എപ്പോഴും കുഴപ്പത്തിൽ ചാടാൻ ശ്രമിക്കുക. ചാടിക്കഴിഞ്ഞാൽ കരകേറാൻ ശ്രമിക്കുക! - ബ്ലിറ്റ്സ് വാരികയുടെ എഡിറ്ററായിരുന്ന ആർ കെ കരഞ്ചിയയുടെ പത്രപ്രവർത്തനത്തിലെ വിശ്വാസപ്രമാണമായിരുന്നു അത്. ചാടിയ കുഴപ്പങ്ങളിൽ നിന്ന് പലപ്പോഴും കരഞ്ചിയ സമർഥമായി കരകേറി എന്ന് മാത്രമല്ല എതാണ്ട് മൂന്ന് പതിറ്റാണ്ടോളം ബ്ലിറ്റ്സ് ഇന്ത്യൻ പത്രരംഗത്ത് തിളങ്ങി നിന്ന വാരികയായി തുടർന്നു.
അവിഭക്ത ഇന്ത്യയിലെ ബലൂചിസ്താനിലെ ഒരു പാഴ്സി കുടുംബത്തിൽ ജനിച്ച റുസ്തോം ഖുർഷേദ്ജി കരഞ്ചിയ ബലൂചിസ്ഥാനിൽ നിന്ന് ബോംബെയിൽ വന്ന് പാഴ്സി സമൂഹത്തിൽ ചേക്കേറിയ വ്യക്തിയായിരുന്നു. ചില വിദേശ പത്രങ്ങളുടെ ലേഖകനായി പത്രപ്രവർത്തനമാരംഭിച്ച കരഞ്ചിയ രണ്ടാം ലോക മഹായുദ്ധക്കാലത്ത് ടൈംസ് ഓഫ് ഇന്ത്യയിൽ ചേർന്ന് ബർമയിൽ പോയി യുദ്ധ വാർത്തകൾ റിപ്പാർട്ട് ചെയ്തതോടെ ശ്രദ്ധേയനായി.
അക്കാലത്ത് നിരവധി സ്കൂപ്പുകൾ കരഞ്ചിയ ടൈംസ് ഓഫ് ഇന്ത്യക്ക് വേണ്ടി റിപ്പോർട്ട് ചെയ്തു. ടൈംസിൻ്റെ പ്രത്യേക ലേഖകനായ കരഞ്ചിയയുടെ സാഹസിക റിപ്പോർട്ടിങ്ങ് ശൈലി പത്രലോകത്ത് ഏറെ ശ്രദ്ധേയമായിരുന്നു.
ഒരിക്കൽ ഇന്ത്യയിലെ രാജാക്കന്മാരുടെ സംഘടനയായ ‘ചേമ്പർ ഓഫ് പ്രിൻസ്സ്’ യോഗം ചേർന്നു. പത്രക്കാർക്ക് പ്രവേശനമില്ലാത്ത രഹസ്യ യോഗമായിരുന്നു അത്. കരഞ്ചിയ ഒരു ഇന്ത്യൻ രാജാവിനെപ്പോലെ വില കൂടിയ ‘അച്ച്കൻ’ ധരിച്ച്, വാടകയ്ക്ക് എടുത്ത ഒരു റോൾസ് റോയ്സ് കാർ ഓടിച്ച് യോഗം ചേരുന്ന സ്ഥലത്തേക്ക് വന്നു. സെക്യൂരിറ്റിക്കാർ എതോ രാജാവാണെന്ന് വിചാരിച്ച് കരഞ്ചിയയെ കവാടത്തിൽ തടയാതെ കടത്തി വിട്ടു. പിറ്റേന്നാൾ ടൈംസ് ഓഫ് ഇന്ത്യയിൽ മാത്രമായി വന്ന യോഗത്തിൻ്റെ വാർത്ത കണ്ട് രാജാക്കന്മാർ ഞെട്ടി.
കരഞ്ചിയയും ബ്ലിറ്റ്സും ഇന്ത്യൻ പത്ര ലോകത്ത് ഒരു ഇടിമിന്നലായി മാറി. ഇൻവസ്റ്റിഗേറ്റീവ് പത്രപ്രവർത്തനം സ്വതന്ത്ര ഇന്ത്യയിൽ ആദ്യം തുടങ്ങിയത് ബ്ലിറ്റ്സ് ആയിരുന്നു
ബ്രിട്ടിഷ് ഉടമസ്ഥതയിലുള്ള ടൈംസ് ഓഫ് ഇന്ത്യയുടെ ആദ്യത്തെ ഇന്ത്യൻ എഡിറ്ററാകുമെന്ന് കരഞ്ചിയ കരുതിയെങ്കിലും മാനേജ്മെൻ്റ് എഡിറ്ററാക്കിയത് ഫ്രാങ്ക് മൊറൈസിനെയാണ്. അതോടെ കരഞ്ചിയ ടൈംസ് ഓഫ് ഇന്ത്യ വിട്ടു. കൂടെ രാജിവച്ച രണ്ട് പ്രശസ്തരായിരുന്നു ഡി എഫ് കാരകയും രമേഷ് ഥാപ്പറും. കാരക പിന്നീട് ‘കറൻ്റ് ‘ വാരിക ആരംഭിച്ചു; രമേഷ് ഥാപ്പർ ‘സെമിനാറും’
1941 ഫെബ്രുവരി ഒന്നിന് ബോംബെയിൽനിന്ന് ഇന്ത്യയിലെ ആദ്യത്തെ ടാബ്ലോയ്ഡ് വാരിക യായ ‘ബ്ലിറ്റ്സി’ന്റെ ആദ്യ ലക്കം ആർ കെ കരഞ്ചിയ എഡിറ്ററായി ലക്കം പുറത്തിറങ്ങി. ‘Our BLITZ’, 'India’s BLITZ against Hitler' എന്ന വാചകങ്ങൾ മുഖചിത്രത്തിൽ കൊടുത്തിരുന്നു. ബ്ലിറ്റ്സ് എന്നാൽ ജർമൻ ഭാഷയിൽ ഇടിമിന്നൽ എന്നർഥം. ഹിറ്റ്ലറുടെ പടയുടെ മിന്നലാക്രമണങ്ങളെ ‘ബ്ലിറ്റ് സ്ക്രീഗ്’ ( മിന്നലാക്രമണം) എന്ന് വിളിച്ചിരുന്നു. ‘Free, Frank And Fearless’ എന്നായിരുന്നു മാസ്റ്റ് ഹെഡിനു താഴെ കുറിച്ച ആപ്തവാക്യം.
