PEOPLE

ശ്രദ്ധേയനായ ചരിത്രകാരന്‍, സംഘ്പരിവാറിന്റെ നോട്ടപ്പുള്ളി; ഗോപിനാഥ് രവീന്ദ്രന്‍ വീണ്ടും അധ്യാപനത്തിലേക്ക്

വെബ് ഡെസ്ക്

സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സിലര്‍ പദവിയില്‍നിന്ന് പടിയിറങ്ങുകയാണ് ഡോ. ഗോപിനാഥ് രവീന്ദ്രന്‍. സംസ്ഥാന സര്‍ക്കാര്‍ അന്യായമായ ഇടപെടല്‍ നടത്തിയെന്നും ഗവര്‍ണര്‍ സമ്മര്‍ദ്ദത്തിന് വഴങ്ങിയെന്നും ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഡോ. ഗോപിനാഥ് രവീന്ദ്രന്റെ പുനര്‍നിയമനം റദ്ദാക്കിയിരിക്കുന്നത്.

ഡല്‍ഹി ജാമിയ മിലിയ സര്‍വകലാശാലയിലെ ചരിത്ര വിഭാഗം പ്രൊഫസറായ ഗോപിനാഥ് രവീന്ദ്രന്‍ 2017 നവംബറിലാണ് കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി ചുമതലയേല്‍ക്കുന്നത്. വി സി പുനര്‍നിയമനം കോടതി റദ്ദാക്കിയ സാഹചര്യത്തിൽ അധ്യാപനത്തിലേക്ക് മടങ്ങുകയാണ് അദ്ദേഹം. നാളെത്തന്നെ ജാമിയയില്‍ വീണ്ടും ജോയിന്‍ ചെയ്യുമെന്ന് സുപ്രീംകോടതി വിധി വന്നതിനുപിന്നാലെ അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

തലശേരി സ്വദേശിയായ ഗോപിനാഥ് രവീന്ദ്രന്‍ 1979-82 വര്‍ഷങ്ങളില്‍ ഡല്‍ഹി സെന്റ് സ്റ്റീഫന്‍സിലും ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലുമായി പഠനം പൂര്‍ത്തിയാക്കി. 1987ല്‍ ചരിത്രത്തില്‍ എംഫില്‍ പൂര്‍ത്തിയാക്കിയശേഷം 1987ല്‍ ഡല്‍ഹി സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ചരിത്രാധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.

അതേവര്‍ഷം തന്നെ അദ്ദേഹം ജാമിയ മിലിയ ഇസ്ലാമിയയിലെ അധ്യാപകനായി ചുമതലയേറ്റു. 1990ല്‍ ജെ എന്‍ യുവില്‍നിന്ന് പിഎച്ച്ഡി എടുത്ത അദ്ദേഹം തുടര്‍ന്ന് ജാമിയയില്‍ വിവിധ പദവികളില്‍ തുടര്‍ന്നു. 2002 മുതല്‍ 2004 വരെ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലെ സോഷ്യല്‍ പോളിസി വിഭാഗത്തിലെ അക്കാദമിക് വിസിറ്ററായിരുന്നു.

കാര്‍ഷിക സമ്പദ്വ്യവസ്ഥ, മരണനിരക്ക്, ഫെര്‍ട്ടിലിറ്റി, അസമത്വം എന്നിവയെക്കുറിച്ച് ദീര്‍ഘകാല പഠനങ്ങള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. ''Agrarian regimes and demographic change: Fertility change in southern india , Aspects of demographic change and the agrarian economy of colonial malabar and the changing late precolonial political economy of malabar'' എന്നിവയാണ് അദ്ദേഹത്തിന്റെ പ്രസിദ്ധീകരിച്ച പ്രബന്ധങ്ങളില്‍ ചിലത്.

കണ്ണൂര്‍ വി സിയായിരിക്കെ 2017 മുതല്‍ 2021 വരെയുള്ള കാലഘട്ടത്തില്‍ നിരവധി മാറ്റങ്ങള്‍ അദ്ദേഹം സര്‍വകലാശാലയില്‍ നടപ്പാക്കി. വിവിധ പോര്‍ട്ടലുകള്‍ ഉള്‍പ്പെടുത്തി കണ്ണൂര്‍ സര്‍വകലാശാല വെബ്സൈറ്റ് പരിഷ്‌കരിച്ചു. ഡിജിറ്റല്‍ ഡോക്യുമെന്റ് ഫയലിങ് സംവിധാനം കൊണ്ടുവന്നു. നാക് അക്രഡിറ്റേഷനില്‍ മികച്ച റാങ്കിങ്, പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്നതിലെ കാലതാമസവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം, മൂല്യനിര്‍ണയ ക്യാമ്പുകളില്‍നിന്ന് ഓണ്‍ലൈന്‍ മാര്‍ക്ക് എന്‍ട്രിക്കായി സര്‍വകലാശാലയില്‍ തന്നെ വികസിപ്പിച്ച മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നിവയൊക്കെ അദ്ദേഹത്തിന്റെ കാലത്തെ നേട്ടങ്ങളാണ്. കമ്പ്യൂട്ടേഷണല്‍ ബയോളജി, നാനോ സയന്‍സ് ആന്‍ഡ് നാനോ ടെക്‌നോളജി, എത്‌നോ ബോട്ടണി തുടങ്ങി നിരവധി കോഴ്‌സുകള്‍ തുടങ്ങി. പ്രത്യേക ഐടി സെല്‍, ഗവേഷണ ഡയറക്ടറേറ്റ് എന്നിവ രൂപീകരിച്ചു. സര്‍വകലാശാല നേരിടുന്ന മിക്കവാറും എല്ലാ പ്രശ്‌നങ്ങള്‍ക്കും അദ്ദേഹം പരിഹാരം കണ്ടതായാണ് പൊതുവേയുള്ള വിലയിരുത്തല്‍.

2019ല്‍ കണ്ണൂര്‍ സര്‍വകലാശാല വേദിയായ ചരിത്ര കോണ്‍ഗ്രസില്‍ നടന്ന സിഎഎ വിരുദ്ധ പ്രതിഷേധം ചൂണ്ടിക്കാട്ടിയിയിരുന്നു വിസിക്കെതിരായ ഗവര്‍ണറുടെ പുതിയ പ്രതികരണം. കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ ചരിത്ര കോണ്‍ഗ്രസ് വേദിയില്‍ പ്രതിനിധികളുടെ പ്രതിഷേധമുണ്ടായിരുന്നു. പ്രമുഖ ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് ഗവര്‍ണര്‍ക്കെതിരെ വേദിയില്‍ കയറി പ്രതിഷേധിച്ചത് അന്ന് വിവാദവുമായി. സിഎഎ പ്രതിഷേധ സമയത്ത് തനിക്കെതിരെ വിസി ഗൂഢാലോചന നടത്തിയെന്നാണ് ഗവര്‍ണര്‍ അടുത്തിടെ ആരോപിച്ചത്. ഗവര്‍ണറുടെ പരാമര്‍ശത്തിനെതിരെ ചരിത്രകാരന്മാര്‍ ഉള്‍പ്പെടെ നിരവധി പേരാണ് രംഗത്തെത്തിയത്.

ഇന്ത്യയിലെ ശ്രദ്ധേയനായ ചരിത്രകാരന്മാരില്‍ ഒരാളായ ഡോ. ഗോപിനാഥ് രവീന്ദ്രന്‍ സംഘപരിവാറിന്റെ നോട്ടപ്പുള്ളിയാണ്. 2015ല്‍ ഗോപിനാഥ് രവീന്ദ്രന്‍ ഇന്ത്യന്‍ ഹിസ്റ്ററി കൗണ്‍സിലിന്റെ മെമ്പര്‍ സെക്രട്ടറിയായിരിക്കെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. യുപിഎ സര്‍ക്കാരായിരുന്നു ഗോപിനാഥിനെ മെമ്പര്‍ സെക്രട്ടറിയായി നിയമിച്ചത്. എന്നാല്‍ മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിപ്പോള്‍ കൗണ്‍സില്‍ പുനഃസംഘടിപ്പിച്ചു. വൈ സുദര്‍ശന്‍ റാവുവെന്ന, ചരിത്രകാരനായി അന്നുവരെ അറിയപ്പെടാതിരുന്നയാളെ ചെയര്‍മാനാക്കി.

ഇര്‍ഫാന്‍ ഹബീബ്, റോമില ഥാപ്പര്‍ തുടങ്ങിയ പ്രമുഖ ചരിത്രകാരന്മാര്‍ ഉള്‍പ്പെട്ട ഐസിഎച്ച്ആറിന്റെ ഉപദേശക സമിതിയെ പിരിച്ചുവിടണമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു. മെമ്പര്‍ സെക്രട്ടറിയായിരുന്ന ഗോപിനാഥ് രവീന്ദ്രന്‍ ഇതിനോട് വിയോജിപ്പ് പ്രകടിപ്പിച്ചു. എന്നാല്‍ ഐസിഎച്ച്ആര്‍ ചെയര്‍മാനായിരുന്ന സുദര്‍ശന്‍ റാവു അത് രേഖപ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് ഗോപിനാഥ് രാജിവെച്ചു.

മെമ്പര്‍ സെക്രട്ടറിക്ക് വിയോജിപ്പ് രേഖപ്പെടുത്താന്‍ പറ്റില്ലെന്നായിരുന്നു ചെയര്‍മാന്റെ നിലപാട്. ചരിത്ര കൗണ്‍സിലിലെ സങ്കുചിത നീക്കങ്ങള്‍ പുറത്തുകൊണ്ടുവന്നതിന് പിന്നാലെ ഗോപിനാഥ് രവീന്ദ്രന്‍ സംഘ്പരിവാറിന്റെ നോട്ടപ്പുള്ളിയാകുകയായിരുന്നു.

ആർഎസ്എസ് കൂടിക്കാഴ്ച നടത്തുന്ന എഡിജിപിയും ന്യായീകരിക്കുന്ന സിപിഎമ്മും; പാർട്ടി നിലപാട് വിരൽചൂണ്ടുന്നത് എന്തിലേക്ക്?

അസമിൽ പൗരത്വ രജിസ്റ്ററിൽ അപേക്ഷ നൽകാത്തവർക്ക് ആധാർ കാർഡില്ല; പ്രഖ്യാപനവുമായി ഹിമന്ത ബിശ്വ ശർമ്മ

മാമി തിരോധാന കേസ്: അന്വേഷണത്തിന് ക്രൈംബ്രാഞ്ച് പ്രത്യേകസംഘം

നടന്‍ വിനായകന്‍ പോലീസ് കസ്റ്റഡിയില്‍; സംഭവം ഹൈദരാബാദില്‍

ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സിനിമ പെരുമാറ്റച്ചട്ടം നിർമിക്കാൻ ഡബ്ല്യുസിസി; നിർദേശങ്ങൾ പരമ്പരയായി പുറത്തുവിടും