PEOPLE

പാര്‍ട്ടിക്കൊപ്പം നടന്ന ഐ വി ദാസും പാര്‍ട്ടിയോടു പിണങ്ങിയ ഐ വി ബാബുവും

ശരിയായാലും തെറ്റായാലും സ്വാഭിപ്രായങ്ങളില്‍ ഉറച്ചുനിന്ന് ഒത്തുതീര്‍പ്പുകള്‍ക്ക് തയാറാല്ലായിരുന്ന പത്രപ്രവര്‍ത്തകനും രാഷ്ട്രീയപ്രവര്‍ത്തകനുമായിരുന്നു ബാബു

കെ ബാലകൃഷ്ണൻ

കഴിഞ്ഞദിവസം തലശേരി ബ്രണ്ണന്‍ കോളേജില്‍ പൂര്‍വസാരഥി സംഗമവും പൂര്‍വവിദ്യാര്‍ഥികളായ മാധ്യമപ്രവര്‍ത്തകരുടെ സംഗമവും നടക്കുകയുണ്ടായി. ബ്രണ്ണന്‍ വിദ്യാലയം തുടങ്ങിയിട്ട് 162 കൊല്ലവും അത് കോളേജായി മാറിയിട്ട് 132 കൊല്ലവും പൂര്‍ത്തിയാകുന്നതുമായി ബന്ധപ്പെട്ട് ബ്രണ്ണന്‍ അലൂമ്‌നി അസംബ്ലി ഫെബ്രുവരി 10, 11 തീയതികളില്‍ നടക്കുന്നതിന്റെ മുന്നോടിയായിട്ടായിരുന്നു പരിപാടി. പൂര്‍വസാരഥി സംഗമത്തിലും പൂര്‍വവിദ്യാര്‍ഥികളായ മാധ്യമപ്രവര്‍ത്തകരുടെ സംഗമത്തിലുമുണ്ടാകുമായിരുന്ന ഒരാളായിരുന്നു ഐ വി ബാബു. എത്തിച്ചേര്‍ന്നവരില്‍ പലരും ബാബുവിനെക്കുറിച്ച് സംസാരിച്ചു, അനുസ്മരിച്ചു. പഠനത്തിനും ഗവേഷണത്തിനും കൂടിച്ചേര്‍ന്ന് എട്ടൊൻപത് വര്‍ഷം ബാബു നിറഞ്ഞുനിന്ന ക്യാംപസ്‌... 1987-ല്‍ എം എ പാസായ ശേഷം ഡോ. ടി പി സുകുമാരന്റെ കീഴില്‍ 'കേരളീയ നവോത്ഥാനവും നമ്പൂതിരിമാരും' എന്ന വിഷയത്തില്‍ ഗവേഷണം നടത്തിയ ബാബുവിന്. കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്ന് പി എച്ച്ഡി ലഭിക്കുകയും ചെയ്തു. ആ തീസിസ് ചെറിയ മാറ്റങ്ങളോടെ പിന്നീട് പുസ്തകമാക്കുകയും ചെയ്തു.

1982 ജൂലായിലെ ഒരുദിവസം കോളേജില്‍ ഒന്നാം വര്‍ഷം ബി എ മലയാളത്തിന് ചേരാന്‍ പിതാവായ ഐ വി ദാസിനൊപ്പം ബാബു എത്തിയത് ഇന്നും ഓര്‍മയിലുണ്ട്. ചേര്‍ത്തുകഴിഞ്ഞശേഷം ദാസന്‍ മാഷ് എന്നോട് പറഞ്ഞു, ''ബാലകൃഷ്ണാ ഇവനെ നിന്നെയേല്‍പ്പിക്കുന്നു. നോക്കണേ...'' ഞാനന്ന് ബി എ മലയാളം അവസാനവര്‍ഷ വിദ്യാര്‍ഥിയാണ്. ദാസന്‍ മാഷ് സ്വന്തമായി നടത്തുന്ന 'പടഹം' മാസികയുടെ പത്രാധിപര്‍. അധ്യാപക ജോലിയില്‍നിന്ന് മുന്‍കൂര്‍ വിടുതല്‍നേടി മുഴുവന്‍സമയ രാഷ്ട്രീയപ്രവര്‍ത്തകനായിരിക്കുകയാണ്. സി പി എമ്മിന്റെ പാനൂര്‍ ഏരിയാ സെക്രട്ടറിയാണ്. പടഹം മാസികയുടെ പത്രാധിപസമിതി യോഗം നടക്കുക തലശേരി കറന്റ് ബുക്‌സിന്റെ ഗോഡൗണ്‍ മുറിയിലാണ്. കറന്റ് ബുക്‌സാണ് തലശേരിയിലെ അക്കാലത്ത് സാസ്‌കാരിക തലസ്ഥാനം. മാനേജര്‍ ഒ പി രാജ്‌മോഹനാണ് അതിന്റെയെല്ലാം സംയോജകന്‍. രാജ്‌മോഹനും പടഹത്തിന്റെ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗമാണ്. 'പടഹ'ത്തില്‍ കവിതകളെന്ന പേരില്‍ ഞാനെഴുതി ചിലത് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. കറന്റ് ബുക്‌സിന്റെ ഗോഡൗണിലെ പടഹം യോഗത്തില്‍ അനൗദ്യോഗികമായി ചിലപ്പോള്‍ ഞാനും ഇരുന്നിട്ടുണ്ട്. അതായത് യോഗം നടക്കുമ്പോള്‍ അങ്ങോട്ടു കടന്നുചെല്ലും. മാഷ് അവിടെ പിടിച്ചിരുത്തും. അന്നേയുള്ള അടുത്ത ബന്ധം കാരണമാണ്, ''എടോ നീ ഇവനെ നോക്കണേ'' എന്ന് തമാശയിലും കാര്യത്തിലുമായി പറഞ്ഞത്. പിന്നീട് ബാബു, ഏട്ടാ എന്ന് വിളിച്ച് എന്നോടൊപ്പം കൂടി. കയ്യില്‍പിടച്ചു നടക്കുംപോലെ എന്നുപറയാം. കോളേജിലെ സംഘടനാപ്രവര്‍ത്തനത്തില്‍, അതിലേറെ ബ്രണ്ണന്‍ സാഹിത്യവേദിയുടെ പ്രവര്‍ത്തനങ്ങളില്‍ മുന്നണി പ്രവര്‍ത്തകന്‍. ചിത്രപ്രദര്‍ശനവും സാഹിത്യ ക്യാമ്പും ചലച്ചിത്രോത്സവും വേണുക്കുട്ടന്‍നായരും രാമാനുജവും എ കെ നമ്പ്യാരും പി ബാലചന്ദ്രനും എം കെ ഭട്ടാചാര്യയും ദിലീപുമെല്ലാം പങ്കെടുത്ത നാടകക്യാമ്പും... നമ്പൂതിരിയുടെ ചിത്രപ്രദര്‍ശനവും ഫോക്‌ലോർ ക്യാമ്പും... അങ്ങനെയങ്ങനെ... ബ്രണ്ണന്‍ സാഹിത്യവേദിയുടെ പ്രവര്‍ത്തനത്തിലൂടെ ബാബു പത്രപ്രവര്‍ത്തനത്തിന്റെയും പാതയിലേക്കു കടക്കുകയായിരുന്നു.

സാംസ്‌കാരികരംഗത്ത് പാര്‍ട്ടിയിലെ ചുമതലക്കാരിലൊരാളാണ് സംസ്ഥാന കമ്മിറ്റി അംഗമായ ദാസന്‍ മാസ്റ്റര്‍. അദ്ദേഹത്തിന്റെ മകനായ ബാബുവാകട്ടെ വിജയന്‍ മാസ്റ്റരുടെ നേതൃത്വത്തില്‍ പുകസയിലെ ഒരുവിഭാഗം പ്രകടിപ്പിക്കുന്ന അഭിപ്രായത്തിനൊപ്പം സജീവം. കണ്ണൂരില്‍ പുരോഗമനകലാസാഹിത്യസംഘത്തിന്റെ ജില്ലാസമ്മേളനത്തില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് പരസ്യമായി ഈ അഭിപ്രായങ്ങള്‍ ബാബു പ്രകടിപ്പിച്ചത് പ്രശ്‌നമായിരുന്നു

