PEOPLE

എൻ വി: അറിവിൻ്റെ അത്ഭുതം

പത്രാധിപർ, കവി, ബഹുഭാഷാ പണ്ഡിതൻ, വാഗ്മി, പരിസ്ഥിതി പ്രവർത്തകർ, ശാസ്ത്ര സാഹിത്യ പ്രവർത്തകൻ, അധ്യാപകൻ, സ്വാതന്ത്ര്യസമര സേനാനി എന്നീ നിലകളിൽ തിളങ്ങിയ എൻ വി കൃഷ്ണവാര്യരുടെ ചരമവാർഷികമാണ് ഇന്ന്

പി രാംകുമാർ

എൻ വി കൃഷ്ണവാര്യരുടെ ഷഷ്ടിപൂർത്തി വേളയിൽ പുറത്തിറക്കുന്ന കവിതാ സമാഹാരത്തിൽ ചേർക്കാൻ വിഷ്ണു നാരായണൻ നമ്പൂതിരി എഴുതിയ എൻ വിയുടെ ജീവിതചരിത്രക്കുറിപ്പിൽ അദ്ദേഹത്തിന് 18 ഭാഷ അറിയാമെന്നു പരാമർശിച്ചിരുന്നു. പുസ്തകം കണ്ടപാടെ എൻ വി ഫോണിൽ വിളിച്ചു.

‘അത് ശരിയല്ല വിഷ്‌ണു’ !

പിന്നെ എത്രയാണ്? വിഷ്ണു നാരായണൻ നമ്പൂതിരി ചോദിച്ചു.

‘'സംസ്കൃതം, ഇംഗ്ലീഷ്, ഹിന്ദി, ജർമൻ, തമിഴ് എല്ലാം കൂടി പതിനാറെ വരൂ.’'

വിഷ്ണു നാരായണൻ നമ്പൂതിരി പറഞ്ഞു: ‘'പ്രാകൃതം, പാലി ഇവയിലെ വികടപ്രയോഗങ്ങൾ എൻ വിയാണല്ലോ കുരുക്കഴിച്ച് പറഞ്ഞുതരാറുള്ളത്.''

എൻ വി: ''അതൊന്നും നിഷ്കർഷിച്ച് പഠിക്കാൻ ഇട കിട്ടിയിട്ടില്ല.'’

‘'പുസ്തകം അച്ചടി കഴിഞ്ഞ സ്ഥിതിക്ക് ഇനി തിരുത്തുക വിഷമം. എൻ വിക്ക് രണ്ട് ഭാഷ പഠിക്കാൻ എത്രയോ എളുപ്പം! അതിനാൽ പുസ്തകത്തിലുള്ള എൻ്റെ കണക്ക് രണ്ടു മാസത്തിനകം തികച്ചു തന്നുകൂടെ?'' വിഷ്ണു നാരായണൻ നമ്പൂതിരി ചോദിച്ചു.

എൻ വിയല്ലേ ആള്, ഭാഷ രണ്ടെണ്ണം കൂടി പഠിച്ച് ആ പിശക് ഇല്ലാതാക്കിയിരിക്കണം.

പത്രാധിപർ, കവി, ബഹുഭാഷാ പണ്ഡിതൻ, വാഗ്മി, പരിസ്ഥിതി പ്രവർത്തകർ, ശാസ്ത്ര സാഹിത്യ പ്രവർത്തകൻ, അധ്യാപകൻ, സ്വാതന്ത്ര്യസമര സേനാനി...മനുഷ്യസഹ്യമായ എല്ലാ പ്രവർത്തനരംഗത്തും വേറിട്ട സംഭാവന നൽകിയ പ്രതിഭയായിരുന്നു എൻ വി കൃഷ്ണവാര്യർ.

ഇന്ത്യൻ സ്വാതന്ത്ര്യ സമരക്കാലം: എൻ .വി. കൃഷ്ണ വാര്യർ ഒളിവിൽ പത്രപ്രവർത്തക വേഷത്തിൽ നടക്കുന്നു .മയ്യഴിയിൽ വെച്ച് ഒരു സുഹൃത്തിനെ കണ്ടു. അയാൾ എൻ.വി യോട് ചോദിച്ചു. ‘ താനെങ്ങട്ടാ ?

എൻ.വി. : ഫ്രഞ്ച് പഠിക്കാൻ ഒരാളുടെ അടുക്കൽ പോകുന്നു.

അടുത്ത മാസം ഇതേ ആൾ എൻ.വിയെ കാണുന്നു. ‘ താനെങ്ങട്ടാ ?

എൻ.വി. ‘ ഫ്രഞ്ച് ട്യൂഷ്യൻ പഠിപ്പിക്കാൻ ഒരു കുട്ടിയുടെ വീട് വരെ പോകാ ’

ഒരു സംഭവം കൂടി. എൻ വി തൃപ്പൂണിത്തുറ സംസ്കൃത കോളേജിൽ പഠിക്കുന്ന കാലത്ത് അവിടെയുള്ള കുതിരലായത്തിൽ ചെന്ന് കുതിരകളെ നോക്കിക്കാണുമായിരുന്നു. ലായത്തിൻ്റെ സൂക്ഷിപ്പുകാരൻ ഒരു മറാത്തി നായ്ക്ക് ആയിരുന്നു. അയാളുമായി പരിചയത്തിലായപ്പോൾ അയാൾക്ക് കൊട്ടാരത്തിലേക്ക് സമർപ്പിക്കേണ്ട കടലാസുകൾ മലയാളത്തിൽ എൻ വി തയാറാക്കികൊടുത്തു സഹായിച്ചു. ഫീസായി അയാളിൽനിന്ന് മറാഠി പഠിച്ചു. തിരിച്ച് അയാളെ മലയാളം പഠിപ്പിക്കുകയും ചെയ്തു.

ഓരോ ഭാഷയും പഠിക്കുന്നത് ലോകവിജ്ഞാനത്തേക്കും സാഹിത്യത്തിലേക്കുമുള്ള കവാടമായാണ് എൻ വി കണക്കാക്കിയത്. ആർക്കും അറിവ് പകർന്നുകൊടുക്കാനുള്ള ത്വര എൻ വി ക്ക് അന്നേയുണ്ടായിരുന്നു. താനുമായി ബന്ധപ്പെടുന്നവരെല്ലാം വിജ്ഞാനിയാവണമെന്ന ഉറച്ച ചിന്ത എപ്പോഴും വെച്ചുപുലർത്തിയിരുന്നു. ഞെരുക്കാവിൽ വാര്യത്തെ കൃഷ്ണവാര്യരെ അറിയുന്നവർക്ക് ഇതിലൊന്നും വലിയ അത്ഭുതം തോന്നില്ല.