കരഞ്ചിയയും ബ്ലിറ്റ്സും ഇന്ത്യൻ പത്ര ലോകത്ത് ഒരു ഇടിമിന്നലായി മാറി. ഇൻവസ്റ്റിഗേറ്റീവ് പത്രപ്രവർത്തനം സ്വതന്ത്ര ഇന്ത്യയിൽ ആദ്യം തുടങ്ങിയത് ബ്ലിറ്റ്സ് ആയിരുന്നു. ഇന്ത്യയിലും വിദേശത്തുമുള്ള വായനക്കാരുടെ ശ്രദ്ധനേടിയ ബ്ലിറ്റ്സ് വാരിക ഏറെ താമസിയാതെ വായനക്കാരേറ്റെടുത്ത പ്രസിദ്ധീകരണമായി. നാല് മാസം കൊണ്ട് പ്രചാരം ഇരുപതിനായിരം കോപ്പികളായി ഉയർന്നു.
രണ്ടാം ലോകമഹായുദ്ധകാലത്ത് പരുക്കേറ്റ ഇന്ത്യൻ ഭടന്മാർക്ക് ചികിത്സയ്ക്കും പുരധിവാസ പ്രവർത്തനങ്ങൾക്കുമായി ഒരു ഫണ്ട് സ്വരൂപിക്കാനായി ബ്ലിറ്റ്സ് പ്രചരണം നടത്തി. വൻ വിജയമായ ഈ ഫണ്ട് പിരിവിൽ, വായനക്കാരിൽ നിന്ന് സമാഹരിച്ച ഒന്നര ലക്ഷം രൂപ പൂനെയിലെ ബ്രിട്ടീഷ് ജനറൽ ആശുപത്രിക്ക് നൽകി. 1942 ൽ ക്വിറ്റ് ഇന്ത്യാ സമരത്തിൽ അറസ്റ്റ് ചെയ്ത ജവഹർലാൽ നെഹ്റുവിനെ മോചിപ്പിക്കാനായി ബ്ലിറ്റ്സിലൂടെ നടത്തിയ പ്രചാരങ്ങൾക്കെതിരെ ബ്രിട്ടീഷ് അധികാരികൾ കേസെടുത്തു. ഒടുവിൽ 3000 രൂപ പിഴയടക്കേണ്ടി വന്നു. ഇന്ത്യ സ്വതന്ത്രമായതോടെയാണ് കരഞ്ചിയ പത്രലോകത്ത് വ്യത്യസ്തമായ ഒരു ശൈലി കെട്ടിപ്പടുത്ത് മുന്നേറാൻ തുടങ്ങിയത്.
ജവഹർലാൽ നെഹ്റുവിനെ ആദരിച്ചിരുന്ന കരഞ്ചിയ നെഹ്റുവിൻ്റെ വീക്ഷണങ്ങളോട് ബഹുമാനം പുലർത്തി. എന്നാൽ കോൺഗ്രസിനെ അഴിമതിക്കാരും പിന്തിരിപ്പന്മാരുമായാണ് അദ്ദേഹം കണ്ടിരുന്നത്. ബോംബെയിലെ മദ്യനിരോധത്തിനു കാരണക്കാരനായ മൊറാർജിയെ മൊറാർ - ജിൻ എന്ന് ബ്ലിറ്റ്സിലൂടെ വിശേഷിപ്പിക്കാൻ കരഞ്ചിയ മടിച്ചില്ല. മതേതരത്വത്തെ ശക്തമായി അനുകൂലിച്ച ബ്ലിറ്റ്സ് സോഷ്യലിസത്തെയും ആസൂത്രണത്തെയും പിന്തുണച്ചു. വലതുപക്ഷ, വർഗീയ രാഷ്ട്രീയക്കാരെ പുച്ഛത്തോടെ കൈകാര്യം ചെയ്തു.
