പാബ്ലോ നെരൂദ 
PEOPLE

പ്രണയത്തിന്റെ കവി; രാഷ്ട്രീയത്തിന്റെയും- നെരൂദയുടെ സ്മരണയില്‍ കാവ്യലോകം

ഷേക്സ്പിയറിന് ശേഷം ലോകത്ത് ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ട കവിയാണ് പാബ്ലോ നെരൂദ

തുഷാര പ്രമോദ്

'അത്രമേല്‍ ഹ്രസ്വം പ്രണയം,

വിസ്മൃതിയെത്ര ദീര്‍ഘവും'

ആംഗലേയ സാഹിത്യ ചരിത്രത്തില്‍ സ്നേഹത്തിന്റെ ഭാഷയില്‍ എഴുതപ്പെട്ട പേരാണ് പാബ്ലോ നെരൂദ. ലോകം ഇത്രയേറെ സ്‌നേഹിച്ച മറ്റൊരു കവി ഉണ്ടാകാനിടയില്ല. ഷേക്സ്പിയറിന് ശേഷം ലോകത്ത് ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ട കവി കൂടിയാണ് പാബ്ലോ. 1973 സെപ്റ്റബംര്‍ 23 ന് ആ കാവ്യജീവിതം അവസാനിച്ച് ഇന്നേക്ക്‌ അരനൂറ്റാണ്ട് പിന്നിടുമ്പോഴും അക്ഷരങ്ങളാല്‍ കോറിയിട്ട സ്‌നേഹം കൊണ്ടും മാനവികത കൊണ്ടും ലോകം നെരൂദയെ വാഴ്ത്തുന്നു.

ചിലിയിലെ പാരാലില്‍ 1904 ജൂലൈ 12-നാണ് പ്രണയത്തിന്റെയും വിപ്ലവത്തിന്റെയും മാനവികതയുടെയും കവിയുടെ ജനനം. നെഫ്താലി റിക്കാര്‍ഡോ റെയസ് ബസോല്‍റ്റോ പിന്നീട് അക്ഷരങ്ങളിലൂടെ ലോകത്തിന് പാബ്ലോ നെരൂദയായിമാറി. അനീതിക്കെതിരെയുള്ള ശബ്ദമായിരിക്കണം കവിതയെന്ന് ശാഠ്യം പിടിച്ചിരുന്ന പാബ്ലോ കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ ഉറച്ചു വിശ്വസിച്ചിരുന്ന വിപ്ലവകാരി കൂടിയായിരുന്നു.

പ്രകൃതിയുടെയും പ്രതീക്ഷയുടെ സൂചകമായ പച്ച നിറമുള്ള മഷിയിലാണ് പാബ്ലോ തന്റെ കവിതകള്‍ക്ക് ജീവന്‍ നല്‍കിയത്.

'നിങ്ങള്‍ ചോദിക്കും:

എന്തു കൊണ്ടാണ് നിങ്ങളുടെ കവിത

സ്വപ്നത്തെക്കുറിച്ച്, ഇലകളെക്കുറിച്ച്, പൂക്കളെക്കുറിച്ച്

നിങ്ങളുടെ നാട്ടിലെ അഗ്‌നിശൈലങ്ങളെക്കുറിച്ച് പാടാത്തതെന്തെന്ന്?'

വരൂ ഈ തെരുവിലെ ചോര കാണൂ!

വരൂ ഈ തെരുവിലെ ചോര കാണൂ! ''

തന്റെ രാഷ്ട്രീയ ആശയങ്ങളെ പിന്തുണയ്ക്കാനുള്ള ശക്തമായ ആയുധമായി പാബ്ലോ തന്റെ കവിതകളെ ഉപയോഗിച്ചു. സ്പാനിഷ് കോണ്‍ക്യിസ്റ്റഡോര്‍മാര്‍ക്ക് മുമ്പില്‍ പതറാതെ തങ്ങളുടെ സ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കാന്‍ പോരാടിയ ചിലിയന്‍ ജനതയുടെ ദുരിതങ്ങളില്‍ പാബ്ലോയുടെ കവിതകള്‍ അവര്‍ക്ക് കരുത്ത് പകര്‍ന്നു.ജനങ്ങള്‍ ആ കവിതകള്‍ നെഞ്ചിലേറ്റി. മനുഷ്യ ജീവിതത്തിലെ വ്യഥകളെ പ്രകൃതിയുടെ ഭാവം പകര്‍ന്ന് അദ്ദേഹം അവതരിപ്പിച്ചു. അതില്‍ പ്രണയവും മരണവും വിരഹവും ഒരു പോലെ പ്രതിഫലിച്ചു.'ബുക്ക് ഓഫ് ട്വിലൈറ്റ്', 'ട്വന്റി ലവ് പോയംസ്', 'റെസിഡന്‍സ് ഓണ്‍ എര്‍ത്ത്', 'ആര്‍ട്ട് ഓഫ് ബേര്‍ഡ്സ്', 'സ്റ്റോണ്‍സ് ഓഫ് ചിലി', 'ദി ഹൗസ് ഇന്‍ ദി സാന്‍ഡ്', 'വിന്റര്‍ ഗാര്‍ഡന്‍' എന്നിവയാണ് പാബ്ലോ നെരൂദയുടെ പ്രശസ്തമായ കവിതകള്‍.

