PEOPLE

സുഭാഷ് ചന്ദ്രബോസിനും ഗാന്ധിക്കും പ്രിയപ്പെട്ടവൻ- സിലബസിൽ നിന്ന് കേന്ദ്രം വെട്ടിയ അബുൾകലാം ആസാദിൻ്റെ മതേതര ജീവിതം

പൊളിറ്റിക്കൽ ഡെസ്ക്

ചരിത്ര പുരുഷന്മാരുടെയും ചരിത്ര നഗരങ്ങളുടെയും പേരു മാറ്റിയാൽ ചരിത്രത്തിൽ നിന്ന് തങ്ങൾക്ക് ഇഷ്ടമില്ലാത്തത് ഒഴിവായി പോകുമെന്നത് എല്ലാകാലത്തും സങ്കുചിത വാദികളുടെ സമീപനമാണ്. ഇന്ത്യയിൽ പാഠപുസ്തകങ്ങളാണ് ചരിത്രത്തെ തിരുത്താൻ കേന്ദ്ര സർക്കാർ ഉപയോഗിക്കുന്നത്. ഇതിൻ്റെ ഭാഗമായി ഗാന്ധി വധത്തിന് പിന്നിലെ കാരണങ്ങളും മുഗൾ ചരിത്രവും എൻ സി ഇ ആർ ടി പാഠപുസ്തകത്തിൽ നിന്ന് നീക്കി. ഗുജറാത്തിലെ വംശഹത്യയെക്കുറിച്ചുള്ള ഭാഗങ്ങളും കുട്ടികൾ പഠിക്കേണ്ടെന്ന് അവർ തീരുമാനിച്ചു. ഇപ്പോൾ പുതുതായി പാഠപുസ്തകത്തിൽ നിന്ന് വെട്ടി മാറ്റിയത് മൗലാനാ അബുൾ കലാം ആസാദിനെയാണ്. സ്വാതന്ത്ര്യ സമര സേനാനിയും ഇന്ത്യാ വിഭജനത്തെ അതിശക്തമായി എതിർക്കുകയും ചെയ്ത മൗലാന അബുൾ കലാം ആസാദ്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി. സുഭാഷ് ചന്ദ്രബോസ് തന്റെ ഇന്ത്യന്‍ നാഷണല്‍ ആര്‍മിയില്‍ രൂപീകരിച്ച നാല് ബ്രിഗേഡുകളില്‍ ഒന്ന് ആസാദിന്റെ പേരിലായിരുന്നു. അങ്ങനെ കൊളോണിയൽ വിരുദ്ധ സമരത്തിലും പിന്നീട് സ്വതന്ത്ര ഇന്ത്യയിലും മതേതര നിലപാടുകൊണ്ട് ഏറ്റവും ശ്രദ്ധേയനായ വ്യക്തിത്വത്തെയാണ് ബിജെപിയുടെ കേന്ദ്ര സർക്കാർ പഠന ഭാരം കുറയ്ക്കുന്നതിൻ്റെ പേരിൽ പാഠ പുസ്തകത്തിൽനിന്ന് നീക്കിയിരിക്കുന്നത്.

മൗലാനാ അബുൾ കലാം മൊഹിയുദ്ദീൻ അഹമ്മദ് എന്ന അബുൾകലാം ആസാദ് ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ വിസ്മരിക്കാൻ കഴിയാത്ത പ്രതിഭയാണ്. അതിലുപരി സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രി കൂടിയായിരുന്നു അദ്ദേഹം. ഇന്ത്യ - പാകിസ്താൻ വിഭജനത്തെ ശക്തമായി എതിർത്ത ആസാദ്, ഭരണഘടനാ അസംബ്ലിയുടെ വിവിധ വിഷയങ്ങളെ പ്രതിനിധീകരിച്ചുളള എട്ട് പ്രധാന കമ്മിറ്റികളിലെ അധ്യക്ഷന്മാരിൽ ഒരാളായിരുന്നു. ജവഹർലാൽ നെഹ്‌റു, രാജേന്ദ്ര പ്രസാദ്, സർദാർ വല്ലഭായ് പട്ടേൽ, അംബേദ്കർ എന്നിവരായിരുന്നു ഈ കമ്മിറ്റികളുടെ മറ്റ് അധ്യക്ഷന്മാർ.

പത്രപ്രവർത്തനത്തിലൂടെയാണ് അദ്ദേഹം ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിലേക്ക് അടുക്കുന്നത്. അൽ-ഹിലാൽ പത്രത്തിലൂടെ ഹിന്ദു - മുസ്ലീം ഐക്യത്തിനായും അദ്ദേഹം പ്രവർത്തിച്ചു.