1958 ൽ നെഹറുവിൻ്റെ മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായിരുന്ന ടി ടി കൃഷ്ണമാചാരി രാജിവയ്ക്കാനുണ്ടായ കാരണമായ ‘മുൻദ്ര’ കേസ് ആദ്യമായി പുറത്ത് കൊണ്ടുവന്നത് ബ്ലിറ്റ്സ് ആയിരുന്നു
സ്വാതന്ത്ര്യത്തിന് മുമ്പുതന്നെ ബോംബെ ഏറ്റവും ചലനാത്മകവും ആധുനികവുമായ ഇന്ത്യൻ നഗരമായിരുന്നു. ഒരു പ്രാദേശിക സംസ്കാരവും ഈ നഗരത്തിൻ്റെ സാംസ്കാരികവും സാമൂഹികവുമായ ജീവിതത്തിൽ ആധിപത്യം സ്ഥാപിച്ചില്ല. ഹിന്ദുക്കൾ, മുസ്ലീങ്ങൾ, ക്രിസ്ത്യാനികൾ, ജൈനർ, സൊരാഷ്ട്രിയർ, യഹൂദർ - കൂടാതെ ഭാഷാ വിഭാഗങ്ങളായ മറാഠി, കൊങ്കണി, ഹിന്ദി, ഉറുദു, തെലുങ്ക് ഭാഷകൾ സംസാരിക്കുന്നവരും മറ്റ് നിരവധി മതവിഭാഗങ്ങളുമുള്ള മിശ്രിത സമൂഹമാണ് ഈ നഗരം. ഉത്തരേന്ത്യയിൽ നിന്നുള്ള എഴുത്തുകാരും ബുദ്ധിജീവികളും പത്രപ്രവർത്തനത്തിലും ചലച്ചിത്രമേഖലയിലും പ്രവർത്തിക്കാൻ ബോംബെയിലേക്ക് ഒഴുകിയെത്തി. ഈയൊരു പശ്ചാത്തലത്തിൽ ബ്ലിറ്റ്സിനും കരഞ്ചിയക്കും എഴുതാൻ സ്വതന്ത്ര ഇന്ത്യയിൽ വിഷയവൈവിധ്യം വേണ്ടുവോളമുണ്ടായിരുന്നു.
ബോംബയിലെ ടെക്സ്റ്റയിൽ രംഗത്ത് നടക്കുന്ന അഴിമതികൾ ആദ്യമായി തുറന്ന് കാട്ടിയ ഒരു ലേഖന പരമ്പര ഡി വി നദ്കർണി ബ്ലിറ്റ്സിൽ എഴുതി. സർക്കാർ ഉദ്യോഗസ്ഥരുടെ സഹായത്താൽ, വില കൂട്ടുന്നതിനായി സ്റ്റോക്കുകൾ പൂഴ്ത്തിവെക്കുന്ന വൻകിട തുണിമൊത്തവ്യാപാരികളുടെ കളികൾ ഇതോടെ പുറത്ത് വന്നു. പൊതുപണം ദുരുപയോഗം ചെയ്യൽ, സെക്സ് റാക്കറ്റുകൾ, സമ്പന്നരായ വ്യവസായികളും പ്രോപ്പർട്ടി ഡെവലപ്പർമാരും പാവപ്പെട്ടവരെ കബളിപ്പിച്ച് റിയൽ എസ്റ്റേറ്റ് രംഗത്ത് നടത്തുന്ന കൊള്ളകൾ എന്നിവ ബ്ലിറ്റ്സിൽ ലേഖനങ്ങളായി വന്നതോടെ വസ്തുതകൾ പുറംലോകമറിഞ്ഞു
'നോക്ക് ഔട്ട്' എന്ന സ്‌പോർട്‌സ് കോളം എഴുതിയ പ്രശസ്തനായ പത്രപ്രവർത്തകൻ എഫ് എസ് തല്യാർഖാൻ സ്‌പോർട്‌സ് അധികാരികൾ നടത്തുന്ന കള്ളക്കളികൾ തൻ്റെ പംക്തിയിലൂടെ ജനങ്ങളെ അറിയിച്ചു. എന്തുകൊണ്ട് ഇന്ത്യൻ കായിക താരങ്ങൾ നിലവാരമില്ലാത്തവരായി പുറം തള്ളപ്പെടുന്നു എന്നതിനുള്ള ഉത്തരമായിരുന്നു ഇത്. ഇന്ത്യൻ സ്പോർട്സ് രംഗത്തെ അഴിമതികളും ഉദ്യോഗസ്‌ഥ ചേരിപ്പോരുകളും ആദ്യമായി പുറത്ത് വരുന്നത് ബ്ലിറ്റ്സിലൂടെയാണ്. ക്വാജ അഹമ്മദ് അബ്ബാസ് എഴുതിയ ‘ ലാസ്റ്റ് പേജ്’ ഇന്ത്യയിൽ ഏറ്റവും അധികം വായനക്കാരുള്ള പംക്തിയായിരുന്നു. സൂര്യന് കീഴിലുള്ള ഏതൊരു വിഷയവും ആധികാരികമായി പ്രതിപാദിക്കുന്ന ഈ പംക്തി 40 വർഷത്തോളം ബ്ലിറ്റ്സിൽ പ്രത്യക്ഷപ്പെട്ടു.