പത്രാധിപർ, കവി, ബഹുഭാഷാ പണ്ഡിതൻ, വാഗ്മി, പരിസ്ഥിതി പ്രവർത്തകർ, ശാസ്ത്ര സാഹിത്യ പ്രവർത്തകൻ, അധ്യാപകൻ സ്വാതന്ത്ര്യസമര സേനാനി... മനുഷ്യസഹ്യമായ എല്ലാ പ്രവർത്തനരംഗത്തും വേറിട്ട സംഭാവന നൽകിയ പ്രതിഭയായിരുന്നു എൻ വി കൃഷ്ണവാര്യർ.

പത്രപ്രവർത്തകനായി തൊഴിൽ ആരംഭിച്ച എൻ വി പത്രപ്രവർത്തകനായി തന്നെയാണ് അരങ്ങൊഴിഞ്ഞതും. എല്ലാ വിഷയങ്ങളും വന്നെത്തുന്ന ഒരു തുറയായതാകാം പത്രപ്രവർത്തനത്തിനായിരുന്നു അദ്ദേഹത്തിൻ്റെ മനസ്സിൽ എന്നും കൂടുതൽ പരിഗണന.

എൻ വി കൃഷ്ണവാര്യർ

1950 കളിലാണ് തൃശൂർ കേരളവർമ കോളേജിലെ അധ്യാപക ജോലി വിട്ട് എൻ വി മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ചേരുന്നത്. വി എം നായരായിരുന്നു അന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പിൻ്റെ എഡിറ്റർ. ഐക്യകേരള ചർച്ച നടക്കുന്ന കാലമായതിനാൽ അതിനുവേണ്ടിയുള്ള ‘മലയാളികളുടെ സംസ്ഥാനം’ എന്ന വാദത്തിന് അടിത്തറയും യുക്തിയും നൽകുന്ന ലേഖനങ്ങളും മുഖപ്രസംഗങ്ങളുമായിരുന്നു എൻ വി പ്രധാനമായും എഴുതിയത്. മാതൃഭൂമി പത്രാധിപ സമിതിയിൽ ഭൂരിപക്ഷം പേരും ഇതിനെ അനുകൂലിച്ചിരുന്നില്ല. പക്ഷേ, കെ പി കേശവമേനോനും എൻ വിയും ഉറച്ചുനിന്ന് കേരള സംസ്ഥാന രൂപീകരണം യാഥാർത്ഥ്യമായതോടെ ആ ലക്ഷ്യം നിറവേറ്റപ്പെടുകയും ചെയ്തു.

തൻ്റെ നിലപാടുകൾ പത്രയുടമകൾക്കുവേണ്ടി മാറ്റാൻ എൻ വി പലപ്പോഴും തയാറായിരുന്നില്ല. 1957 ലെ ഇ എം എസിൻ്റെ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരമേറ്റപ്പോൾ, കോൺഗ്രസ് അനുഭാവ പത്രമായ മാതൃഭൂമിയുടെ ഹിന്ദി പ്രസിദ്ധീകരണമായ‘ യുഗപ്രഭാതിൽ അതിനെ സ്വാഗതം ചെയ്ത് മുഖപ്രസംഗം എൻ വി എഴുതിയത് മാതൃഭൂമി മാനേജ്മെൻ്റിൻ്റെയും പ്രവർത്തകരുടെയും നെറ്റിചുളിപ്പിച്ചു.

മന്ത്രിയായ ജോസഫ് മുണ്ടശ്ശേരിയുടെ വിദ്യഭ്യാസ ബില്ലിനെ അനുകൂലിക്കുന്ന മാതൃഭൂമി മുഖാപ്രസംഗം എൻ വി എഴുതിയത് മാതൃഭൂമി ഡയറക്ടർ കുറൂർ നമ്പൂതിരിപ്പാടിനെ ക്രുദ്ധനാക്കി. കമ്യൂണിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് എൻ വിക്കു മെമ്മോ നൽകി. എൻ വി രാജിവെയ്ക്കാന്നൊരുങ്ങിയെങ്കിലും കെ പി കേശവമേനോൻ ഇടപെട്ട് പിന്തിരിപ്പിച്ചു. പിന്നീട് മുഖ്യമന്ത്രിയായ ഇ എം എസിനു കോഴിക്കോട് മാതൃഭൂമി ഓഫീസിൽ സ്വീകരണം നൽകാൻ എൻ വി മുൻ കൈയെടുത്തതും മാതൃഭൂമിയിൽ പലർക്കും രസിച്ചില്ല.

മാതൃഭൂമി ആഴ്ചപ്പതിപ്പ് മികച്ച സാഹിത്യ സാംസ്കാരിക വാരികയായി മാറിയത് എൻ വി യുടെ കീഴിലായിരുന്നു. സാഹിത്യം കൂടാതെ, ജന്തുശാസ്ത്രം, ഗണിതം, ഭൗതികം, വാനനിരീക്ഷണം തുടങ്ങിയ വിഷയങ്ങളിൽ ലേഖനങ്ങൾ അതതു മേഖലയിലുള്ള വിദഗ്ധരെക്കൊണ്ട് എൻ വി എഴുതിച്ചു.

എൻ വിയുടെ കൈപ്പട

കെ ജി അടിയോടിയുടെ ‘കേരളത്തിലെ വിഷപ്പാമ്പുകൾ’ ഇന്ദു ചൂഡൻ്റെ വിഖ്യാതമായ ‘കേരളത്തിലെ പക്ഷികൾ', മാത്യു താമരക്കാടിൻ്റെ ‘കേരളത്തിലെ പൂക്കൾ ’ ഡോ. സി പി മേനോൻ്റെ 'സൂര്യൻ്റെ ജനനവും മരണവും’ തുടങ്ങിയ ശാസ്ത്ര- സാഹിത്യ പരമ്പരകൾ എൻ വിയുടെ പരിശ്രമത്താൽ ആഴ്ചപ്പതിപ്പിൽ വന്ന് പ്രശസ്തമായതാണ്. ആർക്കും താല്പര്യമില്ലാത്ത വിഷയങ്ങൾ എഴുതിപ്പിച്ച് മനോഹരമായി എഡിറ്റ് ചെയ്ത് വായിക്കാൻ വായനക്കാരെ പ്രേരിപ്പിക്കുകയെന്ന മികച്ച എഡിറ്ററുടെ കഴിവായിരുന്നു അത്.

