PEOPLE

'കോണ്‍ഗ്രസ് സംസ്‌കാരമുള്ള സ്വതന്ത്ര'നില്‍നിന്ന് വിമത രാഷ്ട്രീയനേതാവിലേക്ക്; പിണറായിയെ ഒന്നാം ശത്രുവാക്കിയ അന്‍വറിന്റെ രാഷ്ട്രീയപരിണാമം

ഹരികൃഷ്ണന്‍ എം

പി വി അൻവർ, ഈ പേരിനുചുറ്റുമാണ് കേരളരാഷ്ട്രീയം കുറച്ചു ദിവസമായി ചുറ്റിക്കറങ്ങുന്നത്. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പിന്തുണയോടെ നിയമസഭയിലെത്തി ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഏറ്റവും ശക്തമായ വിമർശനം ഉന്നയിച്ച് സർക്കാറിനെയും സിപിഎമ്മിനെയും സമീപകാലത്തെ ഏറ്റവും വലിയ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ് അൻവർ. മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം പോലും പറയാൻ മടിച്ചേക്കുന്ന കാര്യങ്ങളാണ് ഇന്ന് അൻവർ ഉന്നയിച്ചത്.

അൻവറിന്റെ രാഷ്ട്രീയ ഡിഎൻഎ കോണ്‍ഗ്രസിന്റേതാണെന്നും ഇടതുശൈലിയല്ലെന്നുമുള്ള പിണറായിയുടെ മുന്നറിയിപ്പൊന്നും അൻവറിനെ സ്വാധീനിച്ചിട്ടില്ല. ആഴ്ചകളോളമായി തുടരുന്ന പരസ്യപ്പോര് അവസാനിപ്പിക്കണമെന്ന താക്കീത് സിപിഎമ്മും അൻവറിന് നല്‍കി. എന്നിട്ടും ഒന്നും അവസാനിപ്പിക്കാൻ അൻവർ തയാറാല്ല, 'നീതിയില്ലെങ്കിൽ നീ തീയാവുക' എന്നതാണ് അൻവറിന്റെ ഇപ്പോഴത്തെ ശൈലി.

അൻവറിന്റെ ആരോപണശൈലികളും രാഷ്ട്രീയജീവിതവുമെല്ലാം ചെറിയ ക്യാൻവാസിലൊതുങ്ങുന്ന ഒന്നല്ലെന്നാണ് പോയകാലം വ്യക്തമാക്കുന്നത്. മലപോലെ വന്നത് എലിപോലെ പോയെന്ന് പറയുന്നപോലെയാണ് അൻവറിന്റെ നേരത്തെയുണ്ടായിരുന്ന പല ആരോപണങ്ങളും. ഫേസ്‌ബുക്കിലും നിയമസഭയിലും വരെ അൻവറിന്റെ ആരോപണങ്ങള്‍ നനഞ്ഞ പടക്കമായിട്ടുണ്ട്.

അതിലേറ്റവും വലുതെന്ന് പറയാനാകുന്നത് സില്‍വർലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ഉന്നയിച്ച ആരോപണമാണ്. പദ്ധതി അട്ടിമറിക്കുന്നതിനായി അയല്‍ സംസ്ഥാനങ്ങളിലെ ഐടി കമ്പനികളില്‍നിന്ന് സതീശൻ 150 കോടി രൂപ വാങ്ങിയെന്നായിരുന്നു അൻവറിന്റെ വാക്കുകള്‍. ഉന്നയിച്ചതാകട്ടെ നിയമസഭയിലും. കൃത്യമായ തെളിവുകള്‍ തന്റെ പക്കലുണ്ടെന്ന് അവകാശവാദവും ഉന്നയിച്ചു. പക്ഷേ, അൻവറിന്റെ ആരോപണത്തിന്റെ അറ്റം തേടിയെത്തിയ വിജിലൻസിന് ശൂന്യത മാത്രമായിരുന്നു ലഭിച്ചത്.