1958 ൽ നെഹ്റുവിൻ്റെ മന്ത്രിസഭയിൽ ധനകാര്യ മന്ത്രിയായിരുന്ന ടി ടി കൃഷ്ണമാചാരി രാജിവയ്ക്കാന്‍ കാരണമായ ‘മുൻദ്ര’ കേസ് ആദ്യമായി പുറത്ത് കൊണ്ടുവന്നത് ബ്ലിറ്റ്സ് ആയിരുന്നു; എഴുതിയ റിപ്പോർട്ടർ മലയാളിയായ എ രാഘവനും. ഹരിദാസ് മുൻദ്രയെന്ന കൽക്കട്ട വ്യവസായിയുടെ കമ്പനി ഓഹരികൾ അധിക വില കൊടുത്ത് അനധികൃതമായി എല്‍ഐസി വാങ്ങിയെന്ന ആരോപണമായിരുന്നു അത്. ഒരു കോടി ഇരുപത്തിയാറ് ലക്ഷത്തിൽപരം രൂപയുടെ അഴിമതി. പിന്നീട് പാർലമെൻ്റിൽ ഈ ആരോപണം ഉയർത്തി എം പിയായ ഫിറോസ് ഗാന്ധി രംഗത്തെത്തി. ഇത്തരത്തിൽ എല്‍ഐസിയുടെ നിക്ഷേപ കമ്മിറ്റിയുടെ അംഗീകാരമില്ലാതെ നടന്ന ഇടപാട് ആണിതെന്ന ഗുരുതരമായ ആരോപണത്തിലൂടെ നെഹ്റു മന്ത്രിസഭയെ തന്നെ വെട്ടിലാക്കി. മൂന്ന് ദിവസം ഫിറോസ് പാർലിമെന്റിൽ തുടർച്ചയായ വാദം നടത്തി. ധനകാര്യ മന്ത്രി ടി ടി കൃഷ്ണമാചാരി ആദ്യം ഇത് നിഷേധിച്ചു. ഈ കാര്യത്തിൽ ഫിറോസ് ഗാന്ധി പാർലമെന്റിനോട് വിശദീകരണം ആവശ്യപ്പെട്ടു. ഗത്യന്തരമില്ലാതെ, പ്രധാനമന്ത്രി നെഹ്റു റിട്ട. ജസ്റ്റിസ് ഛഗ്ലയെ എകാംഗ കമ്മിഷനായി അന്വേഷണം പ്രഖ്യാപിച്ചു. 24 ദിവസം കൊണ്ട് അന്വേഷണം പൂർത്തിയാക്കിയ ജസ്റ്റിസ് ഛഗ്ല ഇടപാടിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് റിപ്പോർട്ട് സമർപ്പിച്ചു. അതോടെ കൃഷ്ണമാചാരി ധനകാര്യ മന്ത്രി സ്ഥാനം രാജിവച്ചു.
വർഷങ്ങൾക്ക് ശേഷം വിവാദമായ ‘പോണ്ടിച്ചേരി ലൈസൻസ് അപവാദ’വും രാഘവൻ ബ്ലിറ്റ്സിലൂടെ എഴുതിയത് പാർലമെൻ്റിൽ ഒച്ചപ്പാടുണ്ടാക്കി. തുൾ മോഹൻ റാം എന്ന എം പി ലൈസൻസ് അനുവദിക്കാൻ കൈക്കൂലി വാങ്ങിയെന്നായിരുന്നു കേസ്. അതോടെ രാഷ്ട്രീയക്കാർ ബ്ലിറ്റ്സിനെ ഭയക്കാൻ തുടങ്ങി.
65 വർഷം മുൻപ് ഇന്ത്യയാകെ ഉറ്റുനോക്കിയ ബോംബെയിലെ ‘നാനാവതി കേസ്’ ഒരു കൊലപാത കേസിനേക്കാളുപരി, കേസിൽ കോടതി കൈക്കൊണ്ട ചില നടപടിക്രമങ്ങൾ കാരണം ഇന്ത്യയിലെ നിയമജ്ഞരേയും സമൂഹത്തേയും ആശയക്കുഴപ്പത്തിലാക്കിയ ഒരു സംഭവമായിരുന്നു. ഒരു പക്ഷേ, ഇന്ത്യയിൽ ഏറ്റവുമധികം മാധ്യമ ശ്രദ്ധ നേടിയ കൊലപാതകകേസ്. സമൂഹത്തെ ആകെ ഞെട്ടിച്ച ദുരന്തമായിരുന്നു കമാൻഡർ നാനാവതിയുടെ തോക്കിൽ നിന്ന് ചീറിപ്പാഞ്ഞ ആ മൂന്ന് വെടിയുണ്ടകൾ ! ആ കൊലപാതകക്കേസ് ഇന്ത്യയൊട്ടുക്കു ശ്രദ്ധ നേടാൻ കാരണം കരഞ്ചിയയുടേയും ബ്ലിറ്റ്സ് വാരികയുടെയും ഇടപെടലായിരുന്നു. നാനാവതിക്കേസ് സമർഥമായി റിപ്പോർട്ട് ചെയ്ത് ബ്ലിറ്റ്സ് വാരിക സാർവദേശീയ ശ്രദ്ധ നേടി. കരഞ്ചിയയും ബ്ലിറ്റ്സും തങ്ങളുടെ ഈ വാർത്താ തരംഗത്തിലൂടെ ഈ കേസിലെ പ്രതിയായ നാനാവതിയെ ഒരു ഹീറോ തന്നെയാക്കി.
മലയാളിയും കമ്മ്യൂണിസ്റ്റ് നേതാവുമായ കുഞ്ഞനന്തൻ നായർ ബെർലിനിൽ കിഴക്കൻ യൂറോപ്പ് വാർത്താ ലേഖകനായി പ്രവർത്തിച്ചത് ബ്ലിറ്റ്സിനു വേണ്ടിയായിരുന്നു
ഇന്ത്യൻ നേവിയിലെ ഒരു കമാന്‍ഡറായിരുന്നു പാഴ്സി വംശജനായ സുന്ദരനും സുമുഖനുമായ ക്വവാസ് നാനാവതിയെന്ന ആറടിപ്പൊക്കമുള്ള യുവാവ്. തൻ്റെ ഇംഗ്ലീഷുകാരി ഭാര്യ സിൽവിയയും മൂന്ന് കുട്ടികളുമായി ബോംബെയിലെ കൊളാബയിൽ സന്തോഷകരമായി ജീവിക്കുകയായിരുന്നു അദ്ദേഹം. ജോലി സംബന്ധമായി ഇടയ്ക്കിടെ കടൽ യാത്ര ഉള്ളതിനാൽ നാവികൻ നാനാവതി മുന്നോ നാലോ മാസം കപ്പലിലായിരിക്കും. ഈ സമയത്ത് സിൽവിയ വല്ലാതെ എകാന്തത അനുഭവിച്ചു. അങ്ങനെയിരിക്കുമ്പോഴാണ് ഒരു വില്ലൻ അവരുടെ ജീവിതത്തിൽ കടന്നുവരുന്നത്. 34 വയസുകാരനും അവിവാഹിതനുമായ പ്രേം അഹൂജയെ സിൽവിയ പരിചയപ്പെട്ടു. ഒരു ഓട്ടോമൊബൈൽ ബിസിനസുകാരനായിരുന്നു സിന്ധിയായ അഹൂജ. നാനാവതിയുടെ അസാന്നിധ്യത്തിൽ ആ ബന്ധം വളർന്നു.