പതിനൊന്നാം ക്ലാസിന്റെ പൊളിറ്റിക്കൽ സയൻസ് പാഠപുസ്തകത്തിൽ മുൻപ് ഇവർക്കൊപ്പം ആസാദിന്റെ പേരുമുണ്ടായിരുന്നു. എന്നാൽ, ഇനി മുതൽ കുട്ടികൾക്ക് ആസാദിനെക്കുറിച്ച് പഠിക്കേണ്ടി വരില്ല എന്നുളളതാണ് പുതിയ പാഠപുസ്തക പരിഷ്കരണം കൊണ്ട് വന്നിരിക്കുന്ന പ്രധാന മാറ്റം. ദേശീയ വിദ്യാഭ്യാസ ദിനമായി രാജ്യം ആചരിച്ച് വന്നിരുന്നത് ആസാദിന്റെ ജന്മദിനമായിരുന്നു. ​ഗാന്ധിയെപ്പോലെ തന്നെ ഹിന്ദു-മുസ്ലീം സാഹോദര്യത്തിനായി നിലകൊണ്ട ശക്തനായ നേതാവായിരുന്നു മൗലാനാ അബുൾകലാം ആസാദ്. ഭാരതരത്ന നൽകി രാജ്യം ആദരിച്ച വ്യക്തിയുടെ പേര് വെട്ടി മാറ്റിയതിലൂടെ കുട്ടികളുടെ പഠനഭാരം കുറയ്ക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നാണ് എൻസിഇആർടിയുടെ വാദം.

ആസാദിന്റെ പേരിൽ നൽകിപ്പോന്നിരുന്ന സ്‌കോളർഷിപ്പ് കേന്ദ്ര സർക്കാർ കഴിഞ്ഞ വർഷം നിർത്തലാക്കിയിരുന്നു. 2009 മുതൽ, രാജ്യത്തെ ബുദ്ധ- ക്രൈസ്തവ- ജൈന- മുസ്ലീം- പാഴ്സി-സിഖ് വിഭാഗങ്ങളിലെ എംഫിൽ, പിഎച്ച്ഡി വിദ്യാർഥികൾക്കായി അഞ്ച് വർഷത്തേക്ക് നൽകി വന്നിരുന്ന സ്‌കോളർഷിപ്പാണ് കേന്ദ്രസർക്കാർ നിർത്തലാക്കിയത്.

ഇന്ത്യൻ നാഷണൽ കോൺ​ഗ്രസിന്റെ പ്രസിഡന്റായി പ്രവർത്തിച്ച അദ്ദേഹം മതത്തെയും തത്വചിന്തയെയും കുറിച്ച് പുസ്തകങ്ങൾ എഴുതുകയും ഉറുദുവിൽ കവിതകൾ എഴുതുകയും ചെയ്തിരുന്നു. ബ്രിട്ടീഷ് രാജിനെ വിമർശിച്ച് കൊണ്ട് അദ്ദേഹം പുസ്തകങ്ങൾ എഴുതി. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ ഭാഗമായതോടെ ​ഗാന്ധിയുമായി അടുത്തു. തുടർന്ന് നിസഹകരണ പ്രസ്ഥാനത്തിൽ ​ഗാന്ധിക്കൊപ്പം ചേർന്ന് പ്രവർത്തിച്ചു. ഖിലാഫത്ത് പ്രസ്ഥാനത്തിന്റെ പരാജയത്തെ തുടർന്ന്, കോൺ​ഗ്രസിൽ ചേർന്ന് പ്രവർത്തിക്കുകയും ശേഷം, ഇന്ത്യൻ നാഷണൽ കോൺ​ഗ്രസിന്റെ പ്രസിഡന്റാകുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയുമായി ആസാദ്.

മഹാത്മ ഗാന്ധി, ജവഹർലാൽ നെഹ്രു, അബ്ദുൽ കലാം ആസാദ്

1920 ഒക്ടോബറിൽ ബ്രിട്ടീഷ് കൊളോണിയൽ ഗവൺമെന്റിന്റെ സഹായം സ്വീകരിക്കാതെ തന്നെ യുപിയിലെ അലിഗഢിൽ ജാമിയ മില്ലിയ ഇസ്ലാമിയ സ്ഥാപിക്കുന്നതിനുള്ള ഫൗണ്ടേഷൻ കമ്മിറ്റി അംഗമായി ആസാദ് തിരഞ്ഞെടുക്കപ്പെട്ടു. ഇതിന് പുറമെ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ്, സ്കൂൾ ഓഫ് പ്ലാനിങ് ആൻഡ് ആർക്കിടെക്ചർ എന്നിവയുടെ സ്ഥാപക അംഗവുമാണ്.

ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രിയെന്ന നിലയിൽ, ഗ്രാമീണ ദരിദ്രർക്കും പെൺകുട്ടികൾക്കും വിദ്യാഭ്യാസം നൽകുന്നതിനാണ് ആസാദ് ഊന്നൽ നൽകിയത്.

