PEOPLE

ഒരേയൊരു ജസീന്ത ആർഡൻ; ഹൃദയം കവർന്ന് പടിയിറക്കം

മലീമസമായ, പരസ്പരം ചെളിവാരിയെറിയുന്ന രാഷ്ട്രീയക്കാരുടെ ഇടയില്‍ വേറിട്ട പാതയിലൂടെയുള്ള സഞ്ചാരം തന്നെയാണ് ജസീന്തയുടെ അടയാളവും ചരിത്രത്തില്‍ അവര്‍ ബാക്കിയാക്കുന്ന അടയാളപ്പെടുത്തലും

വെബ് ഡെസ്ക്

2018ല്‍ ഐക്യരാഷ്ട്രസഭയുടെ പൊതുസഭാസമ്മേളനത്തില്‍, മാസങ്ങള്‍ മാത്രം പ്രായമായ മകളേയും കൊണ്ട് പങ്കെടുത്തതോടെയാണ് ജസീന്ത ആര്‍ഡന്‍ എന്ന പേര് ലോകമാകെ ശ്രദ്ധ നേടുന്നത്. തൊട്ടടുത്ത വര്‍ഷം ക്രൈസ്റ്റ്ചര്‍ച്ചില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നാലെ ആര്‍ജവമുള്ളൊരു നേതാവിനെ ലോകം കണ്ടു. വെറുപ്പും വിദ്വേഷവും ന്യൂനപക്ഷങ്ങളെ തള്ളിപ്പറയലുമല്ല ഐക്യവും ചേര്‍ത്തുപിടിക്കലുമാണ് യഥാര്‍ഥ നേതാവിന്‌റെ ഗുണമെന്ന് പ്രവൃത്തിയിലൂടെ ജസീന്ത ആര്‍ഡന്‍ അന്ന് തെളിയിച്ചു. 42ാം വയസില്‍ ലേബര്‍ പാര്‍ട്ടി നേതൃസ്ഥാനത്ത് നിന്നും രാജ്യത്തിന്‌റെ പ്രധാനമന്ത്രി പദത്തില്‍ നിന്നും അപ്രതീക്ഷിത പടിയിറക്കം പ്രഖ്യാപിച്ചിരിക്കുകയാണ് ജസീന്ത. വെറും 50 ലക്ഷത്തില്‍പരം ജനസംഖ്യയുള്ള ഒരു ദ്വീപ് രാജ്യത്തിന്‌റെ പ്രധാനമന്ത്രി രാജ്യാതിര്‍ത്തികള്‍ക്കപ്പുറം വാര്‍ത്തയാകുന്നത് നിലപാടുകളിലെ വ്യക്തതകൊണ്ടും പ്രതിസന്ധികളിലെ കരുത്തുറ്റ ഇടപെടല്‍ കൊണ്ടുമാണ്.

1856ല്‍ എഡ്വേഡ് സ്റ്റഫോഡിനു ശേഷം ന്യുസീലന്‍ഡില്‍ പ്രധാനമന്ത്രി സ്ഥാനത്ത് എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ജസിന്ത ആര്‍ഡന്‍. ന്യൂസിലന്‍ഡിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രി. പദവി ഏറ്റെടുക്കുമ്പോള്‍ പ്രധാനമന്ത്രി സ്ഥാനത്ത് എത്തുന്ന ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ വനിത. 1980 ജൂലൈ 26 ന് ഹാമില്‍ട്ടണിലാണ് ജസിന്ത കേറ്റ് ലോറല്‍ ആര്‍ഡന്‌റെ ജനനം. 17ാം വയസില്‍ ലേബര്‍ പാര്‍ട്ടിയിലംഗമായി. രാജ്യാന്തര തലത്തിലടക്കം സോഷ്യലിസ്റ്റ് മുന്നേറ്റങ്ങളുടെ ഭാഗമായി പ്രവര്‍ത്തിച്ച ജസീന്ത, 2008ല്‍ അന്താരാഷ്ട്ര സോഷ്യലിസ്റ്റ് യൂത്ത് യൂണിയന്‌റെ അധ്യക്ഷയായി. അതേ വര്‍ഷം തന്നെയാണ് ആദ്യമായി പാര്‍ലമെന്‌റ് അംഗവുമാകുന്നത്, 28ാം വയസില്‍. ഒന്‍പത് വര്‍ഷത്തിന് ശേഷം ലേബര്‍ പാര്‍ട്ടിക്ക് ന്യുസീലന്‍ഡില്‍ അധികാരം നഷ്ടമായ തിരഞ്ഞെടുപ്പായിരുന്നു അത്.

