പതിറ്റാണ്ട് മുൻപ്, പത്മശ്രീ പുരസ്കാരം കിട്ടാതെ, കാശുംപോയി ദേഷ്യത്തിലിരിക്കുന്ന പ്രാഞ്ചിയേട്ടൻ, സാക്ഷാൽ അരിപ്രാഞ്ചി. തന്റെ വീട്ടിൽ വന്ന് വാതിൽ മുട്ടിയ പത്മശ്രീയെ പിന്നിൽ നിന്ന് ചവുട്ടിയ, പ്രാഞ്ചിയേട്ടൻ പറഞ്ഞു.'
'എന്റെ അറിവിൽ ഈ കേരളത്തിൽ പത്മശ്രീയെന്ന പേര് ആർക്കുമില്ല.' അതിന് ഉമ്മൻ ചാണ്ടിയെന്നുള്ള പേരുള്ള രണ്ടാമതൊരാളെ താൻ കേട്ടിട്ടുണ്ടോ ? എന്ന മറുചോദ്യത്തിന് പ്രാഞ്ചിയേട്ടൻ പറഞ്ഞു.
'അത് ശരിയാണല്ലോ. ഉമ്മൻ ചാണ്ടിയെന്ന പേരിൽ ഒരാളേയുള്ളൂ. അത് ഉമ്മൻ ചാണ്ടി തന്നെ!'
അതേ ഉമ്മൻ ചാണ്ടിയെന്ന പേരിൽ ഒരാളേയുള്ളൂ. കേരള രാഷ്ടീയത്തിലും ഒരാളേയുള്ളൂ. അത് കേരളത്തിലെ ജനങ്ങൾ പണ്ടേ അംഗീകരിച്ചതാണ് പ്രാഞ്ചിയേട്ടൻ അത് അടിവരയിട്ട് പറഞ്ഞെന്ന് മാത്രം.
പ്രാപ്തനായ മന്ത്രി, മാനുഷിക മൂല്യങ്ങളെ മാനിക്കാനുള്ള ഹൃദയ വിശാലത , ലാളിത്യം. ഇതായാൽ ഉമ്മൻ ചാണ്ടിയായി
എൺപതാം വയസിൽ യാത്രയാകുന്ന കോൺഗ്രസിന്റെ സൗമ്യനായ നേതാവ് ഉമ്മൻ ചാണ്ടി എഴുപതുകളുടെ അവസാനമാണ് കരുണാകരൻ മന്ത്രിസഭയിൽ ആദ്യമായി മന്ത്രിയാകുന്നത്. തൊഴിൽ വകുപ്പായിരുന്നു ചുമതല. മന്ത്രിയായിട്ടും ടിയാൻ പുറത്തിറങ്ങി യൂത്ത് കോൺഗ്രസ് പിള്ളകളുടെ തോളത്ത് കൈയിട്ട് സെക്രട്ടറിയേറ്റിന് പുറത്ത് വഴിയരികെയുള്ള പെട്ടിക്കടയിൽ നിന്ന് തിരോന്തരംകാരുടെ 'ബോഞ്ചി' അഥവാ നാരങ്ങാ സർബത്ത് പതിവായി കുടിച്ചിരുന്നു. ഏതോ കുരുത്തംകെട്ട പത്രക്കാരൻ പത്രത്തിൽ ഇത് വാർത്തയാക്കിയതോടെ അത് നിന്നു.
മന്ത്രിയായിരിക്കെ, ഒരിക്കൽ സ്റ്റേറ്റ് കാര്‍ ഉപേക്ഷിച്ച് എതോ മുതലാളിയുടെ കാറിൽ യാത്രയായി. സ്റ്റേറ്റ് കാറ് പിന്നാലെ, മന്ത്രിയും കൊടിയും ഇല്ലാതെ. ഒരിടത്ത് കാത്തുനിന്ന പോലീസ് വലഞ്ഞു. പോലീസിന്റെ പരാതിയുടെ ഫലമായാണ് പിന്നീട് മന്ത്രി വാഹനം എന്ന് സൂചിപ്പിക്കുന്ന, ചുമന്ന നമ്പർ പ്ലേറ്റ് സ്റ്റേറ്റ് കാറുകളിൽ വയ്ക്കാൻ തുടങ്ങിയത്.