വിഷയങ്ങളുടെ വൈവിധ്യം മാതൃഭൂമി ആഴ്ചപ്പതിപ്പിനെ മുൻനിരയിലെത്തിച്ചു. തൊട്ടുപിന്നാലെ എം ടി വാസുദേവൻ നായർ കൂടി പത്രാധിപസമിതിയിൽ എത്തിയതോടെ മലയാള സാഹിത്യത്തിലെ അനശ്വരമായ പല കൃതികളും ആഴ്ചപ്പതിപ്പിലൂടെ വായനക്കാർ വായിച്ചുതുടങ്ങി. ആ കാലഘട്ടത്തിലാണ് അന്യഭാഷയിലെ മികച്ച കൃതികളും ലോക ക്ലാസിക്കുകളും മലയാളത്തിൽ മൊഴിമാറ്റി വരാൻ തുടങ്ങിയത്. രക്തരക്ഷസ് എന്ന പേരിൽ ബ്രാം സ്റ്റോക്കറുടെ ഡ്രാക്കുള കെ വി രാമകൃഷ്ണൻ പരിഭാഷപ്പെടുത്തി ഖണ്ഡശയായി ആഴ്ചപ്പതിപ്പിൽ വന്നത് അക്കാലത്തെ മഹാസംഭവമായി. ഏറ്റവും കൂടുതൽ വായനക്കാർ ആഴ്ചപ്പതിനുണ്ടായത് ഈ കാലത്തായിരുന്നു. നമ്പൂതിരിയുടെ മിഴിവാർന്ന ചിത്രങ്ങളോടെ ആ നോവൽ ഉദ്വേഗത്തോടെ ഉൾക്കിടിലത്തോടെ വായനക്കാരെ പിടിച്ചുലച്ചു.

മാതൃഭൂമി ആഴ്ചപ്പതിപ്പ് മികച്ച സാഹിത്യ സാംസ്കാരിക വാരികയായി മാറിയത് എൻ വി യുടെ കീഴിലായിരുന്നു. ആർക്കും താല്പര്യമില്ലാത്ത വിഷയങ്ങൾ എഴുതിപ്പിച്ച് മനോഹരമായി എഡിറ്റ് ചെയ്ത് വായിക്കാൻ വായനക്കാരെ പ്രേരിപ്പിക്കുകയെന്ന മികച്ച എഡിറ്ററുടെ കഴിവായിരുന്നു അത്

എൻ വിയുടെ താല്പര്യപ്രകാരം മാതൃഭൂമിയിൽ എഴുതിത്തുടങ്ങിയശേഷമാണ് തൻ്റെ ശൈലിയും ഭാഷയും രൂപപ്പെട്ടെതെന്നു പവനൻ എഴുതിയിട്ടുണ്ട്. ‘കേരളം എങ്ങനെ ജീവിക്കുന്നു’ എന്ന പരമ്പര പവനനെക്കൊണ്ട് എഴുതിച്ചത് എൻ വിയായിരുന്നു. കേരളത്തിലെ എല്ലാ ജില്ലകളിലും സഞ്ചരിച്ച് സാധാരണക്കാരുടെ ജീവിതത്തെ ആവിഷ്കരിച്ച ആ പരമ്പര വായക്കാർക്ക് പുതിയൊരു അനുഭവമായി. പിന്നീട് ഇ എംഎസിൻ്റെ അവതാരികയോടെ ഈ ലേഖന പരമ്പര പുസ്തകമായി പുറത്തുവന്നു. ഐക്യകേരളത്തിലെ മലയാളിയുടെ ജീവിതത്തെ വിശകലനം ചെയ്ത ആദ്യത്തെ ശ്രമമാണ് ‘കേരളം എങ്ങനെ ജീവിക്കുന്നു’ എന്നത്.

1952 ലെ സാഹിത്യ പരിഷത്ത് സമ്മേളനം ഡിസംബറിൽ ഒറ്റപ്പാലത്തുവെച്ച് ഉദ്ഘാടനം ചെയ്തത് അന്നത്തെ രാഷ്ട്രപതി ഡോ. എസ് രാധാകൃഷ്ണനായിരുന്നു. ഫിലോസഫർ കിങ്ങ് എന്നറിയപ്പെട്ട പണ്ഡിതനായ രാധാകൃഷ്ണൻ്റെ പ്രസംഗം പരിഭാഷപ്പെടുത്താൻ വന്നത് മുപ്പത്തിയാറുകാരൻ എൻ വി യായിരുന്നു. പ്രസംഗത്തിൽ രാധാകൃഷ്ണൻ ഓർമയില്ലാത്തതു കാരണം പൂർണമായി ഉദ്ധരിക്കാതെ വിട്ടുകളഞ്ഞ ഉപനിഷദ് സൂക്തം പൂർണരൂപത്തിൽ എൻ വി ചൊല്ലി അത് പരിഭാഷപ്പെടുത്തി നൽകിയത് കേട്ട് സദസ് കോരിത്തരിച്ചു. ഒന്നും സംഭവിക്കാത്തതു പോലെ അടുത്ത വാക്യത്തിനു ചെവിയോർത്തു നിൽക്കുന്ന തൻ്റെ പരിഭാഷകനെ ഡോ. രാധാകൃഷ്ണൻ വിസ്മയത്തോടെ ഒന്ന് നോക്കി.

ഒറ്റപ്പാലം സാഹിത്യ പരിഷത്തിലെ പരിഭാഷ

കവി പി. കുഞ്ഞിരാമൻ നായർ ആ ചിത്രത്തെ ഇങ്ങനെ വരികളിലൂടെ രചിച്ചു: ‘'ഒറ്റപ്പാലം ഹൈസ്കൂൾ മുറ്റത്തെ പന്തലിൽ പരിഷത്ത് സമ്മേളനം. ഉദ്ഘാടനത്തിന് ഡോ. രാധാകൃഷ്ണൻ വന്നു. തർജമയ്ക്ക് എൻ വി കൃഷ്ണവാര്യർ. ഉള്ളം കൈയിൽ സമുദ്രമെടുത്ത് ആചമിച്ച അഗസ്ത്യനായി വാരിയർ ആ മഹാസദസിൻ്റെ വേദിയിൽ ജ്വലിച്ചു. കരഘോഷം മുഴങ്ങി. ഇതാണ് പ്രസംഗം, ഇതാണ് തർജമ. വാര്യർ എന്താണെന്ന് മഹാജനം മനസ്സിലാക്കി. കഴിവുകളുടെ ആവനാഴിയിലെ ഒരസ്ത്രം മാത്രമാണിത്- വാര്യരുടെ അമർത്തിയ പുഞ്ചിരി സൂചിപ്പിച്ചു.''

