രണ്ട് "മൈതാന"ങ്ങൾക്കിടയിലായിരുന്നു ഞാൻ. മുന്നിൽ താരനിബിഡമായ കോർപ്പറേഷൻ സ്റ്റേഡിയം. പിന്നിൽ വരയുടെ കളിക്കളം. അവിടെ ഒരേയൊരു താരം, സാക്ഷാൽ ആർട്ടിസ്റ്റ് നമ്പൂതിരി.
മുപ്പത്തിയാറ് വർഷങ്ങൾക്ക് മുൻപാണ്. ജീവിതത്തിലാദ്യമായി ഒരു ഫുട്ബോൾ ടൂർണമെന്റ് റിപ്പോർട്ട് ചെയ്യുക എന്ന ദൗത്യവുമായി ആശങ്കയോടെ, ആകാംക്ഷയോടെ ഒരു ട്രെയിനി പത്രപ്രവർത്തകൻ. പ്രസ്സ് ബോക്സിൽ തൊട്ടരികെ അതേ ടൂർണമെന്റ് വരകളിൽ പകർത്തിക്കൊണ്ട് നമ്പൂതിരി സാർ. ഇന്നോർക്കുമ്പോൾ എല്ലാം സ്വപ്നം പോലെ.
"ജീവിതത്തിലാദ്യത്തെ സാഹസമായിരുന്നു അത്; അവസാനത്തേയും" - ഒടുവിൽ സംസാരിച്ചപ്പോഴും ആർട്ടിസ്റ്റ് നമ്പൂതിരി പറഞ്ഞു. "കളി ലൈവ് ആയി വരകളിലാക്കുക എന്നത് അന്നത്തെ കേരളകൗമുദിയുടെ ന്യൂസ് എഡിറ്റർ പി ജെ മാത്യുവിന്റെ ആശയമായിരുന്നു എന്നാണോർമ. ആദ്യം ചെറിയൊരു ആശങ്കയുണ്ടായിരുന്നു. മത്സരം കൊണ്ടുപിടിച്ച് മുന്നേറുമ്പോൾ അതിൽ മുഴുകിപ്പോകുമല്ലോ നമ്മൾ. അപ്പോൾ വരക്കേണ്ട മുഹൂർത്തങ്ങൾ നഷ്ടമായാലോ? ഭാഗ്യത്തിന് എല്ലാം ഒത്തുവന്നു. ഇന്നും കൗതുകമാർന്ന ഓർമ്മയാണ് എനിക്കാ രണ്ടാഴ്ച്ചക്കാലം.." എനിക്കും!
കിക്കോഫ് വിസിൽ മുഴങ്ങിയതോടെ നമ്പൂതിരിയിലെ ആ പഴയ കളിക്കമ്പക്കാരൻ സടകുടഞ്ഞെഴുന്നേറ്റു എന്നതാണ് സത്യം. കളിക്കളത്തിലെ മനോമുഹൂർത്തങ്ങൾ എല്ലാ വൈവിധ്യത്തോടെയും കടലാസിൽ വാർന്നുവീണു കൊണ്ടിരുന്നു
ജീവിതത്തിലാദ്യത്തെ "മേജർ അസൈൻമെ"ന്റിൽ ഒപ്പം ചേർന്നവർ ചില്ലറക്കാരല്ലല്ലോ. പടം വരക്കാൻ നമ്പൂതിരിയും പടമെടുക്കാൻ അനുഗ്രഹീതനായ പി മുസ്തഫയും. വരകളും ഫ്രെയിമുകളും അക്ഷരങ്ങളും ചേർന്ന അപൂർവ ചാരുതയാർന്ന ആ ജുഗൽബന്ദി എങ്ങനെ മറക്കാൻ?
"പന്തുകളിയുമായി അങ്ങയുടെ ബന്ധം എങ്ങനെ?" -- മത്സരത്തലേന്ന് കൗതുകത്തോടെ നമ്പൂതിരിയോട് ചോദിച്ചു. ചിരിച്ചുകൊണ്ടായിരുന്നു മറുപടി: "കളി ഇഷ്ടാണ്. കണ്ടിട്ടും ഉണ്ട്. മേവലാൽ, തങ്കരാജ്, ആന്റണി... അങ്ങനെ കുറേപ്പേരെ അറിയാം. പിന്നെ അന്നത്തെ എല്ലാ കുട്ടികളെയും പോലെ തുണിപ്പന്ത് കെട്ടി കളിച്ചിട്ടുമുണ്ട്. പക്ഷേ ഇതൊരു അന്താരാഷ്ട്ര ടൂർണമെന്റ് ആണല്ലോ. ചെറിയൊരു ടെൻഷൻ ഇല്ലാതില്ല. വിശേഷപ്പെട്ട എന്തെങ്കിലും സംഭവിക്കുന്നുണ്ടെങ്കിൽ ശ്രദ്ധയിൽ പെടുത്താൻ മറക്കരുത്.."