1959 ഏപ്രിൽ 27 ന് തൻ്റെ രണ്ട് മാസത്തെ കടൽ യാത്ര കഴിഞ്ഞ് തിരികെയെത്തിയ നാനാവതി ഭാര്യയുടെ പെരുമാറ്റത്തിലെ അസ്വാഭാവികതയിൽ അസ്വസ്ഥനായി. കാര്യങ്ങൾ സിൽവിയ ഏറ്റ് പറഞ്ഞതോടെ നാനാവതി അഹൂജയുടെ വീട്ടിലേക്ക് ചെന്നു. പോകുന്ന വഴി നേവി ഓഫിസിൽ നിന്ന് ഒരു കൈത്തോക്ക് എടുത്തിരുന്നു. കുളി കഴിഞ്ഞ് ഒരു ടൗവൽ മാത്രം ധരിച്ച് നിന്ന അഹൂജയുമായി അവിടെ വച്ച് ചൂടേറിയ വാക്കേറ്റമുണ്ടായി. ഒടുവിൽ മൂന്ന് തവണ വെടി പൊട്ടി. നേവി കമാന്‍ഡർ നാനാവതി ഭാര്യയുടെ കാമുകൻ പ്രേം അഹൂജയെ വെടിവച്ചു കൊന്നു. ഇതാണ് ഇന്ത്യ മുഴുവൻ ഉറ്റു നോക്കിയ നാനാവതി കേസ്. നാവികസേനയിലെ തൻ്റെ മേലധികാരിയുടെ നിർദേശപ്രകാരം പിന്നീട് നാനാവതി പോലീസിൽ കീഴടങ്ങി.
പിന്നെയുണ്ടായത് അസാധാരണ സംഭവങ്ങളായിരുന്നു. കരഞ്ചിയയും ബ്ലിറ്റ്സും നാനാവതിക്ക് പരസ്യമായ പിന്തുണ പ്രഖ്യാപിച്ചു. ഒരു ദേശസ്നേഹിയായ നാനാവതിയെ ഉറ്റസ്നേഹിതനാൽ വഞ്ചിക്കപ്പെട്ട ഉത്തമനായ ഭർത്താവായി ബ്ലിറ്റ്സ് ചിത്രീകരിച്ചു. ഒരു ഉപരി മധ്യവർഗ കുടംബത്തിൽ നടന്ന ഈ അവിവിഹിത കഥ അക്കാലത്ത് ബോംബെയിലെ എല്ലാ തീൻ മേശകളിലും ചൂടുള്ള ചർച്ചയ്ക്ക് വഴിയൊരുക്കി. കേസ് കോടതിയിൽ എത്തുമ്പോഴേക്കും ഇന്ത്യയൊട്ട് ചർച്ചാവിഷയമായ ഒന്നായി ഈ സംഭവം. ബോംബെയിൽ അളവറ്റ് സ്വാധീനമുള്ള പാഴ്സി സമൂഹം നാനാവതിക്കനുകൂലമായി റാലികൾ സംഘടിപ്പിച്ചു. അത് ബോബെയിലെ സിന്ധികളെ പ്രകോപിപ്പിച്ചു. ബോംബെയിൽ ഒരു സമുദായ ലഹളക്ക് വഴിയൊരുങ്ങുന്നു എന്ന ഘട്ടം വരെയെത്തി. കേസിൻ്റെ സമയത്ത് ബ്ലിറ്റ്സിൻ്റെ ഒരു കോപ്പി 25 പൈസയായിരുന്നു. എന്നാൽ ആവശ്യക്കാർ കരിചന്തയിൽ 2 രൂപയ്ക്ക് വരെ വാങ്ങാൻ തയ്യാറായി. ഏറ്റവും വിചിത്രമായത് കേസിൻ്റെ വാദം നടക്കുമ്പോൾ തെരുവിൽ അഹൂജ ബ്രാൻഡ് ടവലുകളും നാനാവതികളിത്തോക്കുകളും കച്ചവടക്കാർ വിൽപ്പനക്കെത്തിച്ചെന്നതാണ്. അത്രയ്ക്ക് പ്രചാരം നേടിയ കേസായി നാനാവതി കൊലക്കേസ് മാറിയിരുന്നു.