രാധാഷ്ണൻ ആശ്ചര്യത്തോടെ വാരിയരെ നോക്കി. ആ ചെറിയ മനുഷ്യൻ്റെ വലിയ തല സദസ്സിൻ്റെ ചോദ്യചിഹ്നമായി. സ്വന്തമായി ഇംഗ്ലfഷ് പഠിച്ചൊരു മനുഷ്യൻ രാധാകൃഷ്ണൻ്റെ പ്രസംഗം അതേ ചൂടോടെ, വെളിച്ചത്തോടെ ശ്വാസം വിടാതെ മലയാളത്തിലേക്കg ആവാഹിച്ചു. കൈക്കരുത്തുള്ള മന്ത്രവാദി. ഇംഗ്ലിഷിലെ ചില പദങ്ങൾക്കു മലയാളത്തിൽ വാക്കുകളില്ലെന്ന സ്വന്തം അജ്ഞത പുറത്തുവിടുന്ന വെറും ഡിഗ്രിക്കാർക്ക് ആ തർജമ ചാട്ടയടിയായി. പ്രസംഗം കഴിഞ്ഞ് ഡോ. രാധാകൃഷ്ണൻ പരസ്യമായി എൻ വിയെ അഭിനന്ദിച്ചു. മികച്ച വിവർത്തകനെന്ന് ആ സംഭവത്തോടെ എൻ വി പ്രശസ്തനായി.

എൻ വി കോഴിക്കോട് സർവകലാശാലയുടെ ഡി. ലിറ്റ് ബിരുദം സ്വീകരിക്കുന്നു

ജവഹർ ലാൽ നെഹ്റു അന്തരിച്ചപ്പോൾ അടുത്തുകിടന്ന നോട്ട് പുസ്തകത്തിൽ നെഹ്റു എഴുതിയ റോബർട്ട് ഫ്രോസ്‌റ്റിൻ്റെ നാലു വരി കവിത മാതൃഭൂമിയുടെ ഡൽഹി ലേഖകൻ വി കെ മാധവൻ കുട്ടി ടെലി പ്രിൻ്റർ വഴി ഡൽഹിയിൽനിന്ന് എൻ വിക്കയച്ചു

''The woods are lovely, dark and deep.
But I have promises to keep,
And miles to go before I sleep,
And miles to go before I sleep.''

എൻ.വിയുടെ മേശയിലെത്തിയ നിമിഷം അത് മനോഹരമായ മലയാള കവിതയായി.

''മനോഹരം ഘനശ്യാമം വനപാളികളെങ്കിലും

നാഴികകള്‍ കഴിയും മുമ്പ് കാതമേറെക്കടക്കണം,

പാലിക്കാനുണ്ട് വാഗ്ദാനം.''

ഡോ. കെ ടി രാമവർമ ഒരിക്കൽ എഴുതി, ‘'മലയാളത്തിൽ പത്രാധിപന്മാർ പണ്ടും ഉണ്ടായിരുന്നു. പക്ഷേ, ആദ്യത്തെ എഡിറ്റർ എൻ വി കൃഷ്ണവാര്യരായിരുന്നുവെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. സമർത്ഥമായ എഡിറ്റിങ്ങിൻ്റെ ഉദാഹരണം ഇങ്ങനെ: 'കുഞ്ഞുക്കുട്ടൻ തമ്പുരാൻ്റെ തിരുവനന്തപുരം സന്ദർശനങ്ങൾ' എന്ന പേരിൽ ഒരു ലേഖനം ഞാൻ മാതൃഭൂമിക്ക് അയച്ചു. എൻ വി ലേഖനത്തിൽ കൈവെച്ചില്ല. തലക്കെട്ട് മാത്രം മാറ്റി. 'കുഞ്ഞിക്കുട്ടൻ തമ്പുരാൻ' തിരുവനന്തപുരത്ത് എന്നൊരു മാറ്റം. എന്തൊരു എഡിറ്റിങ്ങ്?‘'

മലയാള സാഹിത്യത്തിൽ ആദ്യമായി ഒരു നോവൽ പൂർണമായി പ്രസിദ്ധീകരിക്കാതെ പിൻവലിക്കുന്നത് 1964ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഖണ്ഡശയായി പ്രസിദ്ധികരിച്ചു വന്ന 'ഉച്ചവെയിലും ഇളം നിലാവും' എന്ന രാജലക്ഷ്മിയുടെ നോവലാണ്. വിവാദങ്ങളൊന്നും ആ നോവൽ സ്യഷ്ടിച്ചിരുന്നില്ല.

രാജലക്ഷ്മി
അച്ചടിച്ചുപോയ നാലാമധ്യായം ഉൾപ്പെട്ട വാരിക വായനക്കാരുടെ കയ്യിലെത്തിയതിനു പിറകെ, നോവലിന്റെ കൈയെഴുത്തുപ്രതി കത്തിച്ചുകളഞ്ഞ്, 35 വയസ് മാത്രം പ്രായമുള്ള അവിവാഹിതയായ രാജലക്ഷ്മി ജീവനൊടുക്കി (1965 ജനുവരി 18)

നോവലിസ്റ്റിൻ്റെ വ്യക്തിപരമായ കാരണങ്ങളാലാണ് നോവൽ പിൻവലിച്ചത്. രാജലക്ഷ്മിയുടെ ഈ നോവലിന്റെ ആദ്യ അധ്യായങ്ങൾ വായനക്കാരെ വളരെ ആകർഷിച്ചിരുന്നു. ഈ നോവലിന്റെ നാലാം അധ്യായം പുറത്തുവരും മുൻപ് നോവൽ പ്രസിദ്ധീകരിക്കുന്നത് നിർത്താൻ പത്രാധിപരായ എൻ വി കൃഷ്ണവാര്യരെ രാജലക്ഷ്മി നേരിട്ടുകണ്ട് ആവശ്യപ്പെട്ടു. നോവലിലെ ചില കഥാപാത്രങ്ങൾ യഥാർത്ഥത്തിൽ ജീവിച്ചിരിക്കുന്നുവെന്നതായിരുന്നു കാരണം. അവർ ഒരു പക്ഷേ, നേരിട്ട് നോവലിസ്റ്റിനെ കണ്ട് സമർദം ചെലുത്തിയിരിക്കണമെഎന്നാണ് ഒരു വ്യാഖ്യാനം. പക്ഷേ, എൻ വി വഴങ്ങിയില്ല. ഒരു മികച്ച നോവൽ ഇടയ്ക്കുവെച്ച് നിർത്തിയാൽ വായനക്കാരുടെ പ്രതികരണം വാരികയ്ക്കു ഗുണകരമായിരിക്കില്ലെന്ന് പത്രാധിപരായ എൻ വിക്ക് അറിയാമായിരുന്നു. രാജലക്ഷ്മിയാകട്ടെ പല വഴിക്കും സമ്മർദം ചെലുത്തി. ഒടുവിൽ അവരുടെ ബന്ധുവായ ഒരു ഉന്നതൻ ഇടപെട്ടു. എൻഎസ്എസിന്റെ അന്നത്തെ പ്രസിഡന്റായ കളത്തിൽ വേലായുധൻ നായർ എൻ വിയെ ബന്ധപ്പെട്ട് നോവൽ പിൻവലിപ്പിച്ചു.