ദേശാഭിമാനി വാരികയുടെ എഡിറ്റര്‍ ഇന്‍ചാര്‍ജായി 2004 മേയ് 19-ന് ചുമതലയേല്‍ക്കുമ്പോള്‍ തൊട്ടുതാഴെയുള്ള തസ്തികയില്‍ ബാബുവാണുണ്ടായിരുന്നത്, സഹത്രാധിപരോ ഉപപത്രാധിപരോ ആയി. രണ്ട് മുറി. എഡിറ്റോറിയലില്‍ രണ്ട് പേര്‍ മാത്രം. എം എന്‍ വിജയന്‍ മാഷാണ് പത്രാധിപര്‍. മാഷ് ഓഫീസില്‍ വരികയേയില്ല. പത്രാധിപജോലിയുമായി ബന്ധപ്പെട്ട് പ്രതിഫലം ഒരിക്കലും വാങ്ങിയിട്ടുമില്ല. അര്‍ബുദചികിത്സക്കായി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ കഴിയവേ ഒരു തുക പ്രതിഫലം എന്ന നിലയില്‍ കൊടുത്തെങ്കിലും വാങ്ങിയില്ല. എന്നാല്‍ പലരും അയച്ചുകൊടുക്കുന്ന സൃഷ്ടികള്‍ അയച്ചുതരും. ആവശ്യമായ ഉപദേശ നിര്‍ദേശങ്ങള്‍ ചെയ്യും. കാഴ്ചപ്പാട് എന്ന പംക്തി അയച്ചുതരും (ആ പംക്തി തുടങ്ങിയ കാലത്ത്, അതായത് 1988 ആദ്യം മുതല്‍ 90 വരെയുള്ള കാലത്ത് നേരിട്ടുപോയി നിര്‍ബന്ധിച്ചഴുതിച്ച് വാങ്ങിക്കൊണ്ടുപോകാറായിരുന്നു).  14 വര്‍ഷത്തോളം ബ്യൂറോയില്‍ പ്രവര്‍ത്തിച്ചതിനാല്‍ ഡെസ്‌ക് വര്‍ക്കുകള്‍ മറന്നുപോയ എനിക്ക് ഡിജിറ്റല്‍ കാലത്ത് എങ്ങനെ ലേ ഔട്ട് കാര്യങ്ങളിലടക്കം ശ്രദ്ധിക്കണമെന്നത് വലിയ വെല്ലുവിളിയായിരുന്നു. ''അതെല്ലാം ഞാന്‍ നോക്കിക്കോളാം, ഏട്ടന്‍ ധൈര്യമായി ഇരിക്കൂ,'' എന്ന് ബാബുവിന്റെ പ്രചോദനം.

ഐ വി ബാബു ലേഖകനോടൊപ്പം. ഒരു പഴയ ചിത്രം

പക്ഷേ ദേശാഭിമാനി വാരികയെ സംബന്ധിച്ച് അതൊരു വല്ലാത്ത കാലമായിരുന്നു. കാരണം, അപ്പോഴേക്കും പാര്‍ട്ടിയില്‍ വിഭാഗീയത രൂക്ഷമായിത്തുടങ്ങിയിരുന്നു. പത്രാധിപരായ വിജയന്‍ മാഷാണെങ്കില്‍ പാര്‍ട്ടിയെ വിമര്‍ശിക്കുകമാത്രമല്ല, നിന്ദിക്കുകയും ചെയ്യുന്ന പാഠം മാസികയുടെ കൂടി പത്രാധിപര്‍. ജനകീയാസൂത്രണം, കുടുബശ്രീ, ലോകബാങ്ക് ഫണ്ട്, വിദേശഫണ്ട് വിവാദം ചൂടുപിടിക്കുന്നു. പാര്‍ട്ടിയുടെ സാഹിത്യ പ്രസിദ്ധീകരണത്തിന്റെയും പാര്‍ട്ടിവിരുദ്ധ പ്രസിദ്ധീകരണത്തിന്റെയും പത്രാധിപരായി ഒരേസമയം പ്രവര്‍ത്തിക്കാമോ എന്നടക്കമുള്ള വിവാദങ്ങള്‍ നടക്കുന്നു. അതെല്ലാമായി ബന്ധപ്പെട്ട് ഒരു വിഭാഗമാളുകള്‍ വാരികയുമായി സഹകരിക്കാത്ത പ്രശ്‌നം. സാംസ്‌കാരികരംഗത്ത് പാര്‍ട്ടിയിലെ ചുമതലക്കാരിലൊരാളാണ് സംസ്ഥാന കമ്മിറ്റി അംഗമായ ദാസന്‍ മാസ്റ്റര്‍. അദ്ദേഹത്തിന്റെ മകനായ ബാബുവാകട്ടെ വിജയന്‍ മാസ്റ്റരുടെ നേതൃത്വത്തില്‍ പുകസയിലെ ഒരുവിഭാഗം പ്രകടിപ്പിക്കുന്ന അഭിപ്രായത്തിനൊപ്പം സജീവം. കണ്ണൂരില്‍ പുരോഗമനകലാസാഹിത്യസംഘത്തിന്റെ ജില്ലാസമ്മേളനത്തില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് പരസ്യമായി ഈ അഭിപ്രായങ്ങള്‍ ബാബു പ്രകടിപ്പിച്ചത് പ്രശ്‌നമായിരുന്നു. സാംസ്‌കാരികരംഗത്തെ പാര്‍ട്ടി ചുമതലക്കാരെ പേരെടുത്തുപറഞ്ഞാണ് ബാബു നിശിതമായി വിമര്‍ശിച്ചത്. പരസ്യമായി ഇങ്ങനെയൊക്കെ പറയാമോ എടുത്തുചാട്ടമല്ലേയെന്ന് അനിഷ്ടസ്വരത്തില്‍ ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു, ''നിങ്ങള് പോ കോയാ... പറയുന്നത് തമാശയ്‌ക്കല്ല, അതിന്റെ ഭവിഷ്യത്ത് ഞാനനുഭവിച്ചോളാം...'' അതായിരുന്നു ബാബുവിന്റെ രീതി.

ഇങ്ങനെയുള്ള അന്തരീക്ഷമായതിനാല്‍ വാരികയില്‍ വരുന്ന ഓരോ വരിയും അതിസൂക്ഷ്മതയോടെ വായിച്ച് അംഗീകരിക്കേണ്ട ഉത്തരവാദിത്തമുണ്ട്. കവിതയും സാഹിത്യവിഭാഗവും ലേഖനവുമാണ് ബാബു നോക്കിയത്, വാരികയുടെ പ്രൊഡക്ഷന്‍ ചുമതലയും. എത്രയെല്ലാം ശ്രദ്ധിച്ചാലും ചില വിവാദകാര്യങ്ങള്‍ വന്നുപോവുക സ്വാഭാവികം. കുടിവെള്ളവിതരണത്തിന് പങ്കാളിത്ത പദ്ധതി നടപ്പാക്കുന്നത് ലോകബാങ്ക് അജണ്ടയാണ്, അത് പിന്തിരിപ്പനാണെന്ന് വാദിക്കുന്ന ഒരു ലേഖനം സി ഐ ടി യു നേതൃത്വത്തിലുള്ള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് യൂണിയന്റെ ഒരു ഭാരവാഹി അയച്ചുതന്നു. അത് കവര്‍ സ്‌റ്റോറിയാക്കാന്‍ തീരുമാനിച്ചു. വായിച്ചതും ലേഖകനുമായി സംസാരിച്ച് കൂടുതല്‍ വിവരങ്ങള്‍ ചേര്‍പ്പിച്ചതും തീരുമാനിച്ചതുമെല്ലാം എഡിറ്റര്‍ ഇന്‍ ചാര്‍ജായ ഞാനാണ്. അത് യു ഡി എഫ് ഭരണകാലമാണെങ്കിലും തൊട്ടുമുമ്പ് എല്‍ ഡി എഫ് ഭരണകാലത്താണ് പങ്കാളിത്ത ജലവിതരണപദ്ധതി ആവിഷ്‌കരിച്ചതത്രെ. ലേഖനമെഴുതിയ യൂനിയന്‍ ഭാരവാഹിക്കെതിരെ ആ സംഘടനയില്‍- അതിന്റെ പാര്‍ട്ടി ഫ്രാക്ഷനില്‍ വിമര്‍ശമുണ്ടായി. അക്കാലത്ത് ദേശാഭിമാനി ചീഫ് എഡിറ്ററായ വി വി ദക്ഷിണാമൂര്‍ത്തിയും കോഴിക്കോട്ട് മാനേജരായ എ കെ പത്മനാഭന്‍ മാഷും അതുമായി ബന്ധപ്പെട്ട് സംസാരിക്കാന്‍ അങ്ങോട്ടുവിളിപ്പിക്കുകയല്ല, വാരിക എഡിറ്റോറിയല്‍ ഓഫീസിലേക്കുവന്നു. ആ കവര്‍‌സ്റ്റോറി വലിയ പ്രശ്‌നമായി, ബാബുവായിരിക്കും അതിന്റെ പിന്നില്‍ അല്ലേയെന്ന് ചോദ്യം. ''അയ്യോ ബാബുവല്ല ഞാനാണ് ലേഖനം വായിച്ച് പരിഗണിച്ചതും കവര്‍‌സ്റ്റോറിയാക്കിയതും. ബാബു അത് ലേ ഔട്ട് ചെയ്തു, ചിത്രങ്ങള്‍ ചേര്‍ത്തുവെന്നുമാത്രം,'' ഞാന്‍ വിശദീകരിച്ചു. സംഘടനയുടെ സംസ്ഥാന നേതാവാണ് ലേഖനമെഴുതിയതെന്നും ചൂണ്ടിക്കാട്ടി. ലോകബാങ്ക് പദ്ധതികള്‍ക്കെതിരായ ആക്ഷേപം, ജനകീയാസൂത്രണവിമര്‍ശം- ഇതെല്ലാം നടക്കുന്ന കാലത്ത് ഇങ്ങനെയൊരു ലേഖനം അമിതപ്രാധാന്യത്തോടെ വന്നതാണ് സംശയാസ്പദമെന്നും പറഞ്ഞ്, കുറേക്കൂടി ശ്രദ്ധ വേണേ എന്ന് കൂട്ടിച്ചേര്‍ത്ത് അവര്‍ സ്വന്തം മുറികളിലേക്ക് പോയി. അക്കാലത്തുണ്ടായ അനുഭവങ്ങളിലൊന്നാണിവിടെ ചേര്‍ത്തത്.