പക്ഷേ കിക്കോഫ് വിസിൽ മുഴങ്ങിയതോടെ നമ്പൂതിരിയിലെ ആ പഴയ കളിക്കമ്പക്കാരൻ സടകുടഞ്ഞെഴുന്നേറ്റു എന്നതാണ് സത്യം. കളിക്കളത്തിലെ മനോമുഹൂർത്തങ്ങൾ എല്ലാ വൈവിധ്യത്തോടെയും കടലാസിൽ വാർന്നുവീണു കൊണ്ടിരുന്നു. ഗോളുകൾ, ഫൗളുകൾ, ഫ്രീകിക്കുകൾ, റഫറിയുടെ ഓട്ടങ്ങൾ, ഗ്യാലറിയുടെ ഭാവപ്പകർച്ചകൾ... ഓരോ ദിവസവും രണ്ടും മൂന്നും നമ്പൂതിരി ചിത്രങ്ങൾ ഉണ്ടായിരുന്നു എന്റെ മാച്ച് റിപ്പോർട്ടിനൊപ്പം.
തലേന്നായിരുന്നു എന്റെ ജീവിതം മാറിമറിച്ച ആ നിമിഷം. മുന്നിലെ കസേരയിൽ ഇരിക്കാൻ ആംഗ്യം കാണിച്ച ശേഷം, വായിച്ചുകൊണ്ടിരുന്ന പുസ്തകത്തിൽ നിന്ന് കണ്ണെടുക്കാതെ കൗമുദിയുടെ ന്യൂസ് എഡിറ്റർ മാത്യു സാർ പറഞ്ഞു: "നാളെ നെഹ്‌റു കപ്പ് ഫുട്ബോൾ തുടങ്ങുകയാണെന്ന് അറിയാമല്ലോ? താനാണ് കൗമുദിക്ക് വേണ്ടി റിപ്പോർട്ട് ചെയ്യുന്നത്. തയ്യാറായിക്കൊള്ളൂ.''
അത്രയും പ്രതീക്ഷിച്ചിരുന്നില്ല. എന്ത് മറുപടി പറയണമെന്ന് അറിയാതെ തരിച്ചിരുന്നു അന്നത്തെ തുടക്കക്കാരനായ പത്രപ്രവർത്തകൻ. "ഫുട്ബോൾ ഫ്രണ്ട്' പോലുള്ള ചില ചെറുകിട വാരികകളിൽ സ്പോർട്സ് ലേഖനങ്ങൾ എഴുതിയിട്ടുണ്ട് എന്നല്ലാതെ ഒരു കളിയും റിപ്പോർട്ട് ചെയ്തിട്ടില്ല അന്നുവരെ. ലേഖനമെഴുത്തല്ലല്ലോ മാച്ച് റിപ്പോർട്ടിങ്. നല്ല നിരീക്ഷണപാടവം വേണം അതിന്. ഒഴുക്കുള്ള ശൈലിയും കളിയുടെ സൂക്ഷ്മതലങ്ങളെ കുറിച്ചുള്ള അറിവും അത്യാവശ്യം. പ്രാദേശിക മത്സരങ്ങളും ദേശീയ മത്സരങ്ങളുമൊക്കെ റിപ്പോർട്ട് ചെയ്ത് തഴക്കവും പഴക്കവും വന്ന ശേഷമേ ഏത് റിപ്പോർട്ടർക്കും അന്താരാഷ്ര ടൂർണമെന്റിലേക്ക് സ്ഥാനക്കയറ്റം നൽകാൻ ധൈര്യപ്പെടാറുള്ളു പത്രങ്ങൾ. അതാണതിന്റെ ഒരു നടപ്പുരീതി. ഇവിടെയിതാ ലോക്കൽ ടൂർണമെന്റ് പോലും "കളിച്ചു''തുടങ്ങിയിട്ടില്ലാത്ത ഒരുത്തന് ഒറ്റയടിക്ക് ഇന്റർനാഷണൽ കുപ്പായം വാഗ്ദാനം ചെയ്യപ്പെടുന്നു. എവിടെയോ ഒരു അപകടം മണത്തു ഞാൻ. അറിഞ്ഞുകൊണ്ട് കെണിയിൽ ചെന്ന് ചാടണോ?
ഓരോ മത്സരത്തിലെയും ഇഷ്ടമുഹൂർത്തങ്ങൾ തത്സമയം തന്നെ നമ്പൂതിരി സാർ വരയ്ക്കും. പിറ്റേന്ന് മാച്ച് റിപ്പോർട്ടുകൾക്കൊപ്പം ഒന്നാം പേജിൽ നമ്പൂതിരിച്ചിത്രങ്ങളും ഉണ്ടാകും; പി മുസ്തഫയുടെ ഫോട്ടോകളും.