കേസിൻ്റെ വിചാരണ കഴിഞ്ഞപ്പോൾ ജൂറി പ്രതിയായ നാനാവതി നിരപരാധിയാണെന്ന് വിലയിരുത്തി. പക്ഷേ, ജഡ്ജി വിയോജിച്ചു. പിന്നീട് അത് റദ്ദാക്കി പുനര്‍വിചാരണ നടത്തി. കൊലപാതകം ആസൂത്രിതമാണെന്ന പ്രോസിക്യൂഷൻ വാദം ഹൈക്കോടതി അംഗീകരിച്ചു. മന:പൂർവമല്ലാത്ത നരഹത്യക്ക് നാനാവതിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. പിന്നീട് അപ്പീലിൽ സുപ്രീം കോടതി വിധി ശരിവച്ചു. മൂന്ന് കൊല്ലം തടവിൽ കഴിഞ്ഞ നാനാവതിയെ ഒടുവിൽ മഹാരാഷ്ട്ര ഗവർണർ വിജയ ലക്ഷ്മി പണ്ഡിറ്റ് പൊതുമാപ്പ് നൽകി മോചിപ്പിച്ചു. പിന്നീട് നാനാവതി കുടംബ സമേതം കാനഡയിലേക്ക് കുടിയേറി. 2003 ൽ നാനാവതിഅന്തരിച്ചു.
ഈ സംഭവത്തെ ആസ്പദമാക്കിയാണ് റുസ്തം(2016) എന്ന ഹിന്ദി ചലചിത്രം. ശരിയോ തേറ്റോ ആണെങ്കിലും കുറ്റവാളിയായ ഒരാൾക്ക് വേണ്ടി അനുകൂലമായ പൊതുജനാഭിപ്രായം രൂപീകരിച്ച് അയാളുടെ ശിക്ഷ കുറവ് ചെയ്തു മോചിപ്പിക്കുന്നതുവരെയുള്ള കാര്യങ്ങളിൽ ബ്ലിറ്റ്സും കരഞ്ചിയയും വഹിച്ച പങ്ക് നിസ്തുലമായിരുന്നു. ഇന്ത്യൻ നിയമ വ്യവസ്ഥയിലെ ജൂറി വിചാരണ നടന്ന അവസാന കേസുകളിലൊന്നാണ് നാനാവതി കേസ്. ഈ കേസിൽ പ്രോസിക്യൂഷന് വേണ്ടി ഹാജരായ രാംജത്ത് മലാനിയെന്ന യുവ പ്രോസിക്യൂട്ടർ പിന്നീട് ഇന്ത്യയിലെ പ്രശസ്തനായ അഭിഭാഷകനായി അറിയപ്പെട്ടു.
ബ്ലിറ്റ്സ് പതിയെ പതിയെ ഇന്ത്യയിലെ ഏറ്റവും മികച്ച പ്രസിദ്ധീകരണങ്ങളിലൊന്നായി മാറി. എട്ട് ലക്ഷം കോപ്പികൾ പ്രചാരവും ഇരുപത് ലക്ഷം വായനക്കാരും ഇംഗ്ലീഷ്, ഹിന്ദി, ഉറുദു, മറാഠി പതിപ്പുകളുമുള്ള പ്രസിദ്ധീകരണം.
രമേഷ് സംഗ്‌വി, കെ എ അബ്ബാസ്, ജി കെ റെഡ്ഡി, തയാസെൻകിൻ, എ രാഘവൻ തുടങ്ങിയ പത്രപ്രവർത്തകരും എഴുത്തുകാരുമായിരുന്നു ബ്ലിറ്റ്സിൻ്റെ നെടുംതൂണുകൾ. മലയാളിയും കമ്മ്യൂണിസ്റ്റ് നേതാവുമായ കുഞ്ഞനന്തൻ നായർ ബെർലിനിൽ കിഴക്കൻ യൂറോപ്പ് വാർത്താ ലേഖകനായി പ്രവർത്തിച്ചത് ബ്ലിറ്റ്സിനു വേണ്ടിയായിരുന്നു.
1961 ൽ പ്രധാനമന്ത്രി നെഹ്റുവിനെതിരെ പാർലിമെൻ്റിൽ അവിശ്വാസപ്രമേയം കൊണ്ടു വന്ന ജെ ബി കൃപലാനിയുടെ പ്രസംഗത്തിനെതിരെ ബ്ലിറ്റ്സിൽ കരഞ്ചിയ എഴുതിയ ലേഖനം അവകാശലംഘനമായി കണക്കാക്കി ലോക്സഭ സമിതി വിശദീകരണം ആവശ്യപ്പെട്ടു. നോട്ടിസിന് മറുപടിയിൽ കരഞ്ചിയ എഴുതി, “പത്രസ്വാതന്ത്ര്യം ദേശസ്നേഹിയായ പത്രപ്രവർത്തകന് അലങ്കാരത്തിൻ്റെ ഒരു കാര്യമല്ല: വിശ്വാസത്തിൻ്റെ ഒരു ലേഖനവും പവിത്രമായ ഒരു കടമയുമാണ്."
ബാലഗംഗാധര തിലകനെ ഉദ്ധരിച്ച് കരഞ്ചിയ ആരംഭിച്ചത്: "കേസരി മാസിക ആരംഭിച്ചപ്പോൾ പത്രപ്രവർത്തകർ എഴുത്ത് അലങ്കാരമാക്കി. ഭരണാധികാരികളെ ക്രിയാത്മകമായി ആഹ്ളാദിപ്പിക്കുന്നില്ലെങ്കിൽ, അവരെ എതിർക്കരുതെന്ന് കണക്കുകൂട്ടി. ആ നാളുകൾ എന്നോ കഴിഞ്ഞു. പത്രപ്രവർത്തകർ എന്ന നിലയിൽ ഞങ്ങൾ ആളുകളെ ഉണർത്തുകയും ഒരുമിപ്പിക്കുകയും ചെയ്യുന്നു.” ഈ വിശദീകരണത്തിൽ തൃപ്തനാവാതെ സ്പീക്കർ കരഞ്ചിയയെ പാർലമെൻ്റിൽ വിളിച്ചു വരുത്തി ശാസിച്ചു. കരഞ്ചിയ പാർലമെൻ്റിൻ്റെ ശാസനം ആദരവോടെ തന്നെ സ്വീകരിച്ചു.