2005 ആദ്യം പാര്‍ട്ടിയുടെ സംസ്ഥാന സമ്മേളനം മലപ്പുറത്ത് നടന്നപ്പോള്‍ മത്സരമുണ്ടായതും മത്സരിച്ചവരെല്ലാം തോറ്റതും അക്കാലത്തെ വലിയ വാര്‍ത്തകളായിരുന്നു. സമ്മേളനം സമാപിച്ചതിന്റെ അടുത്തദിവസം വാരികയുടെ പത്രാധിപസ്ഥാനത്തുനിന്ന് എം എന്‍ വിജയന്‍ മാഷ് രാജിവെച്ചു. പുതിയ പത്രാധിപരെ പുറത്തുനിന്ന് പെട്ടെന്ന് കണ്ടെത്താന്‍ സാധിക്കാത്ത സ്ഥിതിയില്‍ ഇന്‍ചാര്‍ജ് എന്ന വിശേഷണം മാറ്റി പ്രിന്റ് ലൈനില്‍ എഡിറ്ററായി തന്നെ എന്റെ പേര് വെച്ചു. 2006 മെയ് 31-വരെ അതങ്ങനെ തുടര്‍ന്നു. അതിനിടെ ബാബുവിനെ കോഴിക്കോട്ടുതന്നെ പത്രത്തിന്റെ എഡിറ്റോറിയല്‍ വിഭാഗത്തിലേക്ക് മാറ്റി. അതിലൊന്നും യാതൊരു വേവലാതിയും കാട്ടാതെ ബാബു ജോലിയില്‍ തുടര്‍ന്നു. പിന്നീട് ജനശക്തി വാരികയില്‍ ബാബു എഴുതിയ ഒരു ലേഖനം മറ്റേതോ പേരില്‍ വന്നുവെന്നതിന്റെ പേരിലാണ് ബാബുവിനെ ദേശാഭിമാനിയില്‍നിന്ന് നടപടിയെടുത്ത് പുറത്താക്കിയത്. പിന്നീട് ബാബു സമകാലിക മലയാളം വാരികയുടെ സഹപത്രാധിപരായി. ജയചന്ദ്രന്‍ നായര്‍ സാറിന്റെ പ്രിയപ്പെട്ടവനായി കുറേക്കാലം അവിടെ പ്രവര്‍ത്തിച്ചു. അതുകഴിഞ്ഞ് കോട്ടയത്തും തിരുവനന്തപുരത്തും കോഴിക്കോട്ടും മംഗളം ദിനപത്രത്തിന്റെ ഡെപ്യൂട്ടി എഡിറ്റര്‍. മംഗളത്തേിലുള്ളപ്പോള്‍ കുറച്ചുകാലം ഡല്‍ഹിയിലും പ്രവര്‍ത്തിച്ചു. അതിനുശേഷമാണ് എന്‍ പി രാജേന്ദ്രനടക്കമുള്ളവരോടൊപ്പം 'തത്സമയം' പത്രത്തിന്റെ ഡെപ്യൂട്ടി എഡിറ്ററായത്. ആ പത്രം അല്പായുസായി.

ഡോ. ടി കെ രാമചന്ദ്രനെ അദ്ദേഹം കോഴിക്കോട് സര്‍വകലാശാലയില്‍ ഗവേഷണവിദ്യാര്‍ഥിയായിരിക്കെത്തന്നെ പരിചയമുണ്ടായിരുന്നെങ്കിലും അദ്ദേഹവുമായി അടുത്ത ബന്ധംവെക്കാനായത് ബാബുവഴിയാണ്. ബാബു കോഴിക്കോട്ട് ജോലിചെയ്യുമ്പോള്‍ വീട്ടില്‍പോകാത്ത ദിവസങ്ങളില്‍ താമസിച്ചത് ഡോ. ടി കെയുടെ ഫ്‌ളാറ്റിലാണ്. നഗരത്തില്‍ ഫാത്തിമ ഹോസ്പിറ്റലിനടുത്തുള്ള എസ്.ഐ. അപ്പാര്‍ട്ട്‌മെന്റിലാണ് ടി കെയുടെ ഫ്‌ളാറ്റ്. ആദ്യം വര്‍ത്തമാനം പത്രത്തിലും പിന്നീട് ഇന്ത്യാവിഷനിലും ലേഖകനായ ഇപ്പോള്‍ മാതൃഭൂമി ചാനലിന്റെ ഉത്തരമേഖലാ ചീഫായ സി കെ വിജയനാണ് അക്കാലത്ത് ടി കെയുടെ വീട്ടില്‍ താമസിക്കുന്ന മറ്റൊരാള്‍. രാവേറുംവരെ ഇവരെല്ലാം ടി കെയുമായി സംവദിച്ച് വിജ്ഞാനത്തിന്റെ പുതിയ മേഖലകളിലേക്കെത്തുന്നു. വാരികയുമായി ബന്ധപ്പെട്ട പ്രവൃത്തികള്‍, വിശേഷാല്‍പ്രതികളുടെ പ്രവൃത്തികള്‍ എന്നിവയുമായി ബന്ധപ്പെട്ട് വൈകുംവരെ ഓഫീസില്‍ നില്‍ക്കേണ്ടിവരുന്ന ദിവസങ്ങളില്‍ താമസിക്കാന്‍ അവിടെ ഒരു മുറി വാടകക്കെടുക്കുന്ന കാര്യം ചര്‍ച്ച ചെയ്തപ്പോള്‍ ബാബു പറഞ്ഞു. അതൊന്നും വേണ്ട ടി കെയുടെ ഫ്‌ളാറ്റില്‍ താമസിക്കാം. ടി കെയ്ക്ക് സന്തോഷമാവും. ബാബുവാണ് ടി കെയുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നത്. വര്‍ഗീയതക്കെതിരെ ശക്തമായ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുകയായിരുന്നു അക്കാലത്ത് ടി കെ. ഉന്നത ധിഷണാശാലിയായ ആ മനുഷ്യന്റെ സന്നിധിയിലേക്ക് സായിനാഥടക്കമുള്ള പ്രമുഖര്‍ ഇടക്കിടെ എത്തിക്കൊണ്ടിരുന്നു. ബാബുവിന്റെ ഏറ്റവുമടുത്ത ചങ്ങാതിയായ കെ എ ഷാജിയാണ് സായിനാഥിനൊപ്പമുണ്ടാവുക. ബാബുവിനെ വിജയന്‍ മാഷ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചവരിലൊരാള്‍ ടി കെയാണ്. ടി കെയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വേറിട്ടൊരുവിഷയമായതിനാല്‍ ബാബുവിലേക്കുതന്നെ വരാം.