ജസിന്ത ആർഡൻ യുഎൻ പൊതുസഭയിൽ

അനറ്റ് കിങ് സ്ഥാനമൊഴിഞ്ഞതിന് പിന്നാലെ 2017 ലാണ് ലേബര്‍ പാര്‍ട്ടിയുടെ നേതാവാകുന്നത്. ഉപതിരഞ്ഞെടുപ്പില്‍ മൗണ്ട് ആല്‍ബര്‍ട്ടിനെ പ്രതിനിധീകരിച്ച് വീണ്ടും പാര്‍ലെന്‌റിലെത്തി. 2017 ലെ പൊതുതിരഞ്ഞെടുപ്പില്‍ ജസീന്ത ആര്‍ഡന്‌റെ നേതൃത്വത്തില്‍ ലേബര്‍ പാര്‍ട്ടി ശക്തമായി തിരിച്ചുവന്നു. ഗ്രീന്‍ പാര്‍ട്ടിയുടെയും ന്യുസീലന്‍ഡ് ഫ്സ്റ്റ് പാര്‍ട്ടിയുടെയും പിന്തുണയോടെ ലേബര്‍പാര്‍ട്ടി സര്‍ക്കാര്‍ ഉണ്ടാക്കി. 37ാം വയസില്‍ ജസീന്ത ആര്‍ഡന്‍ ന്യുസീലന്‍ഡിന്‌റെ പ്രധാനമന്ത്രിയായി.

താന്‍ ആഗ്രഹിക്കുന്നത് എന്തും ചെയ്യാന്‍ സ്ത്രീ എന്ന സ്വത്വം തടസമാകില്ലെന്ന് ഉറച്ചുവിശ്വസിച്ചിരുന്നു എന്നാണ് രാജ്യത്തിന്‌റെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയെന്ന വിശേഷണത്തോട് ജസീന്ത അന്ന് പ്രതികരിച്ചത്. ലിംഗസമത്വം, തുല്യത തുടങ്ങിയ വിഷയങ്ങളില്‍ വാക്കുകള്‍ പ്രവൃത്തിയില്‍ ഫലിപ്പിക്കാന്‍ ജസീന്തയ്ക്ക് എന്നും സാധിച്ചു. 2018ല്‍ പ്രൈഡ് പരേഡില്‍ മാര്‍ച്ച് ചെയ്യുന്ന ആദ്യത്തെ ന്യൂസിലന്‍ഡ് പ്രധാനമന്ത്രിയായി അവര്‍. ഗര്‍ഭഛിദ്രം കുറ്റകൃത്യമായി കണക്കാക്കുന്ന 1961 ലെ ക്രൈംസ് ആക്ടിനെ ശക്തമായി എതിര്‍ത്ത വ്യക്തിയാണ് ആര്‍ഡന്‍. 2020ലെ അബോര്‍ഷന്‍ ലെജിസ്ലേഷന്‍ ആക്ടിലൂടെ ഈ നിയമം ഭേദഗതി ചെയ്തു.