അച്ചടിച്ചുപോയ നാലാമധ്യായം ഉൾപ്പെട്ട വാരിക വായനക്കാരുടെ കയ്യിലെത്തിയതിനു പിറകെ, നോവലിന്റെ കൈയെഴുത്തുപ്രതി കത്തിച്ചുകളഞ്ഞ്, 35 വയസ് മാത്രം പ്രായമുള്ള അവിവാഹിതയായ രാജലക്ഷ്മി ജീവനൊടുക്കി (1965 ജനുവരി 18).

'ചില അവിചാരിത കാരണങ്ങളാൽ ഈ നോവൽ അടുത്ത ലക്കം മുതൽ തുടർന്നുപോകാൻ സാധിക്കാതെ വന്നതിൽ വ്യസനിക്കുന്നു' എന്ന കുറിപ്പ് പത്രാധിപരായ എൻ വി ആറാം അദ്ധ്യായം വന്ന ലക്കത്തിൽ പ്രസിദ്ധീകരിച്ചതോടെ രാജലക്ഷ്മിയെന്ന എഴുത്തുകാരി സാഹിത്യലോകത്തുനിന്ന് അപ്രത്യക്ഷമായി.

മലയാള സാഹിത്യ രംഗത്ത് പുരുഷാധിപത്യം കൊടികെട്ടി വാണിരുന്ന കാലത്താണ് യുവനോവലിസ്റ്റായ രാജലക്ഷ്മിയുടെ പ്രതിഭ സാഹിത്യലോകം അംഗീകരിച്ചത്. ആ കാലത്ത് സാഹിത്യ ലോകത്ത് പരക്കെ ചർച്ചയായ ഒന്നായിരുന്നു ആ നോവലിസ്റ്റിന്റെ അകാല മൃത്യു. രാജലക്ഷ്മിയെന്ന നോവലിസ്റ്റിന്റെ അജ്ഞേയമായ വ്യക്തിത്വത്തെ അനശ്വരമാക്കിയ ആ ജീവിതവും കൃതികളും സാഹിത്യഗവേഷകർക്കും, സാഹിത്യ വിദ്യാർത്ഥികൾക്കും ഇന്നും പ്രിയപ്പെട്ട വിഷയമാണ്.

വർഷങ്ങൾക്കുശേഷം കുങ്കുമം വാരികയിൽ പത്രാധിപരായ എൻ വിക്കു മറ്റൊരു നോവൽ പ്രസിദ്ധീകരണം അവസാനിപ്പിക്കുന്നുവെന്ന് എഴുതാൻ നിയോഗമുണ്ടായി. കാരണമാകട്ടെ വ്യത്യസ്തവും അൽപ്പം വിചിത്രവുമായിരുന്നു. ഇത്തവണ എൺപതുകളുടെ ആദ്യം കുങ്കുമം വാരികയിൽ ഖണ്ഡശ പ്രസിദ്ധീകരിച്ചു വന്ന 'എന്റെ കർണൻ' എന്ന നോവലിനാണ് ഈ ദുർവിധിയുണ്ടായത്.

മാതൃഭൂമിയിൽ രാജലക്ഷ്മിയുടെ നോവൽ പിൻവലിക്കാൻ പത്രാധിപരായ എൻ വിക്കു നേരിടേണ്ടി വന്നത് നോവലിസ്റ്റിന്റെ സമ്മർദമാണെങ്കിൽ കുങ്കുമം വാരികയിൽ വായനക്കാരുടെ നിരന്തരമായ ആവശ്യമായിരുന്നു നോവൽ അവസാനിപ്പിക്കാൻ. മഹാഭാരതത്തിലെ കർണനായിരുന്നില്ല വി ടി നന്ദകുമാറിന്റെ കർണൻ. നോവലിസ്റ്റ് രചനാ സ്വാതന്ത്ര്യത്തിൽ, വന്യമായ ഭാവന ചേർത്തപ്പോൾ, കഥ തന്നെ മാറി. വികലമായ ഈ ആവിഷ്കാരത്തെ തള്ളിപ്പറഞ്ഞ് വിമർശനവുമായി വായനക്കാർ പ്രതികരിച്ചു.

ഒടുവിൽ നോവൽ അവസാനിപ്പിക്കുകയാണെന്ന കുറിപ്പ് എൻ വി ഒരിക്കൽ കൂടി എഴുതി.''നോവൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കാൻ നോവലിസ്റ്റ് ആഗ്രഹിക്കുന്നതിനാൽ അദ്ദേഹത്തിന്റെ അഭ്യർത്ഥന പരിഗണിച്ച് നോവൽ അവസാനിപ്പിക്കുന്നുവെന്നൊരു കുറിപ്പോടെ എൻ വി പ്രശ്നം അവസാനിപ്പിച്ചു.''

എൻ വി വിദ്യാരംഭത്തിൽ എഴുത്തിനിരുത്തുന്നു

1964 ൽ രൂപം കൊണ്ട ജ്ഞാനപീഠം ഉപദേശസമിതിയിൽ അംഗമായിരുന്ന എൻ വിയുടെ പരിശ്രമങ്ങളാണ് ആദ്യത്തെ ജ്ഞാനപീഠം മലയാള ഭാഷയ്ക്കു ലഭിച്ചത്. ജി ശങ്കരക്കുറിപ്പിൻ്റെ ‘ഓടക്കുഴൽ ‘കമ്മിറ്റിക്കു മുൻപിൽ നിർദേശിച്ചത് എൻ വി, ശൂരനാട്ട് കുഞ്ഞൻ പിള്ള, ഡോ. എസ് കെ നായർ എന്നീ അംഗങ്ങളാണ്. മഹാകവി ജി ശങ്കരകുറുപ്പിന് ശാസ്ത്രീയ സങ്കൽപ്പങ്ങളെ കാവ്യസൃഷ്ടിക്കുതകുന്ന വിഷയങ്ങളാക്കി മാറ്റാനുള്ള നൈപുണ്യവും വിശ്വവീക്ഷണ ശൈലിയും ജ്ഞാനപീഠം കമ്മറ്റിക്കു മുൻപിൽ അവതരിപ്പിച്ചത് എൻ വിയായിരുന്നു. ആ വാദമാണ് കമ്മറ്റി അംഗീകരിച്ചതും ആദ്യ പുരസ്കാരം ഓടക്കുഴലിനു നൽകിയതും.

17 വർഷത്തിനുശേഷം എൻ വി മാതൃഭൂമി വിട്ട് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായി. മാതൃഭുമിയിൽനിന്നുള്ള ഇറങ്ങിപ്പോക്ക് അത്ര സുഖകരമല്ലായിരുന്നു. കോളേജ് തലത്തിലും കൃഷി, വൈദ്യം, മൃഗസംരക്ഷണം, എൻജിനീയറിങ് തുടങ്ങിയ സാങ്കേതിക വിദ്യഭ്യാസത്തിലും മലയാളത്തിൽ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയാണ് എൻ വി ആദ്യം ചെയ്തത്. വിജ്ഞാന ശബ്ദാവലി, മാനവിക ശബ്ദാവലി എന്നീ രണ്ട് റഫറൻസ് ഗ്രന്ഥങ്ങൾ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലൂടെ എൻ വി പുറത്തുകൊണ്ടു വന്നു. മലയാളത്തിലെ സാങ്കേതിക പദദൗർലൃഭ്യം ഒരു പരിധി വരെ ഇല്ലാതാക്കിയത് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലൂടെ പുറത്തുവന്ന ഇത്തരം ശബ്ദകോശങ്ങളാണ്. അങ്ങനെ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടെന്ന മലയാള ഭാഷയുടെ പണിപ്പുരയിൽനിന്ന് പ്ലംബിങ്ങ് മുതൽ തർക്കശാസ്ത്രം വരെ, വിവിധ വിഷയങ്ങളിൽ നിരവധി പുസ്തകങ്ങൾ മലയാളത്തിൽ പുറത്തുവന്നു.

ഒരാൾക്ക് ഒരു വിഷയത്തിൽ അറിവുണ്ടെന്ന് എൻ വിക്കു തോന്നിയാൽ ഉടനെ പുസ്തകമെഴുതാനാവശ്യപ്പെടും എന്നൊരു കഥ അക്കാലത്ത് പ്രചരിച്ചു. അക്കാലത്ത് ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായ എൻ വിയുടെ തിരുവന്തപുരത്തെ താമസസ്ഥലത്ത് മോഷണം നടന്നു. അന്വേഷിക്കാൻ വന്നത് ഹെഡ് കോൺസ്റ്റബിളായിരുന്നു. ആളിൻ്റെ സംസാരം കേട്ടപ്പോൾ അൽപ്പം കാര്യവിവരമുള്ളവനാണെന്ന് എൻ വിക്കു തോന്നി.

‘'നിങ്ങൾക്ക് നമ്മുടെ പോലീസിനെപ്പറ്റി ഒരു പുസ്തകം എഴുതിത്തരാമോ? ഞാൻ ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലൂടെ പ്രസിദ്ധപ്പെടുത്താം,'‘ എൻ വി ചോദിച്ചു. ഹെഡങ്ങന്ന് അന്തംവിട്ടു. ഇത്തരത്തിലൊരു കേസ് ഹേഡദ്യത്തിൻ്റെ സർവിസിൽ ആദ്യമാണ്. എൻ വി വിട്ടില്ല. എഴുതാമെന്ന് ഹെഡങ്ങന്നു സമ്മതിച്ചശേഷമാണ് എൻ വി 'കസ്റ്റഡിയിൽനിന്ന്' വിട്ടയച്ചത്.

ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ പ്രസിദ്ധീകരണം ‘വിജ്ഞാനകൈരളി‘ ആരംഭിച്ചതും എൻ വിയാണ്. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിലെ കാലാവധി കഴിഞ്ഞപ്പോൾ മധുര യൂണിവേഴ്സിറ്റി മലയാള വൃത്തങ്ങളെക്കുറിച്ച് പഠനം നടത്താൻ എൻ വി യെ സീനിയർ ഫെല്ലോഷിപ്പിനു ക്ഷണിച്ചു. അത് പൂർത്തിയാക്കിയശേഷമാണ് എൻ വി കൊല്ലത്തെ കുങ്കുമം ഗ്രൂപ്പിൻ്റെ പ്രസിദ്ധീകരണങ്ങളുടെ ചീഫ് എഡിറ്ററായി ചുമതലയേറ്റത്. രണ്ടു കാലയളവിലായി പത്ത് കൊല്ലം അവിടെ പ്രവർത്തിച്ചു. ഇക്കാലത്താണ് എൻ വി വിജ്ഞാനസാഹിത്യത്തിലെ നിരവധി ലേഖനങ്ങൾ കുങ്കുമത്തിലെ തൻ്റെ പംക്തിയിലെഴുതിയത്. ഒരു ഗൂഗിൾ സെർച്ച് എൻജിനിലും കിട്ടാത്ത ആധികാരികമായ വൈവിധ്യമാർന്ന ലേഖനങ്ങളായിരുന്നു അവ.

ലളിതമായ ഭാഷാശൈലിയിൽ, എന്നാൽ സമഗ്രമായ, അധികാരികമായ ആ 835 ഓളം കുറിപ്പുകൾ ഇന്നും വായിക്കേണ്ട അമൂല്യ ലേഖനങ്ങളാണ്. ഡോട്ട് പെൻ മുതൽ അണുസ്ഫോടനം വരെയുണ്ട് ആ ലേഖനങ്ങളിൽ.

കുടയെ കുറിച്ച് അറിയണോ? സതി എന്താണ്? ശാസ്താംകോട്ട കായൽ മരിക്കുകയാണോ? എന്താണ് അശ്ശീല സാഹിത്യം?സ്വാതിതിരുനാൾ പാടിയിട്ടില്ല...തുടങ്ങി എഴുതാത്ത വിഷയങ്ങളില്ല. നർമമായിരുന്നു പല ലേഖനങ്ങളുടെ മുഖമുദ്ര. കുങ്കുമം പോലെയുള്ള ജനപ്രിയ വാരികയുടെ വായനക്കാർക്ക് അറിവ് പകരാനായി നർമം കലർത്തിയാണ് എൻ വി എഴുതിയത്. അത് വായനക്കാർ ഇഷ്ടപ്പെട്ടു.

ജോലി ചെയ്യാനുള്ള മലയാളികളുടെ മടിയെക്കുറിച്ച് ഒരു ലേഖനത്തിൽ എൻ വിയുടെ ഒരു പരാമർശം ഇങ്ങനെ: ‘'നമ്മുടെ നാട്ടിൽ വർക്ക് ഹോളിക്കുകൾ കുറവാണ്. നിർഭാഗ്യവശാൽ ആൽക്കഹോളിക്കുകളുടെ എണ്ണം കൂടുതലും.'' ഡ്രാക്കുള എന്ന ലേഖനം: ''ക്രൂരതയിൽ വ്ലാദിൻ്റെ അടുത്തെങ്ങുമെത്തില്ല, വല്ലപ്പോഴുമൊരു യുവതിയുടെ ചോര കുടിക്കുന്ന ഡ്രാക്കുള.'' കൽക്കട്ടയിൽ ഒരു പോലീസുകാരനെ തെറ്റിദ്ധാരണയിൽ പോലീസ് തന്നെ അറസ്റ്റ് ചെയ്ത് ക്രൂരമായി മർദിച്ച, പത്രവാർത്തകളിൽ നിറഞ്ഞ ഒരു വിവാദസംഭവത്തെക്കുറിച്ച് എൻ വി എഴുതി. ലേഖനം പോലെ തലക്കെട്ടായിരുന്നു ശ്രദ്ധേയം ‘ഭദ്രകാളിയെ പിശാച് പിടിച്ചപ്പോൾ’. പിന്നീട് എട്ട് പുസ്തകങ്ങളായി ഈ ലേഖന സമാഹാരം പുറത്തുവന്നു.

ഡി സി ബുക്‌സ് പുറത്തിറക്കിയ അഖില വിജ്ഞാന കോശം (1988)

1988 ൽ നാല് വാള്യങ്ങളായി ഡി സി ബുക്സ് പ്രസിദ്ധീകരിച്ച ‘അഖില വിജ്ഞാനകോശം‘ ആണ് എൻ വി ഭാഷയ്ക്കു നൽകിയ ഏറ്റവും മികച്ച സംഭാവനകളിലൊന്ന്. മലയാളത്തിലെ ആദ്യത്തെ പൂർണ ഡെസ്ക് എൻസൈക്ലോപീഡിയ എന്ന് വിളിക്കാവുന്ന അഖില വിജ്ഞാനകോശത്തിൻ്റെ ചീഫ് എഡിറ്ററായ എൻ വി അനേകം ലേഖകരെ കണ്ടെത്തി ഭഗീരഥ പ്രയത്നം കൊണ്ടാണ് ഇത് യാഥാർത്ഥ്യമാക്കിയത്. നല്ല സ്വീകരണം ലഭിച്ച ഇതിന് പേര് അഖില വിജ്ഞാനകോശം എന്നിട്ടതും' എൻ വി തന്നെ. സി അച്യുതമേനോൻ, ഇ സി ജി സുദർശൻ, പി ടി ഭാസ്കര പണിക്കർ തുടങ്ങിയവരൊക്കെയായിരുന്നു ഇതിൻ്റെ ഉപദേശക സമിതിയിൽ.

ജോസഫ് പുലിക്കുന്നേൽ പാലാ ഓശാന മൗണ്ടിൽനിന്ന് പ്രസിദ്ധപ്പെടുത്തിയ 1368 പേജുള്ള പഴയ നിയമവും പുതിയ നിയമവും ചേർന്ന മലയാള ബൈബിളിൻ്റെ ഭാഷാ എഡിറ്റർ എൻ വിയായിരുന്നു. ആ ബൈബിളിലെ ഒറ്റ വാക്കും എൻ വി അംഗീകരിക്കാതെ അച്ചടിച്ചില്ല. 1977 ൽ ആരംഭിച്ച് 1983 മേയിൽ പൂർത്തിയാക്കി പ്രകാശനം ചെയ്ത ഈ ബൈബിൾ കേരളത്തിലെ സംഘടിത സഭകൾക്കു സ്വീകാര്യമല്ലായിരുന്നു. ബൈബിളുകളുടെ വികലമായ വിവർത്തനത്തിൽനിന്ന് വ്യത്യസ്തമായ ഈ ബൈബിൾ എതിർപ്പുണ്ടായിട്ടും പതിനായിരക്കണക്കിനു വിറ്റുപോയി. 1979 ൽ രണ്ടാമത് മാതൃഭൂമിയിൽ ചേർന്ന എൻ വി 81 ൽ വീണ്ടും അഭിപ്രായ വ്യത്യാസങ്ങളിൽ മനംമടുത്ത് രാജിവെച്ചു. 1987ൽ മൂന്നാമതും എൻ വി മാതൃഭൂമിയിലെത്തി.

അക്കാലത്ത് മാതൃഭൂമി ദിനപത്രം നേരിട്ട വൻ പ്രതിസന്ധിയെ അതിജീവിച്ചത് എൻ വി കൃഷ്ണ വാര്യരും വി കെ മാധവൻ കുട്ടിയും നടത്തിയ പോരാട്ടത്തിലൂടെയായിരുന്നു. 1989 ൽ മാതൃഭൂമിയുടെ ഒരു മുൻ എഡിറ്ററുടെ സഹായത്തോടെ ടൈംസ് ഓഫ് ഇന്ത്യ മാതൃഭൂമി ദിനപത്രത്തിന്റെ ഓഹരികൾ വാങ്ങി ഉടമസ്ഥാവകാശം നേടാൻ ശ്രമിച്ചു. ‘മാതൃഭൂമി കയ്യടക്കലിനെതിരെ ‘ എന്ന ലേഖനത്തിലൂടെ എൻ വി രംഗത്തുവന്നു. ഈ പ്രതിസന്ധിയിൽ കേരളത്തിലെ സാസ്കാരിക രംഗത്തിൻ്റെ പിന്തുണ മാതൃഭൂമിക്ക് ലഭിച്ചത് എൻ വിയുടെ പ്രവർത്തനങ്ങളിലൂടെയായിരുന്നു.