സമകാലികമലയാളത്തിലും മംഗളത്തിലും പ്രവര്‍ത്തിക്കുന്ന സമയത്താണ് ബാബു രാജ്യത്താകെ സഞ്ചരിച്ച് ജനജീവിതം സൂക്ഷ്മമായി പഠിച്ചത്. സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു മാധ്യമപ്രവര്‍ത്തകനെന്നനിലയില്‍ അക്കാലത്ത് ബാബു നടത്തിയ പ്രവര്‍ത്തനത്തിലേക്ക് വെളിച്ചംവീശുന്ന ഒരു അനുസ്മരണലേഖനം കെ എ ഷാജി ഏഷ്യാനെറ്റ് ഓണ്‍ലൈനില്‍ എഴുതിയിരുന്നു. സായിനാഥിനൊപ്പം വയനാട്ടിലെ കാര്‍ഷികമേഖലയില്‍ വിപുലമായി സഞ്ചരിച്ചു. പ്രഫുല്‍ ബിദ്വായി, ശബ്‌നം ഹാശ്മി, അചിന്‍ വിനായക്, ഇപ്പോഴത്തെ ടെലഗ്രാഫ് എഡിറ്റര്‍ അറ്റ് ലാര്‍ജ് രാജഗോപാല്‍ തുടങ്ങിയവരെല്ലാം ബാബുവിന്റെ അടുത്ത സുഹൃദ് വലയത്തിലുണ്ടായിരുന്നു.

1998-ല്‍ പാലക്കാട്ട് നടന്ന സി പി എം സംസ്ഥാനസമ്മേളനത്തില്‍ സംസ്ഥാന കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കപ്പെട്ടവരിലൊരാളാണ് ഐ വി ദാസ്. ഒ ഭരതനടക്കമുള്ളവരും ഒഴിവാക്കപ്പെടുകയും എം എം ലോറന്‍സ്, കെ എന്‍ രവീന്ദ്രനാഥ്, വി ബി ചെറിയാന്‍ തുടങ്ങിയവര്‍ മത്സരത്തില്‍ തോല്പിക്കപ്പെടുകയും ചെയ്തു. ഈ സംഭവം ബാബുവടക്കമുള്ളവര്‍ക്ക് മനസിലേറ്റ വലിയ മുറിവായി. പാലക്കാട് സമ്മേളനം കഴിഞ്ഞ് ഏതാനും ആഴ്ചകള്‍ക്കകം മാര്‍ച്ച് 19-ന് ഇ എം എസ് അന്തരിച്ചു. അതിന്റെ പിറ്റേദിവസമായിരുന്നു ബാബുവിന്റെ വിവാഹം.

ഏതുകാര്യത്തിലും സ്വാഭിപ്രായം ധീരമായി പറയാന്‍ ബാബുവിന് മടിയുണ്ടായിരുന്നില്ല. കുറച്ചുകാലം തലശേരി ക്രൈസ്റ്റിലും ദീര്‍ഘകാലം വടകരയിലെ മേഴ്‌സി കോളേജിലും അധ്യാപകനായിരുന്ന ബാബുവിന് ഏറെ ഇഷ്ടം അധ്യാപനമായിരുന്നു. ഡോക്ടറേറ്റുണ്ടായിട്ടും കോളേജധ്യാപക ജോലിയിലെത്താനായില്ല. കോഴ കൊടുത്ത് അത് വേണ്ട എന്ന് ഉറച്ചനിലപാടിനെ തുടര്‍ന്നാണ് ദേശാഭിമാനിയില്‍ വൈകി എത്തിയത്. പി ജി കഴിഞ്ഞ് വര്‍ഷങ്ങള്‍ക്കുശേഷമാണ് ദേശാഭിമാനിയില്‍ അപേക്ഷ നല്‍കി പരീക്ഷയെഴുതിയത്. പാരലല്‍ കോളേജില്‍ പ്രവര്‍ത്തിക്കുന്ന സമയത്താണ് ബാബു പിതാവിന്റെ 'പടഹം മാസിക' പുതിയ രൂപത്തില്‍ പുനപ്രസിദ്ധീകരിക്കാന്‍ ശ്രമം തുടങ്ങിയത്. എന്‍ പ്രഭാകരന്റെ ഉപദേശനിര്‍ദേശങ്ങളോടെയായിരുന്നു അതിന്റെ പ്രവര്‍ത്തനം. പഴയ 'പടഹം' പഴയ പുരോഗമനസാഹിത്യ മട്ടിലായിരുന്നു. അതിന് പുതുമ വരുത്താനാണ് ശ്രമിച്ചത്. എ വി പവിത്രനാണ് അതിന്റെ എഡിറ്റോറിയല്‍ ചുമതല നിര്‍വഹിച്ചത്. പടഹത്തിന്റെ പ്രവര്‍ത്തനത്തിനായി എന്‍ പ്രഭാകരനാണ് പവിത്രനെ വിളിച്ചുവരുത്തിയത്. നല്ല നിലയില്‍ അഞ്ചോ ആറോ ലക്കം ഇറക്കിയെങ്കിലും സാമ്പത്തികപ്രശ്‌നങ്ങളാല്‍ അത് നിലച്ചു.

വടകരയില്‍ പ്രവര്‍ത്തിക്കുന്ന കാലത്തുതന്നെ ടി പി ചന്ദ്രശേഖരനുമായി ആത്മബന്ധമാണ് ബാബുവിനുണ്ടായിരുന്നത്. ആര്‍ എം പിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറിവരൊകുന്നതിലേക്കാണ് അതെത്തിച്ചത്. ചന്ദ്രശേഖരന്‍ കൊലചെയ്യപ്പെട്ടപ്പോള്‍ ബാബു മറ്റ് ആയിരക്കണക്കിന് സഖാക്കളെപ്പോലെ കടുത്ത ദുഖത്തിലും രോഷത്തിലുമായി. തന്റെ പിതാവടക്കം നയിക്കുന്ന സി പി എമ്മുമായി ഒരുതരത്തിലുള്ള മമതാബന്ധവും തുടരാനാവില്ലെന്ന നിലപാടിലായി അവന്‍. അത്യന്ത ഭീകരമായ ആ കൊലപാതകം സൃഷ്ടിച്ച ആഘാതത്തിന്റെ അലയടങ്ങിയിട്ടില്ല. താന്‍ പ്രവര്‍ത്തിച്ച, തന്റെ പിതാവ്  സംസ്ഥാന കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ച പാര്‍ട്ടിയിലെ ചിലരാണത് ചെയ്തതെന്നത്, ആസൂത്രിതമാണ് അതെന്നത് ബാബുവിനെ മഥിച്ചു. സജീവ മാധ്യമപ്രവര്‍ത്തകനായിരിക്കെത്തന്നെ ആര്‍ എം പിയുടെ ഭാഗമാകാന്‍ ബാബു മടിച്ചില്ല. രാഷ്ട്രീയ അഭിപ്രായങ്ങളുടെ കാര്യത്തില്‍ ചിലതില്‍ ബാബുവിനോട് യോജിപ്പുണ്ടായിരുന്നെങ്കിലും പുകസയുമായി ബന്ധപ്പെട്ട ഒന്നോ രണ്ടോ യോഗത്തില്‍ അത് പ്രകടിപ്പിച്ചിരുന്നെങ്കിലും പാര്‍ട്ടി നിലപാടിനെ തള്ളിപ്പറയാന്‍ ഇതെഴുതുന്നയാള്‍ തയാറായിരുന്നില്ല. 'നിങ്ങളൊന്നും എല്ലിനൊറപ്പില്ലാത്തവരാണ്' എന്ന് അവന്‍ പരിഹസിക്കുകയും ചെയ്യുമായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ രീതിയെക്കുറിച്ച്, ലെനിനിസ്റ്റ് സംഘടനാതത്വത്തെക്കുറിച്ച് പറഞ്ഞ് സംയമനം പാലിക്കാന്‍ പറഞ്ഞാലും 'പോ കോയാ' എന്നാണ് ബാബു പറയുക. കീഴടക്കാനാവാത്ത നിശ്ചയദാര്‍ഢ്യമാണ് അവനുണ്ടായിരുന്നത്. ഏറ്റവും ഒടുവില്‍ ബാബുവിനെ വിളിച്ചത് 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം മുറുകിയപ്പോഴാണ്. വടകരയില്‍ പി. ജയരാജന്‍ ജയിക്കേണ്ടതിന്റെ പ്രാധാന്യം ഞാന്‍ പറയാന്‍ ശ്രമിച്ചപ്പോള്‍ ''ബാലകൃഷ്‌ണേട്ടാ, നിങ്ങള്‍ എന്റെ ഏട്ടനാണ്, അതിന്റെ ബഹുമാനവുമുണ്ട്. ഏട്ടന് വേറെന്തെങ്കിലും പറയാനുണ്ടോ,'' എന്നായിരുന്നു ചോദ്യം. നീ യു ഡി എഫിന് വേണ്ടി പ്രവര്‍ത്തിക്കാതിരിക്കുകയെങ്കിലും വേണമെന്ന് പറഞ്ഞപ്പോള്‍ അവന്‍ ക്ഷുഭിതനായി ഫോണ്‍ കട്ടാക്കി.

എട്ടൊൻപത് മാസത്തിനുശേഷം കണ്ണൂര്‍ ഏച്ചൂരിലെ സി ആര്‍ ഓഡിറ്റോറിയത്തില്‍ രാധാകൃഷ്ണന്‍ പട്ടാന്നൂരിന്റെ മകന്‍ വരുണിന്റെ വിവാഹദിവസം ആള്‍ക്കൂട്ടത്തിനിടയിലാണ് ബാബുവിനെ കണ്ടത്. ദൂരെനിന്ന് കണ്ടെങ്കിലും അടുത്തുപോയി സംസാരിച്ചില്ല. കാരണം അത്രമാത്രം തെറ്റി സംസാരിച്ചുപോയതാണ്. അവന്‍ എന്നെ കണ്ടുവോയെന്ന് വ്യക്തമല്ല. അതിനുശേഷം ഒരാഴ്ച കഴിഞ്ഞുകാണും... എ ടി മോഹന്‍രാജ് മാഷാണ് വിളിച്ചത്ബാ, ''ബുവിന് സുഖമില്ലാതെ കോഴിക്കോട്ട് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിട്ടുണ്ട്.'' ആശങ്കയുടെ സ്വരമുണ്ടായിരുന്നു ആ വിളിക്ക്. പിറ്റേന്ന് രാവിലെ ആശുപത്രിയില്‍ ചെന്നുകണ്ട് എന്‍ പി രാജേന്ദ്രന്‍ വിളിച്ചു,''കുറച്ച് പ്രശ്‌നമുണ്ട്. പക്ഷേ അതിന്റെ ഗൗരവം അവന് മനസിലാകുന്നില്ല. എല്ലാം നിസാരമാണെന്ന മട്ടിലുള്ള പെരുമാറ്റം.'' പക്ഷേ അടുത്ത ദിവസം ബന്ധുക്കളെയും സുഹൃത്തുക്കളെയുമെല്ലാം കരയിക്കുന്ന വിവരമാണറിഞ്ഞത്.

ശരിയായാലും തെറ്റായാലും, സ്വാഭിപ്രായങ്ങളില്‍ ഉറച്ചുനിന്ന് ഒത്തുതീര്‍പ്പുകള്‍ക്ക് തയാറല്ലായിരുന്ന പത്രപ്രവര്‍ത്തകനും രാഷ്ട്രീയപ്രവര്‍ത്തകനുമായിരുന്നു ബാബു. സ്വന്തം പിതാവിനോടും പോലും ഇക്കാര്യത്തില്‍ ബാബു നിരന്തരം കലഹിച്ചു. ബാബുവിന്റെ മരണമുണ്ടാക്കിയ ഞെട്ടല്‍ ഇന്നും മാറിയിട്ടില്ല. ഐ വി ബാബു ദേശാഭിമാനി വാരികയില്‍ സബ് എഡിറ്ററായി പ്രവര്‍ത്തിക്കുന്ന സന്ദര്‍ഭത്തിലാണ് നൂറ്റെഴുപത്തഞ്ചോളം ലക്കത്തിലായി 'കേരളപര്യടനം' എന്ന പരമ്പര ഞാന്‍ ചെയ്തത്. എഡിറ്റര്‍ ഇന്‍ ചാര്‍ജായ സിദ്ധാര്‍ഥന്‍ പരുത്തിക്കാടിന്റെ മേല്‍നോട്ടത്തില്‍ അതിന്റെ എഡിറ്റിങ് നിര്‍വഹിച്ചത് ബാബുവാണ്. ചിലപ്പോള്‍ ബാബു വിളിക്കും,''ഏട്ടാ ആ ക്ഷേത്രത്തെക്കുറിച്ചും ഐതിഹ്യത്തെക്കുറിച്ചും എഴുതിയത് ലേശം അധികമായില്ലേ. കൈവെക്കട്ടേ.'' ഓ ഇഷ്ടംപോലെ ചെയ്‌തോളൂ എന്ന് പറയാറുമുണ്ട്. അതിന്റെ പ്രസിദ്ധീകരണം മുടങ്ങാതിരിക്കാന്‍ ബാബുവിന്റെ പ്രേരണയും ഒരു ഘടകമായിരുന്നു.

ഐ വി ദാസന്‍ മാഷുടെ ഏക മകനാണ് ബാബു. ദാസന്‍ മാഷുടെ യഥാര്‍ഥ പേര് ദീര്‍ഘകാലം ഞങ്ങള്‍ക്ക് അജ്ഞാതമായിരുന്നു. അക്കാലത്ത് മിക്കവാറും ദിവസം ഓഫീസില്‍ വരുമായിരുന്ന ഹമീദ് ചേന്നമംഗലൂര്‍ മാഷുടെ പേര് ഇന്ത്യന്‍ വിപ്ലവദാസ് ഗുപ്ത എന്നാക്കാമെന്ന് തമാശ പറയുമായിരുന്നു. ഐ ഭുവനദാസ് എന്നാണ് പേരെന്ന് പിന്നീട് വ്യക്തമായത് സര്‍ക്കാരില്‍നിന്നുള്ള ഒരു കത്ത് വന്നപ്പോഴാണ്. മാഷ് ഒരിക്കലും വെളിപ്പെടുത്തിയിരുന്നില്ല. ഇല്ലത്തുവീട്ടില്‍ ഭുവനദാസ്. സിംഗപ്പൂര്‍ പ്രസിഡന്‌റായിരുന്ന ദേവന്‍നായര്‍ ദാസന്‍ മാഷുടെ കുടുംബക്കാരനാണ്.

ദാസന്‍മാഷ്ക്ക് ഏറ്റവും വലിയ സങ്കടം ഏക മകന്‍ പാര്‍ട്ടിക്ക് പുറത്തായി എന്നതായിരുന്നു. പുറത്താകുന്നതിന് മുമ്പുതന്നെ ബാബുവിനെപ്പറ്റിയുള്ള വിമര്‍ശങ്ങള്‍ വരുമ്പോള്‍ മാഷ് സങ്കടപ്പെടും. പക്ഷേ അവര്‍ നേരിട്ട് ഇക്കാര്യങ്ങളൊന്നും അധികം സംസാരിക്കാറില്ലായിരുന്നു.

മാഷ് എഡിറ്ററായിരിക്കെയാണ് വാരികയില്‍ സബ് എഡിറ്ററായി ഞാന്‍ എത്തുന്നത്. ഒരു സാഹിത്യ വാരികയുടെ പത്രാധിപര്‍ എന്ന നിലയില്‍ മാഷ് വിജയമാണെന്ന് പറയാനാവില്ല. പക്ഷേ ഞങ്ങള്‍ക്ക് പൂര്‍ണ പ്രവര്‍ത്തന സ്വാതന്ത്യ്രം നല്‍കിയിരുന്നു. കവര്‍‌സ്റ്റോറിയുടെയും ലേഖനങ്ങളുടെയും കാര്യത്തില്‍ മാത്രമാണ് മാഷ് ഇടപെട്ടത്. ഓഫീസില്‍ മാഷ് വന്നാല്‍ സന്ദര്‍ശകപ്രവാഹമായിരിക്കും. ഏത് വയസ് ഗ്രൂപ്പില്‍പ്പെട്ടവരും അക്കൂട്ടത്തിലുണ്ടാവും. എഴുത്തുകാരും സാമൂഹ്യപ്രവര്‍ത്തകരുമെല്ലാമെല്ലാം. സൗഹൃദം സ്ഥാപിക്കുന്നതില്‍ ദാസന്‍ മാഷെപ്പോലെ അധികമാരുമുണ്ടാവില്ല. രാഷ്ട്രീയത്തിനതീതമാണാ ബന്ധം. പതിവായി ട്രെയിനിൽ യാത്രചെയ്യുന്ന ദാസന്‍ മാഷ്ക്ക് ഏറ്റവുമധികം സുഹൃത്തുക്കള്‍ വണ്ടിയിലെ സഹയാത്രികരാണ്. അങ്ങോട്ടുകയറി ചോദിക്കും. എന്താ പേര്, എവിടെപ്പോകുന്നു, അവിടെ ഇന്നയാളെ അറിയുമോ. എന്നെ അറിയാമോ. എന്നെല്ലാമായിരിക്കും ചോദ്യങ്ങള്‍ അങ്ങനെ പരിചയത്തിലാവുന്നവര്‍ മാഷെ കാണാന്‍ വരും. അവരുടെ കല്യാണം ക്ഷണിക്കും. ഓഫീസിലെ ചിലര്‍ക്കെല്ലാം ഇതൊരു പരിഹാസമാണ്. എന്നാല്‍ മാഷിന്‌ സൗഹൃദമാണ് ലഹരി. ഏതു നാട്ടില്‍ പരിപാടികള്‍ക്ക് പോയാലും ആരുടെയും തോളില്‍ കയ്യിട്ട് വലയത്തിലാക്കാന്‍ അസാമാന്യ കഴിവാണ്. കല്യാണങ്ങള്‍ക്ക് ക്ഷണിച്ചാല്‍ ആ ദിവസം പോകാന്‍ സാധിച്ചില്ലെങ്കില്‍ ഓര്‍മിച്ചുവെച്ച് ആറുമാസം കഴിഞ്ഞായാലും പോകും. വീട്ടുകാര്‍ അമ്പരന്നുപോകും.