2019 ലെ പ്രൈഡ് റാലിയിൽ ജസിന്ത ആർഡൻ

പ്രധാനമന്ത്രിപദത്തിലിരിക്കെ 2018ലാണ് ജസീന്ത ആദ്യമായി അമ്മയാകുന്നത്. പ്രവസാവധിക്ക് ശേഷം വീണ്ടും ചുമതലകളേറ്റെടുത്ത ജസീന്ത, രാജ്യത്തിനൊപ്പം കുടുംബകാര്യങ്ങളും ഭംഗിയായി നിര്‍വഹിച്ചു. 2019 മാര്‍ച്ച് 15 ലെ ക്രൈസ്റ്റ് ചര്‍ച്ച് ആക്രമണത്തിന് പിന്നാലെ ജസീന്ത ആര്‍ഡന്‍ സ്വീകരിച്ച നടപടികള്‍ പ്രശംസയേറ്റുവാങ്ങി. ഉടന്‍ തന്നെ ആയുധ നിയമങ്ങളടക്കം ശക്തമാക്കിയ ജസീന്ത, കുറ്റവാളികളെ തള്ളിപ്പറഞ്ഞു. വെറുപ്പ് പടര്‍ത്തിയ അക്രമികള്‍ തങ്ങളിലൊരാളല്ലെന്ന് പറഞ്ഞ ജസീന്ത മുസ്ലീം മതവിശ്വാസികളെ പോലെ തലമറച്ചാണ് ദുഃഖാചരണത്തില്‍ പങ്കെടുത്തത്. ഐക്യത്തിനും രാജ്യത്തിന്‌റെ ഒത്തൊരുമയ്ക്കുമാണ് പ്രാധാന്യമെന്നും അവര്‍ പ്രഖ്യാപിച്ചു. പലസ്തീന്‍ വിഷയത്തിലടക്കം ജനപക്ഷത്ത് നിന്ന് നിലപാടെടുത്ത നേതാവ് കൂടിയാണ് അവര്‍.

ക്രൈസ്റ്റ് ചർച്ച് ഭീകരാക്രമണത്തിന് പിന്നാലെ ജസീന്ത കൈക്കൊണ്ട നിലപാടുകൾ ഏറെ പ്രശംസിക്കപ്പെട്ടു

2020 പൊതുതിരഞ്ഞെടുപ്പില്‍ മിന്നും ജയമാണ് ജസീന്തയുടെ നേതൃത്വത്തില്‍ ലേബര്‍ പാര്‍ട്ടി നേടിയത്. കോവിഡ് പ്രതിസന്ധിയില്‍ ഭരണാധികാരിയെന്ന നിലയില്‍ മുന്നില്‍ നിന്നു നയിച്ചു. മറ്റൊരു നിര്‍ണായക തിരഞ്ഞെടുപ്പിലേക്ക് രാജ്യം നീങ്ങുമ്പോഴാണ് ഇനിയൊരു അങ്കത്തിനില്ലെന്ന് ജസീന്ത ആര്‍ഡന്‍ പ്രഖ്യാപിക്കുന്നത്. ഒക്ടോബര്‍ 14 ന് നടക്കുന്ന തിരഞ്ഞെടുപ്പ് ലേബര്‍ പാര്‍ട്ടിക്ക് കടുത്ത പോരാട്ടമാകുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് രാജി പ്രഖ്യാപനം വരുന്നത്.

'' അഹംഭാവം നിറഞ്ഞ ഇടമാണ് രാഷ്ട്രീയമെന്നും ഇവിടെ ആളുകള്‍ എന്നും പരസ്പരം മത്സരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഉള്ള വാദത്തിന് ഞാന്‍ എതിരാണ്. അതെ, ശക്തമായ ഒരു ജനാധിപത്യം ആവശ്യമാണ്, എന്നാല്‍ പരസ്പരം ദയ കാണിച്ചുകൊണ്ടും നിങ്ങള്‍ക്ക് ശക്തരാകാം. '' -തന്‌റെ രാഷ്ട്രീയ നിലപാട് ജസീന്ത ആര്‍ഡന്‍ ഇങ്ങനെ ചുരുക്കി പറയുന്നു. മലീമസമായ, പരസ്പരം ചെളിവാരിയെറിയുന്ന രാഷ്ട്രീയക്കാരുടെ ഇടയില്‍ വേറിട്ട പാതയിലൂടെയുള്ള ഈ സഞ്ചാരം തന്നെയാണ് ജസീന്തയുടെ അടയാളവും ചരിത്രത്തില്‍ അവര്‍ ബാക്കിയാക്കുന്ന അടയാളപ്പെടുത്തലും.

സംഭാല്‍ വെടിവയ്പ്പില്‍ മരണം നാലായി; സ്‌കൂളുകള്‍ അടച്ചു, ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രന്‍; വേണ്ടെന്ന് കേന്ദ്രനേതൃത്വം

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി