PEOPLE

ഗസലിന്റെ ഭാരമില്ലായ്മയിൽ പങ്കജ് ഉധാസ്

മുതിർന്ന സഹോദരങ്ങളായ മൻഹറിന്റെയും നിർമലിന്റെയും താഴെ പങ്കജ് പാടി തുടങ്ങുമ്പോൾ, കുടുംബത്തിൽ നിന്ന് ആരായിരിക്കും ഗസൽ ഗായകനായി അറിയപ്പെടാൻ പോകുന്നത് എന്ന ചോദ്യം ഉയർന്നിരുന്നു

ജിഷ്ണു രവീന്ദ്രൻ

ഗസൽ എന്ന മാധ്യമത്തെ മനുഷ്യരിലേക്കടുപ്പിച്ച്, ജീവിതം ഒഴുകുന്ന ഭാഷയും വേഗവുമാണ് അതിനെന്ന് സംഗീതാസ്വാദകരെ ഒന്നടങ്കം വിശ്വസിപ്പിച്ച പ്രതിഭയാണ് പങ്കജ് ഉധാസ്. ജീവിതത്തിൽ മനുഷ്യർ സ്വയം കൈവിട്ടു പോകാൻ സാധ്യതയുള്ള പ്രണയ നഷ്ടങ്ങളിൽ പോലും പങ്കജ് ഉധാസിന്റെ നായകനും നായികയും കാണിക്കുന്ന അസാമാന്യമായ കയ്യടക്കമുണ്ട്. അത് ആ സംഗീതത്തിന്റെ കൂടി ഒതുക്കമാണ്.

പങ്കജ് ഉധാസിന്റെ ഗസലുകൾ ദൃശ്യഭാഷ കൈവരിക്കുമ്പോൾ അതിൽ സംഭവിക്കുന്ന ഒരുതരം യോജിപ്പുണ്ട്, ആ യോജിപ്പിൽ കഥാപാത്രങ്ങളും അവരെ അവതരിപ്പിച്ചവരും ഒരേ സമയം ആ സംഗീതത്തിൽ ഭാരമില്ലാതങ്ങനെ ഒഴുകുന്നത് കാണാം. ആ ഭാരമില്ലായ്മയിലാണ് പങ്കജ് ഉധാസിന്റെ മെലഡികൾ മനുഷ്യരെ വശീകരിച്ചുകളയുന്നത്. ജീവിതത്തിൽ തന്റെ സഹോദരങ്ങളായ മൻഹർ ഉധാസിന്റെയും നിർമൽ ഉധാസിന്റെയും ഇടയിൽ നിന്നു വളർന്നു വരാൻ ഒരു നേരിയ വഴി മാത്രമേ അദ്ദേഹത്തിന് മുന്നിൽ ഉണ്ടായിരുന്നുള്ളു. ആ നേരിയ വഴിയിലൂടെ കയറി വന്ന് പിടിച്ചിരുത്തിയ സംഗീതമാണ് പങ്കജ് ഉധാസിന്റേത്.

മുതിർന്ന സഹോദരങ്ങളായ മൻഹറിന്റെയും നിർമലിന്റെയും താഴെ പങ്കജ് പാടി തുടങ്ങുമ്പോൾ, കുടുംബത്തിൽ നിന്ന് ആരായിരിക്കും ഗസൽ ഗായകനായി അറിയപ്പെടാൻ പോകുന്നത് എന്ന ചോദ്യം ഉയർന്നിരുന്നു. അതൊരിക്കലും മൂന്നാമത്തെ മകനായ പങ്കജ് ആയിരിക്കില്ല എന്നാണ് എല്ലാവരും കരുതിയത്. പക്ഷേ ആ സംശയത്തിനുള്ള മറുപടി സ്വന്തം ജീവിതത്തിലൂടെ അദ്ദേഹം കാണിച്ചുതന്നു. അദ്ദേഹം പാടിയ ആയിരത്തിലധികം ഗസലുകളിൽ കേവലം 25ൽപ്പരം ഗസലുകൾ മാത്രമാണ് പ്രണയത്തെയും പ്രണയ നഷ്ടങ്ങളെയും അടിസ്ഥാനമാക്കിയുള്ളു. എന്നാൽ അദ്ദേഹത്തിന്റെ ഗസലുകളുടെ പ്രധാന വിഷയമായി ആളുകൾ കണക്കാക്കുന്നത് പ്രണയമാണ്. അത് അങ്ങനെയല്ല എന്നദ്ദേഹംതന്നെ പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്. അതൊരു മാർക്കറ്റിങ് തന്ത്രമായിരുന്നു. എന്നാൽ അതൊരു മോശം തന്ത്രമായിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.