പ്രശസ്തിയോടൊപ്പം തന്നെ മാനനഷ്ടക്കേസുകളും ബ്ലിറ്റ്സിന് വർധിച്ചു. വിമോചന സമരകാലത്ത് ബ്ലിറ്റ്സിൻ്റെ തിരുവനന്തപുരം ലേഖകനായ രാമ മേനോൻ എഴുതിയ ലേഖനത്തിൽ കൊടുത്ത ഫോട്ടോയുടെ അടിക്കുറിപ്പായി പ്രസിദ്ധീകരിച്ചത് മാനനഷ്ട കേസായി പരിണമിച്ചു. കരഞ്ചിയക്ക് നോട്ടീസ് ചെന്നു. തിരുവനന്തപുരത്ത് വെള്ളയമ്പലം ബിഷപ്പിൻ്റെ അരമനക്കു സമീപം കയ്യിൽ കല്ലുമായി ഗുണ്ടകൾ ബിഷപ്പിൻ്റെ മണിയടി കാത്ത്, ട്രാൻസ്പോര്‍ട്ട് ബസിന് കല്ലെറിയാൻ കാത്തു നിൽക്കുന്നു എന്നായിരുന്നു ഫോട്ടോ ക്യാപ്ഷൻ. വാസ്തവത്തിൽ അത് തൊട്ടടുത്തുള്ള സ്കുളിൽ വിദ്യാർഥികൾ പോലിസിനെ കല്ലെറിയുന്നത് റിപ്പോർട്ട് ചെയ്യാൻ വന്ന ഒരു കൂട്ടം പത്രലേഖകരായിരുന്നു. തിരുവനന്തപുരത്ത്നിന്ന് പ്രസിദ്ധീകരിക്കുന്ന 'മലയാള രാജ്യം' പത്രലേഖകനായ ടി ചെല്ലപ്പൻ പിള്ള ആ ഫോട്ടോയിൽ ഉണ്ടായിരുന്നു. ഇതിൽ മാനക്കേട് തോന്നിയ ചെല്ലപ്പൻ പിള്ള ബ്ലിറ്റ്സിലെ സത്യവിരുദ്ധമായ ഈ വാർത്താ ചിത്രത്തിന് ക്ഷമ പറഞ്ഞ് മാപ്പ് പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ട് എഡിറ്ററായ കരഞ്ചിയക്ക് വക്കീൽ നോട്ടിസ് അയച്ചു. ഫോട്ടോയിലെ പത്രലേഖകനെ തിരിച്ചറിയാത്തതിനാൽ പറ്റിയ അബദ്ധമാണെന്ന് ഒരു കുറിപ്പ് കരഞ്ചിയ ബ്ലിറ്റ്സിൽ പ്രസിദ്ധീകരിച്ചു. പക്ഷേ, ചെല്ലപ്പൻ പിള്ള വിടാൻ തയ്യാറായില്ല. അദ്ദേഹം തിരുവനന്തപുരം സബ് ഡിവിഷണൽ കോടതിയിൽ കേസ് ഫയൽ ചെയ്തു.
സമൻസ് അയച്ചിട്ടും പ്രതി ഹാജരാകാതെയായപ്പോൾ വാറണ്ടായി ബോംബ ഐ ജിക്ക് പോയി. ഗത്യന്തരമില്ലാതെ കരഞ്ചിയ കോടതിയിൽ ഹാജരായി. കോടതിക്ക് പുറത്ത് സുഹൃത്തുക്കളായ പത്രലേഖകർ വഴി കരഞ്ചിയ ഒത്തു തീർപ്പിനൊരുങ്ങി 3000 രൂപ തരാം കേസ് പിൻവലിക്കണം. ചെല്ലപ്പൻ പിള്ള വിസമ്മതിച്ചു. പി സുബ്രഹ്‌മണ്യം പോറ്റിയായിരുന്നു കരഞ്ചിയയുടെ അഭിഭാഷകൻ. ജാമ്യം ലഭിച്ചെങ്കിലും കേസ് പിന്നീട് ഹൈക്കോടതിയിൽ എത്തി. പനമ്പിള്ളി ഗോവിന്ദമേനോനാണ് ചെല്ലപ്പൻ പിള്ളക്ക് വേണ്ടി വാദിച്ചത്. ഒടുവിൽ കീഴ്കോടതി വിധി ഹൈക്കോടതി ശരി വച്ചു. 500 രൂപ പിഴ അല്ലെങ്കിൽ രണ്ട് മാസത്തെ തടവ്. കരഞ്ചിയ പിഴയടച്ചു.
കേരളത്തിലേക്കുള്ള വരവിൽ കേസിൽ തോൽവിയടഞ്ഞെങ്കിലും മറ്റൊരു കാര്യം സാധിച്ചാണ് കരഞ്ചിയ തിരികെ പോയത്. വിമോചന സമരത്തിന് ശേഷം പിരിച്ചുവിട്ട കമ്യൂണിസ്റ്റ് മന്ത്രിസഭയിലെ മുഖ്യമന്ത്രിയായ ഇഎംഎസിനെ കരഞ്ചിയ സന്ദർശിച്ചു. 28 മാസത്തെ കമ്യൂണിസ്റ്റ് ഭരണത്തിൻ്റെ നേട്ടത്തെക്കുറിച്ച് ബ്ലിറ്റ്സിൽ ലേഖന പരമ്പരയെഴുതാൻ കരഞ്ചിയ ഇഎംഎസിനോട് അഭ്യർഥിച്ചു. ഇഎംഎസ് സമ്മതിക്കുകയും ചെയ്തു. അത് ലേഖന പരമ്പരയായി ബ്ലിറ്റ്സ് പ്രസിദ്ധീകരിച്ചു. പിന്നീട് അത് ലഘുലേഖയായി മലയാളത്തിൽ പ്രചരിപ്പിച്ചു.