ദാസന്‍മാഷ്ക്ക് ഏറ്റവും വലിയ സങ്കടം ഏക മകന്‍ പാര്‍ട്ടിക്ക് പുറത്തായി എന്നതായിരുന്നു. പുറത്താകുന്നതിന് മുമ്പുതന്നെ ബാബുവിനെപ്പറ്റിയുള്ള വിമര്‍ശങ്ങള്‍ വരുമ്പോള്‍ മാഷ് സങ്കടപ്പെടും. പക്ഷേ അവര്‍ നേരിട്ട് ഇക്കാര്യങ്ങളൊന്നും അധികം സംസാരിക്കാറില്ലായിരുന്നു. കാരണം അവര്‍ നേരില്‍ കാണുന്നത് വല്ലപ്പോഴും മാത്രമാണ്. രണ്ടും നിത്യസഞ്ചാരികള്‍. അച്ഛനോട് ഏറെയേറെ പ്രിയമായിരുന്നെങ്കിലും അച്ഛന്റെ പല രാഷ്ട്രീയ-സാഹിത്യനിലപാടുകളോട് ബാബുവിന് തീരേ മതിപ്പില്ലായിരുന്നു. അങ്ങനെയിരിക്കെ ഒരു പൊട്ടിത്തെറിയുണ്ടായി. ബാബു പാര്‍ട്ടിയിലും ദേശാഭിമാനിയിലും ഉളളപ്പോള്‍ത്തന്നെയാണെന്ന് തോന്നുന്നു. ഡോ. സുകുമാര്‍ അഴീക്കോട് ഒരു ഫ്രോഡാണെന്ന് ആക്ഷേപിച്ചുകൊണ്ട് ബാബുവിന്റെ ഒരു ലേഖനം ഏതോ പ്രസിദ്ധീകരണത്തില്‍വന്നു. മാഷ്ക്ക് അത് സഹിക്കാന്‍ കഴിയുന്നതിലപ്പുറമായിരുന്നു. അഴീക്കോടിന്റെ ഒന്നാന്തരം ആരാധകനായിരുന്നു മാഷ്. ബാബുവിനെ ചീത്തവിളിക്കാന്‍ പേടിയായിരുന്നതിനാല്‍ മാഷ് എന്നെയാണ് വഴക്ക് പറഞ്ഞത്,''എടോ നിങ്ങളൊക്കെ അവനെ ഒന്നു ഗുണദോഷിക്കണ്ടേ. എന്താണവന്‍ ചെയ്തത് ഗുരുനിന്ദ. ഞാനിനിയെങ്ങനെ അഴീക്കോടിന്റെ മുഖത്തുനോക്കും.'' മാഷ് കരഞ്ഞില്ലെന്നേയുള്ളൂ. ഞാന്‍ മാഷോട് പറഞ്ഞു, ''ബാബു പ്രായപൂര്‍ത്തിയായ ഒരാളല്ലേ മാഷേ. അവന്‍ ഡോക്ടറേറ്റൊക്കെയുള്ള ആളാണ്. അവന്റെ ധൈഷണികകാര്യങ്ങളില്‍ മാഷെന്തിനാ വെറുതെ ഇടപെടുന്നത്?''

തന്നെക്കാള്‍ ധൈഷണികമായി ഏറെ ഔന്നത്യമാര്‍ജിക്കാന്‍ മകന് കഴിഞ്ഞെന്നതില്‍ ഗൂഢമായ ഒരു സന്തോഷം മാഷ്ക്കുണ്ടായിരുന്നു. പ്രഭാഷകനെന്നിലയില്‍ അവന്‍ തന്നെക്കാളും ഉയരത്തിലാണെന്നറിയാമായിരുന്ന മാഷ് ചിലപ്പോള്‍ ചോദിക്കും, ''എടോ ബാബു പ്രസംഗിക്കാന്‍ തരക്കേടില്ല അല്ലേ.'' പ്രശംസ നിറഞ്ഞ ചോദ്യമായിരുന്നു അത്. 1989-ലോ 90ലോ ആണ് മാഷ് എഡിറ്റര്‍, സിദ്ധാര്‍ത്ഥന്‍ പരുത്തിക്കാട് എഡിറ്റര്‍ ഇന്‍ചാര്‍ജ്, ഞാന്‍ പ്രൊഡക്ഷന്‍ ചുമതലയുള്ള സബ് എഡിറ്റര്‍. മാഷ് ഒരാശയം മുന്നോട്ടുവെച്ചു. ശാങ്കരദര്‍ശനം എന്ന വിഷയത്തില്‍ വാരികയില്‍ ഒരു സുദര്‍ഘ ചര്‍ച്ച സംഘടിപ്പിക്കണം. ഞാനും സിദ്ധാര്‍ഥനും എതിര്‍ത്തു. ഇപ്പോള്‍ അത്തരമൊരു ചര്‍ച്ച അപ്രസക്തമാണ് എന്ന് ഞാനും സിദ്ധാര്‍ഥനും വിയോജിച്ചു. പക്ഷേ നിങ്ങള്‍ക്കറിയാഞ്ഞിട്ടാണ്, ആദിശങ്കരനെപ്പറ്റി നിങ്ങള്‍ വായിക്കാത്തതാണ് പ്രശ്‌നം എന്നുപറഞ്ഞ് ഞങ്ങളുടെ വായയടപ്പിച്ചു.  ആ പരമ്പര വരാന്‍ തുടങ്ങിയപ്പോള്‍ ഒരുദിവസം ബാബുവിനെ കണ്ടപ്പോള്‍ അവന്‍ വല്ലാതെ ക്ഷോഭിച്ചു, കളിയാക്കി, ''നിങ്ങള്‍ക്കൊക്കെ പ്രാന്തുണ്ടോ ഏട്ടാ. ശങ്കരന്റെ തത്വചിന്തയെപ്പറ്റി ഇപ്പോള്‍ വാരികയില്‍ സിമ്പോസിയം നടത്താന്‍.'' ഞാന്‍ പറഞ്ഞു,''പിരാന്തുണ്ടെങ്കില്‍ നിന്റെ അച്ഛനാണ്.'' അപ്പോള്‍ ചിരിച്ചുകൊണ്ട് അവന്‍ പറഞ്ഞു: ''അച്ഛന് അങ്ങനത്തെ ചില കുഴപ്പങ്ങളുണ്ട്. ഭൂതം പൂര്‍ണമായി നീങ്ങിയിട്ടില്ല.'' ആ പരമ്പര മാഷ് എഡിറ്ററായി പിന്നീട് പുസ്തകരൂപത്തില്‍ പ്രസിദ്ധപ്പെടുത്തി. ''നവോത്ഥാനവും നമ്പൂതിരിമാരും എന്നതല്ലേ നിന്റെ ഗവേഷണവിഷയം. അതിലും ഇമ്മാതിരി പ്രശ്‌നം വരില്ലേ. ഇപ്പോള്‍ പ്രസക്തമല്ലെങ്കിലും ചരിത്രമല്ലേ. തിരുത്തണം നീ തീക്ഷ്ണവാദങ്ങള്‍,'' എന്ന് ഞാന്‍ പറഞ്ഞു.
''ഏട്ടനല്ല, മറ്റാരെങ്കിലുമാണിങ്ങനെയൊക്കെ പറയുന്നതെങ്കില്‍ ചെലക്കാണ്ട് പോടോ,'' എന്നാണ് ഞാന്‍ പറയുകയെന്നായിരുന്നു ബാബുവിന്റെ മറുപടി.

1986-ല്‍ സി പി എമ്മില്‍നിന്ന് എം വി ആറും സംഘവും വേര്‍പിരിഞ്ഞ് സി എം പി. രൂപീകരിച്ച ഘട്ടത്തിലാണ് ദേശാഭിമാനി പത്രത്തില്‍ പ്രതികരണങ്ങള്‍ എന്ന കോളം ഐ വി ദാസ് ആരംഭിച്ചത്

ദേശാഭിമാനി ജനറല്‍ മാനേജരും മുനയന്‍കുന്ന് സമരസേനാനിയുമായ പി കണ്ണന്‍നായര്‍ അന്തരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ജീവചരിത്രലേഖനം തയാറാക്കാന്‍ മാഷാണ് എന്നെ നിര്‍ബന്ധിച്ചത്. രണ്ടുദിവസം അവിടെ പോകാന്‍ അനുമതിയും നല്‍കി. പഴയകാലത്തെ സഖാക്കളെ കണ്ട് വിശദമായ ലേഖനം തയ്യാറാക്കി. ആ ലേഖനമുള്‍പ്പെടെ കണ്ണന്‍ നായരെപ്പറ്റി മാഷ് എഡിറ്റ് ചെയ്ത ഒരു പുസ്തകം ചിന്ത പബ്ലിഷേഴ്‌സ് പ്രസിദ്ധപ്പെടുത്തുകയുണ്ടായി.

1986-ല്‍ സി പി എമ്മില്‍നിന്ന് എം വി ആറും സംഘവും വേര്‍പിരിഞ്ഞ് സി എം പി രൂപീകരിച്ച ഘട്ടത്തിലാണ് ദേശാഭിമാനി പത്രത്തില്‍ പ്രതികരണങ്ങള്‍ എന്ന കോളം ഐ വി ദാസ് ആരംഭിച്ചത്. ആദ്യകാലത്ത് സി എം പിയെയും എം വി രാഘവനെയും നിശിതമായി ആക്ഷേപിക്കുന്ന കുറിപ്പുകളാണ്, അതിലെ ഭാഷ പലപ്പോഴും ഗ്രാമ്യമാകാറുണ്ട്, വന്നുകൊണ്ടിരുന്നത്. മറുപുറം ശൂന്യമായ മോസ്‌കോ ന്യൂസിന്റെ മൂന്ന് കടലാസെടുത്ത് മേലെ 'പ്രതികരണങ്ങള്‍' എന്നും തലക്കെട്ടും എഴുതിക്കൊണ്ടാണ് തുടക്കം. പിന്നെ ഒറ്റയെഴുത്താണ്. താല്‍ക്കാലികമായി രാഷ്ട്രീയ പ്രതിരോധം സൃഷ്ടിക്കാന്‍, പ്രസംഗകര്‍ക്ക് വിഭവം നല്‍കാന്‍ അത് പ്രയോജനപ്പെട്ടു.

1991-ലെ നിയമസഭാ-ലോകസഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫും ബി ജെ പിയും ധാരണയുണ്ടാക്കിയാണല്ലോ മത്സരിച്ചത്. 40 സീറ്റിലാണ് ധാരണയുണ്ടാക്കിയതെന്ന് ബി ജെ പി. നേതാവ് കെ ജി മാരാര്‍ ആത്മകഥയില്‍ തുറന്നെഴുതിയതാണ്. ബേപ്പൂർ നിയമസഭാ മണ്ഡലത്തിൽ ഡോ. കെ മാധവന്‍കുട്ടി, വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ അഡ്വ. എ രത്‌നസിങ്ങ് എന്നീ ബി ജെ പി നോമിനികളെ ജയിപ്പിക്കാന്‍ യു ഡി എഫ് വോട്ടുചെയ്യും, പകരം മറ്റു സീറ്റുകളില്‍ ബി ജെ പി യു ഡി എഫിനെ പിന്തുണയ്ക്കും ഇതായിരുന്നു കരാര്‍. മേല്‍പ്പറഞ്ഞ രണ്ട് സീറ്റിലും യു ഡി എഫ്. സ്ഥാനാര്‍ഥിയെ നിര്‍ത്തിയില്ല. രണ്ട് മണ്ഡലവും ലീഗിന് നല്ല സ്വാധീനമുള്ള മണ്ഡലമാണ്.

ദാസന്‍ മാഷ് കോ-ലീ-ബി മുന്നണി എന്ന തലക്കെട്ടില്‍ ഒരു പ്രതികരണമെഴുതി. ആ തിരഞ്ഞെടുപ്പില്‍ ഏറ്റവും ക്ലിക്ക് ചെയ്ത കാപ്ഷനാണത്. രണ്ട് മണ്ഡലത്തിലും ബി ജെ പി നോമിനികള്‍ തോല്‍ക്കുകയും ചെയ്തു. സഹതാപതരംഗം കാരണം യു ഡി എഫിന് വന്‍വിജയുണ്ടായ ആ തിരഞ്ഞെടുപ്പില്‍ വടകരയിലും ബേപ്പൂരിലും എല്‍ ഡി എഫിനുണ്ടായ മിന്നുന്ന വിജയത്തില്‍ ആ മുദ്രാവാക്യത്തിന് ചെറുതല്ലാത്ത പങ്കുണ്ട്. കോ-ലീ-ബി എന്ന മുദ്രാവാക്യം പില്‍ക്കാലത്തും നിരന്തരം ആവര്‍ത്തിക്കപ്പെടുന്നു. അതിശക്തമായ ആക്ഷേപഹാസ്യത്തിലൂടെ എതിരാളികളെ കശക്കുകയായിരുന്നു പ്രതികരണങ്ങളിലൂടെ. അതിന്റെ പേരില്‍ വലിയ എതിര്‍പ്പുകളും മാഷക്ക് നേരിടേണ്ടിവന്നിട്ടുണ്ട്.

ദാസന്‍മാഷക്ക് ചില ദൗര്‍ബല്യങ്ങളുണ്ടായിരുന്നു. അതിലൊന്ന് അമിത ഫോണ്‍വിളിയാണ്. അക്കാലത്ത് മൊബൈല്‍ ഫോണില്ല. ഫോണ്‍ കാണുമ്പോള്‍ മാഷക്ക് വിളിക്കാന്‍ തോന്നും. ഫോണ്‍ കയ്യിലെടുത്ത ശേഷമാണ് ആരെ വിളിക്കണമെന്ന് ഓര്‍ത്തുനോക്കുക

ദാസന്‍മാഷ്ക്ക് ചില ദൗര്‍ബല്യങ്ങളുണ്ടായിരുന്നു. അതിലൊന്ന് അമിത ഫോണ്‍വിളിയാണ്. ഫോണ്‍ കാണുമ്പോള്‍- അക്കാലത്ത് മൊബൈല്‍ ഫോണില്ല, മാഷ്ക്ക് വിളിക്കാന്‍ തോന്നും. ഫോണ്‍ കയ്യിലെടുത്ത ശേഷമാണ് ആരെ വിളിക്കണമെന്ന് ഓര്‍ത്തുനോക്കുക. ഒരുപക്ഷേ കേരളത്തില്‍ ഏറ്റവും കൂടുതല്‍ അതിപരിചയക്കാരുള്ള രാഷ്ട്രീയനേതാവും പത്രാധിപരുമാണ് ദാസന്‍ മാഷ്. പക്ഷേ ഫോണ്‍ വിളിക്ക് ഓഫീസില്‍ ചില നിയന്ത്രണങ്ങളുണ്ട്. സംസ്ഥാന കമ്മിറ്റി അംഗവും പത്രാധിപരുമാണെങ്കിലും അത് ബാധകം. ചില നിയന്ത്രണങ്ങളൊക്കെ അതിന്റെ ഭാഗമായി ഓര്‍മിപ്പിക്കാറുണ്ട്. അത് ദേശാഭിമാനി ഓഫീസില്‍നിന്ന് മാത്രമല്ല കണ്ണൂര്‍ അഴീക്കോടന്‍ മന്ദിരത്തില്‍നിന്നും ഉണ്ടാകാറുണ്ട്.