തിരുവനന്തപുരത്തെ ചെങ്കൽ ചൂളയിലുള്ള ചേരി പ്രശ്നം പുതിയ ഫ്ലാറ്റുകൾ കെട്ടാനുള്ള പ്രതിബന്ധമായി നിൽക്കുകയായിരുന്നു. പട്ടം താണു പിള്ളയുടെ കാലത്ത് തുടങ്ങിയ ഈ പ്രഹേളിക പലരേയും വട്ടം ചുറ്റിച്ചതാണ്. ഉമ്മൻ ചാണ്ടി ഭവന നിർമ്മാണ വകുപ്പിന്റെ ചുമതല വഹിച്ച ഒരു കൊല്ലം കൊണ്ട് കുരുക്കുകൾ അഴിഞ്ഞു. ആദ്യത്തെ കെട്ടിടം പൊന്തി.
പ്രാപ്തനായ മന്ത്രി, മാനുഷിക മൂല്യങ്ങളെ മാനിക്കാനുള്ള ഹൃദയ വിശാലത , ലാളിത്യം. ഇതായായാൽ ഉമ്മൻ ചാണ്ടിയായി. ഇന്നത്തെ കാലത്ത് ഒരു പൊതുപ്രവർത്തകന് വേണ്ടരുതാത്ത ശീലങ്ങളുള്ള നന്മയുള്ള അപൂർവം രാഷ്ട്രീയക്കാരനായിരുന്നു പുതുപ്പുള്ളിക്കാർ അര നൂറ്റാണ്ടുകാലം ജയിപ്പിച്ച കുഞ്ഞുഞ്ഞ് . 'വയ്യ അഥവാ നോ ' അറിയാത്ത ഒരാൾ.
പരേതനായ, ഐഎഎസുകാരനും എഴുത്തുകാരനുമായ ബാബു പോൾ ഒരിക്കൽ പറഞ്ഞ കഥ ഇങ്ങനെ: തിരുവനന്തപുരം എയർ പോട്ടിൽ വച്ച് ബാബു പോൾ ഒരു മധ്യവയസ്കനെ കണ്ടു. അയാൾ പറഞ്ഞു. മകന് ജോലിയായി അമേരിക്കയിൽ. അതിന് വിസ വേണം അതിനാണ് ചെന്നെെ യാത്ര.
എന്താണ് ജോലി? ബാബു പോൾ അയാളോട് ചോദിച്ചു. അറിയില്ല!
പക്ഷേ, അയാൾ ബ്രീഫ് കേസിൽ നിന്ന് ഒരു കത്ത് എടുത്ത് കാണിച്ചു. ഉമ്മൻ ചാണ്ടി കൊടുത്ത കത്ത്.
'Dear Mr. Clinton, the bearer of this letter is from Puthuppally. He needs a job in America. I am sure you will do your best. With best wishes to your excellency and Madam Hillary .
Yours sincerely
Oomman Chandy.
ഉമ്മൻ ചാണ്ടിയുടെ ലെറ്റർ ഹെഡിലുള്ള ഈ കത്ത് ബാബു പോളിന്റെ ഒരു പതിവ് കഥയാകാം. അല്ലെങ്കിൽ യാഥാർത്ഥ്യമാകാം.
ഇത് ഉമ്മൻ ചാണ്ടി ആരെയെങ്കിലും പറ്റിക്കാനോ മറ്റോ ചെയ്യുന്നതല്ല. ക്ലിന്റന് തന്റെ എഴുത്ത് കൊണ്ടു കൊടുത്തിട്ട് ഒരു പ്രയോജനവും ഇല്ലെന്ന് തന്നെ സമീപിച്ചയാളെ പറഞ്ഞു ബോധ്യപ്പെടുത്താൻ ചുരുങ്ങിയത് നാൽപ്പത് മിനിറ്റെങ്കിലും വേണം. ആ സമയം കൊണ്ട് ഇരുപത്തിയഞ്ച് പരാതി കേൾക്കാം. പത്ത് ആവശ്യ നിവേദനങ്ങൾ വാങ്ങാമെന്നാണ് ഉമ്മൻ ചാണ്ടി ചിന്തിക്കുന്നത്. അങ്ങനെയും കേരളത്തിൽ പൊതുപ്രവർത്തകരുണ്ടെന്ന് നമ്മളറിയണം.
ഒരിക്കൽ ഒരു ഉയർന്ന ഐഎഎസുകാരൻ മന്ത്രിമാരെ പരിഹസിച്ചുകൊണ്ട് ലേഖനമെഴുതി. 'മന്ത്രിമാരുടെ വീട്ടുവളപ്പുകൾ കണ്ടാൽ വർക് ഷോപ്പു പോലെയിരിക്കും. അംബാസിഡർ, മാരുതി, കോണ്ടെസ, ടയോട്ട എന്നൊരു കടുത്ത പ്രയോഗം ലേഖനത്തിലുണ്ടായിരുന്നു.
ഒരു പ്രതിപക്ഷാംഗം നിയമസഭയിൽ ഇത് ചോദ്യമാക്കി. സർവ സംഹാര രുദ്രനായ ലീഡർ കരുണാകരനാണ് മുഖ്യമന്ത്രി. ലീഡർ എവിടയോ സർക്കീട്ടിലായാരുന്നു. ഭാഗ്യവശാൽ ഇത് കൈകാര്യം ചെയ്തത് മന്ത്രിയായ ഉമ്മൻ ചാണ്ടിയായിരുന്നു.
മറുപടി.
(A) ചോദ്യം ശ്രദ്ധയിൽപ്പെട്ടു
(B) നടപടി ആവശ്യമുണ്ടെന്ന് ഗവൺമെന്റ് കരുതുന്നില്ല.
ഒരു സസ്പെൻഷനിലോ, സ്ഥലം മാറ്റത്തിലോ എത്തുമായിരുന്ന ഈ കാര്യം അങ്ങനെ അവസാനിച്ചു. ഉമ്മൻ ചാണ്ടിയുടെ ഔചിത്യപൂർവമുള്ള ഒരു നടപടി, ഒരാളെ തലപോകാതെ രക്ഷിച്ചു.
എതാനും വർഷങ്ങൾക്ക് മുൻപ് അദ്ദേഹം ഒരു സ്മാർത്തവിചാരത്തിനിരയായി. വ്യക്തിപരമായും ചില ആക്ഷേപങ്ങൾ അദ്ദേഹം നേരിട്ടു. നടപ്പുരീതിയിൽ ഒരു മുതിർന്ന നേതാവിന്റെ ചിത്രം അവിടെ മാഞ്ഞ് പോകേണ്ടതായിരുന്നു. പക്ഷേ ജനങ്ങളും കേരളവും അത് പുല്ലുവില കൽപ്പിക്കാതെ തള്ളിക്കളഞ്ഞു.
സ്വന്തം പാർട്ടിക്കാർ പോലും അതിനെ പ്രതിരോധിക്കാൻ ശ്രമിച്ചില്ല. പക്ഷേ, ഒന്നും സംഭവിച്ചില്ല ഉമ്മൻ ചാണ്ടിക്ക് . ഇപ്പോൾ അവസാന യാത്രയായ്.
കേരളത്തിലെ ജനങ്ങൾ എന്നും ആ ഡയലോഗ് ഓർക്കും, 'ഉമ്മൻ ചാണ്ടിയെന്ന പേരിൽ ഒരാളേയുള്ളൂ. അത് ഉമ്മൻ ചാണ്ടി തന്നെ!
' ഒരേയൊരാൾ! പകരം വയ്ക്കാനില്ലാത്തൊരാൾ.