. ഇത് വായിച്ചവർ കൂടുതൽ ലിസ്റ്റുകൾ അയച്ചു തുടങ്ങിയതോടെ എരിതീ പോലെ താക്കറെയുടെ ആശയം ആളിക്കത്തി.

താക്കറെയുടെ വീട്ടിൽ വെച്ച് ശിവസേന രൂപം കൊണ്ടു, 18 പേരായിരുന്നു ആ ചടങ്ങിൽ ഉണ്ടായിരുന്നത്. നാലു മാസം കഴിഞ്ഞ് ഒക്ടോബറിൽ ആദ്യ പൊതുയോഗം നടന്നപ്പോൾ 5 ലക്ഷം പേരാണ് പങ്കെടുത്തത്

അക്കാലത്തെ ബോംബയിലെ വ്യവസായികൾ തങ്ങൾക്ക് തീരാതലവേദനയായ തൊഴിലാളി പ്രസ്ഥാനങ്ങളെ ഒതുക്കാൻ താക്കറെക്ക് കഴിയും എന്ന് മനസിലാക്കി അവരുടെ പിന്തുണ നൽകി. അതോടെ ധനസ്ഥിതിയും കൈവന്നു. 1966ൽ മാർമ്മിക്കിൽ ശിവസേന എന്നൊരു യുവജന സംഘടന ആരംഭിക്കുന്നതായി ഒരു പരസ്യം വന്നു. 1966 ജൂൺ 19ന് രാവിലെ 8.30ന് ശിവജി പാർക്കിനടുത്തുള്ള താക്കറെയുടെ വീട്ടിൽ വെച്ച് നാളികേരമുടച്ച് ശിവസേന രൂപം കൊണ്ടു. ശിവസേന എന്ന പേര് നിർദേശിച്ചത് താക്കറെയുടെ പിതാവായിരുന്നു. 18 പേരായിരുന്നു ആ ചടങ്ങിൽ ഉണ്ടായിരുന്നത്. നാലു മാസം കഴിഞ്ഞ് ഒക്ടോബറിൽ ആദ്യ പൊതുയോഗം നടന്നപ്പോൾ 5 ലക്ഷം പേരാണ് പങ്കെടുത്തത്.

ദക്ഷിണേന്ത്യക്കാർക്കെതിരെയുള്ള കായികമായുള്ള ആക്രമണം അവിടെ നിന്ന് ആരംഭിച്ചു. ’ ലുങ്കി ഹഠാവോ പുങ്കി ബജാവോ’ ( ലുങ്കി ധരിച്ച് പരിപാടികൾ നടത്തുന്നവരെ തുരത്തുക) എന്ന ദക്ഷിണേന്ത്യക്കാർക്കെതിരെയുള്ള അദ്ദേഹത്തിൻ്റെ ആഹ്വാനം ആളിപ്പടർന്നു.

വരക്കാരനിൽ നിന്ന് വരയൻ കടുവയിലേക്കുള്ള ബാൽ കേശവ് താക്കറെയുടെ പരിണാമം അങ്ങനെ സംഭവിച്ചു. പിന്നിടുള്ള അര നൂറ്റാണ്ട് ബോംബെ അക്ഷരാർത്ഥത്തിൽ അടക്കി വാഴുകയായിരുന്നു താക്കറെ. 

'ഗാസയിൽ നടക്കുന്നത് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളും യുദ്ധക്കുറ്റങ്ങളും'; നെതന്യാഹുവിനും യോവ് ഗാലന്റിനുമെതിരെ അറസ്റ്റ് വാറണ്ടുമായി ഐസിസി

ഇന്റർനെറ്റ് ബാങ്കിങ് തട്ടിപ്പിൽ 2.6 ലക്ഷം രൂപ നഷ്ടമായി; നഷ്ടപ്പെട്ട തുക പലിശ സഹിതം നൽകാൻ എസ്ബിഐയോട് ഡൽഹി ഹൈക്കോടതി

യുക്രെയ്നെതിരെ ആദ്യമായി ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ച് റഷ്യ; അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നും മുന്നറിയിപ്പ്

ഗൗതം അദാനിക്കെതിരായ യുഎസ് കുറ്റപത്രം അടിസ്ഥാനരഹിതമെന്ന് അദാനി ഗ്രൂപ്പ്; ആരോപണത്തിനു പിന്നാലെ തകര്‍ന്നടിഞ്ഞ് ഓഹരികള്‍

'അദാനിയെ ഇന്നു തന്നെ അറസ്റ്റ് ചെയ്യണം; അഴിമതിയില്‍ പ്രധാനമന്ത്രിക്ക് പങ്ക്', അദാനിയെ മോദി സംരക്ഷിക്കുകയാണെന്നും രാഹുല്‍ ഗാന്ധി