ദാസന്‍ മാഷ് നാട്ടുകാരുടെയാകെ പ്രിയങ്കരനും ബാബു അതിവിപുലമായ സുഹൃദ്‌വലയത്തിന്റെ സ്‌നേഹവലയത്തിലുമായിരുന്നെങ്കിലും പാനൂരിനടത്ത് മൊകേരിയിലെ അവരുടെ വീട്ടിലെ കാര്യങ്ങളില്‍ വേണ്ടത്ര ശ്രദ്ധിച്ചുവോയെന്ന് സംശയമാണ്. ബാബുവിന്റെ അമ്മ ചിലപ്പോഴെല്ലാം എന്നെ വിളിച്ചിട്ടുണ്ട്. അച്ഛനെയും കാണാനില്ല, മോനെയും കാണാനില്ല എന്ന് (ഏക മകന്‍ ബാബു  നാലുവര്‍ഷം മുമ്പ് മരിച്ച കാര്യംപോലും അറിയാതെ  അവര്‍ ഇപ്പോഴുമുണ്ട്. ഓര്‍മയുള്ളപ്പോള്‍ അവര്‍ ചോദിക്കുന്നത് ആ കള്ളന്‍ എപ്പോള്‍ വരുമെന്നാണെന്ന് ഈയിടെ ഒരു കുടുംബസുഹൃത്ത്‌ പറഞ്ഞറിഞ്ഞു. അവശയായ അമ്മയ്ക്ക്‌ പുറമെ കാഴ്ച പരിമിതിയുള്ള അവരുടെ അവിവാഹിതയായ സഹോദരി മാത്രമാണവിടെയുള്ളത്. സഹായത്തിനായി ഒരു ജോലിക്കാരിയും. ബാബുവിന്റെ ഭാര്യ ലത ടീച്ചര്‍ വടകരയിലെ വീട്ടില്‍നിന്ന് ഇടയ്ക്കിടെയെത്തി ആവശ്യമായ സഹായങ്ങള്‍ ചെയ്യുന്നു).

1988-90 കാലത്ത് ദേശാഭിമാനി വാരികയില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് ദാസന്‍ മാഷ്ക്ക് എന്നോട് നീരസമുണ്ടായത് ഒരുകാര്യത്തിലാണ്, ഇടക്കിടെ വീട്ടില്‍പോകുന്നു. ശനിയാഴ്ചയും ബുധനാഴ്ചയും മാത്രമാണ് വീട്ടില്‍ പോകുന്നത്. എന്നിട്ടും മാഷ്ക്ക് നീരസം. ''എന്തിനാടോ ആഴ്ചയില്‍ ഒരു ദിവസം പോയാല്‍ പോരേ. ഹോം സിക്ക്‌നസ് ശരിയല്ല കേട്ടോ. ചെലവിന് ഒരു 300 ഉറുപ്പിക കൊടുക്കുക,'' മാഷ് പറഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു: ''ഏതായാലും ഞാന്‍ മാറാന്‍പോകുന്നില്ല. മാഷ് ഇങ്ങനെയാണിപ്പോഴെങ്കില്‍ അതില്‍ മാറ്റംവരുത്തിയേ പറ്റൂ''.

''നീ തിങ്കളാഴ്ച വരുന്നത് ഉച്ചയ്ക്ക്, വ്യാഴാഴ്‌ച വരുന്നതും ഉച്ചയ്ക്ക്,'' എന്ന വിമര്‍ശവും മാഷുടെ ഭാഗത്തുനിന്നുണ്ടായി. ''അത് ശരിയല്ല മാഷേ, ഉള്ള ദിവസങ്ങളില്‍ മുഴുവന്‍സമയവും വര്‍ക്ക് ചെയ്യുന്നില്ലേ?'' എന്നായി ഞാൻ. ''അതെല്ലാമുണ്ട്. എന്നാലും,'' എന്ന് മാഷും. ഏതായാലും മൂന്നുവര്‍ഷത്തെ പ്രവര്‍ത്തനത്തിനുശേഷം മാഷുടെ നിര്‍ദേശാനുസരണമാവാം എന്നെ വാരികയില്‍നിന്ന് പത്രത്തിലേക്ക് മാറ്റി. രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്പിച്ചതും പാല് എന്നേ എനിക്കനുഭവപ്പെട്ടുള്ളൂ. എനിക്ക് പകരം നിയോഗിച്ചത് കെ എസ് ഹരിഹരനെയാണ്. പിന്നീട് ടി ആര്‍ മധുകുമാറും. മധുകുമാറും ബാബുവുമാണ് കേരളപര്യടനം പരമ്പരയുടെ പ്രസിദ്ധീകരണം ഏറെ ശ്രദ്ധേയമാക്കി മാറ്റിയത്.

തായാട്ട് ശങ്കരനും പി എന്‍ പണിക്കരും ഗ്രന്ഥശാലാസംഘം സംസ്ഥാന കമ്മിറ്റിയെ നയിക്കുന്ന കാലത്ത് ജോയന്റ് സെക്രട്ടറിയായിരുന്നു ദാസന്‍ മാഷ്. പിന്നീട് ലൈബ്രറി കൗണ്‍സില്‍ നിലവില്‍വന്നപ്പോള്‍ സെക്രട്ടറിയായത് മാഷാണ്. പ്രസിഡന്റ് കടമ്മനിട്ടയും. രണ്ട് ടേം ഭാരവാഹികളായി പ്രവര്‍ത്തിച്ച അവര്‍ കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് പുതിയ ദിശാബോധം നല്‍കിയെന്നതില്‍ സംശയമില്ല. സമ്പൂര്‍ണമായും നിസ്വാര്‍ഥമായ പ്രവര്‍ത്തനമാണ് മാഷ് നടത്തിയത്. ഒരു പരിചയവുമില്ലാത്ത ഡോക്ടറെ വിളിച്ച് ദാസന്‍മാഷ് പറയും, ''ഇത് ഐ വി ദാസാണ്, ദേശാഭിമാനി വാരിക പത്രാധിപരാണ്. ഞാനൊരാളെ അയക്കുന്നുണ്ട്.''

കോഴിക്കോട്ടെ ഏറ്റവും പ്രസിദ്ധനായ ഫിസിഷ്യന്‍ ഡോ.ആര്‍. കൃഷ്ണനെ 1990-കാലത്ത് കേട്ടപരിചയം പോലുമില്ലായിരുന്നു ദാസന്‍ മാഷ്ക്ക്. എന്റെ നാട്ടിലെ ഒരാള്‍ക്ക് വലിയ ആരോഗ്യപ്രശ്‌നമുണ്ടായപ്പോള്‍ ഞാന്‍ സ്വന്തം ഉത്തരവാദിത്തത്തില്‍ കോഴിക്കോട്ടേക്ക് കൂട്ടി. മാഷോട് കാര്യം പറഞ്ഞു. നല്ല ഫിസിഷ്യനാണ് ആര്‍ കൃഷ്ണന്‍ എന്ന് അന്വേഷിച്ചറിഞ്ഞു. നമ്പര്‍ കൊടുത്ത് മാഷെക്കൊണ്ട് വിളിപ്പിച്ചു. ഡോ.ആര്‍. കൃഷ്ണന്‍ വീട്ടിന് പുറത്തുവന്ന് വിളിച്ചു,''ആരാണ് ഐ വി ദാസ് പറഞ്ഞിട്ട് വന്നത്.'' പില്‍ക്കാലത്ത് ഡോ. ആര്‍ കൃഷ്ണന്‍ ദാസന്‍മാഷുടെ ഏറ്റവും പ്രിയപ്പെട്ട ആത്മമിത്രമായി. ബാബുവിനെ രക്ഷിക്കാന്‍ ഡോ.കൃഷ്ണന്‍ ആവതുശ്രമിച്ചെങ്കിലും...

ശോഭ സുരേന്ദ്രന്‍ തഴയപ്പെട്ടതെങ്ങനെ? ബിജെപിയിൽ കെ സുരേന്ദ്രനെതിരെ പടയൊരുക്കം ശക്തം

ഝാർഖണ്ഡ് മുഖ്യമന്ത്രിയായി ഹേമന്ത് സോറന്റെ സത്യപ്രതിജ്ഞ നവംബർ 26 ന്; രാഹുൽഗാന്ധിയും മമതയും ഉൾപ്പെടെ പ്രധാന നേതാക്കൾ ചടങ്ങില്‍ പങ്കെടുക്കും

'മുകേഷ് അടക്കമുള്ള നടന്‍മാര്‍ക്കെതിരെ നല്‍കിയ പീഡനപരാതി പിന്‍വലിക്കില്ല'; താൻ നേരിട്ട അതിക്രമത്തിന് നീതി വേണമെന്ന് നടി

മഹാരാഷ്ട്രയില്‍ ബിജെപി ചരിത്രവിജയം നേടിയതിനു പിന്നില്‍; ഇന്ത്യ മുന്നണിക്ക് പിഴച്ചതെവിടെ?

വയനാട് ലോക്സഭ എംപി ആയി പ്രിയങ്ക ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ; ആദ്യം ഉന്നയിക്കുക വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തം