1951ൽ ഗുജറാത്തിലെ ജെത്പുരിൽ ഒരു ജന്മി കുടുംബത്തിൽ ജനിച്ച പങ്കജ് ഉദാസ് സഹോദരങ്ങളിലൂടെയാണ് സംഗീതത്തിലേക്കെത്തുന്നത്. പൊതുപരിപാടികളിൽ പങ്കജ് പാടാൻ തുടങ്ങി. ഒരിക്കൽ പൊതുവേദിയിൽ കാബൂളിവാല സിനിമയിലെ "ആയെ മേരെ പ്യാരേ വതൻ" എന്ന പാട്ട് പാടിയപ്പോൾ ആൾക്കൂട്ടത്തിൽ നിന്ന് ഒരാൾ വന്ന് 51 രൂപ അദ്ദേഹത്തിന്റെ കയ്യിൽ വച്ചുകൊടുത്തു. ശേഷം ഇന്ത്യ ചൈന യുദ്ധം നടക്കുന്ന സമയത്താണ് സഹോദരനായ മൻഹർ ഉധാസിന്റെ ഉറുദു അധ്യാപകനിൽ നിന്ന് ഉറുദു പഠിക്കാനും മുഴുവൻ സമയം സംഗീതത്തിലേക്കിറങ്ങാനും തീരുമാനിക്കുന്നത്.

പങ്കജ് ഉധാസ് ആദ്യമായി ശ്രദ്ധിക്കപ്പെടുന്നത് കാമ്‌നാ എന്ന 1972ൽ പുറത്തിറങ്ങിയ സിനിമയിലെ ഗാനത്തിന്റെ പേരിലാണ്. ഉഷ ഖന്ന സംഗീതം നൽകിയ പാട്ടിന് വരികൾ എഴുതിയത് നക്ഷ് ല്യാൽപുരിയാണ്. ഉധാസിന്റെ ശബ്ദം മുതിർന്നിട്ടില്ല എന്നും, ഇപ്പോഴും പൊട്ടാത്ത ശബ്ദമാണെന്നും അന്നുതന്നെ വിലയിരുത്തപ്പെട്ടു. സിനിമ ആരും ശ്രദ്ധിക്കാതെപോയി. പങ്കജ് ഉധാസ് കാനഡയിലേക്ക് പോവുകയും ചെയ്തു. അവിടെ ചെറിയ കൂട്ടായ്മകളിൽ അദ്ദേഹം ഗസലുകൾ പാടാൻ തുടങ്ങി. അപ്പോഴാണ് ഗസലിന് ഇത്രയും സ്വീകാര്യതയുണ്ടെന്ന് അദ്ദേഹം തിരിച്ചറിയുന്നതും ഇന്ത്യയിലേക്ക് തിരിച്ചു വരാൻ തീരുമാനിക്കുന്നതും.

അദ്ദേഹത്തിന്റെ ആദ്യ ആൽബം, 'ആഹത്ത്' പുറത്തുവരുന്നത് 1980ലാണ്. അതിലെ 'യേ അലഗ് ബാത് ഹേ സാഖി' എന്ന് തുടങ്ങുന്ന ഗാനം നേരത്തെ പറഞ്ഞതുപോലെ കേൾക്കുന്ന മനുഷ്യരെ അതിനൊപ്പം കൊണ്ടുപോകുന്നതാണ്. ആദ്യമായി അദ്ദേഹം സിനിമയിൽ പാടുന്നത് 1986ൽ പുറത്തിറങ്ങിയ 'നാം' എന്ന സിനിമയിലാണ്. അതിൽ അദ്ദേഹം പാടിയത് 'ചിട്ടി ആയി ഹേ' എന്ന പാട്ടായിരുന്നു. ആനന്ദ് ബക്ഷി എഴുതിയ പാട്ടിന് ലക്ഷ്മികാന്ത്-പ്യാരേലാൽ ആണ് സംഗീതം നൽകിയത്. അതിനു ശേഷം സിനിമയിലേക്ക് നിരവധി അവസരങ്ങൾ ലഭിച്ചിരുന്നെങ്കിലും അത് നിയന്ത്രിച്ച് സ്വതന്ത്ര സംഗീതത്തിൽ തന്നെ നിലനിൽക്കാൻ ശ്രമിക്കുകയായിരുന്നു. ഖയാൽ (1990), സാജൻ (1991), യേ ദില്ലഗി (1994), ഫിർ തേരി കഹാനി യാദ് ആയെ (1993) മൊഹ്‌റ (1994) എന്നിവയാണ് അദ്ദേഹം സംഗീതം നൽകിയ ചുരുക്കം സിനിമകൾ.

മ്യൂസിക് ചാനലായ എംടിവി സ്വതന്ത്ര സംഗീതത്തിന് പ്രാധാന്യം നൽകാൻ തീരുമാനിച്ചപ്പോൾ ഏറ്റവും കൂടുതൽ ഗുണം ലഭിച്ചത് പങ്കജ് ഉധാസിനായിരുന്നു. അദ്ദേഹത്തിന്റെ നിരവധി ആൽബങ്ങൾ ഇറങ്ങി. ആ ആൽബങ്ങളുടെ ചിത്രീകരണം ഒരു സിനിമയോളം വലുതും ഭംഗിയുള്ളതുമായിരുന്നു. എന്നുമാത്രമല്ല, നടൻ ജോൺ എബ്രഹാമും വിദ്യ ബാലനുൾപ്പടെയുള്ളവരായിരുന്നു ആ ആൽബങ്ങളിൽ അഭിനയിച്ചത്.

ജോൺ എബ്രഹാം തന്റെ ജീവിതത്തിലെ ഏറ്റവും നിർണായകമായ, വലിയ തിരിച്ചടികളിൽ നിൽക്കുന്ന സമയത്താണ് ഈ ആൽബങ്ങളിൽ അഭിനയിക്കുന്നത്. അതുകൊണ്ടുതന്നെ ജോൺ എബ്രഹാമിന്റെ സിനിമാ ജീവിതത്തെതന്നെ മാറ്റി മറിച്ചവയായിരുന്നു ആ ആൽബങ്ങൾ. 2002ൽ നൽകിയ ഒരഭിമുഖത്തിൽ ജോൺ എബ്രഹാം തന്നെ പങ്കജ് ഉധാസിനെ കുറിച്ച് പറയുന്നുണ്ട്. "ഞാൻ അദ്ദേഹത്തെ ഒരു വഴികാട്ടിയായാണ് കാണുന്നത്, ഞാൻ ഈ വ്യവസായത്തിലേക്ക് ഒരു മോഡലായി കടന്നു വന്നപ്പോൾ ഇരുകയ്യും നീട്ടി സ്വീകരിച്ച വ്യക്തിയായിരുന്നു അദ്ദേഹം." ജോൺ എബ്രഹാം പറയുന്നു.

കൂട്ടായ്മകളിൽ മാത്രമായി നിന്നിരുന്ന ഗസൽ പോലൊരു സംഗീതത്തെ ടെലിവിഷൻ സെറ്റുകളുള്ള എല്ലാ വീടുകളിലുമെത്തിക്കുന്ന തരത്തിൽ ജനകീയമാക്കാൻ കഴിഞ്ഞ മനുഷ്യൻ കൂടിയാണ് പങ്കജ് ഉധാസ്. ജോൺ എബ്രഹാമും രാജ് ലക്ഷ്മി റായ്‌യും അഭിനയിച്ച 'ചുപ്‌കേ ചുപ്‌കേ സഖിയോ സേ വോ' എന്ന പാട്ടിൽ നമുക്ക് കൃത്യമായി മനസിലാകും ഈ സംഗീതം എങ്ങനെയാണ് അദ്ദേഹം ജനകീയനാക്കിയതെന്ന്. ഗസൽ ഒരു ജനകീയ സങ്കേതമാക്കിയതിനു മറ്റൊരു പ്രധാന ഉദാഹരണം വിദ്യാബാലൻ അഭിനയിച്ച "മേ നഷേ മേ ഹൂൻ" എന്ന പാട്ടാണ്. വ്യത്യസ്തമായ ക്യാമറ ചലനങ്ങൾക്കും സിനിമയെ വെല്ലുന്ന സെറ്റുകളിൽ ഷൂട്ട് ചെയ്തും അതിനോടൊപ്പം ഈ സംഗീതവും ചേരുമ്പോൾ ഗസൽ എത്ര അനായാസമായാണ് ഈ മനുഷ്യൻ സാധാരണക്കാരന്റെ നാഡീവ്യൂഹത്തിലേക്ക് കടത്തിവിട്ടതെന്നോർത്ത് നമുക്ക് അത്ഭുതപ്പെടാം. അത്രമാത്രം.

മഹാരാഷ്ട്രയിൽ മഹായുതിക്ക് ഭരണത്തുടർച്ചയോ? സർക്കാർ രൂപീകരണ ചർച്ചയുമായി എംവിഎ; ഝാർഖണ്ഡിൽ പ്രതീക്ഷയോടെ മുന്നണികൾ, ജനവിധി അറിയാൻ മണിക്കൂറുകൾ മാത്രം

പാലക്കാടന്‍ പോരിലാര്, ചേലോടെ ആര് ചേലക്കരയില്‍, വയനാടിന് പ്രിയം ആരോട്? ഉപതിരഞ്ഞെടുപ്പിന്റെ ഫലമറിയാന്‍ മണിക്കൂറുകള്‍, മുള്‍മുനയില്‍ മുന്നണികൾ

24 മണിക്കൂറിനുള്ളില്‍ മാപ്പ് പറയണം അല്ലെങ്കില്‍ 100 കോടി നഷ്ടപരിഹാരം നല്‍കണം; കോണ്‍ഗ്രസിന് വക്കീല്‍ നോട്ടീസ് അയച്ച് വിനോദ് താവ്‌ഡെ

'കൈക്കൂലി, വഞ്ചന'; ഗൗതം അദാനിക്കെതിരായ അറസ്റ്റ് വാറണ്ട് കഴിഞ്ഞ മാസം യുഎസ് കോടതിയില്‍ മുദ്രവച്ചിരുന്നെന്ന് റിപ്പോർട്ട്

പെര്‍ത്തില്‍ വിക്കറ്റ് പെരുമഴ; 67 റണ്‍സിന് ഓസീസിന് ഏഴു വിക്കറ്റ് നഷ്ടം, ആദ്യദിനത്തില്‍ ആധിപത്യവുമായി ഇന്ത്യ