കേരളത്തിൽ 500 രൂപ പിഴ കെട്ടിയ ബ്ലിറ്റ്സ് പിന്നീട് 1960 ൽ ബോബെയിലെ താക്കേഴ്സ് വ്യവസായ ഗ്രൂപ്പിന് മറ്റൊരു മാനനഷ്ട കേസിൽ നഷ്ടപരിഹാരമായി കോടതി വിധിപ്രകാരം മൂന്ന് ലക്ഷം രൂപ നൽകേണ്ടിവന്നു. അക്കാലത്തെ എല്ലാ പ്രശസ്ത നേതാക്കളുമായി കരഞ്ചിയ സൗഹാർദം പുലർത്തി. അറബ് രാഷ്ട്രങ്ങളിൽ ഏറ്റവും പ്രസിദ്ധനായ പത്രപ്രവർത്തകനായിരുന്നു കരഞ്ചിയ. ഈജിപ്തിലെ നാസറിനേയും, യുഗോസ്ലാവ്യയിലെ മാർഷൽ ടിറ്റോയെയും ഫിദൽ കാസ്ട്രോയെയും കരഞ്ചിയ അഭിമുഖം ചെയ്തു. 1967 ൽ ഈജിപ്തിലെ പ്രസിഡൻറ് ഗമാൽ അബ്ദുൾ നാസറുമായി കരഞ്ചിയയുടെ അഭിമുഖം അറബ് രാഷ്ട്രങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. ഈജിപ്തിലെ ഉന്നത പദവിയായ ‘റിപ്പബ്ലിക്കൻ ഓർഡർ ഓഫ് മെരിറ്റ്’ നൽകിയാണ് നാസർ പിന്നീട് കരഞ്ചിയയെ ആദരിച്ചത്.
ഇറാനിലെ ഷായായിരുന്നു കരഞ്ചിയ അഭിമുഖം നടത്തിയ മറ്റൊരു പ്രശസ്ത നേതാവ്. ഷായുമായി വളരെ അടുപ്പം പുലർത്തിയ ചുരുക്കം പത്രപ്രവർത്തകരിലൊരാളായിരുന്നു കരഞ്ചിയ. എഴുപതുകളുടെ പകുതിയായപ്പോഴേക്കും കരഞ്ചിയയും ബ്ലിറ്റ്സും കിതക്കാൻ തുടങ്ങിയിരുന്നു. ആദ്യകാലങ്ങളിൽ കരഞ്ചിയയുടെ എഡിറ്റർ മേശയിൽ ഒരു ചെറിയ ബോർഡ് കൊത്തിവച്ചിരുന്നു: ‘Consistency is the virtue of an Ass’‘(സ്ഥിരത കഴുതയുടെ നന്മയാണ്’).
ഇത് അന്വർഥമാക്കുന്ന വിധത്തിൽ രാഷ്ട്രീയ തകിടം മറിച്ചിൽ കരഞ്ചിയക്കുണ്ടായി. ഇതു പക്ഷം വിട്ട് വലതായി. ഒടുവിൽ ഹിന്ദുത്വത്തിലായി വിശ്വാസം. ആൾ ദൈവം സായിബാബയെ അഭിമുഖം ചെയ്തതോടെ ഭക്തിമാർഗത്തിലേക്ക് നീങ്ങി. അടിയന്തരാവസ്ഥയിൽ ഒരെതിർപ്പും ഇല്ലാതെ നിശബ്ദനായി. ഇതൊക്കെ ബ്ലിറ്റ്സിനേയും ബാധിച്ചു. വ്യക്തിത്വവും പ്രസക്തിയും നഷ്ടപ്പെട്ട ഒരു സാധാരണ പ്രസിദ്ധീകരണമായി മാറി ബ്ലിറ്റ്സ്. ഇനിയൊരങ്കത്തിന് ബാല്യം ഇല്ലാത്ത വിധം അനാരോഗ്യനായി. പൊതുജീവിതത്തിൽനിന്ന് ഒഴിഞ്ഞ് നിശബ്ദനായി ജീവിച്ചു.
1989 ൽ നെഹ്റു ശതാബ്ദിയിൽ ജന്മവാർഷികത്തോടനുബന്ധിച്ച് ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ സൈക്കിൾ റേസ് സംഘടിപ്പിക്കുന്നതുമായി ബ്ലിറ്റ്‌സ് ബന്ധപ്പെട്ടതായിരുന്നു കരഞ്ചിയയുടെ അവസാന ദൗത്യം. ഇത് ബ്ലിറ്റ്‌സ്-നെഹ്‌റു ഇൻ്റഗ്രേഷൻ ടൂർ ഓഫ് ഇന്ത്യ’ എന്ന പേരിലറിയപ്പെട്ടു. ഒരു ലക്ഷം രൂപയായിരുന്നു ഒന്നാം സമ്മാനം.
1990-കളുടെ മധ്യത്തിൽ ബ്ലിറ്റ്സ് പ്രസിദ്ധീകരണം അവസാനിപ്പിച്ചു. 2008 ഫെബ്രുവരി 1-ന് കരഞ്ചിയ അന്തരിച്ചു, 67 വർഷം മുമ്പ് അദ്ദേഹം ബ്ലിറ്റ്സ് ആരംഭിച്ച അതേ ദിവസം തന്നെ.