2019 ലോക്‌സഭ തിരഞ്ഞെടുപ്പിലായിരുന്നു അൻവറിന്റെ രാഷ്ട്രീയ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ വെല്ലുവിളിയുണ്ടായത്. അന്ന് പൊന്നാനിയിലെ എല്‍ഡിഎഫ് സ്ഥാനാർഥിയായിരുന്നു അൻവർ. എതിരാളി മുസ്ലിം ലീഗിന്റെ മുതിർന്ന നേതാവ് ഇ ടി മുഹമ്മദ് ബഷീറും. തോറ്റാല്‍ എംഎല്‍എ സ്ഥാനം രാജിവെക്കുമെന്നായിരുന്നു അൻവറിന്റെ പ്രഖ്യാപനം. മേയ് 23ന് വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ അൻവർ തോറ്റു, ചെറിയ വോട്ടിനൊന്നുമായിരുന്നില്ല ഒരുലക്ഷത്തി തൊണ്ണൂറായിരത്തില്‍പ്പരം വോട്ടിന്.

വാക്കിന് വിലയുള്ളവനാണെന്ന് പലകുറി പറയുന്ന അൻവറിന് രാജിവെക്കുമെന്ന വാക്കുപാലിക്കാനായില്ലെന്ന് മാത്രമല്ല തിരഞ്ഞെടുപ്പിനുശേഷം ഏറെനാള്‍ നിശബ്ദതയിലുമായിരുന്നു നിലമ്പൂർ എംഎല്‍എ. പക്ഷേ, ഇത്തരം വെല്ലുവിളികളും സിപിഎമ്മിന്റെ താഴേക്കിടയിലെ പ്രവർത്തകർ നിരന്തരം ഉന്നയിക്കുന്ന വിമർശനങ്ങളും ഏറ്റുപിടിക്കുന്ന അൻവറിന് വളരെ അനായാസമായി തന്നെ സൈബർ സഖാക്കള്‍ക്കിടയില്‍ പ്രിയപ്പെട്ടവനായി. ഇത് ഇപ്പോഴും തുടരുന്നുവെന്നതാണ് മറ്റൊരുവസ്തുത.

അൻവർ ഇടതിന്റെ 'ഹീറോ'യായത് എങ്ങനെ?

കോണ്‍ഗ്രസ് പാരമ്പര്യമുള്ള കുടുംബത്തില്‍ പി വി ഷൗക്കത്ത് അലിയുടെ നാലാമത്തെ മകനായി ജനിച്ച അൻവർ കോളേജ് രാഷ്ട്രീയം മുതലെ മുഖ്യപാർട്ടികളെ ഞെട്ടിച്ചുള്ള ചരിത്രമാണുള്ളത്. കോണ്‍ഗ്രസിന്റെ ഗ്രൂപ്പ് രാഷ്ട്രീയത്തില്‍നിന്ന് മാറിനിന്ന് കരുണാകരന്റെ ഡിഐസിക്ക് ഒപ്പമായിരുന്നു അൻവർ. കരുണാകരൻ കോണ്‍ഗ്രസിലേക്കു മടങ്ങിയപ്പോഴും അൻവർ അതിന് തയാറായില്ല.

2011ലാണ് പാർലമെന്ററി രാഷ്ട്രീയത്തിലേക്ക് അൻവർ ചുവടുവെക്കുന്നത്. അന്ന് സ്വതന്ത്രനായി ഏറനാട് മത്സരിച്ച അൻവറിന് സിപിഐയെ തള്ളി സിപിഎം വോട്ടുമറിച്ചുവെന്നായിരുന്നു ആരോപണം. അന്ന് പതിനോരായിരത്തില്‍പ്പരം വോട്ടിനായിരുന്നു അൻവർ മുസ്ലിം ലീഗിന്റെ പി കെ ബഷീറിനോട് പരാജയപ്പെട്ടത്. ഇടതു സ്ഥാനാർത്ഥി നാലാം സ്ഥാനത്തെത്തി.

പിന്നീട്, 2014 ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സ്വതന്ത്രനായിട്ടുള്ള മൽസരം. അന്ന് ബിജെപിക്കും പിന്നിലായി നാലാം സ്ഥാനത്തായിരുന്നു അൻവർ. ലഭിച്ചത് 37,123 വോട്ട് മാത്രം. പക്ഷേ, 2016 നിയമസഭ തിരഞ്ഞെടുപ്പിലാണ് അൻവർ തന്റെ കരുത്ത് തെളിയിച്ചത്.

കോണ്‍ഗ്രസ് കോട്ടയായ നിലമ്പൂരിലായിരുന്നു അൻവർ മത്സരിച്ചത്. 1982ന് ശേഷം ഒരു തവണ പോലും എല്‍ഡിഎഫിന് നേടാനാകാത്ത മണ്ഡലം. ആര്യാടൻ മുഹമ്മദിന്റെ കോട്ട. 2016ല്‍ ആര്യാടൻ മുഹമ്മദിന്റെ മകൻ ആര്യാടൻ ഷൗക്കത്തായിരുന്നു കോണ്‍ഗ്രസ് സ്ഥാനാർഥി. അന്ന് പതിനോരായിരത്തില്‍പ്പരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ അൻവർ മണ്ഡലം എല്‍ഡിഎഫിനായി തിരിച്ചുപിടിച്ചു. ഇടതുതരംഗത്തില്‍ കേരളം ചുവന്നപ്പോള്‍ നിലമ്പൂരും എല്‍ഡിഎഫിനൊപ്പം നിന്നു.

പക്ഷേ, 2021ല്‍ അൻവറിനത്ര എളുപ്പമായിരുന്നില്ല കാര്യങ്ങള്‍‌. മണ്ഡലത്തിലെ അസാന്നിധ്യത്തിലും മറ്റ് ആരോപണങ്ങളും അൻവറിനെതിരെ ഉയർന്നു. എന്നിട്ടും അൻവർ വീണില്ല, കേരളം ഉറ്റുനോക്കിയ മണ്ഡലങ്ങളിലൊന്നായിരുന്ന നിലമ്പൂർ അൻവർ നിലനിർത്തി. കോണ്‍ഗ്രസിന്റെ വി വി പ്രകാശിനെയായിരുന്നു അൻവർ പരാജയപ്പെടുത്തിയത്.

ആരോപണങ്ങളും വിവാദങ്ങളും അൻവറും!

2018ലാണ് കക്കാടംപൊയിലെ തീം പാർക്കില്‍ അൻവർ അനധികൃത നിർമാണം നടത്തിയെന്ന ജില്ലാ ഭരണകൂടത്തിന്റെ അന്വേഷണ റിപ്പോർട്ടുവരുന്നത്. ഇതിനെതിരെ അൻവർ കോടതിയെ സമീപിച്ചെങ്കിലും കാര്യമുണ്ടായില്ല. അൻവർ കെട്ടിയ തടയണ കോടതി ഉത്തരവുപ്രകാരം പൊളിച്ചുനീക്കുകയും ചെയ്തു.

2019ല്‍ സിപിഐക്കെതിരെയും അൻവർ രംഗത്തുവന്നു. പിണറായി മന്ത്രിസഭയില്‍ റവന്യവകുപ്പ് കൈകാര്യം ചെയ്തിരുന്നത് സിപിഐയായിരുന്നു. തന്റെ ബിസിനസ് സംരംഭങ്ങള്‍ തകർക്കാൻ റവന്യുവകുപ്പ് ശ്രമിക്കുന്നുവെന്നായിരുന്നു അൻവറിന്റെ ആരോപണം. അൻവറിനെതിരെ പരസ്യവിമർശനം അന്ന് സിപിഐ നടത്തുകയും ചെയ്തിരുന്നു.