പത്രപ്രവർത്തനത്തിലൂടെയാണ് അദ്ദേഹം ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിലേക്ക് അടുക്കുന്നത്. അൽ-ഹിലാൽ പത്രത്തിലൂടെ ഹിന്ദു - മുസ്ലീം ഐക്യത്തിനായും അദ്ദേഹം പ്രവർത്തിച്ചു. അൽ-മിസ്ബ എന്ന വാരികയുടെ എഡിറ്ററായും പ്രവർത്തിച്ച അദ്ദേഹം അൽ-ഹിലാൽ സ്ഥാപിച്ചതോടെ ഇന്ത്യൻ ദേശീയതയുടെ ആദർശങ്ങൾ ഉയർത്തിപ്പിടിക്കുകയും മുസ്ലീം യുവാക്കളെ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും ഹിന്ദു-മുസ്ലീം ഐക്യത്തിനുമായി പോരാടാനും പ്രേരിപ്പിച്ചു. എന്നാൽ, സെൻസർഷിപ്പ് കർശനമാക്കിയോടെ 1914ൽ പത്രം നിരോധിക്കപ്പെട്ടു. നിരവധി തവണ ജയിലിൽ അടയ്ക്കപ്പെട്ട നേതാവ് കൂടിയായിരുന്നു ആസാദ്. ഉപ്പ് സത്യാ​ഗ്രഹത്തിന് പിന്നാലെ 1930 മുതൽ 1934 വരെ ദീർഘ കാലത്തേക്ക് പലപ്പോഴും ജയിലിൽ കിടക്കേണ്ടി വന്നു. എന്നാൽ, 1931-ലെ ഗാന്ധി -ഇർവിൻ ഉടമ്പടിയെത്തുടർന്ന്, ആസാദ് അടക്കമുളളവർ ജയിലിൽ നിന്ന് പുറത്തു കടക്കുകയും ക്വിറ്റ് ഇന്ത്യാ സമരത്തിൽ അടക്കം നിർണായക ഇടപെടൽ നടത്തുകയും ചെയ്തിരുന്നു.

ഇന്ത്യയുടെ ആദ്യ വിദ്യാഭ്യാസ മന്ത്രിയെന്ന നിലയിൽ, ഗ്രാമീണ ദരിദ്രർക്കും പെൺകുട്ടികൾക്കും വിദ്യാഭ്യാസം നൽകുന്നതിനാണ് ആസാദ് ഊന്നൽ നൽകിയത്. സെൻട്രൽ അഡ്വൈസറി ബോർഡ് ഓഫ് എജ്യുക്കേഷന്റെ ചെയർമാനെന്ന നിലയിൽ, മുതിർന്നവർക്കുള്ള സാക്ഷരത, സാർവത്രിക പ്രാഥമിക വിദ്യാഭ്യാസം, 14 വയസുവരെയുള്ള എല്ലാ കുട്ടികൾക്കും സൗജന്യവും നിർബന്ധിതവും ആയ വിദ്യഭ്യാസം, പെൺകുട്ടികളുടെ വിദ്യാഭ്യാസം, സെക്കൻഡറി വിദ്യാഭ്യാസത്തിന്റെയും തൊഴിൽ പരിശീലനത്തിന്റെയും വൈവിധ്യവത്കരണം എന്നിവയ്ക്ക് അദ്ദേഹം ഊന്നൽ നൽകി.

ചരിത്രത്തിൽ മോദി സർക്കാർ നടത്തുന്ന കർസേവയുടെ ഒടുവിലത്തെ ഇരയാണ് അബുൾ കലാം ആസാദ്.

നിർഭയം കശ്മീർ ജനത പോളിങ് ബൂത്തിലേക്ക്; പ്രചാരണ വേദികളില്‍ കണ്ടത് വലിയ ജനപങ്കാളിത്തം, മൂന്നരപതിറ്റാണ്ടിനിടെ ആദ്യം

ഓരോ മന്ത്രിമാരെയും നേതാക്കളെയും നേരിട്ട് കണ്ട് കെജ്‍‌രിവാള്‍; എഎപി നിയമസഭാകക്ഷി യോഗം നാളെ, മുഖ്യമന്ത്രിയില്‍ സസ്പെൻസ് തുടരുന്നു

നിപയില്‍ ജാഗ്രത; മലപ്പുറത്ത് 175 പേർ സമ്പർക്ക പട്ടികയില്‍, 10 പേർ ചികിത്സയില്‍

വാഗ്ധാനം സുഖജീവിതം, കാത്തിരിക്കുന്നത് നരകം; വിദ്യാർത്ഥികളുടെ ജീവിതം വിറ്റ് കൊഴുക്കുന്ന ഏജൻസികള്‍ | ദ ഫോര്‍ത്ത് അന്വേഷണപരമ്പര-8

ഒറ്റ ദിവസം പെയ്തിറങ്ങിയത് ഒരു മാസം ലഭിക്കേണ്ട മഴ; വെള്ളപ്പൊക്കത്തിൽ മുങ്ങി മധ്യ യൂറോപ്പ്, ബോറിസ് കൊടുങ്കാറ്റ് മാരകമായത് എന്തുകൊണ്ട്?