"വേണ്ട സാർ, ഇതുവരെ ഒരു മത്സരവും റിപ്പോർട്ട് ചെയ്തിട്ടില്ല. ടെൻഷൻ ഉണ്ട്. എന്നെക്കൊണ്ട് പറ്റുമോ എന്നറിയില്ല. '' -- ക്ഷമാപണ സ്വരത്തിൽ ഒരു ഒഴിഞ്ഞുമാറൽ ശ്രമം. ഇത്തവണ തലയുയർത്തി എന്നെ നോക്കി മാത്യു സാർ. കണ്ണട അഴിച്ചു മേശപ്പുറത്തുവച്ചു. അപൂർവമായി മാത്രം പൊഴിയുന്ന ഒരു ചിരി സമ്മാനിച്ച് അദ്ദേഹം പറഞ്ഞു: "പറ്റും, തന്നെക്കൊണ്ട് പറ്റും എന്ന് തോന്നിയത് കൊണ്ടാണ് പറഞ്ഞത്. തന്നെ അതിന് ചുമതലപ്പെടുത്തിക്കഴിഞ്ഞു. വേഗം ചെന്ന് നാളത്തെ കളിയുടെ കർട്ടൻ റെയ്സർ എഴുതിക്കൊണ്ടുവാ.''
1987 ലെ നെഹ്‌റു കപ്പ് റിപ്പോർട്ടിങ് ആയിരുന്നു പത്രപ്രവർത്തന ജീവിതത്തിലെ ആദ്യത്തെ "ബ്രെയ്ക്ക്.'' കാൽപ്പന്തുകളിയുടെ സ്വന്തം നാടാണ് കോഴിക്കോട്. മനോരമയും മാതൃഭൂമിയും അവിടെ കൊടികുത്തി വാഴുന്ന കാലം. പത്രലോകത്തെ രണ്ട് മഹാമേരുക്കൾക്കിടയിൽ നവാഗതരെന്ന നിലയ്ക്ക് വല്ല ഓളവും ഉണ്ടാകണമെങ്കിൽ കൗമുദി എന്തെങ്കിലുമൊക്കെ സാഹസങ്ങൾ കാണിച്ചേ പറ്റൂ. ടൂർണമെന്റിന് തലേന്ന് വിളിച്ച അടിയന്തര യോഗത്തിലാണ് മാത്യു സാർ ഞങ്ങളെയെല്ലാം അമ്പരപ്പിച്ച് കൊണ്ട് ആ "സ്‌കൂപ്പ്" പുറത്തുവിട്ടത്. "പ്രസ്സ് ഗാലറിയിൽ രവിയുടെ കൂടെ നമുക്ക് വേണ്ടി കളി കവർ ചെയ്യാൻ മറ്റൊരു വി ഐ പി കൂടി ഉണ്ടാകും, ആർട്ടിസ്റ്റ് നമ്പൂതിരി. ഓരോ മത്സരത്തിലെയും ഇഷ്ടമുഹൂർത്തങ്ങൾ തത്സമയം തന്നെ നമ്പൂതിരി സാർ വരയ്ക്കും. പിറ്റേന്ന് മാച്ച് റിപ്പോർട്ടുകൾക്കൊപ്പം ഒന്നാം പേജിൽ നമ്പൂതിരിച്ചിത്രങ്ങളും ഉണ്ടാകും; പി മുസ്തഫയുടെ ഫോട്ടോകളും. ശരിക്ക് പറഞ്ഞാൽ ആർട്ടിസ്റ്റ് നമ്പൂതിരിയുടെ വരയും മുസ്തഫയുടെ ക്യാമറയും ചേർന്നുള്ള ഒരു അപൂർവ സംഗമം ആയിരിക്കും നമ്മുടെ നെഹ്‌റു കപ്പ്.''
ആ ജുഗൽബന്ദി ഞങ്ങൾ ആഘോഷമാക്കുക തന്നെ ചെയ്തു. ഒരു ഫുട്ബോൾ ടൂർണമെന്റ് ഇത്രയും ആസ്വദിച്ച് റിപ്പോർട്ട് ചെയ്ത അനുഭവം പിന്നീട് ഉണ്ടായിട്ടില്ല. മൂന്ന് പതിറ്റാണ്ടോളം കളിയെഴുതി നടന്നിട്ടും. ആർട്ടിസ്റ്റ് നമ്പൂതിരിക്ക് നന്ദി; മുസ്തഫക്കും.
ആ സ്മരണകളുടെ വീണ്ടെടുപ്പാണ് ഈ പഴയ പേപ്പർ ക്ലിപ്പിങ്. ആദ്യത്തെ ബൈലൈൻ. അതും പത്രത്തിന്റെ ഒന്നാം പേജിൽ, അതിന്റെ മധുരം ഒന്നു വേറെ. തൊട്ടടുത്ത് ജീവൻ തുടിക്കുന്ന രേഖകളുമായി സാക്ഷാൽ നമ്പൂതിരി നിറഞ്ഞു നില്ക്കുമ്പോൾ പ്രത്യേകിച്ചും. ആനന്ദലബ്ധിക്കിനി എന്തുവേണം.....
ആദരാഞ്ജലികൾ, വരകളുടെ രാജകുമാരന്.