മലപ്പുറത്ത് 1995ല്‍ യൂത്ത് ലീഗ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ടാം പ്രതിയായിരുന്നു പി വി അൻവർ. അൻവറിന്റെ ബന്ധുവായ ഷെഫീഖ് ഉള്‍പ്പെടെയുള്ളവർ അറസ്റ്റിലാകുകയും ചെയ്തിരുന്നു. കേസിലാകെ 21 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. തെളിവുകളുടെ അഭാവത്തിലാണ് അന്ന് അൻവറിനെ കോടതി പ്രതിസ്ഥാനത്തുനിന്ന് നീക്കിയത്.

രാഹുല്‍ ഗാന്ധിയെയും വിടാതെ അൻവർ

കഴിഞ്ഞ ഏപ്രിലിലായിരുന്നു രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശവുമായി അൻവറെത്തിയത്. രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണമെന്നും ജവഹര്‍ലാല്‍ നെഹ്റുവിന്റെ പേരക്കുട്ടിയായി വളരാനുള്ള അര്‍ഹത രാഹുലിന് ഇല്ലെന്നുമായിരുന്നു അൻവറിന്റെ വാക്കുകള്‍. മുഖ്യമന്ത്രി പിണറായി വിജയനെ എന്തുകൊണ്ട് കേന്ദ്ര സർക്കാർ ജയിലില്‍ അടയ്ക്കുന്നില്ല എന്ന രാഹുലിന്റെ പ്രസ്താവനയാണ് അന്ന് അൻവറിനെ ചൊടിപ്പിച്ചത്. രാഹുല്‍ മോദിയുടെ ഏജന്റാണോയെന്നുകൂടി സംശയിക്കണമെന്നായിരുന്നു അൻവർ പറഞ്ഞത്.

എന്നാൽ, ഇപ്പോൾ അൻവർ തുറന്ന യുദ്ധമുഖം കൂടുതൽ വ്യപ്തിയുള്ളതാണ്. കേരളത്തിലെ ഏറ്റവും ശക്തനായ രാഷ്ട്രീയ നേതാവിനെതിരെയാണ്, ആരോപണം. ഇരട്ട ചങ്കൻ എന്ന് അനുയായി വൃന്ദം വാഴ്തിയ പിണറായി വിജയൻ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയെന്നും ഉപജാപക സംഘങ്ങളുടെ തടവറയിൽ കഴിയുന്നവനെന്നും ആരോപിച്ചത്. ഇതിൻ്റെ പ്രത്യാഘാതം അൻവറിന് മാത്രമായിരിക്കില്ല, സിപിഎമ്മിലും കേരള രാഷ്ട്രീയത്തിനുമായിരിക്കും.

തലവന്‍ ഹസന്‍ നസറുള്ള കൊല്ലപ്പെട്ടു, ഇസ്രയേൽ ആക്രമണം സ്ഥിരീകരിച്ച് ഹിസ്ബുള്ള; പരമോന്നത നേതാവിനെ അതിസുരക്ഷ മേഖലയിലേക്ക് മാറ്റി ഇറാൻ

കത്തിജ്വലിച്ച് കാരിച്ചാൽ; തുടർച്ചയായി അഞ്ചാം നെഹ്‌റുട്രോഫി മാറോടണച്ച് പള്ളാത്തുരുത്തി ബോട്ട് ക്ലബ്

പുഷ്പൻ അന്തരിച്ചു; വിടവാങ്ങിയത് കൂത്തുപറമ്പ് സമരത്തിലെ 'ജീവിച്ചിരുന്ന രക്തസാക്ഷി'

'പാസ്‍വേഡുകൾ തോന്നിയപോലെ സൂക്ഷിക്കാനാകില്ല'; മെറ്റയ്ക്ക് 9.1 കോടി യൂറോ പിഴചുമത്തി യൂറോപ്യൻ യൂണിയൻ

'ഉത്തേജക പരിശോധനയില്‍ പോസിറ്റീവ്, സിന്നറിനെ വിലക്കണം'; വാഡ കായിക തർക്ക പരിഹാര കോടതിയില്‍