1940 കളില്‍ നെരൂദ രാഷ്ട്രീയത്തില്‍ സജീവമായി. അന്റോഫഗസ്റ്റയിലെ ഖനിത്തൊഴിലാളികളുടെ അഭ്യര്‍ത്ഥനയനുസരിച്ച് മത്സരിച്ച നെരൂദ 1945 മാര്‍ച്ച് നാലിന് ചിലിയന്‍ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ആ വര്‍ഷം ജൂലൈ എട്ടിന് ചിലിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അദ്ദേഹം അംഗമായി. 1948-ല്‍ ചിലിയുടെ ഭരണ സാരഥ്യമേറ്റ വലതുപക്ഷ സ്വേച്ഛാധിപതി ഗോണ്‍ഥാലെ ഥ്വീഡെലായെ നെരൂദ കഠിനമായി വിമര്‍ശിച്ചത് ഭരണകൂടത്തെ പ്രകോപിപ്പിച്ചു. അതോടെ ചിലിയില്‍ കമ്യൂണിസം നിരോധിക്കുകയും നെരൂദയെ അറസ്റ്റുചെയ്യുവാന്‍ വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്തു. ചിലിയിലെ തുറമുഖ നഗരമായ വാല്‍പരൈസോ എന്ന സ്ഥലത്ത് ഒരു വീടിന്റെ അടിത്തട്ടില്‍ സുഹൃത്തുക്കള്‍ നെരൂദയെ മാസങ്ങളോളം ഒളിവില്‍ പാര്‍പ്പിച്ചു. ഒടുവില്‍ നെരൂദ ഒരു ചുരം വഴി അര്‍ജന്റീനയിലേക്ക് രക്ഷപ്പെടുകയായിരുന്നു. പിന്നീട് മെക്‌സിക്കോയിലേക്ക്, അവിടെനിന്ന് പാരീസിലേക്ക്. ഈ അജ്ഞാതവാസക്കാലത്താണ് മഹാകാവ്യമായ 'കാന്റോജെനെറല്‍' നെരൂദ പൂര്‍ത്തിയാക്കിയത്. 1950-ല്‍ പ്രസിദ്ധീകരിച്ച ആ മഹാകാവ്യത്തില്‍ പെട്ടതാണ് 'മാക്ചൂ പിച്ചൂവിന്റെ ഉയരങ്ങളില്‍' എന്ന കവിത.

ആ കവിത ലോകചരിത്രത്തിലെ തന്നെ ഏറ്റവും അധികം ആളുകള്‍ കേട്ട കവിതാ പാരായണമായി അറിയപ്പെട്ടു

വര്‍ഷങ്ങള്‍ക്കു ശേഷം പാബ്ലോ ചിലിയുടെ സോഷ്യലിസ്റ്റ് പ്രസിഡന്റായ സാല്‍വദോര്‍ അലെന്‍ഡെയുടെ അടുത്ത സുഹൃത്തായി മാറി. നൊബേല്‍ സമ്മാനം ലഭിച്ച് തിരിച്ചുവന്ന നെരൂദയെ അലെന്‍ഡെ ചിലിയിലെ ദേശീയ ഫുട്‌ബോള്‍ സ്റ്റേഡിയത്തിലേക്കു കവിത ചൊല്ലുവാനായി ക്ഷണിച്ചു. 70,000 ആളുകള്‍ക്ക് മുന്നില്‍ അവതരിപ്പിച്ച ആ കവിത ലോകചരിത്രത്തിലെ തന്നെ ഏറ്റവും അധികം ആളുകള്‍ കേട്ട കവിതാ പാരായണമായി അറിയപ്പെട്ടു.

പട്ടാള അട്ടിമറിയുടെ ഭാഗമായി 1973 സപ്തംബര്‍ 11-ന് ലാ മൊണേഡാ കൊട്ടാരത്തില്‍ ബോംബ് വീണ് അലെന്‍ഡേ കൊല്ലപ്പെട്ടതോടെ നെരൂദ ഏറെ ദുരിതങ്ങളിലൂടെ കടന്നു പോയി. പിന്നീട് ചിലിയില്‍ നടന്നത് പിനോഷയുടെപട്ടാള ഭരണം. ഭരണ അട്ടിമറിയിലും പ്രിയ സുഹൃത്തുക്കളുടെ വേര്‍പാടിലും മനംനൊന്ത് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ ബാധിതന്‍ കൂടിയായ നെരൂദ നാടുവിടാന്‍ തീരുമാനിച്ചിരുന്നു.എന്നാല്‍ തീരുമാനം നടപ്പിലാക്കാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ നെരൂദയെ സാന്റിയാഗോയിലെ സാന്റാ മരിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അവിടെ വച്ച് സംപ്റ്റംബര്‍ 23ന് അദ്ദേഹം മരിച്ചുവെന്നാണ് ഔദ്യോഗിക വിവരം.