എൻ വി കൃഷ്ണവാര്യർ, തൻ്റെ പേരിലെ Warrier എഴുതിയത് Warrior എന്നായിരുന്നു. അദ്ദേഹം എല്ലായ്‌പ്പോഴുമൊരു യോദ്ധാവായിരുന്നു, ഒരു ജ്ഞാനയോദ്ധാവ്

ടൈംസ് ഓഫ് ഇന്ത്യക്കെതിരെ മാതൃഭൂമി പത്രത്തിന്റെ എഡിറ്റോറിയൽ സ്‌റ്റാഫിന്റെ ഭൂരിഭാഗത്തിന്റെയും പിൻതുണ എൻ വിയുടെയും മാധവൻ കുട്ടിയുടെ നേതൃത്വത്തിൽ നേടിയെടുത്തു. മാതൃഭൂമി പ്രതിസന്ധി മറികടക്കുകയും ടൈംസ് ഓഫ് ഇന്ത്യയുടെ നീക്കം പരാജയപ്പെടുകയും ചെയ്തതോടെ പത്രത്തിന്റെ ഭരണം നിലവിലെ ഉടമകളുടെ കയ്യിൽ ഭദ്രമായി.

പത്രത്തിൽ ടൈംസ് ഓഫ് ഇന്ത്യയെ അനുകൂലിച്ച പത്രപ്രവർത്തകരെ, ശിക്ഷാ നടപടികളുടെ ഭാഗമായി കൂട്ടമായി സ്ഥലംമാറ്റി എന്നതാണ് ആ ചരിത്രത്തിന്റെ ബാക്കിപത്രം. ‘'മാതൃഭൂമി ഒരു പ്രതിസന്ധി നേരിടേണ്ടിവന്നപ്പോഴാണ് എൻ വി യിലെ വീട്ടുവീഴ്ചയില്ലാത്ത പോരാളിയെ ഞങ്ങൾക്കു കാണാൻ കഴിഞ്ഞത്. ‘‘മാതൃഭൂമിയിൽ അദ്ദേഹം പറഞ്ഞാൽ നടക്കാത്ത ഒരു കാര്യവുമുണ്ടായിരുന്നില്ല. എന്നാൽ അങ്ങനെ ഒരു കാര്യവും അദ്ദേഹം ആവശ്യപ്പെട്ടിരുന്നില്ലന്നതാണ് സത്യം,'’ എംപി വീരേന്ദ്രകുമാർ എൻ വിയുടെ ചരമക്കുറിപ്പിൽ എഴുതി.

1989 ൽ അമേരിക്കയിലെ ബുദ്ധിജീവികൾ അന്ന് കമ്യൂണിസ്റ്റ് ലോകത്ത് നടക്കുന്ന സംഭവങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്ന വിവാദപരമായ, ടൈം മാസികയിൽ വന്ന ലേഖനത്തെ ആസ്പദമാക്കി ആഴ്ചപ്പതിപ്പിൽ എഴുതിയ കുറിപ്പായിരുന്നു എൻ വി അവസാനമെഴുതിയ ലേഖനം. ‘ചരിത്രം അവസാനിക്കുന്നു ‘ എന്നായിരുന്നു അതിൻ്റെ തലവാചകം. ഏതാനും ദിവസങ്ങൾക്കുശേഷം 1989 ഒക്ടോബർ 12ന് എൻ വിയെന്ന പ്രതിഭ അന്തരിച്ചു. ‘ഒരു ചരിത്രം അവസാനിച്ചു.’

‘'പത്രപ്രവർത്തനത്തെപ്പറ്റി സിദ്ധാന്തങ്ങളൊന്നും എൻ വി പറഞ്ഞിരുന്നില്ല. സഹപ്രവർത്തകർക്കു വേണ്ടിയെന്നോണം അദ്ദേഹം അക്കാലത്തിലൊരിക്കൽ പറഞ്ഞ ഒരു വാചകം പലപ്പോഴും ഞാൻ ഓർമിക്കാറുണ്ട്-ആളുകൾക്ക് രസിക്കണം, എന്തെങ്കിലും പഠിക്കാനും ഉണ്ടാകണം-അത് എന്നും പ്രസക്തമായ പത്രപ്രവർത്തകൻ്റെ തത്വശാസ്ത്രത്തിൻ്റെ രത്നച്ചുരുക്കമായി ഞങ്ങൾ മനസ്സിൽ ആദരവോടെ സൂക്ഷിക്കുന്നു,'' ദീർഘകാലം സഹപ്രവർത്തകനായിരുന്ന എം ടി വാസുദേവൻ നായർ എൻ വി അന്തരിച്ചപ്പോൾ എഴുതി.

എൻ വി കൃഷ്ണവാര്യർ തൻ്റെ പേരിലെ Warrier എഴുതിയത് Warrior എന്നായിരുന്നു. അദ്ദേഹം എല്ലായ്‌പ്പോഴുമൊരു യോദ്ധാവായിരുന്നു- ഒരു ജ്ഞാനയോദ്ധാവ്.

ഒറ്റക്കെട്ടായി മഹാ വികാസ് അഘാഡി; തുല്യഎണ്ണം സീറ്റുകള്‍ പങ്കുവച്ച് കോണ്‍ഗ്രസും ശിവസേനയും എന്‍സിപിയും

'യുദ്ധമല്ല, ചര്‍ച്ചയാണ് നയം, ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഇരട്ടത്താപ്പ് പാടില്ല'; ബ്രിക്‌സ് ഉച്ചകോടിയില്‍ മുന്നറിയിപ്പുമായി ഇന്ത്യ

മണിക്കൂറിൽ 120 കിലോ മീറ്റർ വേഗം, തീവ്ര ചുഴലിക്കാറ്റായി കര തൊടാൻ ദന; അതീവ ജാഗ്രതയിൽ ഒഡിഷ

ചീഫ് ജസ്റ്റിസ് വിരമിക്കുന്നതിനു മുൻപ് വാദം പൂര്‍ത്തിയാക്കാനാകില്ല; വൈവാഹിക ബലാത്സംഗ കേസ് സുപ്രീംകോടതിയുടെ പുതിയ ബെഞ്ചിലേക്ക്

ബൈജൂസിന് കനത്ത തിരിച്ചടി; ബിസിസിഐയുമായുള്ള ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീംകോടതി, വിധി കടക്കാരുടെ ഹര്‍ജിയില്‍