എന്നാല്‍ 1990ല്‍ ചിലി ജനാധിപത്യ സംവിധാനത്തിലേക്ക് തിരികെയെത്തിയ ശേഷം നെരൂദയുടെ മരണത്തില്‍ പിനോഷെ ഭരണകൂടത്തിനുള്ള പങ്ക് സംബന്ധിച്ച സംശയങ്ങള്‍ ബലപ്പെട്ടിരുന്നു. ഭരണം കൈയ്യടക്കിയ ശേഷം നെരൂദയുടെ രോഗാവസ്ഥ മുതലെടുത്ത് അദ്ദേഹത്തെ കൊലപ്പെടുത്തിയതാകാനാണ് സാധ്യതയെന്ന് ആരോപണങ്ങളുയര്‍ന്നു. വര്‍ഷങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിന് ശേഷം 2013ല്‍ അദ്ദേഹത്തിന്റെ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്തി. പക്ഷേ വിഷം ഉള്ളില്‍ ചെന്ന് മരണം സംഭവിച്ചതാകാമെന്ന വാദത്തെ പിന്തുണയ്ക്കുന്ന തെളിവുകളൊന്നും തന്നെ ലഭിച്ചിരുന്നില്ല.എന്നാല്‍ നെരൂദയുടെ കുടുംബാംഗങ്ങള്‍ പരിശോധനയില്‍ തൃപ്തരല്ലായിരുന്നു.

പാബ്ലോ നെരൂദയുടെ വിലാപ യാത്ര

17 വര്‍ഷത്തെ ഭരണത്തിനിടെ 3,200ല്‍പ്പരം പ്രതിയോഗികളെ കൊന്നൊടുക്കിയ പിനോഷെ ചിലിയുടെ ഭരണത്തിലേറി 12 ദിവസത്തിനകമാണ് നെരൂദയുടെ മരണം സംഭവിക്കുന്നത്. ഇത് നെരൂദയുടെ മരണത്തെ സംബന്ധിച്ച സംശയങ്ങള്‍ ബലപ്പെടുത്തുന്നതാണ്. നെരൂദയുടെ ശവമടക്ക് യാത്ര പോലും പിനോഷയുടെ പട്ടാള ഭരണത്തിനെതിരെയുള്ള ചിലിയന്‍ ജനതയുടെ ആദ്യ പ്രതിഷേധമായി മാറി. മരണം കാത്തുനിന്ന ചിലിയുടെ തെരുവോരങ്ങളില്‍ തങ്ങളുടെ പ്രിയപ്പെട്ട കവിക്കായി ജനങ്ങള്‍ ഒഴുകി പരന്നു. ലോകത്തൊരു ജനതയും ഒരു കവിക്കായി ഇത്തരത്തിലൊരു യാത്രാമൊഴി നല്‍കിയിട്ടുണ്ടാവില്ല.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെക്കുറിച്ച് അദ്ദേഹം ഇങ്ങനെ കുറിച്ചിട്ടു,

"അറിയപ്പെടാത്ത മനുഷ്യരുമായി നീ എനിക്കു സാഹോദര്യം നല്‍കി. ജീവിച്ചിരിക്കുന്ന എല്ലാറ്റിനുമുള്ള കരുത്തു മുഴുവന്‍ നീ എനിക്കു നല്‍കി. ഒരു പുതിയ ജന്മത്തിലെന്ന പോലെ എന്റെ രാജ്യം നീ എനിക്കു തിരിച്ചു നല്‍കി. ഏകാകിയായ മനുഷ്യനു നല്‍കാത്ത സ്വാതന്ത്ര്യം നീ എനിക്കു നല്‍കി. എന്നിലെ കാരുണ്യവായ്പിനെ ഒരഗ്‌നിയെപ്പോലെ ഉദ്ദീപ്തമാക്കാന്‍ നീ എന്നെ പഠിപ്പിച്ചു… നീ എന്നെ അനശ്വരനാക്കി, എന്തെന്നാല്‍, ഇനിമേല്‍ ഞാന്‍ എന്നില്‍ത്തന്നെ ഒടുങ്ങുന്നില്ല"

ലോകത്തുള്ള ഒന്നും കവിതയ്ക്ക് അന്യമല്ലെന്ന് അദ്ദേഹം തെളിയിച്ചു. കവിതയുടെ രാഷ്ട്രീയ ശക്തിക്ക് എത്ര വലിയ സാമൂഹ്യ മാറ്റമുണ്ടാക്കാന്‍ സാധിക്കുമെന്നും നെരൂദ കാട്ടിതന്നു. മാനവികതയ്ക്കും പ്രണയത്തിനും വിപ്ലവത്തിനും വേണ്ടി പാബ്ലോ കുറിച്ചിട്ട വരികള്‍ ഒന്നും വ്യര്‍ഥമായില്ല.തന്റെ കവിതകളില്‍ പകര്‍ത്തിയ സ്‌നേഹത്തിലൂടെ പാബ്ലോ നെരൂദ അനശ്വരനായി തുടരുന്നു…

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം